Saturday, March 24, 2012

വന്‍ അഴിമതി വീണ്ടും

രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വീണ്ടും വന്‍ അഴിമതി പുറത്തായിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) കരട് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. 155 കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്യാതെ സ്വകാര്യ കുത്തക ഭീമന്മാര്‍ക്ക് പാട്ടത്തിന് കൊടുത്ത വകയില്‍ കേന്ദ്ര ഖജനാവിന് 10.7 ലക്ഷം കോടി രൂപ നഷ്ടം വന്നതായി സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ചില നിഷേധക്കുറിപ്പുകള്‍ ഇറക്കിയെങ്കിലും തികഞ്ഞ ആശയക്കുഴപ്പമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിലനില്‍ക്കുന്നതെന്ന് നിഷേധക്കുറിപ്പിലെ അവ്യക്തത വ്യക്തമാക്കുന്നു.

2ജി സ്പെക്ട്രം അഴിമതി രണ്ടു ലക്ഷം കോടി രൂപയില്‍താഴെയായിരുന്നു. അതാകട്ടെ സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും വലിയ അഴിമതിയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന കല്‍ക്കരിഖനി അഴിമതിയിലൂടെയുള്ള നഷ്ടം അതിന്റെ നാലിരട്ടിയിലധികമാണ്. ഇതാകട്ടെ ഏതൊരാളെയും ഞെട്ടിക്കുന്ന അഴിമതിയുമാണ്. കല്‍ക്കരിപ്പാടം ലേലംചെയ്യാതെ സ്വകാര്യകുത്തകകള്‍ക്ക് ഏല്‍പ്പിച്ചതിന് ഒരു ന്യായീകരണവും ഇല്ല. ലേലംചെയ്യാതെ കൊടുക്കുന്ന നടപടി ആവര്‍ത്തിക്കരുതെന്ന് സുപ്രീംകോടതിതന്നെ താക്കീത് നല്‍കിയതാണ്. അതൊക്കെ ലംഘിച്ചാണ് വീണ്ടും അഴിമതി ആവര്‍ത്തിച്ചത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ എന്തുംചെയ്യാമെന്ന അഹന്ത നിറഞ്ഞ സമീപനമാണ് ഈ അഴിമതിയിലും നിഴലിച്ചു കാണുന്നത്.

സ്വകാര്യ കുത്തക ഭീമന്മാരും കേന്ദ്രസര്‍ക്കാരും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അഴിമതിക്കാരായ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും കൂടിച്ചേര്‍ന്ന അവിഹിത കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നതെന്ന് പലതവണ വ്യക്തമായിക്കഴിഞ്ഞു. കോമണ്‍വെല്‍ത്ത് അഴിമതി, ഫ്ളാറ്റ് കുംഭകോണം, 2ജി സ്പെക്ട്രം അഴിമതി, കൃഷ്ണ ഗോദാവരി നദീതട അഴിമതി, ഐപിഎല്‍ അഴിമതി തുടങ്ങി അഴിമതിയുടെ കുത്തൊഴുക്കാണ് നാം കാണുന്നത്. അഴിമതി നിയന്ത്രണമില്ലാതെ ആവര്‍ത്തിക്കുകയാണ്. അവിഹിതമായി ലഭിക്കുന്ന പണം വാരിവിതറി അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനും കഴിയുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പണം ചെലവഴിക്കുന്നു. പത്രങ്ങളെ സ്വാധീനിക്കാന്‍ പണം നല്‍കുന്നു. എംപിമാരെ വിലകൊടുത്തു വാങ്ങാന്‍ കഴിയുമെന്ന് പലതവണ തെളിയിച്ചു കഴിഞ്ഞു. നരസിംഹറാവു ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപിമാര്‍ക്ക് പണം നല്‍കി. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ അധികാരത്തില്‍ തുടരാന്‍ എംപിമാര്‍ക്ക് വന്‍ തുക നല്‍കി ഭൂരിപക്ഷം ഉറപ്പിച്ചു. അതിനെതിരെയുള്ള സിബിഐ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അഴിമതിയുടെ പേരില്‍ പൊലീസ് പിടിയിലായ അമര്‍സിങ് പറഞ്ഞത് കോണ്‍ഗ്രസ് നേതാവാണ് എംപിമാര്‍ക്ക് നല്‍കാനുള്ള പണം നല്‍കിയതെന്നാണ്. എല്ലാറ്റിനും കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് വ്യക്തം.

ജനാധിപത്യ വ്യവസ്ഥതന്നെ അട്ടിമറിക്കപ്പെടുകയാണ്. ജനാധിപത്യം പണാധിപത്യമായി അതിവേഗം മാറുകയാണ്. ഇത് ഇതേ രീതിയില്‍ കടിഞ്ഞാണില്ലാതെ പോകാനനുവദിച്ചാല്‍ രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാവും. ഈ സാഹചര്യത്തില്‍ സിഎജി കരട് റിപ്പോര്‍ട്ട് എത്രയും വേഗം പാര്‍ലമെന്റില്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഇനിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മെനക്കെടാതെ എല്ലാ ആശയക്കുഴപ്പവും ദൂരീകരിക്കുന്നതിനായി സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ഉടന്‍ അതിന് തയ്യാറാകണം.

*
ദേശാഭിമാനി മുഖപ്രസംഗം 24 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...