Wednesday, March 14, 2012

പ്രണബിന്റെ പ്രണയം കോര്‍പറേറ്റുകളോട്

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും സാമ്പത്തിക വളര്‍ച്ച നിരക്കിലെ വന്‍ ഇടിവും അയവില്ലാതെ തുടരുന്ന ആഗോളസാമ്പത്തികപ്രതിസന്ധിയും ചേര്‍ന്ന് കേന്ദ്രധനമന്ത്രിയുടെ സ്ഥിതി വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്കരണ നടപടികളുടെ തീവ്രത കുറയ്ക്കുമോ എന്നാണ് കോര്‍പറേറ്റ് മേഖലയുടെ ആശങ്ക. പക്ഷേ, അനുഭവങ്ങളില്‍നിന്ന് ഒരിക്കലും പാഠംപഠിക്കാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നതുകൊണ്ട് സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കാര്യമില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ അതിന് സമ്മതിക്കുകയുമില്ല. ദേശീയ വരുമാന വര്‍ധനയിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. മൂന്നുവര്‍ഷത്തിലെ താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കൊല്ലം ഉണ്ടായത്. കാര്‍ഷികവളര്‍ച്ച 11ല്‍ നിന്ന് 2.7 ശതമാനമായി ഇടിഞ്ഞു. മുന്‍വര്‍ഷത്തെ ദേശീയ വരുമാനവളര്‍ച്ചനിരക്കില്‍ എത്തണമെങ്കില്‍ അവസാന (നാലാം) പാദത്തില്‍ 13.62 ശതമാനം വളര്‍ച്ച കൈവരിക്കണം. ചരിത്രത്തിലിതുവരെ സംഭവിക്കാത്ത കാര്യമാണത്.

സാമ്പത്തികവളര്‍ച്ച കൈവരിക്കണമെങ്കില്‍ 1. കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപമുണ്ടാകണം, 2. സ്വകാര്യ നിക്ഷേപം വര്‍ധിക്കണം, 3. വിദേശ പ്രത്യക്ഷമൂലധനനിക്ഷേപം ഉയരണം. ഇവയ്ക്ക് സാധ്യത വിരളമാണ്. സ്വകാര്യനിക്ഷേപം പിന്‍വലിയാന്‍ പല കാരണങ്ങളുമുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പലിശനിരക്ക് വര്‍ധിപ്പിച്ച നടപടി ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ലാഭം ചുരുക്കുകയുംചെയ്തു. നികുതിവരുമാനത്തേക്കാള്‍ ആഭ്യന്തരവായ്പകളെ ആശ്രയിക്കുന്ന സര്‍ക്കാര്‍നയം വായ്പാ വിപണിയെ സമ്മര്‍ദത്തിലാഴ്ത്തുകയും പലിശനിരക്ക് ഉയരാനിടവരുത്തുകയുംചെയ്തു. ഈ പരിതസ്ഥിതിയില്‍ സ്വകാര്യനിക്ഷേപം വളര്‍ത്താന്‍ ധനമന്ത്രി കൈക്കൊള്ളുന്നത് പതിവ് രീതി തന്നെയായിരിക്കും. കോര്‍പറേറ്റ് മേഖലയ്ക്ക് ക്രമംവിട്ട് ഇളവുകളും ആനുകൂല്യങ്ങളും നല്‍കുക. ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന ഒരു നടപടിയാണിത്. മറ്റൊന്ന് പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുകയാണ്. ആ ദിശയിലുള്ള ആദ്യ നടപടിയാണ് കരുതല്‍ ധനാനുപാതം മുക്കാല്‍ ശതമാനം വെട്ടിക്കുറച്ചുള്ള റിസര്‍വ് ബാങ്ക് തീരുമാനം. 48000 കോടി രൂപയുടെ അധിക പണലഭ്യത അതുമൂലം കൈവരുമെന്ന് കണക്കാക്കുന്നു. വര്‍ധിച്ചുവരുന്ന ധനകമ്മിയെക്കുറിച്ചും ധനകമ്മി നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ധനമന്ത്രി ഏറെ വാചാലനാകാനാണ് സാധ്യത.

നടപ്പുവര്‍ഷത്തെ ബജറ്റ് ലക്ഷ്യമിട്ടത് 4.6 ശതമാനം (ദേശീയവരുമാനത്തിന്റെ) ധനകമ്മിയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ത്തന്നെ അത് ആറുശതമാനത്തോളം ഉയര്‍ന്നിരിക്കുന്നു. ബജറ്റ് വിഭാവനംചെയ്തത് 4.13 ലക്ഷം കോടി രൂപയുടെ ധനകമ്മിയാണ്. ജനുവരി അവസാനം അത് 4.35 ലക്ഷം കോടിയില്‍ എത്തി. ഇനിയും കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നികുതി സമാഹരണത്തേക്കാള്‍ വായ്പകളെ ആശ്രയിച്ചതാണ് കമ്മി ഉയരാന്‍ കാരണം. 33.82 ലക്ഷം കോടി രൂപയാണ് നടപ്പുസാമ്പത്തികവര്‍ഷം മൂന്നാംപാദത്തിലെ ആഭ്യന്തര-വിദേശകടം. ഇതില്‍ 90 ശതമാനവും ആഭ്യന്തരകടമാണ്. സബ്സിഡിച്ചെലവുകള്‍ വെട്ടിച്ചുരുക്കി കമ്മി കുറയ്ക്കുന്ന മാര്‍ഗമായിരിക്കും ധനമന്ത്രി സ്വീകരിക്കുക. സബ്സിഡിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞത് ഓര്‍മിക്കുമല്ലോ. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റ് വിഭവസമാഹരണം ഉല്‍സാഹപൂര്‍വം കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്. 40,000 കോടി രൂപ ആ ഇനത്തില്‍ പ്രതീക്ഷിച്ച സ്ഥാനത്ത് ജനുവരി അവസാനംവരെ സമാഹരിച്ചത് 1115 കോടി രൂപയായിരുന്നു. അതുകൊണ്ട് സബ്സിഡികള്‍ കുറച്ച് ധനകമ്മി ചുരുക്കാനുള്ള നടപടിയാകും സ്വീകരിക്കുക.

വിദേശമൂലധനം, ഉല്‍പ്പാദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക ഉപാധികളില്ലാതെ വിദേശ പ്രത്യക്ഷമൂലധനനിക്ഷേപം വര്‍ധിക്കുമ്പോഴാണ്. എന്നാല്‍ , ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന മൂലധനത്തിന്റെ ഗണ്യമായ ഭാഗം ഓഹരി നിക്ഷേപമായാണ് ലഭിക്കുന്നത്. ഓഹരി നിക്ഷേപം തൊഴിലോ വരുമാനമോ സൃഷ്ടിക്കുന്നില്ല. ലാഭം മാത്രമാണ് അതിന്റെ ലക്ഷ്യം. വമ്പിച്ച വളര്‍ച്ചയാണ് ധനമൂലധനരംഗത്തുകാണാന്‍ കഴിയുക. 1993ല്‍ 1.8 ദശലക്ഷം ഡോളര്‍ ഓഹരി നിക്ഷേപം ലഭിച്ചപ്പോള്‍ 2012 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍മാത്രം അത് 11575 ദശലക്ഷം (11.5 ശതകോടി) ഡോളറായി വളര്‍ന്നു. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തുകയാണ് സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനുള്ള മറ്റൊരു മാര്‍ഗം. ഇതാകട്ടെ സര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് എതിരാണെന്നുമാത്രമല്ല, വര്‍ധിച്ച നിക്ഷേപം നടത്താനുള്ള കഴിവ് സര്‍ക്കാരിനൊട്ടില്ലതാനും.

നികുതി സമാഹരണത്തില്‍ വന്‍വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. 2011-12ലെ നികുതിലക്ഷ്യം 5.32 ലക്ഷം കോടി രൂപയായിരുന്നു. കൈവരിച്ചത് 4.24 ലക്ഷം കോടിയും. കോര്‍പറേറ്റ് നികുതിയാകട്ടെ ലക്ഷ്യത്തിനടുത്തെങ്ങും എത്തിയില്ല. 3.59 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം. പിരിഞ്ഞത് 2.85 ലക്ഷം കോടിയും. പരോക്ഷനികുതിലക്ഷ്യം 3.97 ലക്ഷം കോടി രൂപയായിരുന്നു. പിരിച്ചതാകട്ടെ 2.75 ലക്ഷം കോടി. ഉല്‍പ്പാദനം കുറയുമ്പോള്‍ എക്സൈസ് വരുമാനവും കയറ്റുമതി ചുരുങ്ങുമ്പോള്‍ കസ്റ്റംസ് തീരുവയും കുറയുമല്ലോ എന്നു വാദിക്കാം. പക്ഷേ, ഇവകൊണ്ടുമാത്രമല്ല രാജ്യത്തെ നികുതി വരുമാനം കുറയുന്നത്. വന്‍തോതിലുള്ള ഇളവുകളും ഒഴിവാക്കലുകളുമാണ് നികുതിവരുമാനം ഇടിയാന്‍ കാരണം. സാധാരണക്കാര്‍ക്കല്ല ഈ ഒഴിവാക്കലുകള്‍ നല്‍കപ്പെടുന്നത്. 2010-11ല്‍ 511630 കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്. ഇതില്‍ വന്‍കിട വ്യവസായികള്‍ക്കുമാത്രമായി 88263 കോടി രൂപയുടെ ഇളവ് നല്‍കി. കയറ്റുമതിക്കാര്‍ക്ക് തലേവര്‍ഷം 37970 കോടി രൂപയുടെയും കസ്റ്റംസ് തീരുവ ഇനത്തില്‍ 218191 കോടിയുടെയും എക്സൈസ് ഇനത്തില്‍ 170765 കോടിയുടെയും ആനുകൂല്യം നല്‍കി. സാമ്പത്തികസര്‍വേയില്‍ നികുതി ചെലവുകള്‍ എന്ന രൂപത്തില്‍ ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വന്‍കിടക്കാരുടെ നികുതിവെട്ടിപ്പുകള്‍ക്കുപുറമെയാണ് ഈ ആനുകൂല്യങ്ങള്‍ . കമ്പനികളുടെ ലാഭത്തിന്മേലുള്ള കോര്‍പറേറ്റ് നികുതി നിരക്ക് 32.4 ശതമാനമാണ്. ഫലത്തില്‍ അത് 21 ശതമാനമേ വരൂ.

ബിജെപി നേതാവും മുന്‍ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ചെയര്‍മാനായ ധനകാര്യപാര്‍ലമെന്ററി കമ്മിറ്റി കോര്‍പറേറ്റ് നികുതിനിരക്ക് 30 ശതമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വന്‍കിട ബൂര്‍ഷ്വാസിയെ പ്രീണിപ്പിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. കോടിക്കണക്കിന് രൂപയുടെ ഓഹരി-അവധി വ്യാപാരമാണ് രാജ്യത്ത് നടക്കുന്നത്. വന്‍ലാഭമാണ് ന്യൂനപക്ഷം വരുന്ന ഇടപാടുകാര്‍ ഇതുവഴി നേടുന്നത്. കടപ്പത്ര കൈമാറ്റ നികുതി ഏര്‍പ്പെടുത്തിയത് 2004ലാണ്. വളരെ കുറവാണ് നിരക്ക്. 0.025 ശതമാനം മുതല്‍ 0.25 ശതമാനം വരെ. പ്രസ്തുത നികുതി പൂര്‍ണമായും എടുത്തുകളയണമെന്നത്രെ യശ്വന്ത് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ. നാഷണല്‍ കമ്മോഡിറ്റീസ് ആന്‍ഡ് ഡെറിവേറ്റീവ് എക്സ്ചേഞ്ചില്‍ 2011 ഡിസംബറില്‍മാത്രം 177595 കോടി രൂപയുടെ അവധി വ്യാപാരം നടന്നു. അവധി വ്യാപാരത്തിന്മേല്‍ ചുമത്തിയിരുന്ന നികുതി സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. സ്വത്തും വരുമാനവും കുന്നുകൂട്ടുന്നവര്‍ സ്വത്തുനികുതി നല്‍കേണ്ടത് ന്യായം.

നാമമാത്ര നികുതിയേ ഈ ഇനത്തില്‍ സര്‍ക്കാര്‍ സമാഹരിക്കുന്നുള്ളൂ. വെറും 682 കോടി രൂപ! അഞ്ചുകോടി രൂപ സ്വത്തുള്ളവരെ സ്വത്തുനികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും 50 കോടി രൂപയിലേറെ സ്വത്തുള്ളവര്‍ ഒരു ശതമാനം നികുതി നല്‍കണമെന്നുമാണ് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഒന്നൊന്നായി പ്രണബ് മുഖര്‍ജി സ്വീകരിക്കുമെന്ന് കരുതാം. ഗണ്യമായ തോതിലുള്ള നികുതിനിരക്കുവര്‍ധനയ്ക്ക് പ്രണബ് മുഖര്‍ജി ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസിന്റെ കുറഞ്ഞുവരുന്ന ജനസമ്മതിതന്നെ കാരണം. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയവയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി, സര്‍ക്കാര്‍ ഉത്തരവുകളിലൂടെ അവതരിപ്പിക്കാനായിരിക്കും ധനമന്ത്രി തുനിയുക.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 14 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും സാമ്പത്തിക വളര്‍ച്ച നിരക്കിലെ വന്‍ ഇടിവും അയവില്ലാതെ തുടരുന്ന ആഗോളസാമ്പത്തികപ്രതിസന്ധിയും ചേര്‍ന്ന് കേന്ദ്രധനമന്ത്രിയുടെ സ്ഥിതി വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്കരണ നടപടികളുടെ തീവ്രത കുറയ്ക്കുമോ എന്നാണ് കോര്‍പറേറ്റ് മേഖലയുടെ ആശങ്ക. പക്ഷേ, അനുഭവങ്ങളില്‍നിന്ന് ഒരിക്കലും പാഠംപഠിക്കാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നതുകൊണ്ട് സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കാര്യമില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ അതിന് സമ്മതിക്കുകയുമില്ല. ദേശീയ വരുമാന വര്‍ധനയിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. മൂന്നുവര്‍ഷത്തിലെ താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കൊല്ലം ഉണ്ടായത്. കാര്‍ഷികവളര്‍ച്ച 11ല്‍ നിന്ന് 2.7 ശതമാനമായി ഇടിഞ്ഞു. മുന്‍വര്‍ഷത്തെ ദേശീയ വരുമാനവളര്‍ച്ചനിരക്കില്‍ എത്തണമെങ്കില്‍ അവസാന (നാലാം) പാദത്തില്‍ 13.62 ശതമാനം വളര്‍ച്ച കൈവരിക്കണം. ചരിത്രത്തിലിതുവരെ സംഭവിക്കാത്ത കാര്യമാണത്.