കേരളം ജലസമ്പന്നമാണ്. നാല്‍പത്തി നാല് നദികളും അനേകം കായലുകളും തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളും നമുക്കുണ്ട്. എന്നാല്‍ ഓരോ വേനല്‍ക്കാലത്തും നമ്മുടെ ജലസ്രോതസുകള്‍ വറ്റി വരളുകയും നാം ശുദ്ധജല ക്ഷാമം അനുഭവിക്കുകയും ചെയ്യുന്നു. ഇതെന്താണ് ഇങ്ങനെ?
ഇത് മനസിലാക്കുന്നതിന് ജലചക്രത്തെപ്പറ്റിയും കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെപ്പറ്റിയും അറിയേണ്ടതുണ്ട്.
ജലചക്രം
പ്രകൃതിയില്‍ ലഭ്യമായ ജലം സദാസമയവും ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേയ്ക്ക് മാറുകയും ഇതൊരു ചാക്രിക പ്രക്രിയയായി തുടരുകയുമാണ്. ഈ പ്രക്രിയ ജലചക്രം (hydrologic cycle) എന്നറിയപ്പെടുന്നു.
സമുദ്രത്തിലെയും തടാകങ്ങളിലെയും നദികളിലെയും മറ്റ് ജലാശയങ്ങളിലെയും സസ്യജാലങ്ങളിലെയും ജലം നീരാവിയായി ഉയര്‍ന്ന് മേഘമായി മാറുകയും തുടര്‍ന്ന് മഴയായി പെയ്തിറങ്ങുകയും ആ ജലം തുടര്‍ന്ന് ജലാശയങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്ന പ്രക്രിയയാണ് ഇത്. മഴവെള്ളത്തിന്റെ ഒരു ഭാഗം മരങ്ങളുടെ ഇലകളിലും മനുഷ്യനിര്‍മിതമായ വസ്തുക്കളിലും മറ്റും തങ്ങി നില്‍ക്കുന്നു. വലിയൊരു ഭാഗം ഭൂമിയില്‍ പതിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്ന ജലത്തിന്റെ ഒരു ഭാഗം ഭൂമിക്കുള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തിന്റെ ഭാഗമായി മാറുന്നു. ഭൂഗര്‍ഭജലത്തിന്റെ മേല്‍പ്പരപ്പ് വാട്ടര്‍ ടേബിള്‍ (water table) എന്ന് അറിയപ്പെടുന്നു. ഒരു ഭാഗം ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഉപരിതലത്തില്‍ പതിക്കുന്ന ജലത്തിന്റെ മറ്റൊരു ഭാഗം ഒഴുകി പോകുന്നു. ഇതിനെ ഉപരിതല പ്രവാഹം (surface run-off) എന്നു പറയാം. ഇത് ചെറിയ നീര്‍ച്ചാലുകളിലും തോടുകളിലും കൂടി ഒഴുകി നദികളിലും കായലുകളിലും ഒടുവില്‍ സമുദ്രത്തിലും എത്തിച്ചേരുന്നു.
ഭൂഗര്‍ഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും അനുപാതം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ജലസ്തരം (aquifer) എന്നറിയപ്പെടുന്ന പാളികളിലാണ് ഭൂഗര്‍ഭജലം തങ്ങിനില്‍ക്കുന്നത്. മണ്ണിന്റെ തരം അനുസരിച്ച് ജലം കടത്തിവിടാനുള്ള അതിന്റെ കഴിവ് വ്യത്യസ്തമായിരിക്കും. ചെളി, പാറ തുടങ്ങിയവ ജലം കടത്തിവിടുകയില്ല. മണല്‍ നന്നായി ജലം കടത്തിവിടുന്നു. മഴയുടെ അളവ്, ഭൂപ്രകൃതി, ഭൂമിയുടെ ചരിവ്, ജലം ഉള്ളിലേക്ക് കടത്തി വിടാനുള്ള മണ്ണിന്റെ ശേഷി (permeability), ഒഴുക്കിന്റെ വേഗം കുറച്ച് ജലത്തിന്റെ കിനിഞ്ഞിറങ്ങല്‍ എളുപ്പത്തിലാക്കുന്ന സസ്യജാലങ്ങളുടെ സാന്നിധ്യം തുടങ്ങി പല ഘടകങ്ങളും ഈ വ്യവസ്ഥയെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്നു.
കേരളം-ഭൂപ്രകൃതിയും ജല സമ്പത്തും
കേരളത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു.
(i) മലനാട്:- സമുദ്രനിരപ്പില്‍ നിന്നും 75 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള പ്രദേശം.
(ii) ഇടനാട്:- സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ മുതല്‍ 75 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശം.
(iii) തീരദേശം:- സമുദ്രനിരപ്പില്‍ നിന്നും 7.5 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശം.
കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോ മീറ്റര്‍ ആണ്.
മഴ
ഒരു വര്‍ഷം നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു. ഇന്ത്യ മുഴുവനായി എടുത്താല്‍ ശരാശരി വാര്‍ഷികവര്‍ഷപാതം 1190 മി.മീ. മാത്രമാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടി മഴ നമുക്ക് ലഭിക്കുന്നുണ്ട്. തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് പ്രതിവര്‍ഷം 1800 മി.മീ. മഴയാണ് ലഭിക്കുന്നത്. വടക്ക് ഇത് ഏതാണ്ട് 3800 മി.മീ. വരും. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു പോകുമ്പോഴും മഴയുടെ അളവ് കൂടി വരും. ഇങ്ങനെ മഴയിലൂടെ ലഭിക്കുന്ന ജലം നമുക്ക് എത്രമാത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ട് ? ജല ലഭ്യതയുടെ എന്നതിനെക്കാള്‍ ജല മാനേജ്മെന്റിന്റെ പ്രശ്നമല്ലേ നാം അനുഭവിക്കുന്നത്? ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന ഇടവപ്പാതിയിലാണ് ഇതിന്റെ 60% ലഭിക്കുന്നത്. 20% തുലാവര്‍ഷത്തില്‍ ലഭിക്കുന്നു. (ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ). ബാക്കി വേനല്‍മഴയാണ്.
കിഴക്കുനിന്ന് പടിഞ്ഞാറോട്ട് കുത്തനെയുള്ള ചരിവാണ് കേരളത്തിലുള്ളത്. അതിനാല്‍ തന്നെ പെയ്യുന്ന മഴയുടെ നല്ലൊരു ഭാഗം കടലിലേക്ക് ഒഴുകി പോകുന്നു. പശ്ചിമഘട്ടത്തില്‍ പതിക്കുന്ന മഴയുടെ 65% ഭാഗം 48 മണിക്കൂര്‍കൊണ്ട് അറബിക്കടലില്‍ ഒഴുകിയെത്തുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ജലസമ്പത്ത്
നാല്‍പ്പത്തിനാല് നദികളും തോടുകളും നീരുറവകളും തീരദേശത്തെ കായലുകളുടെ ശൃംഖലയും കുളങ്ങളും കിണറുകളും ചതുപ്പുനിലങ്ങളും ഉള്‍പെട്ടതാണ് കേരളത്തിന്റെ ജലസമ്പത്ത്. 41 നദികള്‍ പടിഞ്ഞാറോട്ടൊഴുകുന്നവയാണ്. മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. 44 നദികളിലും കൂടി പ്രതിവര്‍ഷം 7,804 കോടി ഘനമീറ്റര്‍ ജലം ഒഴുകുന്നുണ്ടെന്നാണ് കണക്ക്. (ഇത് ആകെ പെയ്യുന്ന മഴയുടെ ഏതാണ്ട് 67 ശതമാനം വരും).
വൃഷ്ടി പ്രദേശത്തിന്റെ വ്യാപ്തിയനുസരിച്ച് നദികളെ വലുത് (major), ഇടത്തരം (medium), ചെറുത് (minor) എന്നിങ്ങനെ തരം തിരിക്കാറുണ്ട്. ഈ തരംതിരിക്കലിന്റെ അടിസ്ഥാനത്തിലുള്ള വലിയ നദികള്‍ ഒന്നും തന്നെ കേരളത്തില്‍ ഇല്ല. ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ എന്നിവ ഇടത്തരം നദികളാണ്.
തീരദേശത്ത് പരസ്പര ബന്ധിതമായ കായലുകളുടെ ശൃംഖലയുണ്ട്. ഇവയില്‍ രണ്ടെണ്ണം (ശാസ്താംകോട്ട, വെള്ളായണി) ശുദ്ധജല തടാകങ്ങളാണ്. ബാക്കിയുള്ളവയില്‍ ഉപ്പുവെള്ളമാണുള്ളത്. 1916 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ കായലുകളുടെ വിസ്തൃതി 14% കുറഞ്ഞിട്ടുണ്ട്.
10,000 ഘനമീറ്ററിനു മേല്‍ സംഭരണശേഷിയുള്ള 995 കുളങ്ങള്‍ കേരളത്തിലുണ്ട്. ഇവയില്‍ 4% കുടിവെള്ളത്തിനായി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ശേഷിച്ചവ തുണി കഴുകുന്നതിനും കുളിക്കുന്നതിനും ജലസേചനത്തിനും മത്സ്യകൃഷിയും മറ്റുമായി ഉപയോഗപ്പെടുത്തുന്നു.
ഏകദേശം 45 ലക്ഷം കിണറുകളാണ് കേരളത്തിലുള്ളത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ശരാശരി 115 കിണറുകള്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. (തീരപ്രദേശം - ച.കി.മീറ്ററില്‍ 200 കിണറുകള്‍, ഇടനാട്-150/ച.കി.മീ., മലനാട്-70/ച.കി.മീ.) ഇവയുടെ 70% വീട്ടാവശ്യത്തിനു മാത്രമായും 24% വീട്ടാവശ്യത്തിനും ജലസേചനത്തിനും 6% ജലസേചനത്തിനു മാത്രമായും ഉപയോഗപ്പെടുത്തുന്നു. ഇതിനു പുറമെ 236 നീരുറവകള്‍ കേരളത്തിലുണ്ട്.
ഇതൊക്കെയാണെങ്കിലും നമ്മുടെ സംസ്ഥാനത്ത് വേനല്‍ക്കാലത്ത് വരള്‍ച്ച അനുഭവപ്പെടുന്നു. നേരത്തേ സൂചിപ്പിച്ച പോലെ, മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം ഉപയോഗപ്പെടുത്താന്‍ കഴിയാത്തതാണ് ഇതിന്റെ കാരണം. ജലം ഒഴുകിപ്പോകാതെ തടഞ്ഞു നിര്‍ത്തി ഭൂജലപോഷണം നടത്തേണ്ട വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും നെല്‍വയലുകളും കുളങ്ങളും കായലുകളും നികത്തപ്പെട്ടതും ജനസംഖ്യ വര്‍ധനവിന്റെയും നഗരവത്കരണത്തിന്റെയും ഫലമായി കൂടുതല്‍ കെട്ടിടങ്ങളും റോഡുകളും മറ്റും ഉണ്ടായതും വീട്ടുമുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തതുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്.
ഭൂപ്രകൃതിയും ജലസ്രോതസുകളും
(i) മലനാട്
കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏതാണ്ട് 48% മലനാടാണ്. ഇവിടെ ജനസാന്ദ്രത തീരെ കുറവാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ചെങ്കുത്തായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. മണ്ണിന്റെ കനം തീരെ കുറവാണ്. അതിനാല്‍ ഭൂഗര്‍ഭ ജലലഭ്യത കുറവാണ്. കിണറുകള്‍ തീരെയില്ല. എന്നാല്‍ നീരുറവകളും (springs) ചെറിയ അരുവികളും ധാരാളമായി കാണാന്‍ സാധിക്കും. ഇവയാണ് കുടിവെള്ളത്തിനായി ഉപയോഗപ്പെടുത്തുന്നത്. മലമുകളില്‍ നിന്നും ഈ ജലം ഹോസുകളിലൂടെയും പൈപ്പുകളിലൂടെയും താഴെയെത്തിച്ച് ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഈ സ്രോതസുകള്‍ വേനല്‍ക്കാലത്ത് വറ്റിപ്പോകാറുണ്ട്. ഇവയ്ക്കു പുറമെ, ചെങ്കല്‍സ്തരങ്ങളില്‍ (laterite) കിണറുകളും അപക്ഷയം സംഭവിച്ച പാറകളില്‍ കുഴല്‍ക്കിണറുകളും നിര്‍മിക്കാറുണ്ട്. ഇവയിലെ ജലലഭ്യതയില്‍ വമ്പിച്ച ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാറുണ്ട്.
(ii) ഇടനാട്
കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 42% ഇടനാടാണ്. മലനാടിനെ അപേക്ഷിച്ച് ജനസാന്ദ്രത കൂടിയ പ്രദേശമാണിത്. ഇവിടത്തെ ജനങ്ങള്‍ കിണറുകളെയും കുഴല്‍ക്കിണറുകളെയും കുളങ്ങളെയും തോടുകളെയും നദികളെയുമാണ് ജലത്തിനായി ആശ്രയിക്കുന്നത്. ഇവിടെയുള്ള കിണറുകള്‍ മലനാട്ടിലെ കിണറുകളെ അപേക്ഷിച്ച് ജലശേഷി കൂടിയവയാണ്. എന്നാല്‍ വാസസ്ഥലങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടി നെല്‍വയലുകളും കുളങ്ങളും നികത്തുന്നത് ഇവയെ ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
കുടിവെള്ള ആവശ്യത്തിനെക്കാള്‍ തുണി കഴുകുന്നതിനും കുളിക്കുന്നതിനുമാണല്ലോ കുളങ്ങള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇതിനു പുറമെ, സമീപത്തെ കിണറുകളിലെ ജലവിതാനം നിലനിര്‍ത്തുന്നതിലും കുളങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. പൈപ്പിലൂടെയുള്ള വലിയ പൊതു ജലവിതരണ സംവിധാനങ്ങള്‍ പൊതുവേ നദികളെ ആശ്രയിച്ചുള്ളവയാണ്. വേനല്‍ക്കാലത്ത് നദികളില്‍ നീരൊഴുക്ക് കുറയുന്നു. നദികളില്‍ നിന്നുള്ള അനിയന്ത്രിതമായ മണല്‍ വാരല്‍ ജലശേഷി കുറക്കുന്നു. ഇത് ഭൂഗര്‍ഭജലത്തെയും ബാധിക്കുന്നു.
(iii) തീരപ്രദേശം
തീരപ്രദേശത്തിന്റെ വിസ്തീര്‍ണം കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 10 ശതമാനമാണ്. ഇവിടെ ജനസാന്ദ്രത വളരെ കൂടുതലാണ്.
തീരപ്രദേശത്തെ ജനങ്ങള്‍ ഭൂഗര്‍ഭജലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ചെറുതും വലുതുമായ കുഴല്‍ക്കിണറുകളും തുറന്ന കിണറുകളുമാണ് തീരപ്രദേശത്തെ ജലസ്രോതസുകള്‍. ഇവിടത്തെ പ്രശ്നം ജലത്തിന്റെ അളവിലുള്ള കുറവല്ല, അതിന്റെ ഗുണനിലവാരമാണ്. വേനല്‍ക്കാലത്ത് കിണറുകളില്‍ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റമുണ്ടാകുന്നു. കിണറില്‍ നിന്നുള്ള പമ്പിംഗ് നിരക്ക് കൂടിയാലും ഉപ്പുവെള്ളം കയറും. നദികളില്‍ ഒഴുക്കു നിലനിര്‍ത്തിയാല്‍ മാത്രമേ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയാന്‍ കഴിയൂ.
കുടിവെള്ളം
ഇതിനകം കണ്ടപോലെ കേരളത്തിലെ ജനങ്ങള്‍ ഭൂഗര്‍ഭജലത്തെയാണ് കുടിവെള്ളത്തിനായി കൂടുതല്‍ ആശ്രയിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ കിണറുകളാണ് പ്രധാന കുടിവെള്ള സ്രോതസുകള്‍. കൂടുതലും സ്വകാര്യകിണറുകളാണ്. പൊതുകിണറുകളുമുണ്ട്. കേരള വാട്ടര്‍ അതോറിറ്റി പല സ്ഥലങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നുണ്ട്.
നഗരപ്രദേശങ്ങളില്‍ ജനസാന്ദ്രതയും അതിന്റെ ഫലമായുണ്ടാകുന്ന മലിനീകരണവും കൂടുതലായതിനാല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുക പ്രയാസകരമാണ്. അതിനാല്‍ തന്നെ നഗര പ്രദേശങ്ങളുടെ പ്രധാന ആശ്രയം പൈപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലമാണ്.
വേനല്‍ക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും ശുദ്ധജലക്ഷാമം അനുഭവപ്പെടാറുണ്ട്. കിണറുകള്‍ വറ്റിപ്പോകുന്നു. വന നശീകരണവും അതിന്റെ ഫലമായുണ്ടായ മണ്ണൊലിപ്പും നീരുറവകളുടെ ജലശേഷി കുറച്ചു. ഒപ്പം ഭൂഗര്‍ഭജലത്തിന്റെ അളവും കുറഞ്ഞു. നദികളില്‍ നിന്നുള്ള അനിയന്ത്രിതമായ മണല്‍ വാരല്‍ കാരണം നദികളുടെ അടിത്തട്ട് താണു പോകുകയും സമീപപ്രദേശത്തെ ഭൂഗര്‍ഭജലം അവിടേക്ക് ഒഴുകുകയും ചെയ്യുന്നത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. ഇതിനു പുറമെ, നഗരവത്കരണവും അശാസ്ത്രീയമായ മാനുഷിക ഇടപെടലുകളും പരിമിതമായ സ്ഥലലഭ്യതയും കാരണം നെല്‍വയലുകളും കായലുകളും നികത്തപ്പെടുകയും മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യപ്പെടുകയും ചെയ്തത് ഭൂഗര്‍ഭജലപോഷണത്തെ തടസപ്പെടുത്തി. നദികള്‍ വരളുകയും തത്ഫലമായി അവയില്‍ നിന്നുള്ള ജലം ഉപയോഗിക്കുന്ന പദ്ധതികളില്‍ ജലം കിട്ടാതാവുകയും ചെയ്യുന്നു.
ജലത്തിന്റെ ഗുണനിലവാരം
ജലത്തിന് അനേകം രാസപദാര്‍ത്ഥങ്ങളെയും വാതകങ്ങളെയും ലയിപ്പിക്കാന്‍ കഴിവുണ്ട്. ശക്തിയായി ഒഴുകുന്ന ജലം അത് ഒഴുകുന്ന വഴിയിലെ മണ്ണ് ഇളക്കുന്നു. മഴയായി ഭൂമിയില്‍ പതിയുന്ന ശുദ്ധജലം മണ്ണിലൂടെ ഒഴുകുമ്പോള്‍ അതില്‍ പല മാലിന്യങ്ങളും കലരുന്നു. ഈ ജലത്തില്‍ അണുക്കള്‍ വളരാനുള്ള സാധ്യതയുമുണ്ട്. മലിനമായ ജലം ഉപയോഗിച്ചാല്‍ പല ജലജന്യരോഗങ്ങളും പിടിപെടാം.
ഉദാ:- ഛര്‍ദി, അതിസാരം, വയറുകടി, കോളറ, ഫ്ളൂറോസിസ്
ഭൂമിയിലൂടെ അരിച്ചിറങ്ങുന്നതിനാല്‍ ഭൂഗര്‍ഭ ജലം താരതമ്യേന മാലിന്യമുക്തമാണ്. എന്നാല്‍ പലപ്പോഴും അതില്‍ ഇരുമ്പും മാംഗനീസും ലയിച്ചു ചേരാറുണ്ട്. നദീജലത്തില്‍ കലക്കലും പൊടിപടലവും മറ്റ് മാലിന്യങ്ങളും കാണാറുണ്ട്. അതുകൊണ്ടുതന്നെ നദീജലം ഉപയോഗിച്ചുള്ള ജലവിതരണ പദ്ധതികളില്‍ ജലശുദ്ധീകരണം ആവശ്യമായി വരാറുണ്ട്.
ജല സംരക്ഷണം
പ്രകൃതിവിഭവമായ ജലം മനുഷ്യന്റെ ഇന്നത്തെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനൊപ്പം തന്നെ അത് സംരക്ഷിക്കുകയും വേണം. വേനല്‍ക്കാലത്തെ ജലദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഭൂമിയില്‍ പതിക്കുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം സംരക്ഷിക്കാന്‍ കഴിയണം. ജലത്തിന്റെ കുത്തൊഴുക്കും അതിലൂടെയുണ്ടാകുന്ന മണ്ണൊലിപ്പും തടയണം. ജലത്തിന്റെ ഒഴുക്കിന്റെ വേഗത കുറയ്ക്കുക, അത് ഭൂമിയിലേക്ക് താഴ്ന്നിറങ്ങാന്‍ അനുവദിക്കുക എന്നതാണ് ഇതിന്റെ ഒരു ഭാഗം. കോണ്ടൂര്‍ ബണ്ട്, കോണ്ടുര്‍ ചാനല്‍, ടെറസിംഗ്, സസ്യകൈയാല, ഇടവിട്ടുള്ള ചെറുകുഴികള്‍, ടര്‍ഫിംഗ് തുടങ്ങിയവയാണ് ഇതിനുള്ള മാര്‍ഗങ്ങള്‍. ഭൂപ്രകൃതിയും ചരിവും മണ്ണിന്റെ തരവും കണക്കിലെടുത്ത് അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് നീര്‍ത്തടാധിഷ്ഠിത സമീപനം ആവശ്യമാണ്. ഇത്തരത്തിലുള്ള സമഗ്രമായ നീര്‍ത്തടാധിഷ്ഠിതമായ സമീപനമാണ് മേല്‍ക്കൂരയിലെ ജലം ശേഖരിക്കുന്നതിനേക്കാള്‍ മെച്ചം.
വേനല്‍ക്കാലത്ത് നദികള്‍ വറ്റിപ്പോകാറുണ്ടെങ്കിലും ബേസ് ഫ്ളോ (base flow) അഥവാ ഭൂമിക്കടിയിലൂടെയുള്ള നീരൊഴുക്ക് അപ്പോഴുമുണ്ടാകും. ഈ ഒഴുക്കിന്റെ നിരപ്പ് ഉയര്‍ത്തുന്നതിനും അങ്ങനെ നദികളില്‍ നീരൊഴുക്ക് നിലനിര്‍ത്തുന്നതിനും ഭൂമിക്കടിയില്‍ നിര്‍മിക്കുന്ന ചെറിയ അണകളും (sub surface dam) തടയണകളും സഹായകമാണ്.
ഭൂഗര്‍ഭജലം തങ്ങി നില്‍ക്കുന്ന ജലസ്തരങ്ങള്‍ (acquife) മനുഷ്യനിര്‍മിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ ജലമേഖലയില്‍ സമഗ്രമായ നിയന്ത്രണ സംവിധാനങ്ങള്‍ ആവശ്യമാണ്.
***
കടപ്പാട് : ശാസ്‌ത്രഗതി
Saturday, May 2, 2009
Subscribe to:
Post Comments (Atom)
1 comment:
കേരളം ജലസമ്പന്നമാണ്. നാല്‍പത്തി നാല് നദികളും അനേകം കായലുകളും തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളും നമുക്കുണ്ട്. എന്നാല്‍ ഓരോ വേനല്‍ക്കാലത്തും നമ്മുടെ ജലസ്രോതസുകള്‍ വറ്റി വരളുകയും നാം ശുദ്ധജല ക്ഷാമം അനുഭവിക്കുകയും ചെയ്യുന്നു. ഇതെന്താണ് ഇങ്ങനെ?
ഇത് മനസിലാക്കുന്നതിന് ജലചക്രത്തെപ്പറ്റിയും കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെപ്പറ്റിയും അറിയേണ്ടതുണ്ട്.
ശാസ്ത്രഗതിയില്‍ വന്ന പഠനാര്‍ഹമായ ലേഖനം
Post a Comment