Friday, February 18, 2011

അഴിമതിക്കൂടാരത്തിന്റെ കാവല്‍ക്കാരന്‍

ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ 70 മിനിറ്റ് അഭിമുഖം കോടികളുടെ അഴിമതികളെ ന്യായീകരിക്കാന്‍ നടത്തിയ വൃഥാശ്രമമായിരുന്നു. 1.76 ലക്ഷം കോടി രൂപ രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് സിഎജി കണ്ടെത്തിയ രണ്ടാം തലമുറ സ്പെക്ട്രം കേസില്‍ എല്ലാം പ്രധാനമന്ത്രിക്ക് അറിയാമായിരുന്നെന്നുതന്നെയാണ് അഭിമുഖം വ്യക്തമാക്കിയത്. എന്നുമാത്രമല്ല അഴിമതിയെ ന്യായീകരിക്കാന്‍ പുതിയ ചില വ്യാഖ്യാനങ്ങളും അവതരിപ്പിക്കുകയുണ്ടായി.

രണ്ടാം തലമുറ സ്പെക്ട്രത്തിന്റെ വിതരണം സുതാര്യമായിരിക്കണമെന്നും അത് ലേലത്തിലൂടെ നല്‍കുന്നതായിരിക്കും നല്ലതെന്നും 2001ലെ വിലയ്ക്ക് 2008ല്‍ നല്‍കുന്നത് ശരിയായിരിക്കുകയില്ലെന്നും രാജയ്ക്ക് താന്‍ കത്ത് എഴുതിയ കാര്യം അഭിമുഖത്തിലും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആ കത്തിനു അന്നുതന്നെ രാജ മറുപടിയും നല്‍കി. അതില്‍ തൃപ്തനായിരുന്നെന്നാണ് പ്രധാനമന്ത്രിയുടെ മറുപടിയില്‍നിന്നു വ്യക്തമാകുന്നത്. എന്നുമാത്രമല്ല, സ്പെക്ട്രത്തിന് ഉയര്‍ന്ന വില ലഭിക്കണമെന്ന് ആദ്യം വാദിച്ച ധനമന്ത്രാലയം രാജയുമായി പലവട്ടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കണമെന്ന നിലവിലുള്ള നയം പിന്തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലേക്ക് എത്തിയെന്നും ഇതെല്ലാമാണ് തന്റെ മൌനത്തിനു കാരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാല്‍, പ്രധാനമന്ത്രിക്ക് രാജ എഴുതിയ മറുപടി കത്തില്‍ സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയുടെ കാര്യം അനുസ്മരിക്കുന്നുണ്ട്. അതോടൊപ്പം അന്നത്തെ വിദേശമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുമായി നടത്തിയ ചര്‍ച്ചയില്‍നിന്നു ലഭിച്ച വെളിച്ചത്തില്‍നിന്നാണ് താന്‍ മുന്നോട്ടുപോകുന്നതെന്നും വ്യക്തമാക്കുന്നു. ഈ കത്തിനുള്ള മറുപടി കിട്ടി ബോധിച്ചെന്ന ഒറ്റവാക്കില്‍ മന്‍മോഹന്‍സിങ് ഒതുക്കി. ഇതിനാണ് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കേണ്ടത്.

രണ്ടാം തലമുറ സ്പെക്ട്രം വിതരണംചെയ്യേണ്ട രീതി തീരുമാനിക്കാന്‍ മന്ത്രിതല സമിതി വേണമെന്ന അന്നത്തെ നിയമമന്ത്രി ഭരദ്വാജിന്റെ അഭിപ്രായം എന്തുകൊണ്ട് പ്രധാനമന്ത്രി അവഗണിച്ചു? കൂടിയ വില ലഭിക്കണമെന്ന് ആദ്യം വാദിച്ച ധനമന്ത്രാലയവുമായി ചര്‍ച്ച നടക്കുന്നെങ്കില്‍ എന്തുകൊണ്ട് അതു സംബന്ധിയായ കാര്യങ്ങള്‍ രാജ എഴുതിയ കത്തിലോ പ്രധാനമന്ത്രിയുടെ കിട്ടിബോധിച്ചെന്ന മറുപടിയിലോ പ്രതിപാദിച്ചില്ല? മന്ത്രിസഭ ചര്‍ച്ചചെയ്യണമെന്ന് ആദ്യം അഭിപ്രായപ്പെട്ട ധനമന്ത്രാലയത്തിന്റെ അഭിപ്രായം എന്തുകൊണ്ട് അതിന്റെ തലവന്‍കൂടിയായ പ്രധാനമന്ത്രി പരിഗണിച്ചില്ല? 2003ലെ മന്ത്രിസഭായോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി എന്തേ തനിക്കു ചുമതലയുള്ള സമയത്ത് യോഗത്തിന്റെ അജന്‍ഡയില്‍പ്പോലും വച്ചില്ല? രാജ്യത്തിന്റെ ഖജനാവിനു ലക്ഷം കോടികള്‍ നഷ്ടപ്പെടുത്താന്‍ ഇടയുണ്ടെന്ന് പലരും മുന്നറിയിപ്പു നല്‍കിയെന്ന് പ്രധാനമന്ത്രിതന്നെ സമ്മതിക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ തലവന്‍ ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച ചരിത്രം എവിടെയെങ്കിലും കാണാന്‍ കഴിയുമോ? ഇതെല്ലാം കാണിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനും പ്രധാനമന്ത്രിക്കും സ്പെക്ട്രം ഇടപാടില്‍ പങ്കാളിത്തമുണ്ടായിരുന്നെന്നുതന്നെയാണ്.

അഭിമുഖം പ്രധാനമന്ത്രിയുടെ പങ്ക് കൂടുതല്‍ തുറന്നുകാണിക്കുകയാണ് ചെയ്തത്. നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ഇപ്പോഴത്തെ ടെലികോംമന്ത്രി കപില്‍ സിബലിന്റെ അഭിപ്രായത്തോട് യോജിക്കുന്നോ എന്ന നേരിട്ടുള്ള ചോദ്യത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി അമ്പരപ്പിക്കുന്നതാണ്. അതു നിങ്ങള്‍ എങ്ങനെ പ്രശ്നത്തെ സമീപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലേ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നു പറഞ്ഞ അദ്ദേഹം ഫലത്തില്‍ കപില്‍സിബലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഇത് ഭരണഘടനാസ്ഥാപനമായ സിഎജിയുടെ നിഗമനങ്ങളെ പരോക്ഷമായി തള്ളിക്കളയുന്നതും അദ്ദേഹത്തിന്റെതന്നെ നിയന്ത്രണത്തിലുള്ള സിബിഐ കോടതിയിലും പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെയും നല്‍കിയ മറുപടിയെ നിഷേധിക്കുന്നതുമാണ്.

ഭക്ഷ്യവിതരണത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 80,000 കോടി രൂപ മുടക്കുന്നുണ്ടെന്നും കമ്പോളനിരക്കില്‍ മാത്രമേ ഭക്ഷ്യധാന്യം വില്‍ക്കാന്‍ പാടുള്ളൂവെന്നും വാദിക്കുന്നവരുടെ ദൃഷ്ടിയില്‍ ഇതുവഴി രാജ്യത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞു. അതുപോലെ വളത്തിനു നല്‍കുന്ന സബ്സിഡി വഴി 60,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത്തരക്കാര്‍ വാദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയെ ന്യായീകരിക്കുന്നതിനായി അങ്ങേയറ്റം അപകടകരമായ താരതമ്യമാണ് പ്രധാനമന്ത്രി നടത്തിയത്.

പ്രകൃതിവിഭവമായ സ്പെക്ട്രം ചുളുവില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കിയതിനെ 1.76 ലക്ഷം കോടി രൂപയുടെ സബ്സിഡിയായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി കാണുന്നത് ! യഥാര്‍ഥത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും രണ്ടുവര്‍ഷത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്ന പണം നഷ്ടപ്പെടുത്തിയതിന് രാജ്യത്തോട് പരസ്യമായി മാപ്പുപറയുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. ഇതാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ രാജയെ യുപിഎ രണ്ടില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അംഗീകാരമായി കണ്ടാല്‍ മതി.

സിനിമാ ടിക്കറ്റ് വില്‍ക്കുന്ന ലാഘവത്തോടെ എങ്ങനെയാണ് അമൂല്യമായ പ്രകൃതിവിഭവം നിങ്ങള്‍ വിറ്റുതുലച്ചതെന്ന അതിരൂക്ഷമായ വിമര്‍ശം ഡല്‍ഹി ഹൈക്കോടതി നടത്തുന്നത് മന്ത്രിസഭാ രൂപീകരണത്തിന്റെ ദിവസമാണ് എന്നത് മന്‍മോഹന്‍സിങ് മറന്നുപോകരുത്. ഇപ്പോള്‍ ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തിന്റെ ഭാഗമായും വിലയിരുത്തുമ്പോള്‍ കുറ്റക്കാരനായ പ്രധാനമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ വകുപ്പില്‍ത്തന്നെ നടന്നെന്നു പറയപ്പെടുന്ന രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ് സ്പെക്ട്രം വിതരണത്തെ സംബന്ധിച്ചും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിക്കായില്ല. അഴിമതിയുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നെന്ന പ്രതീതി സൃഷ്ടിക്കുന്ന മാധ്യമങ്ങളെ അപലപിച്ച പ്രധാനമന്ത്രി അഴിമതിക്കൂടാരത്തെയാണ് നയിക്കുന്നതെന്ന യാഥാര്‍ഥ്യം മറന്നുപോകരുത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രമാത്രം അഴിമതിക്ക് നേതൃത്വം നല്‍കിയ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിരിക്കുകയില്ല. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ അഴിമതിയുടെ പ്രധാനവും പ്രാഥമികവുമായ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുതന്നെയാണ്. ജെപിസി ഉള്‍പ്പെടെ ഏതു പാര്‍ലമെന്ററി സമിതിയുടെ മുമ്പാകെ ഹാജരാകുന്നതിലും തനിക്കു മടിയില്ലെന്ന് അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ശൈത്യകാല സമ്മേളനസമയത്ത് പാര്‍ലമെന്റ് നടക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിന് അപ്പോള്‍ പ്രധാനമന്ത്രിയല്ലേ പ്രധാന ഉത്തരവാദി? ഈ വാചകം അന്നു പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ ജെപിസി രൂപീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ പാര്‍ലമെന്റ് ശാന്തമായി നടക്കുമായിരുന്നു. അപ്പോള്‍, പാര്‍ലമെന്റ് നടക്കാതിരുന്നതിന്റെ ഉത്തരവാദിത്തം ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി എഴുതുന്നതുപോലെ പ്രതിപക്ഷസമീപനമല്ലെന്നും പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിഷേധാത്മക നിലപാടാണെന്നും ഇതോടെ വ്യക്തമായി. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനതയോട് മാപ്പുപറയാന്‍ പ്രധാനമന്ത്രി തയ്യാറാകണം.

വിലക്കയറ്റംപോലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരിഹാരനടപടി ഒന്നും വ്യക്തമാക്കാന്‍ പ്രധാനമന്ത്രിക്കായില്ല. ഈ സാമ്പത്തികവര്‍ഷം കഴിയുമ്പോള്‍ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, ഇതുപോലെ പ്രഖ്യാപനം കഴിഞ്ഞവര്‍ഷവും നടത്തിയിരുന്നു. ഒരു മാറ്റവും ജനജീവിതത്തില്‍ പ്രതിഫലിച്ചില്ല. ഇപ്പോള്‍ പറയുന്ന ഏഴുശതമാനം പണപ്പെരുപ്പംപോലും സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. വിലക്കയറ്റം രൂക്ഷമാക്കിയ നടപടികള്‍ തിരുത്തുന്നതിനും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു സൂചനയും നല്‍കാത്ത പ്രധാനമന്ത്രി കൂടുതല്‍ ഉദാരവല്‍ക്കരണനടപടി തുടങ്ങുമെന്നും പ്രഖ്യാപിച്ചു. യഥാര്‍ഥത്തില്‍ പട്ടിണിക്കാരുടെ ഇന്ത്യയോടുള്ള വെല്ലുവിളിയാണ് പ്രധാനമന്ത്രി നടത്തിയത്.

എഴുപതുമിനിറ്റിന്റെ അഭിമുഖം പരാജിതനായ പ്രധാനമന്ത്രിയെയാണ് പുറത്തുകൊണ്ടുവന്നത്. അഴിമതിസംഘത്തിനു നേതൃത്വം നല്‍കുകയും പരോക്ഷ പിന്തുണ നല്‍കുകയും ചെയ്ത പ്രധാനമന്ത്രിയെയാണ് തെളിഞ്ഞുകണ്ടത്. സഖ്യകക്ഷികളെ കൂടെ നിര്‍ത്താന്‍ ഏതറ്റവുംവരെ പോകാന്‍ മടിയില്ലാത്ത പുതിയ മുന്നണി ധര്‍മമാണ് മന്‍മോഹന്‍സിങ് മുറുകെ പിടിക്കുന്നതെന്ന് വ്യക്തമായി. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ഉദാരവല്‍ക്കരണത്തിന്റെ വക്താവായ പ്രധാനമന്ത്രിയും കോൺഗ്രസും തയ്യാറാകുന്നതെന്ന മുന്നറിയിപ്പും അഭിമുഖത്തിലുണ്ട്.
ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത എസ് ബാന്‍ഡ് സ്പെക്ട്രം കരാര്‍ റദ്ദാക്കാന്‍ മന്ത്രിസഭയുടെ സുരക്ഷാകാര്യ കമ്മിറ്റി റദ്ദാക്കി എന്നാണ്. ടു ജി സ്പെക്ട്രം ഇടപാട് നടന്നപ്പോള്‍ മന്ത്രിയായിരുന്ന രാജ ഇരുമ്പഴിക്കുള്ളിലാണ്. ഇപ്പോള്‍ റദ്ദാക്കേണ്ടിവന്ന എസ് ബാന്‍ഡ് ഇടപാടിന് കാര്‍മികത്വം വഹിച്ച വകുപ്പുമന്ത്രിക്ക് ഇനി തുടരാനാകുമോ?

വാല്‍ക്കഷ്ണം:

പ്രധാനമന്ത്രി അപൂര്‍വമായാണ് മാധ്യമപ്രതിനിധികളെ കാണാറുള്ളത്. സര്‍ക്കാരും പ്രധാനമന്ത്രിയും വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോള്‍ നടത്തിയ അഭിമുഖത്തിനു സാധാരണഗതിയില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാല്‍, മലയാളമനോരമയുടെ ഒന്നാമത്തെ പേജില്‍ ഇതു സംബന്ധിച്ച് ഒരു വരിപോലുമില്ല. എത്രമാത്രം പ്രധാനമന്ത്രിയും കോൺഗ്രസും ഈ അഭിമുഖത്തില്‍ തുറന്നുകാട്ടപ്പെട്ടെന്ന് ഈ പാര്‍ശ്വവല്‍ക്കരണം വിളിച്ചുപറയുന്നു.


*****

പി രാജീവ് എംപി, കടപ്പാട് :ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷ്യവിതരണത്തിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 80,000 കോടി രൂപ മുടക്കുന്നുണ്ടെന്നും കമ്പോളനിരക്കില്‍ മാത്രമേ ഭക്ഷ്യധാന്യം വില്‍ക്കാന്‍ പാടുള്ളൂവെന്നും വാദിക്കുന്നവരുടെ ദൃഷ്ടിയില്‍ ഇതുവഴി രാജ്യത്തിന് 80,000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നായിരിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞു. അതുപോലെ വളത്തിനു നല്‍കുന്ന സബ്സിഡി വഴി 60,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇത്തരക്കാര്‍ വാദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയെ ന്യായീകരിക്കുന്നതിനായി അങ്ങേയറ്റം അപകടകരമായ താരതമ്യമാണ് പ്രധാനമന്ത്രി നടത്തിയത്.

Unknown said...

അഴിമതിയുടെ ചീട്ടുകൊട്ടാരം
ഒരു നാള്‍ പൊളിഞ്ഞു വീഴും

aralipoovukal.blogspot.com