Thursday, March 15, 2012

അതിരാണിപ്പാടത്തിന്റെ അതിരേതാണ്

മിഠായിത്തെരുവിന്റെ വടക്കേയറ്റത്ത് ജനനിബിഡമായ തെരുവും അതിലെ ത്രസിക്കുന്ന ജീവിതവും നോക്കിയിരിക്കുന്ന ജീവനുള്ള ആ കല്‍പ്രതിമ ആരുടേതെന്ന് തെരുവിലെത്തുന്ന കൊച്ചു കുട്ടികള്‍ക്കുപോലുമറിയാം. കോഴിക്കോടിന്റെ പകലുകളെയും രാത്രികളെയും സൂക്ഷ്മമായി ശ്രദ്ധിച്ച് വാക്കുകളിലേക്ക് പകര്‍ത്തിയ നഗരത്തിന്റെ കഥാകാരനാണത്- എസ് കെ പൊറ്റെക്കാട്ട്. നാടന്‍ പ്രേമവും തെരുവിന്റെ കഥയും ദേശത്തിന്റെ കഥയും വിഷകന്യകയും മലയാളത്തിന് നല്‍കിയ എഴുത്തുകാരന്‍ . തലശേരിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്വതന്ത്രനായി മത്സരിച്ച് സുകുമാര്‍ അഴീക്കോടിനെ തോല്‍പ്പിച്ച് ലോക്സഭയിലെത്തിയ പുരോഗമനവാദി. പല വന്‍കരകളില്‍ , പലതരം ജീവിതങ്ങള്‍ക്കു നടുവില്‍ കോഴിക്കോടന്‍ ഇടവഴികളിലൂടെയെന്നപോലെ സഞ്ചരിച്ച് മനുഷ്യനെവിടെയും ഒരുപോലെയെന്ന വലിയ ദര്‍ശനത്തിലെത്തിച്ചേര്‍ന്ന പ്രതിഭ. കോഴിക്കോടിന്റെ സാംസ്കാരികപ്പെരുമയെയും ചരിത്രത്തെയും തൊട്ടുണര്‍ത്തി ഒരു മഹാസംഭവം നടക്കുമ്പോള്‍ സ്മരണകളില്‍ എസ് കെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

അന്നത്തെ തിരക്കിട്ട കോഴിക്കോടന്‍ തെരുവുകളിലെ ചെറുചായക്കടകളിലും മരുന്നുകടകളിലും വായനശാലകളിലും ഇരുന്ന് ലോകകാര്യം ചര്‍ച്ച ചെയ്ത സാധാരണക്കാരുടെ ഇടയില്‍ ജീവിച്ച് വലിയ എഴുത്തുകാരായി മാറിയവരുടെ ഒരു വലിയ നിരതന്നെ പുനര്‍ജനിക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ സാമ്രാജ്യത്വാധിനിവേശങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമായിരുന്ന കോഴിക്കോടന്‍ എഴുത്തുകാരുടെ വലിയ നിര-ബഷീര്‍ , തിക്കോടിയന്‍ , കെ ടി മുഹമ്മദ്, എന്‍ എന്‍ കക്കാട്, ഉറൂബ്, എന്‍ പി മുഹമ്മദ്, എന്‍ വി കൃഷ്ണവാരിയര്‍ , കെ എ കൊടുങ്ങല്ലൂര്‍ ...... അങ്ങനെ എത്രയെത്രപേര്‍ . സാഹിത്യകാരന്മാരോ കലാകാരന്മാരോ ആയിരുന്നില്ലെങ്കിലും, എഴുത്തുകാരാകുന്ന ഈ പൊന്‍തരികളെ കൂട്ടിവിളക്കുന്ന പൊന്‍കാരങ്ങളായി നിന്ന മറ്റുപലരും -എ പി ബാലകൃഷ്ണപിള്ള, കെ പി രാമന്‍നായര്‍ , മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ - അങ്ങിനെ ഒരുപാടുപേര്‍ .

കഥപറയലിന്റെ ഒരു നാടന്‍ കഥന പാരമ്പര്യമായിരുന്നു പൊറ്റെക്കാട്ടിന്റെത്. സ്നേഹവും അസൂയയും പകയും പശ്ചാത്താപവും ഒക്കെയായി ചിരിയും കണ്ണീരും നിറഞ്ഞ ഒരു കഥാപ്രപഞ്ചം- ആ നാടന്‍ പാരമ്പര്യത്തിന്റെ ഭാഗമായി മിക്ക കഥാപാത്രങ്ങള്‍ക്കും എന്തെങ്കിലും ഒരു ഏപ്പേര് (പരിഹാസപ്പേര്) ഉണ്ടാകും, എന്തെങ്കിലും ഒരു സ്വഭാവവൈചിത്ര്യമുണ്ടാകും. കോരപ്പന്‍ - മീനാക്ഷി ദമ്പതികളുടെ വീട്ടുപേര് "കോര്‍മീനാ" എന്നാകും, ഓന്ത് എന്ന ഏപ്പേരും മന്ത്കാല്‍ജി എന്ന ഏപ്പേരും ചേരുമ്പോള്‍ ഓമഞ്ചി. ധര്‍മം കാട്ടിയാലും കാട്ടിയില്ലെങ്കിലും അപ്പപ്പോള്‍ ദൈവത്തെ വിവരമറിയിക്കുന്ന കണ്ണുപൊട്ടന്‍ മുരുകന്‍ , "കാര്യം വിഷമസ്ഥിതി- പേപ്പര്‍ ഒരണ" എന്ന പത്രക്കാരന്‍ കൃഷ്ണക്കുറുപ്പിന്റെ മാര്‍ക്കറ്റിങ് ടെക്നിക്. മിക്ക കഥാപാത്രങ്ങളും, അത് നോവലിലായാലും യാത്രാവിവരണങ്ങളിലായാലും കഥകളിലായാലും, തെരുവില്‍ നിന്ന് പെറുക്കിയെടുക്കപ്പെട്ടവര്‍ . തെരുവിന് രാത്രിയിലും ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ കഥാകാരന്‍ . അതിരാണിപ്പാടം ഒരു നഗരമായി മാറാന്‍ തുടങ്ങുമ്പോഴും മനസ്സില്‍ ഗ്രാമവിശുദ്ധി സൂക്ഷിച്ച മാനവികതാവാദി. രാവിലത്തെ നടപ്പില്‍ ചെറുചായക്കടകളിലെ നാടന്‍ ഭക്ഷണവിഭവങ്ങളുടെ രുചി എഴുത്തിലൂടെ അനുഭവിപ്പിച്ച കഥാകാരന്‍ . കള്ളുഷാപ്പിലാണ് ഏറ്റവും നല്ല ഭക്ഷണംകിട്ടുക എന്ന തീസീസ് തന്നെയുണ്ട് അദ്ദേഹത്തിന്. കോഴിക്കോടന്‍ പ്രകൃതിയുടെ വര്‍ണഭേദങ്ങള്‍ , ജന്തു-സസ്യജാലങ്ങള്‍ , ആചാരവിശ്വാസങ്ങള്‍ എല്ലാം കഥകളിലെ പ്രാദേശിക വര്‍ണങ്ങള്‍ . ലോകത്തിന്റെ ഏതു കോണിലും കണ്ടെത്തും സമാനമായ കാഴ്ച.

രണ്ട് വമ്പന്‍ എഴുത്തുകാരുടെ തെരഞ്ഞെടുപ്പു പോര് തെരഞ്ഞെടുപ്പു ചരിത്രത്തിലെ വിസ്മയകരമായ അധ്യായം. കോണ്‍ഗ്രസിനൊപ്പം നിന്ന അഴീക്കോടിനെ പിന്തുണച്ചത് എഴുത്തിന്റെ ലോകത്തു നിന്ന് കുറച്ചുപേര്‍ മാത്രം. സര്‍ഗാത്മകതയുടെ ലോകം പൊറ്റെക്കാട്ടിനൊപ്പം. അന്ന് ജയിച്ച പൊറ്റെക്കാടിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയത് അഴീക്കോട്. മലബാര്‍ കേന്ദ്രകലാസമിതിയുടെയും നാടകോത്സവത്തിന്റെയും തുടക്കക്കാലം. കോഴിക്കോടന്‍ സാംസ്കാരിക രാഷ്ട്രീയത്തിലെ വലിയ കളരിയായിരുന്നു സമിതിയുടെ നാടകോത്സവം. സമിതിയും കേരളസാഹിത്യ സമിതിയും രൂപീകരിച്ചത് പൊറ്റെക്കാട്ടിന്റെയും എന്‍ വിയുടെയും മറ്റും നേതൃത്വത്തില്‍ . ഫ്രാന്‍സിസ് റോഡിലെ കെഎംഎസ് വായനശാലയായിരുന്നു അണിയറ.
പൊറ്റെക്കാട്ടും കൂട്ടരും ഉഴുതിട്ട കോഴിക്കോടിന്റെ ശാദ്വലഭൂമികളിലാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ചെങ്കൊടിയുയരുന്നത്. "കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍ പറയുവിന്‍ ഏതു ദേശക്കാര്‍ നിങ്ങള്‍" എന്നു ചോദിച്ച എഴുത്തുകാര്‍ , "എങ്ങു മനുഷ്യന്‍ ചങ്ങലകൈകളില്‍ അങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാണ്" എന്നു പറഞ്ഞവര്‍ , "വരമ്പുകളാണ് പാടത്ത് നീരൊഴുക്ക് ഇല്ലാതാക്കുന്നത്" എന്നു പറഞ്ഞവര്‍ . -അവരുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് പൊറ്റെക്കാട്ട് ചോദിക്കുന്നു-" അതിരാണിപ്പാടത്തിന്റെ അതിര് ഏതാണ്"- അത് ആഫ്രിക്കയോളവും ലാറ്റിനമേരിക്കയോളവും നീണ്ടുകിടക്കുന്നു. സാഹിത്യം ഒന്നാണ്-പല ഭാഷകളില്‍ എഴുതപ്പെടുന്നു എന്നുമാത്രം- നിങ്ങള്‍ ഒരു ശതമാനം-ഞങ്ങള്‍ തൊണ്ണൂറ്റൊമ്പതു ശതമാനം എന്ന് വിളിച്ചു പറയുന്നവരുടേതാണ് സാഹിത്യം എന്ന് പൊറ്റെക്കാട്ടും കൂട്ടരും പറയുന്നു.

*
ഡോ. കെ പി മോഹനന്‍ ദേശാഭിമാനി 15 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...