Monday, February 28, 2011

സംസ്കാരത്തെക്കുറിച്ച് പഠിക്കാന്‍

മനുഷ്യസമൂഹം അവശേഷിപ്പിച്ച ഭൌതികവസ്തുക്കളുടെ പഠനമാണ് ഭൌതികസംസ്കാരപഠനം. മനുഷ്യന്റെ ഭൌതികസംസ്കാരചരിത്രത്തിന് 25 ലക്ഷം വര്‍ഷം പഴക്കമുണ്ട്. കല്ലുകൊണ്ടാണ് മനുഷ്യന്‍ ആദ്യമായി ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കിയത്. പുരാവസ്തുശാസ്ത്രപ്രകാരം 25 ലക്ഷം വര്‍ഷത്തിന് മുമ്പ് ശിലായുഗത്തിലായിരുന്നു അതിന്റെ തുടക്കം. അന്നുമുതല്‍ മനുഷ്യനുണ്ടാക്കിയ വസ്തുക്കളുടെ പഠനഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഭൌതികസംസ്കാരപഠനകേന്ദ്രം ലക്ഷ്യമാക്കുന്നത്.

മാനവചരിത്രത്തിലെ ചെറിയ കാലയളവിനെക്കുറിച്ച് മാത്രമേ (ഏറിയാല്‍ 10,000 വര്‍ഷം) എഴുത്തിന്റെയും വ്യവഹാരങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. അതായത്, മനുഷ്യ ചരിത്രം ഏതാണ്ട് മുഴുവനായും അടയാളപ്പെടുത്തിയിരിക്കുന്നത് ഭൌതികാവശിഷ്ടങ്ങളിലാണ്. ഇവയുടെ പഠനം വെല്ലുവിളി നിറഞ്ഞതാണ്. കേരളത്തിലെ സാഹചര്യത്തില്‍ പറഞ്ഞാല്‍ പുരാവസ്തുക്കളുടെ ദൌര്‍ലഭ്യം മുതല്‍ പുരാവസ്തു വിജ്ഞാനശാഖയോടുണ്ടായിരുന്ന താല്‍പ്പര്യക്കുറവുവരെ പലതും ഇത്തരം പഠനശ്രമങ്ങള്‍ക്ക് തടസ്സമായി. ഈ സാഹചര്യത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന ഭൌതികസംസ്കാര പഠനകേന്ദ്രത്തിന് വലിയ പ്രസക്തിയുണ്ട്.

ഭൌതികസംസ്കാരപഠനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് അതിന്റെ അന്തര്‍വിഷയീ സ്വഭാവമാണ്. അതായത്, ഭൌതികശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനവിക-ദാര്‍ശനിക വിഷയങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഭൌതികസംസ്കാരപഠനം സാധ്യമാകൂ. സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഭൌതികസംസ്കാരപഠനം ലക്ഷ്യമാക്കുന്നത് ഭൌതികവസ്തുക്കളെ സാമൂഹ്യബന്ധങ്ങളില്‍ സ്ഥാപിക്കുക എന്നതാണ്.

മാനവിക വിഷയ സമീപനങ്ങളിലാകട്ടെ ഭൌതിക വസ്തുക്കളുടെ പിന്നിലെ മനസ്സുകളെയാണ് അപഗ്രഥിക്കുന്നത്. അതായത്, ആ വസ്തുക്കള്‍ നിര്‍മിച്ചവരുടെ ഭാവനയും ഭാഷയും കലാചാതുരിയും തുടങ്ങി അവരുടെ ആശയപ്രപഞ്ചമാകെ പുരാവസ്തുക്കളില്‍നിന്ന് കണ്ടെത്താനുള്ള പരിശ്രമം.

ഭൌതികസംസ്കാരപഠനത്തിന്റെ ദാര്‍ശനികതലവും ഇതോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. മാനവചരിത്രം പഠിച്ച ദാര്‍ശനികരില്‍ ചിലര്‍ മുന്നോട്ടുവച്ച ഒരു കാഴ്ചപ്പാട് മനുഷ്യന്‍ പ്രാഥമികമായി ഭൌതിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നാണ്. മനുഷ്യമോചനത്തെ ലക്ഷ്യമാക്കുന്ന ദര്‍ശനങ്ങള്‍ ഇപ്പോഴും ഭൌതികതയ്ക്കുള്ള പ്രാഥമികതയെ അംഗീകരിക്കുന്നുണ്ട്. ചരിത്രം, പരാജിതരുടെയും തിരസ്കൃതരുടെയും ചരിത്രം കൂടിയാകണമെങ്കില്‍ മനുഷ്യജീവിതത്തിന്റെ ഭൌതിക പരിസരങ്ങളെ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതുണ്ട്. ഭൌതികസംസ്കാരപഠനം അതിന് വഴിയൊരുക്കുന്നു.

ശാസ്ത്രവിഷയങ്ങളുടെ പിന്‍ബലമില്ലാതെ ഭൌതികശാസ്ത്രപഠനം സാധ്യമല്ല. ഓരോ ഭൌതികവസ്തുവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി കാലനിര്‍ണയം ചെയ്തും ഉറവിടം കണ്ടെത്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഈ പഠനങ്ങളില്‍ ഫിസിക്സും കെമിസ്ട്രിയും മാത്രമല്ല സസ്യശാസ്ത്രവും ഭൌമശാസ്ത്രവും പങ്കാളിയാകും. ഓരോ ഭൌതികസംസ്കാരത്തിന്‍മേലും പ്രകൃതിയും പാരിസ്ഥിതിക ഘടകങ്ങളും വഹിച്ച പങ്കും ഇതിലൂടെ മനസ്സിലാക്കാനാകും.

കേരളത്തെ ലോകപുരാവസ്തു ഭൂപടത്തില്‍ അടയാളപ്പെടുത്തിയ പട്ടണം പുരാവസ്തു ഗവേഷണ പദ്ധതിയാണ് മുസിരിസ് പദ്ധതി പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഈ പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് സാഹചര്യമൊരുക്കിയത്. ഇന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി കേന്ദ്രം ഉദ്ഘാടനം ചെയ്യും. ദക്ഷിണേഷ്യയില്‍ പ്രധാനമായ പുരാവസ്തുസ്ഥാനമായി പട്ടണം മാറിക്കഴിഞ്ഞു. കഴിഞ്ഞ നാല് സീസണുകളിലായി അവിടെനിന്ന് ലഭിച്ച പുരാവസ്തുക്കളുടെ വൈവിധ്യവും എണ്ണവും അതിശയിപ്പിക്കുന്നതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ നിര്‍വചനപ്രകാരമുള്ള പുരാവസ്തുക്കള്‍ മാത്രം ഏതാണ്ട് 50,000ന് അടുത്തുവരും. ഇതിന് പുറമെയാണ് 30 ലക്ഷത്തോളം വരുന്ന മൺപാത്ര കഷ്ണങ്ങള്‍. ഇവയില്‍ മഹാഭൂരിപക്ഷവും തദ്ദേശീയങ്ങളാണ്. മെഡിറ്ററേനിയന്‍, ചെങ്കടല്‍, പശ്ചിമേഷ്യന്‍ സമൂഹങ്ങളില്‍ നിര്‍മിച്ചവയും ഇന്ത്യന്‍ മഹാസമുദ്ര തീരപ്രദേശങ്ങളില്‍ കണ്ടുവരുന്ന മൺപാത്രങ്ങളും ധാരാളമുണ്ട്. ഇവയെല്ലാം പട്ടണത്തെ സവിശേഷമായ ബഹുസംസ്കാരവിനിമയ കേന്ദ്രമാക്കുന്നു. 2000 വര്‍ഷത്തിനുമുമ്പുള്ള പുരാവസ്തുക്കള്‍ ഇത്രയധികം ലഭിച്ച ആര്‍ക്കിയോളജിക്കല്‍ സൈറ്റുകള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.

ചെറുപുരാവസ്തുക്കളുടെ പറുദീസയായി പട്ടണത്തെ വിലയിരുത്തിയാല്‍ അതില്‍ തെറ്റുണ്ടാകില്ല. ഈ പശ്ചാത്തലത്തില്‍ ഭൌതികസംസ്കാരപഠനത്തിനായി പഠനകേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കേരളം ഭാവിതലമുറയോട് അതിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ചുമതലയാണ് നിര്‍വഹിക്കുന്നത്. പട്ടണം പുരാവസ്തുക്കള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായുമുള്ള ദേശീയ-അന്തര്‍ദേശീയ ബന്ധങ്ങള്‍ ഈ പഠനകേന്ദ്രത്തിന്റെ ലക്ഷ്യവ്യാപ്തിയെ പലമടങ്ങ് വര്‍ധിപ്പിക്കുന്നു. സാമൂഹ്യശാസ്ത്രവിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍, ഭൌതികശാസ്ത്രവിഷയങ്ങള്‍ എന്നിവയുടെ പങ്കാളിത്തമുള്ള മാസ്റ്റേഴ്സ്, എംഫില്‍, പിഎച്ച്ഡി കോഴ്സുകളാണ് കേന്ദ്രത്തിലുണ്ടാകുക. അന്തര്‍ദേശീയതലത്തില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം കരിക്കുലം. എംഎ തലത്തില്‍ ഇറ്റലിയിലെ റോം, കസിനോ സര്‍വകലാശാലകള്‍ ഇന്തോ-ഗ്രീക്ക്-റോമന്‍ കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട കോഴ്സ് രൂപപ്പെടുത്താന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. എംഫില്‍ കോഴ്സിന് ആവശ്യമായ സഹകരണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സര്‍വകലാശാലകളുമായ കെസിഎച്ച്ആര്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ സംസ്കൃത സര്‍വകലാശാല അംഗീകരിക്കുകയാണെങ്കില്‍ ഈ കോഴ്സുകള്‍ അന്താരാഷ്ട്രനിലവാരത്തില്‍ തന്നെ ആരംഭിക്കാന്‍ കഴിയും. പിഎച്ച്ഡി തലത്തില്‍ അക്കാദമിക് സഹകരണം വാഗ്ദാനം ചെയ്ത സര്‍വകലാശാലകളില്‍ പട്ടണം ഗവേഷണപദ്ധതിയുമായി സഹകരിക്കുന്ന അമേരിക്കയിലെ ഡെലവയര്‍ സര്‍വകലാശാല, ബ്രിട്ടനിലെ ഡറാം സര്‍വകലാശാല തുടങ്ങിയവ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി അരഡസനിലേറെ സ്ഥാപനങ്ങളുണ്ട്.

ഏതെങ്കിലും വിജ്ഞാനശാഖയില്‍ അടിസ്ഥാനയോഗ്യതയുള്ള ആര്‍ക്കും ഭൌതികസംസ്കാരപഠനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ കോഴ്സുകളില്‍ പ്രവേശനം നേടാം. ശങ്കരാചാര്യ സര്‍വകലാശാലയും മറ്റുസര്‍വകലാശാലകളും സഹകരിച്ചാല്‍ വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും കൈമാറ്റം ഉള്‍പ്പെടെയുള്ള പദ്ധതിയും നടപ്പാക്കാനാകും.

റോമില ഥാപ്പര്‍, യൂറോപ്യന്‍ ആര്‍ക്കിയോളജി ചെയര്‍ പ്രൊഫ. ക്രിസ് ഗോഡ്‌സൺ, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ആര്‍ക്കിയോ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. മാര്‍ക്ക് പൊളാര്‍ഡ് എന്നിവര്‍ ഈ കേന്ദ്രത്തിന്റെ കരടുരൂപം തയ്യാറാക്കുന്നതിലും ഉപദേശകസമിതിയില്‍ അംഗമാകുന്നതിലും കാണിച്ച താല്‍പ്പര്യം അഭിമാനകരമായ കാര്യമാണ്. കോഴ്സുകള്‍ക്ക് ഫീല്‍ഡ് പഠനം നിര്‍ബന്ധമായിരിക്കും. ഇതിന് പുറമെ ഹെറിറ്റേജ് മാനേജ്‌മെന്റില്‍ പ്രായോഗിക പരിശീലനത്തിനുള്ള അവസരവുമുണ്ടായിരിക്കും. പുരാവസ്തുപഠനത്തിനുള്ള ലാബോറട്ടറികള്‍, കൺസര്‍വേഷന്‍ കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അറിവും വൈദഗ്ധ്യവും സ്വരൂപിക്കാനും ഈ പഠനകേന്ദ്രം ശ്രമിക്കുന്നതായിരിക്കും.


*****

പ്രൊഫ. പി ജെ ചെറിയാന്‍, കടപ്പാട് : ദേശാഭിമാനി 28-02-2011

(പട്ടണം പുരാവസ്തു ഗവേഷണപദ്ധതി ഡയറക്ടറാണ് ലേഖകന്‍)

No comments: