Thursday, February 24, 2011

കേന്ദ്ര സര്‍ക്കാരിന് ജനങ്ങളുടെ താക്കീത്

രാജ്യതലസ്ഥാനം ദര്‍ശിച്ച പ്രക്ഷോഭങ്ങളില്‍ സവിശേഷ ശ്രദ്ധ നേടിയ ഒന്നാണ് ഇന്നലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച്. അഭൂതപൂര്‍വമായ നിലയില്‍ ജനപങ്കാളിത്തമുണ്ടായ തൊഴിലാളി മാര്‍ച്ച് കേന്ദ്ര ഭരണാധികാരികള്‍ക്കുള്ള കനത്ത താക്കീതായി മാറി. എ ഐ ടി യു സിയും സി ഐ ടി യുവും ഉള്‍പ്പെടെയുള്ള ഇടതു ട്രേഡ് യൂണിയനുകള്‍ മാത്രമല്ല ഈ പ്രക്ഷോഭം നയിച്ചത്. രാജ്യം ഭരിക്കുന്ന യു പി എയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയന്‍ സംഘടനയായ ഐ എന്‍ ടി യു സിയും കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് നടന്ന തൊഴിലാളി പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ഐ എന്‍ ടി യു സി ദേശീയ അധ്യക്ഷന്‍ സഞ്ജീവ റെഡ്ഢി ആണ്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധവും ദേശതാല്‍പര്യങ്ങള്‍ ഹനിക്കുന്നതുമായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വളര്‍ന്നുവരുന്ന പ്രക്ഷോഭത്തിന് കൂടുതല്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നതിന്റെ ശ്രദ്ധേയമായ തെളിവാണ് പാര്‍ലമെന്റ് മാര്‍ച്ചിലെ ഐ എന്‍ ടി യു സിയുടെ പങ്കാളിത്തം.

വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, കരാര്‍ ജോലി അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങളുടെ ലംഘനം തടയുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന നയം ഉപേക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.

2009 ജൂലൈ മുതല്‍ തൊഴിലാളി സംഘടനകള്‍ സംയുക്തമായ നിലയില്‍ ദേശവ്യാപക പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രാജ്യവ്യാപകമായി തൊഴിലാളി വിരുദ്ധവും ജനദ്രോഹപരവുമായ നയങ്ങള്‍ക്കെതിരായി പ്രചാരണ പ്രവര്‍ത്തനം നടത്തിയ തൊഴിലാളി സംഘടനകള്‍ 2010 മാര്‍ച്ച് അഞ്ചിന് നടത്തിയ ജയില്‍ നിറയ്ക്കല്‍ സമരം കേന്ദ്രസര്‍ക്കാരിനോടുള്ള തൊഴിലാളികളുടെ അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് അന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളിലേയ്ക്ക് പോവാന്‍ സന്നദ്ധരായത്.

2010 സെപ്തംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്ക് സ്വതന്ത്രാനന്തര ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറി. സമസ്ത തൊഴില്‍ മേഖലകളിലും സമ്പൂര്‍ണമായ സ്തംഭനമുണ്ടായി. സാധാരണഗതിയില്‍ ഇടതുപക്ഷം ആഹ്വാനം ചെയ്യുന്ന പണിമുടക്കുകള്‍ക്ക് നേരിയതോതില്‍ പോലും ചലനമുണ്ടാകാതിരുന്ന സംസ്ഥാനങ്ങളില്‍പോലും തൊഴില്‍ മേഖല സ്തംഭിക്കുന്ന അനുഭവമുണ്ടായി. ഗതാഗതം നിലയ്ക്കുകയും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിനെതിരായ ജനരോക്ഷം എത്രമേല്‍ രൂക്ഷമാണെന്ന് തെളിയിക്കുന്നതായി ഇന്നലത്തെ പാര്‍ലമെന്റ് മാര്‍ച്ചും മാറി. ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഡല്‍ഹിയിലെ ടെന്റുകളില്‍ തമ്പടിച്ച വ്യവസായ തൊഴിലാളികളും ഗ്രാമീണ തൊഴിലാളികളും ജീവനക്കാരും ജനകീയ പ്രതികരണത്തിന്റെ ശക്തിയും മാറ്റും ഭരണാധികാരികളെ ബോധ്യപ്പെടുത്തി.

വിലക്കയറ്റത്താല്‍ സാധാരണ ജനങ്ങള്‍ കഷ്ടനഷ്ടങ്ങളില്‍ നീറിപ്പുകയുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വിലക്കയറ്റം തടയും എന്ന ഉഗ്രന്‍ പ്രസ്താവനകളല്ലാതെ ഫലപ്രദമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെയ്പ്പുകാരെയും അവധി വ്യാപാര നിയന്ത്രണം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന കുത്തകകളെയും സംരക്ഷിക്കുന്നതിനായി സാധാരണക്കാരെ ബലിയാടാക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍ ചെയ്യുന്നത്. പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയസമീപനമാണ് കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം അനുവര്‍ത്തിച്ചുവരുന്നത്. വിലക്കയറ്റത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് തൊഴിലാളികളും സാധാരണക്കാരുമാണ്. ഐ എന്‍ ടി യു സി ദേശീയ അധ്യക്ഷന്‍ സഞ്ജീവ റെഡ്ഢി തന്നെ, വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് മുന്നില്‍ നിസ്സംഗത പാലിക്കുവാന്‍, കോണ്‍ഗ്രസുകാരനാണെങ്കിലും തനിക്ക് കഴിയില്ലെന്നാണ് പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തക മുതലാളിമാര്‍ക്ക് കൈമാറുവാന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുസ്വത്ത് ഒരുകൂട്ടം കുത്തക മുതലാളിമാര്‍ക്ക് ലാഭം കൊയ്യുന്നതിനായി അടിയറവയ്ക്കുക എന്ന ജനവിരുദ്ധവും ദേശവിരുദ്ധവുമായ സമീപനത്തിനെതിരായ കനത്ത പ്രതിഷേധം കൂടിയായിരുന്നൂ പാര്‍ലമെന്റ് മാര്‍ച്ച്.

ജനങ്ങളെ അവഗണിക്കുകയും കുത്തകകളെ പ്രീണിപ്പിക്കുകയും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെതിരായ രാജ്യത്തിന്റെ അതിശക്തമായ താക്കീതാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധവും അമര്‍ഷവും മനസ്സിലാക്കുവാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും യു പി എ സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും യു പി എ സര്‍ക്കാരിനും അഭിമുഖീകരിക്കേണ്ടിവരും.

*
മുഖപ്രസംഗം 24 ഫെബ്രുവരി 2011 കടപ്പാട്: ജനയുഗം ദിനപത്രം

1 comment:

വര്‍ക്കേഴ്സ് ഫോറം said...