Wednesday, February 23, 2011

സംഘശക്തി വിളിച്ചറിയിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച്

സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി മാര്‍ച്ചിന് ഡല്‍ഹി നഗരം ഇന്ന് സാക്ഷിയാകുകയാണ്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷ കണക്കിന് തൊഴിലാളികള്‍ ഡല്‍ഹി നഗരത്തില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ച് ആരംഭിക്കുന്ന രാംലീല മൈതാനത്ത് സജ്ജമാക്കിയിരിക്കുന്ന എ ഐ ടി യു സി ക്യാമ്പില്‍ രണ്ട് ദിവസം മുമ്പേ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ബീഹാറിലെ ഗ്രാമീണ തൊഴിലാളി മേഖലയില്‍നിന്ന് ആളുകള്‍ എത്തിത്തുടങ്ങിയതോടെ ക്യാമ്പ് ഏതാണ്ട് നിറഞ്ഞ് കവിഞ്ഞ സ്ഥിതിയായി.

2009 ജൂലൈ 14ന് ഇന്ത്യയിലെ മുഖ്യധാരാ തൊഴിലാളി സംഘടനാ നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്ന് അഞ്ച് മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആരംഭിക്കുന്ന യോജിച്ച പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. ദേശവ്യാപകമായി നടന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലും മാര്‍ച്ച് അഞ്ചിന് നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിലും വമ്പിച്ച തൊഴിലാളി പങ്കാളിത്തമാണ് ഉണ്ടായത്.

2010 സെപ്റ്റംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്ക് സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു. ദേശീയ സമ്പദ്ഘടനയുടെ വിവിധ ശാഖകളില്‍ വ്യത്യസ്ഥ പ്രതികരണങ്ങള്‍ പണിമുടക്ക് സൃഷ്ടിച്ചു. ഓയില്‍ കമ്പനികളുടെ പണിമുടക്ക് എണ്ണ വിതരണത്തെ ബാധിച്ചപ്പോള്‍ ഇന്ത്യയിലെ വിമാന സര്‍വ്വീസുകള്‍ ആദ്യമായി താറുമാറായി. മഹാനഗരമായ മൂംൈബയില്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സെപ്റ്റംബര്‍ ഏഴിലെ പണിമുടക്ക് ശ്രദ്ധിക്കെപ്പട്ടു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഗതാഗത മേഖലയിലെ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു. ആന്ധ്ര, തമിഴ്‌നാട്, ബംഗാള്‍, കേരളം, ത്രിപുര, ആസ്സാം, ഗോവ എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണ്ണമായിരുന്നു.

ബീഹാറിലെ ഗ്രാമീണ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നപ്പോള്‍ ജനജീവിതം നിശ്ചലമായി. ബാങ്ക്, ഇന്‍ഷുറന്‍സ്, ഡിഫന്‍സ്, ഖനികള്‍, പെട്രോളിയം, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളിലെ പണിമുടക്കം വമ്പിച്ച വിജയമായിരുന്നു. തുറമുഖങ്ങളില്‍ ഒന്നും കയറ്റിറക്ക് നടന്നില്ല. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. പണിമുടക്കില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പങ്കാളിത്തം ആവേശകരമായിരുന്നു. അംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കേഴ്‌സ് തുടങ്ങി ലക്ഷകണക്കായ സ്ത്രീകളും പണിമുടക്കില്‍ പങ്കുചേര്‍ന്നു.

സെപ്റ്റംബര്‍ ഏഴിലെ വിജയകരമായ പണിമുടക്കിന് ശേഷവും ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാനോ പിന്തുടരുന്ന നയങ്ങളില്‍ മാറ്റം വരുത്താനോ ഗവണ്‍മെന്റ് തയ്യാറായില്ല. ഭരണകൂടത്തിന്റെ പിന്തുണയോടെ തൊഴിലാളികള്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ മൂലധന ശക്തികള്‍ പരിശ്രമം തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ക്രൂരമായ ചൂഷണമാണ് ഇന്ന് പലമേഖലകളിലും നിലനില്‍ക്കുന്നത്. സ്വന്തം തൊഴിലാളി എന്ന സങ്കല്‍പ്പത്തിന്തന്നെ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. പല വ്യവസായങ്ങൡലും സ്വന്തം തൊഴിലാളികളെക്കാള്‍ കരാര്‍ തൊഴിലാളികളുടെ അംഗസംഖ്യ വര്‍ധിച്ചു. പലരെയും ദിവസ വേതനക്കാരായി വര്‍ഷങ്ങളായി നിലനിര്‍ത്തുകയാണ്. തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ത്തും നിയമങ്ങള്‍ നടപ്പാക്കുന്നതിന് വൈമുഖ്യം കാണിച്ചും തൊഴിലെടുക്കുന്നവെന്റ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകയാണ്. പ്രോവിഡന്റ് ഫണ്ട്, ഇ എസ് ഐ ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ സുരക്ഷയും ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും നിഷേധിക്കുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം എന്ന ആവശ്യം തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തികാട്ടുന്നത്.

ലോകത്താകെ സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോഴും നമ്മുടെ സമ്പദ്ഘടന തകര്‍ച്ചയെ അതിജീവിച്ചത് ശക്തമായ പൊതുമേഖലാ സാന്നിദ്ധ്യമായിരുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളില്‍പോലും തകര്‍ച്ചയില്‍നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഉപയോഗിച്ച പണം പിന്നീട് സര്‍ക്കാര്‍ ഓഹരികളാക്കി മാറ്റി. എന്നാല്‍ ഇന്ത്യയില്‍ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് ബജറ്റ് കമ്മി നികത്താനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ബജറ്റില്‍ മാത്രം 40000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ കണ്ടെത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ 51 ശതമാനമാക്കി നിജപ്പെടുത്തും എന്ന പ്രഖ്യാപനം കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള വഴിതേടലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറയുന്നതും അര്‍ഥശൂന്യമാണ്. ജനസംഖ്യയുടെ 0.07 ശതമാനം മാത്രം ഓഹരി വിപണിയെ ആശ്രയിക്കുന്ന രാജ്യത്ത് വിറ്റഴിക്കുന്ന ഓഹരികള്‍ ഏത് ജനവിഭാഗത്തിന്റെ കൈകളിലാണ് എത്തുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിദേശ ഇന്ത്യന്‍ കുത്തകകള്‍ക്കുവേണ്ടി നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാതിലുകള്‍ തുറന്നിട്ടുകൊടുക്കുന്നത് തൊഴിലാളി സംഘടനകള്‍ ശക്തമായി എതിര്‍ക്കുകയാണ്.

ആഗോളീകരണ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതുമുതല്‍ അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷ വന്‍പ്രതിസന്ധിയിലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഗ്രാമീണ തൊഴിലാളികളുടെയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ അതില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തം ആനിവാര്യമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായേത്താടുകൂടി സമഗ്രമായൊരു സാമൂഹിക സുരക്ഷാ നിയമം നടപ്പിലാക്കണമെന്നാണ് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് രാജ്യവ്യാപകമായി നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു.

സെപ്റ്റംബര്‍ ഏഴിലെ പണിമുടക്കിന് ശേഷവും ഗവണ്‍മെന്റ് നിലപാടില്‍ മാറ്റമില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒക്‌ടോബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ചേര്‍ന്ന ട്രഡ് യൂണിയന്‍ നേതാക്കളുടെ യോഗം ലക്ഷകണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് ഉത്ഘാടനം ചെയ്തുകൊണ്ട് നവംബര്‍ 24ന് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ വ്യവസായിക വികസനത്തിനും തൊഴില്‍ മേഖലയുടെ വികാസത്തിനും തടസ്സമായി നില്‍ക്കുന്നത് ഇന്ത്യയിലെ കര്‍ശനമായ തൊഴില്‍നിയമങ്ങളാെണന്ന പരാമര്‍ശം ഏറെ ആശങ്കയുയര്‍ത്തുന്നു. വ്യവസായികള്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ അയവേറിയ തൊഴില്‍ നിയമങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ട്രേഡ് യൂണിയന്‍ രഹിത സോണുകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തില്‍ തൊഴിലാളി യൂണിയനുകളാണ് വികസനത്തിന് തടസ്സം നില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം ഈ അഭിപ്രായങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്. കോര്‍പ്പറേറ്റുകളുടെ അതേ ഭാഷയിലാണ് പ്രധാനമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണെന്നും തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ലേബര്‍ കോണ്‍ഫ്രസിന്റെ അവസാനം തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന ശുപാര്‍ശ ഗവണ്‍മെന്റിന് സമര്‍പ്പിക്കാനും തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാണ് ചെറുത്തു നില്‍പ്പിന്റെ പുതിയ തലങ്ങള്‍ ഉയര്‍ന്നു വന്നത്.

2000 പിറന്നത് നവലിബറല്‍ നയങ്ങള്‍ക്കെതിരായ ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുമായാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി, ബ്രിട്ടണ്‍, ഗ്രീസ്, ഇറ്റലി, എന്നിവിടങ്ങളില്‍ നടന്ന വമ്പിച്ച തൊഴിലാളി സമരങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. 2010 ഡിസംബറില്‍ ട്യുണീഷ്യയില്‍ ആരംഭിച്ച തൊഴിലാളികളുടെയും തൊഴില്‍ രഹിതരുടെയും പ്രക്ഷോഭം ഇന്ന് അറബ് രാജ്യങ്ങളിലേയ്ക്ക്കൂടി വ്യപിച്ചിരിക്കുകയാണ്. ജോര്‍ദ്ദാന്‍, യെമന്‍, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ചെറുത്തുനില്‍പ്പുകള്‍ വലിയ ജനകീയ പ്രക്ഷോഭങ്ങളായി രൂപാന്തരപെടുകയാണ്. ജനങ്ങളുടെ പ്രതിഷേധം, തൊഴിലാളികളുടെ സമരം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ഇവയെല്ലാം ലോകത്താകെ വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യത്തെയും അവരുടെ യോജിച്ച പ്രക്ഷോഭത്തെയും നാം വിലയിരുത്തേണ്ടത്.

*
കാനംരാജേന്ദ്രന്‍ കടപ്പാട്: ജനയുഗം ദിനപത്രം 23 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി മാര്‍ച്ചിന് ഡല്‍ഹി നഗരം ഇന്ന് സാക്ഷിയാകുകയാണ്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലക്ഷ കണക്കിന് തൊഴിലാളികള്‍ ഡല്‍ഹി നഗരത്തില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ച് ആരംഭിക്കുന്ന രാംലീല മൈതാനത്ത് സജ്ജമാക്കിയിരിക്കുന്ന എ ഐ ടി യു സി ക്യാമ്പില്‍ രണ്ട് ദിവസം മുമ്പേ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ബീഹാറിലെ ഗ്രാമീണ തൊഴിലാളി മേഖലയില്‍നിന്ന് ആളുകള്‍ എത്തിത്തുടങ്ങിയതോടെ ക്യാമ്പ് ഏതാണ്ട് നിറഞ്ഞ് കവിഞ്ഞ സ്ഥിതിയായി.