Tuesday, January 4, 2011

ലിയു സിയാബോ ആരാ മോന്‍

'കൊളോണിയലിസം, സംസ്‌കാരം, പ്രതിരോധം' എന്ന ഗ്രന്ഥത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ചെറിയ ഒരു മധ്യവര്‍ഗംമാത്രമാണ് കൊളോണിയല്‍ സംസ്‌കാരവും പ്രത്യയശാസ്‌ത്രവും തങ്ങളുടെ സിരകളിലേക്ക് സ്വാംശീകരിച്ചതെന്നും ബഹുജനങ്ങളിലേക്ക് അവ കാര്യമായി അരിച്ചിറങ്ങിയില്ലെന്നും സമര്‍ഥിക്കവെ പണിക്കര്‍മാഷ് ഒരു ചൈനീസ് ഉദാഹരണത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ചൈനയില്‍ ആദ്യമായി ഫോര്‍ക്കും കത്തിയും ഇറക്കുമതിചെയ്‌തത് ഇംഗ്ളീഷ് വ്യാപാരികളത്രേ. എന്നാല്‍, ചൈനക്കാര്‍ ആരും ഫോര്‍ക്കും കത്തിയും ഭക്ഷണവേളയില്‍ ഉപയോഗിച്ചില്ല. ഇംഗ്ളീഷുകാര്‍ കാരണമാരാഞ്ഞു. ചൈനക്കാരുടെ മറുപടി ഇപ്രകാരമായിരുന്നു. 'ഞങ്ങള്‍ അപരിഷ്‌കൃതരായിരുന്ന കാലത്ത് ഫോര്‍ക്കും കത്തിയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'. ഇന്ത്യയെപ്പോലെ ക്ളാസിക്കല്‍ കൊളോണിയല്‍ ദശയിലൂടെ കടന്നുപോയിട്ടില്ലാത്ത ചൈനയില്‍ 'വാട്ട് എ ഫൈന്‍ വെദര്‍ ടുഡേ' എന്നു പറയുന്ന ഇംഗ്ളീഷ്‌ബാബുമാരെപ്പോലെ ചൈനീസ് ബാബുമാര്‍ അധികം ഉണ്ടായിരുന്നില്ല. കൊളോണിയലിസം ഒരു രാഷ്‌ട്രീയ സാമ്പത്തിക ചൂഷണ സംവിധാനം മാത്രമല്ല, അത് സംസ്‌കാരമണ്ഡലത്തിലും നഖക്ഷതങ്ങള്‍ പതിപ്പിക്കുന്നു എന്ന് പണിക്കര്‍ മാഷ് തുടര്‍ന്ന് എഴുതുന്നു.

ഈ ചൈനീസ് കഥ ഓര്‍ത്തത് ലോകപ്രശസ്‌ത ഇടതുപക്ഷ ചിന്തകനും 'ന്യൂ ലെഫ്റ്റ് റിവ്യൂ' പത്രാധിപസമിതി അംഗവുമായ താരിഖ് അലി ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് ബ്ളോഗില്‍ ഈ വര്‍ഷം സമാധാന നൊബേല്‍ നേടിയ ലിയു സിയാബോവിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ അക്കമിട്ട് നിരത്തി എഴുതിയതിന്റെ പശ്ചാത്തലത്തിലാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ രാഷ്‌ട്രീയം എത്രമേല്‍ സമാധനവിരുദ്ധവും സാമ്രാജ്യത്വാഭിനിവേശപരമാണെന്നും കൂടി വെളിപ്പെടുത്തുന്നു ലിയുവിന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍. ലിയുവിന്റെ നിരീക്ഷണങ്ങള്‍ കാണുക.

1) ഒരു പാശ്ചാത്യരാഷ്‌ട്രം ചുരുങ്ങിയത് മുന്നൂറ് വര്‍ഷമെങ്കിലും ചൈനയെ കോളനിയാക്കി വച്ചിരുന്നെങ്കില്‍ ചൈനക്കാര്‍ എന്നെന്നേക്കും പരിഷ്‌കൃതരായി മാറിയേനെ. (ഇംഗ്ളീഷ് കച്ചവടക്കാര്‍ കൊണ്ടുവന്ന ഫോര്‍ക്കിനോടും കത്തിയോടും പരിഹാസനിര്‍ഭരരായി പ്രതികരിച്ച ചൈനാക്കാരോടാണ് ഇതു പറയുന്നത്).

2) കൊറിയയിലും വിയറ്റ്നാമിലും അമേരിക്ക പൊരുതിയത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോടാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ധാര്‍മിക വിശ്വാസ്യത തര്‍ക്കമറ്റതാണ്. (1950-53 ലെ കൊറിയന്‍ യുദ്ധത്തിലേയും 1960-75 ലെ വിയറ്റ്നാം യുദ്ധത്തിലേയും അമേരിക്കന്‍ ഇടപെടലുകള്‍ അന്താരാഷ്‌ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിയും മനുഷ്യാവകാശങ്ങളെ ചവിട്ടിയരച്ചും ജനാധിപത്യമൂല്യങ്ങളെ കശക്കിയെറിഞ്ഞും നടത്തിയ കിരാത യുദ്ധകാണ്ഡങ്ങളായിരുന്നെന്ന് അമേരിക്കയുടെ ഭരണകര്‍ത്താക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്ന കാലത്താണ് ലിയുവിന്റെ ഈ സാമ്രാജ്യത്വ സ്‌തുതിഗീതം)

3) ജോര്‍ജ് ഡബ്ള്യു ബുഷ് നടത്തിയ ഇറാഖ് അധിനിവേശം നൂറ് ശതമാനം ശരിയാണ്. 2004ല്‍ ബുഷിന്റെ എതിരാളിയായി മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോൺ കെറിയുടെ വിമര്‍ശങ്ങള്‍ ദുഷ്പ്രവാദങ്ങള്‍ മാത്രമാണ്. (ഇല്ലാത്ത സമൂല നശീകരണ ആയുധങ്ങളുടെ പേരില്‍, എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും മര്യാദകളെയും തുരങ്കം വച്ച്, എണ്ണയില്‍ കണ്ണുവച്ച് നടത്തിയ അധിനിവേശമാണ് അതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവരെ അറിയാമെങ്കിലും ലിയുവിന് അറിയില്ല)

4) അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തുന്ന യുദ്ധം ന്യായയുക്തമാണ്.

5) ലിയു തന്റെ 'ചാര്‍ട്ടര്‍ 08' മാനിഫെസ്റ്റോയില്‍ ചൈനയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാന്‍ ആഹ്വാനംചെയ്യുന്നു.

6) ചൈനീസ് സംസ്‌കാരത്തിന്റെ നിശിത വിമര്‍ശകനാണ് സിയാബോ. അദ്ദേഹം ആഗ്രഹിക്കുന്നത് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ചൈനയെയാണ്.

ഇത്രയും കാര്യങ്ങള്‍ അക്കമിട്ട് എഴുതിയശേഷം താരിഖ് അലി ചോദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ രണോത്സുക സാമ്രാജ്യത്വവാദിക്ക് നൊബേല്‍ സമ്മാനം നല്‍കാന്‍ നോര്‍വീജിയന്‍ കമ്മിറ്റി തീരുമാനിച്ചത്? സിയാബോവിന്റെ കാര്‍മികത്വത്തില്‍ രൂപീകരിച്ച പെന്‍ (PEN) എന്ന സംരംഭത്തിന് ഫണ്ട് നല്‍കുന്നത് റൊണാള്‍ഡ് റീഗന്റെ കാലത്ത് നിലവില്‍വന്ന നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയാണ്. ഇതിന് ഫണ്ട് നല്‍കുന്നതാകട്ടെ അമേരിക്കന്‍ കോൺ‌ഗ്രസും. (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ഡിസംബര്‍ 18-24, 2010) എവിടെയൊക്കെ നവലിബറല്‍ രഥയാത്രികര്‍ക്ക് വിഘ്നം വരുന്നുവോ, എവിടെയെല്ലാം 'ഉദാരജനാധിപത്യം' വെല്ലുവിളികള്‍ നേരിടുന്നുവോ അവിടെയെല്ലാം ഫണ്ടുമായി പാഞ്ഞെത്തുക എന്നതാണ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപിത ലക്ഷ്യം. താരിഖ് അലിയുടെ അഭിപ്രായത്തില്‍ ലിയു സിയാബോവിന്റെ ഇത്തരം പ്രതിലോമ വിചാരങ്ങളെയും ബന്ധങ്ങളെയും ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതിലായിരുന്നു ചൈന കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നത്.

പാശ്ചാത്യ മൂല്യങ്ങളെ, പ്രത്യേകിച്ച് ഉത്തര അറ്റ്ലാന്റിക് രാഷ്‌ട്രങ്ങള്‍ പ്രേക്ഷണംചെയ്യുന്ന മൂല്യങ്ങളെ പരിരംഭണം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും തഴുകുകയും ഈ ലോകവീക്ഷണത്തെ സമരോത്സുകരായി എതിരിടുന്നവരെ തഴയുകയുമാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ പൊതുവെയുള്ള രീതി. 1975ല്‍ സോവിയറ്റ് ഹൈഡ്രജന്‍ ബോംബിന്റെ പിതാവായ ആന്ദ്രേയ് സഖാറോവിനും 1990ല്‍ മിഖായേല്‍ ഗോര്‍ബച്ചേവിനും 2003ല്‍ ഇറാനിയന്‍ അഭിഭാഷകയായ ഷിറിന്‍ എബാദിക്കും സമാധാന നൊബേല്‍ നല്‍കിയത് വ്യക്തമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. സഖാറോവ് സോവിയറ്റ് യൂണിയനില്‍ ഒരു “മനുഷ്യാവകാശ കമ്മിറ്റി” ഉണ്ടാക്കിയാണ് നൊബേല്‍ സമിതിക്ക് പ്രിയങ്കരനായതെങ്കില്‍ സോവിയറ്റ് യൂണിയനെ തുണ്ടം തുണ്ടമാക്കി കൈയില്‍ കൊടുത്താണ് ഗോര്‍ബച്ചേവ് പ്രീതി പിടിച്ചുപറ്റിയത്. ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകയായ ഷിറിന്‍ എബാദിക്കുള്ള സമ്മാനം ടെഹ്റാനുള്ള ഒരു താക്കീതായിരുന്നു.

ചൈന അമേരിക്കയ്‌ക്ക് കനത്ത സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ചൈനീസ് ഭരണകൂടത്തെയും സംസ്‌കാരത്തെയും എതിര്‍ക്കുന്ന ഒരാള്‍ക്ക് സമ്മാനം കൊടുക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയല്ല. ശ്രദ്ധേയമായ കാര്യം, സമകാലിക ലോകത്ത് സമാധാന നൊബേലിന് എന്തുകൊണ്ടും അര്‍ഹരായ രണ്ടുപേര്‍ നോര്‍വീജിയന്‍ കമ്മിറ്റിയുടെ കൺവെട്ടത്തെങ്ങും വന്നില്ല (വരികയുമില്ല) എന്നതത്രേ. കടുത്ത യുദ്ധവിരുദ്ധനും വിയറ്റ്നാം യുദ്ധം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുടെ നിശിത വിമര്‍ശകനുമായ നോം ചോംസ്‌കിയാണ് ഒന്നാമത്തെയാള്‍. ലക്ഷണമൊത്ത ഈ അനാര്‍ക്കിസ്‌റ്റിന് (ചിലര്‍ അദ്ദേഹം മാര്‍ക്‌സിസ്‌റ്റാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്) വളരെ മുമ്പേ സമാധാന നൊബേല്‍ ലഭിക്കേണ്ടതായിരുന്നു. മറ്റൊരാള്‍ നോര്‍വീജിയന്‍ പ്രൊഫസറായ യൊഹാന്‍ ഗാല്‍തൂങ് ആണ്. പാശ്ചാത്യലോകത്തിന്റെ തീക്ഷ്‌ണ വിമര്‍ശകനായ ഈ നോര്‍വേക്കാരന്‍ സമാധനപഠനങ്ങളുടെ പിതാവായാണ് അറിയപ്പെടുന്നത്.

എന്തിനേറെ പറയുന്നു ഇരുപതാം നുറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ മഹാത്മാഗാന്ധിയുടെ പേര് പലപാട് സമാധാന നൊബേലിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. 1937ല്‍ ഗാന്ധിജിയുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ നോര്‍വീജിയന്‍ സമിതിയില്‍ അംഗമായിരുന്ന ജേക്കബ് വോം മ്യൂളര്‍ ഗാന്ധിജിയുടെ പേര് തിരസ്‌കരിച്ച് നടത്തിയ നിരീക്ഷണം കൌതുകകരമത്രേ. 'ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധിയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ, എന്നാല്‍, അദ്ദേഹം ഒരു സ്വാതന്ത്ര്യസമര പോരാളിയും സ്വേച്‌ഛാധികാരിയും ദേശീയവാദിയും ആദര്‍ശവാദിയുമാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ സാര്‍വലൌകികമോ നയങ്ങള്‍ സ്ഥിരസമാധാന സ്വഭാവമുള്ളതോ അല്ല'. ആ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കിയത് ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ റോബര്‍ട്ട് സെസിലിന് ആയിരുന്നു. അദ്ദേഹത്തിന്റെ മേന്മയായി കമ്മിറ്റി കണ്ടെത്തിയത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിയുടെ കാലം മുതല്‍ ബ്രിട്ടന്‍ തുടര്‍ന്നുപോന്ന സാമ്രാജ്യത്വനയത്തിന് ഊര്‍ജ്വസ്വലമായ തുടര്‍ച്ച നല്‍കി എന്നതും അദ്ദേഹം പിറന്നത് രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു പ്രഭുകുടുംബത്തിലാണ് എന്നതുമാണ്. ഇതാണ് സമാധാന നൊബേലിന്റെ ചരിത്രം. ലിയു സിയാബോവിന് ഇത് കിട്ടാമെങ്കില്‍ അരുന്ധതി റോയിക്കും ഭാവിയില്‍ ഇത് ലഭിച്ചേക്കാം. ബുക്കര്‍ ജേതാവായ അരുന്ധതി ഒരു മുഴം നീട്ടിയെറിയുകയാണോ?


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇരുപതാം നുറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ മഹാത്മാഗാന്ധിയുടെ പേര് പലപാട് സമാധാന നൊബേലിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. 1937ല്‍ ഗാന്ധിജിയുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ നോര്‍വീജിയന്‍ സമിതിയില്‍ അംഗമായിരുന്ന ജേക്കബ് വോം മ്യൂളര്‍ ഗാന്ധിജിയുടെ പേര് തിരസ്‌കരിച്ച് നടത്തിയ നിരീക്ഷണം കൌതുകകരമത്രേ. 'ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധിയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ, എന്നാല്‍, അദ്ദേഹം ഒരു സ്വാതന്ത്ര്യസമര പോരാളിയും സ്വേച്‌ഛാധികാരിയും ദേശീയവാദിയും ആദര്‍ശവാദിയുമാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ സാര്‍വലൌകികമോ നയങ്ങള്‍ സ്ഥിരസമാധാന സ്വഭാവമുള്ളതോ അല്ല'. ആ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കിയത് ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ റോബര്‍ട്ട് സെസിലിന് ആയിരുന്നു. അദ്ദേഹത്തിന്റെ മേന്മയായി കമ്മിറ്റി കണ്ടെത്തിയത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിയുടെ കാലം മുതല്‍ ബ്രിട്ടന്‍ തുടര്‍ന്നുപോന്ന സാമ്രാജ്യത്വനയത്തിന് ഊര്‍ജ്വസ്വലമായ തുടര്‍ച്ച നല്‍കി എന്നതും അദ്ദേഹം പിറന്നത് രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു പ്രഭുകുടുംബത്തിലാണ് എന്നതുമാണ്. ഇതാണ് സമാധാന നൊബേലിന്റെ ചരിത്രം. ലിയു സിയാബോവിന് ഇത് കിട്ടാമെങ്കില്‍ അരുന്ധതി റോയിക്കും ഭാവിയില്‍ ഇത് ലഭിച്ചേക്കാം. ബുക്കര്‍ ജേതാവായ അരുന്ധതി ഒരു മുഴം നീട്ടിയെറിയുകയാണോ?