Thursday, March 29, 2012

അടുക്കളയില്‍ വേവാത്ത ആഹാരം

ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപജീവനോപാധിയാണ്. വിപണിയുടെ ആധിപത്യം ശക്തിപ്പെട്ടതോടെ ഒരു ഉപജീവനോപാധി എന്നതിലുപരി ആഹാരം ഇന്നൊരു കമ്പോളോപാധി കൂടിയായി മാറിയിരിക്കുന്നു. അതായത്, ആഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നേരത്തേതുപോലെ ഉപജീവനത്തിന്റെ ഭാഗങ്ങളായ പോഷണം, അധ്വാനം, കുടുംബജീവിതം എന്നിവയ്ക്കുപുറമെ വിപണിയുടെ ഭാഗങ്ങളായ വില, ഉത്പാദനം, സംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയ്ക്കും മുന്‍തൂക്കം കിട്ടിയിരിക്കയാണ്. അതോടെ, ആരോഗ്യം അതിന്റെ പ്രാദേശികബന്ധങ്ങള്‍ കൈവിട്ട് രാഷ്ട്രാന്തരീയതലങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരവും അതിന്റെ വിപണിയും അടിസ്ഥാനപരമായ അര്‍ഥശാസ്ത്രവിശകലനം അനിവാര്യമാക്കുന്നു.
ആഹാരത്തിന്റെ അര്‍ഥശാസ്ത്ര വിശകലനം വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷ, ഭക്ഷ്യവ്യവസായം, ഭക്ഷ്യസംഭരണം, ഭക്ഷ്യവില, ഭക്ഷ്യവിപണനം, ഭക്ഷ്യവിതരണം, ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനം, ഭക്ഷ്യപ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഇവയെല്ലാം പരസ്പരബന്ധിതമാണ്. അതിനാല്‍ത്തന്നെ ഒന്നിനേയും വേറിട്ടു കാണാന്‍ കഴിയില്ല. ഭക്ഷ്യവ്യവസായം ആഹാരം വളരെ വേഗത്തില്‍ത്തന്നെ വന്‍വ്യവസായ ശൃംഖലയുടെ ഭാഗമായിക്കൊണ്ടിരിക്കയാണ്. നേരത്തെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്നു വിപണി. അതായത് ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവയൊക്കെയായിരുന്നു നാം കമ്പോളത്തില്‍നിന്നു വാങ്ങിയിരുന്നത്. അവിടവിടെ ചായക്കടകളും ഹോട്ടലുകളും ബേക്കറികളും ഉണ്ടായിരുന്നത് യാത്രക്കാരുടെയും വീടുവിട്ടു താമസിക്കുന്നവരുടെയും വിരുന്നുകാരുടെയും താല്‍ക്കാലികാവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, ഇന്ന് വീടുകളില്‍പ്പോലും പാകം ചെയ്ത ഭക്ഷണം വിലയ്ക്കു വാങ്ങുകയാണ്! അങ്ങനെ ഭക്ഷ്യവസ്തുക്കള്‍ക്കായിരുന്ന വിപണി ഭക്ഷണത്തിന്റെ വിപണിയായി മാറിയിരിക്കുന്നു!

ഇതോടെ, പാകം ചെയ്ത ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, പായ്ക്ക് ചെയ്ത ഭക്ഷണം, ഫാസ്റ്റ്ഫുഡ് സമ്പ്രദായം, ഭക്ഷണ "മാളു"കള്‍ എന്നിവയൊക്കെ വര്‍ധിച്ചുവരികയാണ്. പലഹാരം മാത്രം വിറ്റിരുന്ന ബേക്കറികളില്‍ ഇന്ന് പലതരം ഭക്ഷണസാധനങ്ങള്‍ ലഭ്യമാണ്. ബേക്കറികളുടെ ഭാഗമായി ചായക്കടകളും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളും വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്ക് ചില ഗുണങ്ങളുമുണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള അധ്വാനഭാരം, പ്രത്യേകിച്ചും സ്ത്രീകളുടെ അധ്വാനം കുറയുന്നു. പെട്ടെന്നുണ്ടാകുന്ന ഭക്ഷണാവശ്യങ്ങള്‍ വേഗത്തില്‍ത്തന്നെ നിറവേറ്റാന്‍ കഴിയുന്നു. ധാരാളം പേര്‍ക്ക് ഈ രംഗത്ത് തൊഴില്‍ ലഭിക്കുന്നു. പക്ഷേ, ഗുണങ്ങളെല്ലാം പരോക്ഷമാണ്. ദോഷങ്ങള്‍ വളരെ പ്രകടവും പ്രത്യക്ഷവുമാണ്.

കമ്പോളസംസ്കാരത്തിന്റെ വ്യാപനം തന്നെയാണ് ഇന്നത്തെ ആഹാരവിപണിക്ക് അടിസ്ഥാനം. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ദോഷമാണ് ജീവിതത്തില്‍ അനുഭവപ്പെടുന്നത്. ഇവിടെ അടുക്കളകള്‍ അപ്രസക്തമാവുകയും ഭക്ഷണം ഒരു "പദവിചിഹ്നം" കൂടിയായി മാറുകയാണ്. ഈ ശൃംഖലയിലേക്ക് പരസ്യംവഴി ജനങ്ങളെ ആകര്‍ഷിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. ഇത് നമ്മുടെ തനതു ഭക്ഷ്യസംസ്കാരത്തിന്റെ തകര്‍ച്ചയ്ക്കും ഇടയാക്കുന്നു. ഇന്നത്തേത് ചെറിയ ചായക്കടകളോ ഹോട്ടലുകളോ അല്ല; മറിച്ച് വന്‍കിട ബഹുരാഷ്ട്രക്കമ്പനികള്‍ നിയന്ത്രിക്കുന്ന ഭക്ഷ്യസംസ്കരണ/ഉത്പാദന വ്യവസായമാണ്. ബ്രോയ്ലര്‍ ചിക്കന്‍, പന്നിയിറച്ചി (ഹാംബര്‍ഗര്‍), ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ ആഹാര വ്യവസായത്തിന്റെ പ്രധാന അസംസ്കൃത പദാര്‍ഥങ്ങളാണ്. ഇത്തരം അസംസ്കൃത വസ്തുക്കള്‍ കണ്ടെത്താനായി കൃഷിസ്ഥലങ്ങളും കാര്‍ഷികരീതി തന്നെയും കോര്‍പറേറ്റ് ശക്തികള്‍ കൈയേറിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ഫലമായി സ്വന്തം കുടികിടപ്പിനോടൊപ്പം തലമുറകളായി ശീലിച്ചുവന്ന കൃഷിരീതിയില്‍നിന്നും പാവപ്പെട്ടവര്‍ പുറംതള്ളപ്പെടുകയാണ്.

കമ്പനികള്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചുവയ്ക്കുന്നതിനാല്‍ പൊതുവിപണിയിലെ ഭക്ഷണലഭ്യത കുറയുന്നു. പരമദരിദ്രര്‍ ഉപയോഗിക്കുന്ന വിലകുറഞ്ഞ ധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഇതിനുപുറമെ ജൈവ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്നതിന് ദരിദ്രര്‍ ഭക്ഷിക്കുന്ന ധാന്യങ്ങളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഭൂമിയാകട്ടെ, വിലകൂടിയ ഭക്ഷ്യവസ്തുക്കളുടെ കൃഷിക്കു മാത്രമായി മാറ്റിവയ്ക്കുന്നു. പരമ്പരാഗത ഭക്ഷണശീലത്തില്‍നിന്ന് "ബ്രാന്‍ഡഡ്" ആയ ഭക്ഷണത്തിലേക്കുള്ള പരിവര്‍ത്തനം നടക്കുകയാണ്. മെക് ഡൊണാള്‍ഡ്, കെന്റകി ചിക്കന്‍ എന്നിങ്ങനെയുള്ള ബ്രാന്‍ഡുകള്‍ പെരുകിക്കൊണ്ടിരിക്കയാണ്. ഭക്ഷ്യവിപണനം ജനങ്ങളുടെ ഭക്ഷ്യരുചിപോലും നിര്‍ണയിക്കുന്ന രീതിയിലാണ് ആഹാരക്കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശികമായ ഭക്ഷ്യവൈവിധ്യം തകരുന്നു, അല്ലെങ്കില്‍, തകര്‍ക്കുന്നു. ഇതോടൊപ്പം ലോകത്താകെ ഒരേതരം ആഹാരം എന്ന രീതി വിപുലപ്പെടുന്നു. ഭക്ഷണം ഒരു അവശ്യ ഉപയോഗവസ്തു എന്നതില്‍നിന്ന് ഒരുതരം ആഡംബരോപഭോഗ വസ്തുവായി മാറുന്നു.

"പൊരിച്ചഭക്ഷണ"ത്തിനായി വരുമാനത്തിന്റെ നല്ലൊരുഭാഗം ചെലവാക്കേണ്ടിവരുന്നു. ഭക്ഷണം ദിവസങ്ങളോളം സൂക്ഷിക്കുന്നതിനായി ധാരാളം കൃത്രിമവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇത് പലതരം രോഗങ്ങള്‍ക്കിടയാക്കുന്നു. ആഹാരം ആദ്യകാലത്ത് രോഗപ്രതിരോധത്തിനുള്ള ഉപാധിയായിരുന്നെങ്കില്‍ ഇപ്പോഴത് രോഗകാരണമായി മാറുന്ന വിചിത്രമായ അനുഭവമാണുള്ളത്. ഭക്ഷ്യസുരക്ഷ ആഹാരം കച്ചവടച്ചരക്കാക്കുന്നതിനനുസരിച്ച് ഭക്ഷ്യസുരക്ഷയ്ക്കുനേരെയുള്ള ഭീഷണി കൂടിക്കൊണ്ടിരിക്കും. സമ്പത്തിന്റെ അസന്തുലിത വിതരണത്താലും മധ്യവര്‍ഗവത്കരണത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുന്നതിനാലും ധനികര്‍ക്ക് കൂടുതല്‍ പണം ഭക്ഷണത്തിനായി ചെലവാക്കാന്‍ കഴിയുന്നു. ധനിക-ദരിദ്ര അന്തരം കൂടിവരുന്നതും വികസിത-വികസ്വര രാജ്യങ്ങള്‍ക്കിടയിലെ വിടവ് വര്‍ധിക്കുന്നതുമെല്ലാം ഭക്ഷ്യോല്‍പാദനത്തിലും ഭക്ഷണചേരുവയിലും ഭക്ഷ്യലഭ്യതയിലും ഭക്ഷ്യോപഭോഗത്തിലുമൊക്കെ ക്ഷാമം വരുത്തുന്നു. ഈ മാറ്റങ്ങളെല്ലാംതന്നെ പൊതുവില്‍ ദരിദ്രര്‍ക്കെതിരാണെന്നതും വസ്തുതയാണ്. അതിനാല്‍ ലോകത്ത് ഭക്ഷ്യയുദ്ധങ്ങള്‍ (Food Wars) നടക്കുന്നതായി ഭക്ഷ്യ-കാര്‍ഷികസംഘടന നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നു. ഭക്ഷണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി ദരിദ്രരാജ്യങ്ങളുടെ മേല്‍ ഉപരോധമായും മറ്റും പ്രയോഗിക്കാന്‍ സമ്പന്നരാജ്യങ്ങള്‍ തയ്യാറാകുന്നു. ഇറാഖിന്റെ മേല്‍ അമേരിക്ക വര്‍ഷങ്ങളോളം ഈ രീതി തുടര്‍ന്നിരുന്നു. ദരിദ്ര-പിന്നോക്ക രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന കാര്‍ഷികരീതിക്കുപകരം അവിടെയെല്ലാം സമ്പന്നര്‍ക്കുവേണ്ടി ഉത്പന്നങ്ങള്‍ വിളയിക്കാനുള്ള സമ്മര്‍ദം കൂടിവരികയാണ്.

ലോകവ്യാപാരസംഘടന നിലവില്‍ വരികയും അതിന്റെ പ്രധാന ചര്‍ച്ചാവേദിയായി "കാര്‍ഷികക്കരാര്‍" മാറുകയും ചെയ്തതോടെ കാര്‍ഷിക വിപണനരംഗത്ത് വികസിതരാജ്യങ്ങള്‍ക്കുള്ള പിടിമുറുക്കം ശക്തിപ്പെട്ടിരിക്കുന്നു. കൃഷിയും കാര്‍ഷികോത്പന്നങ്ങളുടെ വിപണനവും ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. ണഠഛ വേദികളില്‍ ഇതുവരെ ഇക്കാര്യം പരിഹരിക്കപ്പെട്ടിട്ടില്ല. ഭക്ഷ്യോല്‍പ്പന്നക്കൃഷി പരമ്പരാഗതമായി മനുഷ്യന്‍ ധാന്യോപഭോക്താക്കളായിരുന്നില്ലത്രെ. പ്രകൃതിയില്‍നിന്നുള്ള പഴം, കായ്കള്‍, കിഴങ്ങുകള്‍, മത്സ്യം, മാംസം എന്നിവയൊക്കെയായിരുന്നു ആദ്യകാല മനുഷ്യരുടെ ഭക്ഷണചേരുവയെന്ന് പറയുന്നു. അതിനാല്‍, ധാന്യത്തിന് ഈ ചേരുവയില്‍ സ്ഥാനമുണ്ടായിരുന്നില്ല.

ഇന്ന് വില കൂടിയ ധാന്യങ്ങള്‍ക്ക് ഭക്ഷണചേരുവയില്‍ വര്‍ധിച്ച പ്രാധാന്യം കൈവന്നിരിക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ മനുഷ്യരുടെ ശരീരപ്രകൃതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇതുകാണിക്കുന്നത് ഭക്ഷണത്തിന്റെ ചേരുവ യാന്ത്രികമായി സൃഷ്ടിച്ചെടുക്കുന്നതാണെന്നാണ്. അതാകട്ടെ, ഭക്ഷ്യവിപണിയിലൂടെ രൂപപ്പെട്ടുവരുന്നതുമാണ്. ധാന്യക്കൃഷിയില്‍നിന്ന് ധാന്യവിപണിയിലേക്കും അവിടെനിന്ന് വിവിധ രീതിയില്‍ പാകം ചെയ്ത ഭക്ഷണത്തിലേക്കും "പായ്ക്ക് ചെയ്ത" ഭക്ഷണത്തിലേക്കും കമ്പോളശക്തികള്‍ ജനം എന്ന ഉപഭോക്താക്കളെ നയിച്ചുകൊണ്ടിരിക്കുകയാണ്. ധാന്യക്കൃഷിയിലും ഉപയോഗത്തിലും ഉണ്ടായ മാറ്റങ്ങള്‍ക്കു കാരണം ആഹാര വിപണിയിലുണ്ടായ മാറ്റങ്ങളാണ്. ചുരുക്കത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല, കമ്പോള താല്പര്യങ്ങള്‍ക്കനുസരിച്ചാണ് കൃഷിയില്‍ മാറ്റം വന്നത്. ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറിയതിനേക്കാള്‍ വേഗത്തിലാണ് ഉപയോഗം കൂടിയ ഭക്ഷ്യവിളയില്‍നിന്ന് വിലകൂടിയ ഭക്ഷ്യവിളയിലേക്കുള്ള മാറ്റം നടക്കുന്നത്. ഇതിന്റെ ഫലമായി, ഉല്‍പാദകനും ഉപഭോക്താവിനും ഒരേസമയം നഷ്ടമാണുണ്ടാവുന്നത്.

ലാഭം കമ്പനികള്‍ക്കു മാത്രമാണ്. കമ്പനികള്‍ കാര്‍ഷികോല്‍പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുകയാണ്. എന്നാല്‍ അവരുടെ പാകം ചെയ്ത ആഹാരപ്പൊതികള്‍ വര്‍ധിച്ച വിലയ്ക്കാണ് വില്‍ക്കുന്നത്. ഈ രീതിയില്‍ ആഹാരവിപണി അക്ഷരാര്‍ഥത്തില്‍തന്നെ ഒരു ചൂതാട്ടക്കളമായി മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം ഭക്ഷണത്തിനായി അവരില്‍നിന്ന് കമ്പനികള്‍ തിരിച്ചുപിടിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നാട്ടിലെ കൂലിവേലക്കാര്‍പോലും ഈ രീതിയിലേക്ക് ക്രമത്തില്‍ വന്നുകൊണ്ടിരിക്കയാണ്. ഈ സ്ഥിതി ഭക്ഷോല്‍പന്ന ചേരുവകളിലും കൃഷിരീതിയിലും കൂടുതല്‍ മാറ്റങ്ങള്‍ക്കിടയാക്കി. ദരിദ്രരാജ്യങ്ങളിലാണ് പ്രതികൂല മാറ്റങ്ങള്‍ കൂടുതലായി ഉണ്ടായത്. ദരിദ്രരാജ്യങ്ങള്‍ പലപ്പോഴും അവിടുത്തെ ജനങ്ങളുടെ അഭിരുചിക്കും പ്രാദേശികാവശ്യങ്ങള്‍ക്കും ഭക്ഷ്യവൈവിധ്യത്തിനും അനുസരിച്ചാണ് കൃഷി നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ, പുറംവിപണിക്കുവേണ്ടി കയറ്റുമതിക്കുവേണ്ട ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഒപ്പം സമ്പന്ന രാജ്യങ്ങളില്‍ മിച്ചംവന്ന ധാന്യങ്ങളും മറ്റും വാങ്ങിക്കാനും കരാറുകള്‍ വഴി ദരിദ്രരാജ്യങ്ങള്‍ നിര്‍ബന്ധിതരാവുന്നു. ഇത് ഒരുതരം "കാര്‍ഷിക പുനര്‍ക്കോളനീകരണ"ത്തിന് ഇടയാക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭക്ഷ്യവില കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനരംഗത്തേക്കുള്ള ബഹുരാഷ്ട്രക്കമ്പനികളുടെയും കോര്‍പറേറ്റുകളുടെയും കടന്നുവരവാണ് മറ്റൊരു പ്രശ്നം. ചെറുകിട ഉത്പാദകര്‍, ചെറിയ കച്ചവടക്കാര്‍, ചെറിയ ഹോട്ടലുകള്‍ എന്നിവയൊക്കെ ദുര്‍ബലപ്പെടുന്നു. പകരം ഈ രംഗങ്ങളിലെല്ലാം വന്‍കിടക്കാര്‍ കടന്നുവരികയും ആധിപത്യം ഉറപ്പിക്കുകയുമാണ്. അവശേഷിക്കുന്ന ചെറുകിടക്കാര്‍തന്നെ വലിയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്നവരായി മാറിക്കൊണ്ടിരിക്കയാണ്. കോര്‍പറേറ്റുകള്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നു. പലപ്പോഴും "അവധിവ്യാപാരം" പോലുള്ള കച്ചവടക്കരാറിലൂടെയാണ് ഇവര്‍ പലതും സ്വന്തമാക്കുന്നത്. കര്‍ഷകര്‍ അവരുടെ ഉല്‍പന്നങ്ങള്‍ നേരത്തെതന്നെ കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ക്ക് നല്‍കുന്നു. ഉല്‍പന്നങ്ങള്‍ മുന്‍കൂര്‍ വാങ്ങിക്കൂട്ടുന്ന കമ്പനികള്‍ അവയുടെ പൊതുവിപണിയിലെ വില്പനയും വിലയും തീര്‍ച്ചപ്പെടുത്തുന്നു. വാങ്ങുന്ന വിലയും വില്‍ക്കുന്ന വിലയും ഒരേ സമയം നിയന്ത്രിക്കാന്‍ ആഹാരക്കമ്പനികള്‍ക്ക് കഴിയുന്നു. ഇവിടെ കര്‍ഷകരും ഉപഭോക്താവും ചെറുകിട കച്ചവടക്കാരും ഒരേസമയം നിസ്സഹായരാവുകയാണ്. അവരൊക്കെ "കമീഷന്‍" പറ്റുന്നവരായി മാത്രം ചുരുങ്ങുന്നു.

ഇന്ന് ഇന്ത്യയിലും മറ്റും അനുഭവിക്കുന്ന നാണ്യപ്പെരുപ്പത്തിന്റെ പ്രധാന കാരണം ഈ "കത്രികപ്പൂട്ടി"നകത്ത് കുടുങ്ങുന്നതിനാലാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അവധിവ്യാപാരം, ചെറുകിടവില്‍പനയിലെ കുത്തകവല്‍ക്കരണം എന്നിവയൊക്കെ നാണ്യപ്പെരുപ്പത്തിന് പ്രധാന കാരണമായി കണക്കാക്കുന്നു. ഇന്നത്തെ നില തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇന്നത്തേതിന്റെ ഇരട്ടിയാകുമെന്ന് ലണ്ടനില്‍നിന്നുള്ള "ഓക്സ്ഫാം" പഠനം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 1995-2010 കാലത്ത് ദരിദ്രരുടെ വിശപ്പകറ്റാന്‍ കാര്യമായ ശ്രമങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരുന്ന രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ വിശപ്പടക്കാന്‍ കഴിയാത്തവരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ ഏഴുകോടിയോളം പേരുടെ വര്‍ധനവുണ്ടായിരിക്കുന്നുവത്രേ!

ഭക്ഷ്യവിതരണം ഭക്ഷ്യോല്‍പന്നങ്ങളുടെ വിതരണ സംവിധാനത്തിലുണ്ടായ തകര്‍ച്ചയാണ് ഈ രംഗത്തെ മറ്റൊരു ചര്‍ച്ചാവിഷയം. അതാകട്ടെ, ഭക്ഷ്യസംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയെല്ലാം അടങ്ങുന്ന പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് കേരളത്തിലെയും മറ്റും സാര്‍വത്രിക പൊതുവിതരണ സമ്പ്രദായം ദുര്‍ബലപ്പെട്ടിരിക്കയാണ്. നവലിബറല്‍ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ തകര്‍ച്ച. ജനങ്ങളെ വളരെ യാന്ത്രികമായി എപിഎല്‍/ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുകയും വില കുറഞ്ഞ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ബിപിഎല്‍ കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ഇത് റേഷന്‍ കിട്ടിക്കൊണ്ടിരുന്ന നല്ലൊരു വിഭാഗം ജനങ്ങളെ അതിന് അര്‍ഹരല്ലാതാക്കി. ബിപിഎല്‍ക്കാര്‍കാകട്ടെ, ദാരിദ്ര്യത്താല്‍ അനുവദിച്ച റേഷനരിപോലും വാങ്ങാന്‍ കഴിയുന്നില്ല. എപിഎല്ലുകാര്‍ റേഷനരിക്ക് ഏതാണ്ട് വിപണിവില തന്നെ നല്‍കേണ്ടി വന്നതിനാല്‍ അവരും റേഷന്‍ വാങ്ങാതായി. ഇതോടെ 1964 മുതല്‍ കേരളത്തില്‍ നിലവിലുള്ള സാര്‍വത്രിക പൊതുവിതരണ സംവിധാനം തകര്‍ന്ന മട്ടിലായി. വില കുറച്ചും റേഷന്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ബിപിഎല്‍ വിലയേക്കാള്‍ കുറച്ച് അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. അവ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ മൃഗത്തീറ്റയായാണത്രേ അവ ഉപയോഗിച്ചത്. അത്രയ്ക്കും ക്രൂരമാണ് ഈ രംഗത്തെ സര്‍ക്കാര്‍ നടപടികള്‍. ലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം ഭക്ഷ്യകോര്‍പറേഷനില്‍ നശിക്കുമ്പോഴും അവ വില കുറച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാതിരിക്കുന്നതിലെ വൈരുധ്യം സുപ്രീംകോടതിപോലും പലതവണ പരാമര്‍ശിച്ചതാണ്. വളരെയേറെ പക്ഷപാതപരവും ദരിദ്രര്‍ക്ക് എതിരുമാണ് ഭക്ഷ്യ വിതരണരംഗത്തെ കേന്ദ്രസര്‍ക്കാര്‍ സമീപനം എന്ന് വ്യക്തമാണ്.

ഭക്ഷ്യപ്രശ്നങ്ങള്‍ കാര്‍ഷികബാഹ്യമായ കാരണങ്ങളാലും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ആഗോളതാപനം, പരിസ്ഥിതി തകര്‍ച്ച എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ധാന്യക്കൃഷിയുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നെല്‍പ്പാടങ്ങള്‍ നിരത്തുന്നതും അശാസ്ത്രീയമായ ഭൂ ഉപയോഗരീതികളും അവ പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കാര്‍ഷിക വ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുകയാണ്. ഇപ്പോള്‍ കേരളത്തിന്റെ മൊത്തം വരുമാനത്തിലേക്ക് 11 ശതമാനം മാത്രമാണ് കൃഷിയില്‍നിന്നു ലഭിക്കുന്നത്. കൃഷിഭൂമിയുടെ വിസ്തൃതി ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കയാണ്. ഭൂമി ഒരു ഉത്പാദനോപാധി എന്ന നിലയില്‍നിന്ന് തികച്ചും ഊഹക്കച്ചവടോപാധിയായി മാറിക്കഴിഞ്ഞു. കൂലിവേല വ്യവസ്ഥ വ്യാപകമായ കേരളത്തില്‍ പുതിയൊരു തൊഴില്‍സംസ്കാരവും അനിവാര്യമാവുകയാണ്. കാര്‍ഷിക/ഭക്ഷ്യവ്യവസ്ഥയെ സംരക്ഷിച്ചുവന്ന ഒട്ടേറെ പിന്തുണാസംവിധാനങ്ങളും ദുര്‍ബലപ്പെടുകയാണ്. ഭൂപരിഷ്കരണം, പൊതുവിതരണം, സേവന-വേതന വ്യവസ്ഥകള്‍, ജലസേചനം, കാര്‍ഷികവായ്പ, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവയൊക്കെ നവലിബറല്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായൊരു കാര്‍ഷികാസൂത്രണ സംവിധാനം നമുക്കിന്ന് അത്യാവശ്യമാണ്.

കേരളത്തിലെ സ്ഥിതി മുകളില്‍ വിവരിച്ച പ്രശ്നങ്ങളെല്ലാം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ വിദേശപ്പണ സ്വാധീനം, ജനങ്ങളുടെ പെരുകിക്കൊണ്ടിരിക്കുന്ന കടം, വരുമാനത്തിലെ അസന്തുലിതാവസ്ഥ, കൃഷിസ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതി, വര്‍ധിച്ച ദല്ലാള്‍സ്വാധീനം എന്നിവയൊക്കെ കേരളത്തിലെ പ്രത്യേകതകളാണ്. ഉല്‍പാദനത്തിനുപകരം ഉപഭോഗത്തില്‍ ഊന്നിയ സംസ്കാരമാണ് ശക്തിപ്പെടുന്നത്. ഈ സംസ്കാരം കാര്‍ഷികരംഗത്തും ആഹാരരീതിയിലും വലിയ സ്വാധീനം ചെലുത്തുന്നു. ഇത് ജനജീവിതത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതോടൊപ്പം രോഗാതുരതയും വര്‍ധിപ്പിക്കുന്നു. ദരിദ്രരായ കേരളീയരുടെ ചികിത്സാഭാരം താങ്ങാവുന്നതിലപ്പുറമാണ്. ഇവയുടെയെല്ലാം പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള സമയബന്ധിതമായ ഇടപെടല്‍ അത്യാവശ്യമായിരിക്കുന്നു. എന്തൊക്കെ ചെയ്യാം? ഇത്തരം ജനകീയ ഇടപെടലുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്കായിരിക്കണം ഊന്നല്‍ നല്‍കേണ്ടുന്നതെന്ന് നിര്‍ദേശിക്കയാണ്: 1) ആഹാരത്തെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണം 2) ആഹാരവും ആരോഗ്യവും തമ്മിലുള്ള ബന്ധം 3) കമ്പനിയാഹാരത്തിന്റെ പ്രത്യാഘാതങ്ങള്‍ 4) ആഹാരം ഒരു "പദവിചിഹ്ന"മല്ലെന്ന തിരിച്ചറിവ് 5) പ്രാദേശിക ഭക്ഷ്യപദാര്‍ഥങ്ങളിലെ പോഷണമൂല്യം 6) ഭക്ഷ്യവൈവിധ്യത്തിന്റെ പ്രസക്തി - ഇവയെല്ലാം ചേര്‍ത്ത് ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് വിശദമായി ചര്‍ച്ചകള്‍ നടക്കണം. അതുവഴി പ്രാദേശികമായി നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പ്രായോഗികമാക്കാനും കഴിയണം. ഇന്നത്തെ ആഹാരവിപണിയും അതിന്റെ ജനവിരുദ്ധ നിലപാടുകളും അടിസ്ഥാനപരമായി ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ ലാഭക്കൊതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാട്ടില്‍ ആഹാരത്തിന് ദൗര്‍ലഭ്യമുണ്ടാകുന്നത് സ്വാഭാവികമായോ പ്രകൃതിദത്തമായോ ഉള്ള കാര്യങ്ങള്‍കൊണ്ടല്ല. മറിച്ച്, ആഹാരത്തെ ആയുധമാക്കുന്ന വിപണിവ്യവസ്ഥയുടെ കൃത്രിമമായ സൃഷ്ടിയാണത്. ആഹാരം ആയുധമായി മാറുമ്പോള്‍ അത് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത് വിശപ്പും ദാഹവും ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയുമെല്ലാമായിട്ടാണ്. അതായത്, വിശപ്പും ദാരിദ്ര്യവും പട്ടിണിയുമൊന്നുംതന്നെ ഉണ്ടാകുന്നതല്ല, ഉണ്ടാക്കുന്നതാണ്; അതുകൊണ്ടുതന്നെ ഇല്ലാതാക്കാവുന്നതുമാണ്. സ്വന്തം നിലനില്‍പ്പിനുള്ള ആഹാര സമ്പാദനവുമായി ബന്ധപ്പെട്ടാണ് ജീവിതപ്രയാസങ്ങളെല്ലാം ഉയര്‍ന്നുവരുന്നത്. അതിനാല്‍, ജനാനുകൂലമായ രാഷ്ട്രീയ നിലപാടുകളും അവ നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ പ്രശ്നപരിഹാരം സാധ്യമാണെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളാണ്.

*
ടി പി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഹാരം മനുഷ്യരടക്കം എല്ലാ ജീവജാലങ്ങളുടെയും മുഖ്യ ഉപജീവനോപാധിയാണ്. വിപണിയുടെ ആധിപത്യം ശക്തിപ്പെട്ടതോടെ ഒരു ഉപജീവനോപാധി എന്നതിലുപരി ആഹാരം ഇന്നൊരു കമ്പോളോപാധി കൂടിയായി മാറിയിരിക്കുന്നു. അതായത്, ആഹാരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്നതില്‍ നേരത്തേതുപോലെ ഉപജീവനത്തിന്റെ ഭാഗങ്ങളായ പോഷണം, അധ്വാനം, കുടുംബജീവിതം എന്നിവയ്ക്കുപുറമെ വിപണിയുടെ ഭാഗങ്ങളായ വില, ഉത്പാദനം, സംഭരണം, സൂക്ഷിപ്പ്, വിതരണം എന്നിവയ്ക്കും മുന്‍തൂക്കം കിട്ടിയിരിക്കയാണ്. അതോടെ, ആരോഗ്യം അതിന്റെ പ്രാദേശികബന്ധങ്ങള്‍ കൈവിട്ട് രാഷ്ട്രാന്തരീയതലങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആഹാരവും അതിന്റെ വിപണിയും അടിസ്ഥാനപരമായ അര്‍ഥശാസ്ത്രവിശകലനം അനിവാര്യമാക്കുന്നു.

Jomy said...

കൃഷി ചെയ്യാനും ഭക്ഷണം പാകം ചെയ്യാനുള്ള മടിയാണ് ഇതിനെല്ലാം കാരണം. പരിഹാരം ഒന്നും മാത്രം പോഷകസമൃദ്ധമായ സമീകൃത വിഭവങ്ങള്‍ അടങ്ങിയ കേരളീയ ഭക്ഷണരീതി യിലേക്ക് മടങ്ങി പോകുക