Tuesday, February 1, 2011

മല്‍ഹറുകളുടെ മഴക്കാലം

എണ്‍പതുകളിലെ ഒരു വേനല്‍ക്കാലത്താണ് ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ആദ്യമായി ഭീംസെന്‍ ജോഷിയെ കണ്ടത്. കേട്ടുകേട്ട് കൊതിച്ചുപോയ സംഗീതം ആദ്യമായി നേരില്‍ ആസ്വദിക്കുന്നതിന്റെ അത്ഭുതം.

അവിടെ മല്‍ഹര്‍ ഉത്സവമായിരുന്നു. മല്‍ഹറുകളുടെ മഴക്കാലം...

ഖയാലുകളുടെ ഒരു വസന്തംകൂടി കഴിഞ്ഞു. സംഗീത ഭാവനയുടെ ഭ്രാന്തമായ ഒരു യുഗം. സംഗീതം കാല്പനികതയുടെ കൊടുമുടിയില്‍ പതാക നാട്ടിയ കാലം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വപ്നസുന്ദരമായ കാലം. നല്ല കുറെ ഓര്‍മകളും സംഗീതവും ബാക്കിയാക്കി ഭീംസെന്‍ ജോഷി കടന്നുപോകുമ്പോള്‍ ഇന്ത്യ സാംസ്കാരികമായ അനാഥത്വത്തിലേക്ക് നടന്നടുക്കുകയാണ്. സംഗീതത്തിനായി സമര്‍പ്പിച്ച ഒരു ജീവിതത്തെ എവിടെനിന്ന് പകരം വയ്ക്കും?

എണ്‍പതുകളിലെ ഒരു വേനല്‍ക്കാലത്താണ് ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ആദ്യമായി ഭീംസെന്‍ ജോഷിയെ കണ്ടത്. കേട്ടുകേട്ട് കൊതിച്ചുപോയ സംഗീതം ആദ്യമായി നേരില്‍ ആസ്വദിക്കുന്നതിന്റെ അത്ഭുതം. അവിടെ മല്‍ഹര്‍ ഉത്സവമായിരുന്നു. മല്‍ഹറുകളുടെ മഴക്കാലം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വിരഹിണിയായ നായികയെയാണ് മിയാന്‍ കി മല്‍ഹറിലൂടെ ഭീംസെന്‍ ജോഷി അവിടെ അവതരിപ്പിച്ചത്.

ഭാരതത്തിലെ നായികാ-നായക സങ്കല്പങ്ങള്‍ നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയില്‍ കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയോഗം തന്നെയാണത്. ഇരുള്‍ മൂടിയ ആകാശത്തിനു താഴെ ഭൂമി മഴത്തുള്ളികള്‍ക്കായി കൊതിച്ചു നില്‍ക്കുന്നു. നായിക പ്രാണനായകനെ കാത്തിരിക്കുകയാണ്. ജീവിതവൃത്തിക്കായി നാടുചുറ്റുന്ന നായകന്‍ മഴക്കാലമായാല്‍ മടങ്ങിയെത്തും. മാനം കാര്‍ കൊള്ളുമ്പോള്‍ നായികയുടെ ഹൃദയം വെമ്പുകയായി. കാത്തിരിപ്പിന്റെ വേദന രാഗരൂപം കൈവരിക്കുകയാണ്. മിയാന്‍ കി മല്‍ഹര്‍ ഒഴുകുന്നു.

കമാനി ഓഡിറ്റോറിയത്തില്‍ കണ്ണുമടച്ചിരുന്ന് ശരീരമാകെ കുലുക്കിക്കൊണ്ട് ഭീംസെന്‍ പാടുമ്പോള്‍ ആദ്യം ഘനമൂകമായ ആകാശവും ഹൃദയവും ഒന്നായി. ഗായകനും ആസ്വാദകനും ഒന്നായി. പാടിക്കഴിഞ്ഞപ്പോള്‍ ഇടിവെട്ടി ഇരമ്പിയാര്‍ത്തു പെയ്ത മഴയുടെ അനുഭവമായിരുന്നു. കമാനി ഓഡിറ്റോറിയത്തിലെ മിയാന്‍ കി മല്‍ഹര്‍ അവസാനിച്ചിട്ടും ഏറെക്കാലം മനസ്സില്‍ മരം പെയ്തു. എന്റെ കൊച്ചു ഗ്രാമമായ കൊല്ലം ജില്ലയിലെ നെല്ലേറ്റിലെ വീട്ടിലിരുന്ന് നിരവധി മഴക്കാലങ്ങളില്‍ മിയാന്‍ കി മല്‍ഹര്‍ കേട്ട് സ്വപ്നസഞ്ചാരം നടത്തി. മഴയുടെ വേദനിപ്പിക്കുന്ന സംഗീതാനുഭവം. മാനം ഇരുള്‍മൂടുമ്പോഴൊക്കെ ഭീംസെന്‍ ജോഷിയുടെ വിരഹാര്‍ത്തമായ മിയാന്‍ കി മല്‍ഹര്‍ മനസ്സില്‍ ഇരമ്പും. കേരളത്തിലും ഡല്‍ഹിയിലും പിന്നീട് പല തവണ ഭീംസെന്‍ ജോഷിയുടെ കച്ചേരികള്‍ കേട്ടപ്പോള്‍ ഋതുക്കള്‍ നൃത്തംവച്ച അനുഭവമായിരുന്നു. വസന്തവും വേനലും ശിശിരവും വര്‍ഷവും പീലി വിടര്‍ത്തിയാടി.

ഇപ്പോള്‍ അദ്ദേഹത്തിന്റെ പൂരിയ കല്യാണ്‍ കേട്ടുകൊണ്ട് ഈ കുറിപ്പെഴുതുമ്പോഴും സംഗീതത്തിന്റെ ഋതുചക്രങ്ങള്‍ അവസാനിച്ചിട്ടില്ല എന്നുതന്നെയാണ് തോന്നല്‍. തലമുറകള്‍ക്ക് കേള്‍ക്കാനും അലിയാനുമായി കരുതിവച്ചിരിക്കുന്ന നിധി; അദ്ദേഹം തന്നുപോയ സംഗീതം- സാംസ്കാരിക പൈതൃകം. ഇതൊക്കെയാണ്. ഈ പൈതൃകം നമ്മുടെ മനസ്സുകളെ വീണ്ടും വീണ്ടും ആര്‍ദ്രമാക്കട്ടെ.

സംഗീതം പ്രകൃതിയുടെയും മനുഷ്യന്റെയും ഭാവഭേദങ്ങള്‍ക്ക് നിറം പകരുന്നു. സംഗീതത്തില്‍ ലയിച്ചുചേര്‍ന്ന ഈ അംശങ്ങളെ വേര്‍തിരിച്ചെടുത്ത് നമുക്കുമുന്നില്‍ സമര്‍പ്പിക്കുന്നതാണ് സംഗീതജ്ഞരുടെ പ്രതിഭയുടെ ഉരകല്ല്. ആരോഹണ അവരോഹണങ്ങളോ ശാസ്ത്രീയമായ ചിട്ടവട്ടങ്ങളോ മാത്രമല്ല സംഗീതം. ഹൃദയങ്ങളിലെത്താനുള്ള വഴി കൂടിയാണ്. 'എന്റെ സ്വരവും നിന്റെ സ്വരവും' ഒത്തുചേര്‍ന്ന് സൃഷ്ടിക്കുന്ന നല്ല സംഗീതത്തിനും സമൂഹത്തിനുമായി ഭീംസെന്‍ജോഷി പാടിയ 'മിലേ സുര്‍ മേരാ തുമാരാ' ജനകോടികളുടെ ഹൃദയങ്ങളിലെത്തിയെങ്കില്‍ സംഗീതത്തിന്റെ യഥാര്‍ഥ മാര്‍ഗവും ലക്ഷ്യവുമാണത്.

ഒരു കാലഘട്ടം അവസാനിക്കുകയാണ്. മഹാരഥന്മാര്‍ക്കൊപ്പം തുടങ്ങി മഹത്വത്തിലേക്കുയര്‍ന്ന ഒരു സംഗീതജ്ഞന്റെ കാലം. ബഡേ ഗുലാം അലി ഖാനും സവായ് ഗന്ധര്‍വയും ജീവിച്ചിരുന്നപ്പോള്‍ തന്നെയാണ് യുവാവായ ഭീംസെന്‍ജോഷി ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്നത്. ഇന്ത്യന്‍ സംഗീതം ഒരു പുതിയ പാട്ടു കേട്ടു. എല്ലാവരും അത് ശ്രദ്ധിച്ചു. അങ്ങനെ ചുവടുറപ്പിച്ച ആ സംഗീതജീവിതത്തിന് പിന്നോട്ടുപോക്കുണ്ടായില്ല.

അബ്ദുള്‍കരീം ഖാനും അബ്ദുള്‍വാഹിദ് ഖാനും ചേര്‍ന്ന് ഉടച്ചുവാര്‍ത്ത കിരാന ഘരാനയുടെ സാധ്യതകളെ പുതിയ ആകാശങ്ങളിലെത്തിച്ചു എന്നതാണ് ഭീംസെന്‍ ജോഷിയുടെ നേട്ടം. ഉത്തര്‍പ്രദേശിലെ കിരാന എന്ന സ്ഥലത്തുനിന്ന് വീണാകാരന്മാരിലൂടെ ഉരുത്തിരിഞ്ഞ ഗായകശൈലി ഉസ്താദ് ബന്ദേ അലി ഖാനിലൂടെയാണ് അബ്ദുള്‍കരീം ഖാനിലും അബ്ദുള്‍വാഹിദ് ഖാനിലും എത്തിയത്. കര്‍ണാടകത്തിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍, പ്രത്യേകിച്ച് ധാര്‍വാഡിലെ ഗായകരുടെ ശൈലിയായി കിരാന ശൈലി മാറി. ഖയാലിലെ ആലാപില്‍ ഓരോ സ്വരത്തിലും കെട്ടിയിട്ട് അവിടെ കുറെനേരം ചുറ്റിത്തിരിയുന്നതായിരുന്നു പഴയ കിരാന ശൈലി. അബ്ദുള്‍കരീം ഖാന്‍ ഇതിനെ നവീകരിച്ച് വിളംബഗതിയില്‍ സ്വരങ്ങളുടെ കൂടുതല്‍ സ്വതന്ത്രവും പരസ്പര ഇണക്കമുള്ളതുമായ ആലാപനമാക്കി. ഭാവന കൂടുതല്‍ വിപുലമായപ്പോള്‍ രാഗങ്ങളുടെ സുന്ദരമായ മുഖങ്ങള്‍ കാണാന്‍ തുടങ്ങി. കര്‍ണാടകസംഗീതവുമായി വളരെ അടുപ്പമുണ്ടായിരുന്ന അബ്ദുള്‍ കരീം ഖാന്‍ താനങ്ങളുടെ മികച്ച പ്രയോഗം കൂടി ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഇണക്കിച്ചേര്‍ത്തു.

രാഗങ്ങള്‍ക്ക് കൂടുതല്‍ ഭാവാത്മകതയും സൌന്ദര്യവും സാധ്യതകളും കൈവന്നതോടെ ഖയാല്‍ രൂപമാകെ മാറി. ഖയാലിന് അറബി ഭാഷയില്‍ ഭാവന എന്നാണര്‍ഥം. ഒരു സാഹിത്യഭാഗം എടുത്ത് അതിന്റെ നൂറായിരം ഭാവനകള്‍ ആവിഷ്കരിക്കുക. പിന്നെ സ്വരപ്രസ്താരവും താനവും. തുടക്കം ആലാപില്‍. കൂടുതല്‍ സങ്കീര്‍ണവും ശാസ്ത്രീയവുമായിരുന്ന ദ്രുപദിനെ പിന്തള്ളി ഖയാല്‍ ഏറ്റവും ജനപ്രിയമായ സംഗീതരൂപമായി മാറി. സംഗീതത്തിന്റെ ഏറെക്കുറെ എല്ലാ അംശങ്ങളും സൌന്ദര്യാത്മകമായി കൂട്ടിയോജിപ്പിച്ച രൂപം. അബ്ദുള്‍കരീം ഖാന്‍ ഖയാലിനെ സമ്മോഹനമായ സംഗീതരൂപമാക്കി. അബ്ദുള്‍കരീം ഖാന്‍ പാടുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെയല്ലാതെ ആസ്വാദകര്‍ക്ക് കേട്ടിരിക്കാനാവുമായിരുന്നില്ല. അത്ര ഭാവോന്മീലനം ഏത് രാഗത്തിലും ഏത് രസത്തിലും അദ്ദേഹം കൈവരുത്തുമായിരുന്നു. മക്കളായ ഹീരാഭായ് ബറോദേക്കര്‍, സുരേഷ്ബാബു മാനെ, സരസ്വതി റാണെ എന്നിവരിലൂടെയും അനേകം ശിഷ്യരിലൂടെയും കിരാന ഗായകിശൈലി പുതിയ ഉയരങ്ങളിലെത്തി. കുമാര്‍ ഗന്ധര്‍വ, ഗംഗുപായ് ഹംഗല്‍, റോഷ്നാരാ ബീഗം തുടങ്ങി മഹാഗായകരുടെ വലിയൊരു നിരയെ കിരാന ഘരാന സമ്മാനിച്ചു. എന്നാല്‍ ഇതില്‍ ഏറ്റവും ജനപ്രിയനായ സംഗീതജ്ഞനായി ഭീംസെന്‍ ജോഷി മാറി.

ഭീംസെന്റെ ഭാവനയുടെ ആകാശം കുറേക്കൂടി വിശാലമായിരുന്നു. അറിവിന്റെയും അനുഭവങ്ങളുടെയും സമ്മേളനമായി അദ്ദേഹത്തിന്റെ സംഗീതം. ഗുരുവിനെത്തേടിയുള്ള അലച്ചില്‍ മുതല്‍ ഗുരുകുല സമ്പ്രദായത്തിന്റെ കടുത്ത ചിട്ടകള്‍വരെ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് വളര്‍ന്നത്.

കീര്‍ത്തന്‍കാരനായ മുത്തച്ഛനില്‍നിന്നും അമ്മയുടെ ഭജനുകള്‍, അഭംഗുകള്‍ എന്നിവയില്‍ നിന്നും കൊച്ചു ഭീംസെന്റെ മനസ്സില്‍ അങ്കുരിച്ച സംഗീതാഭിമുഖ്യം- നാട്ടില്‍ ഗ്രാമഫോണിലൂടെ കേട്ട സംഗീതം ആ ബാലനില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കി. സ്കൂളില്‍ പോയി മടങ്ങിവരാതെ കടയുടെ മുന്നില്‍ നിന്ന് ഗ്രാമഫോണ്‍ സംഗീതം കേള്‍ക്കലായിരുന്നു ഇഷ്ടപ്പെട്ട കാര്യം. ഭജനമണ്ഡലികള്‍ നാടുചുറ്റുമ്പോള്‍ അവരുടെ പിന്നാലെ നടക്കും. വിവാഹ ഘോഷയാത്രകളിലെ സംഗീതം കേട്ട് മറ്റെല്ലാം മറന്ന് ഒപ്പം പോകും. അധ്യാപകനായ അച്ഛന് തലവേദനയായിരുന്നു ഈ ബാലന്‍. 1933ല്‍ നാട്ടിലെ ഒരു ചായക്കടയില്‍ ഗ്രാമഫോണിലൂടെ അബ്ദുള്‍ കരീംഖാന്റെ 'പിയാ ബിന്‍ നഹീ ആവത്' എന്ന }ഝിഞ്ചോട്ടി രാഗത്തിലെ തുമ്രി കേട്ടതാണ് ഭീംസെന്‍ ജോഷിയെ ഗുരുവിനെത്തേടിപ്പോകാന്‍ പ്രേരിപ്പിച്ചത്. ഈ വരികള്‍ എഴുതുമ്പോള്‍ ഞാന്‍ അതേ ഗാനം കേട്ടു; എന്ത് അത്ഭുതമാണ് ഈ തുമ്രി ഭീംസെന്‍ ജോഷിയില്‍ സൃഷ്ടിച്ചതെന്നറിയാന്‍. അത്ഭുതകരവും സ്വപ്നാത്മകവുമായ ആ ആലാപനത്തിന്റെ വശ്യതയില്‍ വീണുപോകാതിരിക്കില്ല യഥാര്‍ഥ സംഗീതസ്നേഹി. രാഗത്തിന്റെ അതിരുകള്‍ തേടിയുള്ള അതിതീവ്രമായ അന്വേഷണമാണ് 'പിയാ ബിന്‍ നഹീ'. ഗുരുവിനെത്തേടി പുണെ, ഗ്വാളിയര്‍, ഖരഗ്പൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി, ജലന്ധര്‍ എന്നിങ്ങനെ നീണ്ടു യാത്ര. തുഛമായ പ്രതിഫലത്തിന് ജോലിചെയ്തും പട്ടിണികിടന്നും ട്രെയിനില്‍ പാട്ടുപാടി യാത്രക്കാരുടെ സഹായം തേടിയും അലഞ്ഞു. ജലന്ധറില്‍ ഹര്‍വല്ലഭ് സംഗീതോത്സവത്തില്‍ വിനായക്റാവു പട്വര്‍ധന്റെ പാട്ടുകേട്ട് ഗുരുവിനെ കണ്ടെത്തിയെന്ന് നിശ്ചയിച്ചു. എന്നാല്‍ ഇത്ര ദൂരെവന്ന് ക്ളേശം സഹിക്കാതെ സ്വന്തം നാട്ടിലുള്ള മഹാഗുരുവിനെ സമീപിക്കാനാണ് വിനായക്റാവു പട്വര്‍ധന്‍ ഉപദേശിച്ചത്. രാംഭാവു കുന്ദ്ഗോല്‍ക്കര്‍ എന്ന സവായ് ഗന്ധര്‍വ. അബ്ദുള്‍കരീം ഖാന്റെ നേര്‍ശിഷ്യന്‍. ഭീംസെന്‍ ജോഷിയുടെ അച്ഛന്‍ ഇതിനിടയില്‍ മകനെ അന്വേഷിച്ച് ജലന്ധറിലെത്തി. സവായ് ഗന്ധര്‍വയുടെ അടുക്കലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് മകനെ തിരികെ കൊണ്ടുവന്നു.

സവായ് ഗന്ധര്‍വ ആദ്യം പരീക്ഷിച്ചത് ക്ഷമയാണ്. സംഗീതം പരിശീലിക്കാനുള്ള ക്ഷമ. ആദ്യത്തെ ഒരു വര്‍ഷം സംഗീതമൊന്നും പഠിപ്പിച്ചില്ല. ക്ഷമ പഠിപ്പിച്ചു. പിന്നെ പരിശീലനം തുടങ്ങി. ആകെ മൂന്ന് രാഗങ്ങളാണ് അഞ്ചു വര്‍ഷംകൊണ്ട് സവായ് ഗന്ധര്‍വ പഠിപ്പിച്ചത്. തോടി, മുള്‍താനി, പൂരിയ എന്നിവ. ബാക്കിയൊക്കെ ഗുരുവിന്റെ കച്ചേരിക്ക് ഒപ്പം പോയപ്പോള്‍ കേട്ടുപഠിച്ചതും തുടര്‍ന്നുള്ള കാലത്ത് പഠിച്ചതുമാണ്. ഗംഗുപായ് ഹംഗല്‍ ആയിരുന്നു പ്രധാന സഹപാഠി.

തുമ്രിയിലെ മായാജാലക്കാരി ബീഗം അക്തറിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. ആകാശവാണിയില്‍ ജോലി ലഭിക്കാന്‍ സഹായിച്ചത് ബീഗം അക്തറാണ്. ലക്നൌവിലും ഡല്‍ഹിയിലും ജോലിചെയ്ത ശേഷം മുംബൈയിലെത്തി. 1946ല്‍ സവായ് ഗന്ധര്‍വയുടെ അറുപതാംപിറന്നാളിന് പുണെയില്‍ നടത്തിയ കച്ചേരിയാണ് ഭീംസെന്‍ ജോഷിയെ ഇന്ത്യന്‍ സംഗീതലോകത്തിന് പരിചയപ്പെടുത്തിയത്. പുതിയൊരു ഗായകി ശൈലി ഭീംസെന്‍ ജോഷി സൃഷ്ടിച്ചു. ഗുരുവിനെ അതേപടി അനുകരിക്കുന്ന ധാരാളം ഗായകരുണ്ട്. ഗുരുവാണ് പാടുന്നതെന്ന് തോന്നും. ഭീംസെന്‍ ജോഷി സ്വന്തം ഗുരുവില്‍നിന്ന് ഏറെ പഠിച്ചെങ്കിലും സംഗീതയാത്ര അവിടെ നിര്‍ത്തിയില്ല. കിരാന ഘരാനയുടെ സാരാംശം സ്വാംശീകരിച്ചെങ്കിലും ജയ്പൂര്‍-അത്രൌളി ഘരാനയുടെ സമ്പ്രദായങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചു. മല്ലികാര്‍ജുന്‍ മന്‍സൂര്‍, കേസര്‍ഭായ് കേര്‍കര്‍ എന്നിവരുടെ സംഗീതം. ഘരാനകളുടെ പരിമിതികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയില്ല. ഘരാനകളുടെ സൌന്ദര്യം അദ്ദേഹം എല്ലായിടത്തുനിന്നും സ്വീകരിച്ചു. അങ്ങനെ ഘരാനകളുടെ ഘരാനയായി ഭീംസെന്‍ ജോഷിയുടെ സംഗീതത്തെ കാണാവുന്നതാണ്.

ഗിരിശൃംഗത്തില്‍ നിന്ന് പുറപ്പെടുന്ന ഒരു നദിയുടെ പ്രവാഹഗതി അദ്ദേഹത്തിന്റെ സംഗീതത്തില്‍ ദര്‍ശിക്കാനാവും. ആധാരസ്വരത്തില്‍നിന്ന് മൃദുവായി ആരംഭിച്ച് പ്രവചിക്കാനാവാത്ത ദിശകളിലേക്കൊഴുകുന്ന മഹാനദി. അതില്‍ നിശ്ശബ്ദത, ധ്യാനം, അന്വേഷണം, ഭ്രമാത്മകത എന്നിവയൊക്കെയുണ്ട്. ഓരോ തവണ പാടുമ്പോഴും ഓരോ പുതിയ അവതരണമായിരിക്കും. 'ചിട്ടപ്പെടുത്തിയ മനോധര്‍മം' അദ്ദേഹത്തിനില്ല. വിളംബ, മധ്യ, ദ്രുത ലയങ്ങളിലൊന്നും ഇടറാതെ അത് രാഗത്തിന്റെ പുതിയ കൊടുങ്കാറ്റുകള്‍ ഓരോ കച്ചേരിയിലും സൃഷ്ടിച്ചുകൊണ്ടിരിക്കും. കലാനൈപുണ്യവും ഭ്രാന്തമായ ഭാവനകളും ചേര്‍ന്ന് രാഗങ്ങള്‍ക്ക് പുതിയ നിറങ്ങള്‍ ചാര്‍ത്തും. അനിതരസാധാരണമായ ശക്തിയുള്ള ശാരീരമാണ് അദ്ദേഹത്തിന്റേത്. അത്ഭുതകരമായ ശ്വാസനിയന്ത്രണവും. ഇവ രണ്ടും ചേര്‍ന്ന് സംഗീതത്തിന്റെ പരിപക്വമായ വിന്യാസം സൃഷ്ടിക്കും. മിയാന്‍ കി മല്‍ഹര്‍, ദര്‍ബാറി കാനഡ, യമന്‍, പുരിയ കല്യാണ്‍, ധനാശ്രീ, ശുദ്ധ കല്യാണ്‍, ആഭോഗി, മാര്‍വ, പൂരിയ, തോടി, ജോഗിയ, ബിഹാഗ് തുടങ്ങി ഇഷ്ടമുള്ള രാഗങ്ങള്‍ നിരവധിയാണ് അദ്ദേഹത്തിന്.

കിരാന ഘരാനയുടെ നവോത്ഥാനകാലത്തെ അബ്ദുള്‍കരീം ഖാനില്‍നിന്ന് ഭീംസെന്‍ ജോഷിയിലെത്തുമ്പോള്‍ കാല്പനിക സംഗീതം വളരുക തന്നെയായിരുന്നു. അബ്ദുള്‍കരീം ഖാന്റെ ആര്‍ദ്രമായ ശാരീരവും സ്വരങ്ങളിലൂടെയുള്ള ആത്മാവിഷ്കാരവും ജോഷിയിലെത്തുമ്പോള്‍ കൂടുതല്‍ ശക്തവും സുന്ദരവുമായി. അദ്ദേഹം പങ്കാളിയായ ജുഗല്‍ബന്ദികള്‍ മറക്കാനാവാത്ത സംഗീതാനുഭവങ്ങളാണ്. കര്‍ണാടകസംഗീതത്തിലെ അതികായനായ ബാലമുരളീകൃഷ്ണയുമായി അദ്ദേഹം നടത്തിയ ജുഗല്‍ബന്ദികള്‍ ഇന്ത്യന്‍ സംഗീതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ്. തന്നെക്കാള്‍ എത്രയോ ചെറുപ്പമായിരുന്ന റഷീദ് ഖാനുമൊന്നിച്ചും അദ്ദേഹം ജുഗല്‍ബന്ദി നടത്തി.

വിനയവും ലാളിത്യവും ഭീംസെന്‍ ജോഷിയുടെ മുഖമുദ്രകളായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സംഗീതത്തെ ചിട്ടകള്‍ക്കുവേണ്ടിയുള്ള അഭ്യാസമായി അദ്ദേഹം കണ്ടില്ല. സംഗീതം സ്വാംശീകരിക്കുന്നതിനും ആവിഷ്കരിക്കുന്നതിനും കര്‍ശനമായ അച്ചടക്കവും ചിട്ടയും പുലര്‍ത്തുമ്പോഴും ജീവിതത്തിന്റെ മറ്റു ഭാഗങ്ങളെ അദ്ദേഹം സ്വതന്ത്രമായി വിട്ടു. അതിവേഗത്തില്‍ ഏറെ ദൂരം കാറോടിച്ചും ജീവിതത്തിന്റെ ലഹരി നുകര്‍ന്നും അദ്ദേഹം സംഗീതത്തിന് കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. രാഗങ്ങളിലൂടെയും കടുത്ത ജീവിതാനുഭവങ്ങളിലൂടെയുമുള്ള ഭ്രാന്തമായ സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നു പറയാം. കല ഒരു പരിമിതിയാക്കാതെ സ്വാതന്ത്ര്യമാക്കി അദ്ദേഹം മാറ്റി. ആ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ കലയെ വളര്‍ത്തുകയും ചെയ്തു. രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി ആദരിച്ചപ്പോഴും അദ്ദേഹം തലകുനിക്കുക മാത്രം ചെയ്തു.

*
വി ജയിന്‍ കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എണ്‍പതുകളിലെ ഒരു വേനല്‍ക്കാലത്താണ് ഡല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തില്‍ ആദ്യമായി ഭീംസെന്‍ ജോഷിയെ കണ്ടത്. കേട്ടുകേട്ട് കൊതിച്ചുപോയ സംഗീതം ആദ്യമായി നേരില്‍ ആസ്വദിക്കുന്നതിന്റെ അത്ഭുതം.

അവിടെ മല്‍ഹര്‍ ഉത്സവമായിരുന്നു. മല്‍ഹറുകളുടെ മഴക്കാലം...

ഖയാലുകളുടെ ഒരു വസന്തംകൂടി കഴിഞ്ഞു. സംഗീത ഭാവനയുടെ ഭ്രാന്തമായ ഒരു യുഗം. സംഗീതം കാല്പനികതയുടെ കൊടുമുടിയില്‍ പതാക നാട്ടിയ കാലം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വപ്നസുന്ദരമായ കാലം. നല്ല കുറെ ഓര്‍മകളും സംഗീതവും ബാക്കിയാക്കി ഭീംസെന്‍ ജോഷി കടന്നുപോകുമ്പോള്‍ ഇന്ത്യ സാംസ്കാരികമായ അനാഥത്വത്തിലേക്ക് നടന്നടുക്കുകയാണ്. സംഗീതത്തിനായി സമര്‍പ്പിച്ച ഒരു ജീവിതത്തെ എവിടെനിന്ന് പകരം വയ്ക്കും?