Tuesday, March 20, 2012

"നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം"

1982ല്‍ തൃശൂരിലെ ചുമട്ടുതൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ട് സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടം. കൂടിയാലോചനകളും ചര്‍ച്ചകളും കേസുകളും ഒരു ഭാഗത്ത് തുടരുമ്പോള്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ വ്യാപാരികള്‍ . മന്ത്രിതലത്തിലടക്കം നടന്ന ചര്‍ച്ചകള്‍ വിജയം കണ്ടില്ല. നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലായതിനാല്‍ ചുമട്ടുതൊഴിലാളിസമരം സര്‍ക്കാര്‍വിരുദ്ധമാക്കാനായിരുന്നു വലതുപക്ഷ ശക്തികളുടെ നീക്കം. ഒടുവില്‍ പ്രശ്നം ഗുരുതരാവസ്ഥയിലേക്ക് കടന്നപ്പോള്‍ നാടിനോടുള്ള പ്രതിബദ്ധതയുടെ ആള്‍രൂപമായി ആ വിശുദ്ധ വസ്ത്രധാരി ഇറങ്ങിവന്നു. തൊഴിലാളികളുടെയും വ്യാപാരികളുടെയും സംഘര്‍ഷത്തിന്റെ തെരുവിലേക്ക്. കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പായിരുന്ന ഡോ. പൗലോസ് മാര്‍ പൗലോസ്. അദ്ദേഹം ഇരുകൂട്ടരെയും സര്‍ക്കാരിനെയും ചര്‍ച്ചയ്ക്ക് തന്റെ അരമനയിലേക്ക് വിളിച്ചു. തൊഴില്‍മന്ത്രിയടക്കം പങ്കെടുത്ത ആ ചര്‍ച്ച വിജയമായി. തൊഴിലാളികള്‍ക്ക് ന്യായമായ കൂലിവര്‍ധന നല്‍കാന്‍ തൊഴിലുടമകള്‍തയ്യാറായി. ചരിത്രത്തിലാദ്യമായി ഒരു സഭയുടെ അരമന തൊഴില്‍സമരത്തിന് അനുരഞ്ജനവേദിയായപ്പോള്‍ വിമോചന ദൈവശാസ്ത്രത്തിന്റെ ശക്തനായ വക്താവിന് അതിന്റേതായ ന്യായീകരണമുണ്ടായിരുന്നു. നാട് കത്തിയെരിയാന്‍ സാധ്യതയുള്ള ഘട്ടത്തില്‍ , ചൂഷണത്തിന്റെ ശക്തികള്‍ സമൂഹത്തിനാകെ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരം എന്ന ചോദ്യമാണ് വിമര്‍ശകര്‍ക്കുനേരെ അദ്ദേഹം ഉയര്‍ത്തിയത്.

അനീതിക്കെതിരായ പ്രതിരോധത്തിന്റെ ചാട്ടവാറായി അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പേരും "നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം" എന്നുതന്നെയാണ്. അത് തൃശൂരില്‍ പ്രകാശനം ചെയ്തത് ഇ എം എസും. "സ്വാതന്ത്ര്യമാണ് ദൈവം", "ചെറുത്തു നില്‍പ്പിന്റെ സംസ്കാരം" എന്നീ ഗ്രന്ഥങ്ങളും മാര്‍ പൗലോസിനെ മറ്റു വൈദിക ശ്രേഷ്ഠരില്‍നിന്ന് എങ്ങനെ വേര്‍തിരിച്ചു നിര്‍ത്തുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണ്. അതോടൊപ്പം ക്രിസ്തുവിശ്വാസിയായ ഒരു പുരോഹിതശ്രേഷ്ഠന്റെ വര്‍ഗവീക്ഷണം ആരോടൊപ്പമെന്ന് കാട്ടിത്തരുന്നു ആ ജീവിതവും ദര്‍ശനവും.
പൗലോസ് മാര്‍ പൗലോസിന്റ ദീപ്തസ്മരണയ്ക്ക് ഇത് പതിനാലാണ്ട്. ഇതോടനുബന്ധിച്ച് തൃശൂരില്‍ ചൊവ്വാഴ്ച അനുസ്മരണ സമ്മേളനം ചേരും. ചുമട്ടുതൊഴിലാളി സമരത്തിലെ ഇടപെടല്‍ മാര്‍ പൗലോസിന്റെ സാമൂഹ്യപ്രവര്‍ത്തനരംഗത്തെ ഏടുകളില്‍ ഒന്നു മാത്രം. അമേരിക്കയില്‍നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി 1976ല്‍ നാട്ടിലെത്തിയപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥയാണ്. നാടിനെ ഏകാധിപത്യത്തിന്റെ തടവറയാക്കി പൗരാവകാശങ്ങള്‍ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് നിര്‍ഭയനായി അഭിപ്രായരൂപീകരണത്തിന് കേരളമാകെ ഓടിനടക്കാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. ഇടതുപക്ഷക്കാരോടൊപ്പം ഭരണകൂടത്തിനെതിരായി നിലകൊള്ളുന്നുവെന്ന പേരില്‍ ഒരു ഘട്ടത്തില്‍ ബിഷപ് അറസ്റ്റ് ചെയ്യപ്പെടുമെന്നുവരെ അഭ്യൂഹമുയര്‍ന്നു. എന്നാല്‍ , അത് സൃഷ്ടിക്കുന്ന വിപത്ത് ഭയപ്പെട്ട് കോണ്‍ഗ്രസ് ഭരണാധികാരികള്‍ പിന്തിരിഞ്ഞു. പിന്നീട് എണ്ണമറ്റ വേദികളില്‍ , സമരമുഖങ്ങളില്‍ , പൊരുതുന്ന ജനവിഭാഗങ്ങള്‍ക്കൊപ്പം ഈ വിശ്വാസിവര്യനുമുണ്ടായി. 1998 മാര്‍ച്ച് 24ന് 57-ാം വയസ്സില്‍ ചെന്നൈയില്‍ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.

വിയറ്റ്നാമില്‍നിന്ന് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ അമേരിക്കന്‍ പഠനകാലത്ത് തന്റെ ദെവശാസ്ത്ര വിചിന്തനങ്ങള്‍ക്ക് വഴിത്തിരിവായതായി മാര്‍ പൗലോസ് രേഖപ്പെടുത്തുന്നു. ഡോക്ടറേറ്റ് വിഷയത്തിന് ആധാരമായ മാര്‍ക്സിന്റെ ഹ്യൂമനിസവും ജര്‍മന്‍ ദെവശാസ്ത്രജ്ഞന്‍ ബോണ്‍ഹോഫറുടെ മതപരിവേഷമില്ലാത്ത ക്രിസ്തീയതയും തന്നെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇ എം എസ് മാര്‍ പൗലോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ബിഷപ് പൗലോസ് മാര്‍ പൗലോസിന്റെ ദര്‍ശനം ശുദ്ധ ക്രിസ്തീയതയാണ്, കമ്യൂണിസമല്ല. എന്നാല്‍ , ശുദ്ധ ക്രിസ്തീയതയും കമ്യൂണിസവും ചേര്‍ന്ന് ജനങ്ങളെ സേവിക്കാനുള്ള ദര്‍ശനമാണ് അത്". ജനതാല്‍പ്പര്യത്തേക്കാളുപരി കോര്‍പറേറ്റ് ശക്തികളുടെ ലാഭവെറിക്ക് ഭരണകൂടം കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയസാഹചര്യത്തില്‍ "നിശബ്ദരായിക്കാന്‍ നിങ്ങള്‍ക്ക് എന്തധികാരം" എന്ന ദര്‍ശനത്തിന് പ്രസക്തി ഏറിയിട്ടുണ്ടെന്ന് മാര്‍ പൗലോസ് ട്രസ്റ്റ് സെക്രട്ടറി ബിഷപ് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് പറഞ്ഞു.

*
ദേശാഭിമാനി 20 മാര്‍ച്ച് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...