Saturday, February 12, 2011

റോഡ് വികസനത്തില്‍ പുത്തന്‍ അധ്യായം

2011-12 സംസ്ഥാന ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കിയത് റോഡ് വികസനത്തിനാണ്. കേരളത്തിലെ റോഡ് വികസന ചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുന്നതായിരുന്നു ബജറ്റിലെ നിര്‍ദേശങ്ങളും പദ്ധതികളും. 40,000 കോടി രൂപയുടെ റോഡ് വികസനം നടത്താനാണ് ബജറ്റ് നിര്‍ദേശം. 5252 കോടിയുടെ റോഡ് നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. റോഡ് നിര്‍മാണത്തിന് മെയിന്റനന്‍സ് ഉള്‍പ്പെടെ എല്ലാ ഏജന്‍സികളുംകൂടി 2011-12ല്‍ 4000 കോടി രൂപയാണ് ചെലവഴിക്കുക.

ബജറ്റ് പ്രസംഗത്തില്‍ വിശദമായി ഇക്കാര്യങ്ങള്‍ പറയുന്നു. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ദിനംതോറും നിരത്തിലിറങ്ങുന്ന വാഹനങ്ങളും ഗതാഗതത്തിരക്കും താങ്ങാന്‍ കേരളത്തിലെ റോഡുകള്‍ക്ക് ത്രാണിയില്ല. ബിറ്റുമിന്‍ മക്കാഡം-ബിറ്റുമിന്‍ കോൺക്രീറ്റ് ഡിസൈനര്‍ റോഡുകളിലേക്കു മാറിയാല്‍ ഇതിന് പരിഹാരമാകും. ഇതിന്റെ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷനുമായിരിക്കും. ഒരു ദശകംകൊണ്ട് 40,000 കോടി വരുന്ന തുക വായ്പയെടുക്കാനുള്ള ക്രെഡിറ്റ് റേറ്റിങ് അഥവാ കമ്പോള വിശ്വാസം റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷനും ഉറപ്പുവരുത്തണം. ഇതിനായി മോട്ടോര്‍ വാഹന നികുതിയുടെ ആദ്യത്തെ മൂന്ന്-ആറുമാസത്തെ വരുമാനം എസ്‌ക്രൂ അക്കൌണ്ടായി ഈ രണ്ടു സ്ഥാപനങ്ങള്‍ക്കു നല്‍കും. പരസ്യനികുതി, ഭൂവികസന പരിപാടികള്‍ തുടങ്ങിയ തനത് വരുമാന സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് ചെയ്യേണ്ടത്.

അല്‍ബറാക് എന്ന പലിശരഹിത ധനസ്ഥാപനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സമഗ്ര റോഡ് വികസന പദ്ധതിക്കുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും. റോഡ് ഫണ്ട് ബോര്‍ഡും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷനും ഏറ്റെടുക്കുന്ന നിര്‍മാണപ്രവൃത്തികള്‍ക്ക് ഒരു നിശ്ചിത ശതമാനം സര്‍വീസ് ചാര്‍ജായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഇതില്‍നിന്ന് ലാഭവിഹിതം പലിശരഹിത സ്ഥാപനമായ അല്‍ബറാക്കിനു നല്‍കാന്‍ കഴിയും. പലിശരഹിത സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 'ഡബിള്‍ ടാക്സേഷന്‍' പോലുള്ള ചില പ്രായോഗിക വൈഷമ്യങ്ങളുണ്ട്. ഇവ പഠിക്കുന്നതിനുവേണ്ടി ഒരു വിദഗ്ധസമിതിയെ നിയോഗിക്കും.

40,000 കോടി രൂപയുടെ സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതിയിലേക്ക് 1000 കോടി രൂപ ധനമന്ത്രാലയം വകയിരുത്തിയിട്ടുണ്ട്. പലിശരഹിത വായ്പയായി റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷനും റോഡ് ഫണ്ട് ബോര്‍ഡിനും ഈ തുക ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 5000 കോടിയില്‍പ്പരം രൂപയുടെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ 2011-12ല്‍ ഈ സ്ഥാപനങ്ങള്‍ ഏറ്റെടുക്കും.

1920 കോടി രൂപയുടെ സ്റേറ്റ് ഹൈവേ പാക്കേജ് പ്രകാരം 320 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പത്തു സ്റേറ്റ് ഹൈവേ പുനരുദ്ധരിക്കും. 765 കോടി രൂപയുടെ ജില്ലാ റോഡ് പാക്കേജ് പ്രകാരം 765 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 36 ജില്ലാ റോഡുകള്‍ രണ്ട് ലൈന്‍ റോഡായി വികസിപ്പിക്കും. 1000 കോടിയുടെ ബൈപാസ് പാക്കേജ് പ്രകാരം സമഗ്ര റോഡു നിര്‍മാണ പദ്ധതിയുടെ ഭാഗമായി 14 ബൈപാസിന് അനുമതി നല്‍കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ ഏറ്റുമാനൂര്‍വരെ എംസി റോഡിനു സമാന്തരമായി തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നീ പട്ടണങ്ങളെ ബൈപാസ് ചെയ്ത് പുതിയ റോഡ് നിര്‍മിക്കും. സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കും.
നഗരങ്ങളിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ജങ്ഷന്‍ നവീകരണവും അത്യന്താപേക്ഷിതമാണ്. ഇതിനായി 5 പാക്കേജിനാണ് അനുമതി നല്‍കിയിട്ടുള്ളത്. 202 കോടിയുടെ എറണാകുളം പാക്കേജ്, 120 കോടി രൂപയുടെ കൊല്ലം പാക്കേജ്, 142 കോടി രൂപയുടെ തൃശൂര്‍ പാക്കേജ്, 180 കോടി രൂപയുടെ കോഴിക്കോട് പാക്കേജ്, 250 കോടി രൂപയുടെ തിരുവനന്തപുരം പാക്കേജ് എന്നിവയാണവ. ഈ പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാനാകും. 125 കോടി രൂപ ചെലവില്‍ തിരുവനന്തപുരം നഗരകേന്ദ്രത്തില്‍നിന്ന് മംഗലപുരത്തേക്ക് 25 കിലോമീറ്റര്‍ നീളത്തില്‍ റേഡിയല്‍ റോഡിന്റെ നിര്‍മാണവും ഏറ്റെടുക്കുന്നുണ്ട്.

മലയോര ഹൈവേയുടെ ചില ഭാഗങ്ങളുടെ പണികള്‍ക്ക് ഇതിനകം ഭരണാനുമതി നല്‍കിയിട്ടുണ്ട്. തീരദേശ ഹൈവേക്കു വേണ്ടി റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ട്. 42 കിലോമീറ്റര്‍ പുനരുദ്ധരിച്ചുകഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പൂവാര്‍ മുതല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിവരെ വരുന്ന 279 കിലോമീറ്റര്‍ ദൂരം 420 കോടി രൂപ ചെലവില്‍ പുനരുദ്ധരിക്കാന്‍ അനുമതി നല്‍കി. അഴീക്കോട് - മുനമ്പം പാലത്തിനും അനുമതി നല്‍കും. പൊന്നാനി മുതല്‍ എലത്തൂര്‍ വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷനെ ചുമതലപ്പെടുത്തി.

നീണ്ടുനിന്ന മഴക്കാലം റോഡുകള്‍ തകരുന്നതിന് ഇടയാക്കിയിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ അടിയന്തരമായി പുതുക്കിപ്പണിയാന്‍ ബജറ്റില്‍ വകയിരുത്തി. ഇതിനുപുറമെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 346 കോടി രൂപ അനുവദിച്ചു. പൊതുമരാമത്തു വകുപ്പിന് 700 കോടി രൂപയാണ് അധികമായി അനുവദിച്ചത്. ശക്തമായ മഴമൂലം ഡിസംബറില്‍മാത്രമാണ് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാനായത്. ഈ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പ് റോഡ് ശൃംഖല സാധാരണ നിലയിലാകും.

ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി നാലാം ധനകമിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് സര്‍ക്കാരിന് യോജിപ്പാണുള്ളത്. സമഗ്രമായ റോഡ് നിര്‍മാണ പ്ളാന്‍ ഉണ്ടാവുകയും മുന്‍ഗണനാക്രമത്തില്‍ റോഡുകള്‍ തെരഞ്ഞെടുക്കുകയും വേണം. റോഡ്‌നിര്‍മാണത്തിന് കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അറ്റകുറ്റപ്പണികള്‍ക്കുള്ള തുക കണ്ടെത്തിയതിന് ശേഷമേ പുതിയ റോഡുകള്‍ ഏറ്റെടുക്കാവൂ. റോഡ് മെയിന്റനന്‍സിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള തുക 2010-11ല്‍ 203 കോടി രൂപയായിരുന്നത് 2011-12ല്‍ 528 കോടിയാക്കി ഉയര്‍ത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിനു മുമ്പുതന്നെ മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗപ്പെടുത്തി ഫെബ്രുവരിയില്‍ത്തന്നെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാം. ഇതു പിന്നീട് പദ്ധതിയിലുള്‍പ്പെടുത്തിയാല്‍ മതിയാകും. പതിനൊന്നാം പദ്ധതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് 20 ശതമാനമായിരുന്ന പശ്ചാത്തല മേഖലാ വിഹിതം 40 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

ഏഴുവര്‍ഷത്തിലേറെയായി മറ്റ് ജില്ലാ റോഡ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതുകാരണം റോഡുകളുടെ അറ്റകുറ്റപ്പണി സമയാസമയം നടക്കാതെ പോയി. ഉടമസ്ഥാവകാശം നോക്കാതെ തകര്‍ന്ന റോഡുകള്‍ പണിയുന്നതിന് പൊതുമരാമത്തിന് അനുവാദം നല്‍കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച 1000 കോടി രൂപയ്ക്കു പുറമെ വാര്‍ഷിക പദ്ധതിയില്‍ പൊതുമരാമത്തിന് 586 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎസ്‌ടിപി രണ്ടാംഘട്ടത്തില്‍ 250 കോടി രൂപ മുടക്കി ഏഴ് റോഡിന്റെ പുനരുദ്ധാരണവും മെയിന്റനന്‍സും ഏറ്റെടുക്കും.

നബാര്‍ഡില്‍നിന്ന് 147 കോടി രൂപ കേരളത്തിലങ്ങളോമിങ്ങോളമുള്ള അഞ്ച് പാലത്തിനായും 11 റോഡിനായും വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്തിന് നാല് റോഡിനും ഒമ്പത് പാലത്തിനും 44 കോടി രൂപ വകയിരുത്തി. സംസ്ഥാന ഹൈവേയുടെ പുനരുദ്ധാരണത്തിന് 55 കോടി രൂപയും പ്രധാന ജില്ലാ റോഡുകള്‍ക്ക് പൊതുമരാമത്തിന് 66 കോടി രൂപയും വകയിരുത്തി. റോഡ് ഫണ്ട് ബോര്‍ഡിന്റെയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്റെയും സമഗ്ര പരിപാടിയോട് സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കുക.

ആലപ്പുഴയിലെ കനാല്‍ ശുചീകരണ പദ്ധതിക്ക് 9 കോടി രൂപയാണ് വകയിരുത്തിയത്. കോട്ടയം, ആലപ്പുഴ നഗരങ്ങളുടെ ജങ്ഷന്‍ നവീകരണത്തിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്. മട്ടാഞ്ചേരിപ്പാലം പുതുക്കിപ്പണിയും. ആലപ്പുഴ കിഴക്കന്‍ ബൈപാസിന് 40 കോടി രൂപയാണ് അടങ്കല്‍.

ഇങ്ങനെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് വികസനമാണ് ഈ ബജറ്റ് വിഭാവനംചെയ്യുന്നത്. ഇക്കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനായി ശക്തമായ ഗവേഷണ പിന്തുണ കൂടിയേ തീരൂ. ഇതിനായി തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ടെസ്റ് ട്രാക്ക് സൌകര്യത്തോടുകൂടിയ ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കേരള ഹൈവേ റിസര്‍ച്ച് സെന്റര്‍ ഡ്രിക്കിന്റെ കൂടി ആസ്ഥാനമായി ഇത് മാറും. ഡിപിആര്‍ തയ്യാറാക്കുന്നതിനു പുറമെ ക്വാളിറ്റി കൺട്രോളും ഇവരുടെ ചുമതലയിലായിരിക്കും. ഈ പുതിയ സംവിധാനത്തിന് 5 കോടി രൂപ അനുവദിച്ചു.

ദേശീയപാത 47, 17 എന്നിവ നാലുവരിയാക്കുന്നതിന് രാഷ്ട്രീയപാര്‍ടികള്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടായിട്ടുണ്ട്. നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് എല്ലാവരും അംഗീകരിക്കുന്ന പാക്കേജും രൂപപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതിനു പുറമെ വ്യാപാരികളുടെ പുനരധിവാസത്തിനും മറ്റും ആവശ്യമായ തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നാണ് ധാരണയായിട്ടുള്ളത്. ഇതിലേക്ക് 25 കോടി രൂപ വകയിരുത്തി. പാത നാലുവരിയാകുന്നതോടെ ഗതാഗതപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകും.

No comments: