Sunday, May 31, 2009

കലഹിക്കുന്ന കുട്ടി

കമല സുരയ്യയില്‍ എന്നും ഒരു കലഹിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറയുന്ന കുട്ടി. ആ വാക്കുകളുടെ ആര്‍ജവവും നിഷ്കളങ്കതയും നമ്മുടെ സാമൂഹ്യസാഹചര്യങ്ങളില്‍ പ്രകോപനകരമായി അനുഭവപ്പെട്ടു. അതാണവരെ കേരളസമൂഹത്തിന്റെ വ്യവസ്ഥാപിതശീലങ്ങള്‍ക്ക് ഇണങ്ങാത്ത ഒരു വിമതസ്വരമാക്കിത്തീര്‍ത്തത്. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയുന്ന കുട്ടിയുടെ ആത്മാവ് അവരുടെ വാക്കുകളിലും കര്‍മങ്ങളിലും ജ്വലിച്ചുനിന്നു. കപടനാട്യങ്ങളെയും സദാചാരപ്രീണനത്തെയും എന്നും എതിര്‍ത്ത എഴുത്തുകാരിയായിരുന്നു കമല സുരയ്യ. എഴുത്തില്‍ അവര്‍ പുലര്‍ത്തുന്ന അടിസ്ഥാന താല്‍പ്പര്യങ്ങളിലൊന്ന്, ഇത്തരം മുഖംമൂടികളെ പൊളിച്ചുകാട്ടുക എന്നതാണ്. കുടുംബം, ദാമ്പത്യം തുടങ്ങിയ ഏറ്റവും പ്രാഥമികതലത്തിലുള്ള സാമൂഹ്യ സ്ഥാപനങ്ങളെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് കഥകളില്‍ ഇത് അവര്‍ പ്രായോഗികമാക്കിയത്. അതൊരിക്കലും പ്രകടനാത്മകമോ ബോധപൂര്‍വമോ ആയ ഒരു പരിശ്രമമായിരുന്നില്ല. അവരുടെ രചനാസ്വത്വത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. പുരുഷപ്രാമാണ്യമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്വത്വം നേരിടേണ്ടിവരുന്ന വിച്ഛിത്തികള്‍ കമല സുരയ്യ എന്ന എഴുത്തുകാരിയുടെ മുമ്പിലെ സജീവപ്രശ്നമായിരുന്നു.

1950 കളുടെ ആദ്യപകുതിയില്‍ മലയാളചെറുകഥയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വപരിണാമത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന കമല സുരയ്യ. വ്യക്തിമനസ്സിന്റെ ആഴങ്ങളെ ആവിഷ്കരിച്ച അന്നത്തെ ചെറുകഥകളില്‍, സ്ത്രീയുടെ ആന്തരികജീവിതത്തെ വെളിപ്പെടുത്തുന്ന രചനകളിലൂടെ അവര്‍ സ്വന്തം വഴി കണ്ടെത്തി. ആ സ്ത്രീകളില്‍ വരേണ്യരും പ്രാന്തീകൃതരുമുണ്ടായിരുന്നു. ഏത് സാമൂഹ്യഗണത്തില്‍പ്പെട്ടവരായാലും അവരെല്ലാം ഓരോ തരത്തില്‍ ആത്മാവില്‍ മുറിവേറ്റവരായിരുന്നു. സ്നേഹത്തിനുവേണ്ടി അലയുന്ന കാമിനിമാര്‍, നിലനില്‍പ്പിനുവേണ്ടി സ്വത്വനഷ്ടം നേരിടുന്ന കീഴ്ത്തട്ടിലെ സ്ത്രീകള്‍, അവഗണിതരായ അമ്മമാര്‍, നിരാലംബകളായ വൃദ്ധകള്‍- അവരെല്ലാം വേദനയുടെ ലോകങ്ങളിലെ സത്യങ്ങളായിരുന്നു. അത്തരം സ്ത്രീസത്യങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ ഓരോ കഥയിലും അവര്‍ ഫോക്കസ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സാമൂഹ്യവിമര്‍ശനത്തിന്റെ മുന ആ കഥകളില്‍ നിഷ്കളങ്കമായി കൂര്‍ത്തുനിന്നു.

താന്‍ അവന്തി രാജകുമാരിയാണെന്നുവിശ്വസിച്ച് നൃത്തംചെയ്യുന്ന ഭ്രാന്തിയായ വൃദ്ധയാചകി ബലാത്സംഗം ചെയ്യപ്പെടുന്ന വാളിന്റെ മൂര്‍ച്ചയുള്ള കഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. മക്കളാല്‍ അവഗണിതയായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന വൃദ്ധമാതാവിനെ അവതരിപ്പിക്കുന്ന 'അമ്മ', കുടുംബത്തിന്റെ ചാലകശക്തിയെങ്കിലും ഒട്ടും പരിഗണിക്കപ്പെടാത്ത സാന്നിധ്യമായ അമ്മയെ ആവിഷ്കരിക്കുന്ന 'കോലാട്', അമ്മയുടെ മരണം എന്ന യാഥാര്‍ഥ്യത്തെ അറിയാത്ത മക്കളുടെ അവസ്ഥയെ അവരുടെ അച്ഛന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'നെയ്പായസം' തുടങ്ങിയ കഥകളും ഈ ഗണത്തില്‍പ്പെട്ട അതീവം ഹൃദയോന്മാഥികളായ രചനകളാണ്. അവയിലെല്ലാം സാമൂഹ്യസത്യത്തിന്റെ പ്രകോപനകരമായ വെളിപ്പെടുത്തലുണ്ട്. പക്ഷേ, കലാത്മകത ഹൃദയസ്പര്‍ശിയായ ആന്തരികചൈതന്യം പലപ്പോഴും അതിന് ആവരണമിടാറുണ്ടെന്നുമാത്രം. മാധവിക്കുട്ടിയുടെ രചനകളില്‍ ഏറെ സഹൃദയപ്രീതിനേടിയവയാണ് അവരുടെ ആത്മകഥാപരമായ കൃതികള്‍. 'എന്റെ കഥ' പ്രകോപിപ്പിച്ചത് സദാചാരവാദികളെയാണ്. സ്നേഹാന്വേഷണത്തിന്റെ മുഖങ്ങളായി അതില്‍ എഴുത്തുകാരി അവതരിപ്പിച്ച കാവ്യാത്മകഭാഗങ്ങളുടെ പേരില്‍ ഏറെ അവമതിക്കപ്പെട്ടു, ആ എഴുത്തുകാരി. എന്നാല്‍, എഴുത്ത് എന്ന കര്‍മമാണ് ഒരു വ്യക്തിയുടെ ധീരതയുടെ പരീക്ഷണശാല എന്നറിയാമായിരുന്ന അവര്‍ അത്തരം പ്രതികരണങ്ങളെ അതിജീവിക്കാനുള്ള സര്‍ഗാത്മകമായ കരുത്ത് പ്രകടിപ്പിച്ചു. സര്‍ഗാത്മകതയോടു ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളുടെ നിര്‍ധാരണം ആ പുസ്തകത്തിലുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആഖ്യാനവൈഭവത്തിന്റെ വിളംബരങ്ങളാണ്, 'ബാല്യകാലസ്മരണകള്‍' 'വര്‍ഷങ്ങള്‍ക്കു മുമ്പ്', 'നീര്‍മാതളം പൂത്തകാലം' എന്നീ കൃതികള്‍. അനുഭവക്കുറിപ്പുകളുടെ മേലങ്കിയണിഞ്ഞാണ് അവപുറത്തുവന്നതെങ്കിലും യാഥാര്‍ഥ്യത്തിന്റെയും അനുഭവത്തിന്റെയും ഭാവനയുടെ രസതന്ത്രം അവയില്‍നിന്ന് ചൈതന്യഭരിതമായ ഒരു മാനവികലോകം ഉയര്‍ത്തിയെടുക്കുന്നു. നാലപ്പാട്ടു ഭവനവും കൊല്‍ക്കത്തയിലെ വീടും അവയെചുറ്റിപ്പറ്റിയുള്ള വൈചിത്ര്യമാര്‍ന്ന മനുഷ്യരും സംഭവങ്ങളുമെല്ലാം ജീവചൈതന്യത്തോടെ അതില്‍നിന്ന് ഉയിര്‍ത്തുവരുന്നു. കുലീനത, വരേണ്യത തുടങ്ങിയ സങ്കല്‍പ്പങ്ങളെ നിശിതമായി വിചാരണചെയ്യുന്ന ഒരു സ്വരം ആ രചനകളിലുണ്ട്. കുടുംബാംഗങ്ങളില്‍നിന്നു ലഭിക്കാത്ത സ്നേഹത്തിന്റെയും വൈകാരികസുരക്ഷയുടെയും ഊഷ്മളത വേലക്കാരില്‍നിന്നും കൂട്ടുകാരില്‍നിന്നും മറ്റും കിട്ടുന്ന ബാലികയുടെ പ്രതികരണത്തിന്റെ മുന മറ്റെന്താണ് ചൂണ്ടിക്കാട്ടുന്നത്?

മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തും ഇന്ത്യന്‍ ഇംഗ്ളീഷ് കവിതയിലെ ഒന്നാംനിരക്കാരില്‍ ഒരാളും ആയിരിക്കെത്തന്നെ, സാഹിത്യത്തിലെ അത്തരം ശ്രേണിവല്‍ക്കരണത്തിന്റെ ആടയാഭരണങ്ങളും ആലഭാരങ്ങളും വലിച്ചെറിഞ്ഞ് നിരന്തരം ആത്മാവിന്റെ സ്വരം സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും കൂടി പ്രകടിപ്പിച്ച എഴുത്തുകാരിയായിരുന്നു കമല സുരയ്യ. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കലഹിക്കുന്ന കുട്ടിയാണ് അവരുടെ തിരോധാനത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.

*
ഡോ. കെ എസ് രവികുമാര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലയാളത്തിന്റെ വിശ്വസാഹിത്യകാരിക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.