Wednesday, November 5, 2008

സാമ്പത്തിക തകര്‍ച്ചകളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

മുതലാളിത്ത വ്യവസ്ഥിതിയില്‍ സാമ്പത്തിക കുതിച്ചുചാട്ടവും സാമ്പത്തികത്തകര്‍ച്ചയും ഒരു ചാക്രിക പ്രതിഭാസമാണ്. ഈ പ്രതിഭാസത്തെ ക്കുറിച്ച് കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ ഇങ്ങനെ പ്രതിപാദിക്കുന്നു:

"ഉല്‍പ്പാദനത്തിന്റെയും വിനിമയത്തിന്റെയും സ്വത്തുടമസ്ഥതയുടെയും സ്വന്തമായ ബന്ധങ്ങളോടുകൂടിയ ആധുനിക ബൂര്‍ഷ്വാ സമുദായം, ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചുവരുത്തിയ ഒരു സമുദായം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തില്‍ നിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാതായ ഒരു മന്ത്രവാദിയെപ്പോലെയാണ്. കഴിഞ്ഞ പല ദശാബ്‌ദങ്ങളിലേയും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും ചരിത്രം ആധുനികോല്‍പ്പാദന ശക്തികള്‍ ആധുനികോല്‍പ്പാദന സാഹചര്യങ്ങള്‍ക്കെതിരായി, ബൂര്‍ഷ്വാസിയുടെ നിലനില്‍പ്പിന്റെയും ഭരണത്തിന്റെയും ഉപാധികളായ സ്വത്തുടമാബന്ധങ്ങള്‍ക്കെതിരായി, നടത്തുന്ന കലാപത്തിന്റെ ചരിത്രമാണ്. വ്യാപാര പ്രതിസന്ധികളുടെ ഉദാഹരണമെടുത്തു നോക്കിയാല്‍ മതി. ആനുകാലികമായി ആവര്‍ത്തിക്കുന്ന ഈ പ്രതിസന്ധികള്‍ ഓരോ തവണയും മുമ്പത്തെക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാസമുദായത്തിന്റെയാകെ നിലനില്‍പ്പിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. ഈ പ്രതിസന്ധികളില്‍ നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ മാത്രമല്ല, മുമ്പ് ഉണ്ടായിട്ടുള്ള ഉല്‍പ്പാദനശക്തികളുടെ തന്നെ ഒരു വലിയ ഭാഗം ആനുകാലികമായി നശിപ്പിക്കപ്പെടുന്നു. മുന്‍കാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകര്‍ച്ചവ്യാധി - അമിതോല്‍പ്പാദനമെന്ന പകര്‍ച്ചവ്യാധി - ഈ പ്രതിസന്ധികളില്‍ പൊട്ടിപ്പുറപ്പെടുന്നു. സമുദായം പെട്ടെന്ന് ക്ഷണികമായ കാടത്തത്തിന്റെ ഒരു സ്ഥിതിവിശേഷത്തിലേക്ക് സ്വയം പുറകോട്ടു പിടിച്ചുതള്ളപ്പെട്ടതായി കാണുന്നു. ഒരു ക്ഷാമമോ സര്‍വസംഹാരിയായ ഒരു സാര്‍വലൌകികയുദ്ധമോ, ഉപജീവന മാര്‍ഗങ്ങളുടെയെല്ലാം ലഭ്യതയെ അറുത്തുകളഞ്ഞതായും, വ്യവസായവും വ്യാപാരവും നശിപ്പിക്കപ്പെട്ടതായും തോന്നിപ്പോകുന്നു. എന്തുകൊണ്ട്? വളരെ കൂടുതല്‍ നാഗരികതയും വളരെ കൂടുതല്‍ ഉപജീവനമാര്‍ഗങ്ങളും വളരെ കൂടുതല്‍ വ്യവസായങ്ങളും വളരെ കൂടുതല്‍ വ്യാപാരവും വളര്‍ന്നുവന്നതുകൊണ്ട്. സമുദായത്തിന്റെ ചൊല്‍പ്പടിയിലുള്ള ഉല്‍പ്പാദനശക്തികള്‍ ബൂര്‍ഷ്വാ സ്വത്തുടമവ്യവസ്ഥകളുടെ വികാസത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു. നേരേമറിച്ച്, അവ ഈ ഉപാധികള്‍ക്ക് താങ്ങാനാവാത്ത വിധം കരുത്തേറിയവയായി തീര്‍ന്നിരിക്കുന്നു. ആ ഉപാധികള്‍ അവയുടെ കാല്‍ച്ചങ്ങലയായിത്തീര്‍ന്നിരിക്കുന്നു. അവ ഈ ചങ്ങലക്കെട്ടുകളെ കീഴടക്കേണ്ട താമസം, ബൂര്‍ഷ്വാ സമുദായത്തിലാകെ കുഴപ്പമുണ്ടാക്കുന്നു, ബൂര്‍ഷ്വാ സ്വത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്നു. ബൂര്‍ഷ്വാ സമുദായത്തിന്റെ ഉപാധികള്‍ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതമാണ്. എങ്ങനെയാണ് ബൂര്‍ഷ്വാസി ഈ പ്രതിസന്ധികളില്‍നിന്ന് കര കയറുന്നത്? ഒരുവശത്ത് ഉല്‍പ്പാദന ശക്തികളില്‍ വലിയൊരു ഭാഗത്തെ കല്‍പ്പിച്ചുകൂട്ടി നശിപ്പിച്ചിട്ട്, മറുവശത്ത് പുതിയ കമ്പോളങ്ങള്‍ വെട്ടിപ്പിടിച്ചിട്ടും പഴയവയെ കൂടുതല്‍ സമഗ്രമായി ചൂഷണം ചെയ്തിട്ടും; എന്നുവെച്ചാല്‍, കൂടുതല്‍ വ്യാപകവും കൂടുതല്‍ വിനാശകാരിയുമായ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചുകൊണ്ടും പ്രതിസന്ധികളെ തടയാനുള്ള മാര്‍ഗങ്ങള്‍ അധികമധികം അടച്ചുകൊണ്ടും.''

മുതലാളിത്തകാലത്തെ ചില പ്രധാനപ്പെട്ട സാമ്പത്തികത്തകര്‍ച്ചകളെക്കുറിച്ച് പരാമര്‍ശിക്കാനാണ് ഈ കുറിപ്പില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലത്ത് തൊഴിലില്ലായ്‌മ കുറയും, സാമ്പത്തികരംഗത്ത് നിക്ഷേപത്തില്‍ വലിയ വര്‍ധനവുണ്ടാകും, വായ്‌പാരംഗത്ത് വലിയ ഉണര്‍വുമുണ്ടാകും, സാമ്പത്തികവളര്‍ച്ചയില്‍ വലിയ വര്‍ധനവുണ്ടാകും, ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ കുതിച്ചുകയറ്റവുമുണ്ടാകും. എന്നാല്‍ സാമ്പത്തികത്തകര്‍ച്ചയുടെ കാലത്ത് എല്ലാം തലകീഴാകും. സാമ്പത്തികരംഗത്ത് നിക്ഷേപം ഉണ്ടാകില്ല, ബാങ്കുകള്‍ വായ്‌പ നല്‍കാന്‍ വിസമ്മതിക്കും. തൊഴിലില്ലായ്‌മ വര്‍ധിക്കും, ഷെയര്‍ മാര്‍ക്കറ്റുകള്‍ തകരും, ഊഹക്കച്ചവടക്കാര്‍ പിന്‍വലിയും... ഇതാണ് പൊതുസ്ഥിതി.

ചരിത്രത്തിലെ ചില പ്രധാന സാമ്പത്തികത്തകര്‍ച്ചകളിലേക്ക് നമുക്കൊരു എത്തിനോട്ടം നടത്താം.

ട്യൂലിപ്പ് പുഷ്‌പ ഭ്രാന്ത് (1634-1637)

മുതലാളിത്ത ചരിത്രത്തില്‍ ഊഹക്കച്ചവടവും അതുമായി ബന്ധപ്പെട്ടും ആദ്യകാലത്തുണ്ടായ ഒരു തകര്‍ച്ചയാണ് ട്യൂലിപ്പ് പുഷ്‌പങ്ങളുടെ കമ്പോളത്തിലുണ്ടായത്. ഇത് പൊട്ടിപ്പുറപ്പെട്ടത് ഹോളണ്ടിലാണ്.

1590-കളില്‍ ടര്‍ക്കിയില്‍ നിന്നും ഹോളണ്ടിലേക്ക് ട്യൂലിപ്പുകള്‍ കൊണ്ടുവന്നു. ട്യൂലിപ്പ് പുഷ്പങ്ങളുടെ ഭംഗി അവയുടെ ആവശ്യം വര്‍ധിപ്പിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഹോളണ്ടിലേക്ക് കൊണ്ടുവന്ന ട്യൂലിപ്പ് ചെടികളെ ഒരുതരം നിരുപദ്രവകാരികളായ വൈറസുകള്‍ ബാധിച്ചു. ഈ വൈറസുകള്‍ ട്യൂലിപ്പ് ചെടികളെ നശിപ്പിച്ചില്ല പകരം മനോഹരമായ ബഹുവര്‍ണങ്ങളിലുള്ള പുഷ്പങ്ങളുണ്ടാക്കാന്‍ അതു കാരണമായി. വിവിധ വര്‍ണങ്ങളിലുള്ള ഇത്തരം ട്യൂലിപ്പുകളുടെ വില കമ്പോളത്തില്‍ കുതിച്ചുയരുകയും ചെയ്തു. ഊഹക്കച്ചവടക്കാരുടെ വരവ് ട്യൂലിപ്പുകളുടെ വില വീണ്ടും കുതിച്ചുയരാന്‍ കാരണമായി. അക്കാലത്ത് ഒരു ട്യൂലിപ്പ് പുഷ്പത്തിന്റെ വില ഒരു വലിയ എസ്‌റ്റേറ്റിന്റെ വിലയ്ക്ക് സമാനമായിത്തീര്‍ന്നു എന്നാണ് സാമ്പത്തിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റമാസം കൊണ്ട് ട്യൂലിപ്പുകളുടെ വില 20 ഇരട്ടിവരെ വര്‍ധിച്ചു. ആളുകള്‍ അവരുടെ എല്ലാ സമ്പാദ്യവും ട്യൂലിപ്പ് കച്ചവടത്തില്‍ മുടക്കാന്‍ തയ്യാറായി. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ കുശാഗ്രബുദ്ധികളായ ചിലര്‍ തങ്ങളുടെ കയ്യിലുള്ള പുഷ്‌പങ്ങള്‍ വിറ്റ് ലാഭമെടുക്കാന്‍ ശ്രമിച്ചു. ഈ പ്രവണത പടര്‍ന്നു പിടിക്കുകയും ട്യൂലിപ്പ് കമ്പോളമാകെ തകരുകയും ചെയ്തു. ഡച്ച് സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ട് വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സാമ്പത്തിക ചരിത്രകാരന്മാര്‍ പറയുന്നത് അവസാനം ഒരു ട്യൂലിപ്പിന് ഒരു ഉള്ളിയുടെ വില പോലും കിട്ടാത്ത സ്ഥിതിയായെന്നാണ്.

സൌത്ത് സീ കുമിള (1711)

1700-കളില്‍ യു.കെയില്‍ സ്ഥാപിതമായ കമ്പനിയാണ് സൌത്ത് സീ. 1700 കള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കാലമായിരുന്നു. ഒരു നല്ല വിഭാഗം ബ്രിട്ടീഷുകാരുടെ കയ്യില്‍ ധാരാളം ധനവുമുണ്ടായിരുന്നു. 1700 കളില്‍ ഈസ്‌റ്റ് ഇന്ത്യ കമ്പനി പോലെ വ്യാപാരത്തിനായി തുടങ്ങിയ സൌത്ത് സീ കമ്പനിയില്‍ ധാരാളം ആള്‍ക്കാര്‍ നിക്ഷേപം നടത്തി. എന്നാല്‍ സൌത്ത് സീ കമ്പനിയുടെ മാനേജ്‌മെന്റും നടത്തിപ്പും വളരെ മോശമായിരുന്നു. ഇതിനിടയില്‍ മിസ്സിസിപ്പി എന്നൊരു കമ്പനിയും സ്ഥാപിതമായി. ഇതിലും ധാരാളം ആള്‍ക്കാര്‍ പണം നിക്ഷേപിച്ചു. കുറേക്കഴിഞ്ഞ് 1711-ല്‍ സൌത്ത് സീ കമ്പനി മാനേജ് ചെയ്‌തിരുന്നവര്‍ കമ്പനി നഷ്‌ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നറിഞ്ഞ് അവരുടെ ഷെയര്‍ വിറ്റഴിക്കാന്‍ തുടങ്ങി. ഇത് മനസ്സിലാക്കിയ മറ്റു നിക്ഷേപകരും കമ്പനി ഷെയറുകള്‍ വില്‍ക്കാന്‍ ശ്രമിച്ചു. ഈ പ്രവണത മിസ്സിസിപ്പി കമ്പനി ഷെയറുകളെയും പിടികൂടി. രണ്ടു കമ്പനികളും തകര്‍ന്നു, ഷെയര്‍മാര്‍ക്കറ്റും തകര്‍ന്നു. 1000 പൌണ്ട് വരെ വിലയുണ്ടായിരുന്ന സൌത്ത് സീ കമ്പനിയുടെ ഷെയറിന് കടലാസിന്റെ വില പോലുമില്ലാതെയായി. ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ സാമ്പത്തിക ശക്തി ഉപയോഗിച്ച് ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു.

ദീര്‍ഘകാല സാമ്പത്തികത്തകര്‍ച്ച (Long Depression 1873-1896)

1870-കളുടെ തുടക്കം മുതല്‍ 1890-കളുടെ മധ്യം വരെ ദീര്‍ഘകാലം ലോകമാകെ ഒരു സാമ്പത്തികത്തകര്‍ച്ച ബാധിച്ചു. 1930കളിലുണ്ടായ തകര്‍ച്ചയുണ്ടാകുന്നതുവരെ ഈ തകര്‍ച്ചയേയാണ് ചരിത്രകാരന്മാര്‍ വന്‍തകര്‍ച്ചയെന്ന് വിളിച്ചിരുന്നത്. രണ്ടാം വ്യാവസായിക വിപ്ലവ കാലമായിരുന്നു ഇത്. ബ്രിട്ടനെയും അമേരിക്കയേയും ഈ സാമ്പത്തികത്തകര്‍ച്ച ബാധിച്ചെങ്കിലും ബ്രിട്ടനെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്.

1873 മേയ് 9-ന് വിയന്ന സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിലുണ്ടായ തകര്‍ച്ചയാണ് ഇക്കാലത്തെ സാമ്പത്തികത്തകര്‍ച്ചയുടെ തുടക്കം. 1870-ലെ ഫ്രാങ്കോ - പ്രഷ്യന്‍ യുദ്ധവും ഇതിന് കാരണമായി അറിയപ്പെടുന്നുണ്ട്. കാര്‍ഷിക ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് കര്‍ഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. രണ്ടാം വ്യാവസായിക വിപ്ലവത്തോടൊപ്പം മുതലാളിത്തത്തിലെ 'അമിതോല്‍പ്പാദനം' എന്ന പകര്‍ച്ചവ്യാധിയും സാമ്പത്തികരംഗത്ത് പ്രത്യക്ഷപ്പെട്ടു. വ്യവസായികള്‍ തമ്മിലുള്ള മത്സരം രൂക്ഷമായി. അതോടെ ലാഭത്തില്‍ വലിയ ഇടിവുണ്ടായി. ഉല്‍പ്പന്നങ്ങളുടെ വില ക്രമേണ കുത്തനെ ഇടിഞ്ഞു. ഇക്കാലത്ത് സമ്പത്തിന്റെ വലിയ തോതിലുള്ള കേന്ദ്രീകരണം നടക്കുകയും അതുമൂലം സ്വാഭാവികമായി 'ധനമൂലധന'ത്തി (Finance Capital) ന്റെ ഉദയവും ഇക്കാലത്തുണ്ടായി. രണ്ടാം വ്യാവസായിക വിപ്ലവത്തോടൊപ്പം 'ഇംപീരിയലിസ'ത്തി ന്റെ കാലഘട്ടവും ആരംഭിച്ചത് ഇക്കാലത്താണ്. പുത്തന്‍ കോളനിവല്‍ക്കരണങ്ങളും ലോകത്തെയാകെ ഇംപീരിയല്‍ ശക്തികള്‍ വിഭജിച്ചെടുക്കുകയും അതേത്തുടര്‍ന്നുള്ള ഒന്നാംലോക മഹായുദ്ധവും ഇതിന്റെ തുടര്‍ച്ചയാണ്.

1929-ലെ വന്‍ സാമ്പത്തികത്തകര്‍ച്ച

1929 ഒക്ടോബര്‍ 21, 24, 29 തീയതികളില്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിലുണ്ടായ വന്‍തകര്‍ച്ചയോടെയാണ് 1929ലെ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം. സ്‌റ്റോക്ക് എക്‍സ്‌ചേഞ്ചിലെ ഈ തകര്‍ച്ച മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്നു. 1932 ലെത്തുമ്പോള്‍ ഓഹരിക്കമ്പോളത്തിലെ വില 1929ലെ വിലകളുടെ 20 ശതമാനമായി കുറഞ്ഞു. ഈ സ്ഥിതി അനേകായിരം ജനങ്ങളുടെ നിക്ഷേപത്തെയും വരുമാനത്തെയും ബാധിച്ചു. ക്രമേണ ഈ പ്രതിസന്ധി ബാങ്കിംഗ് മേഖലയേയും പിടികൂടി. 1933 എത്തിയപ്പോള്‍ അമേരിക്കയിലെ 25000 ബാങ്കുകളില്‍ 11,000 എണ്ണവും തകര്‍ന്നു. ബാങ്കുകളുടെ തകര്‍ച്ച വായ്‌പയേയും നിക്ഷേപങ്ങളെയും ഉപഭോഗത്തെയും വീണ്ടും പ്രതികൂലമായി ബാധിച്ചു. 1933 ല്‍ ഉല്‍പ്പാദനം 1929 ലേതിന്റെ 54 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ 25-30 ശതമാനം വരെയായി ഉയര്‍ന്നു. വിശന്നുവലഞ്ഞ ജനങ്ങള്‍ സൌജന്യ ഭക്ഷ്യവിതരണ സ്ഥലങ്ങളില്‍ ക്യൂ നില്‍ക്കുന്നത് അക്കാലത്തെ നിത്യദൃശ്യമായിരുന്നു. അനേകം പേര്‍ താല്‍ക്കാലിക ഷെഡ്‌ഡുകളിലും, ഡ്രെയിനേജ് കുഴലുകളിലേക്കും താമസം മാറ്റാന്‍ നിര്‍ബന്ധിതമായി.

1930-കളിലെ തകര്‍ച്ചയ്‌ക്ക് അനേകം കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടവ മാത്രം സൂചിപ്പിക്കാം.

1. സാമ്പത്തിക വിതരണത്തിലെ വലിയ അസമത്വം. അമേരിക്കയിലെ മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നും കയ്യടക്കിയിരുന്നത് ഉന്നത ശ്രേണിയിലുള്ള അഞ്ച് ശതമാനം ആള്‍ക്കാരാണ്. 80 ശതമാനം ജനങ്ങള്‍ക്ക് യാതൊ രു സമ്പാദ്യവും ഉണ്ടായിരുന്നില്ല. 1923-29 കാലത്ത് തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത 32 ശതമാനം വര്‍ധിച്ചെങ്കിലും സമ്പത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവേ ഉണ്ടായുള്ളു. ഈ സാമ്പത്തിക അസമത്വം സാമ്പത്തികമായ അസ്ഥിരതയ്‌ക്കും കാരണമായി.

2. 1920 കളുടെ മധ്യത്തില്‍ ഓഹരിക്കമ്പോളത്തില്‍ തുടങ്ങിയ ചൂതാട്ടവും ഊഹക്കച്ചവടവും 1929 എത്തുമ്പോള്‍ ഉച്ചസ്ഥായിയിലെത്തി. ഡൌജോണ്‍സ് ഇന്‍ഡസ്‌ട്രിയല്‍ ആവറേജ് 191ല്‍ നിന്നും 381.39 ല്‍ എത്തി.

3. ബഹുഭൂരിപക്ഷം ജനങ്ങളുടെ വരുമാനത്തില്‍ ഇടിവ് വന്നപ്പോള്‍ അവര്‍ വായ്‌പയെ ആശ്രയിക്കാന്‍ തുടങ്ങി. കടത്തില്‍ സാധനങ്ങള്‍ വാങ്ങി തവണ വ്യവസ്ഥയിലും മറ്റും പണമടയ്‌ക്കുന്ന വ്യവസ്ഥ നിലവില്‍ വന്നു. 1920 അവസാനമായപ്പോള്‍ 60 ശതമാനം കാറുകളും 80 ശതമാനം റേഡിയോകളും തവണ വ്യവസ്ഥയില്‍ വാങ്ങിയവയായിരുന്നു. സാമ്പത്തിക ഞെരുക്കം ഈ സംവിധാനത്തെ മുന്നോട്ടുപോകാന്‍ കഴിയാതാക്കി.

4. കാര്‍ഷിക മേഖലയില്‍ തകര്‍ച്ചയുണ്ടായി. അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുത്തന്‍ വ്യവസായങ്ങളായ ഓട്ടോമൊബൈല്‍ വ്യവസായത്തെയും മറ്റും സഹായിച്ചപ്പോള്‍ കൃഷിക്ക് കാര്യമായ യാതൊരു സഹായവും നല്‍കിയില്ല.

5. ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും കര്‍ഷകരുടെയും വരുമാനത്തിലെ ഇടിവ് 'അമിതോല്‍പ്പാദനം' എന്ന പ്രതിഭാസത്തിലേക്കെ ത്തിച്ചു. 1929 ലെ വന്‍ തകര്‍ച്ച ആത്യന്തികമായി പരിഹരിക്കപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തോടെയാണ്.

1970 കളിലെ ഡോളര്‍ പ്രതിസന്ധി

1971ല്‍ അമേരിക്കയിലെ സ്വര്‍ണനിക്ഷേപം അപകടകരമായ രീതിയില്‍ കുറഞ്ഞു. ഒരൌണ്‍സ് സ്വര്‍ണത്തിന് 35 ഡോളര്‍ എന്ന സ്ഥിരവിനിമയ നിരക്കായിരുന്നു അന്ന്. കേന്ദ്ര ബാങ്കുകള്‍ക്ക് ഈ കണക്കില്‍ ഡോളറിന് പകരം സ്വര്‍ണം നല്‍കും എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സ്വര്‍ണ നിക്ഷേപം ഇടിഞ്ഞതോടെ ഇത് സാധിക്കാതെയായി. 1971 ആഗസ്റ് 15ന് ഡോളര്‍ - സ്വര്‍ണ വിനിമയം ഇനിയും മാനിക്കില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

1973 ലെ എണ്ണവിലക്കയറ്റം ചില പ്രതിസന്ധികള്‍ ഡോളറിന് ഉണ്ടാക്കിയെങ്കിലും 1979 വരെ കാര്യങ്ങള്‍ ഒരുവിധം മുന്നോട്ടുപോയി. എന്നാല്‍ 1979 ഓടെ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ കാലത്ത് ഡോളറിലുള്ള വിശ്വാസം ആഗോളതലത്തില്‍ തന്നെ കുറഞ്ഞു. ഈ പ്രതിസന്ധി മുറിച്ചുകടക്കാന്‍ അന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായിരുന്ന പോള്‍ വോള്‍ക്കര്‍ അമേരിക്കയിലെ പ്രൈം ബാങ്ക് റേറ്റ് 21.5 ശതമാനമായി ഉയര്‍ത്തി. ഇത് അമേരിക്കയിലെ വ്യവസായങ്ങളെയും തൊഴിലാളികളെയും ജനങ്ങളെയും പ്രതികൂലമായി ബാധിച്ചെങ്കിലും ഡോളറിനെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു.

1982 ലെ മെക്‍സിക്കന്‍ പ്രതിസന്ധി

അമേരിക്കയിലെ വന്‍ബാങ്കുകളില്‍ നിന്നും മെക്‍സിക്കോ വന്‍തുകകള്‍ വായ്‌പയെടുത്തിരുന്നു. അമേരിക്കന്‍ പലിശനിരക്ക് ഉയര്‍ന്നതും എണ്ണയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും മൂലം 1982 ല്‍ കടം തിരിച്ചടയ്‌ക്കാന്‍ പണമില്ലെന്ന് മെക്‍സിക്കോ പ്രഖ്യാപിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെട്ട് കടുത്ത ഉപാധികളോടെ ഒരു അടിയന്തര ഹ്രസ്വകാല വായ്‌പ നല്‍കി ബാങ്കുകളുടെ കടംവീട്ടാന്‍ നടപടിയുണ്ടാക്കി. അതിനുശേഷം ഐ.എം.എഫ് ഉപാധികളോടെ വായ്‌പ നല്‍കി തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചു.

1997 തെക്കുകിഴക്കനേഷ്യന്‍ സാമ്പത്തിക പ്രതിസന്ധി

മെക്‍സിക്കന്‍ പ്രതിസന്ധിക്ക് ശേഷം തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളാകെ 1997 ഓടെ പ്രതിസന്ധിയിലായി. ഏഷ്യന്‍ പുലികള്‍ എന്ന് വിളിച്ചിരുന്ന തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സൌത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ 1997 ല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായി. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ :

1. സ്വകാര്യമേഖല വിദേശ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും എടുത്ത ഹ്രസ്വകാല വായ്‌പയില്‍ കുത്തനെയുണ്ടായ വര്‍ധന.

2. രാജ്യങ്ങളുടെ കറന്റ് അക്കൌണ്ട് കമ്മി ക്രമാതീതമായി ഉയര്‍ന്നത്.

3. സാമ്പത്തിക വിതരണത്തിലെ വലിയ അസമത്വം, ഉള്ളവനും ഇല്ലാത്തവനും തമ്മിലും, കാര്‍ഷികമേഖലയും വ്യാവസായിക മേഖലയും തമ്മിലും വലിയ അന്തരമുണ്ടാക്കി. കാര്‍ഷിക മേഖലയില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും വില കുതിച്ചുയര്‍ന്നത് പ്രതിസന്ധിയുണ്ടാക്കി.

4. ഈ രാജ്യങ്ങളില്‍ നാണയങ്ങളുടെ വിലയില്‍ വന്ന കുത്തനെയുള്ള ഇടിവ്. ആഗോളവല്‍ക്കരണ കാലത്ത് നടപ്പാക്കിയ ഉദാരവല്‍ക്കരണമായിരുന്നു ഇതിന് കാരണം. തെക്കു കിഴക്കനേഷ്യന്‍ പ്രദേശങ്ങളിലെ ഓരോ രാജ്യത്തിന്റെയും തകര്‍ച്ചക്ക് പ്രത്യേകം പ്രത്യേകം കാരണങ്ങളുണ്ടെങ്കിലും പൊതുവായി പറയാവുന്നത് മേല്‍പ്പറഞ്ഞവയാണ്. തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളെ പിടികൂടിയ പ്രതിസന്ധിയുടെ അലയടികള്‍ റഷ്യ, ചൈന, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കും കുറെയൊക്കെ വ്യാപിച്ചു. ഈ രാജ്യങ്ങളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഐ.എം.എഫും അമേരിക്കയും മറ്റും കൂടി ഉണ്ടാക്കിയ പരിഹാര നടപടികള്‍ യഥാര്‍ഥത്തില്‍ ആ രാജ്യങ്ങള്‍ക്ക് വായ്‌പ നല്‍കിയ വിദേശ ബാങ്കുകളെ സഹായിക്കാന്‍ മാത്രമായിരുന്നു. ഈ രാജ്യങ്ങളിലെ പ്രധാനപ്പെട്ട പല ബാങ്കുകളും വിദേശികളുടെ കയ്യിലകപ്പെടുകയും ചെയ്തു.

ഡോട്ട് കോം തകര്‍ച്ച (2000-01)

പുത്തന്‍ ഇന്റര്‍നെറ്റ്, ഐ.ടി കമ്പനികളുടെ ഉദയത്തോടെ അവയിലേക്ക് മൂലധനത്തിന്റെ വലിയ ഒഴുക്കുണ്ടായി. ഓഹരിക്കമ്പോളത്തില്‍ പുത്തന്‍ കമ്പനികളുടെ ഷെയര്‍വിലകള്‍ കുതിച്ചുയരാനും തുടങ്ങി. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്‌റ്റുകള്‍ ഈ കമ്പനികളുടെ ഷെയറുകളില്‍ വലിയ നിക്ഷേപം നടത്തി. 1995 മുതല്‍ തുടങ്ങിയ ഈ ഊഹക്കുമിള 2001 ആയപ്പോള്‍ തകര്‍ന്നു. നിക്ഷേപം സ്വീകരിച്ച പല കമ്പനികളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയവ പോലുമായിരുന്നില്ല. റേറ്റിംഗ് ഏജന്‍സികളും സിറ്റി, മെറില്‍ ലിഞ്ച് തുടങ്ങിയ വമ്പന്‍മാരും നിക്ഷേപകരെ ഈ കമ്പനികളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. വേള്‍ഡ് കോം തുടങ്ങി ആയിരക്കണക്കിന് കമ്പനികള്‍ തകര്‍ന്നു. നിക്ഷേപകര്‍ക്ക് അഞ്ച് ട്രില്യന്‍ ഡോളറിലധികം നഷ്‌ടമുണ്ടാകുകയും ചെയ്തു. മുതലാളിത്ത ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഊഹക്കുമിളകള്‍ അനേകം ഉണ്ടായിട്ടുണ്ട്, അഥവാ ഉണ്ടാക്കിയിട്ടുണ്ട് എന്നുപറയാം. 1630 ലെ ട്യൂലിപ്പ് പുഷ്പത്തില്‍ നടത്തിയ ഊഹക്കച്ചവടം, 1840 ല്‍ റെയില്‍ റോഡ് കമ്പനികള്‍, 1920 ല്‍ ഓട്ടോ മൊബൈല്‍, റേഡിയോ കമ്പനികള്‍, 1960 ല്‍ കമ്പ്യൂട്ടര്‍ കമ്പനികളില്‍ നടത്തിയ നിക്ഷേപമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ഇത്തരത്തില്‍ മുതലാളിത്ത കാലത്തെ സാമ്പത്തിക കുതിച്ചുകയറ്റങ്ങളും തകര്‍ച്ചയും പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് സാമ്പത്തിക തകര്‍ച്ചകള്‍ മുതലാളിത്ത പ്രക്രിയയുടെ ഭാഗം തന്നെയാണ് എന്നാണ്. ഇപ്പോള്‍ അമേരിക്കയില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച സബ് പ്രൈം പ്രതിസന്ധിയും തുടര്‍ന്ന് ബാങ്കുകളും സാമ്പത്തിക രംഗവുമാകെ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയും ഈ തുടര്‍പ്രക്രിയയുടെ ഭാഗമാണ്. പ്രതിസന്ധിയുടെയും തകര്‍ച്ചകളുടെയും ഇടവേളകള്‍ കുറയുകയും പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ അഭിപ്രായത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും യോജിച്ച ഒരു മുന്നണി ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിനുള്ള സമരഭൂമിയിലിറങ്ങണം. മുതലാളിത്ത വ്യവസ്ഥിതിയെ തന്നെ മാറ്റിക്കൊണ്ടേ മനുഷ്യസമൂഹത്തിന് പ്രതിസന്ധികളില്‍നിന്നും മോചനമുള്ളു.

ജോസ് ടി എബ്രഹാം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത കാലത്തെ സാമ്പത്തിക കുതിച്ചുകയറ്റങ്ങളും തകര്‍ച്ചയും പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് സാമ്പത്തിക തകര്‍ച്ചകള്‍ മുതലാളിത്ത പ്രക്രിയയുടെ ഭാഗം തന്നെയാണ് എന്നാണ്. ഇപ്പോള്‍ അമേരിക്കയില്‍ തുടങ്ങി ലോകമാകെ വ്യാപിച്ച സബ് പ്രൈം പ്രതിസന്ധിയും തുടര്‍ന്ന് ബാങ്കുകളും സാമ്പത്തിക രംഗവുമാകെ നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചയും ഈ തുടര്‍പ്രക്രിയയുടെ ഭാഗമാണ്. പ്രതിസന്ധിയുടെയും തകര്‍ച്ചകളുടെയും ഇടവേളകള്‍ കുറയുകയും പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ അഭിപ്രായത്തില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും യോജിച്ച ഒരു മുന്നണി ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിനുള്ള സമരഭൂമിയിലിറങ്ങണം. മുതലാളിത്ത വ്യവസ്ഥിതിയെ തന്നെ മാറ്റിക്കൊണ്ടേ മനുഷ്യസമൂഹത്തിന് പ്രതിസന്ധികളില്‍നിന്നും മോചനമുള്ളു.
സാമ്പത്തിക തകര്‍ച്ചകളുടെ ചരിത്രത്തിലൂടെ ഒരു ഓട്ട പ്രദിക്ഷണം

Anonymous said...

We are happy to introduce a new BLOG aggregator BLOGKUT.

Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.