Wednesday, May 6, 2009

അക്ഷയതൃതീയ

പതിവ് കട്ടന്‍ചായ പുലര്‍കാലേ സമ്മാനിച്ച് ഭാര്യ ഒതുങ്ങിനിന്നപ്പോള്‍ കൊണ്ടേരന് മനസ്സിലായി അവള്‍ ആശയവിനിമയത്തിനു തയ്യാറെടുക്കുകയാണെന്ന്.
കണ്ണുകൊണ്ടായിരുന്നു കൊണ്ടേരന്‍ 'എന്ത്' എന്ന് ചോദിച്ചത്. ഭാവത്തിലെ പുരുഷമേധാവിത്വത്തെ അനാദരിച്ച് അവള്‍ നാവുകൊണ്ടുതന്നെ ഉത്തരം പറഞ്ഞു.
'ഇന്ന് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.'
കൊണ്ടേരന് അതില്‍ പുതുമയില്ലെങ്കിലും വായനക്കാര്‍ക്ക് അറിയാന്‍വേണ്ടി ഇരു പുരികവും ഉയര്‍ത്തി 'എന്തുകൊണ്ട്' എന്ന ചോദ്യം ഉന്നയിച്ചു.
അവള്‍ പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടത് നീയറിഞ്ഞില്ലേ?'
അറിഞ്ഞില്ല എന്നു പറഞ്ഞ് ഒരു സ്‌ത്രീക്കു മുന്നില്‍ അജ്ഞനാവാന്‍ കൊണ്ടേരന്റെ അഭിമാനം സമ്മതിച്ചില്ല. അറിഞ്ഞു എന്ന കള്ളം പറയാന്‍ മനസ്സിലെ ആദര്‍ശവാദി സമ്മതിച്ചുമില്ല. രണ്ട് സാധ്യതകളും നിലനിര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു.
'കൊല്‍ക്കത്തയില്‍നിന്ന് വിളിച്ചു എന്ന് പറഞ്ഞിരുന്നു. പക്ഷേ മൊബൈലില്‍ ചാര്‍ജില്ലാതിരുന്നതിനാല്‍ തിരിച്ച് വിളിക്കാന്‍ കഴിഞ്ഞില്ല.'
നാട്യം ആസ്വദിച്ച് ചിരിക്കാതെതന്നെ ഭാര്യ തുടര്‍ന്നു.
'ആ ന്യൂനമര്‍ദം ആന്ധ്ര, തമിഴ്‌നാട് വഴി കടന്നു പോയി.'
'റൂട്ടില്‍ വേറെ തടസ്സങ്ങളൊന്നും...?'
'ഇല്ല. പ്രചണ്ഡവാതത്തെ തടുത്തുനിര്‍ത്താന്‍ പറ്റുന്ന ശക്തികളൊന്നും ഇന്നോളം ഭാഷയില്‍ പിറന്നിട്ടില്ല. കര്‍ഷകരുടെ ആവാസവ്യവസ്ഥക്ക് മീതെയാണ് ചണ്ഡവാതം കടന്നുപോയത്. കൃഷിയെ ബാധിച്ചു, ഉല്‍പ്പാദനം കുറഞ്ഞു, കര്‍ഷകര്‍ ആത്മഹത്യാക്കുറിപ്പുകളെഴുതി, ആഭ്യന്തരവിപണിയെ ബാധിച്ചു, കേരളത്തിലേക്കുള്ള അരിവരവില്‍ 1.08 ശതമാനം കുറവുണ്ടായി.'
സാമ്പത്തികശാസ്‌ത്രം മനുഷ്യനുവേണ്ടി എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ളാസ് തുടരവെ ഭാര്യയുടെ ജ്ഞാനസമ്പാദനത്തില്‍ കൊണ്ടേരന്‍ കോരിത്തരിച്ചു.
മനസ്സില്‍ പറഞ്ഞു.
'മിടുക്കി. വിഷയത്തില്‍ നിന്നുകൊണ്ട് വിഷയത്തിന്റെ പരിമിതികള്‍ മറികടക്കുന്ന നിന്റെ തന്ത്രം അഭിനന്ദനീയം തന്നെ. തിന്നാനൊന്നുമില്ലെങ്കിലെന്ത് ? നിന്നെപ്പോലെ ഒരുത്തിയെ എന്റെ ഭാര്യയായി കിട്ടിയത് കേരളത്തിന്റെ മഹാഭാഗ്യം...'
അവള്‍ തുടര്‍ന്നു.
'ആ 1.08 ശതമാനത്തില്‍ നമ്മുടെ കുടുംബവും പെടും.'
ചായ വായില്‍ വിശ്രമിക്കുമ്പോള്‍തന്നെ കൊണ്ടേരന്‍ പൊട്ടിച്ചിരിച്ചുപോയി. അന്തരീക്ഷത്തില്‍ ജലധാരായന്ത്രം പിറന്നു.
നിറുകയില്‍ തട്ടി സ്ഥിതിഗതികള്‍ പുനഃസ്ഥാപിപ്പിക്കുമ്പോള്‍ അവളെ കെട്ടിപ്പിടിച്ച് കൊണ്ടേരന്‍ പറഞ്ഞു.
'പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നീ പിറന്നതെങ്കില്‍ എനിക്കുതരാതെ കുഞ്ചന്‍നമ്പ്യാര്‍ നിന്നെ റാഞ്ചുമായിരുന്നില്ലേ എന്ന് ഞാന്‍ ന്യായമായും ഭയക്കുന്നു.'
'നിന്നോടൊപ്പമുള്ള എന്റെ ജീവിതം കാര്യങ്ങള്‍ വളച്ചുകെട്ടി പറയാന്‍ എന്നെ ശീലിപ്പിച്ചു. കാര്യങ്ങള്‍ നേരെ പറയുന്നതിനേക്കാള്‍ എളുപ്പം മനസ്സിലാവുന്നത് വളച്ചുകെട്ടുമ്പോഴാണെന്ന് അനുഭവം എന്നെ പഠിപ്പിച്ചു. അനുഭവമാണല്ലൊ യു ജി സി വാങ്ങാത്ത ഗുരുനാഥന്‍. ജനങ്ങള്‍ പൊതുവെ ബുദ്ധിജീവികളായതുകൊണ്ട് നേരെ പറഞ്ഞാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല. ഒന്നു വളച്ചുകെട്ടി പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ലെന്ന് പറയാനും പറ്റില്ല.'
'നീ പുറത്തിറങ്ങരുത്. ആരെങ്കിലും കണ്ടാല്‍ വൈസ് ചാന്‍സലറാക്കിക്കളയും' എന്ന് പറഞ്ഞ് ഒന്നുകൂടി കെട്ടിപ്പിടിക്കാന്‍ കൊണ്ടേരന് തോന്നിയെങ്കിലും അത്തരം യോഗാഭ്യാസങ്ങള്‍ക്കുള്ള സമയപരിധി കടന്നെന്ന് അവള്‍ അറിയിച്ചു.
'ഉച്ചക്ക് വെക്കാന്‍ അരിയില്ല' എന്ന ഒറ്റ വാചകത്തെ അവള്‍ എത്ര മനോഹരമായാണ് ഒരു ഗവേഷണവിഷയമാക്കിയത്! അവളുടെ കണ്ടെത്തലുകള്‍, നിരീക്ഷണ ബുദ്ധി, അപഗ്രഥനം...അമ്പമ്പോ...എത്ര ഉജ്വലമാണ്! സത്യത്തില്‍ പട്ടിണി എന്നുപറഞ്ഞാല്‍ എന്താണ്? അതൊരു തിയററ്റിക്കല്‍ പ്രോബ്ളം മാത്രമാണ്. അതിന്റെ പരിഹാരവും തിയററ്റിക്കല്‍ തന്നെയാണ്. പിന്നെയുള്ള ഏകപ്രശ്‌നം തിയറി അറിയാവുന്നവര്‍ പട്ടിണി കിടക്കുന്നില്ലെന്നതും, പട്ടിണി കിടക്കുന്നവര്‍ തിയറി അറിയുന്നില്ല എന്നതുമാണ്. ഇതാണ് ഇതിന്റെ ഏക വൈരുദ്ധ്യം. ഇത് പരിഹരിച്ചാല്‍ ദിസ് പ്രോബ്ളം വില്‍ ബീ സോള്‍വ്ഡ് കംപ്ളീറ്റ്ലി.
ആശയപരമായി എന്റെ ഭാര്യ എത്രയോ ഉയര്‍ന്നിരിക്കുന്നു. പുതിയ ജ്ഞാനമേഖലയില്‍ നിന്നുകൊണ്ട് പ്രശ്‌നത്തെ വൈയക്തികമായല്ലാതെ അവള്‍ക്ക് കാണാന്‍ കഴിയുന്നുണ്ട്. മുണ്ട് മുറുക്കിയുടുത്തിട്ടാണെങ്കിലും അവള്‍ പ്രഭാഷണം ഗംഭീരമാക്കിയല്ലോ! കുളിച്ചില്ലെങ്കിലും പുരപ്പുറത്തിടുന്ന ഇത്തരം പ്രഭാഷണങ്ങളിലൂടെ രാജ്യത്തിന്റെ ഭാവി ശോഭനമാണെന്ന് നമുക്ക് ഉറപ്പിക്കാം.
ഭാവിയില്‍ ശുഭാപ്തിയുള്ളവനായി കൊണ്ടേരന്‍ പല്ലുതേച്ചു, കുളിച്ചു.
പിന്നെ പുറത്തിറങ്ങി. ഇരതേടിയെന്ന മട്ടിലാണ് പുറപ്പാട്. വീഴ്ത്താന്‍ പറ്റിയ പരുവത്തില്‍ ആരെയും കാണുന്നില്ല. അവസാനം ടോഡി ഷോപ് നമ്പര്‍ 32ല്‍ നാണുക്കുട്ടന്റെ അടുത്തെത്തി. ചില്ലറ ധനസഹായം ചെയ്യുന്നത് അവനാണ്. ബുദ്ധിക്ക് കിട്ടുന്ന അംഗീകാരമായാണ് കൊണ്ടേരന്‍ അതിനെ കാണുന്നത്. അതുകൊണ്ട് തിരിച്ചുകൊടുക്കേണ്ട പ്രശ്‌നം ഉദിക്കുന്നു പോലുമില്ല. ബുദ്ധിയും കൊടുക്കല്‍വാങ്ങലും ഒരിക്കലും ഒന്നിച്ചു പോവുകയുമില്ല.
നാണുക്കുട്ടനാവട്ടെ അത് പ്രതീക്ഷിക്കുന്നുമില്ല. അങ്ങനെ ചെയ്‌താല്‍ കൊണ്ടേരന്‍ ഒരു പണ്ഡിതനല്ലാതായി മാറും എന്ന് നാണുക്കുട്ടന്‍ ഭയപ്പെടുകയും ചെയ്യുന്നു.
അന്ന് രാവിലെ ഉണ്ടായ ചില സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ നാണുക്കുട്ടനുമായി പങ്കുവെച്ചു. പകര്‍ന്നു കിട്ടിയ ജ്ഞാനത്തില്‍ തൃപ്‌തനായി ഒരു കോപ്പ നിറയെ തുള്ളിത്തുളുമ്പുംവിധം നാണുക്കുട്ടന്‍ കൊണ്ടേരന് സമ്മാനിച്ചു. ഇത് അനാവശ്യ മര്യാദയാണെന്ന മട്ടില്‍ കൊണ്ടേരന്‍ അത് അകത്താക്കി.
'നാണുക്കുട്ടന്‍, നഗരത്തിലേക്കുള്ള ബസ്സുകളില്‍ വന്‍ തിരക്കനുഭവപ്പെടുന്നു. വിശേഷം വല്ലതും..?'
'തീര്‍ഥയാത്രയാണ്..'
'എന്തിന്?'
'ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍..'
'എന്നെ ഇപ്പോഴും അജ്ഞത വലയം ചെയ്യുന്നു. ആശയം വ്യക്തമാക്കൂ.'
'ഇന്ന് അക്ഷയതൃതീയ. ഇന്ന് സ്വര്‍ണം വാങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് ഐശ്വര്യവും ക്ഷേമവും വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികകൂടി കിട്ടും. ഫ്രീ.'
'ഒരു വര്‍ഷത്തെ ഐശ്വര്യത്തിന് ഒരു പവന്റെ വിലയാണ് അല്ലെ? ആറു മാസത്തേക്ക് അരപ്പവന്‍ എന്നാണോ കണക്ക്?'
'ഒരു പത്തു പവനെങ്കിലും ഇല്ലാതെ എങ്ങനെയാണ് കൊണ്ടേരന്‍ ഇക്കാലത്ത് ഒരു ദരിദ്രനുണ്ടാവുക..?'
'ശരിയാണ് നാണുക്കുട്ടന്‍. പണ്ട് ഏതെങ്കിലും അമ്പലമുറ്റത്തുനിന്ന് ' ഭഗവാനേ..' എന്നു വിളിച്ചാല്‍ ഐശ്വര്യം കിട്ടുമായിരുന്നു. കൂടിവന്നാല്‍ ഇരുപത്തിയഞ്ചുപൈസ ഭണ്ഡാരത്തിലിട്ടാല്‍ മതി. വല്ലാത്ത കാലക്കേടുകള്‍ ഉണ്ടെങ്കില്‍ ഉപ്പൂതി ഉഴിഞ്ഞ് കളയാം. അന്ന് ഒരു കിലോ ഉപ്പിന് പത്തുപൈസ മാത്രം. ഇഷ്‌ടകാര്യ പ്രാപ്‌തിക്ക് ഒരേലസ്. കൂടിവന്നാല്‍ അമ്പതു രൂപ. ഇപ്പോള്‍ ഇത്തിരി ഐശ്വര്യം ഉണ്ടാവാന്‍ രൂപ പതിനായിരം വേണം. അതും ഒരു വര്‍ഷത്തേക്ക്.'
ഷാപ്പിലെ ശ്രോതാക്കള്‍ നിര്‍ന്നിമേഷരായി കൊണ്ടേരന്റെ പ്രഭാഷണം ശ്രവിച്ചു. നഷ്‌ടസ്‌മരണയില്‍ ഓരോ കോപ്പകൂടി കഴിച്ചു. കാന്താരിമുളക് കടിച്ചു.
നാണുക്കുട്ടനോട് ചെറിയ വായ്‌പ വാങ്ങി കൊണ്ടേരന്‍ നഗരത്തിലേക്കുള്ള ബസ്സില്‍ കയറി. സൂചി കൂടി കുത്താന്‍ സ്ഥലമുള്ളിടത്ത് നാലുപേരെക്കൂടി നിര്‍ത്തിയാണ് യാത്ര. കമ്പിയില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ബസിലെ സ്റ്റിക്കര്‍ കണ്ണില്‍ പെട്ടു.
'ജുവല്ലറി മുത്തപ്പന്‍ ഈ ബസിന്റെ ഐശ്വര്യം.'
നഗരത്തില്‍ പ്രളയം. നാലുപാടും പരക്കം പായുന്ന ജനം. വൈകുന്നേരം 6.18ന് സമയം തീരും. അതിനു മുമ്പ് വാങ്ങണം. എന്നാല്‍ തിരക്ക് പ്രമാണിച്ച് ഇന്നത്തെ വൈകുന്നേരം രാത്രി ഒമ്പതു മണിവരെ നീട്ടിയതായി വൈകുണ്ഠത്തില്‍നിന്ന് അറിയിച്ചതായി ജുവല്ലറി അധികൃതര്‍ പറഞ്ഞു.
തിരക്കുകള്‍ക്കിടയിലൂടെ നീങ്ങുമ്പോള്‍ തോളിലൊരു കൈ. തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി. വെളിച്ചപ്പാട്.
വൃത്തിയുള്ള ചുവന്ന പട്ട്. ഷാമ്പൂ തേച്ച് കുളിച്ച് ഉണക്കിയ തലമുടി. നേര്‍ വടിവില്‍ പൂശിയ ഭസ്‌മം, ചന്ദനം. ഇലക്ട്രോപ്ളെയിറ്റ് ചെയ്‌ത അരമണി, കുടമണി, ചിലമ്പ്, പള്ളിവാള്‍.
'വെളിച്ചപ്പാടേ, താനിങ്ങനെ വെളിച്ചപ്പെട്ടിരിക്കുന്നതിന്റെ കാരണം?'
'വാ..'
വെളിച്ചപ്പാടിന്റെ പിന്നാലെ കൊണ്ടേരന്‍ നടന്നു. നക്ഷത്രങ്ങള്‍ കണ്‍ചിമ്മുന്ന ബാറിലേക്ക്. ശീതീകരിച്ച മുറിയില്‍ മേശക്ക് അഭിമുഖമായി ഇരുവരും സ്ഥാനം പിടിച്ചു. എന്തുവേണം എന്നാരാഞ്ഞ ഭടനോട് ഏറ്റവും മുന്തിയത് എന്നായിരുന്നു വെളിച്ചപ്പാടിന്റെ ഉത്തരം.
അമ്പരന്ന കൊണ്ടേരനോട് വെളിച്ചപ്പാട് പറഞ്ഞു.
'ഇത്രയും നാള്‍ ഞാന്‍ ഉപാസിച്ച മൂര്‍ത്തി എനിക്ക് വഴി കാണിച്ചു.'
'ഞാന്‍ വിശ്വസിക്കുന്നില്ല.'
'നീ എന്തിനിങ്ങനെ നിരീശ്വരനാവുന്നു? നഗ്നനേത്രങ്ങളെ അവിശ്വസിക്കുന്നു?'
'കേള്‍ക്കട്ടെ, പറയൂ കഥ, കഴിയുന്നത്ര ചുരുക്കി.'
'കൊണ്ടേരന്‍ എന്റെ മാറ്റങ്ങള്‍ നീ കാണുന്നില്ലേ. എനിക്കിതെല്ലാം എവിടെ നിന്നു കിട്ടി? എന്റെ മൂര്‍ത്തി തന്നു.'
'എന്തിന്?'
'ദാ..ആ സ്വര്‍ണക്കട നിനക്കും കാണാവുന്ന ദൂരത്തല്ലെ. ഈ വേഷവിധാനങ്ങളോടെ അതിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കും, ഒരു നിശ്ചലദൃശ്യമായി. ആളുകള്‍ കൂടുമ്പോള്‍ ഞാന്‍ പള്ളിവാള്‍ ചൂണ്ടും, അകത്തേക്ക്. സര്‍വാഭീഷ്‌ടസിദ്ധിക്കായി കടന്നുചെല്ലൂ എന്ന് മൌനമായി ആജ്ഞാപിക്കും. ജനം കുറഞ്ഞാല്‍ ഞാന്‍ അരമണിയും ചിലമ്പും കുലുക്കി പതുക്കെയൊന്ന് തുള്ളും.'
'എന്തുകിട്ടും.'
'501രൂപയും, ഫുള്‍ബോട്ടില്‍ കുതിരറമ്മും.'
'നീ നിന്റെ ദൈവത്തെ വിറ്റു..'
'അബദ്ധം പറയാതിരിക്കൂ. കഴിഞ്ഞ മുപ്പതു വര്‍ഷം തുള്ളിയിട്ട് എനിക്ക് മുപ്പതു രൂപ തികച്ചുകിട്ടിയില്ല. മഹാവ്യാധികള്‍ വരാതിരിക്കാന്‍ ചോരചിന്തിയാണ് ഞാന്‍ തുള്ളിയതെന്ന് നീ മറക്കരുത്. എന്റെ മൂര്‍ത്തി എന്നോട് പറഞ്ഞു' കോമരമേ..അപ് ടു ഡേറ്റാവൂ..പുതിയ ആശയം അവതരിപ്പിക്കൂ, സൿസസ്സാവൂ..'
വെളിച്ചപ്പാട് ഒരു ഗ്ളാസ് കൂടി കാലിയാക്കി, കോഴിക്കാലില്‍ കടിച്ചു.

***
എം എം പൌലോസ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

പതിവ് കട്ടന്‍ചായ പുലര്‍കാലേ സമ്മാനിച്ച് ഭാര്യ ഒതുങ്ങിനിന്നപ്പോള്‍ കൊണ്ടേരന് മനസ്സിലായി അവള്‍ ആശയവിനിമയത്തിനു തയ്യാറെടുക്കുകയാണെന്ന്.
കണ്ണുകൊണ്ടായിരുന്നു കൊണ്ടേരന്‍ 'എന്ത്' എന്ന് ചോദിച്ചത്. ഭാവത്തിലെ പുരുഷമേധാവിത്വത്തെ അനാദരിച്ച് അവള്‍ നാവുകൊണ്ടുതന്നെ ഉത്തരം പറഞ്ഞു.
'ഇന്ന് ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.'
കൊണ്ടേരന് അതില്‍ പുതുമയില്ലെങ്കിലും വായനക്കാര്‍ക്ക് അറിയാന്‍വേണ്ടി ഇരു പുരികവും ഉയര്‍ത്തി 'എന്തുകൊണ്ട്' എന്ന ചോദ്യം ഉന്നയിച്ചു.
അവള്‍ പറഞ്ഞു.
'കഴിഞ്ഞ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപം കൊണ്ടത് നീയറിഞ്ഞില്ലേ?'
അറിഞ്ഞില്ല എന്നു പറഞ്ഞ് ഒരു സ്‌ത്രീക്കു മുന്നില്‍ അജ്ഞനാവാന്‍ കൊണ്ടേരന്റെ അഭിമാനം സമ്മതിച്ചില്ല. അറിഞ്ഞു എന്ന കള്ളം പറയാന്‍ മനസ്സിലെ ആദര്‍ശവാദി സമ്മതിച്ചുമില്ല. രണ്ട് സാധ്യതകളും നിലനിര്‍ത്തി കൊണ്ടേരന്‍ പറഞ്ഞു.
'കൊല്‍ക്കത്തയില്‍നിന്ന് വിളിച്ചു എന്ന് പറഞ്ഞിരുന്നു. പക്ഷേ മൊബൈലില്‍ ചാര്‍ജില്ലാതിരുന്നതിനാല്‍ തിരിച്ച് വിളിക്കാന്‍ കഴിഞ്ഞില്ല.'
നാട്യം ആസ്വദിച്ച് ചിരിക്കാതെതന്നെ ഭാര്യ തുടര്‍ന്നു.
'ആ ന്യൂനമര്‍ദം ആന്ധ്ര, തമിഴ്‌നാട് വഴി കടന്നു പോയി.'
'റൂട്ടില്‍ വേറെ തടസ്സങ്ങളൊന്നും...?'
'ഇല്ല. പ്രചണ്ഡവാതത്തെ തടുത്തുനിര്‍ത്താന്‍ പറ്റുന്ന ശക്തികളൊന്നും ഇന്നോളം ഭാഷയില്‍ പിറന്നിട്ടില്ല. കര്‍ഷകരുടെ ആവാസവ്യവസ്ഥക്ക് മീതെയാണ് ചണ്ഡവാതം കടന്നുപോയത്. കൃഷിയെ ബാധിച്ചു, ഉല്‍പ്പാദനം കുറഞ്ഞു, കര്‍ഷകര്‍ ആത്മഹത്യാക്കുറിപ്പുകളെഴുതി, ആഭ്യന്തരവിപണിയെ ബാധിച്ചു, കേരളത്തിലേക്കുള്ള അരിവരവില്‍ 1.08 ശതമാനം കുറവുണ്ടായി.'
സാമ്പത്തികശാസ്‌ത്രം മനുഷ്യനുവേണ്ടി എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ളാസ് തുടരവെ ഭാര്യയുടെ ജ്ഞാനസമ്പാദനത്തില്‍ കൊണ്ടേരന്‍ കോരിത്തരിച്ചു.
മനസ്സില്‍ പറഞ്ഞു.
'മിടുക്കി. വിഷയത്തില്‍ നിന്നുകൊണ്ട് വിഷയത്തിന്റെ പരിമിതികള്‍ മറികടക്കുന്ന നിന്റെ തന്ത്രം അഭിനന്ദനീയം തന്നെ. തിന്നാനൊന്നുമില്ലെങ്കിലെന്ത് ? നിന്നെപ്പോലെ ഒരുത്തിയെ എന്റെ ഭാര്യയായി കിട്ടിയത് കേരളത്തിന്റെ മഹാഭാഗ്യം...'
അവള്‍ തുടര്‍ന്നു.
'ആ 1.08 ശതമാനത്തില്‍ നമ്മുടെ കുടുംബവും പെടും.'
ചായ വായില്‍ വിശ്രമിക്കുമ്പോള്‍തന്നെ കൊണ്ടേരന്‍ പൊട്ടിച്ചിരിച്ചുപോയി. അന്തരീക്ഷത്തില്‍ ജലധാരായന്ത്രം പിറന്നു.
നിറുകയില്‍ തട്ടി സ്ഥിതിഗതികള്‍ പുനഃസ്ഥാപിപ്പിക്കുമ്പോള്‍ അവളെ കെട്ടിപ്പിടിച്ച് കൊണ്ടേരന്‍ പറഞ്ഞു.
'പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് നീ പിറന്നതെങ്കില്‍ എനിക്കുതരാതെ കുഞ്ചന്‍നമ്പ്യാര്‍ നിന്നെ റാഞ്ചുമായിരുന്നില്ലേ എന്ന് ഞാന്‍ ന്യായമായും ഭയക്കുന്നു.'

Anonymous said...

എന്തു കൊണ്ടാണ് ഇതു അക്ഷയത്രതീയക്ക് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുന്നത്? ഇതിനിപ്പോള്‍ ഒരു തമാശ വായിക്കുന്ന അനുഭവമേ ഉള്ളൂ. മറിച്ച് ബോധവല്‍ക്കരണം ആണ് ലക്ഷ്യമെങ്കില്‍ അക്ഷയത്രതീയക്കു മുന്നേ ആവണം. അതിനു തയാറാവാത്തതെന്ത്? പത്രത്തിന്റെ അതേ മനോഭാവം?

'motivation and advices doesn't last for long' അതാതിന്റെ സമയത്ത് മാത്രെ ഫലം ചെയ്യൂ.ഇതു വായിച്ച് ചിരിച്ചവര്‍ അടുത്ത വര്‍ഷവും ഒരു വര്‍ഷത്തെ ഐശ്വരമെന്ന ചൂണ്ടയില്‍ കുരുങ്ങും.

വികടശിരോമണി said...

അനോനി പറഞ്ഞപോലെ,സമയം ശരിയായില്ലേ എന്നുതോന്നി.സംഭവം കലക്കനായിട്ടുണ്ട്.

Anonymous said...

adutha post Pinaraayiye AG punyavaalanaakki vaazhichathinu applaas adichukondullathaakane

Anonymous said...

പൂവാലന്റൈന്‍സ് ഡേയിലും നമ്മ ഇതുപോലെ പോതവല്‍ക്കരിക്കുമോ അവോ?

Anonymous said...

anonykale ningal enthinu bhayakkunnu? ningale bodhavalkarkkan vendi aarum onnum ezhuthiyittilla. thalakkakathu vallathum ullavane mathrame 'bodha'valkkarikkan pattoo. akshayathritheeya ennu parayumbol valentine's day ennu kelkkunna ninteyokke aasanam chorichil maran enthenkilumokke ezhuthiyittu podey...