Monday, February 28, 2011

ആഗോളകറന്‍സി യുദ്ധങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും

പുതുവര്‍ഷം പുലരുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ആഗോളതലത്തില്‍ വികസിത രാജ്യങ്ങളും ചൈന, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന കറന്‍സി യുദ്ധങ്ങളില്‍ വിരാമമുണ്ടായില്ലെങ്കിലും, അല്‍പം ശമനമെങ്കിലുമുണ്ടാകുമെന്ന് നാം വെച്ചു പുലര്‍ത്തി വന്നിരുന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നുപോയിരിക്കുകയാണ്. ഹ്രസ്വകാല മൂലധനം അനിയന്ത്രിതമായ നിലയില്‍ പ്രവഹിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ മുന്‍നിര നേതൃത്വം നല്‍കിയിരുന്ന രാജ്യം ബ്രസീല്‍ ആയിരുന്നു. ഈ പ്രതിരോധ നിലപാട് കൂടുതല്‍ ശക്തമായി തുടരുമെന്ന പ്രഖ്യാപനവും ബ്രസീലിയന്‍ ഭരണകൂടം നടത്തി കഴിഞ്ഞിട്ടുണ്ട്. ചിലിയാണെങ്കില്‍, നാളിതുവരെ ശക്തമായ നിലയില്‍ സ്വതന്ത്ര വിപണി വ്യവസ്ഥ മുറുകെപിടിച്ചിരുന്ന നിലപാടില്‍, മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തുമാറ് മാറ്റം വരുത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതും. ബ്രസീലിയന്‍ ഭരണകൂടത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ വിപണിവ്യവസ്ഥാനുകൂല ആഭ്യന്തര സാമ്പത്തിക നയങ്ങളാണ് ചിലിയിലെ ഭരണകൂടം ഏറെക്കാലമായി പിന്‍തുടര്‍ന്നു വന്നിരുന്നതെന്ന വസ്തുതയും ഈ അവസരത്തില്‍ പ്രസക്തമാണ്. കറന്‍സിയുദ്ധം ഇന്നത്തെ നിലയില്‍ ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നും നിലനില്‍ക്കാനാണ് സാധ്യത കാണുന്നതും.

യുക്തിസഹമല്ലാത്ത ഘടകങ്ങളാണ് കറന്‍സിയുടെ ചനങ്ങള്‍ക്കിടയാക്കുന്നതെന്നതിനാല്‍ അവയുടെ ഗതി എന്തെന്ന് കൃത്യമായി കാണുക അസാധ്യമാണ്. എന്നാല്‍ ഒരുകാര്യം വ്യക്തമാണ്. കറന്‍സിയുദ്ധങ്ങള്‍ ഒരു വ്യാപാരത്തിനുമേല്‍ കനത്ത ആഘാതമാണ് ഏല്‍പിക്കുന്നത്. ഈ സ്ഥിതിവിശേഷത്തിനിടയാക്കിയിട്ടുള്ളത് വന്‍ സാമ്പത്തിക ശക്തികള്‍ തമ്മില്‍ സഹകരണമില്ലെന്നതു തന്നെ. ബ്രസീലിന്റെ ധനമന്ത്രിയാണ് കറന്‍സിയുദ്ധങ്ങള്‍ എന്ന പദം ഉപയോഗിച്ചതും അതിന് പ്രചാരം നല്‍കിയതും. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്. കയറ്റുമതി വിപണികള്‍ക്കുമേല്‍ നിയന്ത്രണവും, ആധിപത്യവും നിലനിര്‍ത്താന്‍ വിവിധരാജ്യങ്ങള്‍ മത്സരബുദ്ധിയോടെ സ്വന്തം ദേശീയ കറന്‍സികളുടെ മൂല്യം തുടര്‍ച്ചയായി ഉയര്‍ത്തുന്ന പ്രവണതയാണ്, പ്രതിഭാസമാണ് ''കറന്‍സി യുദ്ധങ്ങള്‍'' എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഈ യുദ്ധങ്ങളിലൂടെ ഓരോ രാജ്യവും ലക്ഷ്യമിടുന്നത് മറ്റൊരു രാജ്യത്തിന്റെ കറന്‍സി മൂല്യം മാത്രം ഉയരുക എന്ന സാധ്യത തടയുകയാണ്. എന്നാല്‍, യുദ്ധത്തില്‍ പങ്കാളികളാകുന്ന ഒരൊറ്റ രാജ്യവും സ്വന്തം മത്സരത്തിന്റെ പ്രത്യാഘാതം സ്വയം ഏറ്റെടുക്കുകയും സഹിക്കുകയും വേണ്ടി വരുമെന്ന് മനസിലാക്കുന്നില്ല എന്നതാണ് ആശ്ചര്യമുളവാക്കുന്ന വസ്തുത. ഒരു പരിധി കടന്നാല്‍ ഈ യുദ്ധം അവസാനിപ്പിക്കാനും കഴിയില്ലെന്ന തിരിച്ചറിവ് ഇവര്‍ക്കാര്‍ക്കും തന്നെ ഇല്ലെന്നതും അദ്ഭുതകരം തന്നെ. ഇത്തരം യുദ്ധങ്ങള്‍ക്ക് വമ്പിച്ച പ്രചാരവും ആഗോള തലത്തില്‍ ലഭിച്ചുവരുന്നുണ്ട്. വിശിഷ്യാ കറന്‍സി യുദ്ധം ചൈനയും അമേരിക്കയും തമ്മിലാവുമ്പോള്‍, ചൈനീസ് കറന്‍സിയായ യുവാന്റെ വിദേശ വിനിമയമൂല്യം കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം അംഗീകരിക്കപ്പെടാതെ വന്നപ്പോഴാണ് യുദ്ധം ബലപ്പെട്ടതെന്നോര്‍ക്കുക. അമേരിക്കയോടൊപ്പം ചൈനക്കെതിരായ യുദ്ധത്തില്‍ മറ്റു നിരവധി രാജ്യങ്ങളും ചേര്‍ന്നു.

പുതുതായി വളര്‍ച്ച നേടിവരുന്ന രാജ്യങ്ങള്‍ മാന്ദ്യ പ്രതിസന്ധിയില്‍ നിന്നും ക്രമേണ മോചനം നേടിവരുന്നുണ്ട്. സ്വാഭാവികമായും വളരെ സാവധാനത്തില്‍ മാത്രം റിക്കവറി കൈവരിച്ചുവരുന്ന വികസിത രാജ്യങ്ങളില്‍ നിന്നുള്ള മിച്ച വിഭവങ്ങളും മൂലധനവും മെച്ചപ്പെട്ട നിക്ഷേപസാധ്യതകള്‍ തേടി, ഈ നവ സമ്പന്ന രാജ്യങ്ങളിലെ വിപണികള്‍ തേടി എത്തുക എന്നതില്‍ അദ്ഭുതപ്പെടാനില്ല. ആഗോളതല റിക്കവറിയുടെ ഫലമായി നഷ്ടസാധ്യതകളിലും കുറവുണ്ടായിരിക്കുന്നു. ആഗോള ഫണ്ട് മാനേജര്‍മാര്‍ നിലവിലുള്ള അനുകൂല സാഹചര്യങ്ങളില്‍ ഉയര്‍ന്ന തോതിലുള്ള നേട്ടങ്ങളും സുരക്ഷിതത്വവും കാണുന്നു. ഇക്കാര്യത്തില്‍ സുരക്ഷിതത്വം ഏറെയുള്ളത് ഇന്ത്യയിലേയും ബ്രസീലിലേയും നിക്ഷേപങ്ങളിലുമാണ്. മൂന്നാമത്തെ അനുകൂല സാഹചര്യം അമേരിക്കയടക്കമുള്ള പ്രതിസന്ധി ബാധിത സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ അയവേറിയ പണ നയങ്ങളാണ് സ്വീകരിച്ചുവരുന്നതെന്നതാണ്. അമേരിക്കയുടെ കാര്യമെടുത്താല്‍ മുന്‍കാലങ്ങളില്‍ വിറ്റഴിക്കപ്പെട്ട ദീര്‍ഘകാലബോണ്ടുകള്‍ - കടപ്പത്രങ്ങള്‍ - തിരികെ വാങ്ങുന്ന പ്രക്രിയ കൂടുതല്‍ ഉദാരമാക്കിയിട്ടുമുണ്ട്. അസാധാരണമായ ഈ നടപിയുടെ ഫലമായി ദീര്‍ഘകാല പലിശ നിരക്കുകളില്‍ ഇടിവു വരുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. സമീപകാലം വരെ ഇത്തരം നിരക്കുകള്‍ ഏറെക്കുറെ സ്ഥിരസ്വഭാവം നിലനിര്‍ത്തിവരുകയുമായിരുന്നു. ഇന്ത്യയെപ്പോലുള്ള നവ സമ്പന്ന സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഇതിന്റെ അര്‍ഥം കൂടുതല്‍ മൂലധന പ്രവാഹം സാധ്യമായിരിക്കുന്നു എന്നാണ്.

വര്‍ധിച്ച തോതിലുള്ള മൂലധന പ്രവാഹം എങ്ങനെ കൈകാര്യം ചെയ്യാമെന്നതാണ് വികസ്വര രാജ്യങ്ങള്‍ നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ മുഖ്യമായതെന്നാണ് നാണയ നിധിയുടെ കണ്ടെത്തല്‍ . മൂലധനപ്രവാഹം നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യകത കൂടുതല്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ കറന്‍സി യുദ്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം, ലോകബാങ്ക്, നാണയ നിധി തുടങ്ങിയ ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വാദിക്കുന്നത് മൂലധന പ്രവാഹം ഒഴിവാക്കാനാവില്ലെന്നുമാണ്. ഇതോടെ പ്രശ്‌നത്തിന് പുതിയൊരു മാനം കൂടി ഉണ്ടായിരിക്കുകയാണ്. ഏതായാലും, ഉഭയകക്ഷി ധാരണയിലൂടെ കറന്‍സി യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ലെന്നു പരക്കെ ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനായി വ്യക്തമായ ചില വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുകയും അവയുടെ അടിസ്ഥാനത്തില്‍ തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഏതെങ്കിലും വിധത്തിലുള്ള മോണിറ്ററിംഗ് ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. 2011 വര്‍ഷാരംഭത്തില്‍ നാണയനിധി നടത്തിയ ഒരു പഠനം മുന്നോട്ട് വയ്‌ക്കുന്ന നിര്‍ദേശം ഇതാണ്. ഇതിന്റെ ലക്ഷ്യം മൂലധനപ്രവാഹങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രക്രിയക്കുമേല്‍ തന്നെ ചില പരിധികള്‍ ഉറപ്പാക്കുകയാണ്. എന്നാല്‍, ഈ നിര്‍ദേശം പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ നന്നേ വിരളമാണെന്നാണ് പൊതുധാരണ. കാരണം, ആഗോളതലത്തില്‍തന്നെ നിലവിലുള്ള ആശയ പൊരുത്തമില്ലായ്മയുടെ ഫലമായി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നു എന്നതു തന്നെ. ഈ പ്രതികൂല കാലാവസ്ഥയില്‍ മാറ്റം വരുന്നതിനു മുമ്പ് ഒരു ഒത്തു തീര്‍പ്പ് സാധ്യമാണെന്നു തോന്നുന്നുമില്ല.

മൂലധന പ്രവാഹം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി, കറന്‍സി വിനിമയ നിരക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല. പ്രവാഹത്തിനുമേല്‍ നിയന്ത്രണങ്ങള്‍, വിദേശ പ്രവാഹത്തിനാനുപാതികമായി ആഭ്യന്തര റിസര്‍വ് തോത് ഉയര്‍ത്തുക, പ്രതിസന്ധി ഘട്ടം വരുമ്പോള്‍ കറന്‍സി വിദേശത്തേക്കു നടത്തുന്ന പലായനങ്ങള്‍ നിരോധിക്കുക തുടങ്ങിയ മറ്റു നടപടികളും അനിവാര്യമാകും. ചിലിയില്‍ ഇതു സംബന്ധമായൊരു സംവിധാനം ഒരവസരത്തില്‍ പ്രാബല്യത്തിലുണ്ടായിരുന്നതാണ്. ഇതനുസരിച്ച്, വിദേശ നിക്ഷേപകര്‍ അവര്‍ നിക്ഷേപിക്കുന്ന മൂലധനത്തിന്റെ ഒരുഭാഗം ബന്ധപ്പെട്ട രാജ്യത്തുള്ള കേന്ദ്ര ബാങ്കില്‍ പലിശ രഹിതമായ നിക്ഷേപ രൂപത്തില്‍ സൂക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിന്റെ ലക്ഷ്യം ഹ്രസ്വകാല പ്രവാഹങ്ങള്‍ പരമാവധി നിരുത്സാഹപ്പെടുത്തുക എന്നതായിരുന്നു. ഹ്രസ്വകാല നിക്ഷേപങ്ങള്‍ വര്‍ധിച്ചതുകൊണ്ട് പറയത്തക്ക പ്രയോജനമുണ്ടാകില്ല. മാത്രമല്ല, അത്തരം നിക്ഷേപങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങളായി മാറ്റാനും കഴിയുമായിരുന്നില്ല. എന്നാല്‍, ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള പ്രശ്‌നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സാധ്യതകളും വിരളമാണ് എന്നത് പ്രശ്‌ന പരിഹാരം കൂടുതല്‍ സങ്കീര്‍ണമാകാനിടവരുത്തുകയും ചെയ്യുന്നു.

അതേസമയം, ആഗോള തലത്തില്‍ ധനകാര്യ നിയന്ത്രണത്തോടുള്ള സമീപനത്തിലും അതിനോടുള്ള മനോഭാവത്തിലും 1990 കള്‍ക്കു ശേഷം ദൃശ്യമായി വരുന്ന മൗലികമായ മാറ്റം ശ്രദ്ധേയമാണ്. മുഖ്യധാര ചിന്തകന്‍മാരിലും ഈ മാറ്റം പ്രകടമാണ്. അന്നുവരെ നിലവിലുണ്ടായിരുന്ന ചിന്താഗതി സ്വതന്ത്ര വിപണി വ്യവസ്ഥയ്ക്ക് തീര്‍ത്തും അനുകൂലമായിരുന്നു. വിപണി വ്യവസ്ഥയ്ക്ക് വഴിപിഴയ്ക്കില്ല എന്നായിരുന്നു ഉറച്ച വിശ്വാസം. അമേരിക്കയും നാണയനിധിയും ക്യാപ്പിറ്റല്‍ അക്കൗണ്ട് കണ്‍വര്‍ട്ടബിലിറ്റി പൂര്‍ണമായി നടപ്പാക്കണമെന്ന് ശക്തമായി വാദിക്കുകയായിരുന്നു അന്നൊക്കെ. മൂലധനത്തിന് ആഗോളതലത്തില്‍ യഥേഷ്ടം ചലിക്കാനും ഈ ചലനത്തെ തുടര്‍ന്ന് ഏതറ്റം വരെ വേണമെങ്കിലും വിവിധ ദേശീയ കറന്‍സികള്‍ തമ്മില്‍ പരസ്പരം കൈമാറ്റത്തിനുള്ള സ്വാതന്ത്ര്യമാകാമെന്നുമായിരുന്നു അന്നുണ്ടായിരുന്ന ചിന്താഗതി. എന്നാല്‍, തുടര്‍ന്നുള്ള ദശകത്തിനിടയില്‍ മുതലാളിത്ത രാജ്യങ്ങളുടെ സ്വതന്ത്ര വിപണി സ്‌നേഹം തുടര്‍ന്നും നിലനില്‍ക്കുന്നതില്‍ പ്രകടമായ എതിര്‍പ്പു നേരിടേണ്ടിവരുകയായിരുന്നു. നവ സമ്പന്ന രാജ്യങ്ങളില്‍ നിന്നും അവയിലെ വിപണി ശക്തികളില്‍ നിന്നുമായിരുന്നു ഈ പ്രതിരോധ ശബ്ദമുയര്‍ന്നത്. ഇതോടൊപ്പം ഏഷ്യന്‍ ധനകാര്യ പ്രതിസന്ധി മുന്‍ 'ടൈഗര്‍' സമ്പദ്‌വ്യവസ്ഥകളെ പിടിച്ചുലച്ചതോടെ ഹ്രസ്വകാലമൂലധനപ്രവാഹങ്ങള്‍ പോലും എതിര്‍ക്കപ്പെടാനിടയായി. ദേശീയതയും ദേശീയ താല്‍പര്യസംരക്ഷണവും വീണ്ടും പുതിയൊരു സാമ്രാജ്യത്വ അധിനിവേശ പ്രതിരോധ പ്രസ്ഥാനത്തിനു ബലം പകരുകയും ചെയ്തു. നിരവധി ഏഷ്യന്‍ മേഖലാ രാജ്യങ്ങള്‍ അവയുടെ കറന്‍സികള്‍ തകര്‍ന്നടിയുന്നത് ഞെട്ടലോടെയും ദുഃഖത്തോടെയുമാണ് നോക്കിക്കണ്ടത്. ഈ അട്ടിമറിക്കിടയാക്കിയത് ഹ്രസ്വകാല മൂലധന നിക്ഷേപങ്ങള്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കപ്പെടാനിടവന്നതാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് മലേഷ്യന്‍ പ്രധാന മന്ത്രി മഹാത്തില്‍ മൊഹമ്മദ് യാഥാസ്ഥിതിക പ്രത്യയശാസ്ത്ര സിദ്ധാന്തത്തിന് കടകവിരുദ്ധമായി അന്നുവരെ കരുതപ്പെട്ടിരുന്ന ഒരു മൂലധന പ്രവാഹ നിയന്ത്രണ പദ്ധതിയ്ക്ക് രൂപം നല്‍കുകയും അതിലൂടെ സ്വന്തം ദേശീയ കറന്‍സിയായ റിന്‍ജിറ്റിന്റെ വിനിമയ നിരക്ക് സ്ഥിരമായി നില നിര്‍ത്താന്‍ അത് ശക്തമായി നടപ്പാക്കുകയും ചെയ്തത്.

ഇന്ത്യയാണെങ്കില്‍, ക്യാപ്പിറ്റല്‍ അക്കൗണ്ട് കണ്‍വര്‍ട്ടിബിലിറ്റിയുമായി മുന്നോട്ടുപോകാനുള്ള നടപടിക്ക് വിരാമമിട്ടത്. ഇതിനെ തുടര്‍ന്നായിരുന്നു. സ്വതന്ത്രമായ വിനിമയ മാറ്റത്തിനുപകരം നിയന്ത്രണവിധേയമായ മാറ്റങ്ങള്‍ക്ക് രൂപയെ വിധേയമാക്കിയതും ഇതേ കാലഘട്ടത്തിലായിരുന്നു. ഈ തീരുമാനം ഫലവത്തായതിനെ തുടര്‍ന്ന് മറ്റ് വികസ്വര രാജ്യങ്ങളും ഇന്ത്യയുടെ മാതൃക തന്നെയാണ് പിന്‍തുടരുകയും നടപ്പാക്കുകയും ചെയ്തതും. എന്നാല്‍, നിരവധി ഗൗരവമേറിയ നയപരമായ തീരുമാനങ്ങള്‍ ഇതോടൊപ്പം നടപ്പാക്കിയാല്‍ മാത്രമേ അനിയന്ത്രിതമായ മൂലധന പ്രവാഹം തടഞ്ഞു നിര്‍ത്താനും ഓഹരി വിപണികളില്‍ സ്ഥിരത കൈവരിക്കാനും കഴിയൂ എന്നത് ചുരുങ്ങിയ കാലത്തിനിടയില്‍ വ്യക്തമാകുകയും ചെയ്തു. ചുരുക്കത്തില്‍ മൂലധന ഒഴുക്കിനും വിപണികളിലെ അസ്ഥിരതകള്‍ക്കും വിരാമമിടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന ആവശ്യം വ്യാപകവും ശക്തവും ആയതിനെ തുടര്‍ന്ന് സ്വതന്ത്ര വിപണി - നാണയ വ്യവസ്ഥയ്ക്ക് ബദലായി നിയന്ത്രിത - മാനേജ്‌മെന്റ് സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ആക്കം കൂടുകയായിരുന്നു ഉണ്ടായത്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശ കൊടുക്കല്‍ - വാങ്ങല്‍ ഇടപാടുകള്‍ തമ്മിലുള്ള ബാലന്‍സ് തെറ്റിക്കുന്നതില്‍ മൂലധന ഒഴുക്കിന് നിര്‍ണായകമായ പങ്കുണ്ടെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിഞ്ഞതും. കറന്റ് അക്കൗണ്ടിലുള്ള കമ്മി കൂടുതല്‍ പെരുകാന്‍ തുടങ്ങിയത് പ്രശ്‌നത്തിന്റെ പ്രാധാന്യം ഉയരാനും വഴിവെച്ചു. ഇത്തരം കമ്മി ഏറെക്കാലം തുടരാനിടവന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തോതില്‍ ആഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കപ്പെട്ടു. അതായത്, വികസനാവശ്യങ്ങള്‍ക്കായി ഹ്രസ്വകാല മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഫണ്ടുവിനിയോഗിച്ച് വിദേശവിനിമയ കമ്മി നികത്തുന്നതും ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും വരുത്തിവെയ്ക്കുക. കറന്‍സി യുദ്ധങ്ങളുടെ പ്രസക്തിയും അവയ്ക്ക് വിരാമമിടേണ്ടതിന്റെ അനിവാര്യതയും ഇതുവഴി വ്യക്തമാകുകയും ചെയ്യുന്നു.


*****

പ്രൊഫ. കെ അരവിന്ദാക്ഷന്‍, കടപ്പാട് :ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുതുവര്‍ഷം പുലരുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം ആഗോളതലത്തില്‍ വികസിത രാജ്യങ്ങളും ചൈന, ബ്രസീല്‍, ചിലി തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന കറന്‍സി യുദ്ധങ്ങളില്‍ വിരാമമുണ്ടായില്ലെങ്കിലും, അല്‍പം ശമനമെങ്കിലുമുണ്ടാകുമെന്ന് നാം വെച്ചു പുലര്‍ത്തി വന്നിരുന്ന പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നുപോയിരിക്കുകയാണ്. ഹ്രസ്വകാല മൂലധനം അനിയന്ത്രിതമായ നിലയില്‍ പ്രവഹിക്കുന്ന പ്രവണതയ്ക്ക് കടിഞ്ഞാണിടാന്‍ മുന്‍നിര നേതൃത്വം നല്‍കിയിരുന്ന രാജ്യം ബ്രസീല്‍ ആയിരുന്നു. ഈ പ്രതിരോധ നിലപാട് കൂടുതല്‍ ശക്തമായി തുടരുമെന്ന പ്രഖ്യാപനവും ബ്രസീലിയന്‍ ഭരണകൂടം നടത്തി കഴിഞ്ഞിട്ടുണ്ട്. ചിലിയാണെങ്കില്‍, നാളിതുവരെ ശക്തമായ നിലയില്‍ സ്വതന്ത്ര വിപണി വ്യവസ്ഥ മുറുകെപിടിച്ചിരുന്ന നിലപാടില്‍, മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തുമാറ് മാറ്റം വരുത്തുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതും. ബ്രസീലിയന്‍ ഭരണകൂടത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ വിപണിവ്യവസ്ഥാനുകൂല ആഭ്യന്തര സാമ്പത്തിക നയങ്ങളാണ് ചിലിയിലെ ഭരണകൂടം ഏറെക്കാലമായി പിന്‍തുടര്‍ന്നു വന്നിരുന്നതെന്ന വസ്തുതയും ഈ അവസരത്തില്‍ പ്രസക്തമാണ്. കറന്‍സിയുദ്ധം ഇന്നത്തെ നിലയില്‍ ഏറ്റക്കുറച്ചിലുകളോടെ തുടര്‍ന്നും നിലനില്‍ക്കാനാണ് സാധ്യത കാണുന്നതും.