Thursday, March 15, 2012

ഇടതുപക്ഷ പത്രങ്ങള്‍ - മാനിഫെസ്റ്റോയ്ക്കുമുമ്പേ നടന്നവര്‍

കൃഷിഭൂമി കൃഷിക്കാരന്റെ അവകാശമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങും മുമ്പ് പ്രഖ്യാപിച്ചതിന്റെ ചരിത്രമുണ്ട് ഇന്ത്യയിലെ ഇടതുപക്ഷ മാധ്യമങ്ങള്‍ക്ക്. ബംഗാളിലെ ഉല്‍പതിഷ്ണുക്കളായ ചെറുപ്പക്കാര്‍ തുടങ്ങിയ ബംഗാള്‍ സ്പെക്റ്റേറ്റര്‍ എന്ന പത്രമാണ് 1848 ല്‍ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കും മുമ്പ് കാര്‍ഷിക കലാപങ്ങളുടെ കണ്ണാടിയായി മാറിയത്. 1842 നവംബര്‍ ഒന്നിന്റെ ലക്കത്തിലാണ് കൃഷിഭൂമി കര്‍ഷകന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്. യങ് ബംഗാള്‍ എന്ന സംഘടനയുടെ ഈ പത്രത്തില്‍ 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ആരംഭിച്ച സന്യാസിമാരുടെയും ഫക്കീര്‍മാരുടെയും ഗോത്രവര്‍ഗക്കാരുടെയും കലാപങ്ങള്‍ പ്രതിഫലിച്ചു. മാര്‍ക്സിസം ഇറക്കുമതിച്ചരക്കല്ലെന്നും വര്‍ഗവൈരുധ്യങ്ങളുള്ളിടത്തെല്ലാം അത് പ്രസക്തമാണെന്നും തെളിയിച്ചുകൊണ്ടാണ് മാനിഫെസ്റ്റോയ്ക്കു മുമ്പു തന്നെ ആ ആശയം ശക്തിപ്പെട്ടത്.
1757ലെ പ്ലാസി യുദ്ധവിജയം ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ചൂഷണം ശക്തമാക്കാന്‍ അവസരം ലഭിച്ചതോടെ അതിനെതിരെയുള്ള ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ക്ക് സ്പെക്റ്റേറ്ററും, പിന്നാലെ സമാന സ്വഭാവമുള്ള പത്രങ്ങളും ഊര്‍ജമേകി. ഹരീഷ് ചന്ദ്ര മുഖര്‍ജി ആരംഭിച്ച ഹിന്ദു പാട്രിയറ്റ് എന്ന പത്രത്തിലും 1858ല്‍ സോഷ്യലിസ്റ്റ് തത്വങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ചുള്ള അഭയ്ചരണ്‍ മിശ്രയുടെ പുസ്തകം 1881ല്‍ പുറത്തുവന്നത് ബ്രിട്ടീഷുകാരുടെ ചൂഷണത്തെക്കുറിച്ച് ബൗദ്ധികമേഖലയില്‍ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. 1892ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ സോഷ്യലിസമെന്ന ലേഖനവും പുറത്ത് വന്നു. തൊഴിലാളി വര്‍ഗ നേതാവും പിന്നീട് ആദ്ധ്യാത്മികാചാര്യനുമായ അരബിന്ദോ ഘോഷ് ആണ് തൊഴിലാളി വര്‍ഗം എന്ന പദം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ ഉപയോഗിക്കുന്നത്.

ഇക്കാലത്ത് ബംഗാളി ദിനപത്രമായ സഞ്ജീബനിയില്‍ അസമിലെ തേയിലത്തോട്ടങ്ങളിലെ അടിമസമാനമായ സ്ഥിതിയെക്കുറിച്ച് ലേഖന പരമ്പരതന്നെ പ്രസിദ്ധീകരിച്ചു. വ്യാവസായിക വിപ്ലവത്തിന്റെ അല ഇന്ത്യയിലുമെത്തിയ നാളുകളായിരുന്നു അത്. രാജ്യത്തെ പല നഗരങ്ങളിലും തുണിമില്ലുകളും മറ്റു വ്യവസായ സ്ഥാപനങ്ങളും ഉയര്‍ന്നുവരികയും ഒപ്പം റെയില്‍വേ, ടെലഗ്രാഫ്, തപാല്‍ എന്നിവ ആരംഭിക്കുകയും ചെയ്ത കാലം. വ്യവസായ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയും കപ്പല്‍മാര്‍ഗം ഇംഗ്ലണ്ടില്‍നിന്നും മറ്റും മാസികകള്‍ ഇന്ത്യയിലെത്തുകയും ചെയ്തു. മാര്‍ക്സിസത്തിന്റെ ആദ്യ സന്ദേശങ്ങളും അതുവഴി ഇന്ത്യയിലെത്തി. 1888ല്‍ "ദി മറാത്ത" എന്ന മാസികയില്‍ ബാലഗംഗാധര തിലകന്‍ മാര്‍ക്സിസത്തെക്കുറിച്ച് എഴുതി. 1903ല്‍ ആനന്ദ്ബസാര്‍ പത്രികയില്‍ വിദേശ സോഷ്യലിസത്തിന്റെ ഉദയം എന്ന ലേഖനവും പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ ആദ്യമായി മാര്‍ക്സിനെക്കുറിച്ച് ലേഖനം വന്നത് ആത്മപോഷിണിയില്‍ . സ്വദേശാഭിമാനിയായിരുന്നു കര്‍ത്താവ്. 1921ല്‍ സ്വദേശാഭിമാനി മാര്‍ക്സിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ വിപ്ലവത്തിനുശേഷം 1919ല്‍ ലെനിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയിലെ മാസികകളിലും പത്രങ്ങളിലും നിറഞ്ഞു.

1920ല്‍ ബംഗാളിലെ അതികായനായ നേതാവ് മുസഫര്‍ അഹമ്മദും വിഖ്യാത ബംഗ്ല കവി ക്വാസി നസറുല്‍ ഇസ്ലാമും തുടങ്ങിയ നവയുഗ് പത്രം തൊഴിലാളികളുടെയും കര്‍ഷകരുടെയും അവകാശങ്ങളെക്കുറിച്ച് വാചാലമായി. നവയുഗത്തിന് നിരോധന ഭീഷണിവന്നതോടെ മുസഫര്‍ അഹമ്മദ് അത് നിര്‍ത്തി ഗണവാണി എന്ന പത്രം തുടങ്ങി. 1922ല്‍ രാജ്യത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് വാരിക പുറത്തിറങ്ങി. എസ് എ ഡാങ്കെയുടെ പത്രാധിപത്യത്തിലറങ്ങിയ സോഷ്യലിസ്റ്റ്. ഇതിനുപിറകെയാണ് മദിരാശിയില്‍ ശിങ്കാരവേലു ചെട്ട്യാരുടെ നേതൃത്വത്തില്‍ ലേബര്‍ ആന്റ് കിസാന്‍ ഗസറ്റും ലാഹോറില്‍ നിന്ന് ഗുലാം ഹുസൈന്റെ നേതൃത്വത്തില്‍ ഇങ്ക്വിലാബും പുറത്തിറങ്ങുന്നത്. ഇക്കാലത്ത് എം എന്‍ റോയി ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിച്ച വാന്‍ഗാഡ് ഓഫ് ഇന്റിപെന്‍ഡന്‍സ് എന്ന വാരിക കപ്പല്‍ മാര്‍ഗം ഇന്ത്യയിലെത്തിച്ചിരുന്നു. ഇത് ഒമ്പതു ലക്കം അച്ചടിച്ചപ്പോഴേക്കും ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിലങ്ങ് വീണു. വാരികക്കൊപ്പം ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുള്ള സന്ദേശങ്ങളും സര്‍ക്കാര്‍ പിടിച്ചെടുത്തു. യഥാര്‍ഥത്തില്‍ മീററ്റ് ഗൂഢാലോചനക്കേസുകളുടെ തുടക്കം ഇതായിരുന്നു. വാന്‍ഗാഡ് പൂട്ടിയശേഷം അഡ്വാന്‍സ് വാന്‍ഗാഡ് എന്ന പേരില്‍ എം എന്‍ റോയി മാസിക ഇറക്കി ഇന്ത്യയിലേക്ക് കടത്തി.

1923ല്‍ ശിങ്കാരവേലു ചെട്ട്യാര്‍ തമിഴില്‍ തൊഴിലാളര്‍ എന്ന പത്രം തുടങ്ങി. ഇതിനും താമസിയാതെ ബ്രിട്ടീഷ് ഭരണകൂടം താഴിട്ടു. മുപ്പതുകളില്‍ പഞ്ചാബില്‍ നിന്നും ലാഹോറില്‍ നിന്നുമായി ഹര്‍കിഷന്‍സിങ് സുര്‍ജിതിന്റെ നേതൃത്വത്തില്‍ കീര്‍ത്തി, ചിങ്കാര തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ 1935ല്‍ പ്രഭാതം തുടങ്ങി. പ്രഭാതത്തെ പിന്തുടര്‍ന്ന് ദേശാഭിമാനിയും. മലയാളത്തില്‍ ആശയപ്രചാരണത്തിന് ചിന്തയുമുണ്ട്. 1940ല്‍ തുടങ്ങിയ പീപ്പിള്‍സ് വാര്‍ ദീര്‍ഘകാലം കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖമാസികയായി. പീപ്പിള്‍സ് ഡെമോക്രസിയും ലോക്ലെഹറുമാണിപ്പോള്‍ സിപിഐ എമ്മിന്റെ സന്ദേശങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിക്കുന്നത്. തമിഴില്‍ തീക്കതിര്‍ , തെലുങ്കില്‍ പ്രജാശക്തി, കന്നഡയില്‍ ജനശക്തി, ബംഗാളിയില്‍ ഗണശക്തി, പഞ്ചാബിയില്‍ ദേശ്സേവക് തുടങ്ങിയവയും സജീവ സാന്നിധ്യം.

*
എന്‍ എസ് സജിത്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൃഷിഭൂമി കൃഷിക്കാരന്റെ അവകാശമാണെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങും മുമ്പ് പ്രഖ്യാപിച്ചതിന്റെ ചരിത്രമുണ്ട് ഇന്ത്യയിലെ ഇടതുപക്ഷ മാധ്യമങ്ങള്‍ക്ക്. ബംഗാളിലെ ഉല്‍പതിഷ്ണുക്കളായ ചെറുപ്പക്കാര്‍ തുടങ്ങിയ ബംഗാള്‍ സ്പെക്റ്റേറ്റര്‍ എന്ന പത്രമാണ് 1848 ല്‍ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കും മുമ്പ് കാര്‍ഷിക കലാപങ്ങളുടെ കണ്ണാടിയായി മാറിയത്. 1842 നവംബര്‍ ഒന്നിന്റെ ലക്കത്തിലാണ് കൃഷിഭൂമി കര്‍ഷകന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്. യങ് ബംഗാള്‍ എന്ന സംഘടനയുടെ ഈ പത്രത്തില്‍ 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ആരംഭിച്ച സന്യാസിമാരുടെയും ഫക്കീര്‍മാരുടെയും ഗോത്രവര്‍ഗക്കാരുടെയും കലാപങ്ങള്‍ പ്രതിഫലിച്ചു. മാര്‍ക്സിസം ഇറക്കുമതിച്ചരക്കല്ലെന്നും വര്‍ഗവൈരുധ്യങ്ങളുള്ളിടത്തെല്ലാം അത് പ്രസക്തമാണെന്നും തെളിയിച്ചുകൊണ്ടാണ് മാനിഫെസ്റ്റോയ്ക്കു മുമ്പു തന്നെ ആ ആശയം ശക്തിപ്പെട്ടത്.