Sunday, February 27, 2011

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരവുമായി സെമിനാര്‍

അര്‍ഥവത്തും ഫലപ്രദവുമായ വിഷയങ്ങള്‍, സംവാദാത്മകമായ അന്തരീക്ഷം, രാജ്യം അറിയുന്ന പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുടെ ലളിതമായ അവതരണം. ബത്തേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ദേശീയ സെമിനാര്‍ വയനാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളിലേക്കും ബദല്‍മാര്‍ഗം ചൂണ്ടിക്കാണിച്ചും അക്ഷരാര്‍ഥത്തില്‍ അര്‍ഥവത്തായി.

കാര്‍ഷിക മേഖലയിലെ യഥാര്‍ഥ പ്രതസിന്ധിക്ക് കാരണം സര്‍ക്കാരിന്റെ പിന്‍മാറ്റമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അടിവരയിട്ട് പറഞ്ഞു. ബഹുരാഷ്ട്ര കോര്‍പറേറ്റ് കമ്പനികള്‍ ലാഭം മുഴുവന്‍ തട്ടിയെടുക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാകുകയാണ്. നെഹ്റു യുഗത്തില്‍നിന്ന് വ്യത്യസ്തമായ നയം കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് കര്‍ഷകരെ പാപ്പരീകരിക്കുന്നതാണ്. ഇതിന് ബദലായി കേരളം മുന്നോട്ടുവെക്കുന്ന ജനകീയബദലിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സെമിനാര്‍ സമാപിച്ചത്. ജനകീയ കൂട്ടായ്മയില്‍ സ്ഥാപിതമാകുന്ന ബ്രഹ്മഗിരി മാംസ സംസ്കരണ വ്യവസായ ശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുന്ന സാഹചര്യത്തിലായിരുന്നു ദേശീയ സെമിനാര്‍. വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളും ക്ഷണിക്കപ്പെട്ടവരും ഉള്‍ക്കൊള്ളുന്ന പ്രൌഢമായ സദസ്സ് സെമിനാറിന്റെ പ്രത്യേകതയാണ്. ഉദ്ഘാടനച്ചടങ്ങില്‍ പ്രൊഫ. തോമസ് തേവര അധ്യക്ഷനായി. പി കൃഷ്ണപ്രസാദ് എംഎല്‍എ സംസാരിച്ചു. സി എസ് ശ്രീജിത്ത് സ്വാഗതവും ബ്രഹ്മഗിരി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പി വി വര്‍ഗീസ് വൈദ്യര്‍, വൈസ്ചെയര്‍മാന്‍ ടി സുരേഷ്ചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരും സെമിനാറില്‍ സംബന്ധിച്ചു.

കേരളത്തിന്റേത് ബദല്‍ നയം: പ്രഭാത് പട്നായിക്

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച് ജോര്‍ജ് ബുഷും അമേരിക്കയും കുറ്റപ്പെടുത്തുന്നത് ചൈനയേയും ഇന്ത്യയേയുമാണ്. ഇരുരാജ്യങ്ങളും വന്‍സാമ്പത്തിക ശക്തിയായി വളര്‍ന്നതിനാല്‍ ഭക്ഷ്യോപഭോഗം വര്‍ധിച്ചതാണ് കാരണമത്രെ. ഇതുതന്നെയാണ് ആസൂത്രണ കമീഷന്‍ വൈസ്ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയയും പറയുന്നത്. വസ്തുതകള്‍ ഇതിനുവിരുദ്ധമാണ്. രാജ്യത്തെ ഭക്ഷ്യോല്‍പാദനവും ഭക്ഷ്യോപഭോഗവും കുറയുകയാണെന്നതാണ് കണക്ക്. ഇന്ധനവരവില്‍ വന്‍കുറവുണ്ടായപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ജൈവഇന്ധനമാക്കി മാറ്റുകയാണ് അമേരിക്ക. ഇത് മറച്ചുവെക്കാനാണ് ഇന്ത്യക്കും ചൈനക്കും എതിരെ തിരിയുന്നത്. ഇന്ത്യയാകട്ടെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് നല്‍കുന്ന വിലയേക്കാള്‍ കുറച്ചാണ് കയറ്റുമതിചെയ്യുന്നത്. ഇത് ജപ്പാനിലും മറ്റും പന്നിക്കും കോഴിക്കും ഭക്ഷണമാകുന്നു. വയനാട്ടിലെ കാപ്പിയുടെ വില കുറയുമ്പോഴും കാപ്പിപ്പൊടിയുടെയും പരിപ്പിന്റെയും വിലകുറയുന്നില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ലാഭംമുഴുവന്‍ കൊണ്ടുപോകുന്നത്. ഇത് തടയണമെങ്കില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും ഉണ്ടാകണം. ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ സഹായത്തോടെയല്ല ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത്. പാപ്പരീകരിക്കപ്പെടുന്ന കര്‍ഷകരെ സംരക്ഷിച്ചും സഹായിച്ചുമാണ് ഇത് നിര്‍വഹിക്കേണ്ടത്.

കാര്‍ഷികമേഖലയില്‍ ചെലവ് വര്‍ധിക്കുകയും വരുമാനം കുറയുകയുമാണ്. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകര്‍ പണത്തിന് ഹുണ്ടികക്കാരെ ആശ്രയിക്കും. ഇങ്ങനെ കടക്കെണിയില്‍ അകപ്പെട്ടതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിപ്പിച്ചത്. ജനകീയ കൂട്ടായ്മ പ്രതിസന്ധിക്ക് ബദലായി ഉയര്‍ന്നുവരണം. കേരളം ഇക്കാര്യത്തില്‍ മാതൃകയാണെന്നും പ്രൊഫ. പട്നായിക് പറഞ്ഞു. രാജ്യത്താകെ നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവരുമ്പോള്‍ കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം വലിയമുന്നേറ്റമുണ്ടായി. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചും സബ്സിഡിയും വിത്തും വളവും നല്‍കിയും ഉല്‍പാദനമേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ടതിനാലാണ് ഇത് സാധ്യമായത്. പുറമെ വയല്‍ നികത്തുന്നതിനെതിരെ നിയമവും കര്‍ശനമാക്കി. എല്ലാ ജില്ലകളിലും അരി മില്ലുകള്‍ തുറക്കാനും നടപടിയായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

ഉദാരവല്‍കൃത നയത്തിലൂടെ കേന്ദ്രം കര്‍ഷകരെ വെടിവെക്കുന്നു: പ്രൊഫ. ഉത്സ

കാലാവസ്ഥാ വ്യതിയാനവും വിളനാശവുമാണ് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കരുതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു. പ്രതിസന്ധിയുടെ യഥാര്‍ഥ കാരണമായ ഉദാരവല്‍കൃത സാമ്പത്തിക നയം വെടിയുണ്ടകള്‍പോലെയാണ് കര്‍ഷകര്‍ക്കുനേരെ ചീറിവരുന്നത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് 'ഭക്ഷ്യസുരക്ഷയും സാമ്പത്തിക പ്രതിസന്ധിയും ജനകീയ ബദലും' എന്ന വിഷയത്തില്‍ നടന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

ആഭ്യന്തര ഉല്പാദനവളര്‍ച്ചാനിരക്ക് വര്‍ധിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വാസ്തവമില്ല. ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യം കിട്ടാതിരിക്കുകയും ഉല്‍പാദനം കുറയുകയുംചെയ്യുമ്പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാകുക- സെമിനാറില്‍ 'ഇന്ത്യന്‍ കര്‍ഷകരും കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് പ്രൊഫ. ഉത്സ ചോദിച്ചു. കാര്‍ഷികരംഗത്ത് നെഹ്റുവിന്റെ നയം അട്ടിമറിക്കപ്പെട്ടത് ഇന്ത്യയിലെ പ്രതിസന്ധിക്ക് ഒരു കാരണമാണ്. പഞ്ചവത്സര പദ്ധതികളിലൂടെ കാര്‍ഷികമേഖലയുടെ പുരോഗതിക്ക് മുന്‍ഗണന നല്‍കിയെങ്കില്‍ കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. സ്വാതന്ത്യ്രത്തിന് മുമ്പ് 136 കിലോഗ്രാമായിരുന്നു പ്രതിശീര്‍ഷ ഭക്ഷ്യവരുമാനം. ഇത് പിന്നീട് 180 കിലോവരെ എത്തി. 1950 മുതല്‍ 90 വരെ പഞ്ചവത്സര പദ്ധതികളിലൂടെയുണ്ടാക്കിയ നേട്ടമാണ് സര്‍ക്കാര്‍ നയത്തിന്റെ ഫലമായി പിറകോട്ടുപോയത്. ഇപ്പോള്‍ 115 കിലോഗ്രാമാണ് നമ്മുടെ പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത. പോഷകാഹാരലഭ്യതയിലും കുറവുണ്ടായി. ഉല്‍പാദനം വര്‍ധിച്ചു എന്നുപറയുമ്പോഴും ഇന്ത്യയില്‍ പട്ടിണികിടക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പറയണം.

നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ഇന്ത്യയില്‍ വാണിജ്യവല്‍കരണത്തിന്റെയും വ്യവസായപ്രീണനത്തിന്റെയും അനന്തരഫലങ്ങളാണ് ഇപ്പോള്‍ അനുഭവഭേദ്യമാകുന്നത്. സര്‍ക്കാര്‍ സബ്സിഡി നല്‍കിയും കര്‍ഷകരെ പരമാവധി സഹായിച്ചും ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കണം. വിളവില മാറിക്കൊണ്ടിരിക്കുന്നതും കര്‍ഷകരെ ദുരതത്തിലാക്കി. സേവനമേഖലയില്‍നിന്ന് പൂര്‍ണമായും മാറിനില്‍ക്കുക എന്നത് നെഹ്റുവിന്റെ നയമല്ല. കാര്‍ഷികോത്പാദനം കുറയുന്നതോടൊപ്പം മൃഗസമ്പത്തും കുറയും. അനിയന്ത്രിതമായ കയറ്റുമതിയും പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രൊഫ. ഉത്സ പട്നായിക് പറഞ്ഞു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 27 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി കേരളം മുന്നോട്ടുവെക്കുന്ന ബദല്‍നയം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബത്തേരിയില്‍ ബ്രഹ്മഗിരി അഗ്രിഫെസ്റ്റിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ സാമ്രാജ്യത്വ കാലഘട്ടത്തിലെ കാര്‍ഷികപ്രശ്നങ്ങളും ജനകീയബദലിന്റെ പ്രാധാന്യവും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.