Sunday, February 6, 2011

ഏകാധിപതികള്‍ വീഴുമ്പോള്‍

ഈജിപ്ത് ജനകീയപ്രക്ഷോഭം യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാക്കിയത് ഹൊസ്നി മുബാറക്കിനെയല്ല, അമേരിക്കയെ തന്നെയാണ്. ഇസ്രയേല്‍ കഴിഞ്ഞാല്‍ അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം ലഭിച്ചുവരുന്ന രാജ്യം ഈജിപ്താണ്. ഒബാമ നേരിട്ടുപോലും മുബാറക്കിനെ പ്രോത്സാഹിപ്പിച്ചു. മുസ്ളിംരാജ്യങ്ങളുമായി തന്റെ അനുരഞ്ജനത്തിനു തുടക്കം കുറിക്കാനുള്ള വേദിയായി ഒബാമ തെരഞ്ഞെടുത്തത് കെയ്റോയാണ്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒബാമയോട് ആരാഞ്ഞു: താങ്കള്‍ മുബാറക്കിന്റെ ഏകാധിപത്യവാഴ്ചയെ പിന്താങ്ങുകയാണോ? ഇതിന് ഒബാമ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

" ഇത്തരം മുദ്രകുത്തലുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മുബാറക് നല്ല മനുഷ്യനാണ്. അദ്ദേഹം ധാരാളം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം മേഖലയില്‍ സ്ഥിരത കാത്തുസൂക്ഷിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ ഇനിയും പിന്തുണയ്ക്കും. അദ്ദേഹം നല്ല സുഹൃത്താണ്'' -സ്വന്തം ജനത വെറുക്കുന്ന ഏകാധിപതിയെ ഒബാമ ഇത്തരത്തിലാണ് വാഴ്ത്തിയത്.

കഴിഞ്ഞദിവസങ്ങളില്‍ കെയ്റോയിലെ തഹ്രിര്‍ ചത്വരത്തില്‍ ജനസഞ്ചയത്തിനുമീതെ വട്ടമിട്ടു പറന്ന യുദ്ധവിമാനങ്ങള്‍ അമേരിക്ക നല്‍കിയവയാണ്. സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും മുബാറക്ഭരണകൂടത്തെ നിര്‍ലോഭം സഹായിച്ചുവരികയായിരുന്നു അമേരിക്കന്‍സാമ്രാജ്യത്വം. ഇതിനുള്ള പ്രതിഫലം അമേരിക്കയ്ക്കും കൂട്ടാളിയായ ഇസ്രയേലിനും പതിന്മടങ്ങായി ലഭിച്ചുവന്നു. കുറഞ്ഞ വിലയില്‍ എണ്ണയായും നയതന്ത്രപിന്തുണയായും പലസ്തീനെയും ലബനനെയും ആക്രമിക്കുന്നതിനു നല്‍കിയ പിന്തുണയായും മറ്റും. എന്നാല്‍, സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും വാനോളം പുകഴ്ത്തുന്ന അമേരിക്കയും അവരുടെ പാവഭരണാധികാരിയായ മുബാറക്കും ചേര്‍ന്ന് ഈജിപ്ത് ജനതയ്ക്ക് ജീവിതം തന്നെ നിഷേധിച്ചു. ഈജിപ്തില്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ 0.1 ശതമാനം സമ്പന്നര്‍ക്കു മാത്രമാണ് ഗുണംചെയ്തത്. ഇവര്‍ സമ്പത്ത് കുന്നുകൂട്ടിയപ്പോള്‍ മഹാഭൂരിപക്ഷം ദരിദ്രരായി. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി.

അയല്‍രാജ്യമായ ടുണീഷ്യയില്‍ തൊഴില്‍രഹിതനായ ബിരുദധാരിയുടെ ആത്മാഹൂതിയാണ് ജനകീയവിപ്ളവത്തിനു തിരികൊളുത്തിയത്. ഇതില്‍നിന്ന് ഈജിപ്തും ആവേശം ഉള്‍ക്കൊണ്ടു. തുടര്‍ന്ന് യമന്‍, ജോര്‍ദാന്‍, അള്‍ജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഏകാധിപത്യഭരണങ്ങള്‍ക്കെതിരെ ജനകീയപ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. അറബ് ജനതയുടെ രോഷത്തിന് വേറെയും കാരണങ്ങളുണ്ട്. ഇസ്രയേല്‍ കയ്യേറിയ പ്രദേശങ്ങള്‍ തിരിച്ചുനല്‍കിയാല്‍ അവരുമായി പൂര്‍ണസമാധാന കരാറിലെത്താമെന്ന് 1971ല്‍ അന്നത്തെ ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദത്ത് വാഗ്ദാനം നല്‍കിയിരുന്നു. ഇസ്രയേല്‍ ഈ വാഗ്ദാനം തള്ളി. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹെന്‍ട്രി കിസിഞ്ചര്‍ ഇസ്രയേലിനെ പിന്തുണച്ചു. ഇതേത്തുടര്‍ന്ന് ഈജിപ്തിലെ സീനായി മേഖലയില്‍ ഇസ്രയേല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍, 1973ലെ യുദ്ധം ഈജിപ്തിന്റെ ശക്തി വിളംബരം ചെയ്തു. 1971ല്‍ നിരാകരിച്ച വാഗ്ദാനം 1979ല്‍ ഇസ്രയേല്‍ അംഗീകരിച്ചു. സമാധാനകരാറിന് പ്രതിഫലമായി സീനായി മേഖലയില്‍നിന്ന് അവര്‍ പിന്‍വാങ്ങി. എന്നാല്‍, ഇതിന് മറ്റൊരു ഉറപ്പുകൂടി ഇസ്രയേല്‍ വാങ്ങി. മേഖലയില്‍ ഈജിപ്ത് നിഷ്ക്രിയത്വം പാലിക്കണം. ഏറ്റുമുട്ടലുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഇത്തരത്തില്‍ നേടിയ ഉറപ്പിന്റെ ബലത്തിലാണ് മേഖലയില്‍ ഇസ്രയേല്‍ സൈനികവിളയാട്ടം നടത്തുന്നത്.

ലബനനും പലസ്തീനും ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ ഈജിപ്തിന് ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. ഗാസഉപരോധത്തിനു കൂട്ടുനില്‍ക്കേണ്ടിയും വന്നു. ഈജിപ്ത് ഭരണകൂടത്തിന്റെ മാപ്പര്‍ഹിക്കാത്ത ഈ പിഴവില്‍ ജനങ്ങളുടെ ചങ്ക് പിടയുകയായിരുന്നു. അറബ് മേഖലയുടെ സുസ്ഥിരതയ്ക്ക് ഭീഷണിയായി അമേരിക്കയും ഇസ്രയേലും ചൂണ്ടിക്കാട്ടുന്നത് ഇറാനെയാണ്. എന്നാല്‍, വാഷിങ്ടണ്‍ കേന്ദ്രമായ ബ്രൂക്കിങ് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ സര്‍വേയില്‍ ലഭിച്ച വിവരങ്ങള്‍ മറിച്ചുള്ള ചിത്രമാണ് നല്‍കുന്നത്. അറബ് ജനതയില്‍ 88 ശതമാനവും ഇസ്രയേലിനെയാണ് ഭീഷണിയായി കാണുന്നത്. അമേരിക്കയെ 77 ശതമാനം പേരും. 10 ശതമാനം ആളുകള്‍ മാത്രമാണ് ഇറാനെ ഭയക്കുന്നത്. അറബ് മേഖലയില്‍ ഇപ്പോള്‍ ഏറ്റവും ആദരണീയനായ നേതാവ് തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എര്‍ദോഗനാണ്. ഒബാമയുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്ന ചുരുക്കം ആളുകളേ ഇവിടെയുള്ളൂ. വിക്കിലീക്സ് വെളിപ്പെടുത്തലുകളും അറബ്രോഷം കത്തിപ്പടരാന്‍ ഇടയാക്കി. ഇറാനെതിരെ അമേരിക്ക സ്വീകരിക്കുന്ന നടപടികള്‍ക്ക് അറബ്നയതന്ത്രജ്ഞരുടെ പിന്തുണയുണ്ടെന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കിയത്.

മുബാറക്കിനെ ശക്തമായി പിന്തുണയ്ക്കുന്ന മറ്റൊരു കൂട്ടര്‍ സൌദി അറേബ്യയാണ്. ഇറാനെ നേരിടാനെന്ന പേരില്‍ അമേരിക്ക ഈയിടെ സൌദി അറേബ്യക്ക് 6000 കോടി ഡോളറിന്റെ യുദ്ധസാമഗ്രികളാണ് നല്‍കിയത്. ആധുനിക യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും കവചിതവാഹനങ്ങളും ഉള്‍പ്പടെ. അവര്‍ അമേരിക്കയുടെ കുത്സിതപ്രവൃത്തികളെയാണ് ഭയക്കുന്നത്. അറബ് ഏകാധിപതികള്‍ അമേരിക്കയെ പിന്താങ്ങുമ്പോള്‍ അറബ് ജനത അമേരിക്കയുടെ കുതന്ത്രങ്ങളെ വെറുക്കുന്നു. സ്വന്തം ജനതയുടെ വികാരം മാനിക്കാന്‍ തയ്യാറാകാത്ത അറബ് ഏകാധിപതികളാണ് പതനത്തിലേക്കു നീങ്ങുന്നത്.

അമേരിക്കന്‍ഭരണം നിയന്ത്രിക്കുന്ന സൈനികവ്യവസായ ശൃംഖലയുടെ ലാഭക്കൊതിക്ക് കൂട്ടുനില്‍ക്കുന്ന അറബ് ഭരണാധികാരികളുടെ നാളുകള്‍ എണ്ണപ്പെട്ടെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. അറബ്രാജ്യങ്ങളെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങളെ കൂട്ടിയിണക്കുന്ന മറ്റൊരു കണ്ണിയുണ്ട്- അല്‍ ജസീറ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഉപഗ്രഹചാനലാണ് അറബ്പ്രക്ഷോഭം അതിവേഗം വ്യാപിക്കാന്‍ വഴിയൊരുക്കിയത്. അറബ്ജനത അനുഭവിക്കുന്ന ദുരിതങ്ങളുടെ അടിസ്ഥാനകാരണം ഒന്നാണെന്നും പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം പോരാട്ടമാണെന്നും തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കിയത് അല്‍ ജസീറയാണ്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് തന്റേടമുണ്ടെങ്കില്‍ ജനപക്ഷത്തുനില്‍ക്കാന്‍ കഴിയുമെന്നും അല്‍ ജസീറ തെളിയിച്ചു.

*
സാജന്‍ എവുജിന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ഭരണം നിയന്ത്രിക്കുന്ന സൈനികവ്യവസായ ശൃംഖലയുടെ ലാഭക്കൊതിക്ക് കൂട്ടുനില്‍ക്കുന്ന അറബ് ഭരണാധികാരികളുടെ നാളുകള്‍ എണ്ണപ്പെട്ടെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. അറബ്രാജ്യങ്ങളെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങളെ കൂട്ടിയിണക്കുന്ന മറ്റൊരു കണ്ണിയുണ്ട്- അല്‍ ജസീറ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഉപഗ്രഹചാനലാണ് അറബ്പ്രക്ഷോഭം അതിവേഗം വ്യാപിക്കാന്‍ വഴിയൊരുക്കിയത്. അറബ്ജനത അനുഭവിക്കുന്ന ദുരിതങ്ങളുടെ അടിസ്ഥാനകാരണം ഒന്നാണെന്നും പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗം പോരാട്ടമാണെന്നും തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കിയത് അല്‍ ജസീറയാണ്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് തന്റേടമുണ്ടെങ്കില്‍ ജനപക്ഷത്തുനില്‍ക്കാന്‍ കഴിയുമെന്നും അല്‍ ജസീറ തെളിയിച്ചു.