Saturday, February 5, 2011

വിലക്കയറ്റവും കേന്ദ്ര സര്‍ക്കാരിന്റെ ലാഘവത്തോടെയുള്ള സമീപനവും

അതിരൂക്ഷമായ വിലക്കയറ്റം ദേശീയ തലത്തില്‍ മാത്രമല്ല, ആഗോളതലത്തിലും ഇന്ന് ചര്‍ച്ചാവിഷയമാണ്. പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇതിനെ ''അഗ്രി ഇന്‍ഫ്‌ളേഷന്‍'' എന്നും ''ഫുഡ് ഇന്‍ഫേഌഷന്‍'' എന്നും വിശേഷിപ്പിച്ചു തുടങ്ങി. വരുമാനത്തില്‍ സിംഹഭാഗവും വിശപ്പടക്കാര്‍വേണ്ടി മാത്രം വിനിയോഗിക്കുന്ന പട്ടിണിപ്പാവങ്ങളുടെ സ്ഥിതി ദയനീയമാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന ധാന്യമണികള്‍ പരതിനടക്കുന്ന പട്ടിണിപ്പാവങ്ങള്‍ അവ കൊത്തിപ്പറക്കാന്‍ വരുന്ന പക്ഷികളുമായിട്ടാണ് മത്സരം. ഇത് ഇന്ത്യയുടെ ഒരു മറ്റൊരു മുഖം. തൊഴിലും വരുമാനവും ഇല്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന ഒരിടമാണ് ഇന്നത്തെ ഇന്ത്യ. ഇവരെ വിസ്മരിച്ചുകൊണ്ട് എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും പ്രതിശീര്‍ഷവരുമാനം (46492 രൂപ) വളരെയധികം ഉയര്‍ന്നുവെന്നും കേന്ദ്രഭരണകൂടം വിളിച്ചുകൂകുമ്പോള്‍ വിലക്കയറ്റത്തിന്റെ യഥാര്‍ഥ പ്രത്യാഘാതം മറച്ചുെവയ്ക്കാന്‍ ശ്രമിക്കുകയാണ്.

വിലക്കയറ്റത്തെക്കുറിച്ച് പല സിദ്ധാന്തങ്ങളും സാമ്പത്തിക ശാസ്ത്രത്തില്‍ നിലവിലുണ്ട്. എന്നാല്‍ അവ കൈകാര്യം ചെയ്യുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. ആറ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഒത്തുകൂടിയാല്‍ ഏഴ് വ്യത്യസ്ത അഭിപ്രായങ്ങളാണുണ്ടാവുക. വിലക്കയറ്റത്തിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാമാഹ്യ സാമ്പത്തിക പരിതസ്ഥിതിയില്‍ വ്യത്യസ്തങ്ങളായ വിശദീകരണങ്ങള്‍ വിലക്കയറ്റത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് വളരെ അപഹാസ്യമാണുതാനും. ഉദാഹരണത്തിന് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങള്‍ സാമ്പത്തിക വികസനത്തിന്റെ ഫലമായി വരുമാനം കൂടിയതുകൊണ്ട് കൂടുതല്‍ ഭക്ഷണസാധനങ്ങള്‍ വിപണിയില്‍ നിന്നും വാങ്ങി കഴിച്ചുതുടങ്ങി. അതുകൊണ്ടാണ് ഇപ്പോള്‍ വിലക്കയറ്റം ഉണ്ടാകുന്നത്!! ഈ വിശദീകരണം ഒരു തരത്തിലും സ്വീകാര്യമല്ല. ഇത് തികച്ചും അപഹാസ്യം തന്നെ.

യുദ്ധകാലത്ത് പൂഴ്ത്തിവയ്പ്പ് വിലക്കയറ്റത്തിന് വഴിയുണ്ടാക്കുന്നു. ഇന്ന് ഏതായാലും യുദ്ധകാലമല്ല. പക്ഷേ പൂഴ്ത്തിവയ്പ്പ് വ്യാപകമാണ്. ഉത്പാദകനും ഉപഭോക്താവിനും ഇടയില്‍ ഇടനിലക്കാര്‍ നിരവധിയാണ്. അവര്‍ രണ്ടു കൂട്ടരെയും ചൂഷണം ചെയ്ത് സമ്പന്നരാകുന്നു. ഇതു തടയാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട പൊതുവിതരണ ശൃംഖല കേന്ദ്രഭരണകൂടം തന്നെ തകര്‍ക്കാന്‍ മുന്‍കൈയെടുക്കുന്നു. വന്‍ നഷ്ടം സഹിച്ചും അത് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളെ ചില നയപരിപാടികള്‍കൊണ്ട് നിരുത്സാഹപ്പെടുത്താന്‍ കേന്ദ്രഭരണകൂടം ശ്രമിക്കുന്നു. ലഭ്യമാകുന്ന ഭക്ഷ്യസാധനങ്ങള്‍ യഥാസമയം ഉത്പാദകരില്‍ നിന്നും ന്യായവില നല്‍കി വാങ്ങി പൊതുവിതരണശൃംഖല വഴി വിതരണം ചെയ്താല്‍ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ ഒരു പരിധിവരെ കഴിയും. കേരളം ഇതിന് ഉത്തമ ഉദാഹരണമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ''അഗ്രി-ഇന്‍ഫ്‌ളേഷന്‍'' അല്ലെങ്കില്‍ ''ഫുഡ് ഇന്‍ഫ്‌ളേഷന്‍'' ഇവിടെ കുറവും നിയന്ത്രണത്തിലുമാണ്.

ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിച്ചാല്‍ വിലക്കയറ്റം നിയന്ത്രിക്കാനാകും. ആദ്യമായി ഹരിത വിപ്ലവമുണ്ടായപ്പോള്‍ വലിയ മാറ്റങ്ങള്‍ നാം പ്രതീക്ഷിച്ചു. എന്നാലവ അസ്ഥാനത്തായി. ചെറുകിട-നാമമാത്ര കര്‍ഷകര്‍ വിഷമവൃത്തത്തിലായി. വന്‍കിട കര്‍ഷകര്‍ അതിവേഗം സമ്പന്നരായി. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില ഉയര്‍ന്നു. കാര്‍ഷികമേഖലയില്‍ വിപണി ശക്തികള്‍ താണ്ഡവമാടി. വിപണിശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ കാര്‍ഷികമേഖലയില്‍ ആധിപത്യം നേടി. പരമ്പരാഗത കൃഷി നാമമാത്രമായി ചുരുങ്ങി. ഭക്ഷ്യവിളകളുടെ കൃഷി ഒരു വ്യവസായത്തിന്റെ രൂപഭാവങ്ങള്‍ സ്വീകരിച്ചു. യന്ത്രവല്‍ക്കരണവും കരാര്‍ കൃഷിയും വ്യാപകമായി. ഗ്രാമ-കാര്‍ഷികമേഖലയില്‍ നിന്നും ലക്ഷങ്ങള്‍ തൊഴില്‍ തേടി നഗരപ്രദേശങ്ങളിലേയ്ക്ക് ഒഴുകി. നഗരങ്ങളിലെ ചേരികളില്‍ അവര്‍ ചേക്കേറി. അവിടെയും അവര്‍ അന്വേഷിച്ചത് കണ്ടെത്തിയില്ല. നഗരത്തിലെ തൊഴിലന്വേഷകരുടെ ആധിക്യം കൂലി-വേതന നിരക്കുകളെ കുത്തനെ കുറച്ചു. ഇത് വ്യവസായികള്‍ക്ക് സഹായമായി.
ഫാക്ടറിമേഖലയില്‍ നടന്നുവന്നിരുന്ന ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ചെറുകിട നാമമാത്ര പണിശാലകളിലേയ്ക്ക് മാറി. അവിടെയൊന്നും തൊഴില്‍ നിയമങ്ങളോ സാമൂഹ്യസുരക്ഷാപദ്ധതികളോ ബാധകമല്ലായിരുന്നു. പുത്തന്‍ ചൂഷണ തന്ത്രങ്ങള്‍ പരീക്ഷിക്കാനുള്ള ഒന്നായി ഈ അസംഘടിതമേഖല. കാര്‍ഷികമേഖലയിലെ നാമമാത്ര കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, അസംഘടിതമേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ എന്നിവരാണ് ഹരിതവിപ്ലവത്തിന്റെയും തുടര്‍ന്നുണ്ടായ വ്യവസായ വികസനത്തിന്റെയും സംയുക്തഫലമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടത്.

ഇവരാണ് വിലക്കയറ്റത്തില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിത്യേന ഉപയോഗിക്കുന്ന ഉള്ളി-സവാള-തക്കാളി -പരിപ്പ് എന്നിവയുടെ വില അസാധാരണമായി ഉയര്‍ന്നു. അവയ്‌ക്കൊക്കെ പൊളളുന്നവില. ഗോതമ്പുകൊണ്ടുണ്ടാക്കുന്ന റൊട്ടിയോ ചപ്പാത്തിയോ അതിനൊപ്പം ഒരു സവാളയും പച്ചമുളകും ആണ് അവിടെയൊക്കെ സാധാരണക്കാരന്റെ ആഹാരം. കടയില്‍പോയി ഒരു സവാള മാത്രം വാങ്ങുന്ന സ്ഥിതിയാണ് ഇന്നവിടെ. ചപ്പാത്തിയുടെ കൂടെ കഴിക്കുന്ന സബ്ജി ഉപേക്ഷിച്ച സാധാരണക്കാര്‍ ഏറെ. പച്ചക്കറി വിപണിയിലെ കച്ചവടക്കാര്‍ ഉപയോഗശൂന്യമായി തള്ളുന്ന പച്ചക്കറി നുറുങ്ങുകള്‍ പൊറുക്കിയെടുത്ത് സമൂലം കറിവച്ച് വെജിറ്റബിള്‍ സ്റ്റൂ അല്ലെങ്കില്‍ സൂപ്പാക്കി ഉപയോഗിക്കാനും സാധാരണക്കാര്‍ പഠിച്ചുകഴിഞ്ഞു. വിലക്കയറ്റത്തിന്റെ ഫലമായി വിദൂര ഭാവിയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പോഷകദാരിദ്ര്യം ഊഹിക്കാവുന്നതേയുള്ളൂ. വിലക്കയറ്റം കൂടുതല്‍ പോഷണം നല്‍കുന്ന ഭക്ഷണസാധനങ്ങളില്‍നിന്നും പോഷകം കുറഞ്ഞവയിലേയ്ക്ക് മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്ന് തീര്‍ച്ച. ഇപ്പോള്‍ തന്നെ പോഷക ദാരിദ്ര്യം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ ഇത് കണ്ടില്ലായെന്ന് കേന്ദ്രഭരണകൂടത്തിന് എങ്ങിനെ നോക്കിനില്‍ക്കാനാകും?

വിലക്കയറ്റത്തെക്കുറിച്ച് പറയുമ്പോള്‍ സാമ്പത്തിക ശാസ്ത്രവിദ്യാര്‍ഥികളോട് സാധാരണയായി പറഞ്ഞുകൊടുക്കുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി വിവരിക്കട്ടെ. സാധാരണയായി നാം പോക്കറ്റില്‍ കുറച്ച് പണവും കൈയ്യില്‍ ഒരു സഞ്ചിയുമായിട്ടാണ് സാധനങ്ങള്‍ വാങ്ങാന്‍ വിപണിയില്‍ പോകുന്നത്. വിലക്കയറ്റം മൂര്‍ധന്യത്തിലാകുമ്പോള്‍ ഇതിന് മാറ്റം വരുന്നു. ഇനി സഞ്ചിയില്‍ പണവും കൊണ്ട് പോയാല്‍ സാധനങ്ങള്‍ പോക്കറ്റില്‍ ഇടാന്‍ മാത്രമേ കാണുകയുള്ളൂ. 200 ഗ്രാം സവാളയ്ക്ക് പകരം ഒരു സവാളമാത്രം ചോദിച്ച് വാങ്ങുന്നയാളുടെ സ്ഥിതി ആലോചിച്ച് നോക്കുക.

സാധനങ്ങളുടെ സ്‌പ്ലൈ കുറയുകയോ അവയുടെ ഡിമന്‍ഡ് അമിതമായി കൂടുകയോ ചെയ്താല്‍ വിലക്കയറ്റം നിശ്ചയം. ഇവരണ്ടും കുറച്ചൊക്കെ ഇന്ത്യയിലുണ്ടായിട്ടുണ്ട് എന്നത് ശരി. എന്നാല്‍ സപ്ലൈയില്‍ കുറവുണ്ടായിട്ടും എന്തിനാണ് ആഭ്യന്തര വിപണിയില്‍ നിന്നും സാധനങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്? സപ്ലൈയും ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ എന്തുകൊണ്ട് പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നില്ല? പെട്രോള്‍ ഇന്ധനവില ഉയരുന്നതാണ് വിലക്കയറ്റത്തിന്റെ കാരണമെങ്കില്‍ എന്തുകൊണ്ട് അതിന്‍മേലുള്ള നികുതികള്‍ കുറയ്ക്കുന്നില്ല? എന്തുകൊണ്ട് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള എണ്ണ-പാചക സ്രോതസുകള്‍ ഉപയോഗപ്പെടുത്തുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളെങ്കിലും അവര്‍ എടുക്കുന്ന ലാഭം കുറച്ച് വിലകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ല?

അതേസമയത്ത് കുംഭകോണങ്ങള്‍ ദിവസവും മാധ്യമങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കുംഭകോണങ്ങള്‍ ഏതാണ്ട് ഒരു ഡസനിലേറെ വരും. 2-ജി സ്‌പെക്ട്രം ഇടപാടില്‍ ഉണ്ടായത് തന്നെ 1.75 ലക്ഷം കോടി രൂപയാണ്. ഇത് പങ്കിട്ട് എടുത്തവര്‍ നിരവധിയാണ്. വിദേശ ബാങ്കുകളില്‍ ഇവിടെനിന്നും കടത്തിയ സമ്പാദ്യത്തിന്റെ കണക്കും അവ ആരുടെ പേരിലാണെന്നും കേന്ദ്രഭരണകൂടത്തിനറിയാമെങ്കിലും ആ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറല്ല. പൊതുസമൂഹത്തിനെ വഞ്ചിക്കുന്ന നടപടിയാണിത്. ഫുഡ് ഇന്‍ഫ്‌ളേഷനും അത് ജനങ്ങളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളും വളരെ ലാഘവമായിട്ടാണ് കേന്ദ്രഭരണകൂടം കൈകാര്യം ചെയ്യുന്നത്.

ഇതിന് പുറമെയാണ് വിദേശ വ്യാപാരക്കണക്കിലെ കറന്റ് അക്കൗണ്ട് കമ്മി. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശ മൂലധനത്തിന്റെയും പണത്തിന്റെയും ഇന്ത്യയിലേയ്ക്കുള്ള ഒഴുക്കു വര്‍ധിപ്പിക്കാനുള്ള നടപടികള്‍. റിസര്‍വ് ബാങ്ക് വായ്പാനയമനുസരിച്ച് പലിശനിരക്കുകള്‍ ഇനിയും വര്‍ധിക്കും. ഇത് വിലക്കയറ്റത്തിനെ നിയന്ത്രിക്കാനുതകുന്നതല്ല. പണനയം എത്രയും കര്‍ശനമാക്കിയാലും കുതിച്ചുയരുന്ന ഫിസ്‌ക്കല്‍ കമ്മി, വിലക്കയറ്റത്തെ രൂക്ഷമാക്കും. ഇത് ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്‌നമല്ല. സാധാരണക്കാരന്റെ നിത്യജീവിതമാണ് കേന്ദ്രഭരണകൂടം പന്താടിക്കൊണ്ടിരിക്കുന്നു.

*
പ്രൊഫസര്‍. കെ. രാമചന്ദ്രന്‍ നായര്‍ കടപ്പാട്” ജനയുഗം ദിനപത്രം 03 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അതിരൂക്ഷമായ വിലക്കയറ്റം ദേശീയ തലത്തില്‍ മാത്രമല്ല, ആഗോളതലത്തിലും ഇന്ന് ചര്‍ച്ചാവിഷയമാണ്. പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഇതിനെ ''അഗ്രി ഇന്‍ഫ്‌ളേഷന്‍'' എന്നും ''ഫുഡ് ഇന്‍ഫേഌഷന്‍'' എന്നും വിശേഷിപ്പിച്ചു തുടങ്ങി. വരുമാനത്തില്‍ സിംഹഭാഗവും വിശപ്പടക്കാര്‍വേണ്ടി മാത്രം വിനിയോഗിക്കുന്ന പട്ടിണിപ്പാവങ്ങളുടെ സ്ഥിതി ദയനീയമാണ്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന ധാന്യമണികള്‍ പരതിനടക്കുന്ന പട്ടിണിപ്പാവങ്ങള്‍ അവ കൊത്തിപ്പറക്കാന്‍ വരുന്ന പക്ഷികളുമായിട്ടാണ് മത്സരം. ഇത് ഇന്ത്യയുടെ ഒരു മറ്റൊരു മുഖം. തൊഴിലും വരുമാനവും ഇല്ലാത്ത ലക്ഷങ്ങള്‍ ജീവിക്കുന്ന ഒരിടമാണ് ഇന്നത്തെ ഇന്ത്യ. ഇവരെ വിസ്മരിച്ചുകൊണ്ട് എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്നും പ്രതിശീര്‍ഷവരുമാനം (46492 രൂപ) വളരെയധികം ഉയര്‍ന്നുവെന്നും കേന്ദ്രഭരണകൂടം വിളിച്ചുകൂകുമ്പോള്‍ വിലക്കയറ്റത്തിന്റെ യഥാര്‍ഥ പ്രത്യാഘാതം മറച്ചുെവയ്ക്കാന്‍ ശ്രമിക്കുകയാണ്.