Friday, November 28, 2008

വി പി സിങ് - യുഗപ്പിറവിയുടെ അമരക്കാരന്‍

ഇന്ത്യയുടെ രാഷ്‌ട്രീയ പ്രക്രിയയില്‍ ഒരു യുഗപ്പിറവി കുറിച്ചുകൊണ്ടാണ് വി പി സിങ് യാത്രയാവുന്നത്. കോണ്‍ഗ്രസുകാരനായി തുടങ്ങി കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയമുന്നണിയുടെ അമരക്കാരനായി മാറിയ ഈ മനുഷ്യന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പരിമിതികളെക്കൂടി മറികടക്കാന്‍ കഴിഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നു. ഗാന്ധിജി മുന്നോട്ടുവച്ച ആദര്‍ശാത്മക രാഷ്‌ട്രീയം കോണ്‍ഗ്രസ് കൈയൊഴിഞ്ഞിട്ടും വി പി സിങ്ങിന് കൈവിടാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ കാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സത്യസന്ധത, വൈജ്ഞാനികതൃഷ്‌ണ, അടിച്ചമര്‍ത്തപ്പെടുന്നവരോടുള്ള അനുകമ്പ, മതനിരപേക്ഷത, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളാണ് എണ്‍പതുകളില്‍ ഇന്ത്യയില്‍ വി പി സിങ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇതിന് അദ്ദേഹം വലിയ വില നല്‍കേണ്ടിവന്നു. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുകയെന്ന ശിക്ഷയാണ് വി പി സിങ്ങിനെ തേടിയെത്തിയത്.

പക്ഷേ, കോണ്‍ഗ്രസിനെ ഞെട്ടിപ്പിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രബലമായ ഒരു മൂന്നാംപാതയ്ക്ക് വഴിയൊരുക്കി പ്രധാനമന്ത്രിപദത്തിലെത്തി. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട ഒരാളും അതിനുമുമ്പും പിമ്പും ഈ രീതിയില്‍ തിരിച്ചുവന്നിട്ടില്ല. നെഹ്റുവിയന്‍ പ്രത്യയശസ്‌ത്രം കൈയൊഴിഞ്ഞ് എണ്‍പതുകളുടെ തുടക്കംതൊട്ട് സവര്‍ണ ഹൈന്ദവതയുടെ പ്രത്യയശാസ്‌ത്രം ആഭ്യന്തരമായും സാമ്രാജ്യത്വാനുകൂല സമീപനം വൈദേശികമായും സ്വീകരിച്ച കോണ്‍ഗ്രസിനെയാണ് വി പി സിങ് നിലംപരിശാക്കിയത്.

ഗാന്ധിയന്‍യുഗം ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് സംഭാവന നല്‍കിയ ധാര്‍മികബോധം, നെഹ്റുവിന്റെ മതനിരപേക്ഷ ജനാധിപത്യ വീക്ഷണം, അംബേദ്കറുടെ സാമൂഹ്യനീതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, ഇവയ്‌ക്കൊപ്പം ഇടതുപക്ഷ രാഷ്‌ട്രീയത്തോടുള്ള ആഭിമുഖ്യം ഇവയാണ് യഥാര്‍ഥത്തില്‍ വി പി സിങ്ങിനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എണ്‍പതുകളുടെ ഒടുവില്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ആദര്‍ശബോധത്തിനുമുമ്പില്‍ പ്രധാനമന്ത്രിക്കസേരപോലും നിസ്സാരമാണെന്ന് അദ്ദേഹം പ്രവൃത്തിയിലൂടെ തെളിയിച്ചു. ഇന്ത്യന്‍ രാഷ്‌ട്രീയക്രമത്തില്‍ വലതുപക്ഷം ഫലപ്രദമായി തുടര്‍ന്നുപോന്ന സവര്‍ണ സമ്പന്ന വിഭാഗങ്ങളുടെ താല്‍പ്പര്യസംരക്ഷണ തന്ത്രങ്ങളെയാണ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ വി പി സിങ് അട്ടിമറിച്ചത്.

എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ പൂര്‍ത്തിയായിരുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാതെ ഭരിച്ചുപോന്ന കോണ്‍ഗ്രസിനും ദളിതരെ അടിച്ചൊതുക്കാന്‍ ബ്രാഹ്മണന്റെ കൂലിത്തല്ലുസേനയുണ്ടാക്കിയ സവര്‍ണാനുകൂല രാഷ്‌ട്രീയം കൈകാര്യംചെയ്‌തുപോന്ന ബിജെപിക്കും വി പി സിങ് പ്രതിഭാസം ഏല്‍പ്പിച്ച ആഘാതത്തിന്റെ നടുക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഇതര പിന്നോക്കക്കാര്‍ക്കും തൊഴില്‍മേഖലയിലും വിദ്യാഭ്യാസമേഖലയിലും മണ്ഡല്‍ കമീഷന്‍ നിര്‍ദേശിച്ച രീതിയിലുള്ള സംവരണാനുകൂല്യം നല്‍കുമെന്ന വി പി സിങ്ങിന്റെ പ്രഖ്യാപനത്തെ ബലപ്രയോഗത്തിന്റെ രാഷ്‌ട്രീയരൂപം സൃഷ്‌ടിച്ചുകൊണ്ട് മറികടക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്.

ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പരിഗണനാര്‍ഹമായ വിഷയമായി 1977 മുതല്‍ '80 വരെ കേന്ദ്രമന്ത്രിമാരായിരുന്നപ്പോള്‍ പോലും അദ്വാനിക്കും വാജ്‌പേയിക്കും തോന്നാതിരുന്നത് 'രാമജന്മഭൂമി മോചിപ്പിക്കല്‍' പ്രധാന പ്രശ്‌നമായി ഉയര്‍ത്തിയാണ് ബിജെപി വി പി സിങ്ങിനെ രാഷ്‌ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിനുള്ള അരങ്ങൊരുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്ത് നടത്തിയ സംവരണവിരുദ്ധ പ്രക്ഷോഭത്തിന് സാധിക്കുകയും ചെയ്തു. 1948 ഡിസംബര്‍ 22ന് ബാബറി മസ്‌ജിദിനകത്ത് വിഗ്രഹം കൊണ്ടുവച്ച ആര്‍എസ്എസ് നടപടിയെ എതിര്‍ത്ത് പള്ളി മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് നിര്‍ദേശിച്ച ജവാഹര്‍ലാല്‍ നെഹ്റുവിന്റെ വഴി പിന്തുടര്‍ന്ന് മസ്‌ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിച്ച വി പി സിങ്ങിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചുനിന്ന് പാര്‍ലമെന്റില്‍ വോട്ടുചെയ്തു. ഗാന്ധിജിയുടെ രാഷ്‌ട്രീയപ്രസ്ഥാനവും ഗാന്ധിഘാതകനായ ഗോഡ്‌സെയുടെ രാഷ്‌ട്രീയപ്രസ്ഥാനവും തമ്മില്‍ അന്നുമുതല്‍ക്കേ രൂപപ്പെട്ട അവിശുദ്ധ രാഷ്‌ട്രീയ സഖ്യമാണ് തുടര്‍ന്ന് ഇന്ത്യന്‍ രാഷ്‌ട്രീയജീവിതത്തില്‍ ഫാസിസ്‌റ്റ്‌വല്‍ക്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തിയത്. എന്നാല്‍, ഇതിനുള്ള പ്രത്യൌഷധവും വി പി സിങ് പ്രതിഭാസം ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്ത് ഇതിനകം രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ വിശാലമായ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ സഖ്യം തൊണ്ണൂറുകളില്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് മാനുഷികമായ മുഖം നല്‍കുന്നതില്‍ വിജയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ജനത വി പി സിങ്ങിനോട് വലിയൊരളവില്‍ കടപ്പെട്ടിരിക്കുന്നു.

ഗാന്ധിയില്‍നിന്നും നെഹ്റുവില്‍നിന്നും വി പി സിങ് വേര്‍തിരിഞ്ഞുനില്‍ക്കുന്നത് 'സാമൂഹ്യനീതി'യുമായി ബന്ധപ്പെട്ട മണ്ഡലത്തിലാണ്. ഈ രംഗത്ത് ആധുനിക ഇന്ത്യയില്‍ രൂപപ്പെട്ട സവര്‍ണ വിരുദ്ധ പ്രസ്ഥാനങ്ങള്‍ സംഭാവനചെയ്‌ത സാംസ്‌ക്കാരിക രാഷ്‌ട്രീയ രൂപങ്ങളാണ് വി പി സിങ്ങിന് പിന്‍ബലമായത്. നാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍, പെരിയോര്‍ രാമസ്വാമിനായ്‌ക്കര്‍, ബസവണ്ണ, മഹാത്മാഫൂലെ തുടങ്ങിയവര്‍ വളര്‍ത്തിയെടുത്ത സാംസ്‌ക്കാരിക, സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഡോ. ബി ആര്‍ അംബേദ്കറുടെ രാഷ്‌ട്രീയ ദര്‍ശനത്തിന്റെയും ഊര്‍ജമാണ് 'സാമൂഹ്യനീതി'യെ എണ്‍പതുകളിലെ മുഖ്യരാഷ്‌ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തുന്നതിന് വി പി സിങ്ങിനെ സഹായിച്ചത്.

നൂറ്റാണ്ടുകളായി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന കോടിക്കണക്കിനു മനുഷ്യരെ ആത്മബോധയമുള്ളവരാക്കി മാറ്റാന്‍ വി പി സിങ് പ്രതിഭാസത്തിനു കഴിഞ്ഞു. ഒപ്പംതന്നെ ഉദാര ജനാധിപത്യവും മാനവികതയും മതനിരപേക്ഷതയുമൊക്കെ പ്രസംഗിക്കുന്ന ഭൂരിപക്ഷവും ജാതിയില്‍ തൊടുമ്പോള്‍ ബ്രാഹ്മണരാണെന്നും അവര്‍ ക്ഷുഭിതരാകുമെന്നും വി പി സിങ് പ്രതിഭാസം തെളിയിച്ചു. ഇതിന്റെ ഫലം നൂറ്റാണ്ടുകളായി വിസ്‌മൃതിയില്‍ കിടന്ന രാമന്‍ സായുധനായി ശംബൂകന്റെ തലയറുക്കാന്‍ രഥയാത്രയ്‌ക്കിറങ്ങിയെന്നതാണ്. ഇന്ത്യക്ക് തീകൊളുത്തിയ ഹൈന്ദവ ഫാസിസം അദ്വാനിയുടെയും നരസിംഹറാവുവിന്റെയും ചുണ്ടുകള്‍ പാടിയ രാഷ്‌ട്രീയ രാമായണമായി അന്തരീക്ഷത്തില്‍ നിറഞ്ഞു. അറിയാവുന്ന എല്ലാ അശ്ളീലപദങ്ങളും അവര്‍ വി പി സിങ്ങിനെതിരെ എറിഞ്ഞു.

ഏറ്റവുമൊടുവില്‍ 'ജാതി വേണ്ട, മതം മതി' എന്ന ലളിത സമവാക്യവുമായി ഹിന്ദുത്വം ചുരുങ്ങുന്നതും ദളിതന്റെ ഇരുണ്ട കുടിലുകളിലേക്ക് പൂണൂലിട്ട ബ്രാഹ്മണ്യം തല കുനിച്ചുചെന്ന് ചണ്ഡാളര്‍ക്കൊപ്പമിരുന്ന് ഒരേവേദിയില്‍ ഭക്ഷണം കഴിക്കുന്നത്ര മാര്‍ദവത്വം പുലര്‍ത്തുന്നതും വി പി സിങ് അഴിച്ചുവിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റില്‍ സ്വന്തം കോട്ടകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതികൊണ്ടുമാത്രമാണ്. പക്ഷേ, ഭൂമിക്കുവേണ്ടിയും അക്ഷരത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടം ശക്തിപ്പെടുമ്പോള്‍, സവര്‍ണന്റെ രാമന് വില്ലുകുലയ്‌ക്കേണ്ടിവരും എന്ന യാഥാര്‍ഥ്യബോധം പിന്നോക്കക്കാരിലും ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളിലും സൃഷ്‌ടിക്കാന്‍ വി പി സിങ് പ്രതിഭാസത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെക്കാലത്തേക്ക് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കേന്ദ്ര പ്രശ്‌നമായി ഈ പ്രതിഭാസം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. ഇക്കാരണത്താല്‍ത്തന്നെ സിങ് ഒരു യുഗപ്പിറവിയുടെ നായകനായി ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുമെന്ന് ഉറപ്പിച്ചുപറയാനാകും.

*****

കടപ്പാട് : ഹിന്ദു, ദേശാഭിമാനി

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയുടെ രാഷ്‌ട്രീയ പ്രക്രിയയില്‍ ഒരു യുഗപ്പിറവി കുറിച്ചുകൊണ്ടാണ് വി പി സിങ് യാത്രയാവുന്നത്. കോണ്‍ഗ്രസുകാരനായി തുടങ്ങി കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയമുന്നണിയുടെ അമരക്കാരനായി മാറിയ ഈ മനുഷ്യന്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പരിമിതികളെക്കൂടി മറികടക്കാന്‍ കഴിഞ്ഞ രാഷ്‌ട്രീയ പ്രവര്‍ത്തകനായിരുന്നു.

നൂറ്റാണ്ടുകളായി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടിരുന്ന കോടിക്കണക്കിനു മനുഷ്യരെ ആത്മബോധയമുള്ളവരാക്കി മാറ്റാന്‍ വി പി സിങ് പ്രതിഭാസത്തിനു കഴിഞ്ഞു. ഒപ്പംതന്നെ ഉദാര ജനാധിപത്യവും മാനവികതയും മതനിരപേക്ഷതയുമൊക്കെ പ്രസംഗിക്കുന്ന ഭൂരിപക്ഷവും ജാതിയില്‍ തൊടുമ്പോള്‍ ബ്രാഹ്മണരാണെന്നും അവര്‍ ക്ഷുഭിതരാകുമെന്നും വി പി സിങ് പ്രതിഭാസം തെളിയിച്ചു. ഇതിന്റെ ഫലം നൂറ്റാണ്ടുകളായി വിസ്‌മൃതിയില്‍ കിടന്ന രാമന്‍ സായുധനായി ശംബൂകന്റെ തലയറുക്കാന്‍ രഥയാത്രയ്‌ക്കിറങ്ങിയെന്നതാണ്. ഇന്ത്യക്ക് തീകൊളുത്തിയ ഹൈന്ദവ ഫാസിസം അദ്വാനിയുടെയും നരസിംഹറാവുവിന്റെയും ചുണ്ടുകള്‍ പാടിയ രാഷ്‌ട്രീയ രാമായണമായി അന്തരീക്ഷത്തില്‍ നിറഞ്ഞു. അറിയാവുന്ന എല്ലാ അശ്ളീലപദങ്ങളും അവര്‍ വി പി സിങ്ങിനെതിരെ എറിഞ്ഞു.

ഏറ്റവുമൊടുവില്‍ 'ജാതി വേണ്ട, മതം മതി' എന്ന ലളിത സമവാക്യവുമായി ഹിന്ദുത്വം ചുരുങ്ങുന്നതും ദളിതന്റെ ഇരുണ്ട കുടിലുകളിലേക്ക് പൂണൂലിട്ട ബ്രാഹ്മണ്യം തല കുനിച്ചുചെന്ന് ചണ്ഡാളര്‍ക്കൊപ്പമിരുന്ന് ഒരേവേദിയില്‍ ഭക്ഷണം കഴിക്കുന്നത്ര മാര്‍ദവത്വം പുലര്‍ത്തുന്നതും വി പി സിങ് അഴിച്ചുവിട്ട രാഷ്‌ട്രീയ കൊടുങ്കാറ്റില്‍ സ്വന്തം കോട്ടകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതികൊണ്ടുമാത്രമാണ്. പക്ഷേ, ഭൂമിക്കുവേണ്ടിയും അക്ഷരത്തിനുവേണ്ടിയും സമത്വത്തിനുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടം ശക്തിപ്പെടുമ്പോള്‍, സവര്‍ണന്റെ രാമന് വില്ലുകുലയ്‌ക്കേണ്ടിവരും എന്ന യാഥാര്‍ഥ്യബോധം പിന്നോക്കക്കാരിലും ന്യൂനപക്ഷ ദളിത് ജനവിഭാഗങ്ങളിലും സൃഷ്‌ടിക്കാന്‍ വി പി സിങ് പ്രതിഭാസത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെക്കാലത്തേക്ക് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കേന്ദ്ര പ്രശ്‌നമായി ഈ പ്രതിഭാസം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. ഇക്കാരണത്താല്‍ത്തന്നെ സിങ് ഒരു യുഗപ്പിറവിയുടെ നായകനായി ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുമെന്ന് ഉറപ്പിച്ചുപറയാനാകും.

മൂര്‍ത്തി said...

ആദരാജ്ഞലികള്‍

Anonymous said...

VP was the right hand of chinese spies(leftists) for long.This multi-millionaire land-lord of Mandya knew that he could retain all those assets by befriending the leftists rather than Congress.( He befriended Congress earlier when Indira's nationalisation policy was seen as the most dreaded weapon by land-lords.) This is exactly what was done by EMS.He could keep his family's land-holdings untouched by Govt when the inevitable land reforms came up.
Beware of the Chinese spies!

Anonymous said...

VP was the right hand of chinese spies(leftists) for long.This multi-millionaire land-lord of Mandya knew that he could retain all those assets by befriending the leftists rather than Congress.

എന്നാ ചരിത്രബോധം. എന്നാ രാഷ്ട്രീയബോധം.

Indira's nationalisation policy was seen as the most dreaded weapon by land-lords.

അടിച്ചാന്‍ പ്രൈസ്. ലാന്‍ഡ് ലോര്‍ഡ്സിന്റെ പാര്‍ട്ടിയല്ലേ മാഷേ കാങ്ക്രസ്സ്. അതെങ്കിലും അറിഞ്ഞിരിക്കെന്നെ.

inevitable land reforms

ഇനെവിറ്റബിള്‍ ഹഹഹ...ക്രെഡിറ്റ് അന്നത്തെ ഇ.എം.എസ്. മന്ത്രിസഭക്ക് കൊടുക്കാന്‍ വയ്യ അല്ലേ. രാഷ്ട്രീയ ഇച്ഛാശക്തി എന്നൊരു വാക്ക് കേട്ടിട്ടുണ്ടാവില്ല.

B Shihab said...

vp salute you

Suvi Nadakuzhackal said...

കുടത്തില്‍ നിന്നും ജാതി ഭൂതത്തെ തുറന്നു വിട്ടത് VP അല്ലെ?

പാമരന്‍ said...

വിപീയ്ക്ക്‌ ആദരാഞ്ജലികള്‍..!

കുറഞ്ഞപക്ഷം അദ്ദേഹം കാണിച്ച രാഷ്ട്രീയാന്തസ്സിനെങ്കിലും വിലമതിച്ചേ മതിയാകൂ.

Anonymous said...

പിന്നാക്കക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ച് വാങ്ങുമ്പോള്‍ അത് ഭൂതത്തെ തുറന്നു വിടലാകും. ഉന്നതകുലജാതര്‍ക്ക് മാത്രം എല്ലാം മതിയെന്നു മറ്റൊരു രീതിയില്‍ പറയുന്ന ശൈലി. സവര്‍ണ്ണ കാപട്യം.

പോരാളി said...

സുവീ, ജാതിഭൂതത്തെ കുടത്തില്‍ നിന്ന് തുറന്നുവിട്ടത് വി.പി യല്ല.കാരണം ഒരിക്കലുമത് കുടത്തിനുള്ളില്‍ അടക്കപ്പെട്ടിരുന്നില്ലല്ലോ. സവര്‍‌ണ്ണ മേലാളന്മാരുടെ അതിക്രൂരമായ പീഡനങ്ങള്‍ക്കും നിന്ദ്യമായ വിവേചനങ്ങള്‍ക്കും വിധേയരായി കോടിക്കണക്കായ പിന്നോക്ക ജനവിഭാഗങ്ങള്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടിരുന്നത് (ഇന്നും തുടരുന്നതും) ജാതീയമായ വേര്‍തിരിവ് കൊണ്ട് തന്നെയായിരുന്നില്ലേ. നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ഐക്യപ്പെടാ‍നും സം‌ഘടിത ശക്തിയായി മുന്നേറാനും ന്യൂനപക്ഷ പിന്നോക്ക ജനവിഭാങ്ങള്‍ക്ക് പ്രചോദനവും ആവേശവും നല്‍‌കിയെന്നത് ജാതി ഭൂതത്തെ തുറന്നുവിടലാണെന്ന ജല്‍‌പനം ഉള്ളില്‍ ദഹിക്കാതെ കിടക്കുന്ന വര്‍‌ണ്ണവെറിയെ സുചിപ്പിക്കുന്നില്ലേയെന്ന് സം‌ശയിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ.വിടവാങിയ ആ സൂര്യതേജസ്സിന് പ്രണാമം.