Sunday, February 27, 2011

ആകാശക്കുപ്പ കുമിഞ്ഞുകൂടുന്നു

അരിയും തിന്ന് ആരെയൊ കടിക്കുകയും ചെയ്ത് പിന്നെയും നായ മുന്നോട്ട് എന്ന ചൊല്ലുപോലെ നാം മണ്ണും വെള്ളവും വായുവും മുഴുവനായും മലിനമാക്കിയിട്ടും പോരാതെ ആകാശവും ബഹിരാകാശംപോലും കുപ്പകൊണ്ട് നിറയ്ക്കാന്‍ തുടങ്ങിയിയിരിക്കുന്നു. സൂര്യചന്ദ്രന്‍മാരെയൊ നക്ഷത്രങ്ങളെയൊ മേഘമില്ലാത്ത നേരത്തുപോലും നേരെ ചൊവ്വെ കാണാന്‍ കഴിയാത്ത സ്ഥിതി ഏറെ ദൂരെ അല്ല. അടുത്ത പടിയൊ? ഗ്രഹണം സദാസമയവും എന്ന കഷ്ടസ്ഥിതി!

ആയിരത്തിലേറെ 'സജീവ' ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ബഹിരാകാശത്തുണ്ട്. 'മരിച്ച' ഉപഗ്രഹങ്ങളൊ അവയോളം വലുപ്പമുള്ള റോക്കറ്റുകളൊ ആയി 22,000 വേറെയും ഉണ്ട്. ഇവയ്ക്കു പുറമെ പൊട്ടും പൊളിയും എത്രയെന്ന് കണക്കില്ല.

അറുപത്തിരണ്ടോളം നാടുകള്‍ക്കാണ് ഇപ്പോള്‍ സ്വന്തമായി ഉപഗ്രഹങ്ങള്‍ ഉള്ളത്. ഇവയില്‍ ഭൂരിഭാഗം നാടുകളും ഈ ആസ്തി ഉണ്ടാക്കിയത് അന്യനാടുകള്‍ക്കു പണം നല്‍കി തങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ വിക്ഷേപിപ്പിച്ചാണ്. ഉപഗ്രഹവിക്ഷേപണശേഷിയുള്ള നാടുകള്‍ വിരലില്‍ എണ്ണാവുന്നവയേ ഇപ്പോഴും ഉള്ളൂ. അവയില്‍ ഒന്നാണ് നമ്മുടെ നാടും.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം ഈ രംഗത്തെ കുത്തകക്കാര്‍ അമേരിക്കയാണ്. അന്യനാടുകള്‍ ഉപഗ്രഹവിക്ഷേപണസമാര്‍ത്ഥ്യം വികസിപ്പിച്ചതോടെ ഇവരുടെ കച്ചവടത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വേദിയിലെ ഇപ്പോഴത്തെ പ്രധാന എതിരാളി ചൈനയാണ്. ഉപഗ്രവിക്ഷേപണത്തിലെന്നല്ല ഉപഗ്രഹവേധനത്തിലും അവര്‍ ഒപ്പമുണ്ടെന്നതാണ് അമേരിക്കയുടെ തലവേദന. 2007-ല്‍ അവര്‍ അവരുടെതന്നെ ഉപയോഗശൂന്യമായ ഒരു കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹത്തെ മിസ്സൈല്‍ ഉപയോഗിച്ച് നശിപ്പിക്കുകയുണ്ടായി. അത് നൂറായിരം ചെറു തുണ്ടുകളായി ചിതറി ബഹിരാകാശത്ത് ഒരു വലിയ പ്രദേശം മുഴുക്കെ അപായമേഖലയാക്കിയിരിക്കുന്നു.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയും തങ്ങളുടെ ഒരു ഉപഗ്രഹത്തെ മിസ്സൈല്‍ വിട്ട് നശിപ്പിക്കുകയുണ്ടായി. അതിനുള്ള കഴിവ് വികസിപ്പിക്കാനെന്നതിലേറെ ഈ ചെയ്തി ഒരു വലിയ ദുരന്തം ഒഴിവാക്കാന്‍കൂടി ആയിരുന്നു. കാരണം, ഭൂമിയില്‍നിന്ന് വളരെ ഉയരെയല്ലാതെ കറങ്ങിയ ആ ഉപഗ്രഹത്തില്‍ വലിയ അളവില്‍ ഹൈഡ്രാസിന്‍ എന്ന മാരക ഇന്ധനം ഉണ്ടായിരുന്നു. ഉപഗ്രഹമാകട്ടെ, പ്രവര്‍ത്തനരഹിതമാകയും ചെയ്തു. കത്തി ഭൂമിയിലേയ്ക്കു വീണാല്‍ വന്‍ദുരന്തം ഉറപ്പ്. അതിനാലതിനെ ബഹിരാകാശത്തു വെച്ച് ഛിന്നഭിന്നമാക്കുകയേ വഴി ഉണ്ടായിരുന്നുള്ളു. ഏറെ ഉയരെ അല്ലാത്തതിനാല്‍ തുണ്ടുകളെല്ലാം ക്രമേണ താഴേയ്ക്കു വന്ന് വായുമണ്ഡലവുമായി ഉരസി കത്തിപ്പോയി. ഇതേപോലൊരു ഓപ്പറേഷന്‍ ചൈനയും 2010-ല്‍ നടത്തി. ഇതും തങ്ങള്‍ക്കു സാധിക്കുമെന്നു കാണിക്കുകകൂടി ലക്ഷ്യമായിരുന്നിരിക്കാം.

ആയുധപ്പന്തയം അവസാനിച്ചു, ലോകം ഏകധ്രുവമായി, എന്ന ധാരണ ശരിയല്ലന്നാണ് ചൈനയുടെ മിസ്സൈല്‍ ശേഷി തെളിയിക്കുന്നത്. ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ബഹിരാകാശത്ത് മുന്‍കൂട്ടി നിക്ഷേപിച്ച ആയുധങ്ങള്‍ വര്‍ഷിച്ചുകൊണ്ടാകുമെന്നതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. അതിനാല്‍ മനുഷ്യരാശിയെ സ്‌നേഹമുള്ളവര്‍ ബഹിരാകാശത്തിന്റെ ദുരുപയോഗത്തിനെതിരെ ശക്തമായ രക്ഷാനിര കെട്ടിയുയര്‍ത്തേണ്ടിയിരിക്കുന്നു.

ബഹിരാകാശദുരുപയോഗം ഇന്നത്തെ നിരക്കില്‍ ഏതാനും വര്‍ഷംകൂടി ചെല്ലുമ്പോഴേയ്ക്ക് സാധാരണ വിമാനങ്ങള്‍ക്കുപോലും ആകാശത്ത് പറക്കാന്‍ വയ്യാതാവും. മുകളില്‍നിന്ന് 'കൃത്രിമ' ഉല്‍ക്കകള്‍ അത്രയേറെ വീണുകൊണ്ടിരിക്കും. ഒരു ഗ്രാം വലിപ്പമുള്ള ഒരു ലോഹത്തുണ്ട് വന്നിടിച്ചാല്‍ മതി ഒരു സൂപ്പര്‍കോണ്‍സ്റ്റലേഷന്‍ വിമാനം തീപ്പിടിച്ച് തകരാന്‍.

ഇതിലേറെ ആപല്‍ക്കരമാവും മനുഷ്യരുടെ സ്‌പേസിലേയ്ക്കുള്ള പോക്കും വരവും. എത്ര ഉയരെയും ചപ്പുചവറുകള്‍ ഉണ്ടാകുമെന്നതിനാല്‍ ഏതുപഗ്രഹത്തിനും അതിനെ പ്രതിഷ്ഠിക്കാന്‍ ഉപയോഗിക്കുന്ന ഏതു വാഹനത്തിനും കൂട്ടിയിടിയിലൂടെ അപായം സംഭവിക്കാം.

സ്‌പെയ്‌സില്‍ ഇരുന്ന് 'വികൃതി' കാണിക്കാന്‍ എളുപ്പമാണെന്ന വസ്തുതയും യുദ്ധകാലസുരക്ഷയുടെ പ്രശ്‌നമാണ്. താഴെ ഭൂമിയിലെ വാര്‍ത്താവിനിമയത്തെ മൊത്തമായി താറുമാറാക്കാന്‍ ഒരു പ്രയാസവുമില്ല. അതു ചെയ്യുന്ന ഉപഗ്രഹത്തിന് വിദൂരനിയന്ത്രണസൗകര്യം ഉപയോഗിച്ച് പ്രവചനാതീതരീതിയില്‍ സ്ഥാനചലനം വരുത്തിക്കൊണ്ടിരുന്നാല്‍ അതിനെ ലക്ഷ്യമാക്കി നശിപ്പിക്കുക എളുപ്പമല്ലാതെയുമാകും. ഭൂമിയില്‍നിന്ന് തൊടുത്തു വിടുന്ന ഏത് ആയുധത്തെയും 'മുകളിലിരിക്കുന്നവര്‍'ക്ക് നേരത്തെക്കൂട്ടി കാണാനും കൂടുതല്‍ എളുപ്പത്തില്‍ നശിപ്പിക്കാനും കഴവുണ്ടായിരിക്കുമല്ലോ.

ഹൈഡ്രേസിപോലുള്ള ബഹിരാകാശ ഇന്ധനങ്ങള്‍ ഉപയോഗിച്ചുണ്ടാകുന്ന ശേഷിപ്പുകള്‍ അത് ഉപയോഗിക്കാതെ താഴേയ്ക്കു വന്നാലുള്ളത്രതന്നെ ആപല്‍ക്കാരികളാണ്. ഭൂമിയെ വലംവെയ്ക്കുന്ന എല്ലാ കൃത്രിമ നിര്‍മ്മിതികളും സാമഗ്രികളും, അത് ഒരു വലിയ സ്‌പേസ് സ്‌റ്റേഷന്‍ ആയാലും കൊള്ളാം, വെറുമൊരു വാതക അണു ആയാലും കൊള്ളാം, അവസാനം ഭൂമിയിലേയ്ക്ക് കറങ്ങിത്താഴുമെന്നു തീര്‍ച്ചയാണ്. ആ വീഴ്ചയില്‍ കത്തിക്കരിയുകയോ പൊട്ടിച്ചിതറുകയോ രാസമാറ്റത്തിന് വിധേയമാകുകയോ ചെയ്യും. മഹാമാരണങ്ങള്‍ എല്ലാതും അവസാനം നമുക്കുള്ളതുതന്നെ!

ബഹിരാകാശത്ത് ഇപ്പോഴുള്ള അഴുക്കുപോലും വിമാനങ്ങള്‍ക്ക് രണ്ടു വിധത്തില്‍ അപകടകാരിയാണ്. ചെറുതൊ വലുതൊ ആയ തുണ്ടുകളുമായുള്ള കൂട്ടിയിടി ഒന്ന്. വിമാനങ്ങള്‍ ദിശ അറിയാനും പറക്കല്‍പ്പാത നിശ്ചയിക്കാനും ഉപാധികളാക്കുന്ന ഉപഗ്രഹങ്ങളുമായുള്ള ബന്ധത്തില്‍ ഇടയിലെ അഴുക്കുകള്‍ കാരണം സംഭവിക്കുന്ന 'ഗ്രഹണം' വരുത്തിയേയ്ക്കാവുന്ന അപായം. സംഭവിക്കുന്നതെന്താണെന്നറിയും മുമ്പ് ദുരന്തം നടന്നുകഴിയും.

വിനോദസഞ്ചാര വ്യവസായികള്‍ ബഹിരാകാശടൂറിസത്തിന് വന്‍സാധ്യതയാണ് കാണുന്നത്. 'കൈയില്‍ കാശുണ്ടായിട്ടെന്തിനാ, അവിെടയൊന്നു പോയി വന്നില്ലെങ്കില്‍!' എന്ന പാട്ടിന്റെ ശൈലിയില്‍ പരസ്യം വന്നു തുടങ്ങി. എവറസ്റ്റ് കൊടുമുടിയിലായാലും സഹാറയിലായാലും ടൂറിസത്തിന്റെ നീക്കിബാക്കി മലിനീകരണമാണല്ലോ. 'ഫോറിന്‍ റിട്ടേണ്‍ഡ്' എന്ന മേനി ഇപ്പോള്‍ സര്‍വ്വസാധാരണമായി, ഇനി 'സ്‌െപയ്‌സ് റിട്ടേണ്‍ഡ്' എന്ന മഹാമേനി!

'ഈ നാടിന്റെ മുകളിലൂടെ അന്യനാട്ടുകാര്‍ പറക്കരുത്' എന്നു പറയാന്‍ എല്ലാ നാടുകള്‍ക്കും അവകാശമുണ്ട്. പക്ഷേ, അങ്ങനെ പറക്കുന്നവരെ നേരിടാന്‍ വിമാനസേന ഇല്ലെങ്കില്‍ ഈ പറയുന്നത് ആര്‍ അനുസരിക്കാന്‍! അതേപോലെ, ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ ബഹിരാകാശത്തും ആരും പറക്കരുതെന്നു പറയാനും വേണം, ധിക്കരിക്കുന്നവരെ നേരിടാന്‍ മതിയായ മിസൈല്‍ സാങ്കേതികശേഷി. അതുള്ളവര്‍ അത് ലോകത്ത് ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം. കുത്തകയാണല്ലൊ ലാഭത്തിന്റെ ആധാരം.
ബഹിരാകാശ മലിനീകരണത്തിനെതിരായ അന്താരാഷ്ട്രമുേന്നറ്റത്തില്‍ അണിചേരാന്‍ നമ്മുടെ നാടും നാട്ടുകാരും തയ്യാറായേ തീരൂ. കര പച്ചയും ആകാശം നീലയുമായി തുടരട്ടെ.

*
സി രാധാകൃഷ്ണന്‍ കടപ്പാട്: ജനയുഗം ദിനപത്രം 27 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അരിയും തിന്ന് ആരെയൊ കടിക്കുകയും ചെയ്ത് പിന്നെയും നായ മുന്നോട്ട് എന്ന ചൊല്ലുപോലെ നാം മണ്ണും വെള്ളവും വായുവും മുഴുവനായും മലിനമാക്കിയിട്ടും പോരാതെ ആകാശവും ബഹിരാകാശംപോലും കുപ്പകൊണ്ട് നിറയ്ക്കാന്‍ തുടങ്ങിയിയിരിക്കുന്നു. സൂര്യചന്ദ്രന്‍മാരെയൊ നക്ഷത്രങ്ങളെയൊ മേഘമില്ലാത്ത നേരത്തുപോലും നേരെ ചൊവ്വെ കാണാന്‍ കഴിയാത്ത സ്ഥിതി ഏറെ ദൂരെ അല്ല. അടുത്ത പടിയൊ? ഗ്രഹണം സദാസമയവും എന്ന കഷ്ടസ്ഥിതി!