Saturday, February 5, 2011

അടിയന്തരാവസ്ഥയ്ക്ക് ശേഷം

മുന്‍ അദ്ധ്യായങ്ങള്‍ക്ക് ടി.കെ.ഹംസ എന്ന ലേബല്‍ നോക്കുക

അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് 1977ല്‍ കെപിസിസി അംഗീകരിച്ച രേഖയിലും പിന്നീട് 1978ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥയില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച്, മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ "പുറത്തിറങ്ങി നടക്കാന്‍ കഴിയുകയില്ല''എന്ന് എ കെ ആന്റണി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 1978ല്‍ നടത്തിയ പ്രസ്താവന ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം തുടര്‍ന്നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ മുഴുവന്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും പരാജയപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി വലിയ ഭൂരിപക്ഷത്തിന് ജയിച്ച് അധികാരത്തില്‍ വന്നു.

ആ ഗവണ്‍മെന്റിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. കരുണാകരന്‍ ജീവിതത്തില്‍ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ ആ സ്ഥാനം അദ്ദേഹത്തിന് അധികകാലം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കുപ്രസിദ്ധമായ രാജന്‍ കേസിലെ ഹേബിയസ് കോര്‍പസ് ഹര്‍ജി കാര്യത്തില്‍ കേരള ഹൈക്കോടതിയുടെ പരാമര്‍ശം കരുണാകരന്റെ രാജിയില്‍ കലാശിച്ചു.

കരുണാകരനുവേണ്ടി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്ന് ബോധിപ്പിക്കുകയുണ്ടായി. എന്നാല്‍ കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബഹാവുദ്ദീന്റെയും മറ്റും മൊഴികളുടെയും കോളേജിലെ രേഖകളുടെയും അടിസ്ഥാനത്തില്‍ രാജനെ പൊലീസ് കോളേജിലെ ഹോസ്റ്റലില്‍നിന്ന് പിടിച്ചുകൊണ്ടുപോയിരുന്നതായി കോടതിക്ക് ബോധ്യമായി. അതിനാല്‍ "കരുണാകരന്‍ കോടതി മുമ്പാകെ കളവ് പറഞ്ഞു'' എന്ന് വിധിന്യായത്തില്‍ കോടതി പ്രസ്താവിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് നടപടികള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

ഇതൊരു നല്ല സന്ദര്‍ഭമായി കണ്ട കോണ്‍ഗ്രസിനകത്തെ കരുണാകരന്റെ എതിര്‍ഗ്രൂപ്പുകാര്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചു. പുറത്തുള്ളവരും അതേറ്റുപിടിച്ചു. ഗത്യന്തരമില്ലാതെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. 1977 മാര്‍ച്ച് 25ന് മുഖ്യമന്ത്രിയായി അധികാരമേറ്റ കരുണാകന്‍ മന്ത്രിസഭ 32-ാംദിവസം ഏപ്രില്‍ 25ന് രാജിവച്ചു.

തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ നിലവില്‍വന്നു. ആ ഭരണം ആറുമാസം തികഞ്ഞില്ല, താഴെ ഇറങ്ങി. ചിക്ക്മംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് അംഗീകരിച്ചതില്‍ ധാര്‍മികരോഷം വന്ന ആന്റണി അതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 27ന് രാജിവച്ച് തന്റെ വ്യക്തിപ്രഭാവം ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു. ഇതിനു മുമ്പും അദ്ദേഹത്തിന്റെ ധാര്‍മികരോഷം കേന്ദ്ര ഭക്ഷ്യസഹമന്ത്രിസ്ഥാനം വലിച്ചെറിയാന്‍ ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി ഉണ്ടായ ആ പിണക്കം, അവസാനം സ്വന്തമായി ഒരു പാര്‍ടി ഉണ്ടാക്കുന്നതിലേക്കാണ് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. അതായിരുന്നു കോണ്‍ഗ്രസ് (എ) അഥവാ ആന്റണി കോണ്‍ഗ്രസ്.

1978 ജനുവരി രണ്ടിന് ഉണ്ടായ കോണ്‍ഗ്രസിലെ പിളര്‍പ്പിന്റെയും മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷ മുന്നണിയിലേക്ക് ചേക്കേറി. ആന്റണിയുടെ രാജിയെത്തുടര്‍ന്ന് അന്ന് കോണ്‍ഗ്രസ് മുന്നണിയിലെ ഘടകകക്ഷി ആയിരുന്ന സിപിഐയുടെ നേതാവ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുത്തെങ്കിലും അധികം താമസിയാതെ ആ ഗവണ്‍മെന്റും തകര്‍ന്നു. ഇടതുപക്ഷ മുന്നണി ശക്തിപ്പെടുത്താന്‍ സിപിഐ യും മുന്നണി മാറി ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. 1979 ഒക്ടോബര്‍ 12നാണ് പി കെ വി മന്ത്രിസഭ രാജിവച്ചത്.

പി കെ വി രാജിവച്ച അന്നുതന്നെ മുസ്ളിംലീഗ് നേതാവ് സിഎച്ച് മുഹമ്മദ്കോയ മുഖ്യമന്ത്രിയായി കേരളത്തിലെ പത്താമത്തെ മന്ത്രിസഭ അധികാരമേറ്റു. "ഒരു അപൂര്‍വ സൃഷ്ടി'' എന്നാണ് ഇ എം എസ് ഈ മന്ത്രിസഭയെ വിശേഷിപ്പിച്ചത്. സി എച്ച് മന്ത്രിസഭ ഒരു കാര്യം മാത്രമാണ് നേടിയത്. ഭൂപരിഷ്കരണനിയമത്തില്‍ ഒരു പഴുത് ഉണ്ടാക്കി, സ്വന്തം മക്കളുടെ പേരില്‍ ഇഷ്ടദാനമായി കൊടുത്ത ഭൂസ്വത്തുക്കള്‍ ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഭേദഗതിനിയമം പാസാക്കി. ഇത് പാണക്കാട് തങ്ങളുടെ വക ഭൂസ്വത്തുക്കള്‍ മക്കളുടെ പേരില്‍ ദാനമായി എഴുതിവച്ചിരുന്നതിനെ സാധൂകരിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ടായി. ഈ ഒരൊറ്റ കാര്യം സാധിച്ച് 1979 ഒക്ടോബര്‍ 12ന് അധികാരമേറ്റെടുത്ത സി എച്ച് മന്ത്രിസഭ ഡിസംബര്‍ഒന്നിന് രാജിവച്ചൊഴിഞ്ഞു. കോണ്‍ഗ്രസ് (എ),(യു) വിഭാഗങ്ങളാണ് അദ്ദേഹത്തിന്റെ കാലുവാരിയത്. തുടര്‍ന്ന് കേരളത്തില്‍ ഗവര്‍ണര്‍ ഭരണം വന്നു. അത് രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും മന്ത്രിസഭകളുടെ മലക്കം മറിച്ചിലുകളുടെയും കാലമായിരുന്നു. രണ്ടരക്കൊല്ലത്തിന്നിടയില്‍ നാലു മന്ത്രിസഭകള്‍ തകര്‍ന്നടിഞ്ഞത് കേരള ജനത കാണുകയുണ്ടായി.

ഇതേ കാലയളവില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജനതാപാര്‍ടി അടിയന്തരാവസ്ഥക്ക് ശേഷംഅന്ന് പ്രയാസം അനുഭവിച്ച എല്ലാ പാര്‍ടികളും ചേര്‍ന്ന് തട്ടിക്കൂട്ടിയതായിരുന്നു. അതിന് ആദര്‍ശത്തിന്റെയും ആശയത്തിന്റെയും ഒരു പരിവേഷവും ഉണ്ടായിരുന്നില്ല. പരസ്പരവിരുദ്ധങ്ങളായ ലക്ഷ്യങ്ങളുള്ള പാര്‍ടികളായിരുന്നു ഘടകങ്ങള്‍ എല്ലാം. ജനസംഘം, സംഘടനാ കോണ്‍ഗ്രസ്,സോഷ്യലിസ്റ്റ് പാര്‍ടികള്‍ എല്ലാം കൂടിച്ചേര്‍ന്നാണ് ജനതാ പാര്‍ടി ഉണ്ടാക്കിയിരുന്നത്. അവര്‍ക്ക് താത്വികവും സംഘടനാപരമായും യോജിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷ പാര്‍ടികളുടെ പിന്തുണയും സഹായവും അതിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ഭരണം എന്ന നിലയില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നതുമില്ല. ഇന്ദിരാഗാന്ധിയുടെ പേരില്‍ ചില നടപടികള്‍ ആരംഭിക്കാനും, കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനും കഴിഞ്ഞത് മാത്രമായിരുന്നു മിച്ചം. അങ്ങനെ മൊറാര്‍ജി ഭരണകൂടം തകര്‍ന്നടിഞ്ഞു. ജനതാ പാര്‍ടിയും തല്ലിപ്പിരിഞ്ഞു, ചുരുക്കത്തില്‍ 1980ല്‍ കേന്ദ്രത്തിലും കേരളത്തിലും ഒരുമിച്ച് പൊതുതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ പോളിങ് തീയതികളില്‍ വ്യത്യാസമുണ്ടായിരുന്നു.

കോണ്‍ഗ്രസ് ഐ യുടെ തിരിച്ചുവരവും ഭാര്യയുടെ മരണവും

1978 ജനുവരി 10നായിരുന്നു ഞാന്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തത്. അതിനുശേഷം ഞാനും ഏതാനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. ആദ്യം ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനം മഞ്ചേരിയിലായിരുന്നു. മംഗലം ഗോപിനാഥ്, പ്രൊഫ. വേണുഗോപാല്‍, എ കുഞ്ഞിരാന്‍ എന്നിവര്‍ സെക്രട്ടറിമാരും കുരുണിയന്‍ സൈദ് വൈസ്പ്രസിഡന്റും പി ടി മോഹനകൃഷ്ണന്‍ ഖജാന്‍ജിയും ഭാരവാഹികള്‍. എം പി ഗംഗാധരന്‍ കരുണാകരന്റെ സ്വന്തക്കാരന്‍ എന്ന നിലയില്‍ ഞങ്ങളെ മേല്‍നോട്ടം വഹിക്കുന്ന ടീം മാനേജരും.

അന്നത്തെ രാഷ്ട്രീയ സാഹചര്യം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായിരുന്നു. കേന്ദ്രത്തില്‍ ജനതാപാര്‍ടിയും ഗവണ്‍മെന്റും ആഭ്യന്തരകലഹം മൂത്ത് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയാണെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സഹതാപം സൃഷ്ടിക്കുകയും ഒരു രക്തസാക്ഷിയുടെ പരിവേഷം രൂപപ്പെടുകയും ചെയ്തു. ഇന്ത്യ മുഴുവന്‍ അവര്‍ തീവണ്ടിയിലും കാറിലുമായി സഞ്ചരിച്ച് ജനസമ്പര്‍ക്കം വിപുലീകരിച്ചു. "ആയിരം കൊല്ലങ്ങള്‍ക്കിടെ ഇനി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയില്ലെന്ന്'' അവര്‍ പ്രസ്താവിച്ചു. വന്നുപോയ തെറ്റുകള്‍ക്ക് അവര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു.

കേരളത്തിലാണെങ്കില്‍ കോണ്‍ഗ്രസ് ഐ, എ ഭിന്നിപ്പും കോണ്‍ഗ്രസ് എ യുടെ ഇടതുപക്ഷത്തേക്കുള്ള കൂറുമാറ്റവും 1970 മുതല്‍ 79 വരെ കൂടെ നില്‍ക്കുകയും അടിയന്തരാവസ്ഥയില്‍പ്പോലും കൂട്ടുഭരണം നടത്തുകയും ചെയ്ത സിപിഐ കോണ്‍ഗ്രസ് ഐ യെ വിട്ടു ഇടതുപക്ഷം ചേര്‍ന്നതും ജനങ്ങള്‍ക്കിടയില്‍ നല്ല പ്രതികരണമായിരുന്നില്ല ഉണ്ടാക്കിയത്. ഈ സാഹചര്യങ്ങളെല്ലാം കോണ്‍ഗ്രസ് ഐ യുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും കേരളത്തില്‍പ്പോലും ക്രമേണ ശക്തി ആര്‍ജിക്കുന്നതിനും കാരണമായി.

മേല്‍പ്പറഞ്ഞ പരിതഃസ്ഥിതികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ കോണ്‍ഗ്രസ് ഐ സംഘടന കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതരായി. ഞാനും സഹപ്രവര്‍ത്തകരും ജില്ല മുഴുവന്‍ ഓടിനടന്ന് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ആ കാലത്ത് ഞാന്‍ പ്രതിയോഗികളെ ഫലപ്രദമായി ആക്രമിച്ചും രസകരമായി അവതരിപ്പിച്ചും പ്രസംഗിക്കുന്ന കാലമായിരുന്നു. പ്രസംഗത്തിന് ഞാന്‍ മലപ്പുറം വിട്ട് കോഴിക്കോട്, വയനാട് ജില്ലകളിലും പാലക്കാടിന്റെ ഭാഗങ്ങളിലും എത്തിയിരുന്നു.

ഇന്ദിരാഗാന്ധി ഒരുവേള സംസ്ഥാനത്ത് ഉടനീളം കാറില്‍ സഞ്ചരിച്ച് പര്യടനം നടത്തി. മലപ്പുറം ജില്ലയില്‍ പല സ്ഥലങ്ങളിലും അവര്‍ പ്രസംഗിച്ചു. മഞ്ചേരി ഹൈസ്കൂള്‍ മൈതാനിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഇന്ദിരാഗാന്ധിയെ ജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. അവരുടെ ഇംഗ്ളീഷിലുള്ള പ്രസംഗം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ഞാനായിരുന്നു. ജനങ്ങള്‍ പതുക്കെ അടിയന്തരാവസ്ഥക്കാലം മറക്കുകയായിരുന്നു. ഇന്ദിര തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞപ്പോള്‍ ജനം അത് പൊറുത്തുകൊടുക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് ഐ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ മുന്‍പന്തിയില്‍ നില്‍ക്കാനും കൈയും മെയ്യും മറന്ന് കഠിനാധ്വാനം ചെയ്യാനും ഞാന്‍ ശ്രമിച്ചു. ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് ഐയും തിരിച്ചുവരവിന്റെ ആവേശോജ്വലമായ മാനങ്ങള്‍ കണ്ടെത്തി ഉയരങ്ങള്‍ കീഴടക്കാന്‍ മുന്നേറുകയായിരുന്നു. അടിവാരത്തില്‍ ഞാനും രാഷ്ട്രീയമായി വളരുന്നതായി എനിക്കും അനുഭവപ്പെട്ടു.

എന്നാല്‍ പത്തുകൊല്ലമായി രാപ്പകല്‍ അധ്വാനിച്ചു കെട്ടിപ്പടുത്ത എന്റെ വക്കീല്‍ പ്രവൃത്തിയുടെ സാമ്രാജ്യം തകര്‍ന്നു പൊളിഞ്ഞുവീണുകൊണ്ടിരുന്നു. എന്റെ വക്കീല്‍ഓഫീസില്‍ കേസിലെ കക്ഷികള്‍ കുറഞ്ഞുവന്നു. ഓഫീസില്‍ കക്ഷികള്‍ വരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവര്‍ വരുന്നത് കക്ഷികള്‍ക്കും അരോചകമായി. രണ്ടിന്റെയും നടുവില്‍ എന്റെ മാനസികസംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. കോടതിയിലും രാഷ്ട്രീയത്തിലും ഒരുപോലെ മുഴുവന്‍ സമയവും ചെലവഴിക്കേണ്ടതായി വന്നതിനാല്‍ ഭക്ഷണവും വിശ്രമവും ഇല്ലാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നത്.

വക്കീല്‍പ്രവൃത്തിയില്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ജോലി കുറഞ്ഞു. അതിന്റെ അനന്തരഫലമായി സാമ്പത്തിക തിരിച്ചടി അനുഭവപ്പെടാന്‍ തുടങ്ങി. രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാല്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനും പറ്റിയ കാലമായിരുന്നില്ല. തുടക്കത്തില്‍ കോണ്‍ഗ്രസ് ഐ യുടെ ഭാവിയില്‍ ആശങ്കയുള്ളതിനാല്‍ ആള്‍ക്കാരുടെ സഹായം തീരെ ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ചുരുക്കം ചില സഹായങ്ങള്‍ കിട്ടും. ബാക്കി ഞങ്ങള്‍ സ്വന്തമായി കൈയില്‍നിന്ന് ചെലവാക്കിയാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഞാന്‍ ജില്ല മുഴുവന്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന എന്റെ ഫിയറ്റ് കാര്‍ ഓടി കേടുവന്ന് ഏതാണ്ട് തകര്‍ന്നു.

ഇതിനെക്കാളെല്ലാം എന്നെ വ്യക്തിപരമായി ആ കാലത്ത് അലട്ടിയിരുന്നത് എന്റെ ഭാര്യ സാറാബീവിയുടെ രോഗം പൂര്‍വാധികം ശക്തിയോടെ മൂര്‍ഛിച്ചുവന്നതായിരുന്നു. ആസ്ത്മ രോഗം പാരമ്യത്തിലെത്തിയ സ്ഥിതി, കോര്‍ടിസോണ്‍ ചികിത്സയുടെ അനന്തരഫലങ്ങള്‍, അതുണ്ടാക്കിയ ശരീരത്തിലെ മറ്റു പ്രത്യാഘാതങ്ങള്‍ എല്ലാംകൂടി അസഹനീയമായ അവസ്ഥ. ഫലപ്രദമായ ഒരു ചികിത്സയും ഈ ഘട്ടത്തില്‍ കൊടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു. മൂമ്പ് മൂവാറ്റുപുഴയിലെ ചാരിസ് ക്ളിനിക്കില്‍വച്ച് ചെയ്ത ചികിത്സ കോര്‍ടിസോണ്‍ മരുന്നിന്റെ അമിതപ്രയോഗമായിരുന്നു. അതിന് ഏതാണ്ട് അഞ്ചുകൊല്ലം സുഖം കിട്ടും, പിന്നെ പൂര്‍വാധികം ശക്തിയായി രോഗം തിരിച്ചുവരും എന്ന് അന്നു തന്നെ മഞ്ചേരി ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീധരന്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയായി വന്നു. എങ്കിലും 'കുന്തംപോയാല്‍ കുടത്തിലും തെരയാം' എന്ന പഴഞ്ചൊല്ലുപോലെ ചില ചികിത്സാ ശ്രമം നടത്താന്‍ നോക്കി.

അതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍കോളേജിലെ തൊറാസിക് സര്‍ജന്‍ പ്രൊ. കൃഷ്ണന്‍നായരുടെ അടുത്തു കൊണ്ടുപോയി. അദ്ദേഹം ഇംഗ്ളണ്ടിലൊക്കെ പോകാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് പരിശോധിച്ച് ചികിത്സ നിശ്ചയിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞങ്ങള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ അന്ന് മുഖ്യ ഡോക്ടര്‍ ആയിരുന്ന തൊറാസിക് ഫിസിഷ്യന്‍ ഡോ. അഹമദിനെ പോയി കണ്ടു.അദ്ദേഹവും പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഒരു എന്‍ഡോസ്കോപ്പി ചെയ്യണമെന്ന് നിര്‍ദേശിച്ചു. ഡോ. വിജയരാഘവന്റെ അടുത്തേക്കയച്ചു. ആ പരിശോധന കഴിഞ്ഞതിനുശേഷം ഒന്നും സംസാരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയിലായി. പിന്നെ നാട്ടിലേക്ക് പോന്നു. കുറച്ചുദിവസം കഴിഞ്ഞു ഗത്യന്തരമില്ലാതെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു, പേ വാര്‍ഡ് ബി 9ല്‍ ആണ് കിടന്നിരുന്നത്.

കഴിവിന്റെ പരമാവധി ചികിത്സയും വൈദ്യസഹായവും ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അടുത്തിരുന്നു ശുശ്രൂഷിക്കാനും പരിചരിക്കാനും കൂടുതല്‍ സമയം വിനിയോഗിക്കാന്‍ കഴിയാതെപോയതില്‍ ഞാന്‍ ഇന്നും ദുഃഖിതനാണ്. ഓഫീസിലും വീട്ടിലും രാഷ്ട്രീയവും പാര്‍ടി പ്രവര്‍ത്തകരും, ഇടയ്ക്ക് കേസിലെ കക്ഷികളും. തിരിയാനും മറിയാനും കഴിയാത്ത അവസ്ഥ. ഭാര്യ കിടപ്പിലായതിനാല്‍ കുട്ടികളുടെ കാര്യത്തിലും ഞാന്‍ തന്നെ ശ്രദ്ധിക്കണം. മൂത്ത മകന്‍ നജീബ് അലിഗഡ് സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. രണ്ടാമത്തേത് പെണ്‍കുട്ടി നദീറ എട്ടാം ക്ളാസിലും മൂന്നാമത്തേത് റഫി അഞ്ചാം ക്ളാസിലും നാലാമത്തെ കുട്ടി ഷബീര്‍ 3-ാം തരത്തിലും ആണ് പഠിച്ചിരുന്നത്. ആകപ്പാടെ വിഷമംനിറഞ്ഞ പ്രതിസന്ധികള്‍ എന്നെ വീര്‍പ്പുമുട്ടിച്ചു.

ഭാര്യ മെഡിക്കല്‍ കോളേജില്‍ പേ വാര്‍ഡില്‍ കിടക്കുന്നു. ചികിത്സകൊണ്ട് വലിയ ഗുണമൊന്നും ഇല്ലെന്ന് ബോധ്യമായി. ഒരു ദിവസം ഞാന്‍ അവരുടെ മുറിയില്‍ ഇരിക്കുമ്പോള്‍ വൈകുന്നേരംഏഴുമണി കഴിഞ്ഞിരിക്കും, കോഴിക്കോട് കുറ്റിച്ചിറയിലെ പാര്‍ടി പ്രവര്‍ത്തകര്‍ എന്നെ തിരഞ്ഞ് അവിടെ വന്നു. കുറ്റിച്ചിറയില്‍ പെട്ടെന്ന് ഒരു യോഗം വച്ചിട്ടുണ്ടെന്നും ഞാനതില്‍ ചെന്ന് പ്രസംഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞു വന്നതാണവര്‍. അവര്‍ക്ക് ഭാര്യയുടെ രോഗത്തിന്റെ കാഠിന്യം അറിയാമായിരുന്നില്ല. ഞാന്‍ അവരോട് രോഗത്തിന്റെ സ്ഥിതി പറഞ്ഞുകൊടുത്തു, ഇപ്പോള്‍ വരാന്‍ കഴിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ അതെല്ലാം കേട്ടുകിടക്കുന്ന ഭാര്യ, സംസാരിക്കാന്‍ വയ്യ, കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അവരുടെ കൂടെ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മനമില്ലാ മനസ്സോടെ ഞാന്‍ അവരുടെ കൂടെ പോയി. പ്രസംഗം കഴിഞ്ഞ് പതിനൊന്ന് മണിക്കാണ് ഞാന്‍ തിരിച്ചെത്തിയത്.

ഞാന്‍ പേ വാര്‍ഡില്‍ തന്നെ പരിചാരകര്‍ക്കുള്ള ബെഞ്ചില്‍ കിടന്നു. ഭാര്യയുടെ അനുജത്തി റുഖിയാബി മാത്രമാണ് സഹായിക്കാന്‍ ഉണ്ടായിരുന്നത്. മുറിയുടെ പുറത്ത് ജനലിനടുത്ത് എന്റെ കാര്‍ നിര്‍ത്തിയിട്ട് അന്ന് എന്റെ കാര്‍ ഓടിച്ചിരുന്ന കുഴിയോടന്‍ ആലി അതില്‍ കിടന്നുറങ്ങി. ആലി എന്റെ ഡ്രൈവറും സുഹൃത്തും സഹചാരിയുമായിരുന്നു അന്നും ഇന്നും.

ഞാന്‍ ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി. നേരം പുലര്‍ച്ചെ നാലുമണിക്ക് അനിയത്തി റുഖിയാബി എന്നെ തട്ടി ഉണര്‍ത്തി, ഭാര്യ കിടക്കുന്നത് ചൂണ്ടിക്കാണിച്ചു. പൊട്ടിക്കരഞ്ഞു. കാര്യം പന്തിയല്ലെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ തട്ടിപ്പിടഞ്ഞ് എണീറ്റ് അടുത്തുചെന്ന് തൊട്ടുനോക്കി, അനക്കമില്ല. കണ്ണിന്റെ ഇമ പൊന്തിച്ചുനോക്കി. അവര്‍ എന്നന്നേക്കുമായി എന്നെ വിട്ടുപിരിഞ്ഞു എന്ന് എനിക്ക് ബോധ്യമായി. അങ്ങനെ 1978 ഫെബ്രുവരി 27ന് പ്രഭാതത്തില്‍ നാലുമണിക്ക് അവര്‍ ഇഹലോകവാസം വെടിഞ്ഞു.

അപ്പോഴത്തെ എന്റെ മാനസികാവസ്ഥ കടലാസില്‍ പകര്‍ത്താന്‍ വാക്കുകള്‍ ഇല്ല. നിസ്സഹായനായ ഞാന്‍ ജനലിലൂടെ പുറത്തേക്ക് നോക്കി. എന്റെ കാര്‍ മുമ്പിലെ ടയര്‍ പഞ്ചറായി കിടക്കുന്നു. ആലി കാറിനകത്ത് കിടന്നുറങ്ങുന്നു. ഞാന്‍ കിടിലംകൊണ്ടു. ജീവിതത്തില്‍ ഇങ്ങനെ ഒരു ഘട്ടം ആദ്യമായി അനുഭവിച്ചു. പെട്ടെന്ന് ഒരു ഉള്‍വിളി എന്നോണം എനിക്ക് ഒരു ധൈര്യം കൈവന്നു. ഞാന്‍ പുറത്തിറങ്ങി വന്ന് ആലിയെ വിളിച്ചുണര്‍ത്തി.അനിയത്തി അപ്പോള്‍ അബോധാവസ്ഥയിലാണ്. ഞാന്‍ തന്നെ എല്ലാം നിര്‍വഹിക്കണം എന്ന സ്ഥിതി. കൌണ്ടറില്‍ച്ചെന്ന് നേഴ്സുമാരെ വിവരം അറിയിച്ചു. ആലി കാറിന്റെ ടയര്‍ മാറ്റി പെട്ടെന്ന് മഞ്ചേരിയിലേക്ക് പോന്നു.

ആശുപത്രി ജീവനക്കാരുടെ സഹകരണവും സേവനവും പരമാവധി കിട്ടി. ഒരു ആംബുലന്‍സ് സംഘടിപ്പിച്ചു, മൃതദേഹവുമായി പുറപ്പെട്ടു. ആംബുലന്‍സില്‍ എന്റെ കൂടെ അന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന തിരൂരങ്ങാടിക്കാരന്‍ സി പി അബ്ദുള്‍ലത്തീഫും ഭാര്യയും കൂടെ വന്നു. ആംബുലന്‍സ് രാവിലെ ഏഴുമണിക്ക് മഞ്ചേരി കച്ചേരിപ്പടിയിലെ എന്റെ വീട്ടുമുറ്റത്ത് നിര്‍ത്തി ഞാന്‍ ഇറങ്ങി. വീടിന്റെ കോലായില്‍ ചെറിയ മൂന്നു മക്കള്‍ നിരന്നു നില്‍ക്കുന്നു. അവരുടെ കണ്ണുകളില്‍നിന്ന് ധാരയായി വെള്ളം ഒഴുകുന്ന ആ ഘട്ടം കൂടുതല്‍ വിവരിക്കാന്‍ ഞാന്‍ അശക്തനാണ്....

വീട്ടില്‍ നിറയെ ആള്‍ക്കാര്‍, കുടുംബങ്ങളും സുഹൃത്തുക്കളും. എന്റെ ബാപ്പയെ കണ്ടപ്പോള്‍ ഞാന്‍ തളര്‍ന്ന് കട്ടിലില്‍ വീണു. കുറെ നേരത്തേക്ക് അവശനായി. ബാപ്പ മാനസികമായി ശക്തനും പ്രഗത്ഭനുമായിരുന്നു. പിന്നെ എല്ലാം അദ്ദേഹമാണ് നിയന്ത്രിച്ചത്. വൈകുന്നേരം നാലുമണിക്ക് മേലാക്കം പള്ളി ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. അലിഗഡില്‍ പഠിക്കുന്ന മകന്‍ നജീബിന് എത്താന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ വിമാനം ഇറങ്ങി എത്തിയപ്പോള്‍ രാത്രി ആയിപ്പോയി. പിന്നെ അവനെയും കൂട്ടി ഖബറിടത്തില്‍ പോയി സിയാറത്ത് കഴിച്ചു.

*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക 06 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് 1977ല്‍ കെപിസിസി അംഗീകരിച്ച രേഖയിലും പിന്നീട് 1978ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. അടിയന്തരാവസ്ഥയില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച്, മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഫയലുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയാണെങ്കില്‍ "പുറത്തിറങ്ങി നടക്കാന്‍ കഴിയുകയില്ല''എന്ന് എ കെ ആന്റണി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ 1978ല്‍ നടത്തിയ പ്രസ്താവന ഞാന്‍ ഇന്നും ഓര്‍ക്കുന്നു.