Thursday, March 15, 2012

അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ട് നഴ്സുമാര്‍ മുന്നോട്ട്

ധാര്‍മ്മികമായ പരിധികളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള മുതലാളിത്ത ചൂഷണത്തിന്റെ പരിണിതി തൊഴിലാളിവര്‍ഗത്തിന്റെ വാശിയേറിയതും സുദീര്‍ഘവുമായ സമരമായിരിക്കും. നഴ്സുമാരുടെ പ്രക്ഷോഭങ്ങളില്‍ സംഭവിക്കുന്നതും അതാണ്. ഇനിയുമവസാനിക്കാത്ത സമരങ്ങള്‍ പരിഹാരം കാണാതെ നീണ്ടുപോകുമ്പോഴും സര്‍ക്കാര്‍ അവകാശപ്പെടുന്നത് എല്ലാം പരിഹരിച്ചെന്നാണ്. അങ്ങനെ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഒരു പ്രസ്താവന പോലും വന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സമരം നടക്കുന്ന ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നഴ്സുമാര്‍ മാനേജ്മെന്റിന്റെ ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടത്. മറ്റെല്ലാതരത്തിലും സമരക്കാരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഏഴു പെണ്‍കുട്ടികളടക്കം ഇപ്പോഴും നിരവധി പേര്‍ നിരാഹാരം കിടക്കുന്നു. എന്നിട്ടും എല്ലാ തൊഴില്‍ നിയമങ്ങളും വേതന വ്യവസ്ഥകളും കാറ്റില്‍ പറത്തിയ മാനേജ്മെന്‍റ് ദല്ലാളന്മാര്‍ക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പോലീസ് സംരക്ഷണം. ഇതൊക്കെ പിടിപ്പുകേടിെന്‍റ ഉത്തുംഗതയിലെത്തി നില്‍ക്കുന്ന ഒരു സര്‍ക്കാരിനുകീഴില്‍ മാത്രമേ നടക്കുകയുള്ളൂ. ഒരു "പൂവിറുക്കുന്ന" ലാഘവത്തോടെ സമരത്തെ ധീരമായി നേരിട്ടുവെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബിജോണ്‍ അവകാശപ്പെടുന്നു. എവിടെയാണ് സമരം തൃപ്തികരമായി ഒത്തുതീര്‍പ്പായത്? സമരം തീര്‍ന്നെന്നു പറയുന്നിടത്തൊക്കെ മാനേജ്മെന്‍റ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ? ഇപ്പോഴും സമരം നടക്കുന്ന ഗോകുലം മെഡിക്കല്‍ കോളേജിലെ മാനേജ്മെന്‍റ് പ്രാഥമിക ചര്‍ച്ചയ്ക്കുപോലും ഇതുവരെയും തയ്യാറായിട്ടില്ല. അവിടത്തെ നിരാഹാര സത്യാഗ്രഹം ഇപ്പോഴും തുടരുന്നു. കണ്ണൂരിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ജനുവരിയില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് മാനേജ്മെന്റ് എഗ്രിമെന്‍റ് വെച്ചതാണ്. മാര്‍ച്ചായിട്ടും അത് നടപ്പിലാക്കിയില്ല. പോരാത്തതിന് നാലുപേരെ പിരിച്ചുവിടുകയും ചെയ്തു. കരാര്‍ പ്രകാരം ജനുവരി മുതലുള്ള ശമ്പളം നല്‍കേണ്ടതാണ്. അതും നല്‍കിയില്ല. സമരമല്ലാതെ മറ്റൊരു മാര്‍ഗവും അവരുടെ മുന്നിലില്ലായിരുന്നു. സമാധാനപരമായി സമരത്തില്‍ പങ്കെടുത്ത 52 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇങ്ങനെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും മന്ത്രി പറയുകയാണ് എല്ലാം പുഷ്പംപോലെ അവസാനിപ്പിച്ചുവെന്ന്.

സമരത്തിനുകാരണം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണെന്നാണ് മന്ത്രിയുടെ വാദം. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരാണ് നഴ്സുമാരുടെ വേതന പ്രശ്നം ഗൗരവപൂര്‍വം കൈകാര്യം ചെയ്തത്. 2009ല്‍ കേരള നഴ്സസ് മിനിമം വേജസ് സാലറി ആക്ട് എല്‍ഡിഎഫ് സര്‍ക്കാരാണ് കൊണ്ടുവന്നത്. അതു നടപ്പിലാക്കാത്ത മാനേജ്മെന്‍റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തപ്പോള്‍ , മാനേജ്മെന്‍റുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ പാടില്ല എന്ന് ഹൈക്കോടതി നിര്‍ദ്ദേശം വന്നു. തുടര്‍ നടപടി ഉണ്ടാകുന്നതിനുമുമ്പ് ആ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞിരുന്നു. തുടര്‍ന്നുവന്ന യുഡിഎഫിന്റെ നിരുത്തരവാദപരമായ നയമാണ് ഇപ്പോഴത്തെ അവസ്ഥ സൃഷ്ടിച്ചത്. സമരം ശക്തിപ്രാപിക്കുകയും ആശുപത്രിമേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യുമ്പോള്‍ കുറ്റമെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെമേല്‍ ചുമത്തി ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാണ് മന്ത്രി ശ്രമിക്കുന്നത്. ഈ നയം പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ.

പുതുതായുണ്ടാകുന്ന ഓരോ സമരത്തിലും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെല്ലാം ഒന്നു തന്നെ. പ്രാഥമികമായും അടിയന്തിരമായും നടപടികള്‍ കൈക്കൊള്ളേണ്ട സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ആശുപത്രി മാനേജ്മെന്‍റുകളോടൊപ്പംനിന്ന് മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. മാനേജ്മെന്‍റുകള്‍ മിനിമം വേതനം നടപ്പിലാക്കാന്‍ വൈകുന്നതിനെതിരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയില്ല. മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഇേന്‍റണ്‍ഷിപ്പുമായി ബന്ധപ്പെട്ടു നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും ഉചിതമായ പരിഹാരം കാണേണ്ടതുണ്ട്. യുണൈറ്റഡ് നഴ്സസ് യൂണിയനാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും മറ്റു ട്രേഡ് യൂണിയനുകള്‍ പോലെ പ്രക്ഷോഭ സമരങ്ങള്‍ നടത്താന്‍ ഈ സംഘടനയ്ക്ക് യാതൊരു അവകാശവുമില്ലെന്നും മന്ത്രിയുടെ ഭാഗത്തുനിന്നും ആരോപണമുണ്ടായി. ഇങ്ങനെ സമരത്തിന്റെ കാരണം സംഘടനകള്‍ക്കുമേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 17.5 ലക്ഷത്തോളം നഴ്സുമാര്‍ ആശുപത്രികളില്‍ ജോലി നോക്കുന്നു. അതില്‍ 12 ലക്ഷവും കേരളത്തില്‍നിന്നുള്ളവരാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട് ഇവര്‍ . എന്നാല്‍ ഇവര്‍ക്ക് തൊഴില്‍ സംബന്ധമായി യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ആഴ്ചയില്‍ 6 ദിവസം 12 - 16 മണിക്കൂര്‍ വരെ ജോലി (48 മണിക്കൂറിനുപകരം 80 മണിക്കൂര്‍). 50 മുതല്‍ 100 രോഗികളെ വരെ നോക്കണം. 1500 - 5000 വരെ ശമ്പളം.

അവസരം കിട്ടിയാല്‍ ഇവിടുത്തെ ജോലിയുപേക്ഷിച്ച് നഴ്സുമാര്‍ വിദേശത്തു പോകുന്നത് ഇവിടുത്തെ ഈ അപമാന ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാണ്. ഭേദപ്പെട്ട ശമ്പളമെങ്കിലും കിട്ടുമല്ലോ. ഇത്തരം പരിതാപാവസ്ഥയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട സമരത്തിന് സത്വര പരിഹാരം കാണാതെ "പരിഗണിക്കാം" എന്ന നിരുത്തരവാദപരമായ മറുപടി കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങളില്‍ ആറാഴ്ചയ്ക്കകം മറുപടി കണ്ടെത്തുകയും പരിഹാരം കാണുകയും വേണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈയിലെ അപ്പോളോ, മദ്രാസ് മെഡിക്കല്‍ മിഷന്‍ , ഫോര്‍ട്ടിസ് മലര്‍ എന്നീ ആശുപത്രികളില്‍ രണ്ടായിരത്തിലേറെ നഴ്സുമാര്‍ നടത്തുന്ന സമരം ശക്തിപ്പെട്ടുവരുന്നു.

ലേബര്‍ കമ്മീഷനുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി. അവരുടെ മുന്നില്‍വെച്ച് മാനേജ്മെന്‍റുകള്‍ പല ഓഫറുകളും വെയ്ക്കും. ഒന്നും നടപ്പിലാവുകയില്ലെന്നു മാത്രം. മദ്രാസ് മെഡിക്കല്‍ മിഷനില്‍ സമരം ചെയ്യുന്നവരോട് ഹോസ്റ്റല്‍ വിട്ടുപോകാനാണ് മാനേജ്മെന്‍റ് ആവശ്യപ്പെട്ടത്. ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍ പറയുന്നത്, ഗവണ്‍മെന്‍റിന് പരിമിതികളുണ്ട്. നഴ്സുമാര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന് മാനേജ്മെന്റുകളോട് സമ്മര്‍ദ്ദം ചെലുത്താനേ കഴിയൂ. ബലപ്രയോഗം നടത്താനാവില്ല. എല്ലായിടത്തും സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും നിലപാടുകള്‍ ഒന്നുതന്നെ. ശക്തമായ നിയമനിര്‍മ്മാണമല്ലാതെ ഇതിനു മറ്റൊരു പരിഹാരമില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച യുപിഎ ഗവണ്‍മെന്റിന്റെയും ബിജെപിയുടെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആരോഗ്യ - വിദ്യാഭ്യാസ - തൊഴില്‍മേഖലയാകെത്തന്നെ കുത്തകകളുടെ ആധിപത്യത്തിലുംമൂലധനാധിഷ്ഠിതവുമാക്കിമാറ്റി. അതിന്റെ അനന്തരഫലങ്ങളുടെ ഒരു ചെറു ബഹിര്‍സ്ഫുരണം മാത്രമാണ് ഇത്രയും പരിതാപകരമായ അവസ്ഥയിലേക്ക് മാറ്റപ്പെട്ട നഴ്സിംഗ് മേഖല. ഓരോന്നായി ഇനി വരാനിരിക്കുന്നതേയുള്ളൂ.

*
കെ ആര്‍ മായ ചിന്ത വാരിക 16 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ധാര്‍മ്മികമായ പരിധികളെയെല്ലാം ലംഘിച്ചുകൊണ്ടുള്ള മുതലാളിത്ത ചൂഷണത്തിന്റെ പരിണിതി തൊഴിലാളിവര്‍ഗത്തിന്റെ വാശിയേറിയതും സുദീര്‍ഘവുമായ സമരമായിരിക്കും. നഴ്സുമാരുടെ പ്രക്ഷോഭങ്ങളില്‍ സംഭവിക്കുന്നതും അതാണ്. ഇനിയുമവസാനിക്കാത്ത സമരങ്ങള്‍ പരിഹാരം കാണാതെ നീണ്ടുപോകുമ്പോഴും സര്‍ക്കാര്‍ അവകാശപ്പെടുന്നത് എല്ലാം പരിഹരിച്ചെന്നാണ്. അങ്ങനെ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഒരു പ്രസ്താവന പോലും വന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സമരം നടക്കുന്ന ഗോകുലം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നഴ്സുമാര്‍ മാനേജ്മെന്റിന്റെ ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ടത്. മറ്റെല്ലാതരത്തിലും സമരക്കാരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന മാനേജ്മെന്റിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.