Friday, November 14, 2008

ഏന്റ് ദസ് ദ പ്ലാനറ്റ് എക്‍സ്‌പ്ലോഡ്‌സ്

അയണസ്‌കോയുടെ ഒരു പഴയ തിരക്കഥയിലെ അവസാന വാചകമാണിത്. അങ്ങനെ ഭൂഗോളം പൊട്ടിത്തെറിക്കുന്നു എന്ന്. തിരക്കഥയുടെ പേര് "കോപം'' (Anger).

സ്‌ക്രീന്‍ തെളിയുമ്പോള്‍ ഒരു ടി.വി അനൌണ്‍സര്‍ പൂക്കാലത്തെക്കുറിച്ചും മനുഷ്യരുടെ ആഹ്ലാദത്തെക്കുറിച്ചുമൊക്കെ ചതുരവവടിവില്‍ ഭാഷണം നടത്തുകയാണ്. പിന്നെ കാണുന്നത് പൂക്കടയില്‍ പൂവാങ്ങാനെത്തുന്ന ചെറുപ്പക്കാരനെയാണ്. നവവധു വീട്ടില്‍ കാത്തുനില്‍ക്കുകയാണ്. അയാള്‍ തിരക്കിട്ട് പൂവും വാങ്ങി പായുന്നതിനിടയിലും അനൌണ്‍സര്‍ ഓര്‍മ്മിപ്പിക്കുന്നു: പൂക്കാലമാണ്, എങ്ങും നിറഞ്ഞുചിരിക്കുന്ന പൂക്കളാണ്. മനുഷ്യര്‍ ആഹ്ലാദഭരിതരാണ് എന്നൊക്കെ.

വീട്ടിലെത്തിയ അയാള്‍ ഭാര്യയെ കെട്ടിപ്പിടിച്ചുമ്മവെക്കുകയാണ്. പഞ്ചാരവാക്കുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുരുവിടുകയാണ്. പിന്നെയും പിന്നെയും ചുംബനങ്ങള്‍ കൊണ്ടവളെ ശ്വാസം മുട്ടിക്കുകയാണ്. ഇനി തിന്നിട്ടാവാം എന്നവള്‍. തീന്‍മേശ റെഡി. സ്‌നേഹപൂര്‍വം ഭര്‍ത്താവിനു നേരെ സൂപ്പുകപ്പു നീട്ടുന്ന ഭാര്യയുടെ സുസ്‌മേരവദനം. പിന്നെ ക്യാമറ നീളുന്നത് ആ സൂപ്പ് കപ്പില്‍ പൊന്തിക്കിടക്കുന്ന കൂറ്റന്‍ ഈച്ചയിലേക്കാണ് (big fly floating on it).

തുടര്‍ന്നുള്ള ദൃശ്യമോ? തൊട്ടടുത്ത ഫ്ലാറ്റുകളിലൊക്കെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് നേരെ നീട്ടുന്ന സൂപ്പു കപ്പുകള്‍. അവയിലൊക്കെയും നിറഞ്ഞുനില്‍ക്കുകയാണ് കൂറ്റന്‍ ഈച്ചകള്‍. പെട്ടെന്ന്, അതുവരെ ചിരിച്ചുകളിച്ച് ശൃംഗരിച്ചിരുന്ന വിരുതന്റെ കൈ പെണ്ണിന്റെ മോന്തക്ക് നേരെ നീളുന്നു. തുടര്‍ന്ന് അടുത്ത ഫ്ലാറ്റുകളിലെ ഭര്‍ത്താക്കന്മാരൊക്കെ ഈച്ചയെകണ്ട് ചൂടായി താന്താങ്ങളുടെ ഭാര്യമാരുടെ മോന്തക്ക് നോക്കി വീക്ക് വീക്കുന്നു. ഇതിനിടയില്‍ ആരോ പ്ലെയിറ്റ് വലിച്ചെറിയുന്നു. അതു കൊള്ളുന്നതാകട്ടെ ബീറ്റ് പോലീസുകാരന്റെ തലയില്‍. അയാള്‍ വിസില്‍ നീട്ടിയടിക്കുന്നു. പോലീസ് ഇടിവണ്ടികള്‍ കുതിച്ചുപാഞ്ഞെത്തുന്നു. അതിനിടക്ക് ആരോ വലിച്ചെറിഞ്ഞ തീക്കൊള്ളി ചെന്നുവീണതാകട്ടെ പെട്രോള്‍ ടാങ്കിനു മേലെയും. തീയാളിപ്പടരുകയാണ്. കുതിച്ചെത്തുന്ന ഫയര്‍ എഞ്ചിനുകള്‍. അതിനിടെ തങ്ങളുടെ കപ്പുകളിലുണ്ടായിരുന്ന സൂപ്പത്രയും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ തലയിലൊഴിക്കുന്നു. ഒരു ഭാഗത്ത് പോലീസ് വണ്ടികള്‍. മറുഭാഗത്ത് ഫയര്‍ എഞ്ചിനുകള്‍. മറ്റൊരിടത്തുകൂടെ പുഴപോലൊഴുകുന്ന സൂപ്പുചാലും. അതിനു നടുക്ക് ടി.വി അനൌണ്‍സര്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറയുന്നത് പൂക്കാലത്തെക്കുറിച്ചും ജനങ്ങളുടെ സന്തോഷത്തെക്കുറിച്ചുമൊക്കെയാണ്.

വീണ്ടും പ്രളയത്തിന്റെയും തീപ്പിടുത്തത്തിന്റെയും പോലീസ് - ഫയര്‍ വണ്ടികളുടെയും ദൃശ്യം. അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് നിസ്സംഗനായി, വികാരരഹിതനായി അനൌണ്‍സര്‍ പറയുകയാണ് - ഒരൊറ്റ ലളിത വാചകം. "അങ്ങനെ ഭൂഗോളം പൊട്ടിത്തകരുന്നു''

ഭൂഗോളം പൊട്ടിത്തകരുമ്പോഴും തൊട്ടുമുമ്പും പൂക്കാലത്തെക്കുറിച്ചും പൈങ്കിളികളെക്കുറിച്ചുമൊക്കെ വര്‍ണ്ണിച്ചു പാടുന്ന മാധ്യമജിഹ്വകളെ കളിയാക്കിച്ചിരിക്കുന്ന അയണെസ്‌കോ ഇപ്പോഴത്തെ അസംബന്ധ നാടകങ്ങള്‍ കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഊഹിക്കാന്‍ രസമുണ്ട്.

സെപ്‌റ്റംബര്‍ 2008ല്‍ പുറത്തിറങ്ങിയ ഗ്ലോബല്‍ ഫൈനാന്‍സ് മാസിക കണ്ടോ? ലോകമൂലധന നാഥന്മാരുടെ കൈപ്പുസ്തകമാണ്, നിക്ഷേപകരുടെ ബൈബിളാണ് മാസാമാസം മുടങ്ങാതെ പുറത്തിറങ്ങുന്ന പ്രസ്തുത മാസിക. 2008 ലെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബാങ്കുകളെ ക്കുറിച്ചൊരു സര്‍വ്വെയുണ്ട് അതില്‍. കവര്‍ സ്റോറി തന്നെ "വളര്‍ച്ചയുടെ കഥ'' (ഗ്രോത്ത് സ്‌റ്റോറി) എന്നാണ്. "കുഴപ്പത്തിലായ ബാങ്കുകളെക്കുറിച്ചുള്ള ചെണ്ടയടിയുണ്ടായിട്ടും ഒരു മേഖല പച്ചയണി യുന്നു'' എന്നാണ് അതിനു നല്‍കിയ ഇന്‍ട്രോ.

പക്ഷേ 2008 ലെ ഏറ്റവും നല്ല നിക്ഷേപ ബാങ്കുകളെക്കുറിച്ചുള്ള സര്‍വ്വേയുടെ വിശദാംശങ്ങളാണ് തുടര്‍പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. "നിക്ഷേപ ബാങ്കുകളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 12 മാസം ഏറ്റവും പ്രയാസകരമായിരുന്നു. എന്നിട്ടും പല സ്ഥാപനങ്ങളും തങ്ങളുടെ ഇടപാടുകാര്‍ക്ക് അസാമാന്യമായ സേവനങ്ങള്‍ നല്‍കിപ്പോരുന്നു'' എന്നാണ് ഹൈലൈറ്റായി കൊടുത്തിരിക്കുന്നത്.

"ധനകാര്യ മേഖലയിലുണ്ടായ ഞെട്ടലുകള്‍ അനവധിയാണെങ്കിലും പല നിക്ഷേപ ബാങ്കുകളും കമ്പനികള്‍ക്ക് വേണ്ട കാശ് ഓഹരിക്കമ്പോളത്തില്‍ നിന്ന് സമാഹരിക്കുന്നതിലും ലയനങ്ങളിലും ഏറ്റെടുക്കലുകളിലും വേണ്ട ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ഒന്നാന്തരം ജോലിയാണ് ചെയ്യുന്നത്. വളരെ വലിയ ഇടപാടുകള്‍ ഇപ്പോഴും നടക്കുന്നു. രാജ്യാതീതമായ ലയനങ്ങള്‍ പെരുകുകയാണ് ''.

പൂക്കാലമാണ്, എങ്ങും ജനങ്ങള്‍ ആഹ്ലാദ ചിത്തരാണ് എന്ന അയണെസ്‌കോ വാചകം ഓര്‍മ്മ വരുന്നുവോ?

2007 ലെ അവസാന മൂന്നു പാദവും 2008 ലെ ഒന്നാം പാദവും നടന്ന ഇടപാടുകളെക്കുറിച്ച് പഠനം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ആമുഖമാണീ വാചകം. ഏറ്റവും മികച്ച ബാങ്കുകളെ കണ്ടെത്തുന്നതിനായി തങ്ങളുപയോഗിച്ച മാനദണ്ഡത്തെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. മാര്‍ക്കറ്റ് ഷെയര്‍, ഇടപാടുകാര്‍ക്കുള്ള സേവനം, ഇടപാടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള കഴിവ്, സ്ഥാപനത്തിന്റെ വ്യാപ്‌തി, നിക്ഷേപ ബാങ്കിങ് സേവനത്തിനായി സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം ഇവയൊക്കെ ഹരിച്ചു ഗുണിച്ച് ഗണിച്ചെടുത്തതാണ് ഫലം. "ജേതാക്കള്‍ ഏറ്റവും വലിയവരാണമെന്നില്ല''; പക്ഷേ ഏറ്റവും മികച്ചവരാണ്. ലോകത്താകെയുള്ള വലിയ കോര്‍പറേഷനുകള്‍ക്ക് ആശ്രയിക്കാവുന്ന ധനകാര്യ ഉപദേഷ്ടാക്കളാണ്'' എന്ന് കിറുകൃത്യമായി നിര്‍വചിച്ച് വെച്ചിട്ടുണ്ട്. 23 രാജ്യങ്ങളില്‍ 6 പ്രദേശങ്ങളില്‍, പിന്നെ ആഗോളമായി 5 മേഖലകളിലും ഈ സ്ഥാനനിര്‍ണയം നടത്തിയിട്ടുണ്ടവര്‍. കേമന്മാരെ കണ്ടെത്തി ചൂണ്ടിക്കാട്ടുകയാണ് - ലോകത്തെങ്ങുമുള്ള നിക്ഷേപകര്‍ക്ക് ആശ്രയിക്കാനാവുന്ന കെങ്കേന്മാരെ.

ആരെല്ലാമാണെന്നറിയണ്ടേ? ഏറ്റവും നല്ല നിക്ഷേപ ബാങ്കിനുള്ള ആഗോള അവാര്‍ഡ് ഗോള്‍ഡ്‌മാന്‍ സാച്‌സിന്. ഏറ്റവും മികച്ച ഇക്വിറ്റി ബാങ്ക് മെറില്‍ ലിഞ്ച്. ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമുള്ള ആഗോള അവാര്‍ഡും ഗോള്‍ഡ് മാന്‍ സാച്‌സിന്. അമേരിക്കയിലെ ഏറ്റവും നല്ല നിക്ഷേപ ബാങ്ക് ഗോള്‍ഡ് മാന്‍ സാച്‌സ്. വായ്‌പയില്‍ കേമന്‍ മെറില്‍ ലിഞ്ച്. അമേരിക്കയിലെ ലയനത്തിനുള്ള അവാര്‍ഡ് ഗോള്‍ഡ് മാന്‍ സാച്‌സിന്. ഗോള്‍ഡ് മാന്‍ സാച്‌സിനെയും മെറില്‍ ലിഞ്ചിനെയും കുറിച്ച് പറയുമ്പോള്‍ ഗ്ലോബല്‍ ഫൈനാന്‍സിന് അനന്തന്‍ നാവുകളാണ്.

കേള്‍ക്കുക സ്തുതി വചനങ്ങള്‍:

" ആദ്യത്തെ അഞ്ച് വര്‍ഷത്തില്‍ത്തന്നെ ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും കാര്യത്തില്‍ നേതൃസ്ഥാനത്തുള്ള ധനകാര്യോപദേഷ്‌ടാവാണ് ഗോള്‍ഡ്‌മാന്‍ സാച്ച്‌സ്. ലോകത്തെ വന്‍കിട ലയനങ്ങളില്‍ പത്തില്‍ ഒമ്പതും അവരാണ് നടത്തിയത്. 547 ബില്യണ്‍ വില മതിക്കുന്ന 187 ഇടപാടുകളില്‍ ഗോള്‍ഡ്‌മാന്‍ സാച്ച്‌സായിരുന്നു ഉപദേഷ്‌ടാവ്. യാഹൂവിനെ മൈക്രോ സോഫ്റ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യാഹൂവിന്റെ ഉപദേഷ്‌ടാവും ഈ സ്ഥാപനമായിരുന്നു''.
"മെറില്‍ ലിഞ്ചായിരുന്നു അമേരിക്കയിലും യൂറോപ്പിലും മധ്യപൌരസ്‌ത്യദേശത്തും, ആഫ്രിക്കയിലും ഒരേസമയം സ്‌റ്റോക്ക് ഇഷ്യൂവില്‍ കേമന്‍. ഇന്ത്യയിലും അവരായിരുന്നു നേതൃസ്ഥാനത്ത്. 4.4 ബില്യണ്‍ ഡോളറിന്റെ ഓഹരികാര്യത്തിലാണ് അവര്‍ ഉപദേശം നല്‍കിയത്''.

പോരേ, പൂരം! ധനകാര്യ സ്ഥാപനങ്ങളെപ്പറ്റി പ്രധാന ധനകാര്യ വിശാലന്മാരെന്ന് കരുതുന്നവരുടെ വിലയിരുത്തലിന്റെ കേമത്തം കണ്ടില്ലെ?

"ലോകത്താകെയുള്ള വലിയ കോര്‍പറേഷനുകള്‍ക്ക് ആശ്രയിക്കാവുന്ന'' സ്ഥാപനത്തെ സമീപിക്കുമ്പോഴാണറിയുക, മെറില്‍ ലിഞ്ച് എന്ന സ്ഥാപനമേ അപ്രത്യക്ഷമായിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുക്കുമെന്നായപ്പോള്‍ അതിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്ത് സംരക്ഷിച്ചിരിക്കുകയാണ്. ലയന കാര്യത്തിലെ അമേരിക്കന്‍ അവാര്‍ഡ് ജേതാക്കളായ ഗോള്‍ഡ്‌മാന്‍ സാച്ച്‌സ് തന്നെ, തങ്ങളെ ലയിപ്പിച്ചു തരണം എന്ന് കരഞ്ഞപേക്ഷിക്കുകയാണ്. ഇന്‍‌വെസ്‌റ്റ്മെന്റ് ബാങ്കായി നിലനിന്നു പോരുന്ന പ്രസ്തുത സ്ഥാപനം ഇന്‍‌വെസ്‌റ്റ്മെന്റ് എന്ന പദം പേരില്‍ നിന്നൊഴിവാക്കിക്കിട്ടാന്‍ പാടു പെടുകയാണ്. വെറും ബാങ്കിങ്ങ് ഹോള്‍ഡിങ്ങ് കമ്പനിയാക്കി മാറ്റിത്തരണമെന്ന അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണവര്‍. അങ്ങനെയായാല്‍ ഫെഡറല്‍ റിസര്‍വ്വിന്റെ പരിരക്ഷ കിട്ടും. പൊളിയാന്‍ തുടങ്ങുമ്പോള്‍ രക്ഷക്ക് നികുതിപ്പണം തുണക്കായെത്തും. മാത്രവുമല്ല, നാട്ടില്‍ പതിനായിരങ്ങളോട് നിക്ഷേപവും സ്വീകരിക്കാം.

അങ്ങനെ സ്വന്തം ബോര്‍ഡും പേരും തന്നെ ഉപേക്ഷിച്ച് പ്രാണഭയത്താല്‍ നെട്ടോട്ടമോടുന്നവരെ ചൂണ്ടിക്കാട്ടി മാലോകര്‍ക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാനാവുന്ന സ്ഥാപനങ്ങളുടെ പേരു പ്രഖ്യാപിക്കുകയാണ് മൂലധന നാഥന്മാരുടെ ഇഷ്ട ജിഹ്വ! എന്നിട്ടെല്ലാം തകരുമ്പോള്‍, അവര്‍ പ്രഖ്യാപിക്കും: ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ആന്റ് ദസ് ദ പ്ലാനറ്റ് എക്‍സ്‌പ്ലോഡ്‌സ് ! ഭൂഗോളം പൊട്ടിത്തെറിക്കുന്നെന്ന് !

വാല്‍ക്കഷ്ണം: ഓരോ രാജ്യത്തിനുമുണ്ട് അവാര്‍ഡ്. ഇന്ത്യയില്‍ വിക്ടറി സ്‌റ്റാന്റിന്റെ ഏറ്റവും മേലെ ഐസിഐസിഐ ബാങ്കാണ്. അതിന്റെ തലവന്‍ ഈയിടെ പറഞ്ഞത് റിസര്‍വ് ബാങ്ക് തങ്ങള്‍ക്ക് രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ്. കണ്ടവന്റെ നികുതിപ്പണമെടുത്ത് കൊള്ളക്കാരായ ബാങ്കുകള്‍ക്ക് എറിഞ്ഞുകൊടുത്ത ബുഷിന്റെ നടപടി അദ്ദേഹത്തിന്റെ വത്സല ശിഷ്യന്‍ ഇവിടെയും അനുകരിക്കുമെന്നാണ് പ്രതീക്ഷ.

*****

ഏ. കെ. രമേശ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേള്‍ക്കുക സ്തുതി വചനങ്ങള്‍:

" ആദ്യത്തെ അഞ്ച് വര്‍ഷത്തില്‍ത്തന്നെ ലയനങ്ങളുടെയും ഏറ്റെടുക്കലുകളുടെയും കാര്യത്തില്‍ നേതൃസ്ഥാനത്തുള്ള ധനകാര്യോപദേഷ്‌ടാവാണ് ഗോള്‍ഡ്‌മാന്‍ സാച്ച്‌സ്. ലോകത്തെ വന്‍കിട ലയനങ്ങളില്‍ പത്തില്‍ ഒമ്പതും അവരാണ് നടത്തിയത്. 547 ബില്യണ്‍ വില മതിക്കുന്ന 187 ഇടപാടുകളില്‍ ഗോള്‍ഡ്‌മാന്‍ സാച്ച്‌സായിരുന്നു ഉപദേഷ്‌ടാവ്. യാഹൂവിനെ മൈക്രോ സോഫ്റ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യാഹൂവിന്റെ ഉപദേഷ്‌ടാവും ഈ സ്ഥാപനമായിരുന്നു''.
"മെറില്‍ ലിഞ്ചായിരുന്നു അമേരിക്കയിലും യൂറോപ്പിലും മധ്യപൌരസ്‌ത്യദേശത്തും, ആഫ്രിക്കയിലും ഒരേസമയം സ്‌റ്റോക്ക് ഇഷ്യൂവില്‍ കേമന്‍. ഇന്ത്യയിലും അവരായിരുന്നു നേതൃസ്ഥാനത്ത്. 4.4 ബില്യണ്‍ ഡോളറിന്റെ ഓഹരികാര്യത്തിലാണ് അവര്‍ ഉപദേശം നല്‍കിയത്''.

പോരേ, പൂരം! ധനകാര്യ സ്ഥാപനങ്ങളെപ്പറ്റി പ്രധാന ധനകാര്യ വിശാലന്മാരെന്ന് കരുതുന്നവരുടെ വിലയിരുത്തലിന്റെ കേമത്തം കണ്ടില്ലെ?

"ലോകത്താകെയുള്ള വലിയ കോര്‍പറേഷനുകള്‍ക്ക് ആശ്രയിക്കാവുന്ന'' സ്ഥാപനത്തെ സമീപിക്കുമ്പോഴാണറിയുക, മെറില്‍ ലിഞ്ച് എന്ന സ്ഥാപനമേ അപ്രത്യക്ഷമായിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കുത്തുപാളയെടുക്കുമെന്നായപ്പോള്‍ അതിനെ ബാങ്ക് ഓഫ് അമേരിക്ക ഏറ്റെടുത്ത് സംരക്ഷിച്ചിരിക്കുകയാണ്. ലയന കാര്യത്തിലെ അമേരിക്കന്‍ അവാര്‍ഡ് ജേതാക്കളായ ഗോള്‍ഡ്‌മാന്‍ സാച്ച്‌സ് തന്നെ, തങ്ങളെ ലയിപ്പിച്ചു തരണം എന്ന് കരഞ്ഞപേക്ഷിക്കുകയാണ്. ഇന്‍‌വെസ്‌റ്റ്മെന്റ് ബാങ്കായി നിലനിന്നു പോരുന്ന പ്രസ്തുത സ്ഥാപനം ഇന്‍‌വെസ്‌റ്റ്മെന്റ് എന്ന പദം പേരില്‍ നിന്നൊഴിവാക്കിക്കിട്ടാന്‍ പാടു പെടുകയാണ്. വെറും ബാങ്കിങ്ങ് ഹോള്‍ഡിങ്ങ് കമ്പനിയാക്കി മാറ്റിത്തരണമെന്ന അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണവര്‍. അങ്ങനെയായാല്‍ ഫെഡറല്‍ റിസര്‍വ്വിന്റെ പരിരക്ഷ കിട്ടും. പൊളിയാന്‍ തുടങ്ങുമ്പോള്‍ രക്ഷക്ക് നികുതിപ്പണം തുണക്കായെത്തും. മാത്രവുമല്ല, നാട്ടില്‍ പതിനായിരങ്ങളോട് നിക്ഷേപവും സ്വീകരിക്കാം.

അങ്ങനെ സ്വന്തം ബോര്‍ഡും പേരും തന്നെ ഉപേക്ഷിച്ച് പ്രാണഭയത്താല്‍ നെട്ടോട്ടമോടുന്നവരെ ചൂണ്ടിക്കാട്ടി മാലോകര്‍ക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കാനാവുന്ന സ്ഥാപനങ്ങളുടെ പേരു പ്രഖ്യാപിക്കുകയാണ് മൂലധന നാഥന്മാരുടെ ഇഷ്ട ജിഹ്വ! എന്നിട്ടെല്ലാം തകരുമ്പോള്‍, അവര്‍ പ്രഖ്യാപിക്കും: ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ആന്റ് ദസ് ദ പ്ലാനറ്റ് എക്‍സ്‌പ്ലോഡ്‌സ് ! ഭൂഗോളം പൊട്ടിത്തെറിക്കുന്നെന്ന് !

keralainside.net said...

This post is being listed please categorize this post
www.keralainside.net