Saturday, March 24, 2012

എണ്ണയും അടുത്ത പ്രതിസന്ധിയും

മുതലാളിത്തത്തിന്റെയും അമേരിക്കയുടെയും ഡോളറിന്റെയും സ്ഥിരതയെ നിര്‍ണായകമായി സ്വാധീനിക്കുന്ന വിഭവമാണ് എണ്ണ എന്നത് 1970കളിലെ എണ്ണക്കുഴപ്പം മുതല്‍ തന്നെ അറിവുള്ളതാണ്. വലിയ എണ്ണപ്പാടങ്ങളും കയറ്റുമതിയുമുള്ള പശ്ചിമേഷ്യ സമീപ ദശകങ്ങളില്‍ സാമ്രാജ്യത്വ ഉപജാപത്തിനും കടന്നാക്രമണത്തിനും ഇരയാകുന്നുണ്ടെന്നതും അത്ഭുതമുളവാക്കുന്നതല്ല. തങ്ങള്‍ക്ക് സുലഭമായി എണ്ണ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ന്യായം പറഞ്ഞ് ഈ മേഖലയില്‍ സാന്നിധ്യവും ആധിപത്യവും ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ട്. ഇറാഖ് വിനാശായുധങ്ങള്‍ നിര്‍മിക്കുകയാണെന്ന് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അമേരിക്ക ആ രാജ്യത്തെ കടന്നാക്രമിച്ചതുപോലും അന്തിമമായി എണ്ണശേഖരത്തില്‍ നിയന്ത്രണം സ്ഥാപിക്കുന്നതിനും ഉയര്‍ന്ന എണ്ണവിലകളുടെ കാലം തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാനുമായിരുന്നു. പല നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ അമേരിക്ക പരാജയപ്പെട്ടതിന്റെ തെളിവുകള്‍ വ്യക്തമാണ്. തുഛ വിലയ്ക്ക് തങ്ങള്‍ക്ക് എണ്ണ ഉറപ്പാക്കുന്നതിനുള്ള അമേരിക്കന്‍ പദ്ധതിയും പരാജയപ്പെട്ടു എന്നാണിതിനര്‍ത്ഥം. ഉദാഹരണത്തിന്, "സ്ഥിരതയുള്ള ഡോളറില്‍" കണക്കാക്കുന്ന അമേരിക്കയുടെ ഇറക്കുമതി എണ്ണയുടെ വിലയോ ജീവിതച്ചെലവിലെ വര്‍ധനയുടെ ഫലങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുന്ന എണ്ണ വില വര്‍ധനയോ പരിശോധിക്കുക. 1999ന് ശേഷം, വിശേഷിച്ച് 2001 സെപ്തംബറിലെ ഭീകരാക്രമണത്തോട് അമേരിക്ക അക്രമണോത്സുകമായി പ്രതികരിച്ചതിന് ശേഷം, എണ്ണയുടെ യഥാര്‍ഥ വില ഉയരുകയാണ്. മാത്രമല്ല, 2008ലെ ഏറ്റവും ഉയര്‍ന്ന വില 70കളില്‍ ഒപെക് രൂപീകരണത്തിന്റെയും ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെയും ഇറാന്‍ -ഇറാഖ് യുദ്ധത്തിന്റെയും ഫലങ്ങള്‍ ലോകം അനുഭവിച്ചപ്പോള്‍ രേഖപ്പെടുത്തിയ റെക്കോഡ് വിലയിലും ഉയര്‍ന്നതാണ്. 2009ലെ മാന്ദ്യകാലത്ത് ആഗോള എണ്ണ വില താണെങ്കിലും സമീപ മാസങ്ങളില്‍ അത് ഉയരുകയാണെന്ന് മാത്രമല്ല യഥാര്‍ഥ വിലയില്‍ ഇപ്പോള്‍ 2008ലെ റെക്കോഡിലേക്ക് അടുത്തുകൊണ്ടിരിക്കുകയുമാണ്. ചുരുക്കത്തില്‍ 9/11ന് ശേഷം എണ്ണവില ഉയരുകയാണെന്ന് മാത്രമല്ല, ഒപെക് രൂപീകരണത്തിന് ശേഷമുള്ള പ്രവണതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ശരാശരി നിലയിലുമാണ്.

ഈ പശ്ചാത്തലത്തില്‍ ആഗോള മൂലധനത്തെയും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളെയും വിഷമിപ്പിക്കുന്നതാണ് സംഭവവികാസങ്ങള്‍ . എണ്ണ വില ഇപ്പോള്‍ കുത്തനെ ഉയരുന്നതായാണ് കാണുന്നത്. ഈ വര്‍ഷം ആരംഭിച്ചശേഷം എണ്ണവില 20 ശതമാനത്തോളം ഉയര്‍ന്നു. അത് 2008 ജൂലൈയിലെ റെക്കോഡ് വിലയിലെത്താനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഡിസംബര്‍ അവസാനം വീപ്പയ്ക്ക് 110 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് മാര്‍ച്ച് ആരംഭത്തില്‍ 128 ഡോളറിനാണ് വില്‍ക്കുന്നത്. ആഗോള പ്രതിസന്ധിയുടെ ഫലമായി എണ്ണ വില താണ നിലയിലെത്തിയ 2008 ഡിസംബറിന് ശേഷം രേഖപ്പെടുത്തിയ വിലവര്‍ധനയ്ക്ക് മേലാണ് തുടര്‍ച്ചയായ ഈ വര്‍ധന ഉണ്ടായിരിക്കുന്നത്. അതിന് മുമ്പ് ബ്രെന്റ് ക്രൂഡിന്റെ ഫ്രീ ഓണ്‍ ബോര്‍ഡ് വില(ഇറക്കുമതിക്കാരന് എത്തിക്കുന്നതിനുള്ള ചെലവ് കൂടാതുള്ള വില) 2008 ജൂലൈയിലെ 140 ഡോളറിന് മുകളില്‍ നിന്ന് ആ വര്‍ഷാവസാനം വീപ്പയ്ക്ക് 35 ഡോളറില്‍ താഴെയായി ഇടിഞ്ഞിരുന്നു. അതിന് ശേഷവും മാന്ദ്യം തുടര്‍ന്നെങ്കിലും വില ഉയര്‍ന്ന് ചരിത്രപരമായ നിലവാരത്തില്‍ തന്നെ വര്‍ധിച്ച ഇന്നത്തെ നിലയിലെത്തി. യഥാര്‍ഥത്തില്‍ യൂറോപ്പ് നേരിടുന്ന മുരടിപ്പ് ഇല്ലായിരുന്നെങ്കില്‍ എണ്ണ വില മിക്കവാറും മറ്റൊരു റെക്കോഡ് ഉയരത്തില്‍ എത്തുമായിരുന്നു.

എണ്ണവില വര്‍ധന തീര്‍ച്ചയായും അത്ഭുതമുളവാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരനായ അമേരിക്കയുടെ ഇറക്കുമതിയുടെ തോത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മാന്ദ്യവും ഉയര്‍ന്ന എണ്ണ വിലയും ചേര്‍ന്ന് എണ്ണയുടെ ആവശ്യം കുറച്ചതാണ് ഒരു കാരണം. ഔദ്യോഗിക വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ എണ്ണയുടെ ആവശ്യം രണ്ട് ശതമാനം കുറഞ്ഞു. ഇതിനുപുറമേ ആഭ്യന്തര എണ്ണ ഉല്‍പാദനം വര്‍ധിച്ചതുകൊണ്ടും എത്തനോള്‍ പോലുള്ള ബദല്‍ ഇന്ധനങ്ങളുടെ ലഭ്യത കാരണവും ആഭ്യന്തര വിതരണം മെച്ചപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി 2005ല്‍ അമേരിക്കന്‍ എണ്ണ ഉപഭോഗത്തില്‍ ഇറക്കുമതിയുടെ പങ്ക് 60 ശതമാനമുണ്ടായിരുന്നത് ഇപ്പോള്‍ 45 ശതമാനമായി താണു. 2011ല്‍ അമേരിക്കയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം 8.91 ദശലക്ഷം വീപ്പയായിരുന്നു. 1999നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിത്. ഇതെല്ലാം അന്താരാഷ്ട്ര എണ്ണ വില കുറയ്ക്കാന്‍ സഹായിക്കേണ്ടതാണ്.

അമേരിക്കയിലെ ഈ പ്രവണതയുടെ ഫലത്തെ തടഞ്ഞത് ഭാഗികമായി ഏഷ്യയിലെ ആവശ്യം വര്‍ധിച്ചതാണെന്ന് വാദിക്കാവുന്നതാണ്. ചൈനയും ഇന്ത്യയുമാണ് എണ്ണ ഇറക്കുമതിയില്‍ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും ജപ്പാനിലെയും വളര്‍ച്ചയേക്കാള്‍ ഉയര്‍ന്നതാണെങ്കിലും ഈ രാജ്യങ്ങളുടെ കാര്യത്തില്‍ പോലും വളര്‍ച്ച പ്രതിസന്ധിയ്ക്ക് ശേഷം മന്ദമായി. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യം പോലും, സ്ഥിതി മറ്റൊന്നായിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്നതിലും കുറവാണ്.
ഈ പ്രവണതയൊക്കെയുണ്ടെങ്കിലും വില കുത്തനെ കൂടിയിട്ടുണ്ടെങ്കില്‍ അത് പ്രധാനമായും പശ്ചിമേഷ്യന്‍ മേഖലയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഫലമായുള്ള അനിശ്ചിതത്വം മൂലമാണ്. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വ്യത്യസ്തങ്ങളായ വിമത പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതുമുതല്‍ എണ്ണവിതരണത്തില്‍ അനിശ്ചിതത്വം മൂര്‍ഛിക്കുകയാണ്. വിശേഷിച്ച് ലിബിയയിലെ രാഷ്ട്രീയ സംഘര്‍ഷം വിതരണത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉളവാക്കിയതായാണ് കാണുന്നത്. എന്നാല്‍ വിലവര്‍ധനയ്ക്ക് പ്രേരകമായ ഘടകമായി കാണുന്നത് പ്രത്യക്ഷത്തില്‍ ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച് അവരും പാശ്ചാത്യ രാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കമാണ്. എണ്ണ കയറ്റുമതിയില്‍ മൂന്നാം സ്ഥാനമുള്ള ഇറാന്‍ ഇപ്പോള്‍ തന്നെ അവരുടെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഇരയാണ്. യഥാര്‍ഥത്തില്‍ ഇറാനിയന്‍ എണ്ണയുടെ ആഗോള ഉപഭോഗം നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങള്‍ അടുത്ത കാലത്ത് അമേരിക്ക തീവ്രമാക്കിയിരിക്കുകയാണ്. ഇതിന് പുറമേ വരുന്ന ജൂലൈ മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്പും പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിതരണം ഉടന്‍ നിര്‍ത്തുമെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുമുണ്ട്.

ഈ ഘടകങ്ങള്‍ മൂലവും ലഭ്യത കുറഞ്ഞത് മൂലവും വിതരണ-ചോദന സന്തുലനത്തില്‍ പെട്ടെന്ന് എന്തെങ്കിലും മാറ്റം ഉണ്ടായതുകൊണ്ടുമല്ല എന്തായാലും എണ്ണവില വര്‍ധന. ഒന്നാമതായി യൂറോപ്പിന്റെ പ്രഖ്യാപിത ഉപരോധവും അതിനോട് ഇറാന്റെ പ്രതികരണവും നടപ്പാക്കാനിരിക്കുന്നതേയുള്ളൂ. രണ്ടാമതായി ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. എല്ലാ രാജ്യങ്ങളും ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയാല്‍ ലോക വിപണിയിലേക്കുള്ള അവരുടെ വിതരണം ഫലത്തില്‍ ഇല്ലാതാവുമായിരുന്നു. ഇന്ത്യയുടെ കാര്യം ഉദാഹരണമാണ്. ഇന്ത്യ പ്രതിദിനം 30000 വീപ്പ എണ്ണയാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്റെ ഗണ്യമായ പങ്ക് വരും. എന്നിട്ടും ആദ്യം ഇറാനുള്‍പ്പെട്ട രാഷ്ട്രാന്തര വാതകക്കുഴല്‍ പദ്ധതിയുടെ കാര്യത്തിലും പിന്നെ ഇറാനിയന്‍ എണ്ണയ്ക്ക് പണം നല്‍കുന്നതിനുള്ള വിദേശനാണ്യ ക്രമീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങുന്നതായാണ് കണ്ടത്. എന്നാല്‍ ഒടുവില്‍ എണ്ണയ്ക്ക് രൂപയില്‍ പണമടയ്ക്കുന്നതിന് ധാരണയുണ്ടാക്കി ഇന്ത്യ ഇറാനില്‍ നിന്നുള്ള വിതരണം ഉറപ്പാക്കി. ഇന്ത്യയുടെ നടപടി കൂടാതെ തന്നെ ലോക വിപണയിലേക്കുള്ള ഇറാന്റെ എണ്ണ വിതരണത്തില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല. അവരുടെ മൊത്തം കയറ്റുമതിയില്‍ ഏഷ്യയ്ക്കുള്ള പ്രാധാന്യം കാരണമാണിത്. ലോക വിപണിയിലെ ഇറാനിയന്‍ എണ്ണ ഇറക്കുമതിയില്‍ 60 ശതമാനത്തിലധികവും ചൈന, ഇന്ത്യ, ജപ്പാന്‍ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേതാണ്. ഇറാനുമായുള്ള ബന്ധം വിഛേദിക്കാതെ ഈ രാജ്യങ്ങള്‍ സ്വന്തം ഊര്‍ജ സുരക്ഷ സംരക്ഷിക്കുന്ന കാലത്തോളം എണ്ണയുടെ ആഗോള വ്യാപാരത്തില്‍ നല്ലൊരു പങ്ക് വിഛേദിക്കപ്പെടില്ല.

അവസാനമായി, മുന്‍ കാലങ്ങളില്‍ എന്ന പോലെ സൗദി അറേബ്യ തങ്ങളുടെ അധികശേഷിയിലൂടെയും ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സന്നദ്ധതയിലൂടെയും എണ്ണ വിപണിയ്ക്ക് ആശ്വാസം പകരാന്‍ തയ്യാറായിട്ടുണ്ട്. 2003ല്‍ വെനസ്വേലയിലെ എണ്ണ ക്കമ്പനികളില്‍ പണിമുടക്കുണ്ടായപ്പോഴും അതേ വര്‍ഷം ഇറാഖില്‍ അമേരിക്കന്‍ അധിനിവേശമുണ്ടായ വേളയിലും കഴിഞ്ഞവര്‍ഷത്തെ ലിബിയന്‍ പ്രതിസന്ധിയിലും എണ്ണ വില നിയന്ത്രിക്കാന്‍ സൗദി അറേബ്യ പ്രധാന സംഭാവന നല്‍കി. അത് തുടരുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എണ്ണയുടെ വിതരണ-ചോദന സന്തുലനം നിയന്ത്രണ വിധേയമാക്കുന്ന ഈ ഘടകങ്ങളെല്ലാം ഉണ്ടായിട്ടും വില ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂഷണം ചെയ്ത് ആഗോള ധനമൂലധനം ഏര്‍പ്പെട്ടിരിക്കുന്ന ഊഹക്കളി മൂലമാണ്. ഊര്‍ജ വിപണികള്‍ , വിശേഷിച്ച് 2004ലെ ഓഹരി വിപണി ഇടിവിനും ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കും ശേഷം, കാര്യമായ നിക്ഷേപക താല്‍പര്യം ആകര്‍ഷിച്ചിട്ടുണ്ട് എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. പുതിയ നിക്ഷേപ മേഖലകള്‍ക്കായി പരക്കം പായുന്ന നിക്ഷേപകര്‍ പൊതുവില്‍ ചരക്കുകളുടെയും വിശേഷിച്ച് എണ്ണയുടെയും ഊഹ നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞു. ധനമേഖലയിലെ ഊഹക്കളിക്കാര്‍ രാഷ്ട്രീയ അനിശ്ചിതത്വം ചൂഷണം ചെയ്യുന്നത് കുറെ കാലമായി അറിവുള്ളതാണ്. പെട്രോളിയം കയറ്റുമതി രാഷ്ട്ര സംഘടനയേയാണ്(ഒപെക്) സാധാരണ എണ്ണ വില വര്‍ധനയ്ക്ക് ഉത്തരവാദിയായി കാണാറ്. എന്നാല്‍ 2008ല്‍ എണ്ണ വില വീപ്പയ്ക്ക് 100 ഡോളര്‍ കടന്നത് വിതരണത്തിലെ കുറവ് മൂലമല്ല ധനമേഖലയിലെ ഊഹക്കളി മൂലമാണെന്ന് ഒപെക് വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ മൂലം പശ്ചിമേഷ്യയിലുണ്ടാവുന്ന അസ്ഥിരീകരണം സൃഷ്ടിക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഊഹക്കളിക്ക് ശക്തിപകര്‍ന്നാല്‍ എണ്ണവിപണികളില്‍ ഒരു ദീര്‍ഘകാല പ്രശ്നമാണ് നമ്മെ ഉറ്റുനോക്കുന്നത്. പശ്ചിമേഷ്യന്‍ മേഖലയില്‍ രാഷ്ട്രീയ കുഴപ്പം മൂര്‍ഛിച്ച കഴിഞ്ഞ പതിറ്റാണ്ട്, മുമ്പ് ചൂണ്ടിക്കാട്ടിയതുപോലെ, ആഗോള ചോദനയുടെ സ്ഥിതി എന്തുതന്നെയായാലും ഏറെക്കുറെ തുടര്‍ച്ചയായ എണ്ണ വില വര്‍ധനയുടെ കാലമായിരുന്നു. ഇറാഖിലെ തുടരുന്ന സംഘര്‍ഷവും ഇറാനെതിരായ അസ്ഥിരീകരണ ഭീഷണിയും സ്ഥിതി കൂടുതല്‍ വഷളാക്കും. എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ മുതലാളിത്തം പുതിയ പ്രതിസന്ധിയില്‍ പതിക്കാം. ഇന്ത്യയടക്കം എണ്ണ ഇറക്കുമതി ചെയ്യുന്ന ദരിദ്ര രാഷ്ട്രങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കാം. ഈ സ്ഥിതിയില്‍ ധന ഊഹക്കളിക്കാര്‍ക്ക് മാത്രമാണ് ആഹ്ലാദിക്കാന്‍ വകയുള്ളത്.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്തത്തിന്റെയും അമേരിക്കയുടെയും ഡോളറിന്റെയും സ്ഥിരതയെ നിര്‍ണായകമായി സ്വാധീനിക്കുന്ന വിഭവമാണ് എണ്ണ എന്നത് 1970കളിലെ എണ്ണക്കുഴപ്പം മുതല്‍ തന്നെ അറിവുള്ളതാണ്. വലിയ എണ്ണപ്പാടങ്ങളും കയറ്റുമതിയുമുള്ള പശ്ചിമേഷ്യ സമീപ ദശകങ്ങളില്‍ സാമ്രാജ്യത്വ ഉപജാപത്തിനും കടന്നാക്രമണത്തിനും ഇരയാകുന്നുണ്ടെന്നതും അത്ഭുതമുളവാക്കുന്നതല്ല. തങ്ങള്‍ക്ക് സുലഭമായി എണ്ണ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ന്യായം പറഞ്ഞ് ഈ മേഖലയില്‍ സാന്നിധ്യവും ആധിപത്യവും ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചിട്ടുണ്ട്. ഇറാഖ് വിനാശായുധങ്ങള്‍ നിര്‍മിക്കുകയാണെന്ന് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് അമേരിക്ക ആ രാജ്യത്തെ കടന്നാക്രമിച്ചതുപോലും അന്തിമമായി എണ്ണശേഖരത്തില്‍ നിയന്ത്രണം സ്ഥാപിക്കുന്നതിനും ഉയര്‍ന്ന എണ്ണവിലകളുടെ കാലം തിരിച്ചുവരില്ലെന്ന് ഉറപ്പിക്കാനുമായിരുന്നു. പല നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.