Monday, January 3, 2011

എഴുത്തുകാരോടുള്ള സ്നേഹം

നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ എഴുത്തുകാരോട് ആദരവുണ്ടോ? സ്നേഹമുണ്ടോ? ഞാന്‍ എപ്പോഴും സ്വയം ചോദിക്കാറുള്ള ചോദ്യമാണിത്.

നമ്മള്‍ എഴുത്തുകാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും അവരുടെ കോലം കത്തിക്കുകയും ഒക്കെ ചെയ്യും. എങ്കിലും സംശയലേശമെന്യേ നമുക്ക് പറയാം, മലായളികള്‍ അവരുടെ എഴുത്തുകാരെ സ്നേഹിക്കുന്നുണ്ട്. എല്ലാ കാലവും അവര്‍ എഴുത്തുകാരെ ആവശ്യത്തിലേറെ സ്നേഹിച്ചിട്ടുണ്ട്. ഇപ്പോഴും സ്നേഹിക്കുന്നു. അല്ലെങ്കില്‍ എഴുത്തുകാരുടെ ഇത്രയധികം പുസ്തകങ്ങള്‍ അവര്‍ വാങ്ങുമോ? ഇത്രയധികം പുരസ്കാരങ്ങള്‍ നല്‍കുമോ? ഇത്രയധികം സ്വീകരണങ്ങളും ആദരാര്‍പ്പണങ്ങളും അനുസ്മരണങ്ങളും സംഘടിപ്പിക്കുമോ?

ഇല്ല.

എഴുത്തുകാര്‍ എഴുതുന്ന പുസ്തകങ്ങള്‍ക്ക് ഒരു ഭാഷയുണ്ട്. ഒരു ഭാഷ എന്നു പറയുന്നതിലേറെ പല ഭാഷകളുണ്ട് എന്ന് പറയുന്നതായിരിക്കും ഉചിതം. പോത്തേരി കുഞ്ഞമ്പു സരസ്വതീവിജയം എന്ന നോവലെഴുതുമ്പോള്‍ ഉപയോഗിച്ച ഭാഷയല്ല കേശവദേവ് ഓടയില്‍നിന്ന് എന്ന നോവലെഴുതുവാന്‍ ഉപയോഗിച്ചത്. തകഴി ചെമ്മീന്‍ എഴുതുവാന്‍ ഉപയോഗിച്ച ഭാഷയല്ല വിജയന്‍ ഖസാക്കിന്റെ ഇതിഹാസം എഴുതുവാന്‍ ഉപയോഗിച്ചത്. ഉറൂബിന്റെ ഭാഷയല്ല ബഷീറിന്റേത്. കാക്കനാടന്‍ എഴുതുന്നതുപോലെയല്ല പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതുന്നത്. കാലാനുസൃതം, ദേശാനുസൃതം ഭാഷ മാറുന്നു.

നോവലും കഥയും എഴുതാന്‍ മാത്രമല്ല, വായനക്കാര്‍ക്ക് എഴുത്തുകാരെ സ്‌നേഹിക്കാനും ഒരു ഭാഷ വേണ്ടേ?

വേണം.

എഴുത്തുകാരന്റെ ഭാഷകളെ കാല്‍പ്പനിക സാഹിത്യം, പുരോഗമന സാഹിത്യം, ആധുനിക സാഹിത്യം, ഉത്തരാധുനിക സാഹിത്യം എന്നൊക്കെ വേര്‍തിരിച്ചു വച്ചിട്ടുണ്ട്. വായനക്കാര്‍ എഴുത്തുകാരോട് പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ ഭാഷകളിലും ഇതൊക്കെയുണ്ടോ?

ഉണ്ട്.

തകഴിക്ക് അനുവാചകര്‍ അയച്ച കത്തുകള്‍ സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയിലുള്ളതായിരുന്നു. കൌമാര പ്രായത്തില്‍ ഞാനും അദ്ദേഹത്തിന് ഒരു കത്തയച്ചിരുന്നു. ചെമ്മീന്‍ വായിച്ച് കോരിത്തരിച്ച് എഴുതിയ ആ കത്തിന്റെ ഭാഷ കാല്‍പ്പനികതയായിരുന്നു.

ഇന്ന് ആരാധകരായ വായനക്കാര്‍ പഴയതുപോലെ എഴുത്തുകാര്‍ക്ക് കത്തുകള്‍ അയക്കുന്നില്ല. സ്നേഹക്കുറവല്ല കാരണം. ഫോണും എസ്സെമ്മസുമെല്ലാം കത്തുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല എഴുത്തുകാരോടുള്ള തങ്ങളുടെ സ്നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ വായനക്കാര്‍ പുതിയ ഭാഷകളും ശൈലികളും വികസിപ്പിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഞാനീ വസ്തുത തിരിച്ചറിഞ്ഞത്.

ഉത്തരകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ഒരു സാഹിത്യച്ചടങ്ങില്‍ പങ്കടുക്കുവാനായി ഞാനെന്ന എഴുത്തുകാരന്‍ ചെന്നപ്പോള്‍ എന്നെ ബാന്റുവാദ്യവുമായാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അതു കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി. നാണക്കേടോടെ അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നി.

ആദ്യം തോന്നിയ നാണക്കേട് പിന്നീട് അമ്പരപ്പും അമ്പരപ്പ് വിസ്മയവുമായി മാറി. എന്നോടുള്ള സ്നേഹംകൊണ്ടാണ് നാട്ടുകാര്‍ ബാന്റുവാദ്യക്കാരെ കാശുകൊടുത്തു വിളിച്ചുകൊണ്ടുവന്നത്. ഞാനതില്‍ എന്തിന് നാണിക്കണം? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്?...

തിരക്കുപിടിച്ച മാര്‍ക്കറ്റിലൂടെ ആരുടെയും മുഖത്തുനോക്കാതെ കുനിഞ്ഞ തലയോടെ ഞാന്‍ ബാന്റുകാരുടെ മുമ്പില്‍ നടന്നു. നിരത്തില്‍ മഴയുടെ നനവുണ്ടെങ്കിലും എനിക്ക് വിയര്‍ക്കുന്നുണ്ടായിരുന്നു.

ഒരു സാംസ്കാരിക യാത്രയുടെ ഭാഗമായി ഞാന്‍ ഒരിക്കല്‍ മധ്യകേരളത്തിലെ ഒരു നഗരത്തില്‍ ചെന്നുപെട്ടു. ഞങ്ങള്‍ എഴുത്തുകരെ നാട്ടുകാര്‍ സ്വീകരിച്ചത് വെടിക്കെട്ടുമായാണ്. വാഹനങ്ങളും ആളുകളും കെട്ടിമറിയുന്ന തിരക്കുപിടിച്ച റോഡിന് മുകളില്‍ അമിട്ടുകള്‍ പൊട്ടിച്ചിതറി. അത്രയും നമ്മള്‍ എഴുത്തുകാരെ സ്നേഹിക്കുന്നു. സ്നേഹംകൊണ്ട് നമ്മള്‍ നമ്മുടെ എഴുത്തുകാരെ വടക്കുന്നാഥനോ ചോറ്റാനിക്കര ഭഗവതിയോ ആക്കി മാറ്റുന്നു. അപ്പോള്‍ അങ്ങനെയൊക്കെ ഞാന്‍ ചിന്തിച്ചുപോയി.

ഇപ്പോള്‍ ബാന്റും വെടിക്കെട്ടും തെയ്യങ്ങളും ഒക്കെ എനിക്ക് പരിചയമായി. എന്റെ തൊലിയുരിയുന്നില്ല. തല കുനിയുന്നില്ല. എങ്കിലും മനുഷ്യന്റെ വലിയ വേദനകള്‍പോലും സാംസ്കാരിക പ്രവര്‍ത്തകര്‍ വാദ്യങ്ങളും തെയ്യങ്ങളുമായി ആഘോഷിക്കുന്നത് കാണുമ്പോള്‍ എന്റെ നിയന്ത്രണം കൈവിട്ടുപോകുന്നു. ഞാന്‍ അറിയാതെ ക്ഷോഭിച്ചുപോകുന്നു.

സാഹിത്യവും സംസ്കാരവും മാത്രമല്ല ജീവിതം തന്നെ ഇന്ന് നമുക്കൊരു ആഘോഷമാണ്.

എഴുത്തുകാരെ സ്നേഹിക്കുന്നത് നല്ലതുതന്നെ. നമ്മള്‍ മലയാളികളെപ്പോലെ എഴുത്തുകാരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ജനത ലോകത്തില്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടു മാത്രമല്ല, എഴുത്തുകാരുടെ സ്വന്തം നാടുകൂടിയാണ്. ഇവിടെ എഴുത്തുകാരനായി ജീവിക്കുന്നത് നിരവധി ജന്മങ്ങളില്‍ ഒരിക്കല്‍ കിട്ടുന്ന സൌഭാഗ്യമാണ്. പ്രശ്നം ഈ സ്നേഹം എഴുതിക്കാണിക്കാനായി നമ്മള്‍ ഉപയോഗിക്കുന്ന ഭാഷയാണ്. വെടിക്കെട്ടും വാദ്യഘോഷവും തെയ്യങ്ങളും ദൈവങ്ങള്‍ക്കുള്ളതാണ്. എഴുത്തുകാര്‍ക്കുള്ളതല്ല. എഴുത്തുകാരോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റൊരു ഭാഷ കണ്ടുപടിക്കണം.

എവിടെയാണ് ആ ഭാഷയുള്ളത്?

അതു കണ്ടെത്താനായി ഗബ്രിയേല്‍ ഗര്‍സിയാ മര്‍ക്കേസിന്റെ മക്കോണ്ടയിലോ ജെയിംസ് ജോയിസിന്റെ ഡബ്ളിനിലോ ഒന്നും പോകേണ്ടതില്ല. നമ്മുടെ പ്രിയകവി ഒ എന്‍ വിയുടെ ചവറയില്‍ പോയാല്‍ മതി.

ഒരിക്കല്‍ ഒരു വായനശാലയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനായി ഞാന്‍ ചവറയില്‍ പോയി. യഥാര്‍ഥത്തില്‍ അതിനായിരുന്നില്ല ഞാനവിടെ പോയത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി എന്നു തൊണ്ടപൊട്ടി പാടിയ എന്റെ പ്രിയ കവിയുടെ നാടു കാണാനായിരുന്നു ഞാനവിടെ ചെന്നത്. പിന്നീട് ആ യാത്ര മറക്കാന്‍ കഴിയാത്ത ഒരനുഭവമായി മാറുകയും ചെയ്തു.

ചടങ്ങു നടക്കുന്ന വായനശാലയിലേക്ക് ഞങ്ങള്‍ ഒന്നിച്ചാണ് നടന്നുപോയത്. ഭാഷാസ്നേഹികളുടെയും ഒ എന്‍ വിയുടെ ആരാധകരുടെയും ഒരാള്‍ക്കൂട്ടം ഞങ്ങളെ അനുഗമിച്ചു. കവിയെ കാണാനായി നാട്ടുകാര്‍ വീട്ടുമുറ്റത്ത് ഇറങ്ങിനിന്നിരുന്നു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്: കവി നടന്നുപോകുന്ന വഴിയിലെ വീടുകളില്‍ നിലവിളക്കുകള്‍ കത്തിച്ചുവെച്ചിരിക്കുന്നു. ഒരു നാട് അതിന്റെ പ്രിയ കവിയെ സ്വീകരിക്കുന്നത് വീട്ടുമുറ്റത്ത് വിളക്കു കത്തിച്ചുവെച്ചാണ്.

എഴുത്തുകാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഭാഷ ഇതല്ലേ?

അതുകൊണ്ട് വെടിക്കെട്ടും പഞ്ചവാദ്യവും തായമ്പകയും തെയ്യങ്ങളും ഒന്നും നമുക്കിനി വേണ്ട. നമുക്ക് എഴുത്തുകാരോട് സ്നേഹമുണ്ടെങ്കില്‍അവര്‍ കടന്നുപോകുന്ന വഴിയില്‍ ഒരു തിരി കത്തിച്ചുവെയ്ക്കാം...

അതു മാത്രം മതി.


*****

എം മുകുന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരകേരളത്തിലെ ഒരു നാട്ടുമ്പുറത്ത് ഒരു സാഹിത്യച്ചടങ്ങില്‍ പങ്കടുക്കുവാനായി ഞാനെന്ന എഴുത്തുകാരന്‍ ചെന്നപ്പോള്‍ എന്നെ ബാന്റുവാദ്യവുമായാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അതു കണ്ടപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലെ എനിക്ക് തോന്നി. നാണക്കേടോടെ അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ തോന്നി.

ആദ്യം തോന്നിയ നാണക്കേട് പിന്നീട് അമ്പരപ്പും അമ്പരപ്പ് വിസ്മയവുമായി മാറി. എന്നോടുള്ള സ്നേഹംകൊണ്ടാണ് നാട്ടുകാര്‍ ബാന്റുവാദ്യക്കാരെ കാശുകൊടുത്തു വിളിച്ചുകൊണ്ടുവന്നത്. ഞാനതില്‍ എന്തിന് നാണിക്കണം? സന്തോഷിക്കുകയല്ലേ ചെയ്യേണ്ടത്?...

തിരക്കുപിടിച്ച മാര്‍ക്കറ്റിലൂടെ ആരുടെയും മുഖത്തുനോക്കാതെ കുനിഞ്ഞ തലയോടെ ഞാന്‍ ബാന്റുകാരുടെ മുമ്പില്‍ നടന്നു. നിരത്തില്‍ മഴയുടെ നനവുണ്ടെങ്കിലും എനിക്ക് വിയര്‍ക്കുന്നുണ്ടായിരുന്നു.

Kalavallabhan said...

"ഇന്ന് ആരാധകരായ വായനക്കാര്‍ പഴയതുപോലെ എഴുത്തുകാര്‍ക്ക് കത്തുകള്‍ അയക്കുന്നില്ല. സ്നേഹക്കുറവല്ല കാരണം. ഫോണും എസ്സെമ്മസുമെല്ലാം കത്തുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്."

ഫലത്തിൽ എല്ലാം ഒന്നുതന്നെയല്ലേ ?