Saturday, January 8, 2011

ഉദ്യോഗസ്ഥനായ വിദ്യാര്‍ഥി

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

ഉദ്യോഗത്തില്‍ പ്രവേശിച്ച അന്നുമുതല്‍ ഞാന്‍ എന്റെ ലക്ഷ്യത്തിലെത്താനുള്ള ഗാഢമായ ആലോചനയും തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും പ്രൈവറ്റായി ഡിഗ്രിക്ക് പഠിക്കണം. അതാണ് ആലോചന. പല അന്വേഷണവും നടത്തി. പല സ്ഥാപനങ്ങളുമായി എഴുത്തുകുത്തും നടത്തി. കേരളത്തില്‍ അത് തീരെ അനുവദിച്ചിരുന്നില്ല. മറ്റ് സ്റ്റേറ്റുകളില്‍ അതാത് സ്റ്റേറ്റുകാര്‍ക്കുമാത്രം. ചില സ്റ്റേറ്റില്‍ വിദൂര വിദ്യാഭ്യാസം സ്ത്രീകള്‍ക്കുമാത്രം. ആകപ്പാടെ എന്റെ ലക്ഷ്യത്തിലെത്താന്‍ ഒരു വഴിയും കാണുന്നില്ല. ഞാന്‍ നിരാശനായി.

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം അതിരാവിലെ ചായ കുടിക്കാന്‍ താമസസ്ഥലത്തുനിന്ന് നടന്ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള പാരീസ് ഹോട്ടലില്‍ വന്നു. ഒരു ചായക്ക് പറഞ്ഞു. അടുത്ത മേശമേല്‍ ഒരു ദിനപത്രം കണ്ടു. അതെടുത്ത് മറിച്ചുനോക്കി വായന തുടങ്ങി. അതൊരു ചെറിയ പത്രമായിരുന്നു. പെട്ടെന്ന് ഒരു റിപ്പോര്‍ട് ശ്രദ്ധയില്‍പെട്ടു. "ഡല്‍ഹി സര്‍വകലാശാലയില്‍ സായാഹ്ന ക്ളാസും വിദൂര വിദ്യാഭ്യാസ കോഴ്സും ആരംഭിക്കുന്നു.''

ആ റിപ്പോര്‍ട് അത്ഭുതത്തോടും കൌതുകത്തോടുംകൂടി ഞാന്‍ വായിച്ചുതീര്‍ത്തു. അതിന്റെ ഉള്ളടക്കം "നിലവിലുള്ള പഠനസൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇരട്ടി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സൌകര്യമുണ്ടാക്കാന്‍ സായാഹ്ന ക്ളാസുകളും പല കാരണങ്ങളാലും തുടരാന്‍ കഴിയാതെ പഠിപ്പുനിര്‍ത്തേണ്ടി വന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ വിദൂരവിദ്യാഭ്യാസ സൌകര്യവും വേണം'' എന്ന കോത്താരി കമീഷന്‍ റിപ്പോര്‍ട് കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചു എന്നാണ്. ആദ്യം ഡല്‍ഹി സര്‍വകലാശാലയില്‍ രണ്ടു കോഴ്സും ഇക്കൊല്ലം തന്നെ ആരംഭിക്കുന്നതാണ് എന്നാണ്.'' അപ്പോഴത്തെ എന്റെ അതിരില്ലാത്ത ആഹ്ളാദം എഴുതി ഫലിപ്പിക്കാന്‍ സാധ്യമല്ല. ചായകുടിച്ച്, കടക്കാരനോട് ആ പത്രം ഞാന്‍ എടുക്കട്ടെ എന്ന് ചോദിച്ചു, അദ്ദേഹം സമ്മതിച്ചു.

ആ സംഭവം എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഞാന്‍ ഉടനെത്തന്നെ പത്രത്തില്‍ കണ്ട അഡ്രസില്‍ ഡല്‍ഹി സര്‍വകലാശാല റജിസ്ട്രാര്‍ക്ക് ഒരു അപേക്ഷ അയച്ചു. മടക്കത്തപാലില്‍ പ്രോസ്പെക്ടസും അപേക്ഷാഫോറവും എനിക്ക് അയച്ചുകിട്ടി. അത്യാവേശത്തോടെ അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അയച്ചുകൊടുത്തു. ഒരാഴ്ചക്കകം എന്റെ അപേക്ഷ സ്വീകരിച്ചു, എന്നെ വിദൂര വിദ്യാഭ്യാസ കോഴ്സില്‍ ചേര്‍ത്തി മറുപടി വന്നു. എന്റെ ഡിഗ്രിക്കുള്ള പ്രധാന വിഷയം ചരിത്രവും രാഷ്ട്രമീമാംസയും (History & Political Science) ആയിരുന്നു.

അന്ന് മുതല്‍ ഞാന്‍ മനസ്സിന്റെ ഉള്ളില്‍ വിദ്യാര്‍ഥിയും പുറത്തേക്ക് ഓഫീസറുമായി മാറി. മുഴുവന്‍ സമയവും എന്റെ ചിന്ത പഠനം തന്നെയായിരുന്നു. എന്നെ വഴിയിലിട്ടേച്ചുപോയ എന്റെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഒപ്പമെത്തണം എന്നാണ് ചിന്ത. ഉറച്ച ലക്ഷ്യവും കഠിനമായ അധ്വാനവും ഫലപ്രാപ്തിയിലെത്തും എന്നതിന് എന്റെ ജീവിതം സാക്ഷ്യം വഹിക്കുന്നു.

പാലക്കാട് ട്രെയിനിങ് കഴിഞ്ഞ് എന്നെ കാളികാവ് പഞ്ചായത്തിലേക്ക് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍നിന്ന് വളരെ കൃത്യമായി പാഠ്യവിഷയങ്ങള്‍ നോട്ട്സ് ആയി വന്നുകൊണ്ടിരുന്നു. കാളികാവില്‍ മുമ്പ് പഞ്ചായത്ത് ഭരണം ഉണ്ടായിരുന്നില്ല. പുതുതായി രൂപീകരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കേണ്ടത് എന്റെ ചുമതലയായിരുന്നു. ഓഫീസ് തുറന്നു, ജീവനക്കാരെ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ ഞാന്‍തന്നെ പരസ്യം കൊടുത്ത്, ഇന്റര്‍വ്യൂ ചെയ്ത് തെരഞ്ഞെടുത്തു. ഒരു ക്ളര്‍ക്ക്, ഒരു ബില്‍ കലക്ടര്‍, ഒരു സ്വീപ്പര്‍ ഇതായിരുന്നു ജീവനക്കാരുടെ നില. ആദ്യമായി ഒരു ക്ളാര്‍ക്കിനെയും സ്വീപ്പറെയും പെട്ടെന്ന് നിയമിച്ചു. പിന്നെ ഒരു ബില്‍കലക്ടറെ നിയമിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസില്‍നിന്ന് എന്റെ വീട്ടിലേക്ക് പോകാന്‍ ബസ്സില്‍ കയറി പൂക്കോട്ടുംപാടം അങ്ങാടിയില്‍ വന്നിറങ്ങി. തൊട്ടടുത്തുള്ള ബീഡിക്കമ്പനിയില്‍ എന്റെകൂടെ പത്താംതരംവരെ ഒരുമിച്ച് പഠിച്ച ഒരു സുഹൃത്ത് ബീഡി തെരച്ചുകൊണ്ടിരിക്കുന്നതായി കണ്ടു. വണ്ടൂര്‍ സ്വദേശി പറമ്പന്‍ മുഹമ്മദ് എന്ന കുഞ്ഞു. ബീഡി തെരപ്പുകാരുടെ അന്നത്തെ കൂലിയും ജീവിതപ്രയാസവും എനിക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചും കളിച്ച് ചിരിച്ചും കഴിഞ്ഞത് ഓര്‍ത്തപ്പോള്‍ വലിയ സഹതാപം തോന്നി. ഞാന്‍ അയാളെ പുറത്തേക്ക് വിളിച്ചു സ്വകാര്യം പറഞ്ഞു, കാളികാവ് പഞ്ചായത്തില്‍ ബില്‍കലക്ടറായി നിയമനം കൊടുക്കാമെന്ന്. അങ്ങനെ പഞ്ചായത്ത് ഭരണം ചിട്ടപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോയി. ഒപ്പംതന്നെ രാത്രികാലങ്ങളില്‍ കുത്തിയിരുന്ന് പഠനവും.

കാളികാവില്‍ ഒരു വീട് വാടകക്കെടുത്ത് കുടുംബസമേതം താമസവും തുടങ്ങി. സ്വന്തം വീട് അടുത്താണ്, ഏകദേശം മൂന്നുനാഴികമാത്രം ദൂരം. അതിനാല്‍ വീട്ടില്‍നിന്നുള്ള വലിയ സഹായവും ചെറുതാണെങ്കിലും ശമ്പളവും കൂടി ഒരുവിധം മോശമല്ലാതെ ജീവിച്ചുവന്നു. അങ്ങനെ ഒന്നരക്കൊല്ലത്തോളം കഴിഞ്ഞു. രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൊന്നും ബന്ധപ്പെടാതെ തികച്ചും ഒരു ഓഫീസറായിത്തന്നെ കഴിഞ്ഞുപോന്നു.

എന്നാല്‍ പ്രാദേശികമായ വൃത്തത്തില്‍ കലാസാംസ്കാരികപ്രവര്‍ത്തനവുമായി ചെറിയതോതില്‍ ബന്ധപ്പെട്ടിരുന്നു. കാളികാവിലാണ് പുല്ലങ്കോട്ട് റബ്ബര്‍ എസ്റ്റേറ്റ്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ജ്യേഷ്ഠന്‍ ബാലകൃഷ്ണമാരാരായിരുന്നു പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍. അദ്ദേഹം, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. എസ്റ്റേറ്റിലെതന്നെ റൈറ്റര്‍ ഇ കെ കാളികാവ് എന്ന് വിളിച്ചിരുന്ന എന്റെ സ്നേഹിതന്‍ നന്നായി പാട്ടുപാടിയിരുന്നു. അദ്ദേഹം.

"മകരത്തില്‍ തണുപ്പത്ത്
മരംകോച്ചും തണുപ്പത്ത്
അക്കരെ നിക്കും
ചക്കരമാവും പൂത്തല്ലോ.
പൂവിന് പാറ്ണ് പൂമ്പാറ്റ,
തേനിന് പാറ്ണ് തേനീച്ച''

എന്ന് മനോഹരമായി പാടുമ്പോള്‍ ഞാന്‍ ഇരുന്ന് താളം പിടിക്കുമായിരുന്നു. എസ്റ്റേറ്റിലെ തന്നെ മേസ്ത്രിപണിയെടുത്തിരുന്ന ചുരപ്പിലാന്‍ മമ്മത് നാടകകൃത്തും കവിയുമായിരുന്നു. ആദ്യം അദ്ദേഹം "മാര്‍ക്കക്കാരന്റെ മോള്''എന്ന ഒരു നാടകം എഴുതി. അരങ്ങേറിയപ്പോള്‍ നല്ല സ്വീകരണം കിട്ടി. പിന്നെ ഇന്ത്യ- ചൈന യുദ്ധകാലത്ത് യുദ്ധഫണ്ടിലേക്ക് സഹായമായി പൊന്നും പണവും ആവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രചാരണങ്ങള്‍ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു രണ്ടാമത്തെ നാടകം. അതിന്റെ പേര്തന്നെ 'പെണ്ണിന് പൊന്നല്ല സീനത്ത്' എന്നായിരുന്നു. അതില്‍ അദ്ദേഹംതന്നെ എഴുതിയ പാട്ടും അതിമനോഹരം തന്നെ.

'കൊഞ്ഞനം കാട്ടിക്കളിച്ചു. നുള്ളിയെന്നെ വേദനിപ്പിച്ച്
കൈമലുള്ള കുപ്പിവളകള്‍ തല്ലിയുടച്ച്-നേരംപോക്ക് കാട്ടാന്‍ വേണ്ടിയെന്നെ മാടിവിളിച്ച്.''

ബാല്യകാല ചാപല്യങ്ങള്‍ അയവിറക്കുന്ന യുവമിഥുനങ്ങളുടെ ഭാവം നന്നായി അവതരിപ്പിക്കുന്നു. ഈ പാട്ട്. പൂരപ്പിലാന്റെ മേല്‍വരികള്‍ പാടുമ്പോള്‍ അന്നും ഇന്നും എന്റെ ഹൃദയത്തില്‍ മഹാകവി കുമാരനാശാന്റെ നളിനി ഓര്‍മവരും.

"ഉച്ചയായി തണലിലാഞ്ഞു പുസ്തകം
വെച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍
കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും.''

ആശയത്തിലും അക്ഷരാര്‍ഥത്തിലും ഇതിനോട് സാമ്യമുള്ള വരികളാണ് നാടന്‍ കവിയായ മമ്മതിന്റേതും.

അങ്ങനെ പഞ്ചായത്ത് ഭരണവും പഠനവുമായി കഴിഞ്ഞുവരുന്നകാലത്ത് 1963ല്‍ കേരളത്തില്‍ ആകമാനം ഒറ്റയടിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. അതൊരു വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു. ഓഫീസര്‍ എന്ന നിലയില്‍ ഞാന്‍ തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഒരു അഭിപ്രായവും പ്രകടിപ്പിക്കാതെ തികച്ചും മാറിനിന്നു. എന്നാല്‍ മുന്‍ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ചിലപ്പോള്‍ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഞാനും വിധേയനാവേണ്ടിവന്നു. ആ സാഹചര്യത്തില്‍ ഞാന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാളികാവില്‍നിന്ന് സ്ഥലം മാറിപ്പോകണം എന്ന് മനസ്സില്‍ കരുതി. കാരണം എന്റെ ഉദ്ദേശ്യം അലോസരങ്ങളില്ലാതെ പഠനം പൂര്‍ത്തിയാക്കി ഡിഗ്രി എടുക്കണം, പിന്നീട് നിയമം പഠിക്കണം എന്നായിരുന്നു.

ആ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ലീഗും സഖ്യത്തിലായിരുന്നു. കേരള ഭരണത്തിലും കോ-ലീ-പി സഖ്യം പിരിഞ്ഞ കാലമായിരുന്നു. സി എച്ച് മുഹമ്മദ് കോയ സ്പീക്കര്‍ സ്ഥാനം രാജിവച്ച് പ്രതിപക്ഷത്ത് ലീഗ് വന്ന കാലമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ സഖ്യം അധികാരത്തില്‍ വന്നു.മുസ്ളിംലീഗിന്റെ പിന്തുണയോടെ കമ്യൂണിസ്റ്റ് നേതാവ് സ. കെ കുഞ്ഞാലി പ്രസിഡന്റായി.

സ. കുഞ്ഞാലി ഏറനാട്ടിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു. തോട്ടം മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശസമരപോരാട്ടങ്ങള്‍ നടത്തിയ ധീരനായ കമ്യൂണിസ്റ്റുകാരന്‍. എതിര്‍പ്പുകളെ കൂസലില്ലാതെ നേരിടുന്ന പ്രകൃതക്കാരന്‍. വരും വരായ്കകള്‍ ചിന്തിക്കാത്ത വിപ്ളവകാരി.

ഞങ്ങള്‍ രണ്ടാളും രണ്ട് രാഷ്ട്രീയ ചേരിയില്‍നിന്ന കാലത്തും സുഹൃത്തുക്കളായിരുന്നു. ഓഫീസറാകുന്നതിന് മുമ്പ് ഒരു വിളകൊയ്ത്ത് സമരത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനിടയായിട്ടുമുണ്ട്. വെള്ളയൂര്‍ മഠത്തില്‍ കസ്സാലിഹാജി എന്ന ഭൂവുടമ തന്റെ കര്‍ഷക കുടിയാനായ പറങ്ങോടന്റെ കൈവശമുള്ള ഭൂമിയില്‍നിന്ന് പറങ്ങോടന്‍ ഇറക്കിയ വിള ബലം പ്രയോഗിച്ച് കൊയ്തെടുത്തു. അതിനെതിരായി പ്രതിഷേധ സമരവും കോടതിയില്‍ കേസും ഞങ്ങള്‍ ഒരുമിച്ചു നടത്തിയിട്ടുണ്ട്. ഒരിക്കലും നേരിട്ട് ഒരു അലോഗ്യത്തിനും ഇടവന്നിട്ടുമില്ല.

എന്നാല്‍ ഭാവിയില്‍ എന്തെങ്കിലും ഭിന്നത വന്നാല്‍ എന്റെ ഉദ്ദേശ്യത്തിന് വിഘ്നം വരും, പഠിക്കാന്‍ സാധിക്കാതെ വരും എന്ന് ഞാന്‍ കരുതിയിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് തന്നെ, അത് കഴിഞ്ഞാല്‍ സ്ഥലം മാറി പോകണം എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അത് പ്രകാരം സ. കുഞ്ഞാലി ചാര്‍ജെടുത്ത ഒരു മാസം കഴിഞ്ഞ് ഞാന്‍ സ്ഥലമാറ്റം വാങ്ങി ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ഓഫീസറായി.

ഒതുക്കുങ്ങല്‍ ഒരു ചെറിയ പഞ്ചായത്താണ്. വിസ്തീര്‍ണംകൊണ്ടും വരുമാനംകൊണ്ടും ചെറുത്. പ്രശ്നങ്ങളും കുറവായിരുന്നു. മുസ്ളിംലീഗായിരുന്നു പഞ്ചായത്ത് സമിതിയില്‍ ഭൂരിപക്ഷം, പ്രസിഡന്റ് ചെട്ടിയാംകണ്ടത്തില്‍ കടമ്പോട് മുഹമ്മത് എന്ന ബാപ്പു. രാഷ്ട്രീയവും വിദ്യാഭ്യാസവും കുറവാണെങ്കിലും പ്രായോഗിക രംഗത്തെ കാര്യങ്ങള്‍ നടത്താന്‍ കഴിവുണ്ടായിരുന്നു. ഞാന്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലേക്ക് പോകുമ്പോള്‍ എന്റെ രണ്ടാമത്തെ കുട്ടി കൈക്കുഞ്ഞായിരുന്നു. ആദ്യത്തെ കുട്ടി നജീബിന് മൂന്നു വയസ്. രണ്ടാമത്തേത് ഒരു പെണ്‍കുട്ടി നദീറ.

അങ്ങനെ കുടുംബസമേതം ഒതുക്കുങ്ങലും കുറച്ചുകാലം മലപ്പുറത്തും ഞാന്‍ താമസിച്ചു. ആ കാലത്ത് എന്റെ ഡിഗ്രിപഠനം മൂന്നാം കൊല്ലത്തേക്ക് പ്രവേശിച്ചു. അപ്പോള്‍ എനിക്ക് ഒരു ബുദ്ധി തോന്നി, എന്ത് സഹിച്ചും ഡിഗ്രി പാസാവണം. അതിന് ഉദ്യോഗത്തില്‍നിന്ന് ദീര്‍ഘകാല ലീവെടുത്ത് ഡല്‍ഹിയില്‍ പോവുക. അവിടെ ഏതെങ്കിലും ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയായി മാറുക. ആ ആലോചന പ്രാവര്‍ത്തികമാക്കാന്‍തന്നെ തീരുമാനിച്ചു. അന്ന് എനിക്ക് പരിചയമുള്ള രാജ്യസഭാംഗമായിരുന്ന പാലാട്ടു കുഞ്ഞിക്കോയ സാഹിബിനെക്കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

അങ്ങനെ ഞാന്‍ ദീര്‍ഘകാല ലീവെടുത്ത് ഒതുക്കുങ്ങല്‍ വിട്ടു. ഇന്നത്തെപ്പോലെ യാത്രാ സൌകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ല. കോഴിക്കോട്ടുനിന്ന് മദിരാശി മെയില്‍വണ്ടിക്ക് കേറി. ത്രീ ടിയര്‍ സ്ളീപ്പര്‍ ക്ളാസില്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നു. 3-12-1965ന് കോഴിക്കോട്ടുന്ന് കേറി പിറ്റേന്ന് രാവിലെ ഏഴു മണിക്ക് മദിരാശി സെന്‍ട്രലില്‍ വണ്ടി എത്തി. പിന്നെ ഉച്ചക്ക് രണ്ടു മണിക്കാണ് ഡല്‍ഹി ഗ്രാന്‍ട് ട്രങ്ക് പുറപ്പെടുന്നത്. അന്ന് ട്രെയിന്‍ ഓടിച്ചിരുന്നത് ഡീസലോ വൈദ്യുതിയോ ഉപയോഗിച്ചായിരുന്നില്ല, കല്‍ക്കരിയാണ്.

"പുക തുപ്പി, പുക തുപ്പി പായുന്നു തീവണ്ടി
അകലത്തെ, അകലത്തെ പിന്നിലാക്കി''

അതായിരുന്നു സ്ഥിതി. മദിരാശിയില്‍നിന്ന് ഡല്‍ഹിക്ക് ജിടിയില്‍ റിസര്‍വേഷന്‍ കിട്ടിയില്ല. ടിക്കറ്റ് ഉള്ളത്കൊണ്ട് മൂന്നാം ക്ളാസ് ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്ര തുടര്‍ന്നു. രണ്ടു രാത്രി കഴിഞ്ഞാണ് മൂന്നാം ദിവസം ഡല്‍ഹിയില്‍ എത്തുക. രണ്ടു രാത്രികളിലും താഴെ തറയില്‍ വിരിച്ചാണ് കിടന്നുറങ്ങിയത്. ചെളിയും വെള്ളവും ശരീരത്തിലും വസ്ത്രങ്ങളിലും പുരണ്ട് ദുരിതപൂര്‍ണമായ യാത്ര. 4, 5 തീയതികള്‍ കഴിഞ്ഞ് 6-12-1965 ഉച്ചക്ക് ഡല്‍ഹിയില്‍ എത്തി. അന്നുതന്നെ എംപിയുടെ മുറിയില്‍ എത്തി. പിറ്റേന്ന് രാവിലെ കരോള്‍ബാഗിലെ പൂസാ റോഡില്‍ സ്ഥിതിചെയ്യുന്ന എസ്എന്‍ ദാസ്ഗുപ്ത കോളേജില്‍ ചെന്ന് ക്ളാസില്‍ ചേര്‍ന്ന് കുറച്ചുദിവസം എംപിയുടെ ഫ്ളാറ്റ് ആയ 222 നോര്‍ത്ത് അവന്യൂവില്‍ താമസിച്ചു, പിന്നെ കരോള്‍ബാഗിലേക്ക് താമസം മാറ്റി.

പാലക്കാട്ടുകാരന്‍ സാമി ശങ്കരയ്യര്‍ നടത്തിയിരുന്ന സൌത്ത് ഇന്ത്യന്‍ ഹോട്ടലില്‍ മൂന്നാള്‍ താമസിക്കുന്ന മുറിയില്‍ ഒരു ബെഡ്. ഭക്ഷണം സാമിയുടെ ഹോട്ടല്‍ തന്നെ. വിദ്യാഭ്യാസ കാര്യത്തില്‍ തുടക്കത്തില്‍ പിണഞ്ഞ ഒരബദ്ധം കാരണം എന്തെല്ലാം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവന്നു, നഷ്ടപ്പെട്ടത് തിരികെ പിടിക്കാന്‍, എന്ന് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

അന്നു മുതല്‍ മറ്റെല്ലാം മറന്ന് ഒരു മുഴുവന്‍ സമയ വിദ്യാര്‍ഥി ആയി മാറി. 1966 ഏപ്രില്‍ മാസത്തിലാണ് ഡിഗ്രിയുടെ അവസാന പരീക്ഷ. പഠനം തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലെ ഡല്‍ഹിയിലെ മരം കോച്ചുന്ന തണുപ്പ്, ചിലപ്പോള്‍ എല്ലിന്റെ ഉള്ളിലേക്ക് തുളഞ്ഞ് കേറും. വീട്ടുകാരെയും ഭാര്യയെയും കുട്ടികളെയും വിട്ടുനില്‍ക്കുന്ന ആദ്യത്തെ അനുഭവം. വിരഹദുഃഖം ആഴം കൂടുന്നതായി തോന്നാറുണ്ട്. എല്ലാം സഹിച്ചു ഒരേ ലക്ഷ്യത്തിനുവേണ്ടി കരളുറപ്പോടെ പഠനം തുടര്‍ന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം പരീക്ഷയ്ക്കുള്ള സിലബസും പരീക്ഷാ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങളും തപാലില്‍ കിട്ടി. ഞാന്‍ പഠിക്കുന്നത്, ഇന്ത്യയില്‍ എവിടെയുള്ള വിദ്യാര്‍ഥികള്‍ക്കുംവേണ്ടി ഡല്‍ഹിയില്‍ നടത്തുന്ന കോഴ്സ് ആയിരുന്നതിനാല്‍ ഡല്‍ഹിക്ക് പുറമെ കല്‍ക്കത്ത, ബോംബെ, മദിരാശി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചതായി കണ്ടു. ഞാന്‍ മദിരാശി തെരഞ്ഞെടുത്ത് അപേക്ഷ കൊടുത്ത് ഡല്‍ഹി വിട്ട് കൊടും തണുപ്പില്‍നിന്ന് രക്ഷപ്പെട്ടു.

നാട്ടിലെത്തി ബാക്കിയുള്ള ദിവസങ്ങള്‍ വായന തുടര്‍ന്നു. 1966 ഏപ്രില്‍ 5ന് മദിരാശിയില്‍ പരീക്ഷ തുടങ്ങും. ഞാന്‍ രണ്ടുദിവസം മുമ്പുതന്നെ മദിരാശിയിലെത്തി, മദിരാശി മുസ്ളിം അസോസിയേഷന്‍ ഹോസ്റ്റലില്‍ താമസമാക്കി (ങങ വീലെേഹ, ഋഴാീൃല). പതിനെട്ട് ദിവസംകൊണ്ട് പതിനൊന്ന് പേപ്പര്‍ എഴുതി, ഏപ്രില്‍ അവസാനം മദിരാശി വിട്ടുപോരുമ്പോള്‍ ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.

പരീക്ഷയുടെ റിസല്‍ട്ട് വരാന്‍ രണ്ടുമാസം കഴിയണം. ആ കാലം വെറുതെ ഇരിക്കേണ്ടന്ന് കരുതി പഞ്ചായത്തില്‍ വീണ്ടും ചാര്‍ജെടുത്തു. താമസം മലപ്പുറത്തും. പരീക്ഷാഫലം കാത്തുള്ള ശുഭപ്രതീക്ഷയോടെ കാത്തിരുന്ന കാലം തികച്ചും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു. അങ്ങനെ ഒരു ദിവസം മലപ്പുറത്ത് വീട്ടില്‍ വൈകുന്നേരം ഞാന്‍ എത്തിയപ്പോള്‍ ഒരു ടെലിഗ്രാം വന്നിരിക്കുന്നു. പൊട്ടിച്ച് വായിച്ചപ്പോള്‍ ഞാന്‍ വികാരപരവശനായി, സന്തോഷംകൊണ്ട് മതിമറന്നു. അത് ജീവിതത്തിലെ മറ്റൊരു വലിയ വഴിത്തിരിവായിരുന്നു. കമ്പി അടിച്ചത്, ഞാന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന കാലത്ത് പരിചയപ്പെട്ട സുഹൃത്ത് കേന്ദ്ര ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന തിരൂരങ്ങാടിക്കാരന്‍ മൊയ്തീന്‍ ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹവും പാലാട്ടു കുഞ്ഞിക്കോയ സാഹിബിന്റെ ബന്ധുവും പിന്നീട് ഫാറൂഖ് കോളേജിന്റെ പ്രിന്‍സിപ്പലുമായ അരീക്കോട്ടുകാരന്‍ യു മുഹമ്മത് സാഹിബുമായിരുന്നു എന്റെ ഡല്‍ഹിയിലെ അന്നത്തെ കുട്ടുകാരും സഹായികളും.

ഡിഗ്രി പരീക്ഷ പാസായി, ഞാനാണ് എന്റെ കൂരാട് ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരി എന്ന യാഥാര്‍ഥ്യം എന്നെ അഭിമാന പുളകിതനാക്കി. ഉടനെത്തന്നെ സ്വന്തം വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. ഉപരിപഠനത്തെപ്പറ്റി പിതാവുമായി ആലോചിച്ചു. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും ബാപ്പ പ്രോത്സാഹിപ്പിച്ചു. നിയമപഠനം ബാപ്പക്കും വലിയ താല്‍പ്പര്യമുള്ള കാര്യമാണല്ലോ. ഏതായാലും എറണാകുളം ലോ കോളേജില്‍ ചേരാന്‍ തീരുമാനിച്ചു. ബിരുദം നേടുന്നതും നിയമകോളേജില്‍ ചേരുന്നതും മറ്റും ഇന്ന് വലിയ കാര്യമായി കാണുകയില്ല. എന്നാല്‍ നാല്‍പ്പത്തിയഞ്ചുകൊല്ലം മുമ്പത്തെ ഏറനാടിന്റെ സ്ഥിതിയും നിലവാരവും വച്ചുനോക്കുമ്പോള്‍ അതെല്ലാം വലിയ കാര്യങ്ങള്‍ തന്നെയായിരുന്നു.

ഉടനെത്തന്നെ കോഴിക്കോട്ട് ഹജൂര്‍ ഓഫീസില്‍ എത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് മുമ്പില്‍ രാജി സമര്‍പ്പിച്ചു.

ഹജൂര്‍ ഓഫീസ് കെട്ടിടം അന്ന് മാനാഞ്ചിറ മൈതാനത്തിന്റെ കിഴക്ക്-തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന കുമ്മായം തേക്കാത്ത, കല്ലില്‍ പണിതീര്‍ത്ത പുരാതനമായ കെട്ടിടം. ബ്രിട്ടീഷ് ഭരണകാലത്തിന്റെ പ്രതീകമായ കൂറ്റന്‍ കെട്ടിടം. ഡെപ്യൂട്ടി ഡയരക്ടര്‍ വേലായുധന്‍നായര്‍ മഞ്ചേരിക്കാരനും വക്കീല്‍ കേശവന്‍ നായരുടെ മരുമകനുമായിരുന്നു. അദ്ദേഹത്തിന് എന്നെയും എന്റെ കുടുംബത്തെയും വ്യക്തിപരമായി അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു, "ഞാന്‍ ഈ രാജി സ്വീകരിക്കുകയില്ല, പഠിക്കാന്‍ പോകാനാണെങ്കില്‍ സ്റ്റഡി ലീവ് അനുവദിച്ചുതരാം, ഇക്കാലത്ത് ഒരു ഉദ്യോഗം കിട്ടാന്‍ പ്രയാസമാണ്, വെറുതെയങ്ങ് രാജിവയ്ക്കാന്‍ പാടില്ല.''

അത്കേട്ട് വിഷമത്തിലായ ഞാന്‍ വീണ്ടും രാജി സ്വീകരിച്ച് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചു. അവസാനം അദ്ദേഹം പറഞ്ഞു ഒരു ദിവസത്തെ സമയം തരാം, നന്നായി ആലോചിച്ച് നാളെ നാല് മണിക്ക് വരൂ എന്ന.് എനിക്ക് ഒന്നും ആലോചിക്കാനില്ലായിരുന്നു. പറഞ്ഞതനുസരിച്ച് ഞാന്‍ മടങ്ങിപ്പോന്ന്, പിറ്റേ ദിവസം വൈകുന്നേരം കൃത്യം നാലുമണിക്ക് ഹജൂരിലെത്തി അദ്ദേഹത്തെ കണ്ട് രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് അറിയിച്ചു. അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, രാജി കാര്യത്തില്‍ ഇങ്ങനെ ഒരു ഉറച്ച തീരുമാനത്തിന് കാരണമെന്താണ്, എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ മനസ്സിലെ വികാരമായിരുന്നു. ലീവില്‍ പഠിക്കാന്‍ പോയാല്‍ ഉദ്യോഗം ഉണ്ടല്ലൊ എന്ന് കരുതി പഠിപ്പില്‍ ശ്രദ്ധ കുറയും, രണ്ടാമതായി ഞാന്‍ ഒരു രാഷ്ട്രീയക്കാരനാണ്, ഒരു പ്രത്യേക സാഹചര്യത്തില്‍ ഉദ്യോഗസ്ഥനായതായിരുന്നു, പഠന സമയത്ത് ഉദ്യോഗസ്ഥന്‍ എന്ന നിലവിട്ട് എന്തെങ്കിലും എന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അച്ചടക്കനടപടി വേണ്ടി വരും. അതൊക്കെ വിഷമം സൃഷ്ടിക്കും. ഞാന്‍ ഒരു പൂര്‍ണ സ്വതന്ത്രനായി വിദ്യാര്‍ഥി ആകാനാണ് തീരുമാനം എന്നറിയിച്ചപ്പോള്‍ അദ്ദേഹം ഫയല്‍ എടുത്ത് എന്റെ രാജി സ്വീകരിച്ചതായി രേഖപ്പെടുത്തി, ഓര്‍ഡര്‍ എഴുതാന്‍ സെക്ഷനിലേക്ക് കൊടുത്തു. കൂടെ ഞാനും പോയി. ഓര്‍ഡര്‍ അടിച്ച് അദ്ദേഹം ഒപ്പിട്ട് അഞ്ചു മണിക്ക് കൈയില്‍ കിട്ടി. അത് ഓര്‍ഡര്‍ ചീ.അ413045/66 റ 2271966 ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പഞ്ചായത്ത്, കോഴിക്കോട്.

ഉത്തരവുമായി ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ എത്തി 25-7-66ന് ചാര്‍ജ് പഞ്ചായത്ത് ഇന്‍സ്പെക്ടര്‍ക്ക് കൊടുത്ത് എന്നെ വിടുതല്‍ ചെയ്തു. അങ്ങനെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഹംസ കേവലം ടി കെ ഹംസയായി മാറി. ഒതുക്കുങ്ങല്‍ പൌരാവലി ഒരു വലിയ യാത്രയയപ്പ് നല്‍കി. ഒതുക്കുങ്ങലിലെ അന്നത്തെ പൌരപ്രധാനി കുരുണിയന്‍ മുഹമ്മത്ഹാജി ആയിരുന്നു ആ യാത്രയയപ്പിന് കാര്‍മികത്വം വഹിച്ചിരുന്നത്.

ഇരുപുറവും നോക്കാതെ ഞാന്‍ യാത്ര തുടര്‍ന്നു. 1-8-1966ന് രാവിലെ ഞാന്‍ എറണാകുളത്തെത്തി ലോ കോളേജില്‍ ചെന്നു. അപ്പോഴേക്ക് ക്ളാസ് തുടങ്ങിക്കഴിഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ ശങ്കരദാസന്‍തമ്പി, അദ്ദേഹത്തെ കണ്ട് സാഹചര്യങ്ങള്‍ പറഞ്ഞപ്പോള്‍, അപേക്ഷ കൊടുത്ത് ഫീസടച്ച് ക്ളാസില്‍ കേറാന്‍ പറഞ്ഞു. അന്ന് എഫ്എല്‍, ബിഎല്‍ എന്നീ രണ്ടു കൊല്ലമാണ് നിയമപഠനം. 1-8-66ന് രാവിലെ ഞാന്‍ എഫ്എല്‍ ക്ളാസ് വിദ്യാര്‍ഥിയായി. ഞാന്‍ ക്ളാസില്‍ ചെന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി അതേ ക്ളാസില്‍ ഇരിക്കുന്നു. അങ്ങനെ പഠനവും വിദ്യാര്‍ഥി യൂണിയന്‍ രാഷ്ട്രീയവും പുനരാരംഭിച്ചു. എറണാകുളത്ത് ലോകോളേജ് വിദ്യാര്‍ഥി, നാട്ടില്‍ രണ്ടു കുട്ടികളുടെ ബാപ്പ, മൂന്നാമത്തെ കുട്ടി ഗര്‍ഭത്തിലും. ആ മൂന്നാമത്തെ കുട്ടിയാണ് ഇപ്പോള്‍ മഞ്ചേരി ബാറിലെ അഭിഭാഷകന്‍ റഫീഖ്.

അങ്ങനെ വിദ്യാര്‍ഥി ജീവിതവും പഠനവും രാഷ്ട്രീയവും ആരംഭിച്ചതോടെ പഴയ ഔദ്യോഗിക ജീവിതം ഒരവ്യക്ത സ്വപ്നംപോലെ മറന്നുപോയി. എറണാകുളത്ത് മാര്‍ക്കറ്റ് റോഡിലെ മുസ്ളിം ഹോസ്റ്റലിലാണ് ഞാന്‍ താമസം. ഹോസ്റ്റലിലെ അന്തേവാസികളുമായി പരിചയപ്പെട്ട് സൌഹൃദത്തില്‍ ഇണങ്ങി ജീവിച്ചു. അങ്ങനെയിരിക്കെ എന്റെ ക്ളാസിലെ മറ്റൊരംഗം വി അഹമ്മത്കുട്ടിയുമായി പരിചയപ്പെട്ടു. അദ്ദേഹം കോഴിക്കോട്ടെ പ്രമുഖ ഫര്‍ണിച്ചര്‍ കച്ചവടക്കാരനും കോണ്‍ട്രാക്ടറുമായ ടി കെ പരീക്കുട്ടിഹാജിയുടെ മകനാണ്. ഞങ്ങളുടെ സൌഹൃദം കൂടുതല്‍ അടുപ്പത്തിലായി, ആത്മസുഹൃത്തുക്കളായി മാറി. ഞാന്‍ അദ്ദേഹത്തെ എന്റെ ഹോസ്റ്റലിലേക്ക് ക്ഷണിച്ചു. അദ്ദേഹം സമ്മതിച്ചു, പിന്നെ രണ്ടാളും ഒരു മുറിയിലായി.

ആ അധ്യയനവര്‍ഷം അവസാനം 1967 മാര്‍ച്ചില്‍ കേരളത്തില്‍ അസംബ്ളി തെരഞ്ഞെടുപ്പ് വന്നു. അതില്‍ സജീവമായി പങ്കെടുക്കേണ്ടിവന്നു. കോഴിക്കോട്ടായിരുന്നു എന്റെ പ്രവര്‍ത്തനകേന്ദ്രം. ഞാന്‍ കോഴിക്കോട് 2ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി സുബൈറിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് സപ്ത കക്ഷി മുന്നണി സ. ഇ എം എസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു.

ആ കൊല്ലം കഴിഞ്ഞ് ഞങ്ങള്‍ ബിഎല്‍ ക്ളാസിലെത്തി. ഈ അധ്യയന വര്‍ഷത്തോട്കൂടി ബിഎല്‍ കോഴ്സ് കേരളത്തില്‍ നിര്‍ത്തി എല്‍എല്‍ബി കോഴ്സ് ആരംഭിക്കാനായിരുന്നു തീരുമാനം. അതുകൊണ്ട് എഫ്എല്‍ ക്ളാസില്‍ അന്നെവരെ പഠിച്ച എല്ലാവര്‍ക്കും 20 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ വിജയിച്ചതായി കണക്കാക്കി ബിഎല്‍ ക്ളാസില്‍ ചേരാന്‍ അനുവദിച്ചു. അത് കാരണം മുമ്പ് എഫ്എല്‍ പരാജയപ്പെട്ട് മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന വയലാര്‍ രവിയും ഞങ്ങളുടെ ബിഎല്‍ ക്ളാസില്‍ വന്നുചേര്‍ന്നു. എ കെ ആന്റണിയും അക്കാലത്ത് എംഎല്‍ ഡിഗ്രി ഒന്നാം കൊല്ലം വിദ്യാര്‍ഥിയായി ലോ കോളേജില്‍ ഉണ്ടായിരുന്നു. എല്ലാംകൂടി കോളേജും ഹോസ്റ്റലും ഒരു രാഷ്ട്രീയ കേന്ദ്രം ആയിരുന്നു.

ആയിടക്ക് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സമ്മേളനം എറണാകുളത്ത്ചേര്‍ന്നു. ആ സമ്മേളനത്തില്‍ എനിക്ക് പ്രതിനിധി ആവാന്‍ കഴിയാത്തതിനാല്‍ വളന്റിയറായി അകത്ത് കടന്ന് എല്ലാ സ്ഥലത്തും സ്റ്റേജിലും പ്രവേശനം കിട്ടി. അങ്ങനെ ബിഎല്‍ ക്ളാസില്‍ പഠിക്കുന്നകാലത്തുതന്നെ കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് വന്നു. അന്ന് തിരുകിക്കയറ്റലും സമവായവും ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ മഞ്ചേരി മണ്ഡലത്തില്‍നിന്ന് കെപിസിസിയിലേക്ക് മത്സരിച്ചു. എതിര്‍സ്ഥാനാര്‍ഥി കോഴിക്കോട്ടുകാരന്‍ മാരിയപ്പന്‍ ആയിരുന്നു. മലപ്പുറം ജില്ലയില്‍നിന്ന് എന്നെ എതിര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അന്ന് ഗ്രൂപ്പ് വടംവലി കൊടുമ്പിരിക്കൊള്ളുന്ന കാലമാണ്. സി കെ ഗോവിന്ദന്‍നായര് ആയിരുന്നു ഒരു ഭാഗത്ത്. മറുഭാഗത്ത് പി ടി ചാക്കോ. ഞാന്‍ രണ്ടു ഗ്രൂപ്പിലുംപെട്ട ആളല്ല. എന്നാല്‍ എനിക്ക് മത്സരിക്കാനുള്ള ഉപദേശം തന്നതും സഹായിച്ചതും കൊളക്കാടന്‍ ഹുസ്സന്‍ എന്ന തൊഴിലാളി പ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ചാക്കോ വിഭാഗക്കാരനായിരുന്നു. മാത്രമല്ല, മൊയ്തുമൌലവി, ഉമ്മര്‍കോയ തുടങ്ങിയവരും ചാക്കോ വിഭാഗത്തില്‍പ്പെടുന്നു. അപ്പോള്‍ മറുഭാഗക്കാര് സ്വാഭാവികമായും ഞാനും അതില്‍പ്പെട്ടതാണെന്ന് കരുതി. അങ്ങനെയാണ് എതിര്‍പ്പിനുവേണ്ടി മാരിയപ്പനെ കൊണ്ടുവന്ന് നിര്‍ത്തിയത്. സി കെ ഗ്രൂപ്പുകാരായിരുന്നു പി വി ഷൌക്കത്തലി, ആര്യാടന്‍ മുഹമ്മത് എന്നിവര്‍. ഏതായാലും ഗ്രൂപ്പ്കളിയുടെ ഭാഗമായാണ് മാരിയപ്പന്‍ എതിര്‍ സ്ഥാനാര്‍ഥി ആയിവന്നത്. മത്സരം മൂത്ത് ഇരുഭാഗവും വോട്ടര്‍മാരെ കാണലും പ്രവര്‍ത്തനവും ജോറാക്കി. ഒടുവില്‍ പോളിങ്ങിന്റെ തലേ ദിവസം മാരിയപ്പന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ധൈര്യസമേതം പിന്‍വാങ്ങി. അങ്ങനെ ഞാന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി കോണ്‍ഗ്രസിന്റെ സംസ്ഥാനക്കമ്മിറ്റി അംഗമായി, കെപിസിസി മെമ്പര്‍. അന്ന് ഞാന്‍ ലോ കോളേജിലെ ബിഎല്‍ ക്ളാസ് വിദ്യാര്‍ഥിയായിരുന്നു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 05 ജനുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉദ്യോഗത്തില്‍ പ്രവേശിച്ച അന്നുമുതല്‍ ഞാന്‍ എന്റെ ലക്ഷ്യത്തിലെത്താനുള്ള ഗാഢമായ ആലോചനയും തുടങ്ങിയിരുന്നു. എങ്ങനെയെങ്കിലും പ്രൈവറ്റായി ഡിഗ്രിക്ക് പഠിക്കണം. അതാണ് ആലോചന. പല അന്വേഷണവും നടത്തി. പല സ്ഥാപനങ്ങളുമായി എഴുത്തുകുത്തും നടത്തി. കേരളത്തില്‍ അത് തീരെ അനുവദിച്ചിരുന്നില്ല. മറ്റ് സ്റ്റേറ്റുകളില്‍ അതാത് സ്റ്റേറ്റുകാര്‍ക്കുമാത്രം. ചില സ്റ്റേറ്റില്‍ വിദൂര വിദ്യാഭ്യാസം സ്ത്രീകള്‍ക്കുമാത്രം. ആകപ്പാടെ എന്റെ ലക്ഷ്യത്തിലെത്താന്‍ ഒരു വഴിയും കാണുന്നില്ല. ഞാന്‍ നിരാശനായി.

ടി.കെ.ഹംസയുടെ ആത്മകഥ തുടരുന്നു.