Tuesday, March 27, 2012

ബജറ്റ്- ഒരു സ്ത്രീവായന

ബജറ്റ് സര്‍ക്കാരിന്റെ വരവുചെലവു കണക്കുമാത്രമല്ല, നയരേഖകൂടിയാണ്. രാജ്യത്തിന്റെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള വീക്ഷണം ബജറ്റില്‍ പ്രതിഫലിക്കും. ഇന്ത്യപോലെ ഒരു രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരനിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ , സര്‍ക്കാര്‍ ഏതേതു വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ബജറ്റില്‍നിന്നും വ്യക്തമാകും. ഈ മുന്‍ഗണനാവിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഉപകരണമാകുന്നുണ്ടോ ബജറ്റ് എന്ന പരിശോധനയാണ് പൊതുവില്‍ ബജറ്റവലോകനങ്ങള്‍ . എന്നാല്‍ , വര്‍ണ, വര്‍ഗ, ലിംഗഭേദമില്ലാത്തതാണ് പൊതുബജറ്റെന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ അവലോകനം ശാസ്ത്രീയമല്ല. കാരണം കടുത്ത അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ബജറ്റിന് "നിഷ്പക്ഷ"മാകാന്‍ കഴിയില്ല. അങ്ങനെ നിഷ്പക്ഷമായാല്‍ അതിന്റെ അര്‍ഥം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നുതന്നെയാണ്. ഏത് പദ്ധതിക്കുവേണ്ടി പണം നീക്കിവയ്ക്കുമ്പോഴും അത് ആ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് ജനസംഖ്യയില്‍ പകുതിവരുന്ന (കേരളത്തില്‍ പകുതിയിലേറെ) സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത്.

കടുത്ത സ്ത്രീ-പുരുഷ അസമത്വം ഇന്ത്യയുടെ മുഖമുദ്രയായി തീര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അധികാരത്തിന്റെ ആദ്യ ചവിട്ടുപടിയില്‍പ്പോലും എത്താന്‍ കഴിയാത്ത ഇന്ത്യന്‍സ്ത്രീയെ ബജറ്റ് അഭിസംബോധനചെയ്യുന്നുണ്ടോയെന്നതാണ് വിഷയം. ഇത്തരം പരിശോധനകളും പഠനങ്ങളുമാണ് ജന്‍ഡര്‍ബജറ്റ് അഥവാ സ്ത്രീപക്ഷ ബജറ്റ് എന്ന ആശയത്തിനിടനല്‍കിയത്. കുറച്ചു തുക (അതല്‍പ്പം വലുതാണെങ്കിലും) സ്ത്രീകളുടെ "ക്ഷേമ"ത്തിനായി മാറ്റിവയ്ക്കുന്നതുകൊണ്ട് അത് സ്ത്രീപക്ഷ ബജറ്റാകുന്നില്ല. സാമൂഹ്യക്ഷേമത്തിലെ ഒരു ഖണ്ഡികയായി സ്ത്രീകളെ ഒതുക്കുകയല്ല വേണ്ടത്. ഭരണഘടന അനുശാസിക്കുന്ന സ്ത്രീപുരുഷ തുല്യത സാധ്യമാകുന്ന വിധത്തില്‍ സ്ത്രീപദവി ഉയര്‍ത്തുന്നതിനുതകുന്ന നിര്‍ദേശങ്ങളാണ് ബജറ്റില്‍ ഉണ്ടാകേണ്ടത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്നത് പലപ്പോഴും പരമ്പരാഗത വാര്‍പ്പുമാതൃകയ്ക്ക് അനുയോജ്യമായ വിധത്തില്‍ ആയിരിക്കും. സ്ത്രീയെ നല്ല വീട്ടമ്മയാക്കുന്നതിനപ്പുറം ഒരു പൗര എന്ന പദവിക്ക് ചേരുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുക യാഥാസ്ഥിതിക ബജറ്റിന്റെയോ നയത്തിന്റെയോ ഭാഗമല്ല. സ്ത്രീയെ കാരുണ്യം അര്‍ഹിക്കുന്ന ഒരു പ്രത്യേക വിഭാഗമായി കണക്കാക്കുന്നതല്ല സ്ത്രീപക്ഷ ബജറ്റ്. വ്യവസായം, തൊഴില്‍ , കൃഷി, അടിസ്ഥാനസൗകര്യവികസനം, വിവരസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ ഏതുമേഖല സംബന്ധിച്ച നിര്‍ദേശങ്ങളായാലും അത് സ്ത്രീസമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല, സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കുള്ള പരിഹാരമാണോ ഈ നിര്‍ദേശങ്ങളെന്നും പരിശോധിക്കേണ്ടതായുണ്ട്. ആ പരിശോധന നടക്കുമ്പോള്‍ ഇപ്പോള്‍ സ്ത്രീ നയിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള കൃത്യമായ സ്ത്രീപക്ഷധാരണയും ഉണ്ടാകണം.

18 മണിക്കൂര്‍ വീട്ടിലും വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തിലും പണിയെടുക്കുന്ന "തൊഴില്‍ - വരുമാനരഹിത"യായ ഒരു സ്ത്രീയുടെ അധ്വാനം ഔദ്യോഗിക കണക്കെടുപ്പുകളില്‍ അദൃശ്യമാണ്. സ്ത്രീ നടത്തുന്ന പരിചരണ പ്രവര്‍ത്തനങ്ങളുടെ മൂല്യം അളന്നുതിട്ടപ്പെടുത്തിയാല്‍ അത് എത്രയോ കോടി രൂപ ഉണ്ടാകും. കുട്ടികളെയും പ്രായമായവരെയും രോഗികളെയും വിലകലാംഗരെയും പരിചരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സ്ത്രീക്കാണല്ലോ. അതുകൊണ്ടാണിപ്പോള്‍ "പരിചരണ സമ്പദ്വ്യവസ്ഥ" (ഇമൃല ഋരീിീാ്യ) എന്ന ഒരു പ്രയോഗംതന്നെ ഉണ്ടായിരിക്കുന്നത്. 2012-13ലെ കേന്ദ്ര- സംസ്ഥാന ബജറ്റുകളുടെ സ്ത്രീസമീപനം പരിശോധിക്കുന്നതിനുമുമ്പ് യഥാര്‍ഥത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് നോക്കാം. സ്വതന്ത്ര ഭാരതത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷം കഴിഞ്ഞിട്ടും സ്ത്രീകളുടെ സാക്ഷരത 65.46 ശതമാനംമാത്രം. തൊഴില്‍ പങ്കാളിത്തം നഗരങ്ങളില്‍ 13.9 ശതമാനവും ഗ്രാമത്തില്‍ 29.9 ശതമാനവും. 245 ദശലക്ഷം സ്ത്രീകള്‍ക്ക് എഴുത്തും വായനയും അറിയില്ല. 45 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു. 78 ശതമാനം വീടുകള്‍ക്ക് കക്കൂസ് ഇല്ല. 57.9 ശതമാനം ഗര്‍ഭിണികളും വിളര്‍ച്ചരോഗികളാണ്. 50 ശതമാനം പെണ്‍പള്ളികൂടങ്ങളിലും കുളിമുറിയോ കക്കൂസോ ഇല്ല. രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ 25.4 ശതമാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് ഇരകള്‍ . ശരാശരി ഇന്ത്യന്‍സ്ത്രീക്ക് ഒരു ദിവസം ലഭിക്കുന്ന ഭക്ഷണം 1400 കലോറിമാത്രം. (ഒരു വ്യക്തിക്ക് ആവശ്യമായത് 2200 കലോറി). പാര്‍ലമെന്റില്‍ സ്ത്രീപങ്കാളിത്തം ഒമ്പത് ശതമാനംമാത്രം. പ്രസവത്തോടനുബന്ധിച്ച് 300 സ്ത്രീകള്‍ ഒരു ദിവസം മരിക്കുന്നു. 150 ദശലക്ഷം സ്ത്രീദിനങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നതിനായി ഇന്ത്യയില്‍ വര്‍ഷംതോറും ചെലവഴിക്കുന്നു. രണ്ടരമുതല്‍ പത്തു കിലോമീറ്റര്‍വരെ 10-15 ലിറ്റര്‍ വെള്ളം ഒരുദിവസം ചുമക്കുന്ന സ്ത്രീകളാണ് ഇന്ത്യയില്‍ ഉള്ളത്. സ്ത്രീപദവിയുടെ കണക്കില്‍ (ജന്‍ഡര്‍ ഡെവലപ്മെന്റ് ഇന്‍ഡക്സ്) ലോകത്ത് 114-ാം സ്ഥാനമാണ് ഇന്ത്യക്ക്. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പട്ടികയില്‍ അഞ്ചാംസ്ഥാനവും. ഇങ്ങനെ പോകുന്നു ഇന്ത്യന്‍ സ്ത്രീ അവസ്ഥയുടെ ദൈന്യത വ്യക്തമാക്കുന്ന സ്ഥിതിവിവരകണക്ക്.

എന്നാല്‍ , പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിന്റെ സ്ഥിതി എന്താണ്? പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷത്തെ ബജറ്റെന്ന നിലയില്‍ 2012-13 കേന്ദ്ര ബജറ്റിന് പ്രത്യേക പ്രാധാന്യമാണുള്ളത്. എന്നാല്‍ , ആ ഗൗരവം ബജറ്റിന് നല്‍കിക്കാണുന്നില്ല. 2005-06ലാണ് സ്ത്രീപക്ഷ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ ആദ്യം നടന്നത്. എന്നാല്‍ , കഴിഞ്ഞ ആറുവര്‍ഷമായിട്ടും ഈ ദിശയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജന്‍ഡര്‍ ഓഡിറ്റിങ്ങില്‍നിന്ന് വ്യക്തമാകുന്നത് പദ്ധതി അടങ്കലില്‍ സ്ത്രീ പുരോഗതിക്കായി നീക്കിവച്ചിരിക്കുന്നത് 5.9 ശതമാനം മാത്രമാണ് എന്നാണ്. ആദ്യമായി സ്ത്രീപക്ഷ ബജറ്റവലോകന പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ നടത്തിയതും 2006ല്‍ ആയിരുന്നു. ഈ പ്രസ്താവനയുടെ ഭാഗം- എയില്‍ നൂറുശതമാനവും സ്ത്രീകള്‍ക്കുവേണ്ടിയുള്ള സ്കീമുകളും ഭാഗം ബിയില്‍ 30 ശതമാനമെങ്കിലും സ്ത്രീകള്‍ക്കുവേണ്ടി ഉപയോഗിക്കാനാകുന്ന സ്കീമുകളും ആണ്. എന്നാല്‍ , കൃത്യവും ശാസ്ത്രീയവുമായ രീതിയില്‍ ഈ പ്രസ്താവന നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

ഓരോ വകുപ്പും അതത് വകുപ്പുമായി ബന്ധപ്പെട്ട് സ്ത്രീപദ്ധതികളുടെ വിവരങ്ങള്‍ നല്‍കിയാണ് സ്ത്രീപക്ഷ ബജറ്റവലോകന പ്രസ്താവന നടത്തുന്നത്. അതിനായി ഓരോ വകുപ്പിലും ഒരു ജന്‍ഡര്‍ ബജറ്റ്സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ വിമന്‍സ് ഏജന്‍സി ആന്‍ഡ് എംപവര്‍മെന്റാണ് ബജറ്റ് രൂപീകരിക്കുമ്പോള്‍ സ്ത്രീപദ്ധതികള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. 12-ാം പദ്ധതിക്കുവേണ്ട നിര്‍ദേശങ്ങള്‍ ഈ സമിതി നല്‍കിയതിന്റെ ചെറിയ ഒരു ശതമാനംപോലും കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ത്രീ നിയമങ്ങള്‍ ശക്തമാക്കുന്നതിന് സ്റ്റിയറിങ്കമ്മിറ്റി നിര്‍ദേശിച്ചത് 450 കോടി രൂപയാണ്. എന്നാല്‍ , ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. മാധ്യമപദ്ധതിക്കായി 500 കോടി നിര്‍ദേശിച്ചതും ബജറ്റ് അവഗണിച്ചു. ഗാര്‍ഹിക പരിപാലന നിയമം പ്രയോഗത്തില്‍ കാര്യക്ഷമമായി കൊണ്ടുവരുന്നതിന് ഒരുകൊല്ലത്തേക്ക് 90 കോടി രൂപ വകയിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചിരിക്കുന്നത് 20 കോടിമാത്രമാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നങ്ങളാണ് വിലക്കയറ്റവും സാമ്പത്തികമാന്ദ്യവും, ഇതിന്റെ ഭാഗമായ പണപ്പെരുപ്പവും. ഈ പ്രശ്നങ്ങള്‍ക്കൊന്നും കൃത്യമായ പരിഹാരനിര്‍ദേശങ്ങള്‍ പ്രണബ് മുഖര്‍ജി ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നില്ല. എന്നുമാത്രമല്ല, നവ ഉദാരവല്‍ക്കരണത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും ശ്രമിക്കുന്നു. പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും ദോഷകരമായ പ്രത്യാഘാതം സ്ത്രീകളിലാണ് സൃഷ്ടിക്കുക. ദാരിദ്ര്യത്തിന്റെ സ്ത്രൈണവല്‍ക്കരണം എന്നത് ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ മുഖ്യപ്രതിഭാസങ്ങളില്‍ ഒന്നാണ്.

ഇന്ത്യന്‍ സ്ത്രീക്ക് ഒറ്റമുഖമല്ലെന്ന് നമുക്കറിയാം. ദളിത്, ആദിവാസി, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീകള്‍ക്ക് അവരുടേതായ സവിശേഷ പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ , ബഹുഭൂരിപക്ഷം ഇന്ത്യന്‍ സ്ത്രീകളും പട്ടിണിയുടെ പര്യായങ്ങള്‍തന്നെയാണ്. ദാരിദ്ര്യരേഖ താഴ്ത്തിക്കൊണ്ടുവരുന്നതോടെ ലക്ഷക്കണക്കിന് സ്ത്രീകള്‍ പ്രത്യേക പരിഗണനാവിഭാഗത്തില്‍നിന്ന് പുറത്താകുന്നു. സബ്സിഡികള്‍ക്ക് പകരം പണം സബ്സിഡി നല്‍കാനാണ് നീക്കം. അതായത്, സബ്സിഡിത്തുക ബാങ്ക് അക്കൗണ്ടില്‍ വരും. ഇതുമൂലം വില പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ സര്‍ക്കാര്‍ നടത്തേണ്ട ഇടപെടല്‍ പൂര്‍ണമായും ഇല്ലാതാകും. മാത്രമല്ല ബാങ്ക് അക്കൗണ്ടിലെ പണം എത്ര സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാന്‍ കഴിയും? സ്വന്തമായി പണം ചെലവഴിക്കാന്‍ അധികാരമില്ലാത്തവരാണ് ഭൂരിപക്ഷം ഇന്ത്യന്‍സ്ത്രീകളും. സബ്സിഡിപണംകൂടി പുരുഷന്റെ "വട്ടച്ചെലവി"ലേക്ക് പോകുന്നത് സര്‍ക്കാരിന് തടയാനാകുമോ? രണ്ടുനേരം ഭക്ഷണമില്ലാത്ത കുടുംബങ്ങളിലേക്ക് പണമായി കുറച്ചുതുക കൂടിവരുമ്പോള്‍ കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും മൂന്നുനേരം ഭക്ഷണം ലഭിച്ചേക്കാം! സ്ത്രീകള്‍ വീണ്ടും അതീവദരിദ്രരുടെ പട്ടികയില്‍ തുടരുകയുംചെയ്യും.

II

മാറ്റേണ്ടത് വികസന കാഴ്ചപ്പാട്

സംസ്ഥാന ബജറ്റിന്റെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. യാഥാസ്ഥിതിക സാമൂഹ്യസൂചകങ്ങള്‍ കേരളത്തിലെ സ്ത്രീക്ക് അനുകൂലമാണെങ്കിലും നയരൂപീകരണ വിദഗ്ധരെ അമ്പരപ്പിക്കുന്ന ചില അവസ്ഥകള്‍ ഇവിടെയും നിലനില്‍ക്കുന്നു. സ്ത്രീവിദ്യാഭ്യാസവും സ്ത്രീസാക്ഷരതയും ഉയര്‍ന്ന തോതിലാണെങ്കിലും തൊഴില്‍ പങ്കാളിത്തം ദേശീയശരാശരിയിലും താഴെയാണെന്ന് സാമ്പത്തിക റിവ്യൂ 2011 സാക്ഷ്യപ്പെടുത്തുന്നു. (15.3 ശതമാനം-2011 സെന്‍സസ്). അസംഘടിതമേഖലയിലും പ്രത്യേക സാമ്പത്തികമേഖലയിലും സ്ത്രീകള്‍ കുറഞ്ഞ വേതനത്തിനും ദയനീയമായ തൊഴില്‍സാഹചര്യത്തിലുമാണ് പണിയെടുക്കുന്നത്. കുടുംബശ്രീ, സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായി തുടരുമ്പോഴും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം പെരുകുന്നു. അടുത്തകാലത്ത് നടന്ന ഒരു പഠനം സാമ്പത്തിക റിവ്യൂ ഉദ്ധരിക്കുന്നുണ്ട്. അതുപ്രകാരം സ്വന്തമായി സ്വത്തില്ലാത്ത സ്ത്രീകളില്‍ 49 ശതമാനം പേര്‍ അക്രമത്തിനിരയാകുന്നു. ഭൂമിയുള്ളവരില്‍ 18 ശതമാനംമാത്രവും ഭൂമിയും വീടുമുള്ളവരില്‍ ഏഴ് ശതമാനം മാത്രവുമാണ് അക്രമത്തിനിരയാകുന്നത്. അതായത് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത സ്ത്രീകള്‍ കടുത്ത ശാരീരിക-മാനസിക പീഡനത്തിന് വിധേയരാകുന്നു എന്നര്‍ഥം.

മാതൃദായക്രമം ചില സമുദായങ്ങളിലെങ്കിലും ഉള്ള കേരളത്തില്‍ 23.8 ശതമാനം സ്ത്രീകള്‍ക്കുമാത്രമാണ് ഭൂമിയുള്ളത്. ഈ ഭൂമിയില്‍നിന്നുള്ള വരുമാനത്തിനുമേല്‍ അധികാരമുള്ളവരാകട്ടെ വളരെ ചെറിയ ശതമാനവും. ആരോഗ്യരംഗത്തും കേരള സ്ത്രീയുടെ നേട്ടങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്തനാര്‍ബുദം, ഹൃദയാഘാതം, പൊണ്ണത്തടി, തൂക്കക്കുറവ് തുടങ്ങിയവയെല്ലാം കേരളത്തിലെ സ്ത്രീയുടെ പ്രശ്നങ്ങളാണ്. മാനസിക രോഗികളുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നില്‍. കടുത്ത മാനസികസംഘര്‍ഷമാണിതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ധാരാളമായി ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. യാത്രകള്‍ സ്ത്രീകള്‍ക്ക് ഭയാനകമായി മാറുന്നുവെന്ന് സൗമ്യയുടെയും ജയഗീതയുടെയും ഹേമലതയുടെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. തീവണ്ടികളില്‍ മാത്രമല്ല, നിരത്തിലും ബസിലും ഓട്ടോറിക്ഷയിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. സ്കൂളുകള്‍പോലും സുരക്ഷിതമല്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരുഷരഹിത കുടുംബങ്ങള്‍ (സ്ത്രീ കുടുംബനേതൃത്വം വഹിക്കുന്നവ) കേരളത്തിലാണ്. ദേശീയ ശരാശരി എട്ട് ശതമാനമായിരിക്കുമ്പോള്‍ കേരളത്തിലത് 22 ശതമാനമാണ്. സ്ത്രീധനം നല്‍കാന്‍ ഇല്ലാത്തതുകൊണ്ട് അവിവാഹിതരായി കഴിയേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നു. മദ്യപാനവും സ്ത്രീധനവും സാമൂഹ്യവിപത്തുകളായി കേരളത്തില്‍ മാറിയിരിക്കുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും കേരളത്തിലെ സ്ത്രീജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുന്നു. സ്വന്തമായി വരുമാനമില്ലാത്ത, തൊഴിലില്ലാത്ത, വീടില്ലാത്ത, ഭൂമിയില്ലാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും എന്ന യാഥാര്‍ഥ്യം വികസന അജന്‍ഡയില്‍ ഉള്‍പ്പെടാതിരിക്കുമ്പോള്‍ എങ്ങനെ സാമൂഹ്യ പുരോഗതി പ്രതീക്ഷിക്കാനാകും? എല്ലാ ജില്ലയിലും വിമാനമിറങ്ങാന്‍ സംവിധാനം ഉണ്ടാക്കാനും അതിവേഗ തീവണ്ടികള്‍ക്ക് ചീറിപ്പായാന്‍ സൗകര്യം ഉണ്ടാക്കാനും കെ എം മാണി കാണിക്കുന്ന അത്യുത്സാഹം ആരെയാണ് പ്രീതിപ്പെടുത്തുക? റോഡും റെയിലും ആവശ്യംതന്നെയാണ്. എന്നാല്‍, നാട്ടിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെങ്കില്‍, അവര്‍ക്ക് സ്വന്തമായി വരുമാനമില്ലെങ്കില്‍, തൊഴില്‍ ഇല്ലെങ്കില്‍, തുല്യജോലിക്ക് തുല്യവേതനമില്ലെങ്കില്‍ ആ നാട് എന്ത് പുരോഗതിയാണ് നേടുന്നത്?

മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്; ഒരുദിവസംകൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതുമല്ല. എല്ലാ സ്ത്രീകളുടെയും ആവശ്യങ്ങള്‍ ഒരുപോലെയല്ല. ആദിവാസി സ്ത്രീക്കുവേണ്ടത് പോഷകാഹാരം ആണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരിക്കുവേണ്ടത് സുരക്ഷിതമായ താമസസൗകര്യമാകാം. 38 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഭിക്ഷപോലെ 84 കോടി രൂപ കൊടുക്കുമ്പോള്‍ അവരുടെ പ്രധാന ആവശ്യങ്ങള്‍ കണക്കിലെടുക്കുന്നില്ല. വിധവകളും വികലാംഗരും ബജറ്റില്‍ അദൃശ്യരാണ്. കെ എം മാണിയുടെ ബജറ്റില്‍ സ്ത്രീകള്‍ക്കുവേണ്ടി ചില ക്ഷേമപദ്ധതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നിര്‍ഭയ, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത തന്റേടം ജന്‍ഡര്‍ പാര്‍ക്ക്, സ്ത്രീസുരക്ഷയ്ക്കായി പൊലീസില്‍ പ്രത്യേക സംവിധാനം. ഇതൊന്നും വേണ്ടെന്നല്ല. എന്നാല്‍, സ്ത്രീപ്രശ്നത്തെ മുഖ്യധാരാവല്‍ക്കരിക്കാനും സ്ത്രീപദവി ഉയര്‍ത്താനും ഇതെങ്ങനെ പര്യാപ്തമാകും എന്നതാണ് പ്രശ്നം. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ജന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് മാതൃകകാട്ടി. 2009-10ല്‍ സ്ത്രീ പുരോഗതിക്കായി പദ്ധതിയുടെ 5.6 ശതമാനവും 2010-11ല്‍ 8.5 ശതമാനവും 2011-12ല്‍ 9.4 ശതമാനവും അതായത് 770 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ വനിതാ ഘടകപദ്ധതി ഇതില്‍ ഉള്‍പ്പെടുന്നില്ല. വനിതാ സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനം, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും സ്വയംതൊഴില്‍, അവിവാഹിതരായ അമ്മമാരുടെ പുനരധിവാസം, സ്ത്രീ സൗഹാര്‍ദപരമായ പൊലീസ്സ്റ്റേഷനുകള്‍, രാത്രികാല താമസസൗകര്യം തുടങ്ങി സ്ത്രീപദവി ഉയര്‍ത്താന്‍ ഉതകുന്ന നിരവധി നിര്‍ദേശങ്ങളോടുകൂടിയ ബജറ്റുകളാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരുന്നത്. തന്റേടം ജന്‍ഡര്‍ പാര്‍ക്ക് സംബന്ധിച്ചും ഉദാത്തമായ കാഴ്ചപ്പാടാണുണ്ടായിരുന്നത്. രാഷ്ട്രീയ, വര്‍ണ, വര്‍ഗ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള "തന്റേടം" സ്ത്രീകള്‍ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. വനിതാ സംഘടനകളുടെ ദീര്‍ഘകാല ആവശ്യമായ വനിതാ വികസനവകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് 2011-12 ബജറ്റ് നിര്‍ദേശങ്ങളില്‍ ഏറ്റവും അഭിനന്ദനാര്‍ഹമായത്.

നവലിബറല്‍ "മൂല്യങ്ങളും" ഇനിയും നശിക്കാത്ത ഫ്യൂഡല്‍ "മൂല്യങ്ങളും" കൂട്ടിച്ചേര്‍ത്ത് കേരളത്തിലെ സ്ത്രീപ്രശ്നത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത, യാഥാസ്ഥിതിക മാര്‍ഗങ്ങളിലൂടെ കേരള സ്ത്രീയുടെ പദവി ഉയര്‍ത്താനാവില്ല. എല്ലാ പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്ന, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മിക്കവാറും എല്ലാ സ്ത്രീകളും കുടുംബശ്രീയുടെ കീഴില്‍ അണിനിരന്ന, സ്ത്രീ- പുരുഷാനുപാതം 1000- 1084 ആയിരിക്കുന്ന, തദ്ദേശസ്ഥാപനങ്ങളിലെ ഭരണസാരഥികളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആയിട്ടുള്ള കേരളത്തിലാണ് സ്ത്രീകള്‍ ഈ അവഗണന നേരിടേണ്ടി വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ സവിശേഷ, സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തുവേണം ബജറ്റ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി എല്ലാ വകുപ്പുകളെയും സജ്ജമാക്കേണ്ടതുണ്ട്. വിഭവങ്ങളും അവസരങ്ങളും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായി ലഭ്യമാകുന്ന വികസന കാഴ്ചപ്പാടുണ്ടാകേണ്ടതുണ്ട്.എന്നാല്‍, ആയുധശേഖരത്തിനായി 1,93,407 കോടി രൂപ വകയിരുത്തുന്ന കേന്ദ്രസര്‍ക്കാരും എല്ലാ ജില്ലയിലും വിമാനം ഇറക്കാനുള്ള സംവിധാനം ഉണ്ടാക്കാന്‍ തത്രപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനും എന്ത് ജന്‍ഡര്‍ ഓഡിറ്റ്! എന്ത് ജന്‍ഡര്‍ ബജറ്റ്!

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി 26-27 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബജറ്റ് സര്‍ക്കാരിന്റെ വരവുചെലവു കണക്കുമാത്രമല്ല, നയരേഖകൂടിയാണ്. രാജ്യത്തിന്റെ പുരോഗതിയെയും വികസനത്തെയും കുറിച്ചുള്ള വീക്ഷണം ബജറ്റില്‍ പ്രതിഫലിക്കും. ഇന്ത്യപോലെ ഒരു രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരനിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. എന്നാല്‍ , സര്‍ക്കാര്‍ ഏതേതു വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ബജറ്റില്‍നിന്നും വ്യക്തമാകും. ഈ മുന്‍ഗണനാവിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഉപകരണമാകുന്നുണ്ടോ ബജറ്റ് എന്ന പരിശോധനയാണ് പൊതുവില്‍ ബജറ്റവലോകനങ്ങള്‍ . എന്നാല്‍ , വര്‍ണ, വര്‍ഗ, ലിംഗഭേദമില്ലാത്തതാണ് പൊതുബജറ്റെന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ അവലോകനം ശാസ്ത്രീയമല്ല. കാരണം കടുത്ത അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ബജറ്റിന് "നിഷ്പക്ഷ"മാകാന്‍ കഴിയില്ല. അങ്ങനെ നിഷ്പക്ഷമായാല്‍ അതിന്റെ അര്‍ഥം പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നുതന്നെയാണ്. ഏത് പദ്ധതിക്കുവേണ്ടി പണം നീക്കിവയ്ക്കുമ്പോഴും അത് ആ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് ജനസംഖ്യയില്‍ പകുതിവരുന്ന (കേരളത്തില്‍ പകുതിയിലേറെ) സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന അന്വേഷണം പ്രസക്തമാകുന്നത്.