ജ്ഞാനം അഥവാ അറിവ് രണ്ടു തരത്തിലാണ്. ഭൌതികമായ അറിവും ആത്മീയജ്ഞാനവും. ഭൌതികമായ അറിവ് ജ്ഞാനേന്ദ്രിയങ്ങളുടെ സഹായത്തോടെ മനുഷ്യമനസ്സിന്റെ ബോധമണ്ഡലം സ്വായത്തമാക്കുന്ന സംവേദനങ്ങളെ (perceptions) അടിസ്ഥാനമാക്കിയുള്ള മനനം, നിഗമനം, വിചിന്തനം, ഊഹാധിഷ്ഠിത ചിന്തനം (speculative thinking) തുടങ്ങിയ ജ്ഞാനഗോചരതാ പ്രക്രിയകളിലൂടെ (cognitive process) മനുഷ്യന്‍ ആര്‍ജിക്കുന്ന വിജ്ഞാനമാണ്. ആത്മീയജ്ഞാനം മനുഷ്യമനസ്സില്‍ ആന്തരികമായി ഉണ്ടാകുന്ന ഒരു ഭാവമാണ്. അത് അറിവല്ല. ഭൂതോദയം (intuition), ധ്യാനം (contemplation), സ്വപ്നം തുടങ്ങിയ മാനസിക പ്രക്രിയകളിലൂടെ കൈവരുന്നതാണ് ആത്മീയജ്ഞാനം. അതിന്റെ ഭൂമിക മതത്തില്‍ അല്ലെങ്കില്‍ ആത്മീയതയില്‍ ഉള്ള വിശ്വാസമാണ്. മറിച്ച് പ്രാപഞ്ചിക വിജ്ഞാനത്തിന്റെ നിലപാടുതറ ഭൌതിക പ്രപഞ്ചമാണ്. ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ഇസ്ലാം കാഴ്ചവച്ച ആത്മീയജ്ഞാനത്തെക്കുറിച്ചല്ല, ഭൌതിക വിജ്ഞാനങ്ങളെക്കുറിച്ചാണ്.
ഇസ്ലാം പ്രപഞ്ചസ്രഷ്‌ടാവായ അല്ലാഹുവിനാല്‍ വെളിപ്പെടുത്തപ്പെട്ട മതം (revealed religion) ആണെന്ന് മതാനുയായികള്‍ വിശ്വസിക്കുന്നു. അതിനവര്‍ ചൂണ്ടിക്കാണിക്കുന്ന ഉപോദ്ബലകം മുഹമ്മദ് എന്ന ദൂതന്റെ മനസ്സിലേക്ക് പ്രത്യായനം ചെയ്യപ്പെട്ടതെന്ന് അവര്‍ വിശ്വസിക്കുന്ന ഖുര്‍ആന്‍ വചനങ്ങളാണ്. വചനങ്ങളില്‍ അറിവിനെക്കുറിച്ചും (ഇല്‍മ്) ജ്ഞാനത്തെക്കുറിച്ചും (ഹിൿമ) പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാം.
അവര്‍ പറഞ്ഞു: നിനക്ക് സ്തോത്രം; നീ ഞങ്ങളെ പഠിപ്പിച്ചതല്ലാതെ അറിവ് (ഇല്‍മ്) ഞങ്ങള്‍ക്കില്ല. നീ അറിവുള്ളവനും (അലീം) ജ്ഞാനമുള്ളവനും (ഹക്കീം) ആകുന്നു. (ഖുര്‍ആന്‍ 2.32)
ഞങ്ങളുടെ രക്ഷകാ! നിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്കായി ഉരുവിടുകയും അവരെ വേദവും (കിത്താബ്) ജ്ഞാനവും (ഹിക്‌മ) പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നുയുര്‍ത്തേണമേ. (ഖുര്‍ആന്‍ 2.129)
നിങ്ങള്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഉരുവിട്ടുകേള്‍പ്പിക്കാനും നിങ്ങളെ ഉത്കൃഷ്ടരാക്കാനും നിങ്ങള്‍ക്ക് വേദവും ജ്ഞാനവും അറിവില്ലാത്ത കാര്യങ്ങളും (ഇല്‍മ്) പഠിപ്പിക്കാനും നിങ്ങളിലൊരാളെ ദൂതനായി നിയോഗിച്ചു. (ഖുര്‍ആന്‍ 2.151)
മുകളിലുദ്ധരിച്ചുചേര്‍ത്ത വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ജ്ഞാനം അഥവാ ഹിൿമ ആത്മീയജ്ഞാനമാണ്. അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ജ്ഞാനം (ഹിൿമ) സിദ്ധിച്ച ആളാണെന്നും വചനങ്ങളില്‍ പറയുന്നുണ്ട്. മുഹമ്മദിനു സിദ്ധിച്ച ജ്ഞാനങ്ങളില്‍ ഏറ്റവും പ്രധാനം അല്ലാഹു ഏകനാണെന്ന ജ്ഞാനമത്രേ. മനുഷ്യര്‍ക്ക് അറിവില്ലാത്ത പല കാര്യങ്ങളെക്കുറിച്ചും അറിവ് (ഇല്‍മ്) നല്‍കിയെന്നും വചനങ്ങള്‍ പറയുന്നു. ഇത് ഭൌതിക കാര്യങ്ങളെക്കുറിച്ചുള്ള അറിവുകളാണ്. മതപണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍ അല്ലാഹു നല്‍കുന്ന എല്ലാ അറിവുകളും ആത്മീയമായ ജ്ഞാനങ്ങളാണ്. കാരണം എല്ലാ ജ്ഞാനവും ദൈവത്തില്‍നിന്ന് ഉദ്ഭവിക്കുന്നുവെന്ന് എല്ലാ മതക്കാരും വിശ്വസിക്കുന്നു. അല്ലാഹു എങ്ങനെയാണ് സൃഷ്ടികര്‍മം നടത്തിയിരിക്കുന്നതെന്ന് അറിയാന്‍ ഭൂമിയില്‍ സഞ്ചരിക്കുക എന്ന് ഖുര്‍ആനില്‍ നിര്‍ദേശമുണ്ട്. (ഖുര്‍ആന്‍ 29.20) അങ്ങനെ സഞ്ചാരത്തിലൂടെ നേടുന്നത് ഭൌതികമായ അറിവാണല്ലൊ. അതും അല്ലാഹു നല്‍കുന്നതും അല്ലാഹുവില്‍നിന്നു ലഭിക്കുന്നതുമായ ജ്ഞാനങ്ങളത്രേ.
മനുഷ്യമനസ്സിന്റെ സ്വാഭാവികമായ അന്വേഷണത്വരയും ജ്ഞാനതൃഷ്ണയും ജ്ഞാനം സമ്പാദിക്കാനുള്ള ഇസ്ലാം മതത്തിന്റെ പ്രേരണയുമാണ് അറബികള്‍ കീഴടക്കിയ പ്രദേശങ്ങളിലെ വിജ്ഞാനഗ്രന്ഥങ്ങളെ സ്വന്തം ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും അവയെ സ്വായത്തമാക്കാനും ഖലീഫമാരെ പ്രേരിപ്പിച്ചത്. പിടിച്ചടക്കലുകള്‍ പരിസമാപ്തിയിലെത്തുകയും സമ്പദ്സമൃദ്ധി കൈവരികയും ചെയ്തപ്പോള്‍ സഹജാവബോധത്തിന്റെ (natural instinct) ഭാഗമായ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാനുള്ള അവസരം ഖലീഫമാര്‍ക്ക് കൈവന്നു.
ഖലീഫമാരായ അല്‍-മഹ്ദിയുടെയും (ഭരണം 775-785) ഹാറൂന്‍ അല്‍-റശീദിന്റെയും (ഭരണം 785-809) സൈന്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ബദ്ധശത്രുവായ ബൈസാന്റിയം സാമ്രാജ്യത്തിന്റെ സമ്പദ്സമൃദ്ധ പ്രവിശ്യകളായ സിറിയയും പലസ്തീനും ഈജിപ്തും പിടിച്ചടക്കിയതോടെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിസ്‌തൃതി വര്‍ധിക്കുക മാത്രമല്ല, സമ്പത്ത് ഖജനാവിലേക്കൊഴുകാനും തുടങ്ങി. വരേണ്യരുടെ ജീവിതം ആര്‍ഭാടപൂര്‍ണമായിത്തീര്‍ന്നു. സമൃദ്ധിയിലെ സാമൂഹിക ജീവിതത്തിന് ജീര്‍ണതയുടെയും ജ്ഞാനാഭിവൃദ്ധിയുടെയും ആയ രണ്ട് വശങ്ങളുണ്ടായിരിക്കും. ഇസ്ലാമിക സാമ്രാജ്യത്തിലെ സമൃദ്ധി മൂലമുണ്ടായ ജീര്‍ണതയാണ് പതിമൂന്നാം നൂറ്റാണ്ടിലെ ചരിത്രപണ്ഡിതന്‍ ഇബ്‌നു ഖല്‍ദൂന്‍ 'മുഖദ്ദിമ’യില്‍ പറഞ്ഞതുപോലെ ‘അറബികളുടെ സംഘബോധം’ കുറയാനും ‘ഖിലാഫത്തിന്റെ അധികാരം നഷ്ടപ്പെടാനും’കാരണം. സമൃദ്ധിയുടെ ഗുണപരമായ വശം ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയമാണ്. മേധാശക്തി യഥേഷ്ടം ഉപയോഗിച്ച് ബൌദ്ധിക പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അവസരം സമ്പദ്സമൃദ്ധി നല്‍കി.
ലോകത്ത് ജ്ഞാനോദയമുണ്ടായത് ഇറ്റലിയിലെ നവോത്ഥാനത്തിന്റെ ഫലമായാണെന്നാണ് പാശ്ചാത്യരുടെ അവകാശവാദം. ഇത് ചരിത്ര വിരുദ്ധമായ യൂറോകേന്ദ്രിത ചിന്തയാണ്. ഈ ധാരണയാണ് തത്വചിന്ത (philosophy) ആരംഭിക്കുന്നത് പൊതുവര്‍ഷത്തിനു മുമ്പ് (Before Common Era) ആറാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന തേലിസ് (Thales)1(താഴെയുള്ള കുറിപ്പ് നോക്കുക) എന്ന തത്വജ്ഞാനിയുടെ ചിന്തകളോടെയാണെന്ന് തത്വചിന്തകനും ഗണിത ശാസ്‌ത്രജ്ഞനുമായിരുന്ന ബെര്‍ട്രന്റ് റസ്സലിനെക്കൊണ്ട് പറയിച്ചത്1. ഇതേ കാലഘട്ടത്തിലോ അതിനു മുമ്പായോ ഇന്ത്യയിലെ ഋഷിമാരുടെ ഉപനിഷദ്ദര്‍ശനങ്ങളെ തത്വചിന്തകളായി അദ്ദേഹം പരിഗണിച്ചതേയില്ല.
അദ്ദേഹം പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം രചിച്ചപ്പോഴാണിങ്ങനെ പറഞ്ഞതെങ്കിലും അതേ കാലഘട്ടത്തില്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മനുഷ്യര്‍ നടത്തിയ അമൂര്‍ത്തചിന്തനങ്ങളെ (abstract thinking) പരാമര്‍ശിക്കുക പോലും ചെയ്യാതിരുന്നതിനു പിന്നില്‍ യൂറോകേന്ദ്രിതമായ മനോഭാവമായിരുന്നു.
യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും. പുരാതന ഈജിപ്തിലെ നൈല്‍തടങ്ങളിലും മെസപ്പൊട്ടോമിയയിലെ യൂഫ്രിറ്റീസ്, ടൈഗ്രീസ് തടങ്ങളിലും പ്രാചീന ഇന്ത്യയിലെ സിന്ധു തടങ്ങളിലും അയ്യായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് വികസിച്ച നാഗരികതകള്‍ ഉല്പാദിപ്പിച്ച ശാസ്‌ത്രങ്ങളാണ് മനുഷ്യവംശത്തിന് പൈതൃകമായിക്കിട്ടിയ ബൌദ്ധികസ്വത്ത്. അവയുടെ അനുസ്യൂതിയാണ് രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെട്ട ഗ്രീക്ക്, ഭാരതീയ ചിന്തകളും ശാസ്‌ത്രങ്ങളും. ഈ വിജ്ഞാനങ്ങള്‍ മുമ്പുണ്ടായതിന്റെ തുടര്‍ച്ചയല്ല, ദൈവത്തില്‍ നിന്നുത്ഭവിച്ചവയാണെന്നത് മതവിശ്വാസമാണ്. ഗ്രീക്ക് ചിന്തകളും ശാസ്‌ത്രങ്ങളുമാണ് റോമാസാമ്രാജ്യം സ്വായത്തമാക്കിയത്. യൂറോപ്പിലെ ഗോത്രവര്‍ഗങ്ങളുടെ ആക്രമണത്തോടെ ഗ്രീക്ക്-റോമാ സംസ്‌ക്കാരം തകരുകയും യൂറോപ്പ് അന്ധകാരത്തിലാവുകയും ചെയ്തു.
ഭാരതത്തിലാകട്ടെ ആത്മീയതയുടെ പരമമായ അഹംഭാവമാണ് ശാസ്‌ത്രോന്‍മുഖമായ അന്വേഷണത്വരയുടെയും ജ്ഞാനതൃഷ്ണയുടെയും നാളങ്ങള്‍ തല്ലിക്കെടുത്തിയത്. ഛാന്ദോഗ്യോപനിഷത്തിലെ ആറാം അധ്യായത്തില്‍ ശ്വേതകേതുവിന് ‘തത്വമസി’ (അത് നീയാണ്) എന്ന പരമജ്ഞാനം കൈവന്ന കഥ വിവരിക്കുന്നുണ്ട്. ശ്വേതകേതുവിനെ പിതാവായ ആരുണി പഠിപ്പിക്കുന്നതിതാണ്: 'തത് സത്യം, സ ആത്മാ, തത്വമസി' (അതാണ് സത്യം, അതാണ് ആത്മാവ്, അത് നീയാണ്). പിതാവിന്റെ ഉപദേശം ഉള്‍ക്കൊണ്ട ശ്വേതകേതു 'അഹം ബ്രഹ്മാസ്മി' (ഞാന്‍ തന്നെ ബ്രഹ്മം) എന്നു മനസ്സിലാക്കുന്നു. ഇതാണ് പരമമായ അഹംഭാവം. ഇവിടെയെത്തിയാല്‍ പിന്നെ അന്വേഷണമില്ല, ഗവേഷണമില്ല. ഇതാണ് പുരാതന ഇന്ത്യയിലെ ശാസ്‌ത്രത്തിനും തത്വചിന്തയ്ക്കും സംഭവിച്ചത്.2
യൂറോപ്പ് മധ്യയുഗത്തിന്റെ അന്ധകാരത്തില്‍ കഴിയുമ്പോള്‍ ഇന്ത്യയിലെയും ഗ്രീസിലെയും നിദ്രാവസ്ഥയിലായിപ്പോയ ശാസ്‌ത്ര, വൈജ്ഞാനിക, സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് പഠിക്കുകയും സ്വന്തമായി സംഭാവനകള്‍ ചെയ്യുകയും ചെയ്തുകൊണ്ട് ഇസ്ലാംമതം ലോകത്തിനുമേല്‍ ജ്ഞാനോദയത്തിന്റെ പ്രകാശം ചൊരിയുകയായിരുന്നു. അറബികളുടേത്, അതായത് ഇസ്ലാമിന്റേത് മൌലികമായ സംഭാവനകളല്ലെന്നും മറ്റുള്ള സംസ്കാരങ്ങള്‍ ലോകത്തിനു സംഭാവന ചെയ്ത വിജ്ഞാനഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് പ്രതിഫലിപ്പിക്കുക മാത്രമാണവര്‍ ചെയ്തതെന്നുമാണ് പാശ്ചാത്യരുടെ വിലയിരുത്തല്‍. ഇത് ചരിത്രപരമായ വസ്തുതകള്‍ക്കു നിരക്കുന്നതല്ല.
മരൂഭൂവാസികളും നാടോടികളുമായിരുന്ന അറബികളെ പൌരാണിക നാഗരികതകളും സംസ്കാരങ്ങളും ജന്മമെടുത്ത ഭൂഭാഗങ്ങളുടെയും അവിടങ്ങളിലെ വിജ്ഞാനഭണ്ഡാഗാരങ്ങളുടെയും ഉടമകളാക്കിയതും അവരെക്കൊണ്ട് വിജ്ഞാനഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിച്ച് വായിപ്പിച്ചതും ഇസ്ലാം മതമാണ്. മനുഷ്യനാവശ്യമുള്ള എല്ലാ ജ്ഞാനങ്ങളും അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആനിലുണ്ടെന്നും മറ്റു വിജ്ഞാനങ്ങള്‍ സ്വീകാര്യമല്ലെന്നും ഉള്ള മതപണ്ഡിതന്മാരുടെ (ഉലമകള്‍) നിഷേധാത്മക മതശാസനങ്ങള്‍ക്ക് (ഫത്വ) മനുഷ്യന്റെ സഹജാവബോധത്തിന്റെ (natural instinct) ഭാഗമായ ജ്ഞാനതൃഷ്ണയെയും അന്വേഷണത്വരയെയും തടഞ്ഞു നിര്‍ത്താനായില്ല.
ഗ്രീക്ക്, സംസ്കൃതം, പേര്‍ഷ്യന്‍ ഭാഷകളിലെ വിജ്ഞാനഗ്രന്ഥങ്ങള്‍ അറബിഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ ഖലീഫമാര്‍ ഖജനാവില്‍നിന്നും നിര്‍ലോപം ധനം ചെലവഴിച്ചു. പൌരാണിക വിജ്ഞാനങ്ങളെ ആര്‍ത്തിയോടെയാണ് അറബികള്‍ ഉള്‍ക്കൊണ്ടത്. ഗ്രീക്ക് തത്വചിന്തകരായ പ്ളേറ്റോയുടേയും (അറബിയില്‍ അഫ്‌ലാത്തൂന്‍), അരിസ്റോട്ടിലിന്റെയും (അറബിയില്‍ അറിസ്തുത്താലിസ് എന്നും അറിസ്തു എന്നും), നവപ്ളേറ്റോണിസ്റ് പ്ളോട്ടിനസ് തുടങ്ങിയവരുടെയും ഗ്രീക്ക് വൈദ്യനായ ഗാലന്റെയും കൃതികള്‍ ഗ്രീക്കുഭാഷയില്‍ നിന്നും ഇന്ത്യയിലെ ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങളും ഗണിതപുസ്കങ്ങളും സംസ്‌കൃതത്തില്‍നിന്നും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഗ്രീക്കുകാരും ഇന്ത്യക്കാരും നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത വിജ്ഞാനങ്ങള്‍ അറബികള്‍ പതിറ്റാണ്ടുകള്‍കൊണ്ട് സ്വായത്തമാക്കി.
രണ്ടാം അബ്ബാസിയ്യ ഖലീഫ അല്‍-മന്‍സൂര്‍ 765 ല്‍ ഉദരരോഗത്താല്‍ അവശനായി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ പ്രവിശ്യയായ പേര്‍ഷ്യയിലെ ഗുന്ദേഷാപൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ പ്രധാനവൈദ്യനായിരുന്ന ജിര്‍ജിസ് ഇഇബ്‌നു-ബക്തീശുവിനെ ഖലീഫയുടെ ചികിത്സക്കായി ബാഗ്ദാദില്‍ വരുത്തി. ഖലീഫയെ ചികിത്സിച്ചു സുഖപ്പെടുത്തിയതിനുശേഷം ജിര്‍ജിസ് ബാഗ്ദാദില്‍ തന്നെ തങ്ങി. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുവാന്‍ ഖലീഫ അഭ്യര്‍ഥിച്ചെങ്കിലും മരണാനന്തരം നരകത്തിലായാലും സ്വര്‍ഗത്തിലായാലും തന്റെ മാതാപിതാക്കളോടൊപ്പം ഉണ്ടായിരിക്കാനാണ് താനിഷ്ടപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ട് ജിര്‍ജിസ് വിനയപൂര്‍വം ഖലീഫയുടെ ക്ഷണം നിരസിക്കുകയാണ് ചെയ്തത്. ഇസ്ലാംമതത്തിന്റെ ജ്ഞാനോദയത്തിന് തുടക്കം കുറിക്കുന്നതില്‍ ജിര്‍ജിസിന് ഒരു പ്രധാന പങ്കുണ്ടായിരുന്നു.
തങ്ങളുടെ സഹായത്തോടെയാണ് അബ്ബാസിയ്യ ഖലീഫ അധികാരത്തിലെത്തിയതെന്ന അവകാശവാദത്തോടെ പല പേര്‍ഷ്യന്‍ കുലീനകുടുംബങ്ങളും തലസ്ഥാനമായ ബാഗ്ദാദിലേക്ക് കുടിയേറി. ഇതില്‍ ഇസ്ലാമിക ജ്ഞാനോദയത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ബറാമിക്കത്ത് കുടുംബക്കാര്‍. അറബിയില്‍ അല്‍-ബറാമിക്കത്ത് എന്നും പേര്‍ഷ്യനില്‍ ബര്‍മക്കിയാന്‍ എന്നുമാണ് ഈ കുടുംബം അറിയപ്പെടുന്നത്. സംസ്കൃതത്തിലെ ‘പ്രമുഖ് ’ എന്ന പദം രൂപാന്തരം പ്രാപിച്ചതാണ് ബറാമിക്കത്ത് എന്ന അറബി പദം. ബറാമിക്കത്ത് കുടുംബനാഥന്മാര്‍ പരമ്പരാഗതമായി അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് നഗരത്തിനടുത്തുള്ള ബുദ്ധവിഹാരത്തിന്റെ പ്രമുഖ് ’ (കുലപതി) സ്ഥാനം വഹിച്ചിരുന്നവരാണ്. ബല്‍ഖിലെ ബുദ്ധവിഹാരത്തിന്റെ പേര് നവവിഹാരം (അറബിയില്‍ നവ്ബഹാര്‍) എന്നായിരുന്നു. ബുദ്ധവിഹാരങ്ങള്‍ അന്നത്തെ അന്താരാഷ്ട്ര സര്‍വകലാശാലകളായിരുന്നല്ലോ. നളന്ദയിലെയും ഉദ്ദണ്ഡപുരിയിലെയും തക്ഷശിലയിലെയും ബുദ്ധവിഹാരങ്ങളോളം തന്നെ അന്താരാഷ്ട്രപ്രശസ്തി നേടിയ വിജ്ഞാനകേന്ദ്രമായിരുന്നു ബല്‍ഖിലെ നവവിഹാരവും. അഫ്ഗാനിസ്ഥാന്‍ പുരാതന പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമാായപ്പോള്‍ നവവിഹാരം സൊറാഷ്ട്രിയന്‍ മതക്കാര്‍ സ്വന്തമാക്കി. അതുകൊണ്ടാണ് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ ബറാമിക്കത്ത് കുടുംബക്കാര്‍ അഗ്നി ആരാധകരായിരുന്നുവെന്ന് എഴുതിയത്.3
അറബ് സൈന്യം ബല്‍ഖ് കീഴടക്കിയപ്പോള്‍ നവവിഹാരത്തിന്റെ ‘പ്രമുഖി’ന്റെ പത്നിയെ സേനാനായകനായ അബ്ദല്ല സ്വന്തം അന്തഃപുര സ്‌ത്രീകളുടെ കൂട്ടത്തില്‍പ്പെടുത്തി. അവരില്‍ അബ്ദല്ലയ്ക്ക് ജനിച്ച ഖാലിദ് ഇബ്‌നു ബര്‍മാക്ക് (705-782) ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധികാരം അമവിയ്യ (Umayyad) രാജവംശത്തില്‍നിന്ന് പിടിച്ചെടുക്കാന്‍ ഒന്നാം അബ്ബാസിയ്യ (Abbasid) ഖലീഫ അസ്-സഫ്ഫാഹിനെ സഹായിച്ചു. ഭരണമാറ്റം ഉണ്ടായ ഉടനെ ബറാമിക്കത്ത് കുടുംബം ബാഗ്ദാദിലേയ്ക്ക് താമസം മാറ്റി. ഖാലിദ് ഇഇബ്‌നു ബര്‍മക്കിനെ ഖലീഫ അസ്-സഫ്ഫാഹ് ധനമന്ത്രിസ്ഥാനത്താണ് അവരോധിച്ചത്. രണ്ടാം അബ്ബാസിയ്യ ഖലീഫ അല്‍-മന്‍സൂര്‍ ഇദ്ദേഹത്തെ മെസപ്പൊട്ടോമിയയുടെ (ഇന്നത്തെ ഇറാഖ്) ഗവര്‍ണറാക്കി. പുത്രന്‍ യഹ്യാ ഇബ്‌നു ഖാലിദിനെ ഖലീഫ അല്‍-മഹ്ദി അസര്‍ബൈജാനിലെ ഗവര്‍ണറും പില്‍ക്കാലത്ത് സാമ്രാജ്യത്തിന്റെ മന്ത്രിയും (വസീര്‍) ആക്കി. യഹ്യ കഴിവുറ്റ ഭരണാധികാരി മാത്രമല്ല പണ്ഡിതന്‍ കൂടിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ കിരീടാവകാശിയായ മകന്‍ ഹാറൂന്റെ വിദ്യാഭ്യാസച്ചുമതല ഏല്‍പ്പിച്ചു. പിന്നീട് രാഷ്ട്രീയാഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഖലീഫയുടെ അപ്രീതിക്ക് പാത്രമായിത്തീര്‍ന്ന യഹ്യയുടെ അന്ത്യം തടവറയിലായിരുന്നു. യഹ്യയുടെ പതനത്തിന്റെ യഥാര്‍ഥ കാരണം ഇന്നും അജ്ഞാതമാണ്. യഹ്യയുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഹാറൂനാണ് ആയിരത്തൊന്ന് രാവുകളിലൂടെ അനശ്വരനായിത്തീര്‍ന്ന ഖലീഫ ഹാറൂന്‍ അല്‍-റശീദ്.
ബുദ്ധവിഹാരത്തിന്റെ കുലപതികളായിരുന്ന ബറാമിക്കത്ത് കുടുംബം വിജ്ഞാനസമ്പാദനത്തില്‍ തല്പരരായിരുന്നു. പ്രസ്തുത കുടുംബാംഗമായ യഹ്യായുടെ ശിക്ഷണത്തില്‍ വളര്‍ന്ന ഹാറൂന്‍ അല്‍-റശീദ് ഗ്രീക്ക്, സംസ്കൃതം, പേര്‍ഷ്യന്‍ ഭാഷകളിലെ ഭൌതികശാസ്‌ത്ര, തത്വശാസ്‌ത്ര ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യിക്കുന്നതിലും പഠിക്കുന്നതിലും അതിയായ താല്പര്യം പ്രകടിപ്പിച്ചു. വിവര്‍ത്തനത്തിനായി ഗ്രന്ഥങ്ങള്‍ അന്യദേശങ്ങളില്‍നിന്നു വരുത്തി. വിവര്‍ത്തനം ചെയ്യാന്‍ പണ്ഡിതന്മാര്‍ക്ക് നിര്‍ലോപം പ്രതിഫലം നല്‍കി കൊട്ടാരത്തില്‍ത്തന്നെ താമസിപ്പിച്ചു. ഇസ്ലാമിലെ ജ്ഞാനോദയം ബുദ്ധമതത്തിന്റെ വൈജ്ഞാനിക ജനിതകത്തില്‍ നിന്നുത്ഭവിച്ചതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവുകയില്ല.
ഏറ്റവും ആദ്യം വിവര്‍ത്തനം ചെയ്യപ്പെട്ടത് ഇന്ത്യയില്‍ നിന്നും ഗ്രീസില്‍ നിന്നും ലഭിച്ച ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങളായിരുന്നുവെന്നാണ് അറബി ചരിത്രകാരനും സെമിറ്റിക് ഭാഷാപണ്ഡിതനുമായിരുന്ന ഡീ ലേസി ഓ ലിയേറിയുടെ ((De Lacy O’Leary 1872-1957) അഭിപ്രായം.4 ഏഴാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രചിക്കപ്പെട്ട ബ്രഹ്മസ്‌ഫുട സിദ്ധാന്ത എന്ന ജ്യോതിശ്ശാസ്‌ത്ര ഗ്രന്ഥം5 ഇന്ത്യയില്‍നിന്ന് ഒരു സഞ്ചാരിയാണ് ബാഗ്ദാദിലെത്തിച്ചത്. സംസ്കൃതത്തില്‍നിന്ന് ഈ കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഇബ്രാഹിം അല്‍-ഫസാരി എന്ന കവിയോട് ഖലീഫ അല്‍-മന്‍സൂര്‍ ആജ്ഞാപിച്ചു. അല്‍-ഫസാരി നക്ഷത്രങ്ങളെക്കുറിച്ച് വിഖ്യാതമായ ഒരു കവിത രചിച്ചിരുന്നു. നക്ഷത്രങ്ങളിലുള്ള താല്പര്യം പരിഗണിച്ചാണ് അല്‍-ഫസാരിയോട് ബ്രഹ്മസ്‌ഫുട സിദ്ധാന്തം വിവര്‍ത്തനം ചെയ്യാന്‍ ഖലീഫ ഉത്തരവിട്ടത്. സിദ്ധാന്തം അറബിയിലാക്കിയപ്പോള്‍ സിന്ധ്ഹിന്ദ് ആയി. ബ്രഹ്മഗുപ്തന്റെ സിദ്ധാന്തം ഗണിതത്തെയും ജ്യോതിശ്ശാസ്‌ത്രത്തെയും സംയോജിപ്പിക്കുന്ന കൃതിയാണെന്നാണ് പണ്ഡിതമതം.6 സിദ്ധാന്തം എന്ന സംസ്കൃതപദത്തിന്റെ അര്‍ഥം അന്തം സിദ്ധമായത് (അവസാന സത്യം കണ്ടെത്തിയത്) എന്നാണ്. ഗണിതത്തിന്റെ അടിസ്ഥാനത്തില്‍ ജ്യോതിര്‍ഗോളങ്ങളുടെ പ്രയാണങ്ങളെ പ്രവചിക്കാനുള്ള ശ്രമമാണ് ബ്രഹ്മഗുപ്തന്‍ നടത്തിയത്. ഈ ഗ്രന്ഥത്തിലാണ് ഗണിതത്തിലെ പല നൂതന തത്വങ്ങളും ആവിഷ്കരിക്കപ്പെട്ടത്. ശൂന്യതയെ അടയാളപ്പെടുത്താന്‍ പൂജ്യം ഉപയോഗിക്കാമെന്നും സംഖ്യകളോട് പൂജ്യം ചേര്‍ത്തെഴുതി മൂല്യം വര്‍ധിപ്പിക്കാമെന്നും കണ്ടുപിടിച്ചത് ബ്രഹ്മഗുപ്തനാണ്. ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ ഉപയോഗിച്ചിരുന്ന അക്കങ്ങള്‍ അറബികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ അക്കങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഖ്യാസംവിധാനത്തെ അറബികളില്‍നിന്ന് കടംകൊണ്ട യൂറോപ്യര്‍ അറബി അക്കങ്ങള്‍ എന്നു വിളിച്ചു. ലോകത്ത് മുഴുവന്‍ ഉപയോഗിക്കുന്ന അറബി അക്കങ്ങള്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ അക്കങ്ങളാണ്.
നക്ഷത്രങ്ങളെക്കുറിച്ച് കവിതയെഴുതുകയും വാനനിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്ന കവി ബ്രഹ്മഗുപ്തന്റെ സിദ്ധാന്തം ‘സിന്ധ്ഹിന്ദ് ’ എന്ന പേരില്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തതിനെ തുടര്‍ന്ന് ഇസ്ലാമിന്റെ ആദ്യത്തെ ജ്യോതിശ്ശാസ്‌ത്രജ്ഞനായിത്തീര്‍ന്നു. ബ്രഹ്മസ്‌ഫുടസിദ്ധാന്തത്തിന്റെ വിവര്‍ത്തനത്തിലൂടെ കൈവന്ന വിജ്ഞാനവും സ്വന്തമായ നിരീക്ഷണഫലങ്ങളും സംയോജിപ്പിച്ച് ജ്യോതിര്‍ഗോളങ്ങളുടെ സ്ഥാനനിര്‍ണയത്തിനു സഹായിക്കുന്ന രാശിയന്ത്രം (astrolabe) തീര്‍ത്ത ആദ്യത്തെ അറബിയും അല്‍-ഫസാരി തന്നെയെന്ന് ഇസ്ലാമിക ചരിത്രകാരന്‍ അല്‍-മസൂദ് തന്റെ വിശ്വചരിത്രാവലോകനമായ മുറൂജ് അദ്-ധഹാബ് വ-മഅദിന്‍ അല്‍-ജവഹിര്‍ (സുവര്‍ണ ശാദ്വലങ്ങളും വജ്രഖനികളും) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി.7 ഇബ്രാഹിം അല്‍-ഫസാരിയുടെ പുത്രന്‍ മുഹമ്മദും അനേകം ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ബ്രഹ്മസ്‌ഫുടസിദ്ധാന്തം വിവര്‍ത്തനം ചെയ്തത് മുഹമ്മദാണെന്നും ചില ചരിത്രകാരന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. ഇവരുടെ സമകാലികനായിരുന്ന മറ്റൊരു അറബി ഗണിത ശാസ്‌ത്രജ്ഞനാണ് യഅ്ഖൂബ് ഇബ്‌നു തരിഖ്. ഇദ്ദേഹം ഗോളത്തിന്റെ അളവുകളെക്കുറിച്ചും വൃത്തത്തിന്റെ ഖണ്ഡം (arc) സംബന്ധിച്ചും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. വൃത്തഖണ്ഡത്തിന്റെ അളവുകള്‍ നിര്‍ണയിക്കാന്‍ അദ്ദേഹം വൃത്തത്തെ 360 ഡിഗ്രികളായി വിഭജിച്ച അര്‍ക്കിമിഡീസിന്റെ തത്വം തന്നെയാണ് പിന്തുടര്‍ന്നത്.
ഇസ്ലാമിന്റെ ഏറ്റവും പ്രശസ്തനായ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ മുഹമ്മദ് ഇബ്‌നു മൂസ അല്‍-ഖ്വാരിസ്മി ആയിരുന്നു. അദ്ദേഹം ജനിച്ചത് 780-ല്‍ മധ്യേഷ്യയിലെ ഖ്വാരിസം എന്ന സ്ഥലത്താണ്. ബാഗ്ദാദിലെ ‘വിജ്ഞാന ഭവനി’ല്‍ (ബെയ്ത് അല്‍-ഹിക്മ - House of Wisdom) പഠനങ്ങളില്‍ മുഴുകിയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അധിക ഭാഗവും ചെലവഴിച്ചത്. എഴുപതാമത്തെ വയസ്സില്‍ (850) ബാഗ്ദാദില്‍ അന്തരിച്ചു.
ജ്യോതിര്‍മണ്ഡല പട്ടിക (astronomical table) തയ്യാറാക്കാന്‍ ഖ്വാരിസ്മി ബ്രഹ്മഗുപ്തന്റെ ബ്രഹ്മസ്‌ഫുടസിദ്ധാന്തം ആണ് ഉപയോഗപ്പെടുത്തിയത്. ജ്യോതിശ്ശാസ്‌ത്ര പട്ടികക്ക് അറബിയില്‍ ‘സിജ് ’ എന്നു പറയുന്നു. പല ഗണിതശാസ്‌ത്ര സങ്കേതങ്ങളും ജ്യോമിതിയും ഉപയോഗിച്ച് ഗോളങ്ങളുടെ നീക്കങ്ങളും ഉദയാസ്തമയങ്ങളും ഗ്രഹണങ്ങളും മനസ്സിലാക്കാനുള്ള സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് സിജ്. ഖ്വാരിസ്മിയുടെ പിന്‍മുറക്കാരനായ ഇബ്‌നു യൂനുസ് അല്‍-സിജ് അല്‍-ഹക്കീമി അല്‍-കബീര്‍ എന്ന ബൃഹത്തായ ജ്യോതിര്‍മണ്ഡലപ്പട്ടിക തയാറാക്കി. പതിനൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മുസ്ലിം ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ സ്പെയിനിലെ ടോളിഡോയില്‍ സമ്മേളിച്ച് ജ്യോതിര്‍ഗ്ഗോളപ്പട്ടികകള്‍ക്ക് ഐകരൂപ്യം വരുത്തി. ഖ്വാരിസ്മിയുടെ പട്ടികയും ടോളിഡോയില്‍ ചേര്‍ന്ന് ഐകരൂപ്യം വരുത്തിയ പട്ടികയും ലത്തീന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. ഇവയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് കോപ്പര്‍നിക്കസ് ആകാശഗോളങ്ങളുടെ ഭ്രമണങ്ങളെക്കുറിച്ച് (On the Revolutions of the Celestial Spheres) എന്ന ഗ്രന്ഥം രചിച്ചതും, ഇറ്റാലിയന്‍ നവോത്ഥാനത്തിനും യൂറോപ്പിന്റെ ജ്ഞാനോദയത്തിനും തുടക്കം കുറിച്ചതും.
ഖ്വാരിസ്മി ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ മാത്രമായിരുന്നില്ല, ഗണിത ശാസ്‌ത്രജ്ഞനും ജ്യോതിഷിയും ഭൂമിശാസ്‌ത്രപണ്ഡിതനും ആയിരുന്നു. അദ്ദേഹം 820-ല്‍ രചിച്ച അല്‍-കിത്താബ് അല്‍-മുഖ്ത്തസാര്‍ ഫീ ഹിസാബ് അല്‍-ജബര്‍ വ അല്‍-മുഖാബല (സമീകരണ-പൂര്‍ത്തീകരണ ക്രിയകളിലൂടെയുള്ള ഗണിത സംഗ്രഹപ്പുസ്തകം) എന്ന ഗണിതഗ്രന്ഥമാണ് ബീജഗണിതത്തിന് തുടക്കം കുറിച്ചത്. ബീജഗണിതത്തിന്റെ (algebra) പിതാവായി ശാസ്‌ത്രലോകം അദ്ദേഹത്തെ മാനിക്കുന്നു. ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ച ‘പൂര്‍ത്തീകരണക്രിയ’യെ സൂചിപ്പിക്കുന്ന ‘അല്‍-ജബര്‍’ എന്ന അറബിപ്പദത്തില്‍നിന്നാണ് ബീജഗണിതത്തിന് ആള്‍ജിബ്ര എന്ന പേര് ഉദ്ഭവിച്ചത്. അദ്ദേഹം 825-ല്‍ രചിച്ച ഹിന്ദു അക്കങ്ങളുപയോഗിച്ച് ഗണിതക്രിയകള്‍ ചെയ്യുന്നത് സംബന്ധിച്ച് എന്ന മറ്റൊരു ഗണിത ശാസ്‌ത്രഗ്രന്ഥത്തിലാണ് ഇന്ത്യയില്‍ നിന്നു സ്വായത്തമാക്കിയ അക്കങ്ങള്‍ ഉപയോഗിച്ച് ക്രിയകള്‍ ചെയ്യുന്ന രീതി പരിചയപ്പെടുത്തിയത്. പ്രസ്തുത അങ്കഗണിത ഗ്രന്ഥത്തില്‍ അദ്ദേഹം പൂജ്യത്തിന്റെ ഉപയോഗം, ദശാംശ സംഖ്യകള്‍, ഋണ-ധനസംഖ്യകള്‍ എന്നിവയെല്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഗണിതത്തില്‍ പൂജ്യം ആദ്യമായി ഉപയോഗിച്ച ഗണിതശാസ്‌ത്രജ്ഞന്‍ ഖ്വാരിസ്മിയാണെന്നത് എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഇദ്ദേഹം രചിച്ച അങ്കഗണിത ഗ്രന്ഥം പന്ത്രണ്ടാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയാണ് പാശ്ചാത്യര്‍ പുതിയ അക്കങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ഹിന്ദു-അറബി അക്കങ്ങള്‍ എന്ന് പേര് സിദ്ധിച്ചതും. പില്‍ക്കാലത്ത് അത് അറബിഅക്കങ്ങള്‍ (arabic numerals) എന്ന് ലോപിക്കുകയാണ് ചെയ്തത്
ഖ്വാരിസ്മിയുടെ സംഭാവനകള്‍ ഗണിതശാസ്‌ത്രത്തിനു മാത്രമല്ല മുതല്‍ക്കൂട്ടായത്, ഭാഷയുടെ പദസമ്പത്ത് വര്‍ദ്ധിക്കാനും ഇടയാക്കി. അള്‍ജിബ്ര (ബീജഗണിതം) എന്ന പദത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പറഞ്ഞല്ലോ. അല്‍ഗോറിതം എന്ന പദം ഖ്വാരിസ്മിയുടെ പേരില്‍ നിന്നാണ് ഉദ്ഭവിച്ചത്. അദ്ദേഹത്തിന്റെ ഗണിതശാസ്‌ത്രഗ്രന്ഥത്തെ ലത്തീനിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ആള്‍ അല്‍-ഖ്വാരിസ്മി എന്ന പേര് ഭാഷാന്തരം ചെയ്ത് എഴുതിയത് അല്‍ഗോരിസ്മി എന്നാണ്. അത് ഗ്രന്ഥത്തിലെ ശാസ്‌ത്രത്തിന്റെ പേരാണെന്ന് വായനക്കാര്‍ തെറ്റായി ധരിച്ചു. അങ്ങനെയാണ് അങ്കഗണിതത്തിന് അല്‍ഗോറിസം(തം) എന്ന പേര് സിദ്ധിച്ചത്. ഗണിതത്തിനും,ജ്യോതിശ്ശാസ്‌ത്രത്തിനും പുറമേ ഭൂമിശാസ്‌ത്രത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ടോളമിയുടെ ഭൂമിശാസ്‌ത്രഗ്രന്ഥം ശോധനം ചെയ്ത് കാലോചിതമായി പരിഷ്കരിച്ചു. അദ്ദേഹം സ്വന്തമായി രചിച്ച ഭൂമിശാസ്‌ത്ര ഗ്രന്ഥമാണ് കിത്താബ് സുറത്ത് അല്‍-അറ്ള് (ഭൂതല ദൃശ്യത്തെ കുറിച്ചുള്ള ഗ്രന്ഥം).
ജ്യോതിശ്ശാസ്‌ത്രത്തില്‍ ഖ്വാരിസ്മിയുടെ പിന്തുടര്‍ച്ചക്കാരന്‍ ഇബനു യൂനുസ് അല്‍-സദാഫിയാണ്. അദ്ദേഹം ഈജിപ്തിലെ ഫുസ്താതില്‍ 950-ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇസ്ലാംമത പണ്ഡിതന്‍മാരുടെ കുടുംബത്തിലായിരുന്നു യൂനുസിന്റെ ജനനം. യൂനുസിന്റെ ബാല്യകാലത്താണ് ഫാത്തിമരാജവംശം (Fatimids അറബിയില്‍ ഫാത്തിമിയ്യൂന്‍) അബ്ബാസിയ്യഖലീഫയില്‍ നിന്നും ഈജിപ്തിന്റെ ഭരണം പിടിച്ചെടുത്തതും തലസ്ഥാനനഗരമായ കെയ്റൊ സ്ഥാപിച്ചതും. യൂനുസിന്റെ ജന്‍മസ്ഥലമായ ഫുസ്താത് കെയ്റൊയുടെ പ്രാന്തത്തിലായിരുന്നു. ഈജിപ്തിലെ രണ്ട് ഫാത്തിമിയ്യൂന്‍ ഖലീഫമാരുടെ കാലം മുഴുവന്‍, 977 മുതല്‍ 1003 വരെ, യൂനുസ് ആസ്ഥാന ജ്യോതിശ്ശാസ്‌ത്രജ്ഞനായിരുന്നു. ഖ്വാരിസ്മിയുടെ ഗ്രന്ഥങ്ങള്‍ പഠിച്ചതിന്റെയും സ്വന്തമായി നടത്തിയ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ജ്യോതിര്‍ഗ്ഗോളപ്പട്ടിക തയ്യാറാക്കി. തന്റെ ഗ്രന്ഥത്തിന് ഈജിപ്ത് ഖലീഫ ഹക്കീമിന്റെ പേരുകൂടി ഉള്‍പ്പെടുത്തി അല്‍-സിജ് അല്‍-ഹക്കീമി അല്‍-കബീര്‍ എന്ന് പേരു നല്‍കി.
ഖ്വാരിസ്മി ശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചത് 813-നും 833-നും ഇടയ്ക്ക് രണ്ടു ദശാബ്ദക്കാലത്താണ്. ഇസ്ലാം പേര്‍ഷ്യ കീഴടക്കിയതിനുശേഷം ബാഗ്ദാദ് അന്താരാഷ്ട്ര പഠനകേന്ദ്രമായി മാറി. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വന്ന വ്യാപാരികളോടൊപ്പം യാത്രചെയ്തെത്തിയ പണ്ഡിതന്‍മാര്‍ക്കും കവികള്‍ക്കും കലാകാരന്‍മാര്‍ക്കും നല്ല സ്വീകരണമാണ് ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ലഭിച്ചത്. പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വാധീനമായിരുന്നു അതിനു കാരണം. കവികളെയും എഴുത്തുകാരെയും ശാസ്‌ത്രജ്ഞരെയും കൊട്ടാരസദസ്സുകളില്‍ ആദരിക്കുകയും അവര്‍ക്ക് നിര്‍ലോപം പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഇന്ത്യയിലെയും പേര്‍ഷ്യയിലെയും സംസ്കാരങ്ങളുടെ സവിശേഷതയായിരുന്നു. മധ്യകാല സാമ്രാജ്യത്വത്തിന്റെ ഗുണപരമായ ഈ അംശം സ്വായത്തമാക്കുവാന്‍ ഇസ്ലാമിനെ നിര്‍ബ്ബന്ധിച്ച സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദം യുക്തിസഹവും ചരിത്രത്തിന്റെ നോട്ടപ്പാടില്‍ നിലനില്പുള്ളതുമാണ്.
ശാസ്‌ത്രീയവിജ്ഞാനത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന ജോര്‍ജ് സാലിസ്‌ബയാണ് ഈ വാദം ആദ്യമായി ഉന്നയിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ അമവിയ ഭരണത്തിന്റെ അന്ത്യഘട്ടത്തില്‍ ആരംഭിച്ചിരുന്നു. ഇസ്ലാമിക സാമ്രാജയത്തിലെ ഭരണനിര്‍വ്വഹണം ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളിലൂടെയാണ് നടന്നിരുന്നത്; നടത്തിയിരുന്നതാകട്ടെ ഗ്രീക്കുകാരായ ഗുമസ്തന്‍മാരും പേര്‍ഷ്യക്കാരായ ഉദ്യോഗസ്ഥന്‍മാരും. സമൂഹത്തിന്റെ ഏറ്റവും മുകള്‍ത്തട്ടിലാണെന്ന് കരുതപ്പെട്ടിരുന്ന സാമ്രാജ്യത്തിന്റെ ഉടമകളായ അറബികള്‍ക്ക് അതിവിശാലമായ സാമ്രാജ്യത്തിന്റെ ദൈനംദിന ഭരണനിര്‍വ്വഹണത്തില്‍ മേല്‍ക്കൈ കിട്ടാതിരുന്ന സ്ഥിതിവിശേഷം ഭരണഭാഷാമാറ്റത്തിന് ഖലീഫമാരെ നിര്‍ബ്ബന്ധിതരാക്കി. ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട ഏടുകളും രേഖകളും ഗ്രീക്കില്‍ നിന്നും പേര്‍ഷ്യനില്‍ നിന്നും അറബി ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യേണ്ടത് അനിവാര്യമായിത്തീര്‍ന്നു. ഇറാഖ് പ്രവിശ്യയുടെ ഗവര്‍ണ്ണരായിരുന്ന അല്‍-ഹജ്ജാജ് ഇബ്‌നു യൂസുഫാണ് (ഭരണകാലം 694-714) ഭരണസംബന്ധിയായ രേഖകളുടെ വിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് മുസ്ലിം ചരിത്രകാരന്‍ അല്‍-നദീ ഫിഹിരിസ്ത് എന്ന ഗ്രന്ഥത്തില്‍ പറയുന്ന കാര്യം ജോര്‍ജ്ജ് സാലിസ്‌ബ തന്റെ വാദത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കുന്നു. പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ സ്വധീനത്തിലായ അബ്ബാസി ഖലീഫമാര്‍ പണ്ഡിതന്‍മാരെയും കവികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ അവരുടെ ശ്രദ്ധ ഗ്രീക്ക്, പേര്‍ഷ്യന്‍, സംസ്കൃതം ഭാഷകളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളിലേയ്ക്കും തിരിഞ്ഞു.8
അറബിഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി പഞ്ചതന്ത്രം കഥകളാണ്. പക്ഷേ ഇത് സംസ്കൃതത്തില്‍ നിന്നു നേരിട്ടല്ല പേര്‍ഷ്യന്‍ഭാഷയായ പഹ്‌ലവിയില്‍ നിന്നാണ്. പഹ്‌ലവിയില്‍ പഞ്ചതന്ത്രം കഥകളുടെ പേര് കലീലയും ദിമ്നയും എന്നാണ്. അത് അതേ പേരില്‍ തന്നെയാണ് അറബിയിലേയ്ക്ക് (കലീല വ-ദിമ്ന) വിവര്‍ത്തനം ചെയ്തത്. പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖുസ്രു അനോര്‍ഷര്‍വാന്റെ കാലത്താണ് (531-78) .
പഞ്ചതന്ത്രം കഥകള്‍ പേര്‍ഷ്യയിലെത്തിയതും പഹ്‌ലവിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും. അറബിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയത് ഇബ്‌നു അല്‍-മുഖഫ്ഫയാണ്. ഇദ്ദേഹം സൊറാഷ്ട്രിയന്‍ മതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ആളാണ്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അബ്ദല്ല ഇബ്‌നു ദാദാവയ്ഹ് എന്നായിരുന്നു. അബ്ദല്ലയുടെ പിതാവ് ദാദാവയ്ഹ് ഇറാനില്‍ നിന്നും കൂഫയിലേയക്ക് കുടിയേറി. അമവിയ്യ ഖലീഫയുടെ കീഴില്‍ നികുതിപിരിവ് ഉദ്യോഗസ്ഥനായിരിക്കെ പിരിച്ച നികുതി വെട്ടിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു. മോഷണക്കുറ്റത്തിനു ശിക്ഷ കൈവെട്ടലാണല്ലോ. അങ്ങനെയാണ് പഹ്‌ലവി, അറബി ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്ന എഴുത്തുകാരനായ അബ്ദല്ലയ്ക്ക് ഇബ്‌നു മുഖഫഫ (കുറുകൈയന്റെ മകന്‍) എന്ന പേര് ലഭിച്ചത്.
അറബിഭാഷയിലെ വാമൊഴിക്കഥകള്‍ സാഹിത്യഭംഗിയുള്ള ഗദ്യത്തിലാക്കലായിരുന്നു ഇബ്‌നു മുഖഫ്ഫയുടെ സാഹിത്യപ്രവര്‍ത്തനം. ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ഇബ്‌നു മുഖഫ്ഫ കലീല വ-ദിമ്ന അറബിയിലേയ്ക്ക് ഭാഷാന്തരം ചെയ്തത്. മുഖഫ്ഫയുടെ മനോഹരമായ ഗദ്യത്തിലുള്ള പരിഭാഷയിലൂടെ കലീല വ-ദിമ്ന സ്വതന്ത്രമായ അറബി സാഹിത്യകൃതിയുടെ പദവി നേടിയെടുത്തു. മൂലകൃതികള്‍ നഷ്ടപ്പെട്ടതു കാരണം ഇന്ത്യയുടെ മേധയില്‍ പിറന്ന പഞ്ചതന്ത്രം കഥകള്‍ ലോകത്തിലെ നാല്പതിലധികം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് അറബി ഭാഷയില്‍ നിന്നായിരുന്നു. പേര്‍ഷ്യന്‍ സ്വാധീനത്താല്‍ അറബിഗദ്യത്തിനു വന്ന മാറ്റത്തെക്കുറിച്ച് സെമിറ്റിക് ഭാഷാപണ്ഡിതന്‍ കൂടിയായ ചരിത്രകാരന്‍ ഇങ്ങനെ പറയുന്നു:
അബ്ബാസിയ്യ കാലത്ത് പേര്‍ഷ്യന്‍ ഗദ്യശൈലി അതിന്റെ വര്‍ണ്ണശബളമായ രൂപകങ്ങളുടെയും ആഡംബരപൂര്‍ണ്ണമായ ആശയപ്രകാശനരീതികളുടെയും ധാരാളിത്തമുള്ള ചാരുതയുടെ മുദ്രകള്‍ അറബിഗദ്യത്തില്‍ പതിപ്പിച്ചു. പൌരാണിക അറബി ശൈലി പൌരുഷത്തിന്റെ വീറ് പ്രകടമാക്കുന്ന തരത്തില്‍ മുറുക്കമുള്ളതും കൂര്‍ത്തതുമായിരുന്നു. അതൊക്കെ പാടെ മാറ്റി അറബിഗദ്യം സസാനിയ കാലഘട്ടത്തിന്റെ സവിശേഷതകളായ മസൃണതയും വികാരോഷ്മളമായ വാചോവിന്യാസവും സ്വായത്തമാക്കി.... അറബി ചരിത്ര രചനാശൈലി പേര്‍ഷ്യന്‍ മാതൃകയിലാണ് വാര്‍ത്തെടുക്കപ്പെട്ടത്.9
ഖലീഫ അല്‍-മന്‍സൂറിന് ഉദരരോഗം പിടിപെട്ടപ്പോള്‍ ഗുന്ദെഷാപൂരില്‍ നിന്നും പ്രധാനവൈദ്യന്‍ ജിര്‍ജിസിനെ ബാഗ്ദാദില്‍ കൊണ്ടുവന്ന് ചികിത്സിച്ച കാര്യം മുമ്പ് സൂചിപ്പിച്ചല്ലോ. ഗുന്ദെഷാപൂരിന് ഇസ്ലാമിന്റെ ജ്ഞാനോദയത്തില്‍ പ്രധാന പങ്കാണുള്ളത്. പൊതുവര്‍ഷം 271-ലാണ് സസാനി രാജാവ് ഷാപൂര്‍ ഒന്നാമന്‍ ഗുന്ദെഷാപൂര്‍ സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമേറി വൈദ്യപഠന കേന്ദ്രം ഗുന്ദെഷാപൂരില്‍ ആയിരുന്നു. ഇവിടെ ഒരു സര്‍വ്വകലാശാലയും ബൃഹത്തായ ഗ്രന്ഥശേഖരവും ഉണ്ടായിരുന്നു. ആധുനിക ഇറാനിലെ ഖുസിസ്ഥാന്‍ പ്രവിശ്യയിലെ ദെസ്‌ഫുല്‍ നഗരത്തിനടുത്തുള്ള ഗ്രാമത്തില്‍ പൌരാണിക, മദ്ധ്യയുഗങ്ങളില്‍ നില നിന്നിരുന്ന വൈദ്യശാസ്‌ത്ര പഠനകേന്ദ്രത്തിന്റെയും സര്‍വ്വകലാശാലയുടെയും ശേഷിപ്പുകള്‍ അടുത്ത കാലത്ത് കണ്ടെത്തി. ക്രിസ്തുമതത്തിലെ നെസ്റ്റോറിയന്‍ വിഭാഗത്തില്‍പെട്ട വൈദികര്‍ എഡിസ്സ നഗരത്തില്‍ നടത്തിയിരുന്ന സെമിനാരിയും ശാസ്‌ത്രപഠനകേന്ദ്രവും അടച്ചുപൂട്ടാന്‍ ബൈസാന്റിയം ചക്രവര്‍ത്തി സീനോ 489-ല്‍ ഉത്തരവിട്ടപ്പോള്‍ അവര്‍ അഭയം കണ്ടെത്തിയത് ഗുന്ദെഷാപൂരിലായിരുന്നു. ഗ്രീസിലെ ഏതന്‍സ് നഗരത്തില്‍ പ്ളേറ്റോ സ്ഥാപിച്ച അക്കാദമി ‘പേഗനിസം’ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ അടച്ചു പൂട്ടാന്‍ ജസ്റിനിയന്‍ ചക്രവര്‍ത്തി 529-ല്‍ ഉത്തരവിടുകയും ശാസ്‌ത്രജ്ഞരെയും തത്ത്വചിന്തകരെയും നാടുകടത്തുകയും ചെയ്തപ്പോള്‍ അവര്‍ക്കും സൊറാഷ്ട്രിയന്‍ മതവിശ്വാസി ആയിരുന്ന പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖുസ്രോ അനൊഷര്‍വന്‍ (അനശ്വരന്‍) ഗുന്ദെഷാപൂരില്‍ അഭയം നല്‍കി.
പ്രശസ്തരായ ചികിത്സകരും ജ്യോതിശ്ശാസ്‌ത്രജ്ഞരും ഗണിതപണ്ഡിതരും താവളമാക്കിയതോടെ ഗുന്ദെഷാപൂര്‍ ലോകത്തിന്റെ ബുദ്ധികേന്ദ്രമായി മാറി. പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ഇസ്ലാം കീഴടക്കിയപ്പോള്‍ ഗുന്ദെഷാപൂര്‍ ഇസ്ലാമിന്റെ സ്വന്തമായി. ഇവിടെ നിന്നാണ് ഖലീഫയെ ചികിത്സിക്കാന്‍ വൈദ്യപ്രമുഖന്‍ ജിര്‍ജിസിനെ ബാഗ്ദാദിലേയ്ക്ക് കൊണ്ടുവന്നത്. ജിര്‍ജിസ് മരുന്നു മാത്രമല്ല ജ്ഞാനോദയത്തിനുള്ള മന്ത്രവും ഖലീഫയില്‍ പ്രയോഗിച്ചുവെന്ന് പില്ക്കാല സംഭവങ്ങള്‍ തെളിയിച്ചു. ക്രിസ്തുമതം വലിച്ചെറിഞ്ഞജ്ഞാനദീപങ്ങള്‍ ഏറ്റുവാങ്ങിയത് സൊറാഷ്ട്രിയന്‍ മതമായിരുന്നു. അവരില്‍ നിന്ന് ഇസ്ലാമിന്റെ കൈകളില്‍ എത്തിപ്പെടുകയാണുണ്ടായത്. വിശ്വാസ പ്രമാണങ്ങളില്‍ വിള്ളലുണ്ടാക്കുമെന്ന് ഭയന്ന് ഇസ്ലാം ജ്ഞാനദീപത്തെ വലിച്ചെറിഞ്ഞു കളയുകയല്ല, ലോകത്തിനു മുമ്പില്‍ അവ തെളിക്കുകയാണ് ചെയ്തത്.
ഗ്രീക് ചിന്തയുടെ സ്വാധീനത്താല്‍ ഖലീഫ അല്‍-മഅ്മൂന്‍ (813-33) ബാഗ്ദാദില്‍ ‘വിജ്ഞാനഭവനം’ (ബെയ്ത് അല്‍ -ഹിക്മ - The House of Wisdom) തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ മാതൃകയാക്കിയത് കുന്ദെഷാപൂരിലെ സര്‍വ്വകലാശാലയെയാണ്. ഗുന്ദെഷാപൂരില്‍ നിന്നും പാണ്ഡിത്യം നേടിയവരെയാണ് ബെയ്ത് അല്‍-ഹിക്മയില്‍ വിവര്‍ത്തകരായും എഴുത്തുകാരായും ഖലീഫ നിയമിച്ചത്. ക്രമേണ ഗുന്ദെഷാപൂരിന്റെ പ്രാധാന്യം കുറഞ്ഞു. അത് ബാഗ്ദാദിലെ ബെയ്ത് അല്‍-ഹിക്മയാണ് കരസ്ഥമാക്കിയത്. ഒമ്പതാം നൂറ്റാണ്ടുമുതല്‍ പതിമൂന്നാം നൂറ്റാണ്ടുവരെ ദീര്‍ഘമായ നാലു നറ്റാണ്ടുകാലം ബാഗ്ദാദില്‍ നിലനിന്നിരുന്ന ഈ വിജ്ഞാനഭവനം ഇസ്ലാമിലെ ജ്ഞാനപ്രകാശത്തിന്റെ മുഖ്യമായ പ്രഭവകേന്ദ്രമായിരുന്നു. ജ്യോതിശ്ശാസ്‌ത്രം, ഗണിതം, വൈദ്യശാസ്‌ത്രം, രസതന്ത്രം (alchemi), ജീവശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ദൈവശാസ്‌ത്രം (Theology), തത്ത്വചിന്ത (philsophy) എന്നിങ്ങനെ ശാസ്‌ത്രീയവും മാനവികവുമായ വിഷങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങളും പഠനങ്ങളും വിജ്ഞാനഭവനില്‍ നടന്നു. ഇന്ത്യ, ഗ്രീസ്, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ വിലകൊടുത്തു വാങ്ങി വിജ്ഞാന ഭവനിലെ പണ്ഡിതരുടെ കൈകളിലെത്തിക്കാന്‍ ഖലീഫമാര്‍ ശ്രദ്ധിച്ചു. പ്ളേറ്റോയുടെയും അരിസ്റോട്ടിലിന്റെയും പൈതഗോറസിന്റെയും ഹിപ്പോക്രേറ്റിസിന്റെയും യൂക്ളിഡിന്റെയുമ പ്ളോട്ടിനസിന്റെയും ഗാലന്റെയും സുശ്രുതന്റെയും ചരകന്റെയും ആര്യഭട്ടന്റെയും ബ്രഹ്മഗുപ്തന്റെയും ഗ്രന്ഥങ്ങള്‍ ബാഗ്ദാദിലെ വിജ്ഞാനഭവനിലെത്തി. വിജ്ഞാനഭവനും അതിലെ ഗ്രന്ഥശേഖരങ്ങളും നശിപ്പിക്കപ്പെട്ടത് മംഗോള്‍ ആക്രമണത്തി ലാണ്. ഹലാഗുഖാന്‍ 1258-ല്‍ ബാഗ്ദാദ് നഗരം അഗ്നിക്കിരയാക്കിയപ്പോള്‍ വിജ്ഞാനഭവനും അതിന്റെഗ്രന്ഥശേഖരവും നശിച്ചുപോയി. ഹലാഗുഖാന്‍ നശിപ്പിച്ച ഗ്രന്ഥശേഖരത്തിനു പകരം മറ്റൊന്ന് കാലാന്തരത്തില്‍ ബാഗ്ദാദില്‍ മാറിമാറി വന്ന ഭരണാധികാരികള്‍ രൂപപ്പെടുത്തുകയുണ്ടായി. അത് വീണ്ടും നശിപ്പിക്കപ്പെട്ടത് എഴുന്നൂറ്റിനാല്പ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ജോര്‍ജ്ജ് ഡബ്ളിയു ബുഷിന്റെ ആക്രമണത്തിലാണ്.
ഗ്രീക്ക് സംസ്കാരം ഇസ്ലാമിന്റെ വരവിനു മുമ്പ് തന്നെ സിറിയയിലും മെസപ്പൊട്ടേമിയയിലും (ഇറാഖ്) സ്ഥിരവാസമുറപ്പിച്ചിരുന്ന അറബികളില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇവിടങ്ങളിലെ ക്രൈസ്തവ സംന്യാസിമഠങ്ങള്‍ വിജ്ഞാനകേന്ദ്രങ്ങള്‍ കൂടി ആയിരുന്നു. അവിടങ്ങളില്‍ നിന്നാണ് ഗ്രീക്കുസംസ്കാരം അറബികളിലേയ്ക്ക് സംക്രമിച്ചത്. ഹാറൂന്‍ അല്‍-റശീദ് റോമാസാമ്രാജ്യത്തിന്റെ ഇടങ്ങളിലേയ്ക്ക് നടത്തിയ പടയോട്ടങ്ങളില്‍ പിടിച്ചെടുക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ അനേകം ഗ്രീക്ക്ഭാഷാഗ്രന്ഥങ്ങളുമുണ്ടായിരുന്നു. ഖലീഫ അല്‍-മഅ്മൂന്‍ ഗ്രീക്ക് ഗ്രന്ഥങ്ങള്‍ക്കായി ബൈസാന്റിയം ചക്രവര്‍ത്തി ലിയോ അഞ്ചാമന്റെ അടുക്കലേയ്ക്ക് ദൂതനെ അയയ്ക്കുകയുണ്ടായെന്നും യൂക്ളിഡിന്റെ ഗണിതം (ജ്യോമിതി) ഉള്‍പ്പെടെ ചില ഗ്രീക്ക്ഗ്രന്ഥങ്ങള്‍ ലഭിച്ചതായും ചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍, മുഖദ്ദിമയില്‍ പറയുന്നു. കൈവന്ന ഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ ഖലീഫമാര്‍ക്ക് ജൂതരും ക്രിസ്ത്യാനികളും ബഹുദൈവവിശ്വാസികളുമായ ഗ്രീക്കുകാരെ തുടക്കത്തില്‍ ആശ്രയിക്കേണ്ടിവന്നു. ഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ അറബികളെ ഏറ്റവും കൂടുതല്‍ സഹായിച്ചത് നെസ്റോറിയന്‍ ക്രിസ്ത്യാനിക ളായിരുന്നു. അബ്ബാസിയ ഖലീഫമാര്‍ ആരംഭിച്ച വിവര്‍ത്തന യജ്ഞം ഒരു നൂറ്റാണ്ടോളം കാലം നീണ്ടുനിന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നും അറബിയിലേയ്ക്കുള്ള വിവര്‍ത്തനങ്ങള്‍ വളരെ ജീവസ്സുറ്റതും അറബിമനസ്സുകളോട് സംവദിക്കുന്നതും ആയിരുന്നെങ്കില്‍ ഗ്രീക്കുഭാഷയില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ യാന്ത്രികവും ഗ്രീക്ക് നാടകീയത അല്പം പോലും സംക്രമിപ്പിക്കാത്തവയും ആയിരുന്നുവെന്ന് പല ചരിത്രകാരന്‍മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗ്രീക്ക്ഭാഷാഗ്രന്ഥങ്ങളുടെ വിവര്‍ത്തനം പദാനുപദവും യാന്ത്രികവും ആയിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഗ്രീക്ക്ഭാഷയിലെ പല പദങ്ങള്‍ക്കും തത്തുല്യമായ അറബി പദങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് അവയൊക്കെ അറബികള്‍ക്ക് ഉച്ചരിക്കാന്‍ പാകത്തില്‍ അറബിലിബികളില്‍ എഴുതുകയാണ് (transliteration) ചെയ്തത്. ചരിത്രപണ്ഡിതര്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നുഃ അരിതമെറ്റിഖി (arithmetic), ജുമാത്രിയ (geometry), മൂസീഖീ (music), ജിഗ്രാഫിയത് (geography), ഫല്‍സഫ (philosophy), അതീര്‍ (ether), അസ്തൂര്‍ലാബ് (astrolabe), ഇക്സീര്‍ (elixir), മഗ്നാത്തിസ് (magnet), ഉര്‍ഗൂന്‍ (organ).
ഖലീഫ ഹാറൂണ്‍ അല്‍-റശീദ് ശാസ്‌ത്രങ്ങളില്‍ തല്പരനായിരുന്നതു കൊണ്ട് ശാസ്‌ത്രജ്ഞരെയും ശാസ്‌ത്രഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നവരെയും പ്രോത്സാഹിപ്പിക്കുക എന്നത് വരേണ്യരുടെ ഫാഷനായിമാറി. കൊട്ടാരസദസ്സുകള്‍ക്ക് പുറത്ത് ബാഗ്ദാദിലെയും സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും സാധാരണ ജനങ്ങള്‍ക്കിടയില്‍ ശാസ്‌ത്രാഭിമുഖ്യമൊന്നും ഉണ്ടായിരുന്നില്ല. അറബികളായ മതവിശ്വാസികള്‍ക്ക് താല്പര്യം ഖുര്‍ആന്‍, ഹദീസ് (നബിചര്യകള്‍), ഫിഖ്‌ഹ്(മതനിയമശാസ്‌ത്രം)10 തുടങ്ങിയ മതപരമായ വിഷയങ്ങള്‍ പഠിക്കുന്നതിലായിരുന്നു. ഹാറൂണ്‍ അല്‍-റശീദ് 808-ല്‍ അന്തരിച്ചപ്പോള്‍ ആഭ്യന്തര യുദ്ധം തുടങ്ങി. ബാഗ്ദാദില്‍ ഖലീഫയായി സ്ഥാനാരോഹണം ചെയതത് അല്‍-അമീനായിരുന്നു. പേര്‍ഷ്യയിലെ മര്‍വ് തലസ്ഥാനമാക്കി കിഴക്കുഭാഗം മറ്റൊരു മകന്‍ അല്‍-മഅ്മൂന്‍ ഭരിക്കാന്‍ തുടങ്ങി. അധികം താമസിയാതെ മഅ്മൂന്‍ അമീനെ കൊലപ്പെടുത്തി ബാഗ്ദാദില്‍ ഖലീഫയായി.
ഗ്രീക്ക്ചിന്തകളുടെയും ഇസ്ലാമിലെ സ്വതന്ത്രചിന്തകരായ മുഅ്തസില വിഭാഗക്കാരുടെയും സ്വാധീനത്തില്‍ സ്വതന്ത്രചിന്തയെ പ്രോത്സാഹിപ്പിച്ച ഖലീഫയാണ് അല്‍-മഅ്മൂന്‍. അതുകൊണ്ട് മതപണ്ഡിതര്‍ അദ്ദേഹത്തിന് ‘അവിശ്വാസികളുടെ രാജകുമാരന്‍’ എന്ന പരിഹാസപ്പേര് നല്‍കി. ഖുര്‍ആന്‍ അല്ലാഹുവിന്റെ ഒരു സൃഷ്‌ടിയല്ല, അല്ലാഹുവിനെപ്പോലെ തന്നെ ആദിയും അന്തവും ഇല്ലാത്ത അല്ലാഹുവിന്റെ ഭാഷണമാണ് എന്ന നിലപാടാണ് യാഥാസ്ഥിതികരായ മതപണ്ഡിതര്‍ സ്വീകരിച്ചത്. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ മതപണ്ഡിതര്‍ക്ക് മാത്രമേ അവകാശമുള്ളു എന്നായിരുന്നു ഈ വാദത്തിന്റെ അനുബന്ധം. ഈ വാദം തെറ്റാണെന്നും ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിമാത്രമാണെന്നും സ്വതന്ത്രമായ ചിന്തയ്ക്ക് വിധേയമാക്കാമെന്നുമായിരുന്നു സ്വതന്ത്രചിന്തകരുടെ നിലപാട്. ഖലീഫ അല്‍-മഅ്മൂന്‍ സ്വതന്ത്രചിന്തകരുടെ പക്ഷത്തായിരുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്റെ ഒരു സൃഷ്ടിമാത്രമാണെന്ന് ഖലീഫ ഔദ്യോഗിപ്രഖ്യാപനം ഇറക്കി. ഇതിനോട് കടുത്ത പ്രതിഷേധമാണ് മതപണ്ഡിതര്‍ രേഖപ്പെടുത്തി യത്. ഖലീഫയ്ക്ക് മതശാസനം (ഫത്വ) ഇറക്കാനുള്ള അധികാരമില്ലെന്നായിരുന്നു അവരുടെ നിലപാട്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് ഉദ്യോഗസ്ഥര്‍ പരസ്യമായി പ്രതിജ്ഞാരൂപത്തില്‍ ആവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ചിലര്‍ പാലിച്ചില്ല. അവര്‍ക്കെതിരെ ഖലീഫ മതകുറ്റവിചാരണ (മിന്‍ഹ - inquisition) നടത്തുകയും അവരെ ശിക്ഷിക്കുകയും ചെയ്തു. ഖലീഫയുടെ പ്രഖ്യാപനം അംഗീകരിക്കാത്ത മതപണ്ഡിതരും പീഡിപ്പിക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തന്‍ അഹ്‌മദ് ഇബ്‌നു ഹന്‍ബല്‍ ആയിരുന്നു. ഇദ്ദേഹമാണ് സുന്നിമുസ്ലിംകളുടെ നാല് മദ്ഹബുകളില്‍ (കാര്‍മ്മികവിഭാഗങ്ങള്‍) ഒന്നായ ഹന്‍ബലി മദ്ഹബിന്റെ സ്ഥാപകാദ്ധ്യക്ഷന്‍. ഖുര്‍ആന്‍ അനാദിയും അനന്തവുമാണെന്ന് വിശ്വസിച്ചിരുന്ന അഹ്‌മദ് ഇബ്‌നു ഹന്‍ബലിനോട് ബാഗ്ദാദിലെത്തി മതകുറ്റവിചാരണ നേരിടാന്‍ ഖലീഫ കല്പിച്ചു. ഹന്‍ബലിന്റെ ഭാഗ്യാതിരേകത്താല്‍ ഖലീഫ പെട്ടെന്ന് അന്തരിച്ചു.
അല്‍-മഅ്മൂന്‍ ബാഗ്ദാദില്‍ ഖലീഫയായതിനുശേഷം ഗ്രീസിലെ ഗണിതശാസ്‌ത്രജ്ഞനായ ഇറാട്ടൊസ്തനീസിന്റെ ജ്യോമിതി പരീക്ഷണങ്ങള്‍ അനുവര്‍ത്തിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഭമിയുടെ വൃത്താകൃതിയുടെ മാനങ്ങള്‍ നിര്‍ണ്ണയിക്കാനും വേണ്ടി ശാസ്‌ത്രജ്ഞരുടെ സമ്മേളനം മെസപ്പൊട്ടേമിയയിലെ സിന്‍ജായില്‍ വിളിച്ചു ചേര്‍ത്തു. അവടെ സമ്മേളിച്ച ശാസ്‌ത്ര ജ്ഞരുടെ നിര്‍ദ്ദേശപ്രകാരം അവിടെ ഒരു ജ്യോതിര്‍ഗ്ഗോള നിരീക്ഷണകേന്ദ്രം (observatiory) സ്ഥാപിക്കുകയുണ്ടായി.
രണ്ടാം അബ്ബാസിയ ഖലീഫ അല്‍-മന്‍സൂറിന്റെ കാലത്ത് (754-775) തന്നെ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ (അറബിയില്‍ തര്‍ജുമ) ചെയ്യാന്‍ ആരംഭിച്ചു. അരേമിയ (സിറിയക്) ഭാഷയിലുള്ള പതിപ്പുകളാണ് തുടക്കത്തില്‍ വിവര്‍ത്തനം ചെയ്തത്. പിന്നീടാണ് ഗ്രീക്ക് വൈദ്യന്‍മാരുടെ ഗ്രന്ഥങ്ങള്‍ ഗ്രീക്ക്ഭാഷയില്‍ നിന്നും അറബിയിലേയ്ക്ക് നേരിട്ട് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയത്.ഗ്രീസിലെ മഹാവൈദ്യന്‍മാരായിരുന്ന ഹിപ്പൊക്രേറ്റിസിന്റെയും11 ഗ്യാലന്റെയും12 ഗ്രന്ഥങ്ങള്‍ അബൂ യഹ്യാ ഇബ്‌നു അല്‍-ബത്രിഖ് എന്ന പണ്ഡിതനാണ് അല്‍-മന്‍സൂര്‍ ഖലീഫയുടെ ആജ്ഞപ്രകാരം അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. അല്‍-ഖത്രിഖ്, ഖലീഫയുടെ ഔദ്യോഗിക തര്‍ജ്ജമക്കാരനായിരുന്നു. ഇദ്ദേഹം തന്നെയാണ് ടോളമിയുടെ ജ്യോതിശ്ശാസ്‌ത്രഗ്രന്ഥങ്ങളും യൂക്ളിഡിന്റെ ജ്യോമിതിഗ്രന്ഥങ്ങളും അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്.
അബൂ യഹ്യാ ഇബ്‌നു അല്‍-ബത്രിഖിനെപോലെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച തര്‍ജ്ജമക്കാരായിരുന്നു ഹുനൈന്‍ ഇബ്‌നു ഇസ്‌ഹാഖും താബിത് ഇബ്‌നു ഖുര്‍റത്തും. ക്രിസ്‌തുമത വിശ്വാസിയായിരുന്ന ഹുനൈന്‍ വലിയ പണ്ഡിതനും വൈദ്യനും ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഇസ്ലാമിക ചരിത്രകാരന്‍മാര്‍ ‘തര്‍ജുമക്കാരുടെ രാജാവ് ’ എന്ന് വിശേഷിപ്പിച്ചത്. കൂഫയ്ക്കടുത്തുള്ള അല്‍-ഹിറയിലെ നെസ്റോറിയന്‍ ക്രിസ്തുമതവിശ്വാസിയായ ഒരു ഫാര്‍മസിസ്റിന്റെ മകനായിരുന്നു ഹുനൈന്‍ ഇബ്‌നു ഇസ്‌ഹാഖ് അല്‍-ഇബാദി. നെസ്റോറിയന്‍ ക്രിസ്ത്യാനികളെ അറബികള്‍ വിളിച്ചിരുന്നത് ഇബാദികള്‍ (അല്ലാഹുവിന്റെ സേവകര്‍) എന്നാണ്. ഹിറയില്‍ സ്ഥിരവാസമുറപ്പിച്ച അറബി വംശജരില്‍ ചിലര്‍ നെസ്റോറിയന്‍ ക്രിസ്തുമതം സ്വീകരിച്ചു. അവരില്‍ പെട്ടതാണ് ഹുനൈന്റെ കുടുംബം.13
കൌമാരത്തില്‍ ബാഗ്ദാദിലെത്തിയ ഹുനൈന്‍ അവിടത്തെ വൈദ്യ വിദ്യാകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായി. ഗ്രീക്ക്ഭാഷ സ്വന്തമായി പഠിച്ച് ഗ്രീക്ക് വൈദ്യഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങിയ ഹുനൈനെ ഖലീഫ അല്‍-മഅ്മൂന്‍ ബെയ്ത് അല്‍-ഹിൿമയില്‍ തര്‍ജ്ജമ ക്കാരനായി നിയമിച്ചു. ഗാലന്റെ ഏഴു വൈദ്യശാസ്‌ത്രഗ്രന്ഥങ്ങള്‍ കൂടാതെ പ്ളേറ്റോയുടെ റിപബ്ളിക്ക് (അറബിയില്‍ സിയാസത്), അരിസ്റോട്ടിലിന്റെ ക്യാറ്റഗറീസ് (അറബിയില്‍ മഖൂലാത്ത്), ഫിസിക്സ് (ത്വബിഇയാത്), മാഗ്ന മൊറാലിയ (ഖുല്‍ഖീയാത്ത്) എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ഗാലന്‍ രചിച്ച മൂലഗ്രന്ഥങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. ഹുനൈന്റെ അറബി പരിഭാഷകള്‍ ഉണ്ടായിരുന്നതുകൊണ്ടുമാത്രാണ് മനുഷ്യരാശിക്ക് അവ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടാതിരുന്നത്.14
ശാസ്‌ത്രഗ്രന്ഥങ്ങള്‍ക്കു പുറമെ ഗ്രീക്ക് ബൈബിളും (Septuagint) ഹുനൈന്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. വിവര്‍ത്തകര്‍ക്ക് പ്രതിമാസം 500 ദീനാര്‍ ആയിരുന്നു പ്രതിമാസ ശമ്പളം. ഹുനൈന്റെ തര്‍ജ്ജമയില്‍ സന്തുഷ്ടനായ ഖലീഫ വിവര്‍ത്തനം ചെയ്ത ഗ്രന്ഥത്തിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണനാണയങ്ങളാണ് ഹുനൈന് കൊടുത്തതെന്ന് മുസ്ലിം ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
യാഥാസ്ഥിതിക മതപണ്ഡിതന്‍മാരുടെ സ്വാധീനത്തില്‍ പെട്ടുപോയ ഖലീഫ അല്‍-മുത്തവക്കീല്‍ ഒരു മതഭ്രാന്തനായി മാറി. എങ്കിലും ശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യിക്കുന്ന പതിവ് തുടര്‍ന്നു. ബെയ്ത് അല്‍ -ഹിൿമയിലെ പണ്ഡിതന്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു ചികിത്സകന്‍ കൂടിയായിരുന്ന ഹുനൈനെ തന്റെ ആസ്ഥാന ഭിഷഗ്വരനായി അല്‍-മുത്തവക്കീല്‍ നിയമിച്ചു. ചികിത്സകന്‍ എന്ന നിലയില്‍ ഹിപ്പോക്രേറ്റീസിന്റെ തത്ത്വങ്ങള്‍ പാലിച്ച വൈദ്യനായിരുന്നു ഹുനൈന്‍. അദ്ദേഹത്തിന്റെ ചികിത്സയിലെ ധര്‍മ്മബോധത്തെ പരീക്ഷിക്കാന്‍ ഖലീഫ നിശ്ചയിച്ചു. തന്റെ ഒരു ശത്രുവിനെ കൊല്ലാനുള്ള വിഷമരുന്ന് തയ്യാറാക്കി തരണമെന്ന് ഖലീഫ ഹുനൈനോട് രഹസ്യമായി അഭ്യര്‍ത്ഥിച്ചു. ഹുനൈന്‍ ഖലീഫയുടെ അപേക്ഷ നിരസിച്ചു. പരീക്ഷിക്കാനായി ഖലീഫ ഹുനൈനെ കുറച്ചു കാലം തുറുങ്കിലടച്ചു. അതിനുശേഷം കൊട്ടാരത്തില്‍ വരുത്തി വിഷമരുന്ന് തയ്യാറാക്കിത്തന്നില്ലെങ്കില്‍ വധിക്കുമെന്ന് പറഞ്ഞു. ഹുനൈന്റെ മറുപടി ഇങ്ങനെ ആയിരുന്നു:
“രണ്ടു തടസ്സങ്ങളുണ്ട്. ഒന്ന് എന്റെ മതം. രണ്ട് എന്റെ തൊഴില്‍. ശത്രുക്കള്‍ക്കു പോലും നന്‍മ ചെയ്യണമെന്ന് എന്റെ മതം അനുശാസിക്കുന്നു. മിത്രങ്ങള്‍ക്ക് നന്‍മചെയ്യുന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലൊ. രണ്ടാമത് എന്റെ തൊഴില്‍. മനുഷ്യരാശിക്ക് നല്ലതു വരാനാണ് ഈ തൊഴില്‍ മനുഷ്യന്‍ ആരംഭിച്ചത്. അവരുടെ ആശ്വാസത്തിനും രോഗമുക്തിക്കും വേണ്ടി മാത്രമാണ് അത്. മാത്രവുമല്ല മാരകമായ മരുന്ന് ആര്‍ക്കും കൊടുക്കുകയില്ലെന്ന് ഓരോ വൈദ്യനും പ്രതിജ്ഞാബദ്ധനുമാണ്.”15
പണ്ഡിതനും വൈദ്യനുമായ ഹുനൈന്റെ ധര്‍മ്മബോധത്തില്‍ സന്തുഷ്ടനായ അല്‍-മുത്തവക്കീല്‍ ഹുനൈന് വിലപിടിപ്പുള്ള പാരിതോഷികങ്ങള്‍ നല്‍കി. ചരിത്രകാരനായ അബൂ അല്‍-ഫറാജ് ജമാല്‍ അദ്-ദീന്‍ ഇബ്‌നു അല്‍- ഐബ്രി ഹുനൈനെ വിലയിരുത്തിയത് ‘ശാസ്‌ത്രത്തിന്റെ സ്രോതസ്സും നന്‍മയുടെ ഖനിയും ’എന്നാണ്.
ഹുനൈന്‍-ഇബ്‌നു ഇസ്‌ഹാഖ് നെസ്റോറിന്‍ ക്രിസ്ത്യാനികളടങ്ങിയ വിവര്‍ത്തക സംഘത്തിന്റെ തലവനായിരുന്നു. സാബിയന്‍16മതക്കാരടങ്ങിയ മറ്റൊരു സംഘം വിവര്‍ത്തകര്‍ ബാഗ്ദാദിലുണ്ടായിരുന്നു. അവരുടെ തലവന്‍ സാബിത് ഇബ്‌നു ഖുര്‍റാ ആയിരുന്നു. നക്ഷത്രങ്ങളെ ആരാധിക്കുന്നതു കൊണ്ട് സാബിയന്‍മാര്‍ പരമ്പരാഗതമായി ജ്യോതിശ്ശാസ്‌ത്രത്തില്‍ തല്പരരായിരുന്നു. അവരാണ് ഗ്രീക്കു ഭാഷയിലെ ജ്യോതിശ്ശാസ്‌ത്ര, ഗണിത ഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്. സാബിതിന്റെ പുത്രന്‍ സിനാനും പൌത്രന്‍മാരും വിവര്‍ത്തകരായിരുന്നു. സാബിത്തിന്റെ പിന്‍മുറക്കാര്‍ ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി.
പത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിറിയയിലെ മോണോഫി സൈറ്റ് വിഭാഗത്തില്‍ പെട്ട ക്രിസ്ത്യാനികളും ക്ളാസിക്കുകളുടെ വിവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഇവരില്‍ പ്രമുഖന്‍ യഹ്യാ ഇബ്‌നു ആദി ആയിരുന്നു. ഇദ്ദേഹം മോണോഫിസൈറ്റ് സഭയുടെ ആര്‍ച്ച് ബിഷ് സ്ഥാനത്ത് അവരോധിക്കപ്പെടുകയുണ്ടായി. ഗ്രീസിലെ നവപ്ളേറ്റോണിയന്‍ തത്ത്വചിന്തകരുടെ കൃതികള്‍ അറബ് ലോകത്തിന് പരിചയപ്പെടുത്തിയത് മോണോഫിസൈറ്റ് ക്രിസ്ത്യാനികളായ വിവര്‍ത്തകരാണ്. ഇസ്ലാമിലേയ്ക്ക് നവപ്ളേറ്റോണിസത്തിന്റെ ഗുപ്താദ്ധ്യാത്മികത (mysticism) സംക്രമിച്ചത് ഇവരിലൂടെയാണ്.
വിവര്‍ത്തനങ്ങളുടെ കാലഘട്ടം അവസാനിച്ചപ്പോഴേയ്ക്കും ഗ്രീക്ക്, സംസ്‌കൃതം, ലത്തിന്‍, ഹീബ്രു, പഹ്‌ലവി ഭാഷകളില്‍ രചിക്കപ്പെട്ട മിക്കവാറും ശാസ്‌ത്രഗ്രന്ഥങ്ങളും, തത്ത്വചിന്താകൃതികളും അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. ഇസ്ലാമിക ലോകം വിജ്ഞാനപ്രസരണത്തിന്റെ സൂര്യ പ്രകാശത്തില്‍ മേളിക്കുമ്പോള്‍ യൂറോപ്പ് മതാന്ധതയുടെയും വിജ്ഞാന വിരോധത്തിന്റെയും തമോഗര്‍ത്തത്തില്‍ മാഴ്‌കുകയായിരുന്നു. അരിസ്റോട്ടിലിന്റെ യുക്തിചിന്ത ഉള്ളടങ്ങിയ ഓര്‍ഗനണും റിട്ടറിക്കും പോയറ്റിക്സും പോര്‍ഫൈറിയുടെ ഇസഗോജും17 അറബിവ്യാകരണത്തോടൊപ്പം ഇസ്ലാമിന്റെ മതപാഠശാലകളിലെ (ദര്‍സുകള്‍) പഠനഗ്രന്ഥങ്ങളായി മാറി.
ഒരു നൂറ്റാണ്ടുകാലത്തോളം നീണ്ടു നിന്ന വിവര്‍ത്തസംരംഭങ്ങള്‍ക്കു ശേഷം ഇസ്ലാം അറബിഭാഷയിലാക്കി സ്വാംശീകരിച്ച വിജ്ഞാന ശാഖകള്‍ക്ക് പുതിയ തളിരുകള്‍ കിളിര്‍ക്കാന്‍ തുടങ്ങി. അറബികള്‍ പൌരാണികമായ വിജ്ഞാനങ്ങളെ വിവര്‍ത്തനങ്ങളിലൂടെ ശേഖരിച്ചു വെയ്ക്കുകയും യൂറോപ്പിനു കൈമാറുകയും മാത്രമാണ് ചെയ്തതെന്ന പാശ്ചാത്യപണ്ഡിതരുടെ അഭിപ്രായം മനഃശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ നിലനില്ക്കുന്നതല്ല. മനുഷ്യമനസ്സിന് ഒരിക്കലും നിര്‍ജ്ജീവമായ ദര്‍പ്പണത്തെപ്പോലെ പ്രവര്‍ത്തിക്കാനാവുയില്ല. മനസ്സ് സ്വായത്തമാക്കുന്ന അറിവുകളെക്കുറിച്ച് വിചിന്തനം നടത്തുകയും ആശയങ്ങളെ നവീകരിക്കുകയും ചെയ്തുകൊണ്ടേ ഇരിക്കും. ഇസലാം മതവിശ്വാസികളും അതുതന്നെയാണ് ചെയ്തത്. മറ്റുഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്ത് സ്വായത്തമാക്കിയ വിജ്ഞാനങ്ങളെ നവീകരിക്കാനുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ നടത്തിയത്.
ഇസ്ലാമിന്റെ വിജ്ഞാനോന്‍മുഖ പ്രവര്‍ത്തനങ്ങളുടെ കാലഘട്ടത്തെ വിവര്‍ത്തനങ്ങളുടേതെന്നും സര്‍ഗ്ഗാത്മകതയുടേതെന്നും കൃത്യമായി വേര്‍തിരിച്ചു കാണിക്കുക പ്രയാസമായിരിക്കും. തുടക്കം മുതലേ തന്നെ പല വിവര്‍ത്തകരും വിവര്‍ത്തനങ്ങളോടൊപ്പം സ്വന്തമായ സംഭാവനകളും വൈദ്യശാസ്‌ത്രം, തത്ത്വചിന്ത, ജ്യോതിശ്ശാസ്‌ത്രം, ഗണിതശാസ്‌ത്രം, ഭാഷ, സാഹിത്യം തുടങ്ങിയ വിജ്ഞാന മേഖലകള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.
മുസ്ലിം ഭരണാധികാരികള്‍ പണ്ഡിതന്‍മാരുടെ മതമേതെന്ന് നോക്കാതെയാണ് പ്രോത്സാഹനം നല്‍കിയത്. യൂഹാനാ ഇബ്‌നു മാസാവയ്‌ഹ്18 നെസ്റോറിയന്‍ ക്രിസ്ത്യാനിയായിരുന്നു. ഗുന്ദെഷാപൂരിലെ സര്‍വ്വകലാശാലയോടനുബന്ധിച്ചുള്ള ചികിത്സാകേന്ദ്രത്തിലെ പേരുകേട്ട ഭിഷഗ്വരനായിരുന്ന അദ്ദേഹത്തെ ബാഗ്ദാദിലേയ്ക്ക് ക്ഷണിച്ചു വരുത്തി കൊട്ടാരവൈദ്യനായി നിയമിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്‍ ഹുനൈന്‍ ഇബ്‌നു ഇസ്‌ഹാഖ് ഗാലന്റെ ഗ്രന്ഥങ്ങള്‍ അറബിയിലേയ്ക്ക് വിവര്‍ത്തനം ചെയ്തതിനു പുറമേ സ്വന്തമായി ശരീരശാസ്‌ത്രം (anatomy) പഠിക്കാന്‍ ശ്രമിച്ചു. ഇസ്ലാംമതവിശ്വാസമനുസരിച്ച് ശവശരീരം കീറിമുറിക്കുന്നത് അനുവദനീയമല്ലാത്തതിനാല്‍ ഖലീഫ അല്‍-മുഅ്തസീം തനിക്ക് ആഫ്രിയക്കയില്‍ നിന്നും സമ്മാനമായി കിട്ടിയ ആള്‍ക്കുരങ്ങിനെ ഹുനൈന് ശരീരശാസ്‌ത്രം പഠിക്കാന്‍ നല്‍കി.
മരുഭൂമിയില്‍ നേത്രരോഗങ്ങളുടെ ആധിക്യം ഉണ്ടായിരുന്നതുകൊണ്ട് മുസ്ലിം വൈദ്യന്‍മാര്‍ നേത്രരോഗചികിത്സയിലും ഗവേഷണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തി. അറബി ഭാഷയില്‍ നേത്രരോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ഗ്രന്ഥം യൂഹാനാ രചിച്ച ദഗല്‍ അല്‍-ഐന്‍(കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍) എന്ന ഗ്രന്ഥമാണ്. അദ്ദേഹത്തിന്റെ ശിക്ഷ്യനായിരുന്ന ഹുസൈൻ ഇബ്‌നു ഇസ്‌ഹാഖ് അതിനേക്കാള്‍ കനപ്പെട്ട മറ്റൊരു നേത്രരോഗചികിത്സാ ഗ്രന്ഥം, അല്‍ അശര്‍ മഖാലാത്ത് ഫീ അല്‍-ഐന്‍ (നേത്രരോഗങ്ങളെ കുറിച്ചുള്ള പത്ത് ബ്രന്ധങ്ങള്‍) രചിച്ചു. മാക്സ് മേയര്‍ഹോഫ് ഈ ഗ്രന്ഥം 1928ല്‍ ഇംഗ്ളീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. ഏറ്റവും പഴക്കമുള്ള നേത്രരോഗങ്ങളുടെ പാഠപുസ്തകം (Text Book of Ophthalmology) ആയി ആധുനിക വൈദ്യശാസ്‌ത്രം അംഗീകരിച്ചു.
ഇസ്ലാമിന്റെ വീക്ഷണത്തില്‍ ചികിത്സകന്‍ തത്ത്വജ്ഞാനി കൂടിയാണ്. ഹക്കീം എന്ന അറബിവാക്കിന് ജ്ഞാനിയെന്നും വൈദ്യനെന്നും അര്‍ത്ഥം വന്നതങ്ങനെയാണ്. വൈദ്യന്‍മാര്‍ക്ക് ഖലീഫമാര്‍ നിര്‍ലോപം പ്രതിഫലം നല്‍കി. ഹാറൂണ്‍ അല്‍-റശീദിന്റെയും അല്‍-മഅ്മൂന്റെയും കൊട്ടാരവൈദ്യനായിരുന്ന ജിബിരീല്‍ ഇബ്‌നു ബക്തീശുവിന് എട്ടു കോടിയിലധികം ദീര്‍ഹത്തിന്റെ ആസ്തിയുണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഖലീഫയുടെ ശരീരത്തില്‍ നിന്നും ദുഷിച്ച രക്തം ചോര്‍ത്തിക്കളുയുന്ന ചികിത്സ (blood letting) നടത്തുന്നതിന് കൊടുത്തിരുന്ന പ്രതിഫലം ഒരു ലക്ഷം ദീര്‍ഹമായിരുന്നു.19 വൈദ്യന്‍ നെസ്റോറിയന്‍ കിസ്ത്യാനിയായിരുന്ന കാര്യം ശ്രദ്ധേയമാണ്. ശാസ്‌ത്രത്തിന്റെ കാര്യങ്ങളില്‍ ഖലീഫമാര്‍ പൊതുവെ മതനിരപേക്ഷ നിലാപാടാണ് സ്വീകരിച്ചത്.
ഇസ്ലാമിക സാമ്രാജ്യത്തിലെ വൈദ്യന്‍മാര്‍ പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ വളരെയധികം മുന്നോട്ടുപോയി. ചരിത്രത്തില്‍ ആദ്യമായി ഔധവില്പനശാലകള്‍ (അപ്പോത്തിക്കിരിക്കടകള്‍ - apothecary shops) പ്രത്യക്ഷപ്പെട്ടത് ഇസ്ലാമിക സാമ്രാജ്യത്തിലാണ്. വൈദ്യന്‍മാരും അപ്പോത്തിക്കിരിമാരും പഠനത്തിനുശേഷം പരീക്ഷ പാസ്സാകണമെന്ന നിബന്ധന ആദ്യം കൊണ്ടുവന്നത് ഖലീഫ അല്‍-മഅ്മൂനാണ്. ബാഗ്ദാദിലെ ഒരു വൈദ്യന്‍ അശാസ്‌ത്രീയവും അധാര്‍മ്മികവുമായ (unethical medical practice) ചികിത്സ നടത്തുന്നുവെന്ന് പരാതിയുണ്ടായപ്പോള്‍ എല്ലാ വൈദ്യന്‍ മാരുടെയും പഠനനിലവാരം പരിശോധിച്ച് ഇജാസത്ത് (certificate) നല്‍കാന്‍ ഖലീഫ അല്‍-മുഖ്ത്തദീര്‍ കൊട്ടാരം വൈദ്യനായിരുന്ന സീനാന്‍ ഇബ്‌നു സാബിത്തിനോട് കല്പിച്ചു. സാബിത്ത് ബാഗ്ദാദിലെ 860 വൈദ്യന്‍മാരെ പരിശോധിച്ച് യോഗ്യതാപത്രങ്ങള്‍ നല്‍കി. പരീക്ഷ പാസ്സാവാത്തവരെ ചികിത്സാരംഗത്തുനിന്നും നിഷ്കാസനം ചെയ്തു. രോഗ ചികിത്സ കൊട്ടാരങ്ങളിലും വരേണ്യഗൃഹങ്ങളിലും മാത്രമായി ഒതുക്കി നിറുത്താതിരിക്കാന്‍ ഖലീഫമാരും ഗവര്‍ണ്ണര്‍മാരും ശ്രദ്ധിച്ചു. അല്‍-മുഖ്‌തദീറിന്റെ മന്ത്രിയായിരുന്ന അലി ഇബ്‌നു ഈസാ സീനാന്‍ വൈദ്യന്‍മാരെ സംഘടിപ്പിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും പോയി, ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.20
ബാഗ്ദാദില്‍ ഹാറൂണ്‍ അല്‍-റശീദ് സ്ഥാപിച്ച ആശുപത്രിയാണ് ഇസ്ലാമിക ലോകത്തിലെ ആദ്യത്തെ ആതുരാലയം. അറബികള്‍ കീഴടക്കുന്നതിനു മുമ്പ് പേര്‍ഷ്യാ സാമ്രാജ്യത്തില്‍ ഉണ്ടായിരുന്ന ആശുപത്രികളുടെ മാതൃകയിലാണ് ബാഗ്ദാദിലെ ആശുപത്രി സ്ഥാപിച്ചത്. അറബിഭാഷയില്‍ ആശുപത്രിക്ക് ബിമാരിസ്ഥാന്‍ എന്ന പേര് വന്നതും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നു തന്നെ. ബാഗ്ദാദില്‍ മാത്രമല്ല ഇസ്ലാമിക സാമ്രാജ്യത്തിന്റെ എല്ലാ പ്രവശ്യകളിലും പൊതുജനങ്ങള്‍ക്കുവേണ്ടി ആശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. കെയ്റോയില്‍ 872ല്‍ സ്ഥാപിച്ച ബിമാരിസ്ഥാന്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യംവരെ നിലനിന്നു.
ഇസ്ലാമിക സാമ്രാജ്യത്തിലെ അനേകം ഭിഷഗ്വരന്‍മാര്‍ വൈദ്യശാസ്‌ത്രചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവരില്‍ ഏറ്റവും മഹാനായ ചികിത്സകന്‍ എന്ന പേര് സമ്പാദിച്ചത് പാശ്ചാത്യലോകത്ത് റേസസ് എന്ന പേരിലറിയപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സക്കരിയ അല്‍-റാസി (865-925) ആണ്. പേര്‍ഷ്യയിലെ തിഹ്റാന് (ടെഹറാന്‍) സമീപത്തുള്ള അല്‍-റഅയ്യ് എന്ന സ്ഥലത്തു ജനിച്ചതുകൊണ്ടാണ് അല്‍-റാസി എന്ന വിളിപ്പേര് സിദ്ധിച്ചത്. ഇദ്ദേഹം 113 വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളും 28 പ്രബന്ധങ്ങളും രചിച്ചു. ശസ്‌ത്രക്രിയയ്ക്ക് വിധേയമായ അവയവത്തിനകത്ത് നീര് കെട്ടിനില്ക്കാതിരിക്കാന്‍ നീര്‍വാര്‍ച്ചയ്ക്കായി തിരുകുന്ന സെറ്റണ്‍21 കണ്ടുപിടിച്ചത് അല്‍-റാസിയാണ്. അല്‍-റാസി വൈദ്യ ശാസ്‌ത്രത്തില്‍ മാത്രമല്ല പ്രാവീണ്യം നേടിയത്. അദ്ദേഹം രസതന്ത്രജ്ഞന്‍ കൂടിയായിരുന്നു. അല്‍-റാസി രചിച്ച കിത്താബ് അല്‍-അസ്റ്റാര്‍ (രഹസ്യങ്ങളുടെ പുസ്തകം)എന്ന രസതന്ത്രഗ്രന്ഥം ലത്തീന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ജാബിറിന്റെ രസതന്ത്രഗ്രന്ഥം പതിന്നാലാം നൂറ്റാണ്ടില്‍ പുറത്തിറങ്ങുന്നതുവരെ യൂറോപ്പില്‍ ആധാരഗ്രന്ഥമായി കരുതിയത് അല്‍-റാസിയുടേതായിരുന്നു. അല്‍-റാസിയുടെ ഏറ്റവും പ്രശസ്തമായ വൈദ്യശാസ്‌ത്രഗ്രന്ഥം വസൂരിയുടെയും അഞ്ചാംപനിയുടെയും വിവരണങ്ങളടങ്ങളടങ്ങുന്ന അല്‍-ജൂദാരി വ-അല്‍-ഹശ്‌ബത്ത് എന്ന ചെറുഗ്രന്ഥമാണ്. അറബി വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളുടെ തിലകം എന്നാണിതിനിനെ ചരിത്രകാരന്‍മാര്‍ വിശേഷപ്പിച്ചത്. വൈദ്യശാസ്‌ത്രത്തിന്റെ ചരിത്രത്തില്‍ വസൂരിയെ കുറിച്ചുള്ള ആദ്യത്തെ വിവരണമാണിത്. ഈ ചെറുഗ്രന്ഥം വിവിധഭാഷകളി ലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതുകൊണ്ടാണ് അല്‍-റാസിയുടെ പേര് വൈദ്യശാസ്‌ത്രത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചത്.
അല്‍-റാസി കഴിഞ്ഞാല്‍ വൈദ്യശാസ്‌ത്രത്തല്‍ ഏറ്റവും കേള്‍വികേട്ട പേരാണ് ഇബ്‌നു സീന. പാശ്ചാത്യര്‍ ആവിസെന്ന എന്ന് വിളിക്കുന്ന ഇബ്‌നു സീന (980-1031) തത്ത്വചിന്തകന്‍ എന്ന നിലയ്ക്കും അറിയപ്പെടുന്നു. ബര്‍ട്രാന്റ് റസ്സലിന്റെ അഭിപ്രായത്തില്‍ ഇസ്ലാമിന് രണ്ട് തത്ത്വജ്ഞാനികളേ ഉണ്ടായിരുന്നുള്ളു, ആവിസെന്നയും ആവ്റോസും. മദ്ധ്യേഷ്യയിലെ ബുഖാറ പട്ടണത്തിനടുത്തുള്ള ഗ്രാമത്തിലാണ് ഇബ്‌നു സീന ജനിച്ചത്. ചെറുപ്പം മുതലേ വൈദ്യം പഠിക്കാനും പ്രയോഗിക്കാനും തുടങ്ങിയ ഇബ്‌നു സീന ബുഖാറ ഭരിച്ചിരുന്ന സുല്‍ത്താന്‍ നൂഹ് ഇബ്‌നു മന്‍സൂറിനെ ചികിത്സിച്ച് കഠിനമായ രോഗബാധയില്‍ നിന്നും രക്ഷപ്പെടുത്തിയതോടെയാണ് പ്രശസ്തനായത്. സന്തുഷ്ടനായ സുല്‍ത്താന്‍ തന്റെ ഗ്രന്ഥശാല യഥേഷ്ടം ഉപയോഗിക്കാന്‍ യുവവൈദ്യനെ അനുവദിച്ചു. ധിഷണാശാലിയായ വൈദ്യന്‍ ആര്‍ത്തിയോടെയാണ് ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ത്തത്. വായന യുവാവിന്റെ സര്‍ഗ്ഗവാസനയെ ഉത്തേജിപ്പിച്ചു. ഇരുപത്തൊന്നാം വയസ്സുമുതല്‍ ഇബ്‌നു സീന തത്ത്വചിന്താപരമായ ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. കുറച്ചുകാലം ഇസ്‌ഫഹാനിലെ വിജ്ഞാനകേന്ദ്രത്തില്‍ തത്ത്വചിന്തയും വൈദ്യശാസ്‌ത്രവും പഠിപ്പിച്ചതിനുശേഷം ടെഹറാനില്‍ സ്ഥിരതാമസമാക്കി. നിലവിലുള്ള വിജ്ഞാനങ്ങളെ അടുക്കിലും ചിട്ടയിലുമാക്കി ക്രമപ്പെടുത്തുക എന്ന ബൌദ്ധിക വ്യായാമമായിരുന്നു ആരംഭം. തത്ത്വചിന്ത, വൈദ്യശാസ്‌ത്രം, ഭൂമി ശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം, ദൈവശാസ്‌ത്രം, ഭാഷാശാസ്‌ത്രം, കല എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളില്‍ മനുഷ്യന് കൈവന്ന അറിവുകള്‍ ക്രോഡീകരിക്കുയും സ്വന്തം ചിന്തകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തുകൊണ്ടുള്ള രചനകള്‍ നടത്തി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രശസ്തമായവ കിത്താബ് അല്‍-ശിഫ (രോഗശമനത്തിന്റെ പുസ്തകം), അല്‍-ഖാനൂന്‍ ഫീ അല്‍-ത്വിബ്ബ് (ചികിത്സയുടെ നിയമങ്ങള്‍) എന്നിവയാണ്. അല്‍-ഖാനൂന്‍ ഫീ അല്‍-ത്വിബ്ബ് ഒരു വൈദ്യശാസ്‌ത്ര വിജ്ഞാനകോശമാണ്. മനോരോഗ ചികിത്സ ഉള്‍പ്പെടെ എല്ലാ വൈദ്യശാസ്‌ത്രശാഖകളെയും അതില്‍ പ്രതിപാദിക്കുന്നുണ്ട്. പന്ത്രണ്ടു മുതല്‍ പതിനേഴുവരെ നൂറ്റാണ്ടുകളില്‍ ഇബ്‌നു സീന വൈദ്യശാസ്‌ത്രത്തില്‍ യൂറോപ്പിനു മാര്‍ഗ്ഗദര്‍ശകനായിരുന്നു എന്നാണ് ബര്‍ട്രാന്റ് റസ്സലിന്റെ അഭിപ്രായം. മതവിശ്വാസശാഠ്യങ്ങള്‍ ഇല്ലാതിരുന്ന ഇബ്‌നുസീന ഉലമകള്‍ക്ക് (മതപണ്ഡിതന്‍മാര്‍ക്ക്) അനഭിമതന്‍ ആയിരുന്നു. ഖലീഫയുടെ തുര്‍ക്കി അംഗരക്ഷകസേനയുമായി ഇടഞ്ഞതു കാരണം ഇടയ്ക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
തത്ത്വചിന്തയില്‍ ഇബ്‌നു സീനയുടെ ആഭിമുഖ്യം അരിസ്റോട്ടിലിനോടായിരുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്തയെ ബര്‍ട്രാന്റ് റസ്സല്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:
തത്ത്വചിന്തയില്‍ ആവിസെന്ന മുസ്ലിം മുന്‍ഗാമികളേക്കാള്‍ അരിസ്റോട്ടിലിനോട് അടുത്തായിരുന്നു. കുറഞ്ഞ തോതില്‍ മാത്രമേ നവപ്ളേറ്റോണിയനായിരുന്നുള്ളു. പില്ക്കാല ക്രിസ്ത്യന്‍ വിജ്ഞാനവേദാന്തികള്‍ (Scholastics) ചെയ്തതു പോലെ അദ്ദേഹം സാര്‍വ്വത്രികങ്ങളെ (universals) കുറിച്ചുള്ള ചിന്തകളിലാണ് മുഴുകിയത്. സാര്‍വ്വത്രികങ്ങള്‍ വസ്തുക്കളുടെ മുന്‍പില്‍ സ്ഥിതിചെയ്യുന്നു എന്നാണ് പ്ളേറ്റോ പറഞ്ഞത്. സാര്‍വ്വത്രികങ്ങളെക്കുറിച്ച് അരിസ്റോട്ടിലിന് രണ്ട് അഭിപ്രായങ്ങളാണുണ്ടായിരുന്നത്. അദ്ദേഹം സ്വയം ചിന്തിക്കുമ്പോളൊന്ന്; പ്ളേറ്റോയെ വിമര്‍ശിക്കുമ്പോള്‍ മറ്റൊന്ന്. ഇക്കാരണത്താല്‍ അരിസ്റോട്ടിലിന്റെ ചിന്തകള്‍ ഭാഷ്യകാരന്‍മാര്‍ക്ക് ഇഷ്ടവിഷയമായിരുന്നു. ആവ്റോസും ആല്‍ബര്‍ട്ടസ് മാഗ്നസും ആവര്‍ത്തിച്ച ഒരു ആപ്തവാക്യം ആവിസെന്ന ആവിഷ്കരിച്ചു. ‘ചിന്ത രൂപങ്ങള്‍ക്കുമേല്‍ സാമാന്യത്വം (generality) ചാര്‍ത്തുന്നു.’ ചിന്തയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന സാര്‍വ്വത്രികങ്ങളില്‍ അദ്ദേഹം വിശ്വസി ച്ചിരുന്നില്ലെന്ന് ഇതില്‍ നിന്നും അനുമാനിക്കാവുന്നതാണ്. ഇത്, പക്ഷേ, വളരെ ലളിതവത്കരിക്കപ്പെട്ട വീക്ഷണമാണ്. ഗണങ്ങള്‍ അതായത് സാര്‍വ്വത്രികങ്ങള്‍ ഒരേസമയം വസ്തുക്കള്‍ക്ക് മുന്നിലും വസ്തുക്കളിലും വസ്തുക്കള്‍ക്കു പിന്നിലും ഉണ്ടെന്നാണ് ഇബനു സീന പറഞ്ഞത്. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: “ ദൈവത്തിന്റെ ചിന്തയില്‍ അവ വസ്തുക്കളുടെ മുന്നിലായിരുന്നു.” (ദൈവം പൂച്ചയെ സൃഷ്ടിക്കാന്‍ തീരുമാനിക്കുന്നു. സൃഷ്ടികര്‍മ്മം നടത്തുന്നതിനു മുമ്പ് ‘പൂച്ച’ എന്ന ആശയം ദൈവത്തിനുണ്ടാകണം. ഈ അര്‍ത്ഥത്തില്‍ പൂച്ചയെന്ന ആശയം പൂച്ചയെന്ന വസ്തുവിന് മുമ്പുണ്ടായി.) പ്രകൃതിയിലെ വസ്തുക്കളില്‍ സാര്‍വ്വത്രികങ്ങള്‍ അഥവാ ഗണങ്ങള്‍ ഉണ്ട്. (പൂച്ചയെ സൃഷ്ടിച്ചു കഴിഞ്ഞാല്‍ ഓരോ പൂച്ചയിലും മാര്‍ജ്ജാരകത്വം എന്ന പൊതു സ്വഭാവമുണ്ടല്ലൊ.) ഗണം അഥവാ സാര്‍വ്വത്രികം വസ്തുക്കളുടെ പിന്നില്‍ അതായത് മനുഷ്യന്റെ ചിന്തയില്‍ ഉണ്ട്. (നാം പല പൂച്ചകളെ കണ്ടു കഴിയുമ്പോള്‍ അവയുടെ സാദൃശ്യം നാം മനസ്സിലാക്കുകയും ‘പൂച്ച’ എന്ന പൊതുവായ ആശയത്തില്‍ എത്തിച്ചേരു കയും ചെയ്യുന്നു.) ഇത് പല സിദ്ധാന്തങ്ങളെയും സമന്വയിപ്പിക്കാനുള്ള ഇബ്‌നു സീനയുടെ ശ്രമമായിരുന്നു.22
മുസ്ലിം ചിന്തകര്‍ക്ക് തത്ത്വചിന്ത ( അറബിയില്‍ ഫല്‍സഫ) കാര്യങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള മാര്‍ഗ്ഗമായിരുന്നു. മനുഷ്യന്റെ മനശ്ശക്തി ഉപയോഗിച്ച് യഥാര്‍ത്ഥകാരണം കണ്ടെത്താമെന്നായിരുന്നു അവരുടെ പൊതുവായ നിലപാട്. ഗ്രീക്ക് തത്ത്വചിന്ത സ്വാധീനിച്ചതിന്റെ ഫലമായിരുന്നു ഈ നിലപാട്. ഗ്രീക് തത്ത്വചിന്തയുടെയും ഇസ്ലാംമതവിശ്വാസത്തിന്റെയും ഉദ്ഗ്രഥനം പല ഇസ്ലാമിക തത്ത്വചിന്തകളിലും കാണാന്‍ കഴിയും. ഗ്രീക്ക് തത്ത്വചിന്തകളുടെ സമാഹാരം അരിസ്റോട്ടിലിന്റെയും ഗ്രീക്ക് വൈദ്യശാസ്‌ത്ര ത്തിന്റെ സമാഹാരം ഗാലന്റെയും കൃതികളില്‍ കാണാമെന്നായിരുന്ന മുസ്ലിം ചിന്തകരുടെ വിലയിരുത്തല്‍. അവര്‍ക്ക് പ്ളേറ്റോയേക്കാള്‍ ഇഷ്ടം അരിസ്റോട്ടിലിനെ ആയിരുന്നു. മുസ്ലിം ചിന്തകര്‍ ദൈവശാസ്‌ത്രത്തിനും തത്ത്വചിന്തയ്ക്കും ഇടയിലാണ് നിലയുറപ്പിച്ചതെന്ന് ബെര്‍ട്രാന്റ് റസ്സല്‍ ഉള്‍പ്പെടെ പല ആധുനിക ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുസ്ലിംകള്‍ തത്ത്വചിന്തകരെ ഫലാസിഫത്ത് (ഫിലോസഫര്‍മാര്‍) അല്ലെങ്കില്‍ ഹുക്കാമ (ജ്ഞാനികള്‍) എന്നും മതവിശ്വാസത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വരെ മുത്തക്കല്ലിമൂന്‍ (ഇല്‍മ് - മതപരമായ അറിവ് - വര്‍ദ്ധിപ്പിക്കുന്നവര്‍) എന്നുമാണ് വിളിച്ചത്. മുത്തക്കല്ലിമൂന്‍ ഇസ്ലാമിലെ ദൈവശാസ്‌ത്രകാരനും (theologian) കലാം ദൈവശാസ്‌ത്രവും (theology) ആണ്. ഇസ്ലാമിക ദൈവശാസ്‌ത്രക്കാരുടെ മുന്‍പന്തിയില്‍ നില്ക്കുന്ന ആളാണ് ഇമാം ഗസ്സാലി. ഇസ്ലാമിക തത്ത്വചിന്തകരുടെ മുന്‍പന്തിയിലുള്ളത് അല്‍-കിന്ദി, അല്‍-ഫാറാബി, ഇബ്‌നു സീന, ഇബ്‌നു റശ്ദ് എന്നിവരാണ്.
അബൂ യൂസുഫ് യഅ്ഖൂബ് ഇബ്‌നു ഇസ്‌ഹാഖ് അല്‍-കിന്ദി (801-873) അറബി വംശജനായതുകൊണ്ട് അറബികളുടെ തത്ത്വജ്ഞാനി എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൂഫയിലാണ് ജനിച്ചത്. ഗ്രീസിലെ നവപ്ളേറ്റോണിയന്‍ തത്ത്വചിന്തകരെപോലെ പ്ളേറ്റോയുടെയും അരിസ്റോട്ടിലി ന്റെയും ചിന്തകള്‍ സംശ്ളേഷിപ്പിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. ബഹുമുഖ പ്രതിഭയായിരുന്ന അല്‍-കിന്ദി ഭിഷഗ്വരനും, തത്ത്വചിന്തകനും, ജ്യോതി ശ്ശാസ്‌ത്രജ്ഞനും, രസതന്ത്രജ്ഞനും ആയിരുന്നു. ജെബറിനെ പോലെ രസതന്ത്രത്തില്‍ (അല്‍-കെമി) പരീക്ഷണങ്ങള്‍ നടത്തി. അല്‍-ഫാറാബി (മരണം 950) തുര്‍ക്കി വംശജനായിരുന്നു. ക്രിസ്‌തുമതവിശ്വാസിയായിരുന്ന ഒരു വൈദ്യന്റെ ശിക്ഷ്യനായാണ് ജീവതം ആരംഭിച്ചത്. പില്‍ക്കാലത്ത് ആലിപ്പോയിലെ സൂഫിയായിട്ട് അറിയപ്പെട്ടു. പ്ളേറ്റോയുടെയും അരിസ്റോട്ടി ലിന്റെയും ചിന്തകളെ സൂഫിസവുമായി കൂട്ടിയിണക്കാനാണ് അല്‍-ഫാറാബി ശ്രമിച്ചത്. അതുകൊണ്ട് അല്‍-ഫാറാബി രണ്ടാമത്തെ ഗുരു (അല്‍-മുഅല്ലിം അല്‍-സാനി) എന്നാണ് അറിയപ്പെട്ടത്. മുസ്ലിം ചിന്തകര്‍ക്ക് ഒന്നാമത്തെ ഗുരു അരിസ്റോട്ടിലാണ്. ഗ്രീക്ക് ചിന്തകരുടെ കൃതികളുടെ വ്യാഖ്യാനങ്ങള്‍ക്കു പുറമേ മനഃശാസ്‌ത്രം, അത്മീയത എന്നീ വിഷയങ്ങളെക്കുറിച്ചുള്ള മൌലിക ഗ്രന്ഥങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം രിസാലത്ത് ഫുസൂസ് അല്‍-ഹിക്കാം (ജ്ഞാനത്തിന്റെ കേവണ ലിഖിതങ്ങള്‍) ആണ്. ആഭരണത്തില്‍ രത്നങ്ങള്‍ പതിക്കാനുള്ള കുഴികളാണ് കേവണം.
പ്ളേറ്റോയുടെ റിപ്പബ്ളിക്കും അരിസ്റോട്ടിലിന്റെ പൊളിറ്റിക്സും സ്വാധീനിച്ചതിന്റെ ഫലമായി ഫാറാബി രാഷ്ട്രമീമാംസാ ഗ്രന്ഥങ്ങളും രചിച്ചു. മാതൃകാ ഭരണകൂടം എങ്ങനെ ആയിരിക്കണമെന്നായിരുന്നു രാഷ്ട്രമീമാംസയില്‍ ഫാറാബിയുടെ ചിന്താവിഷയം. ഭരണകൂടത്തെ ഫാറാബി മനുഷ്യശരീരത്തോടാണ് ഉപമിച്ചത്. മനുഷ്യന്റെ ഹൃദയം പോലെയാണത്രേ ഭരണത്തിന്റെ കേന്ദ്രസ്ഥാനമായ ഖലീഫ. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളും ഹൃദയത്തെ നിലനിറുത്താന്‍ വേണ്ടിയുള്ളവയാണെന്നായിരുന്നു ഫാറാബിയുടെ വിശ്വാസം. ഭരണകൂടത്തിലെ മറ്റെല്ലാഘടകങ്ങളും ഖിലാഫത്തിനെ, ഖലീഫയുടെ ഭരണത്തെ നിലനിറുത്താനുള്ളവയാണെന്ന് ഫാറാബി വാദിച്ചു. ഇസ്ലാമിക രാഷ്ട്രസങ്കല്പത്തെയും ഗ്രീക്ക് രാഷ്ട്രമീമാംസയെയും സംയോജിപ്പിക്കുവാനുള്ള ശ്രമമാണ് അല്‍-ഫാറാബി നടത്തിയത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം രചിച്ച കിത്താബ് അല്‍-മുസീഖീ അല്‍-കബീര്‍ (സംഗീതത്തെക്കുറിച്ചുള്ള മഹദ്ഗ്രന്ഥം) വളരെയധികം പ്രശസ്തി നേടി.
പാശ്ചാത്യലോകത്തിന്റെ പ്രശംസ ഏറ്റവും കൂടുതല്‍ പിടിച്ചു പറ്റിയ ത് ഇബനു റശ്‌ദ് (ആവറോസ് 1126-1198) എന്ന ഇസ്ലാമിക ചിന്തകനാണ്. ഇദ്ദേഹത്തിന്റെ പിതാവ് അറബിയും മാതാവ് സ്പെയിന്‍കാരിയും ആയിരുന്നു. സ്പെയിനിലെ കോര്‍ദോബയിലെ ഖാദി (ജഡജി) ആയിരുന്നു ഇബ്‌നു റശ്‌ദ്. തത്ത്വചിന്തയില്‍ അരിസ്റോട്ടിലിന്റെ ശിക്ഷ്യനായിരുന്ന ഇദ്ദേഹം ഭിഷഗ്വരനും ജ്യോതിശാസ്‌ത്രജ്ഞനും കൂടിയായിരുന്നു. പാശ്ചാത്യലോകത്ത് ഇബ്‌നു രശ്‌ദ് അറിയപ്പെടുന്നത് തത്ത്വചിന്തകന്‍ എന്ന നിലയ്ക്കാണ്. ഇബ്‌നു റശ്‌ദിന്റെ ഏറ്റവും പ്രശസ്തമായ കൃതി തഹാഫൂത്ത് അല്‍-തഹാഫൂത് (അസാംഗത്യങ്ങളുടെ അസാംഗത്യം) ആണ്. ഇസ്ലാമിന്റെ ഏറ്റവും പ്രശസ്തനായ ദൈവശാസ്‌ത്രകാരന്‍ ഇമാം ഗസ്സാലി (1058-1111) ഗ്രീക്ക് തത്ത്വചിന്തയെ ഖണ്ഡിക്കാന്‍ എഴുതിയ തഹാഫൂത്ത് അല്‍-ഫലാസിഫത്ത് (തത്ത്വചിന്തകരുടെ അസാംഗത്യം) എന്ന ഗ്രന്ഥത്തെ ഖണ്ഡിക്കാന്‍ എഴുതിയ വിമര്‍ശന ഗ്രന്ഥമാണ് ഇബ്‌നു റശ്‌ദിന്റേത്. ഇസ്ലാമികലോകത്ത് ഗ്രീക്ക് ചിന്തയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് തടയാനും സ്വതന്ത്രചിന്തയുടെ വേരറുക്കാനും വേണ്ടിയാണ് ഇമാം ഗസ്സാലി തത്ത്വചിന്തകരുടെ അസാംഗത്യം എഴുതിയത്. മനുഷ്യന്റെ ചിന്തകള്‍ ഖുര്‍ആനും ഹദീസിനും (നബിവചനങ്ങള്‍) വിധേയമായിരിക്കണമെന്നും അല്ലാഹുവിന്റെ വചനങ്ങളു ടെ സമാഹാരമായ ഖുര്‍ആന്‍ അല്ലാതെ മനുഷ്യന് മറ്റു ജ്ഞാനസ്രോതസ്സു കള്‍ ഇല്ലെന്നുമായിരുന്നു ഗസ്സാലിയുടെ ശാഠ്യം.
കാര്യങ്ങളുടെ കാരണങ്ങള്‍ അല്ലാഹുവോ അല്ലാഹുവിന്റെ വിശേഷദൂതന്‍മാരായ മലക്കുകളോ വെളിപ്പെടുത്തിയാല്‍ മാത്രമേ മനുഷ്യന് അറിയാന്‍ കഴിയൂ എന്നായിരുന്നു ഗസ്സാലിയുടെ നിലപാട്. വെളിപാടുകളും ദൈവവചനങ്ങളും മനുഷ്യന്റെ ജ്ഞാനസ്രോതസ്സുകള്‍ ആണെന്ന് ഇസ്ലാംമതവിശ്വാസിയായ ഇബ്‌നു റശ്ദ് സമ്മതിച്ചുവെങ്കിലും ഖുര്‍ആനെ ആശ്രയിക്കാതെ മനുഷ്യന് സ്വതന്ത്രമായി ചിന്തിച്ച് പല കാര്യങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താന്‍, അതായത് ജ്ഞാനം സമ്പാദിക്കാന്‍ കഴിയുമെന്ന് യുക്തിപൂര്‍വ്വം സ്ഥാപിച്ചുകൊണ്ട് ഇബ്‌നു റശ്‌ദ് ഇമാം ഗസ്സാലിയെ ഖണ്ഡിച്ചു.
മനുഷ്യന്റെ ചിന്ത സ്വതന്ത്രമാണെന്നും അത് മതങ്ങളുടെ വിശ്വാസപ്രമാണങ്ങളിലും വേദവചനങ്ങളിലും നിന്ന് മുക്തമായിരിക്കണമെന്നും ആയിരന്നു ഇബ്‌നു റശ്ദിന്റെ സിദ്ധാന്തം.
മനുഷ്യന്റെ മരണാനന്തര ജീവിതത്തെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ വാദമാണ് അദ്ദേഹം അംഗീകരിച്ചത്. മനുഷ്യന്റെ മേധാശക്തി (nous, intellect) മാത്രമാണ് അനശ്വരമായത്. ആത്മാവ് അനശ്വരമല്ല എന്നാണ് ഇബ്‌നു റശ്‌ദ് വാദിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതമുണ്ടെന്ന വിശ്വാസ പ്രമാണത്തിന്റെ നിഷേധമായിരുന്നു. കാരണം മേധാശക്തി അനശ്വരമാണെന്ന് പറഞ്ഞാല്‍ മനുഷ്യന്റെ ചിന്തകള്‍ തലമുറകളിലൂടെ കൈമാറപ്പെടുന്നു എന്നു മാത്രമേ അര്‍ത്ഥമുള്ളു. ഒരു വ്യക്തിക്ക് മരണാനന്തര ജീവിതമുണ്ടെന്ന് അര്‍ത്ഥമില്ല. മനുഷ്യന്‍ വേദജ്ഞാനത്തെ ആശ്രയിക്കേണ്ടതില്ലെന്നും ആത്മാവിന് മരണാനന്തരജീവിതമില്ലെന്നും വാദിച്ചതിന്റെ പേരില്‍ ക്രൈസ്തവലോകവും ഇബ്‌നു റശ്‌ദിനെ തള്ളിപ്പറഞ്ഞു. ആത്മാവിന്റെ അനശ്വരത തിരസ്കരിച്ച സ്വതന്ത്രചിന്തകര്‍ ആവ്റോവാദക്കാര്‍ (Averroists) എന്നാണ് യൂറോപ്പില്‍ അറിയപ്പെട്ടത്.
അല്‍-ഉന്ത്‌ലൂസിലെ (സ്പെയിന്‍) അമവിയ്യ ഖലീഫ അബൂ യഅ്ഖൂബ് യൂസുഫിന് അരിസ്റോട്ടിലിന്റെ ചിന്തകള്‍ ഇഷ്ടമായിരുന്നതു കൊണ്ട് ഇബ്‌നു റശ്‌ദിനെ തന്റെ സ്വന്തം വൈദ്യനായി നിയമിച്ചു. ഖലീഫ 1184ല്‍ അന്തരിച്ചപ്പോള്‍ അധികാരത്തിലെത്തിയ അല്‍-മന്‍സൂറിനും ഇബ്‌നു റശ്‌ദിനോട് ബഹുമാനമായിരുന്നു. പക്ഷേ ഇമാം ഗസ്സാലിയെ ഖണ്ഡിച്ചു കൊണ്ട് പുസ്തകമെഴുതിയതിന്റെയും മനുഷ്യന്റെ ചിന്ത ഖുര്‍ആനില്‍ നിന്നും സ്വതന്ത്രമാണെന്ന് വാദിച്ചതിന്റെയും പേരില്‍ മതപണ്ഡിതന്‍മാര്‍ ഒന്നടങ്കം ഇബ്‌നു റശ്‌ദിനെ തള്ളിപ്പറഞ്ഞു. അദ്ദേഹം അവിശ്വാസിയാണെന്ന് പോലും പ്രചരിപ്പിച്ചു. ഉലമകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഖലീഫയ്ക്ക് തത്ത്വജ്ഞാനിയെ കൈവിടേണ്ടി വന്നു. ഇബ്‌നു റശ്‌ദിനെ കോര്‍ദോവയിലെ ജഡ്‌ജി, കൊട്ടാരം വൈദ്യന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുകയും മൊറോക്കോയിലേയ്ക്ക് നാടുകടത്തുകയും ചെയ്തു.
ഇസ്ലാം മതപണ്ഡിതരും ക്രിസ്ത്യാനികളും തള്ളിപ്പറഞ്ഞ ഇബ്‌നു റശ്‌ദിനു വേണ്ടി വാദിക്കാന്‍ ഒരാള്‍ യൂറോപ്പില്‍ രംഗത്തുവന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തത്ത്വചിന്തയുടെ ചരിത്രം എഴുതിയ ഫ്രീഡ്റിഹ് യൂബെര്‍വെഗ് (1826-1871) ഇബ്‌നു റശ്‌ദിനു വേണ്ടി വാദിച്ചു. പാണ്ഡിത്യത്തി ന്റെ തോതനുസരിച്ച് ഒരാള്‍ക്ക് ഏഴോ എഴുപതോ എഴുന്നൂറോ വ്യാഖ്യാനങ്ങള്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും പാമരന് അക്ഷരാര്‍ത്ഥം മാത്രമേയുള്ളുവെന്നും ഇസ്ലാമിലെ അദ്ധ്യാത്മദര്‍ശകരായ സൂഫികള്‍ അഭിപ്രായപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് ഫ്രീഡ്റിഹ് യൂബെര്‍വെഗ് ഇബ്‌നു റശ്‌ദിനുവേണ്ടി വാദിച്ചത്.23ഇബ്‌നു റശ്‌ദിനെ അവിശ്വാസിയും മതവിരുദ്ധനുമായി ചിത്രീകരിച്ച ഉലമകള്‍ ഖുര്‍ആന്‍ വചനങ്ങളുടെ അക്ഷരാര്‍ത്ഥം മാത്രം കാണുന്ന പാമരന്‍മാരാണെന്നായിരുന്നു ഫ്രീഡ്റിഹ് യൂബെര്‍ബെഗിന്റെ വാദം. ആധുനിക ഇസ്ലാമിക ചിന്തകനെന്ന് കൊണ്ടാടപ്പെടുന്ന കവി മുഹമ്മദ് ഇഖ്‌ബാല്‍ പോലും ഇബ്‌നു റശ്‌ദിനെ തള്ളിപ്പറഞ്ഞു.
ഗസ്സാലിയുടെ മുഖ്യ എതിരാളി, ഇബ്‌നു റശ്‌ദ് ഗ്രീക്ക് തത്ത്വചിന്തയ്ക്കു വേണ്ടി വാദിച്ച് അരിസ്റോട്ടലിലൂടെ നയിക്കപ്പെട്ട് എത്തിച്ചേര്‍ന്നത് ഫ്രാന്‍സിലെയും ഇറ്റലിയിലെയും ബൌദ്ധിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച മേധാശക്തിയുടെ അനശ്വരത എന്ന സിദ്ധാന്തത്തിലാണ്. പക്ഷേ ഇത് മനുഷ്യന്റെ അഹം ബോധത്തിന്റെ മൂല്യവും വിധിയും ഖുര്‍ആന്‍ നിര്‍ണ്ണയിക്കുമെന്ന വീക്ഷണത്തിനു കടകവിരുദ്ധമാണെന്നാണ് എന്റെ മനസ്സില്‍ തോന്നുന്നത്. അങ്ങനെ ഇബ്‌നു റശ്‌ദിന് ഇസ്ലാമിലെ മഹത്തും ഫലവത്തുമായ ആശയത്തിന്റെ കാഴ്ച നഷ്ടപ്പെടുകയും ജീവിതത്തെ അസ്തവീര്യമാക്കുന്നതും മനുഷ്യന് തന്നെക്കുറിച്ചും അവന്റെ ദൈവത്തെക്കുറിച്ചും അവന്റെ ലോകത്തെക്കുറിച്ചും ഉള്ള കാഴ്ച നഷ്ടപ്പെടുത്തുന്നതും ആയ തത്ത്വശാസ്‌ത്രത്തിന്റെ വളര്‍ച്ചയെ അറിയാതെ സഹായി ആകുകയും ചെയ്തു.24
കവിയും ചിന്തകനുമായ മുഹമ്മദ് ഇഖ്‌ബാലിന്റെ മതപരമായ സങ്കുചിതത്വം മുകളിലുദ്ധരിച്ച വരികളില്‍ കാണാം. ഈ സങ്കുചിതത്തിന്റെ അനന്തരഫലമായിരുന്നു ‘സാരാ ജഹാം സെ അച്ഛാ ഹമാരാ ഹിന്ദുസ്ഥാന്‍’ (എല്ലാ നാടുകളേക്കാളും നല്ലത് നമ്മുടെ ഹിന്ദുസ്ഥാന്‍) എന്നു പാടിയ കവി ഹിന്ദുസ്ഥാനെ രണ്ടായി പകുക്കാന്‍ കൂട്ടുനിന്നതും പാകിസ്ഥാന്റെ പാട്ടുകാരനായി ചുരുങ്ങിയതും.
വൈദ്യശാസ്‌ത്രം, തത്ത്വചിന്ത, ജ്യോതിശ്ശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഗണിതം എന്നീ വിജ്ഞാനശാഖകളില്‍ ഇസ്ലാമികലോകം നല്‍കിയ സംഭാവനകള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണ് രസതന്ത്രത്തിന് നല്‍കിയതും. രസതന്ത്രത്തിന് അറബികള്‍ നല്‍കിയിരുന്ന പേര് അല്‍-കെമി എന്നായിരുന്നു. ഇതില്‍ നിന്നാണ് കെമിസ്‌ത്രി എന്ന പേരുദ്ഭവിച്ചത്. രോഗങ്ങളുടെ ശമനത്തിനുതകുന്ന പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കുക, ചെമ്പും കാരീയവും സ്വര്‍ണ്ണമാക്കി മാറ്റുക എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് മുസ്ലിങ്ങള്‍ അല്‍-കെമിയില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. അല്‍-കെമിയുടെ പിതാവ് എന്നറിയപ്പെടുന്ന ജാബിര്‍ ഇബ്‌നു ഹയ്യാന്‍ (ജെബെര്‍) എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൂഫയിലാണ് ജീവിച്ചിരുന്നത്. ലോഹങ്ങള്‍ കണ്ടുപിടിച്ച കാലത്ത് ഈജിപ്തുകാരും ഗ്രീക്കുകാരും ചെമ്പും കാരീയവും സ്വര്‍ണ്ണമോ വെള്ളിയോ ആക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിച്ചു. ഗ്രീക്ക് ഗ്രന്ഥങ്ങളിലൂടെ പകര്‍ന്നു കിട്ടിയ ഈ വിശ്വാസത്തെ പിന്തുടര്‍ന്നാണ് മുസ്ലിങ്ങള്‍ അല്‍-കെമി പരീക്ഷണങ്ങള്‍ നടത്തിയത്. രസതന്ത്രത്തെ ചരിത്രത്തിലാദ്യമായി പരീക്ഷണശാലകളിലെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത് മുസ്ലീങ്ങളാണ്. ലോഹങ്ങളുടെ ഘടന സംബന്ധിച്ചുള്ള അരിസ്റോട്ടിലിന്റെ സിദ്ധാന്തത്തെ നവീകരിച്ചത് ജാബിര്‍ ഇബ്‌നു ഹയ്യാന്‍ ആണ്. പതനെട്ടാം നൂറ്റാണ്ടില്‍ ആധുനിക രസതന്ത്രം പിറവിയെടുക്കുന്നതുവരെയും ജാബിറിന്റെ ലോഹസിദ്ധാന്തം നില നിന്നു.
രസതന്ത്രത്തിനു പുറമേ ജന്തുശാസ്‌ത്രം, സസ്യശാസ്‌ത്രം എന്നീ വിഷയങ്ങളിലും മുസ്ലിങ്ങള്‍ താല്പര്യം കാണിച്ചു. ശാസ്‌ത്രവിഷയങ്ങളില്‍ കാണിച്ചതുപോലെ ചരിത്രം, കല, സാഹിത്യം തുടങ്ങിയ മാനവിക വിഷയങ്ങളിലും ഇസ്ലാമിക ലോകം താല്പര്യം കാണിച്ചു. യൂറോപ്പിലെ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും പ്രേരകമായത് ഇസ്ലാമിലൂടെ യൂറോപ്പിലേയ്ക്ക് സംക്രമിച്ച വിജ്ഞാനമായിരുന്നു.
*
കുറിപ്പുകള്‍:
1 Bertran Russell A History of Western Philosophy page 4
2 History of Science and Technology in Ancient India by Debiprasad Chatopadhya page 121
3 പൊതുവര്‍ഷം 8-ാം നൂറ്റാണ്ടിലെ അറബി ചരിത്രകാരന്‍ ഉമര്‍ ഇബ്‌നു അല്‍-അസ്റാഖ് അല്‍-കെര്‍മാനി ബല്‍ഖിലെ നവവിഹാരത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം എഴുതിയിട്ടുണ്ടായിരുന്നു. പ്രസ്തുത ലേഖനം പത്താം നൂറ്റാണ്ടില്‍ ഇബ്‌നു അല്‍-ഫഖീഹ് അല്‍-ഹമദാനി രചിച്ച കിത്താബ് അല്‍-ബുല്‍ദാന്‍ (രാജ്യങ്ങളുടെ പുസ്തകം) എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഉമര്‍ ഇബ്‌നു അല്‍-അസ്റാഖ് നവവിഹാരത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത് മക്കയിലെ കഅബയോടും മസ്‌ജിദ് അല്‍-ഹറമിനോടുമാണ്. പ്രസ്‌തുത വിവരണങ്ങളില്‍ നിന്നും അന്നത്തെ ഇസ്ലാമിക വൃത്താന്തകാരന്‍മാര്‍ ബുദ്ധമതത്തെ മതിപ്പോടെയാണ് കണ്ടിരുന്നത് എന്ന് മനസ്സിലാകുന്നു. തങ്ങള്‍ കീഴടക്കിയ പ്രദേശങ്ങളിലെ മതങ്ങളെ സഹിഷ്‌ണുതയോടെയാണ് അമവിയ്യ ഖലീഫമാര്‍ സമീപിച്ചതെന്ന് വൃത്താന്തകാരന്‍മാരുടെ രചനകള്‍ സാക്ഷ്യം വഹിക്കുന്നു.
4 How Greek Science Passed to the Arabs By De Lacy O’Leary page 102
5 ബ്രഹ്മഗുപ്തന്‍ (പൊതുവര്‍ഷം 598-670) ഉജ്ജയിനിയിലെ ജ്യോതിര്‍ഗോള നിരീക്ഷണ കേന്ദ്രത്തിന്റെ തലവനായിരുന്നു. അദ്ദേഹം ജ്യോതിശ്ശാസ്‌ത്രത്തിലും ഗണിതശാസ്‌ത്രത്തിലും ഗ്രന്ഥങ്ങള്‍ രചിച്ചു. ഇതില്‍ ഏറ്റവും പ്രശസ്തമായ ഗ്രന്ഥമാണ് ബ്രഹ്മസ്‌ഫുട സിദ്ധാന്തം.
6 A History of Arabic Astronomy by George Salisba page 51 ജോര്‍ജ് സാലിസ്ബ ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയുടെ അറബ് സാംസ്കാരിക പഠന വിഭാഗത്തിന്റെ തലവനാണ്. അദ്ദേഹം ശാസ്‌ത്രങ്ങളുടെ വികാസപരിണാമങ്ങളെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്നു.
7 ചരിത്രകാരന്റെ മുഴുവന്‍ പേര് അബൂ അല്‍-ഹസന്‍ അലി ഇഇബ്‌നു അല്‍-ഹുസൈന്‍ ഇഇബ്‌നു അല്‍-മസൂദ് എന്നാണ്. പേര്‍ഷ്യക്കാരനായ മസൂദ് 956-ല്‍ ഈജിപ്തിലെ കെയിറോയിലാണ് അന്തരിച്ചത്. ചരിത്രകാരനും ഭൂമിശാസ്‌ത്രകാരനുമായ മസൂദ് ചരിത്രപണ്ഡിതര്‍ക്കിടയില്‍ അറിയപ്പെടുന്നത് പേര്‍ഷ്യക്കാരുടെ ഹെറഡോട്ടസ് എന്നാണ്. മുറൂജ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വിശ്വചരിത്രാവലോകനത്തില്‍ മസൂദ് ആദിമനുഷ്യനായ ആദം മുതല്‍ അബ്ബാസി കാലഘട്ടത്തിന്റെ അവസാനഭാഗം വരെയുള്ള ചരിത്രമാണ് എഴുതിയിട്ടുള്ളത്.
8 History of the Arabs by Philip K Hitti page 308
9 How Greek Science Passed to the Arabs By De Lacy O’Leary page 121
10 ഫിഖ്ഹ് എന്ന അറബിപ്പദത്തിന്റെ അര്‍ത്ഥം ആഴത്തില്‍ മനസ്സിലാക്കുക എന്നാണ്. ഖുര്‍ആന്‍ വനങ്ങളും നബിചര്യാവിവരണങ്ങളും (ഹദീസുകള്‍) ആഴത്തില്‍ മനസ്സിലാ ക്കി അവയുടെ അടിസ്ഥാനത്തില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ആരാധന, വ്യക്തിജീവിതം, സാമൂഹിക ജീവിതം, ഭരണനിര്‍വ്വഹണം എന്നീ മണ്ഡല ങ്ങളില്‍ നിയമങ്ങളും ചട്ടങ്ങളും നിര്‍ദ്ദേശിക്കുക എന്ന അര്‍ത്ഥം കാലക്രമത്തില്‍ ഈ പദത്തിനു കൈവന്നു. ഇന്ന് ഫിഖ്ഹ് എന്നു പറഞ്ഞാല്‍ കര്‍മ്മശാസ്‌ത്രം എന്നാണ് മതവിശ്വാസികള്‍ പൊതുവെ കല്പിക്കുന്ന അര്‍ത്ഥം.
11 പുരാതനഗ്രീസിലെ ചികിത്സാരീതിയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്തിയത് ഹിപോക്രിറ്റിസ് (പൊതുവര്‍ഷത്തിനു മുമ്പ് 460-370) ആയിരുന്നു. വൈദ്യശാസ്‌ത്ര ത്തെ തത്ത്വശാസ്‌ത്രത്തില്‍ (philosophy) മാന്ത്രിവിദ്യകളില്‍ (theurgy) വേര്‍പെടുത്തി ചികിത്സാശാസ്‌ത്രമാക്കി. അതുകൊണ്ട് ഹിപോക്രേറ്റിസിനെ ആധുനിക വൈദ്യശാ സ്‌ത്രത്തിന്റെ പിതാവായി പാശ്ചാത്യര്‍ കണക്കാക്കുന്നു.
12 ഗാലന്‍ പൊതുവര്‍ഷം രണ്ടാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തില്‍ പെര്‍മാഗമോണ്‍ നഗരത്തില്‍ (ഇന്നത്തെ തുര്‍ക്കിയിലാണ് ഈ നഗരം) ജീവിച്ചിരുന്ന മഹാവൈദ്യനും തത്ത്വചിന്തകനും ആയിരുന്നു. അദ്ദേഹമാണ് മനുഷ്യരുടെ ജഡങ്ങള്‍ കീറിമുറിച്ച് ശരീരശാസ്‌ത്രം പഠിക്കുന്ന സമ്പ്രദായം ആരംഭിച്ചത്.പാശ്ചാത്യ വൈദ്യശാസ്‌ത്രത്തില്‍ ഗവേഷണത്തിനു പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയത് ഗാലന്റെ കാലം മുതലാണ്. മനുഷ്യന്റെ മസ്തിഷ്കത്തിന്റെ അടിഭാഗത്തുള്ള വലിയ രക്തധമനിയുടെ പേര് ‘ഗ്രേറ്റ് വെയിന്‍ ഓഫ് ഗാലന്‍’ (ഗാലന്‍ കണ്ടെത്തിയ മഹാധമനി) എന്നാണ്.
13 Dates in Medicine: A Chronological Record of Medical Progress Over Three Millennia By Anton Sebastian, Page 6
14 Medieval Science, Technology, and Medicine: An Encyclopedia By Thomas F. Glick, Steven John Livesey, Faith Wallis - Routledge 2005 Page 232
15 അബൂ അല്‍-ഫറാജ് ജമാല്‍ അദ്-ദീന്‍ ഇബ്‌നു അല്‍-ഐബ്രി (1225-1286) അര്‍മീനിയക്കാരനായിരുന്നു. അദ്ദേഹം രചിച്ച ബൃഹത്തായ ചരിത്രഗ്രന്ഥമാണ് തരീഖ് അല്‍-സമാന്‍. അതില്‍ നിന്നും ഫിലിപ് കെ. ഹിറ്റി ഉദ്ധരിച്ചു ചേര്‍ത്തണാണ് ഹുനൈന്റെ വാക്കുകള്‍History of the Arabs by Philip K Hitti page 313
16 സിറിയയില്‍ ജൂതരെന്നോ ക്രിസ്ത്യാനികളെന്നോ വ്യവച്ഛേദിച്ച് അറിയാന്‍ കഴിയാത്ത ഒരു വിഭാഗം ഉണ്ടായിരുന്നു. അവരെ മന്താഇയ്യ എന്നാണ് അറബികള്‍ വിളിച്ചിരുന്നത്. വിശുദ്ധയോഹന്നാന്റെ നസ്രായികള്‍ (സഹായികള്‍) എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇവര്‍ നോസ്റിക് വിഭാഗത്തില്‍ പെട്ട ക്രിസ്ത്യാനികളായിരുന്നുവെന്നാണ് പണ്ഡിതമതം. മുന്നു ഖുര്‍ആന്‍ വചനങ്ങളില്‍ ഇവരെ സാബിയന്‍ എന്ന പേരില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്ലാമിക സാമ്രാജ്യത്തില്‍ ഇവരെ ധിമ്മികളുടെ (സംരക്ഷിക്കപ്പെട്ടവര്‍) വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. ബാഗ്ദാദിലെ വിജ്ഞാനഭവനില്‍ തര്‍ജ്ജമക്കാരായി ജോലി ചെയ്തിരുന്ന സാബിയന്‍മാര്‍ യഥാര്‍ത്ഥ സാബിയന്‍മാരായിരുന്നില്ല. അവര്‍ സൊറാഷ്ട്രിയന്‍ മതത്തിലെ ഒരു അവാന്തരവിഭാഗമായിരുന്നു. ഇസ്ലാമിക സാമ്രാജ്യത്തില്‍ സംരക്ഷിതരുടെ കൂട്ടത്തില്‍ പെടുത്തിക്കാനായി ഇവര്‍ സ്വയം സാബിയന്‍മാര്‍ എന്ന് അവകാശപ്പെടുകയാണ് ചെയ്തത്.
17 യുക്തിവിചാരം (logic) സംബന്ധിച്ച് അരിസ്റോട്ടിലിന്റെ ആറു ഗ്രന്ഥങ്ങള്‍ അടങ്ങിയ സമാഹാരത്തിന് അദ്ദേഹത്തിന്റെ അനുയായികള്‍ കൊടുത്ത പേരാണ് Organon. പ്രഭാഷണകലയെക്കുറിച്ചുള്ള അരിസ്റേട്ടിലിന്റെ ഗ്രന്ഥമാണ് Rhetoric. അദ്ദേഹത്തിന്റെ സൌന്ദര്യശാസ്‌ത്രസംബന്ധിയായ രചനകളടങ്ങിയതാണ് Poetics. നവപ്ളേറ്റോണിയന്‍ തത്ത്വചിന്തകനായിരുന്നു പോര്‍ഫൈറി (പൊ.വ. 233-309). അദ്ദേഹം അരിസ്റോട്ടിലിന്റെ Categories എന്ന ഗ്രന്ഥത്തിനെഴുതിയ അവതാരികയാണ് Isagoge. അര്‍ത്ഥം അവതാരിക എന്നു തന്നെയാണ്.
18.Ibn Masawayh by J.C. Vadet in The Encyclopaedia of Islam edited by H.A.R. Gibbs, Bernard Lewis, Ch. Pellat, C. Bosworth et al., vol. 3 pages 872
19 Encyclopaedia of Islam By M. Mukarram Ahmed, Muzaffar Husain Syed P96
20 Early Arabic Pharmacology: An Introduction Based on Ancient and Medieval Sources By Martin Levey page 121
21 സില്‍ക്ക് നാരുകളോ കുതിരരോമങ്ങളോ കൊണ്ട് ഉണ്ടാക്കിയ ശീലക്കഷണം പോലുള്ള ഉപകരണമാണ് seton.
22 A History of Western Philosophy by Bertrand Russell pages 424, 425
23 History of Philosophy by Friedrich Ueberweg pages 123, 124
24 The Reconstruction of Religious Thought in Islam by Muhammad
*
ഡോ. എന്‍ എം മുഹമ്മദലി രചിച്ചതും ഉടനെ പ്രസിദ്ധീകരിക്കുന്നതുമായ “ഇസ്ലാമും രാഷ്‌ട്രീയ ഇസ്ലാമും“ ("Islam and Political Islam")എന്ന പുസ്തകത്തിൽ നിന്ന്.
അദ്ദേഹത്തിന്റെ ആംഗലേയ ബ്ലോഗ് COMMON SENSE
Saturday, May 9, 2009
ജ്ഞാനോദയം ഇസ്ലാമിലൂടെ
Subscribe to:
Post Comments (Atom)
13 comments:
ജ്ഞാനം അഥവാ അറിവ് രണ്ടു തരത്തിലാണ്. ഭൌതികമായ അറിവും ആത്മീയജ്ഞാനവും. ഭൌതികമായ അറിവ് ജ്ഞാനേന്ദ്രിയങ്ങളുടെ സഹായത്തോടെ മനുഷ്യമനസ്സിന്റെ ബോധമണ്ഡലം സ്വായത്തമാക്കുന്ന സംവേദനങ്ങളെ (perceptions) അടിസ്ഥാനമാക്കിയുള്ള മനനം, നിഗമനം, വിചിന്തനം, ഊഹാധിഷ്ഠിത ചിന്തനം (speculative thinking) തുടങ്ങിയ ജ്ഞാനഗോചരതാ പ്രക്രിയകളിലൂടെ (cognitive process) മനുഷ്യന്‍ ആര്‍ജിക്കുന്ന വിജ്ഞാനമാണ്. ആത്മീയജ്ഞാനം മനുഷ്യമനസ്സില്‍ ആന്തരികമായി ഉണ്ടാകുന്ന ഒരു ഭാവമാണ്. അത് അറിവല്ല. ഭൂതോദയം (intuition), ധ്യാനം (contemplation), സ്വപ്നം തുടങ്ങിയ മാനസിക പ്രക്രിയകളിലൂടെ കൈവരുന്നതാണ് ആത്മീയജ്ഞാനം. അതിന്റെ ഭൂമിക മതത്തില്‍ അല്ലെങ്കില്‍ ആത്മീയതയില്‍ ഉള്ള വിശ്വാസമാണ്. മറിച്ച് പ്രാപഞ്ചിക വിജ്ഞാനത്തിന്റെ നിലപാടുതറ ഭൌതിക പ്രപഞ്ചമാണ്. ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നത് ഇസ്ലാം കാഴ്ചവച്ച ആത്മീയജ്ഞാനത്തെക്കുറിച്ചല്ല, ഭൌതിക വിജ്ഞാനങ്ങളെക്കുറിച്ചാണ്......
ഡോ. എന്‍ എം മുഹമ്മദലി എഴുതുന്നു...
വളരെ ചിന്തോദീപകമായ ലേഖനം ..! ഇസ്ലാം കാഴ്ചവച്ച ആത്മീയജ്ഞാനത്തെക്കുറിച്ചു കുറിച്ചു ധാരാളം പഠനങ്ങള്‍ ഉണ്ടെങ്കിലും ഇസ്ലാം കാഴ്ചവയ്ക്കുന്ന ഭൌതിക വിജ്ഞാനങ്ങളെക്കുറിച് ഇത്ര ഗഹനമായ ഒരു പഠനം ആദ്യമായാണു വായിക്കുന്നത്...thnx,
I also created a blog,by the inspiration from this blog. plz see it www.safa-marva.blogspot.com and comment in it if u dont mind.
ഇസ്ലാമിക വിശ്വാസത്തെ കുറിച്ച പരാമര്‍ശത്തില്‍ ഒരു ചെറിയ തിരുത്ത്(അതോ കൂട്ടിച്ചേര്‍ക്കലോ): ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം പ്രപഞ്ച സൃഷ്ടാവില്‍ നിന്ന് മനുഷ്യര്‍ക്കായി വിവിധ സന്ദര്‍ഭങ്ങളില്‍ ലഭ്യമായ അറിവുകളാണ്. അതു അവസാനത്തെ പ്രവാചകനായ മുഹമ്മദില്‍ മാത്രം ഒതുങ്ങിയതല്ല. മുന്‍ കഴിഞ്ഞ പ്രവാചകന്മാരായ ഈസ(യേശു), മൂസ, ഇബ്രാഹിം തുടങ്ങി ഒരു ലക്ഷത്തിലധികം പ്രവാചകര്‍ക്ക് ലഭ്യമായ ആറിവ് ഇസ്ലാമിക വിശ്വാസത്തിന് ആധാരമാണ്. അതായത്, ഇസ്‌ലാമിക വിശ്വാസികള്‍ ഇതപര്യന്തമായി കഴിഞ്ഞു പോയ എല്ല പ്രവാചകന്മാരിലും വിശ്വസിക്കുന്നു എന്നര്‍ഥം.
thnx...The post seems too long and due to small font very difficult to read.
ഫോണ്ട് ചെറുതായാൽ അത് വലുതാക്കാൻ എത്രയോ മാർഗ്ഗങ്ങളുണ്ടല്ലോ, സൂം ഉപയോഗിച്ചു കൂടെ.
ഈ ചെറിയ ഫോണ്ട് തന്നെയാണ് വായനക്ക് സുഖം നല്കുന്നത്.
നല്ല ലേഖനം. കൺഗ്രാറ്റ്സ്.
ജ്ഞാനോദയത്തിന്റെ കണക്കെടുക്കാന്‍ ഭൂതകാലം നോക്കണ്ട - വര്‍ത്തമാനകാലം മതിയല്ലോ - ലോകത്തെവിടെയെല്ലാം ഇസ്ളാമുണ്ടോ അവിടെ പട്ടിണിയും പരിവട്ടവും സംഘര്‍ഷവുമുണ്ട്. സൊമാലിയ, ബാമിയാന്‍ , മുംബൈ, 9/11, തുടങ്ങിയവ ലേറ്റസ്റ്റ് ഉദാഹരണം -
അറബ് സൈന്യം ബല്‍ഖ് കീഴടക്കിയപ്പോള്‍ നവവിഹാരത്തിന്റെ ‘പ്രമുഖി’ന്റെ പത്നിയെ സേനാനായകനായ അബ്ദല്ല സ്വന്തം അന്തഃപുര സ്‌ത്രീകളുടെ കൂട്ടത്തില്‍പ്പെടുത്തി. and fucked her - അവരില്‍ അബ്ദല്ലയ്ക്ക് ജനിച്ച ഖാലിദ് ഇബ്‌നു ബര്‍മാക്ക് (705-782) ഇസ്ലാമിക സാമ്രാജ്യത്തിന്റെ അധികാരം അമവിയ്യ (Umayyad) രാജവംശത്തില്‍നിന്ന് പിടിച്ചെടുക്കാന്‍ ഒന്നാം അബ്ബാസിയ്യ (Abbasid) ഖലീഫ അസ്-സഫ്ഫാഹിനെ സഹായിച്ചു.
കാട്ടാളത്തത്തിന്റെ ഈ മാതൃകയെ ജ്ഞാനോദയത്തിന്റെ പട്ടികയില്‍ തന്നെ കൂട്ടണം -
കൂടുതല്‍ ജ്ഞാനോദയ പ്രൂഫിനു, ഇതു വായിക്കൂ - that shows how islam justifies killing men, and saving the women children so that they can be raped. And oh, it also sez, it is perfectly OK to come inside the vagina when a muslim is raping their prisoner women.
Most religions has some pretty bad stuff written in them to satisfy the era they were practised and made. I have not read Quran, but I have heard of some things which I cannot swallow in this century. Take Hinduism, it had some bad things with regards to treating people outside the caste (I call them non-hindus). I believe all people should understand the times when the holy books were written and consider modernizing their religion to suit human values of today. [Killing animals may be one thing future generations will consider against human values of future generations]. I cannot judge Muslims on why they do not want to modernize the religion to suit today. All I do not agree with is the Pan Islam nationalism that they display. I do not feel much about people of my religion in other places (even those outside Kerala :)). But who am I to judge when my view itself is narrow to think only about Malayalees as my own.
But regarding the western civilization, I think West did create some great human values and civilization. Yes, they did it only after colonization. They were as barbarian when they ruled colonies. But if you judge only on current events, they are more humane and has great human values, considered to other parts. Yes, Indians do not value each others life and liberty very well.
Knowledge is something all civilizations gave. Knowledge present in Islam or Hinduism does not belong to that religion, but to the civilization that practised the religion. That is mixing civilization with religion. I >feel< Kerala Muslims should not feel knowlegde of Arabian Civilization as their own.
Let me state my view clearly on religions - Religion is Blind Faith in God, everything else is civilization. Only a person who has blind faith in Christ as saviour is Christian, everybody else who goes to church is not a Christian. Hindu is difficult to define, because you cannot define a Hindu as believing in one God because Hinduism as a civilization and Hinduism as a religion cannot be differentiated because of centuries of not having someone trying to define it. That is beauty of Hinduism. Yoga and Ayurveda is part of our civilization and culture, you cannot call it part of religion. Same goes for knowledge in Islam. [I will not call Reniassance (and heavy weapons) as Christian knowledge, although invented by Christians]
Again I wonder how you can call knowledge of Arabian civilization as knowledge of Islam.
Read the link given by Anony. Shocking !!!
I would like to be tolerant to different beliefs and reasons to believe. But I still need to ask this at the risk of being branded as intolerant.
Really? Is this all in the book? Still you believe in it? Belief is blind, but still... really?
വളരെ വിലപ്പെട്ട ലേഖനം. നന്ദി!
Anonymous, I guess you have missed certain points. Perhaps you have read the article too fast since it's a bit lengthy. I didn't get the feeling that the article supports Islam as a religion. The author himself says that he is a Marxist and doesn't believe in any religion(Click at the 'COMMON SENSE' link at the bottom of the post to go to his blog)
"ഭാരതത്തിലാകട്ടെ ആത്മീയതയുടെ പരമമായ അഹംഭാവമാണ് ശാസ്‌ത്രോന്‍മുഖമായ അന്വേഷണത്വരയുടെയും ജ്ഞാനതൃഷ്ണയുടെയും നാളങ്ങള്‍ തല്ലിക്കെടുത്തിയത്. ഛാന്ദോഗ്യോപനിഷത്തിലെ ആറാം അധ്യായത്തില്‍ ശ്വേതകേതുവിന് ‘തത്വമസി’ (അത് നീയാണ്) എന്ന പരമജ്ഞാനം കൈവന്ന കഥ വിവരിക്കുന്നുണ്ട്. ശ്വേതകേതുവിനെ പിതാവായ ആരുണി പഠിപ്പിക്കുന്നതിതാണ്: 'തത് സത്യം, സ ആത്മാ, തത്വമസി' (അതാണ് സത്യം, അതാണ് ആത്മാവ്, അത് നീയാണ്). പിതാവിന്റെ ഉപദേശം ഉള്‍ക്കൊണ്ട ശ്വേതകേതു 'അഹം ബ്രഹ്മാസ്മി' (ഞാന്‍ തന്നെ ബ്രഹ്മം) എന്നു മനസ്സിലാക്കുന്നു. ഇതാണ് പരമമായ അഹംഭാവം. ഇവിടെയെത്തിയാല്‍ പിന്നെ അന്വേഷണമില്ല, ഗവേഷണമില്ല. ഇതാണ് പുരാതന ഇന്ത്യയിലെ ശാസ്‌ത്രത്തിനും തത്വചിന്തയ്ക്കും സംഭവിച്ചത്.2"
ഈ പാരഗ്രാഫ് ശരിയെന്നു തോന്നുന്നില്ല. തത്വമസിക്കു ശേഷവും ഗവേഷണം ഇന്ത്യയില്‍ ഉണ്ടായിരുന്നല്ലൊ. നമ്മടെ ജ്യേഷ്ഠദേവനും മേല്‍പ്പത്തൂരും ഒക്കെ നല്ല ശാസ്ത്രജ്ഞരായിരുന്നല്ലൊ. പഴയ ഭാരതീയ ശാസ്ത്രജ്ഞ്നമാരെ പറ്റി ഉമേഷിന്റെ ഗുരുകുലം ബ്ലോഗില്‍ ഒരു പോസ്റ്റ് വായിച്ചതായി ഓര്‍ക്കുന്നു. അതില്‍ ഇവരെയൊക്കെ പറ്റി പറഞ്ഞിട്ടുണ്ടെന്നാണ് ഓര്‍മ്മ.
-സു-
free said: how you can call Arabian knowledge as Islamic knowledge? I agree with him. There are a lot of knowledge created by Inidans in the field of science, literature, medicine, arts etc. Can anybody call them Hindu knowledge?
Post a Comment