Sunday, February 20, 2011

തലപൊക്കുന്ന ആള്‍ദൈവങ്ങള്‍ 2

മറ്റുഭാഗങ്ങള്‍ക്ക് ആള്‍ദൈവങ്ങള്‍ എന്ന ലേബല്‍ നോക്കുക

വളര്‍ച്ചയ്ക്ക് പിന്നില്‍ തീവ്രവാദ - അധോലോക ബന്ധം?

കോഴിക്കോട്: സുമേഷിനെക്കൂടാതെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ ജിലേബി സ്വാമിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്വാമിയുടെ ഭക്തനായി വളരെക്കാലം കൂടെ നടന്ന ബംഗ്ലൂരുവില്‍ താമസക്കാരനായ ഗോകുല്‍ രാജ്, ഒറ്റപ്പാലം സ്വദേശി എന്നിവരും വിദേശത്തുള്ള പലരും പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ചില സ്ത്രീകളും സ്വാമിക്കെതിരെ പരാതിയുമായി എത്തിയിട്ടുണ്ട്.

വളരെക്കാലം സ്വാമിയുടെ കടുത്ത ഭക്തനായിരുന്ന ഗോകുല്‍ രാജ് ഇന്ന് സ്വാമിയെ ഭയക്കുകയാണെന്ന് പറയുന്നു. തന്റെ കെ എല്‍ 10 എം ഡി 9960 നമ്പര്‍ ഫോര്‍ഡ് എന്‍ഡീവര്‍ 2008 മോഡല്‍ കാര്‍ തന്റെയും സ്വാമിയുടെ ശരവണ മഠത്തിന്റെയും ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതായി ഗോകുല്‍ രാജ് പറഞ്ഞു. സിങ്കപ്പൂരില്‍ നിന്നും താന്‍ വാങ്ങിയ സോണി കമ്പനിയുടെ ആറ് ലക്ഷത്തോളം രൂപ വില വരുന്ന വീഡിയോ ക്യാമറയും മഠത്തിന്റെ ആവശ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. മഠത്തിലെ തൈപ്പൂയ ആഘോഷങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് കാമറ തന്റെ കൈയ്യില്‍ നിന്നും വാങ്ങിയത്. വാഹനവും സ്വാമി തന്നെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വാമിയുടെ അതിക്രമങ്ങളും കള്ളത്തരങ്ങളും മനസ്സിലാക്കിയ ഇദ്ദേഹം സ്വാമിയുമായി തെറ്റി. അപ്പോള്‍ കാറും കാമറയും തിരിച്ച് നല്‍കാതിരി ക്കാനായിരുന്നു അവരുടെ ശ്രമം. ചോദിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് ഗോകുല്‍രാജ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ കോഴിക്കോട്ട് എവിടെയോ സൂക്ഷിച്ച കാര്‍ തിരിച്ചു നല്‍കി. കാമറ ഇതുവരെ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ദുബായിയിലുള്ള സ്വാമി തിരിച്ചുവന്നാല്‍ തരാമെന്നായിരുന്നു മറുപടി. പറഞ്ഞ തിയ്യതി കഴിഞ്ഞെങ്കിലും സ്വാമി ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും ഗോകുല്‍രാജ് പറഞ്ഞു.എന്നാല്‍ വിദേശത്തായിരുന്ന മുരളീകൃഷ്ണ സ്വാമി ഇന്നലെ ട്രിച്ചിയിലെത്തി അവിടുത്തെ മായാപുരം ലോഡ്ജില്‍ താമസിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. നിരവധി പരാതികള്‍ തനിക്കെതി രെയുള്ള സാഹചര്യത്തില്‍ സ്വാമി ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യം തേടാനുള്ള ശ്രമത്തിലാണെന്നും അറിയുന്നു.

ശ്രീകൃഷ്ണപുരത്ത് സ്വാമിക്കെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്. വിവിധ സംഘടനകള്‍ സ്വാമിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. താനും സുഹൃത്തുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഗോകുല്‍ രാജ് അറിയിച്ചു. ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്ത് ശരവണഭവ മഠം എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ അനധികൃത സമ്പാദ്യങ്ങളെക്കുറിച്ചും അന്യായമായ പ്രവൃത്തികളെക്കുറിച്ചുമാണ് പരാതി.സ്വാമി ചെയര്‍മാനായി മഠത്തിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെങ്കിലും പണം മുഴുവന്‍ അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റിലേക്കാണ് പോകുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. ഭക്തിയുടെ പേരില്‍ കള്ളപ്രചരണം നടത്തി പൊതുജനങ്ങളെ പറ്റിച്ച് പണം സമ്പാദിക്കുകയാണ് സ്വാമി. വിദേശയാത്രകള്‍ നടത്തി ലക്ഷക്കണക്കിന് രൂപയാണ് അനധികൃതമായി സമ്പാദിച്ചിട്ടുള്ളത്. കോടികള്‍ മുടക്കി മഠത്തിന്റെ പേരില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് അവയിലെ ഓരോ മുറിയും ലക്ഷക്കണക്കിന് രൂപ വില നിശ്ചയിച്ച് ഭക്ത ജനങ്ങള്‍ക്ക് താമസിക്കാന്‍ നല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

സ്വാമിയ്ക്ക് ഊട്ടി, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയില്‍ കല്ലുത്താന്‍കടവ്, മൈലാടുംകുന്ന് എന്നിവിടങ്ങളിലും മഠങ്ങളും സ്ഥലങ്ങളും ഉണ്ട്. ശ്രീകൃഷ്ണപുരം വില്ലേജില്‍ സ്വാമിയുടെയും സഹോദരന്‍മാരുടെയും പേരിലും ബിനാമിയായും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉള്ളതായും പരാതിയില്‍ പറയുന്നു. ഭക്തജനങ്ങളെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച് വിദേശത്തേക്ക് കടക്കാനാണ് സ്വാമിയുടെ ശ്രമമെന്നും ഇവര്‍ പറയുന്നു.കോഴിക്കോട്ടെ തെരുവുകളില്‍ ജിലേബി വിറ്റ് നടന്നിരുന്ന ഒരാളെങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കോടികള്‍ സമ്പാദിച്ചു എന്ന കാര്യം ദുരൂഹമാണ്. ആശ്രമങ്ങള്‍ പണിയാനായി ഏക്കര്‍ കണക്കിന് ഭൂമിയാണ് സ്വാമി വിവിധ ജില്ലകളിലും കേരളത്തിന് പുറത്തും വാങ്ങിക്കൂട്ടിയിരിക്കുന്നത്. വ്യാജസ്വാമിമാര്‍ക്കെതിരെ മുമ്പ് നടന്ന അന്വേഷണത്തില്‍ സ്വാമി ഉള്‍പ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥ രെ സ്വാധീനിച്ച് രക്ഷപ്പെടുകയായിരുന്നു. സ്വയരക്ഷയ്ക്ക് എന്ന പേരില്‍ ഗുണ്ടാസംഘങ്ങളുള്ള ഇദ്ദേഹം ഹിന്ദുത്വത്തിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നാണ് മുന്‍ ശിഷ്യന്മാരുടെ ആരോപണം. സ്വാമി തന്നെ വിവാഹം ചെയ്ത് ഉപേക്ഷിക്കുകയും ലൈംഗികമായി ചൂഷണം നടത്തുകയും ചെയ്തതായി ആരോപണമുയര്‍ത്തി മലപ്പുറം സ്വദേശിനിയായ യുവതി ഒന്നര വര്‍ഷം മുമ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരാതിക്കാരി അപ്രത്യക്ഷയായി. വൈകാതെ സ്വാമി ലക്ഷങ്ങള്‍ നല്‍കി പരാതി ഇല്ലാതാക്കി.

ഇവരെ ഗുരുവായൂരിനടുത്തുള്ള ഒരാള്‍ക്ക് വിവാഹം ചെയ്ത് അയക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തതായി ശിഷ്യന്മാര്‍ തന്നെ വെളിപ്പെടുത്തി. മറ്റ് പല ഭക്തകളെയും സ്വാമി ചൂഷണം ചെയ്തതായും വിദേശത്ത് താമസമാക്കിയ ഒരു ശിഷ്യയാണ് സ്വാമിക്ക് യൂറോപ്പില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന തെന്നും സ്വാമിയുടെ കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ജിലേബി സ്വാമിക്കെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ഭീഷണിയുണ്ടായിട്ടുണ്ട്. ഇന്ത്യാവിഷന്റെയും ജയ്ഹിന്ദ് ടി വിയുടെയും കൊച്ചി ഓഫീസുകള്‍ക്ക്് നേരെ അക്രമം നടത്തി യതിന് സ്വാമിക്കെതിരെ എറണാകുളം കോടതിയില്‍ കേസുകളുണ്ട്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും സ്വാമിയ്ക്ക് ബന്ധമുള്ളതിനാല്‍ അന്വേഷണങ്ങള്‍ വളച്ചൊടിക്കാന്‍ കഴിയുമെന്നും അതിനാല്‍ പാലക്കാട് ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ വെച്ച് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഗോകുല്‍രാജ് ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.

*
ഷിബു ടി ജോസഫ്, കെ കെ ജയേഷ് കടപ്പാട്: ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തലപൊക്കുന്ന ആള്‍ദൈവങ്ങള്‍ 2