Saturday, February 26, 2011

ഈജിപ്തിലെ ശവകുടീരചോരന്മാര്‍

വടക്കേ ആഫ്രിക്കയുടെ മണലാരണ്യത്തിലൂടെ തുറന്ന ആകാശത്തെ നോക്കി, തുറന്നുപിടിച്ച കൈകളോടെ നടക്കുമ്പോള്‍ ഭൂമി ഒരു പച്ചമനുഷ്യനെപ്പോലെ മലര്‍ന്നുകിടക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ അകമേ പറഞ്ഞുപോയി: 'ഇതാ ഒരു മനുഷ്യന്‍. അയാളുടെ മാംസം മണ്ണ്, അയാളുടെ എല്ല് കല്ലുകള്‍, രക്തമോ നീലജലം, അയാള്‍ക്ക് തലമുടി പച്ചപ്പുല്ല്, അയാളുടെ കാഴ്ച സൂര്യപ്രകാശമാകുന്നു, ശ്വാസമോ ചുടുകാറ്റ്. ചിന്തകള്‍, മേഘമാലകള്‍, ഈജിപ്തിലെ പതിനെട്ടും പത്തൊമ്പതും രാജവംശങ്ങളുടെ കഥകള്‍ ഞങ്ങളുടെ ഗൈഡ് പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ആത്മാവിനെ സ്പര്‍ശിക്കുന്ന വ്യക്തിത്വങ്ങളായി ഞങ്ങള്‍ സ്വയം മാറി. ശവകുടീര ചോരന്മാരെക്കുറിച്ചും കണ്ടെടുക്കപ്പെട്ട പുരാതന പാപ്പിറസ് ചുരുളുകളിലൂടെ അനാവൃതമാകുന്ന ഈ സംഘത്തിന്റെ അത്യാര്‍ത്തിയെക്കുറിച്ചും അയാള്‍ സംസാരിക്കുന്നു. ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ രോമാഞ്ചമായി മാറുകയായിരുന്നു ആധുനിക കാലഘട്ടത്തില്‍ കണ്ടെടുക്കപ്പെട്ട പാപ്പിറസ് രേഖകള്‍ അവരുടെ സന്നമായ ഗതകാലത്തെ അനശ്വരമാക്കുന്ന അറിവുകള്‍. സമ്പന്നമായ അവരുടെ ഭൂതകാലം. അവിടം നിറയെ സൂര്യപ്രകാശം. തുറന്നുപിടിച്ച കൈകള്‍. അവരുടെ അകമാകെ ആകാശവിസ്തൃതി സന്നിഹിതമാകുമ്പോലെ!

പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്മാര്‍ ഈജിപ്തില്‍ വരുന്നതിന് മുമ്പ് ഈജിപ്തിലെ ദേശക്കാര്‍ ശവമാടങ്ങള്‍ തേടിയെത്തിയിരുന്നത് അവയിലെ സ്വര്‍ണവും മറ്റു വിലപിടിച്ച വസ്തുക്കളും സ്വന്തമാക്കാനായിരുന്നു. അവര്‍ ശവക്കല്ലറകള്‍ തിരഞ്ഞ് ഭൂമി കുഴിച്ചത് ഒരര്‍ഥത്തില്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഗുണകരമായി. പല പുരാതന കലാവസ്തുക്കളും അങ്ങനെ അവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ കഴിഞ്ഞു. ശവമാട ചോരന്മാര്‍ക്ക് സമ്പത്തിലേ കണ്ണുണ്ടായിരുന്നുള്ളൂ. ഉന്നതമൂല്യമുള്ള ചരിത്രാവശിഷ്ടങ്ങളിലോ കലാരൂപങ്ങളിലോ അവരുടെ കണ്ണും മനസ്സും പതിഞ്ഞില്ല.

അങ്ങനെ ഈജിപ്ഷ്യന്‍ മമ്മികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരണിഞ്ഞ വിലമതിക്കാനാവാത്ത ആഭരണങ്ങള്‍ക്കായി പല കല്ലറകളും തകര്‍ക്കപ്പെട്ടു-കനത്ത സുരക്ഷയോടെ കല്ലറകളില്‍ മമ്മികള്‍ക്കൊപ്പം മണ്ണിനടിയില്‍ അടക്കം ചെയ്യപ്പട്ട സമ്പത്തെല്ലാം കള്ളന്മാര്‍ കൊണ്ടുപോയി. ഉദാഹരണത്തിന്, നെക്രോപോളിസ് പൊലീസിന് ശവക്കല്ലറയിലെ ഗുപ്തധനം മാത്രം സംരക്ഷിച്ചാല്‍ മതിയായിരുന്നില്ല. അതിനകത്തെ രാജാക്കന്മാരെയും റാണിമാരെയും പ്രഭുക്കന്മാരെയും സംരക്ഷിക്കേണ്ടിയിരുന്നു. കാരണം, അവിടത്തെ ദേശവാസികള്‍ തന്നെയാണ്, അവരെയെല്ലാം മണ്ണിനടിയില്‍ കല്ലറകളില്‍ അടക്കം ചെയ്തത്-അതുകൊണ്ട് അവര്‍ക്കറിയാം, മമ്മികള്‍ക്കൊപ്പം എന്തെല്ലാം എവിടെയെല്ലാം നിക്ഷേപിക്കപ്പെട്ടുവെന്ന്. നെക്രോപോളിസിനടുത്തുള്ള സ്വര്‍ണപ്പണിക്കാര്‍ക്കുമറിയാം അവരെന്തെല്ലാം നിര്‍മിച്ചുകൊടുത്തുവെന്ന്. ഇക്കൂട്ടര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തി, ശവമാടത്തിന്റെ സൂക്ഷിപ്പുകാരുടെ ഒത്താശയോടെ മണ്ണിനടിയിലുള്ള അറ തുറന്ന്, ശവപ്പെട്ടിക്കുള്ളിലെ മമ്മിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചായാലും ശരീരത്തിലണിഞ്ഞ ആഭരണമോരോന്നും അവര്‍ കവര്‍ന്നെടുത്തു.

ഫെറോ രാജാക്കന്മാരുടെ ശക്തമായ ഭരണകാലത്ത് നെക്രോപോളിസിലെ ശവക്കല്ലറകള്‍ താരതമ്യേന സുരക്ഷിതമായിരുന്നു. എന്നാല്‍ അഴിമതിനിറഞ്ഞ റെംസ്സെ രാജാക്കന്മാരുടെ ഭരണകാലം മമ്മികള്‍ക്ക് പ്രതികൂലമായിത്തീര്‍ന്നു-ഇരുപതാം രാജവംശകാലത്ത് പതിനൊന്നാംകാലത്തെ രാജാവിന്റെ മമ്മിയെ പിരമിഡ് തുരന്നാണ് അവര്‍ ആക്രമിച്ചത്. അതുവരെ പിരമിഡുമോഷണം തുടങ്ങിയിരുന്നില്ല.പുരാതന കാലത്തെ ശവക്കല്ലറ മോഷണത്തെക്കുറിച്ചറിയാന്‍ കഴിഞ്ഞത് രണ്ടേരണ്ട് ഈജിപ്ഷ്യന്‍ താളിയോലയായ പാപ്പിറസിലൂടെയാണ്. ഈ പാപ്പിറസ് രണ്ട് പാതികളായി രണ്ടുകാലത്തായി, രണ്ടിടങ്ങളില്‍നിന്നാണ് ലഭിച്ചത് എന്നത് ഒരേ സമയം കൌതുകകരവും അത്ഭുതകരവുമായി തോന്നി.

1857ല്‍ ആംഹെസ്റ്റ് പ്രഭുവിന്റെ കാലത്ത് ഈ പാപ്പിറസ് കണ്ടെത്തിയതിനാല്‍ ആംഹെസ്റ്റ് പാപ്പിറസ് എന്ന് ഇതിന് പേര്‍ വന്നു. എന്നാലത് അപൂര്‍ണമായിരുന്നു. കാരണം, ആ പാപ്പിറസിന്റെ മൂല്യം അറിയുന്ന നാട്ടുകാര്‍ക്ക് അത് ലഭിച്ചപ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനായി അവരത് രണ്ടായി കീറി വിറ്റിരിക്കണം.

1935-ല്‍ ബ്രൂസെല്‍സിലെ റോയല്‍ മ്യൂസിയത്തില്‍ ഈജിപ്ഷ്യന്‍ കലാരൂപങ്ങളെപ്പറ്റി പഠിക്കാന്‍ ബെല്‍ജിയത്തിലെ പ്രശസ്തനായ ധിഷണാശാലി മോണ്‍സിയര്‍ ജെ കേപാര്‍ട്ട് എത്തുന്നു. 1860-ല്‍ ബ്രാബന്റ് പ്രഭു ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന മനോഹര വസ്തുക്കള്‍ മ്യൂസിയത്തിലുണ്ടായിരുന്നു. അക്കാലത്ത് സന്ദര്‍ശിച്ച രാജ്യങ്ങളില്‍നിന്ന് രാജാക്കന്മാരും പ്രഭുക്കന്മാരും ഇത്തരം കലാവസ്തുക്കള്‍ ശേഖരിച്ച് സ്വരാജ്യത്ത് കൊണ്ടുവന്നിരുന്നു. ചില ഓട്ടുപ്രതിമകളും കൌതുകപ്പാത്രങ്ങളും മറ്റും മറ്റുമായിരുന്നു അവ. അക്കൂട്ടത്തില്‍ കേപാര്‍ട് ഒരു മരപ്രതിമ കണ്ടുപിടിച്ചു. അതൊരു ശവമടക്ക് മഞ്ചത്തിന്റെതായിരുന്നു (ശയിക്കുന്ന മനുഷ്യരൂപത്തിലുള്ള കൊത്തുപണികളുള്ള അത്തരം മനോഹരമായ കൂറ്റന്‍ പ്രതിമകള്‍ കെയ്റോവിലെ മ്യൂസിയത്തില്‍ എത്രയെങ്കിലും ഞങ്ങള്‍ കണ്ടു). ആ ശവമഞ്ചരൂപപേടകം തുറന്നപ്പോള്‍ അതിലൊരു പാപ്പിറസ് ചുരുള്‍ കണ്ടപ്പോള്‍ കേപാര്‍ടിന് അതിശയമൊന്നും തോന്നിയില്ല. കാരണം ഇത്തരം കലാരൂപങ്ങളുടെ വിവരണമടങ്ങുന്ന കടലാസ് പൊള്ളയായ അകവശത്ത് കാണുക സര്‍വസാധാരണമായിരുന്നു-എന്നാല്‍, മൂര്‍ച്ചയേറിയ കത്തിത്തലപ്പുകൊണ്ട് ആ പഴഞ്ചന്‍ കടലാസ്ചുരുള്‍ നിവര്‍ത്തിയപ്പോള്‍ കേപാര്‍ടിന്റെ ഹൃദയം ആഹ്ളാദത്തിമിര്‍പ്പുകൊണ്ട് പുറത്തുചാടുമെന്നായി. റെംസ്സെ ഒമ്പതാമന്റെ (1110 BC) കാലത്തുള്ള ആ കടലാസുചുരുള്‍, 1857-ല്‍ കണ്ടെത്തിയ ആംഹെസ്റ്റ് പാപ്പിറസിന്റെ മറുപകുതി ആയിരുന്നു! പ്രൊഫ. ന്യൂബെറിയില്‍നിന്ന് ആംഹെസ്റ്റിന്റെ പകര്‍പ്പ്രൂപം ലഭിച്ചപ്പോള്‍ അവര്‍ രണ്ടുപാതിയും ചേര്‍ത്തുവച്ചുനോക്കി. അത്ഭുതകരമായി അതിന്റെ അരികുകള്‍ ചേര്‍ച്ചയോടെ നില്‍ക്കുന്നു. ആ പഴകിയ പാപ്പിറസ് ചുരുളുകളില്‍ ഈജിപ്തിന്റെ ശവമാടങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്റെ വിശദ വിവരങ്ങളായിരുന്നു (ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഈ പാപ്പിറസ് എബോര്‍ട്ട് പാപ്പിറസ് എന്ന പേരില്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു). രണ്ടാമത് ലഭിച്ച ഈ പാപ്പിറസാണ് യഥാര്‍ഥത്തില്‍ ആദ്യപകുതി. രണ്ടാം പകുതിയായി വായിക്കപ്പെടേണ്ടത് ആദ്യം കണ്ടെത്തിയ ആംഹെസ്റ്റ് പാപ്പിറസും! ആദ്യം വായിക്കപ്പെടേണ്ട എബ്ബോട്ട് പാപ്പിറസില്‍ രാജകീയ ശവക്കല്ലറകളുടെ സുരക്ഷിതത്വത്തിന് ഉത്തരവാദപ്പട്ട രണ്ടുപേരുടെ റിപ്പോര്‍ട്ടുകളായിരുന്നു. തീബ്സിന്റെ മേയറായ പെസിയറും, പടിഞ്ഞാറിന്റെ രാജാവായ പീവെറോവും-റോയല്‍ വാലിയിലെ പല കല്ലറകളും കൊള്ളയടിക്കപ്പെട്ടതിന്റെ റിപ്പോര്‍ടുകള്‍ ഇതിലുണ്ട്. ഉടന്‍തന്നെ വേണ്ട സുരക്ഷാനടപടികള്‍ എടുക്കണമെന്ന് അതില്‍ നിര്‍ദേശിച്ചിരിക്കുന്നു. സെ ഖെമിറെ രാജാവിന്റെ പിരമിഡ് കുടീരം തസ്കരന്മാര്‍ തകര്‍ത്തതായി രേഖപ്പെടുത്തിയിരിക്കുന്നു-പാറക്കല്ലില്‍ തീര്‍ത്ത നെബ് അമെന്‍ രാജാവിന്റെ കല്ലറ. മമ്മിയെ കടത്തിക്കൊണ്ടുപോയി ശൂന്യമാക്കപ്പെട്ടിരിക്കുന്നു-രാജാവിന്റെ ശവശരീരത്തോടൊപ്പം രാജപത്നിയുടെ ശരീരവും അപ്രത്യക്ഷമായിരുന്നു. രാജാവിന്റെയും രാജ്ഞിയുടെയും ശവശരീരങ്ങളെ ആക്രമിച്ച രീതികളും അതില്‍ വിസ്തരിക്കുന്നുണ്ടത്രെ!

'മനോഹരഭൂമി' എന്നറിയപ്പെടുന്ന രാജ്ഞിമാരുടെ താഴ്വര (Valley of the queens) ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും പെസിയര്‍ എഴുതിവച്ചിട്ടുണ്ട്. ഇത് രേഖപ്പെടുത്തിവച്ചശേഷം അതിന്റെ തസ്കരനേതാവായ ചെമ്പുപണിക്കാരന്‍ പീക്കറിനെ പിടികൂടിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. അവരയാളെ കവര്‍ച്ചചെയ്യപ്പെട്ട ശവമാടങ്ങളിലേക്ക് കൈയാമം വച്ചുകൊണ്ടുപോയി സകല തസ്കരതന്ത്രങ്ങളും വെളിപ്പെടുത്താന്‍ ആജ്ഞാപിച്ചുവത്രെ! രാജാക്കന്മാരുടെയും കുഞ്ഞുങ്ങളുടെയും തുറന്നുകിടക്കുന്ന ശവക്കല്ലറകളിലൂടെ ഈ ഉദ്യോഗസ്ഥര്‍ പല തസ്കര വീരന്മാര്‍ക്കുമൊപ്പം നടന്നതായും രേഖയുണ്ട്. കള്ളന്മാരുടെ മൊഴികളും ഏറ്റുപറച്ചിലും കുറ്റസമ്മതവും മാപ്പുപറച്ചിലുമെല്ലാം ആ വലിയ കടലാസുചുരുളുകളിലൂടെ നൂറ്റാണ്ടുകള്‍പ്പുറത്തേക്കുള്ള കഥകളുടെ ചുരുളഴിയുകയായിരുന്നു.

തുടര്‍ച്ചയായി ശവക്കല്ലറകളില്‍ കടന്ന് മോഷണം നടത്തുന്നവര്‍ നല്‍കിയ അനേക മൊഴികള്‍, വിസ്തൃതമായ ഈ രേഖകളിലുണ്ട്. കവര്‍ച്ചക്ക് അവരുപയോഗിച്ച ആയുധങ്ങള്‍, ഒരേ കല്ലറയില്‍ എട്ടുപേര്‍ ചേര്‍ന്നുള്ള ആക്രമണം അങ്ങനെയങ്ങനെ അതിലൊരാള്‍ ഇങ്ങനെ കുറ്റസമ്മതം നടത്തുന്നു:

'അങ്ങനെ ഞങ്ങള്‍ സംഘം ചേര്‍ന്ന് ആയുധമുപയോഗിച്ച് കല്ലറയുടെ കല്‍വാതില്‍ കഷ്ടപ്പെട്ട് തുറന്നു. അവിടെ രാജാവിന്റെയും തൊട്ടടുത്തായി രാജ്ഞിയുടെയും കല്ലില്‍തീര്‍ത്ത ശവപ്പെട്ടികള്‍ ഞങ്ങള്‍ കണ്ടു. നബ്കാസ് രാജാവും അയാളുടെ പത്നിയും! ശവപ്പെട്ടികളുടെ മൂടികള്‍ തുറന്നപ്പോള്‍ സ്വര്‍ണക്കിരീടംവച്ച രാജകീയ പ്രൌഢിയോടെ രാജാവ്! അദ്ദേഹത്തിന്റെ കഴുത്തില്‍ വെട്ടിത്തിളങ്ങുന്ന അനേകം മാലകള്‍! ഈ പ്രൌഢഗംഭീരനായ രാജാവ് കിടന്നിരുന്നത് സ്വര്‍ണവും വിലമതിക്കാനാവാത്ത കല്ലുകളും നിരത്തിവച്ച ശയ്യയിലാണ്. അയാളുടെ മുകളിലും താഴെയും സ്വര്‍ണം, മുത്ത്, പവിഴം... ഞങ്ങള്‍ അതെല്ലാം മമ്മികളില്‍നിന്ന് അഴിച്ചെടുത്തു. അതിനുശേഷം ഞങ്ങള്‍ മമ്മികളുടെ ശവപ്പെട്ടികള്‍ക്ക് മീതെ തീകൊളുത്തി. എല്ലാം കത്തിച്ചാമ്പലാവട്ടെ. ഞങ്ങള്‍ മമ്മികള്‍ക്കരികെയുള്ള വലിയ മരപ്പെട്ടികള്‍ക്കകത്തുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും വെങ്കലവുമെല്ലാമെടുത്തു. പിന്നെ വീണ്ടും തീബ്സിന് കുറുകെ സഞ്ചരിച്ചു. അവിടെ ഞങ്ങള്‍ പിടിക്കപ്പെട്ടു. എന്റെ പങ്കായ ഇരുപത് തോല സ്വര്‍ണം അവരെനിക്ക് തന്നിരുന്നു. അത് ഞാന്‍ ഒരുദ്യോഗസ്ഥന് കൈക്കൂലിയായി കൊടുത്തപ്പോള്‍ അവരെന്നെ വെറുതെ വിട്ടു. ഞാന്‍ വീണ്ടും മറ്റൊരു സംഘത്തിനൊപ്പം കൂടി. അങ്ങനെ തീബ്സിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കല്ലറകളെല്ലാം ഞങ്ങള്‍ കവര്‍ച്ചചെയ്തു. ആ പ്രദേശത്തുകാരെല്ലാം ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.'

ആമെന്‍പ് നുഫര്‍ എന്ന ഒരു കല്ലുവെട്ടുകാരന്റെ മൊഴിയായിരുന്നു ഇത്. പുരാതന ഈജിപ്തിന്റെ തുടിപ്പും മിടിപ്പും നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് തങ്ങള്‍ കേള്‍ക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഇരുപതാം രാജവംശജരായ റെംസ്സെ രാജാക്കന്മാരുടെ കാലത്താണ് ഈ കവര്‍ച്ചനടന്നത്. അതിനുശേഷം വന്ന ഇരുപത്തിയൊന്നാം വംശജര്‍ തീര്‍ത്തും ദുര്‍ബലരായിരുന്നുവത്രെ! അതിനാല്‍ കൂടുതല്‍ കൂടുതല്‍ കല്ലറകള്‍ തകര്‍ക്കപ്പെട്ടു. നാട്ടുകാരായ കൊള്ളക്കാര്‍ അവിടെ സ്വൈരവിഹാരംചെയ്തു. ചില നെക്രോപോളിസ് പാതിരിമാര്‍ മമ്മികളെ വീണ്ടും ലിനന്‍ തുണികളില്‍ പൊതിഞ്ഞ് ആഭരണമണിയിച്ച് വീണ്ടും മന്ത്രംചൊല്ലി കല്ലറകളില്‍ അടച്ചു. എന്നാല്‍ അവയും വൈകാതെ തകര്‍ക്കപ്പെട്ടു. പൊലീസുകാരുടെ എണ്ണം തീരെ കുറവും ശവക്കല്ലറകളുടെ എണ്ണം ഭീമവും ആയിരുന്നു. മമ്മികള്‍ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമായിരുന്നുവെങ്കിലും ഭരണാധികാരികള്‍ക്ക് കവര്‍ച്ച തടയാന്‍ അത്രക്കൊന്നും കഴിഞ്ഞില്ല.

മമ്മികള്‍ നശിപ്പിക്കപ്പെടുന്നതോടെ അവരുടെ മരണാനന്തര ജീവിതവും അവസാനിക്കുമല്ലോ എന്ന ആധി പുരോഹിതന്മാര്‍ക്കുണ്ടായി. തങ്ങളുടെ പ്രിയങ്കരരായ രാജാക്കന്മാരും അവരുടെ കുടുംബവും സമ്പദ്സമേതരായി സകല സന്നാഹങ്ങളോടെയും അടക്കം ചെയ്യപ്പെട്ടിട്ടും അവര്‍ക്ക് മരണാനന്തര ജീവിതത്തിന്റെ പുണ്യങ്ങള്‍ നിഷേധിക്കപ്പെടുകയെന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു. എങ്ങനെയും ഈ മമ്മികളെ തസ്കരന്മാരുടെ കരാളഹസ്തങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കണം. ആരുമറിയാത്ത, അധികമാരുടെയും ശ്രദ്ധയെത്താത്ത ഇടങ്ങളിലേക്ക് ശേഷിക്കുന്ന മമ്മികളെ മാറ്റിയേ തീരൂ-അതിനായി പുരോഹിതന്മാര്‍ ഗൂഢമായും ഗാഢമായും ആലോചന നടത്തി. ഒടുവില്‍ അവരൊരു തീരുമാനത്തിലെത്തുകയുംചെയ്തു.

എന്നാല്‍ രഹസ്യതീരുമാനങ്ങള്‍ നടപ്പാക്കുക അതീവ രഹസ്യമായി വേണം. അതിന് പാതിരാത്രികള്‍തന്നെ അവര്‍ തെരഞ്ഞെടുത്തു. ആദ്യമായി അടക്കംചെയ്ത മമ്മികളെ ശേഖരിച്ച് അവര്‍ റോയല്‍വാലിയിലേക്ക് കൊണ്ടുവന്നു-പിന്നീടവയെ രണ്ട് സംഘങ്ങളായി തിരിച്ചു. ചെറുസംഘത്തില്‍ ഉണ്ടായിരുന്ന പതിമൂന്ന് മമ്മികളെ അവര്‍ അമെന്‍ഹേടെപ് രണ്ടാമന്റെ വിശാലമായ കല്ലറയില്‍ അടക്കാന്‍ തീരുമാനിച്ചു. ശേഷിച്ച മുപ്പത്തിയാറ് ഫേറോ രാജാക്കന്മാരെയും രാജകുമാരികളെയും രാജകുമാരന്മാരെയും അവര്‍ ഒരു പടിഞ്ഞാറന്‍ പര്‍വതത്തിന് മുകളിലെത്തിച്ചു. പര്‍വതശിഖരത്തിലെ നിശിതമായ വളവുകളില്‍ ആഴത്തില്‍ കുഴിച്ച് നീളന്‍ അറയുണ്ടാക്കി, മമ്മികളെ ഇറക്കി ഗ്യാലറിയിലൂടെ ഒരു രഹസ്യഅറയില്‍ നിക്ഷേപിച്ചു. ഒരു ഉരുക്കുവാതിലിനാല്‍ രഹസ്യ അറ അടച്ചു. ഒരു പിടി(shaft) ഊക്കില്‍ വലിച്ചാല്‍ ഈ അറ തുറക്കാം. ഈ പിടി അവര്‍ സുരക്ഷിതമായി സീല്‍ചെയ്തു. അങ്ങനെയൊന്ന് അവിടെയുള്ളതായി ആര്‍ക്കും ഒരു കള്ളനും മനസ്സിലാവുമായിരുന്നില്ല. അങ്ങനെ ഈ സൂത്രപ്പണിയില്‍ പുരോഹിതന്മാര്‍ വിജയിച്ചു. അവര്‍ക്കൊപ്പം ഈ രഹസ്യവും ഭൂമിയില്‍നിന്ന് മാഞ്ഞുപോയി. അതിനാല്‍ മൂവായിരമാണ്ടുകള്‍ മമ്മികള്‍ ആക്രമിക്കപ്പെടാതെ കല്ലറകളില്‍ സുരക്ഷിതരായിരുന്നു.

1871-ല്‍ ഈ രഹസ്യകൈപ്പിടി (Secret shaft) കണ്ടെത്തിയത് എല്‍-ഗൌര്‍മ ദേശക്കാരനായ കല്ലറ തസ്കരനായ അഹമ്മദ് അബ്ദ് എല്‍ റസൂലാണ്. ഈയാളെ പരിചയമുണ്ടായിരുന്ന പ്രൊഫ. പെര്‍സി ന്യൂബറി ഇതേപ്പറ്റി എഴുതിയിട്ടുണ്ട്.

തന്റെ സഹോദരനും മറ്റൊരു അജ്ഞാതനുമൊത്ത് അഹമ്മദ് തീബന്‍മലകളില്‍ ശവക്കല്ലറ മോഷണത്തിനായി ഭൂമി കുഴിക്കുകയാണ്. അപ്പോള്‍ മണ്ണില്‍ മറഞ്ഞുകിടന്ന ഒരു കൈപ്പിടിയില്‍ ആയുധം തടഞ്ഞു. അഹമ്മദ് ഈ കൈപ്പിടി ഊക്കില്‍ വലിച്ചപ്പോള്‍ അകത്തൊരു അറ കണ്ടു. ഒരു കയര്‍ വഴി അറയിലേക്കിറങ്ങിച്ചെന്നപ്പോള്‍ അയാള്‍ വലുപ്പമുള്ള ശവമടക്കിന്റെ അറ കണ്ടുപിടിച്ചു. അതില്‍ നിറയെ മമ്മികള്‍. അഹമ്മദിന് മനസ്സിലായി, കൂടെയുള്ള അജ്ഞാതനില്‍നിന്ന് ഈ രഹസ്യം എങ്ങനെയും മറച്ചുപിടിക്കണം- അയാള്‍ ധൃതിയില്‍ കല്ലറ വാതില്‍ക്കലേക്ക് തലയുയര്‍ത്തി മുകളില്‍ നില്‍ക്കുന്നവരോട് ഭയാക്രാന്തനായി വിളിച്ചുകൂവി: 'എന്നെ നിങ്ങള്‍ എത്രയും പെട്ടെന്ന് കയര്‍ വലിച്ച് മുകളിലേക്കെത്തിക്കണം. ഇവിടെ അഫ്രീത് എന്ന കൊടുംഭൂതമുണ്ട്. അഹമ്മദ് ഒരുവിധം പുറത്തേക്ക് കയറിച്ചെന്നു. എല്ലാവരും ഭയപ്പെട്ട് അവിടെ നിന്നോടിപ്പോയി. അന്ന് രാത്രിയില്‍ അഹമ്മദ് രഹസ്യമായി ഒരു കുരങ്ങനുമൊത്ത് അതേ സ്ഥലത്തുചെന്നു. അതിനെ കൊന്ന് ഷാഫ്റ്റ് വലിച്ച് കുരങ്ങിനെ താഴേക്കിട്ടു. അഫ്രീത് ഭൂതങ്ങള്‍ തങ്ങളുടെ ദുര്‍ഗന്ധത്താല്‍ പ്രസിദ്ധരാണെന്ന് വിശ്വാസം. രണ്ടുനാള്‍കൊണ്ട് കുരങ്ങന്‍ ചത്ത് ദുര്‍ഗന്ധമുയരും. അതുപോലെ സംഭവിച്ചു-അവര്‍ക്കൊപ്പമുണ്ടായിരുന്ന അജ്ഞാതന്‍ വീണ്ടും അതുവഴി ചെന്നപ്പോള്‍ അഴുകിയ ഗന്ധം! അയാള്‍ വീണ്ടും ഭയന്നോടി. അപ്പോള്‍ അഹമ്മദ് വീണ്ടും താഴെയിറങ്ങി, ചത്ത കുരങ്ങിനെ മാറ്റി വിശദമായി അറ പരിശോധിച്ചു. അഹമ്മദിന് ഒരു കാര്യം മനസ്സിലായി. അധികം മമ്മികളും മാര്‍ച്ചട്ട ധരിച്ചിട്ടുണ്ട്. അതുപോലെ തലയില്‍ രാജകീയ സര്‍പ്പവും ചൂടിയിട്ടുണ്ട്. രാജാക്കന്മാരുടെ കല്ലറ, കല്ലറചോരന്മാര്‍ തിരിച്ചറിയുന്നത് ഇത്തരം ചിഹ്നങ്ങള്‍ കണ്ടിട്ടാണ്-ഫെറോ രാജാക്കന്മാരുടെ ഈ കുടീരം കൊള്ളയടിക്കുക എളുപ്പമല്ലെന്ന് അഹമ്മദ് മനസ്സിലാക്കി. ഒന്നിച്ച് കൊള്ള നടത്തുക അസാധ്യം! അതുകൊണ്ടയാള്‍ പടിപടിയായി അത് നിര്‍ഹിച്ചു.

അഹമ്മദിന്റെ കുടുംബം ഒരു കാര്യം തീരുമാനിച്ചു. മമ്മികളെ തല്‍ക്കാലം അവിടെനിന്ന് മാറ്റാതെ കുറേ കാലമായി എടുത്തുമാറ്റാവുന്നതൊക്കെ എടുത്ത്-ആഭരണങ്ങളും കനോപ്പിക് ജാറുകളും ശവമടക്ക് പാപ്പിറസികളും ചെറുപ്രതിമകളും അവര്‍ എടുത്തുവിറ്റു. ഓരോ ശിശിരത്തിലും സഞ്ചാരികളായി വന്നെത്തുന്നവര്‍ക്ക് അവര്‍ ഇത്തരം വസ്തുക്കള്‍ വിറ്റു. പിന്നീട് അഹമ്മദും സഹോദരന്‍ മുഹമ്മദും അറസ്റ്റ് ചെയ്യപ്പെട്ടു.

ഈജിപ്തില്‍ കാണുന്ന മണലിനും നീലനദിക്കും കൂറ്റന്‍ കെട്ടിടങ്ങള്‍ ശിരസ്സുയര്‍ത്തിനില്‍ക്കുന്ന പിരമിഡുകള്‍ക്കുമപ്പുറം ആഫ്രിക്കയുടെ അദൃശ്യമായ കണ്ണീരും മുറിപ്പാടുകളും ഞങ്ങള്‍ ദര്‍ശിക്കുകയായിരുന്നു-അപ്പോഴും മരുഭൂമിയിലും സൌന്ദര്യത്തിന്റെയും ജീവിതത്തിന്റെയും ഉറവകള്‍ ഉറന്നൊഴുകുന്ന ജനഹൃദയങ്ങള്‍ ഞങ്ങള്‍ കണ്ടു. ഗതകാലത്തിന്റെ കണ്ണുനീര്‍ സ്ഥിതകാലത്തിലെ പുഞ്ചിരിക്ക് വഴിമാറിയതും ഞങ്ങള്‍ കണ്ടു.

*
കെ പി സുധീര ദേശാഭിമാനി വാരികയില്‍ എഴുതുന്ന യാത്രാക്കുറിപ്പുകളില്‍ നിന്ന്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വടക്കേ ആഫ്രിക്കയുടെ മണലാരണ്യത്തിലൂടെ തുറന്ന ആകാശത്തെ നോക്കി, തുറന്നുപിടിച്ച കൈകളോടെ നടക്കുമ്പോള്‍ ഭൂമി ഒരു പച്ചമനുഷ്യനെപ്പോലെ മലര്‍ന്നുകിടക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ അകമേ പറഞ്ഞുപോയി: 'ഇതാ ഒരു മനുഷ്യന്‍. അയാളുടെ മാംസം മണ്ണ്, അയാളുടെ എല്ല് കല്ലുകള്‍, രക്തമോ നീലജലം, അയാള്‍ക്ക് തലമുടി പച്ചപ്പുല്ല്, അയാളുടെ കാഴ്ച സൂര്യപ്രകാശമാകുന്നു, ശ്വാസമോ ചുടുകാറ്റ്. ചിന്തകള്‍, മേഘമാലകള്‍, ഈജിപ്തിലെ പതിനെട്ടും പത്തൊമ്പതും രാജവംശങ്ങളുടെ കഥകള്‍ ഞങ്ങളുടെ ഗൈഡ് പറഞ്ഞുകൊണ്ടിരുന്നു. അവരുടെ ആത്മാവിനെ സ്പര്‍ശിക്കുന്ന വ്യക്തിത്വങ്ങളായി ഞങ്ങള്‍ സ്വയം മാറി. ശവകുടീര ചോരന്മാരെക്കുറിച്ചും കണ്ടെടുക്കപ്പെട്ട പുരാതന പാപ്പിറസ് ചുരുളുകളിലൂടെ അനാവൃതമാകുന്ന ഈ സംഘത്തിന്റെ അത്യാര്‍ത്തിയെക്കുറിച്ചും അയാള്‍ സംസാരിക്കുന്നു. ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ രോമാഞ്ചമായി മാറുകയായിരുന്നു ആധുനിക കാലഘട്ടത്തില്‍ കണ്ടെടുക്കപ്പെട്ട പാപ്പിറസ് രേഖകള്‍ അവരുടെ സന്നമായ ഗതകാലത്തെ അനശ്വരമാക്കുന്ന അറിവുകള്‍. സമ്പന്നമായ അവരുടെ ഭൂതകാലം. അവിടം നിറയെ സൂര്യപ്രകാശം. തുറന്നുപിടിച്ച കൈകള്‍. അവരുടെ അകമാകെ ആകാശവിസ്തൃതി സന്നിഹിതമാകുമ്പോലെ!