Sunday, January 16, 2011

തിരുപ്പൂരിലെ ആത്മഹത്യകള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വസ്ത്രനിര്‍മാണരംഗത്തെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായ ആയിരത്തോളം പേര്‍ ആത്മഹത്യ ചെയ്തു. പട്ടിണി, കഠിനാധ്വാനം, ലേ-ഓഫ്, വര്‍ധിച്ചുവരുന്ന കടം, ബ്ലെയ്ഡുകാരുടെ പീഡനം എന്നിവയെല്ലാം ആത്മഹത്യക്ക് കാരണമായി. വ്യാവസായിക രംഗത്ത് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് നേടിയ ഒരു നഗരമാണ് തിരുപ്പൂര്‍. വസ്ത്രനിര്‍മാണ വ്യവസായത്തില്‍ നിന്നും റവന്യു വരുമാനം 2008 ല്‍ 80 ബില്യന്‍ രൂപയും 2009 ല്‍ 120 ബില്യന്‍ രൂപയും നേടി. എന്നാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പരമദയനീയമായ ദിനങ്ങളാണ് തള്ളിനീക്കുന്നത്. മാസംതോറും 40 മുതല്‍ 50 വരെ ആത്മഹത്യകളാണ് നടക്കുന്നത്. 2010 സെപ്തംബറില്‍ അവസാനിച്ച രണ്ടു വര്‍ഷക്കാലയളവില്‍ 910 ആത്മഹത്യകള്‍ നടന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്തത്. 2009 ല്‍ നടന്ന ആത്മഹത്യകള്‍ 495. 2010 ല്‍ ആദ്യ ആറുമാസം 350 പേര്‍ ആത്മഹത്യ ചെയ്തു. 2010 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം 250 ആത്മഹത്യകള്‍ നടന്നു.

വസ്ത്രനിര്‍മാണ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളും തൊഴിലാളികളുടെ ആത്മഹത്യക്ക് വേഗത കൂട്ടി. രാജ്യത്ത് നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണനയങ്ങള്‍ കയറ്റുമതിയെ ദോഷകരമായി ബാധിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയും പ്രതികൂലമായി ബാധിച്ചു. വസ്ത്രനിര്‍മാണരംഗത്ത് നിന്നും 25000 തൊഴിലാളികളെ പിരിച്ചുവിടാനും ഉല്‍പ്പാദനം 20 ശതമാനം കുറയ്ക്കാനും ഉടമകള്‍ തീരുമാനമെടുത്തു. ഏകദേശം 800 ലധികം വസ്ത്രനിര്‍മാണ യൂണിറ്റുകള്‍ ഈ നഗരത്തിലുണ്ട്. കൂലി കുറച്ചും അമിതജോലിഭാരം അടിച്ചേല്‍പ്പിച്ചും ഉടമകള്‍ പിടിമുറുക്കുകയാണ്. എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്നതിന് ഓവര്‍ടൈം വേതനം അനുവദിക്കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും തിരുപ്പൂരിലെ തൊഴിലുടമകള്‍ക്ക് ഇത് ബാധകമല്ല എന്ന മട്ടിലാണ് അവര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ 12-16 മണിക്കൂര്‍ പണിയെടുപ്പിക്കുന്നത്. 12 മണിക്കൂറും അതില്‍ കൂടുതല്‍ സമയവും പണിയെടുക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്ന കൂലി ശ്രദ്ധിക്കേണ്ടതുണ്ട്.
കട്ടിംഗ്, ടൈലറിംഗ്, ഇസ്തിരിയിടല്‍-190 രൂപ, ലേബലിംഗ് തൊഴിലാളികള്‍-132 രൂപ, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മടക്കിവെയ്ക്കുന്നവര്‍-131 രൂപ, വസ്ത്രങ്ങളുടെ അവസാന പരിശോധന-119 രൂപ, പാക്കിംഗ്- 106 രൂപ.

ഭൂരിഭാഗം തൊഴിലാളികളും വാടക വീടുകളിലാണ് താമസിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത വീടുകള്‍ക്ക് വലിയ തുക വാടകയായി നല്‍കേണ്ടിവരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുകയാണ്. പരിമിതമായ ചികിത്സാ സൗകര്യങ്ങള്‍ പോലും ചെലവേറിയതായി. തൊഴിലാളികള്‍ രണ്ടറ്റം മുട്ടിക്കാന്‍ കടം വാങ്ങുകയും കടം വര്‍ധിച്ചുവരികയും ഒരിക്കലും കടക്കെണിയില്‍ നിന്നും മോചനമില്ല എന്ന അവസ്ഥയില്‍ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്നു. യു പി ഏ സര്‍ക്കാരും കോര്‍പ്പറേറ്റുകളും ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച് നടക്കുമ്പോള്‍ ഒരു വ്യവസായത്തിലെ തൊഴിലാളികള്‍ അവരുടേതല്ലാത്ത കുറ്റത്തിന്
ശിക്ഷിക്കപ്പെടുകയാണ്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് സ്വാമിനാഥന്‍ എന്ന തൊഴിലാളി എഴുതിയ കുറിപ്പ് വായിക്കുക.

''ഞാന്‍ തിരുപ്പൂരില്‍ വന്നിട്ട് 32 വര്‍ഷമായി. 21000 രൂപ ഞാന്‍ കടമെടുത്തിരുന്നു. വായ്പാഗഡു തിരിച്ചടയ്ക്കാന്‍ നാലുമാസമായി എനിക്ക് കഴിയുന്നില്ല. ഇതുകാരണം ഞാന്‍ അപമാനിതനാണ്. എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. ഈ ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗം കാണുന്നില്ല. എന്റെ മക്കളുമായി എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്റെ ഇളയ മകളുടെ വിവാഹം നടന്നുകാണണമെന്നു മാത്രമാണ് എന്റെ ആഗ്രഹം''

21000 രൂപയുടെ കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്വാമിനാഥന്‍ ആത്മഹത്യ ചെയ്തത്.

*
കെ ജി സുധാകരന്‍ കടപ്പാട്: ജനയുഗം 16 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...