Wednesday, November 7, 2007

ഒക്ടോബര്‍ വിപ്ലവം ഓര്‍മ്മിപ്പിക്കുന്നത്

2007 നവംബര്‍ ഏഴ് ഒക്ടോബര്‍ വിപ്ളവത്തിന്റെ 90-ാം വാര്‍ഷികദിനമാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ചരിത്രപ്രസിദ്ധവും ലോകത്ത് വമ്പിച്ച സ്വാധീനംചെലുത്തിയതുമായ ഒരു സംഭവത്തെ അനുസ്മരിക്കാനുള്ള അവസരമാണിത്. റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവം ലോകചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. മുതലാളിത്തത്തിന് ബദലായി സോഷ്യലിസം ഉയര്‍ന്നുവന്നത് ഒക്ടോബര്‍ വിപ്ലവത്തിലൂടെയാണ്.

74 വര്‍ഷങ്ങള്‍ക്കുശേഷം 1991ല്‍ സോവിയറ്റ് യൂണിയന്‍ എന്ന സംവിധാനം ഇല്ലാതായി. അതിനുശേഷം ഒക്ടോബര്‍ വിപ്ലവത്തിന്റെ വിപ്ലവ ഉള്ളടക്കം ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 90-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒക്ടോബര്‍ വിപ്ലവത്തിന്റെ അസ്തമിക്കാത്ത പ്രസക്തി ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.

1917ലെ റഷ്യന്‍ വിപ്ലവം അട്ടിമറിയോ അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയോ ആയിരുന്നില്ല. സാര്‍ സാമ്രാജ്യത്തിന്റെ ക്രൂരതകള്‍ ഇല്ലാതാക്കി പുതിയ സമൂഹസൃഷ്ടിക്കായി വിപ്ലവപ്രസ്ഥാനം നടത്തിയ മുന്നേറ്റത്തില്‍ സാമാന്യജനങ്ങളും പങ്കുചേര്‍ന്ന് നടത്തിയ സ്വാഭാവികമായ വിപ്ലവമായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഈ ചരിത്രസത്യം കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടന്നത്. റഷ്യന്‍ വിപ്ലവം ചരിത്രത്തിന് സംഭവിച്ച മാര്‍ഗഭ്രംശമാണെന്ന് ചിത്രീകരിക്കപ്പെട്ടു. ഈ പറയുന്നത് ശരിയാണെങ്കില്‍ സാമ്രാജ്യത്വത്തിനെതിരെ ഇരുപതാം നൂറ്റാണ്ടില്‍ വമ്പിച്ച പോരാട്ടം നടക്കുമായിരുന്നില്ല, കൊളോണിയലിസം ഇല്ലാതാവുകയും അടിച്ചമര്‍ത്തപ്പെട്ട കര്‍ഷക ജനവിഭാഗമടക്കം കോളനിരാജ്യങ്ങളിലെ ജനത വിമോചനവും നേടുമായിരുന്നില്ല.

ഒക്ടോബര്‍ വിപ്ലവത്തിന്റെ സ്വാധീനം

ഒക്ടോബര്‍ വിപ്ലവത്തിനു മുമ്പുള്ള ലോകം ഇന്നത്തേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം സാമ്രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളതായിരുന്നു. സാമ്രാജ്യത്വവും അതിന്റെ ശക്തിയില്‍ത്തന്നെയായിരുന്നു. ബ്രിട്ടീഷ്, ജര്‍മന്‍, ആസ്ട്രോ-ഹംഗേറിയന്‍, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ശക്തമായ സാമ്രാജ്യങ്ങള്‍ ലോകത്തെ പകുത്തെടുത്തിരുന്നു. ഇറ്റാലിയന്‍, പോര്‍ട്ടുഗീസ് സാമ്രാജ്യങ്ങള്‍ താരതമ്യേന ദുര്‍ബലമായിരുന്നു. ലോകജനസംഖ്യയുടെ വലിയൊരു ഭാഗം ഈ സാമ്രാജ്യങ്ങളുടെ കോളനികളില്‍ അവരുടെ പ്രജകളായി ജീവിക്കുകയായിരുന്നു. പഴയ രീതിയിലുള്ള കോളനിവാഴ്ച അവസാനിക്കാന്‍ പോകുന്നുവെന്ന വിളംബരം നടത്തിയത് ഒക്ടോബര്‍വിപ്ലവമാണ്. ഒക്ടോബര്‍വിപ്ലവത്തിനുമുമ്പ് ആരംഭിച്ച ഒന്നാംലോക മഹായുദ്ധത്തോടെ സാമ്രാജ്യത്വത്തിന്റെ പ്രാണവേദന ആരംഭിച്ചിരുന്നു. റഷ്യയില്‍ സാര്‍ സാമ്രാജ്യത്തിന്റെ അന്ത്യംകുറിച്ച് അമ്പത് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ലോകത്ത് മറ്റൊരു സാമ്രാജ്യവും അവശേഷിച്ചിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ മറ്റൊരു ശക്തിപ്രവാഹം ജനാധിപത്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തല സ്ഥാനം ബൂര്‍ഷ്വാസി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. എകാധിപത്യശക്തികളും ജനാധിപത്യ ശക്തികളും തമ്മിലുള്ള പോരാട്ടത്തോടൊപ്പം മൂലധനവിരുദ്ധ ശക്തികള്‍ക്കെതിരായ പോരാട്ടംകൂടി ഉള്‍പ്പെടുത്തിയ 'പാക്കേജ്' ആയിരുന്നു ബൂര്‍ഷ്വാസിയുടെ ജനാധിപത്യത്തിനുവേണ്ടിയുള്ള 'സമരം'. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ ചില പിഴവുകള്‍മൂലം ഈ 'സമര'ത്തില്‍ ബൂര്‍ഷ്വാസി ചിലയിടങ്ങളില്‍ വിജയിച്ചു.

എന്നാല്‍, ലോകമാകെയെടുത്താല്‍ ജനാധിപത്യവിരുദ്ധ ശക്തികള്‍ക്കും ഫാസിസത്തിനുമെതിരെ ഏറ്റവും ഉജ്വലമായ പോരാട്ടം നടത്തിയത് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ശക്തികളുമാണ്. ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവും സംയുക്തമായി നടത്തിയ പോരാട്ടം കൊണ്ടാണ് ഫാസിസത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍, ഈ പോരാട്ടത്തിന്റെ ഗതി നിര്‍ണയിച്ചത് സോവിയറ്റ് യൂണിയന്റെ അടിയുറച്ചതും കര്‍ക്കശവുമായ പോരാട്ടവും യൂഗോസ്ലാവിയ, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ ഫാസിസ്റ്റ്വിരുദ്ധശക്തികളായ കമ്യൂണിസ്റ്റുകാരുടെ ധീരതയുമായിരുന്നു എന്നത് സംശയരഹിതമായ വസ്തുതയാണ്. കിഴക്ക് ജാപ്പനീസ് ഫാസിസത്തെ ചൈനയിലെ കമ്യൂണിസ്റ്റ് ഗറില്ലകള്‍ നേരിട്ടു. പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ സുരക്ഷിതമായിരിക്കാനും ശക്തിപ്പെടാനുംകൂടി കമ്യൂണിസ്റ്റ് ശക്തികളുടെ പോരാട്ടം ഇടയാക്കിയെന്നതാണ് ഇതിലെ വിരോധാഭാസം. സാമ്പത്തിക ഏകാധിപത്യ ശക്തികളുടെ താല്‍പ്പര്യങ്ങള്‍മാത്രം സംരക്ഷിച്ചു ശീലിച്ച പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി തലകുനിക്കേണ്ടി വന്നു. ജനാധിപത്യമെന്നാല്‍ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യ അവകാശമാണെന്ന മഹത്തായ സോഷ്യലിസ്റ്റ് മാതൃകയും സോഷ്യലിസ്റ്റ് ശക്തികള്‍ ലോകരാഷ്ട്രീയത്തില്‍ ചെലുത്തിയ സമ്മര്‍ദവുംകൊണ്ടാണ് പാശ്ചാത്യ ജനാധിപത്യ സംവിധാനങ്ങള്‍ ജനങ്ങളിലേക്കിറങ്ങുവെന്ന് ബോധ്യപ്പെടുത്താനെങ്കിലും നിര്‍ബന്ധിതമായത്. കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കു പിന്നാലെ ബ്രിട്ടന്‍, ഫ്രാന്‍സ്, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവ തൊഴിലില്ലായ്മാവേതനം, ആരോഗ്യസുരക്ഷ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവയടങ്ങുന്ന ക്ഷേമപദ്ധതി ആരംഭിച്ചു. എണ്‍പതുകളില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ദൌര്‍ബല്യത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍തോതില്‍ ഇത്തരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചുവെന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ശക്തികൊണ്ടാണ് മുമ്പ് ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ രാഷ്ട്രങ്ങള്‍ നിര്‍ബന്ധിതമായതെന്ന് തെളിയിക്കുന്നു. തൊണ്ണൂറുകളില്‍ യൂറോപ്പിലാകെ തൊഴിലില്ലായ്മ വര്‍ധിച്ചതും ശ്രദ്ധേയമാണ്.

കോളനിരാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെട്ട ജനകോടികള്‍ക്ക് ശക്തമായ ഉള്‍പ്രേരണയാണ് ഒക്ടോബര്‍ വിപ്ലവം നല്‍കിയത്. സാമൂഹ്യ അസമത്വം കുറയ്ക്കുകയാണ് ജനാധിപത്യത്തിന്റെ അര്‍ഥമെന്ന് മനസ്സിലാക്കാത്ത പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളുടെ മനസ്സിലും ഒക്ടോബര്‍ വിപ്ലവത്തിന്റെ പ്രചോദനം പ്രതിധ്വനിച്ചു. ഒക്ടോബര്‍ വിപ്ലവത്തിനുശേഷം പടിഞ്ഞാറന്‍ യൂറോപ്പിലെ വിപുലമായ തൊഴിലാളിവര്‍ഗപ്രസ്ഥാനമാണ് പോരാട്ടം നടത്തി സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചത്. റഷ്യന്‍ വിപ്ലവം നല്‍കിയ സന്ദേശംമൂലമാണ് സ്ത്രീകളുടെ വിമോചനാശയങ്ങള്‍ക്കും ശക്തമായ പ്രചോദനം ലഭിച്ചത്. സ്ത്രീകളുടെ വോട്ടവകാശം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ലേബര്‍ പാര്‍ടി വോട്ടുചെയ്തത് 1914ല്‍ ഖനിത്തൊഴിലാളി യൂണിയന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. ഒരു ദശാബ്ദത്തിനുശേഷം 1928ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന തുല്യ വോട്ടവകാശനിയമം ബ്രിട്ടനില്‍ പാസാക്കി.

സാമ്രാജ്യത്വത്തിന്റെ പ്രത്യാക്രമണം

സോഷ്യലിസ്റ്റ് സംവിധാനത്തില്‍നിന്നേറ്റ താല്‍ക്കാലിക തിരിച്ചടികളില്‍നിന്ന് സാമ്രാജ്യത്വം കൂടുതല്‍ പ്രത്യാക്രമണത്തിനൊരുങ്ങി. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ, കവര്‍ച്ചാസ്വഭാവമുള്ള പുതിയ രൂപവും കിരാതമായ നവ ലിബറല്‍ മുതലാളിത്തവും ലോകമെങ്ങും നടപ്പാക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണോത്സുക സാമ്രാജ്യത്വം ലോകത്തെ പുനര്‍ കോളനിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധം, യൂഗോസ്ലാവിയ, അഫ്‌ഗാനിസ്ഥാന്‍, 2003ലെ ഇറാഖ് പിടിച്ചടക്കല്‍ യുദ്ധം തുടങ്ങിയ ആക്രമണ പരമ്പരകള്‍. സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാഷ്ട്രങ്ങള്‍, അത് ക്യൂബയാകട്ടെ, വെനിസ്വേല, ഉത്തരകൊറിയ, ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളാകട്ടെ, അമേരിക്കയുടെ തുടര്‍ച്ചയായി ഭീഷണിയെ നേരിടുകയാണ്.

ലോകവ്യാപകമായ പ്രതിരോധം

സാമ്രാജ്യത്വ ആക്രമണങ്ങളുടെ ചിത്രമാണ് ഒരു വശത്തെങ്കില്‍, അതിനെതിരായി വളര്‍ന്നുവരുന്ന ശക്തമായ പ്രതിരോധം മറുവശത്ത് കാണാം. ഇതിന്റെ കേന്ദ്രസ്ഥാനം ഇറാഖ് പിടിച്ചടക്കി അവിടത്തെ ഭരണവ്യവസ്ഥ ഇല്ലാതാക്കുകയും വംശീയവിദ്വേഷം വളര്‍ത്തുകയുംചെയ്ത അമേരിക്കയ്ക്കെതിരെ ഇറാഖ് ജനത നടത്തുന്ന ധീരോദാത്തമായ പോരാട്ടമാണ്. ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ക്രൂരത തുറന്നുകാട്ടപ്പെട്ടു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ മറ്റൊരു കേന്ദ്രം പലസ്തീനാണ്. സ്വന്തം രാഷ്ട്രം നേടാനായി ഇസ്രയേലി-അമേരിക്കന്‍ അച്ചുതണ്ടിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് അഞ്ച് ദശാബ്ദത്തിലധികമായി പലസ്തീന്‍ ജനത നടത്തുന്നത്. ലെബനനെതിരായ ഇസ്രയേലിന്റെ ആക്രമണവും ഹിസ്‌ബുള്ള ശക്തികളില്‍നിന്ന് കടുത്ത പ്രത്യാക്രമണം ക്ഷണിച്ചുവരുത്തി. 1973നുശേഷം ഇസ്രയേലിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ഏറ്റവും പ്രധാനമായ കാര്യം, സാമ്രാജ്യത്വത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരായ ഏറ്റവും ഉശിരുള്ള പോരാട്ടങ്ങളുടെ വേദിയായി ലാറ്റിനമേരിക്ക മാറിയെന്നതാണ്. ബ്രസീല്‍, വെനിസ്വേല, ബൊളീവിയ, ഉറുഗ്വേ, ഇക്വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളില്‍ ഉദയംകൊണ്ട ഇടതുപക്ഷ, ജനകീയ ഗവണ്‍മെന്റുകളുടെ പ്രചോദനമാണ് ഈ പോരാട്ടങ്ങളുടെ ശക്തിസ്രോതസ്സ്. ഹ്യൂഗോ ഷാവേസ് ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് വെനിസ്വേല വിപ്ലവത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നത് ലാറ്റിനമേരിക്കയ്ക്ക് മാത്രമല്ല, ലോകത്തിനാകെ പ്രചോദനമേകുന്നു. ക്യൂബയും വെനിസ്വേലയും തമ്മിലുള്ള വിപ്ലവ കൂട്ടുകെട്ട് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ലാറ്റിനമേരിക്കയില്‍ കൂടുതല്‍ പ്രസക്തിയും പ്രചാരവും നല്‍കുന്നു.

തൊഴില്‍, സാമൂഹ്യസുരക്ഷ, ജീവിതമാര്‍ഗം എന്നിവക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് തൊഴിലാളിവര്‍ഗം മുതലാളിത്തരാഷ്ട്രങ്ങളിലടക്കം നടത്തുന്നത്. സാമ്രാജ്യത്വത്താല്‍ നയിക്കപ്പെടുന്ന ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിന്റെ ഹൃദയമാണിത്. ജനകീയസമരങ്ങളുടെ ശക്തമായ സമ്മര്‍ദംമൂലം വികസ്വരരാഷ്ട്രങ്ങളിലെ ഭരണകൂടങ്ങള്‍പോലും ലോക വാണിജ്യസംഘടന പോലുള്ള സംഘടനകളുടെ ദ്രോഹകരമായ വ്യവസ്ഥകള്‍ക്കെതിരെ അന്താരാഷ്ട്ര വേദികളില്‍ ശബ്ദമുയര്‍ത്തുന്നു.

ഈ പശ്ചാത്തലത്തില്‍ നിന്നുവേണം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പങ്കിനെ കാണേണ്ടത്. ഇതില്‍ പ്രധാന രാഷ്ട്രമായ ചൈന ഒമ്പത് ശതമാനം സാമ്പത്തികവളര്‍ച്ചയോടെ കഴിഞ്ഞ രണ്ട് ദശാബ്ദമായി വന്‍ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ തങ്ങളുടെ ആധിപത്യത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ചൈന മാറുമെന്നാണ് അമേരിക്കതന്നെ വിലയിരുത്തുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്ത്രപരമായ സിദ്ധാന്തം അമേരിക്ക ആവിഷ്കരിച്ചിരിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയില്‍ പോരാട്ടം നടത്തേണ്ടത് ഇടത്, ജനാധിപത്യ ശക്തികളുടെ സുപ്രധാന കടമയാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിനും അമേരിക്കയുടെ ആഗോളതന്ത്രത്തിനായുള്ള നയങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലുമാണ് ഇന്ത്യന്‍ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്. ഇത് നമ്മുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും അപകടമാണെന്ന് തിരിച്ചറിഞ്ഞ്, സാമ്രാജ്യത്വത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഖ്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തേണ്ടത് ഇന്നത്തെ സുപ്രധാന കടമയാണ്.

സോവിയറ്റ് അനുഭവത്തിന്റെ പാഠങ്ങള്‍

അര്‍ധ ഫ്യൂഡല്‍ ബന്ധങ്ങള്‍ നിലനിന്നിരുന്ന അവികസിത മുതലാളിത്ത രാഷ്ട്രത്തിലാണ് ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ളവം ഉണ്ടായത്. ജര്‍മന്‍വിപ്ലവത്തിനും ലോകവിപ്ലവത്തിനുമുള്ള നാന്ദിയായാണ് റഷ്യന്‍വിപ്ലവത്തെ ലെനിന്‍ കണ്ടത്. 1918-19ലെ ജര്‍മന്‍, ഹംഗേറിയന്‍ വിപ്ലവങ്ങളും മറ്റ് വിപ്ലവ മുന്നേറ്റങ്ങളും ബൂര്‍ഷ്വാസി നേരിട്ട് തകര്‍ത്തു. 'ഒറ്റ രാഷ്ട്രത്തിലെ സോഷ്യലിസം' എന്നത് നിശ്ചയിക്കപ്പെട്ട സംവിധാനമല്ല, അനിവാര്യതയായിരുന്നു.

സാമ്രാജ്യത്വത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന യാതനാപൂര്‍ണമായ ഉത്തരവാദിത്തം നിര്‍വഹിക്കല്‍, മുതലാളിത്തപൂര്‍വ പിന്നോക്കാവസ്ഥ ഇല്ലാതാക്കി പാശ്ചാത്യ മുതലാളിത്ത സംവിധാനത്തിനൊപ്പം ഉല്‍പ്പാദനസംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവ ചരിത്രം സൃഷ്ടിച്ച യത്നങ്ങളായിരുന്നു. ഉല്‍പ്പാദനശക്തികളെ കെട്ടഴിച്ചുവിടുന്നതിലും ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമാനുകൂല്യങ്ങള്‍ എത്തിക്കുന്നതിലും ഫാസിസത്തെ ചെറുത്ത് പരാജയപ്പെടുത്തുന്നതില്‍ കാട്ടിയ വിസ്മയകരമായ ധീരതയിലും സോഷ്യലിസത്തിന്റെ അപാരമായ സാധ്യതകളാണ് ലോകം കണ്ടത്.

മേല്‍പ്പറഞ്ഞ പശ്ചാത്തലത്തിലും പാഠങ്ങളിലും നിന്നുവേണം സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ സംഭവിച്ച വളച്ചൊടിക്കലുകളും പിഴവുകളും മനസ്സിലാക്കേണ്ടത്. വര്‍ധിച്ചുവന്ന ഉദ്യോഗസ്ഥമേധാവിത്വം, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലുണ്ടായ കാലവിളംബം, ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമായ സാമ്പത്തികസംവിധാനങ്ങള്‍ ആവിഷ്കരിക്കുന്നതിലുണ്ടായ പരാജയം, സോഷ്യലിസ്റ്റ് അവബോധം കുറയ്ക്കാനിടയാക്കിയ ആശയപരമായ ദൌര്‍ബല്യങ്ങള്‍-ഇവയെല്ലാം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങളായി.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസം

റഷ്യന്‍ വിപ്ലവത്തിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ ചരിത്രപരമായ പ്രധാന്യവും ശാശ്വതമായ പ്രസക്തിയും മനസ്സിലാക്കുന്നതോടൊപ്പം വര്‍ത്തമാനകാലത്തിനനുസരിച്ച് രൂപപ്പെടുത്തേണ്ട സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തെക്കുറിച്ചും വ്യക്തമായ വകതിരിവ് ഉണ്ടാവേണ്ടതുണ്ട്. നിശ്ചിത ചരിത്ര സാഹചര്യങ്ങളിലാണ് സോവിയറ്റ് പരീക്ഷണം നടത്തിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അന്നത്തെ സാഹചര്യങ്ങളൊന്നും നിലവിലില്ല എന്ന് ഓര്‍ക്കണം. ചലനാത്മകമായിരുന്ന ലോക മുതലാളിത്തത്തിനും മാറ്റം സംഭവിച്ചു. ഭാവിയില്‍ ശരിയായ സമീപനം സ്വീകരിക്കുന്നതിനായി സോവിയറ്റ് അനുഭവങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും പാഠങ്ങള്‍ പഠിക്കുകയും വേണം. സോഷ്യലിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച നമ്മുടെ അറിവുകളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടേണ്ട ചില കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. സോഷ്യലിസ്റ്റ് ജനാധിപത്യം: ജനാധിപത്യവേദികളെ സ്ഥാപനവല്‍ക്കരിക്കുകയും രാഷ്ട്രീയപ്രക്രിയയിലും സാമ്പത്തിക മാനേജ്‌മെന്റിലും ജനങ്ങളെ പങ്കാളികളാക്കുകയും ചെയ്യുക.

2. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഭരണകൂടവും തൊഴിലാളിവര്‍ഗ പാര്‍ടിയും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ ആവശ്യം.

3. സാമ്പത്തിക മാനേജ്‌മെന്റില്‍ വഴക്കം(ഫ്ളെക്സിബിലിറ്റി), വിവിധ തലങ്ങളിലെ സ്വത്തുടമാവകാശത്തിന് കൂടുതല്‍ രൂപങ്ങള്‍.

മുതലാളിത്തം ഗണ്യമായ ശക്തി തിരിച്ചു നേടിക്കഴിഞ്ഞ ഒരു ലോകത്ത് സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് കൂടുതല്‍ ആശയവ്യക്തത നേടേണ്ടതുണ്ട്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനവും സോഷ്യലിസം കെട്ടിപ്പടുക്കലും സംബന്ധിച്ച വ്യക്തമായ സിദ്ധാന്തങ്ങള്‍ മനസ്സിലാക്കണം. കുറച്ചു മാത്രം വികസിതമായ മുതലാളിത്തരാജ്യങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ഒക്ടോബര്‍വിപ്ലവത്തിനുശേഷമുള്ള തൊട്ടടുത്ത കാലത്തേക്കാള്‍ ഏറെ സുദീര്‍ഘവും സങ്കീര്‍ണവുമായ പ്രക്രിയയാണ്. ഒക്ടോബര്‍വിപ്ലവവും തുടര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുത്തതും അക്കാര്യത്തില്‍ ഒരു മുന്‍ മാതൃകകളും ഇല്ലാതെയായിരുന്നു. സോവിയറ്റ് യൂണിയന്‍ കൈവരിച്ച നിര്‍ണായകവും ചരിത്രംകുറിച്ചതുമായ നേട്ടങ്ങളെ ഈ പശ്ചാത്തലത്തില്‍ കണ്ടുവേണം അതുസംബന്ധിച്ച സിദ്ധാന്തങ്ങള്‍ ഗ്രഹിക്കാന്‍. വിപ്ലവപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ആശയമെന്ന നിലയിലുള്ള മാര്‍ക്സിസത്തിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്ന സൈദ്ധാന്തിക ആക്രമണങ്ങളെ നമ്മള്‍ ശക്തമായി പ്രതിരോധിക്കണം.

വര്‍ഗരാഷ്ട്രീയത്തില്‍ അടിയുറച്ചതും ലിംഗപരവും വര്‍ണം, വംശം എന്നിവയില്‍ അധിഷ്ഠിതവുമായ സ്വത്വങ്ങളുടെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതും പരിസ്ഥിതിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ നവീകരിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളണം. പരിസ്ഥിതിയെയും ഭൂമിയിലെ ജീവനെത്തന്നെയും ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയുംചെയ്യുന്ന മുതലാളിത്ത സംവിധാനത്തിന് ബദലാകാന്‍ സോഷ്യലിസത്തിനുമാത്രമേ കഴിയുകയുള്ളൂ.

അമേരിക്കന്‍ സാമ്രാജ്യത്വ ആധിപത്യത്തിനും പുനര്‍കോളനീകരണത്തിനും ലോകത്തിന്റെ വിഭവങ്ങളാകെ കൊള്ളയടിക്കാനും അതിനായി സൈനികാക്രമണം നടത്താനും നടത്തുന്ന ശ്രമങ്ങള്‍ക്കുമെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പുകളായിരിക്കും ഇനിയുള്ള നാളുകളില്‍ ഉണ്ടാവുക. 90 വര്‍ഷംമുമ്പ് 1917ല്‍ ഒക്ടോബറില്‍ നടന്ന ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം നല്‍കുന്ന ദിശാബോധം ഇതിന് പ്രചോദനമാകും. ഒക്ടോബര്‍ വിപ്ലവത്തിന്റെ സന്ദേശം അനശ്വരമാണ്. സാമൂഹ്യ വിമോചനത്തിനുള്ള പോരാട്ടത്തില്‍ അത് തലമുറകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും.

(ഒക്ടോബര്‍ വിപ്ലവത്തിന്റെ തൊണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീ. പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

2007 നവംബര്‍ ഏഴ് ഒക്ടോബര്‍ വിപ്ളവത്തിന്റെ 90-ാം വാര്‍ഷികദിനമാണ്.
90 വര്‍ഷംമുമ്പ് 1917ല്‍ ഒക്ടോബറില്‍ നടന്ന ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ളവം നല്‍കുന്ന ദിശാബോധം ഇതിന് പ്രചോദനമാകും. ഒക്ടോബര്‍ വിപ്ളവത്തിന്റെ സന്ദേശം അനശ്വരമാണ്. സാമൂഹ്യ വിമോചനത്തിനുള്ള പോരാട്ടത്തില്‍ അത് തലമുറകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

K.P.Sukumaran said...

ഈ ദിവസത്തിന്റെ ഓര്‍മ്മക്കായി ബലിയിടുന്നത് നന്നയിരിക്കും!

Praveenpoil said...

അന്യന്‍ പറഞ്ഞതാണ്‌ ശരി
(1) പരിസ്ഥിതിയെയും ഭൂമിയിലെ ജീവനെത്തന്നെയും ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയുംചെയ്യുന്ന മുതലാളിത്ത സംവിധാനത്തിന് ബദലാകാന്‍ സോഷ്യലിസത്തിനുമാത്രമേ കഴിയുകയുള്ളൂ. ശരിയാണോ?
എങ്കില്‍ ആദ്യം നമ്മള്‍ ചൈനയ്ക്ക് ബദലായി പ്രവര്‍ത്തിക്കാം കാരണം ലോകത്തില്‍ പരിസ്ഥിതിമലീനികരണം കൂടുതലും പുറതള്ളുന്നത് ചൈനയാണ്‌ (18 % ) പിന്നെ കൊള്ളയടി അതിനും ചൈനയുടെ സ്ഥാനം ഒന്നാണ്‌ .നിലവാരമില്ലത്ത വസ്തുകള്‍ വിറ്റെഴിച്ചു ലോകത്തിലെ ഉപഭോക്തകളെ കൊള്ളയടിക്കുന്നത് ചൈനയാണ്‌ .
(2)സാമ്രാജ്യത്വ ആധിപത്യം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധം, യൂഗോസ്ളാവിയ, അഫ്ഗാനിസ്ഥാന്‍, 2003ലെ ഇറാഖ് പിടിച്ചടക്കല്‍ യുദ്ധം തുടങ്ങിയ ആക്രമണ പരമ്പരകള്‍. സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാഷ്ട്രങ്ങള്‍, അത് ക്യൂബയാകട്ടെ, വെനിസ്വേല, ഉത്തരകൊറിയ, ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളാകട്ടെ, അമേരിക്കയുടെ തുടര്‍ച്ചയായി ഭീഷണിയെ നേരിടുകയാണ്. ഇത് ശരിയാണോ അണ്ണാ?
ചൈന തായ്‌വാനെതിരെ ഭീഷണിപ്പെടുത്തുന്നത് ചൈന സാമ്രാജ്യ ശക്തിയായത്‌കൊണ്ടാണോ?
(3)സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യയില്‍ പോരാട്ടം നടത്തേണ്ടത് ഇടത്, ജനാധിപത്യ ശക്തികളുടെ സുപ്രധാന കടമയാണ്. അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിനും അമേരിക്കയുടെ ആഗോളതന്ത്രത്തിനായുള്ള നയങ്ങള്‍ക്ക് സഹായകമാകുന്ന വിധത്തിലുമാണ് ഇന്ത്യന്‍ ഭരണവര്‍ഗം പ്രവര്‍ത്തിക്കുന്നത്. ഇത് നമ്മുടെ സ്വാതന്ത്യ്രത്തിനും പരമാധികാരത്തിനും അപകടമാണെന്ന് തിരിച്ചറിഞ്ഞ്, സാമ്രാജ്യത്വത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഖ്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തേണ്ടത് ഇന്നത്തെ സുപ്രധാന കടമയാണ്.(ഇതിനുള്ള ഉത്തരം http://poilkave.blogspot.com/2007/11/blog-post.html )

(4) തൊണ്ണൂറുകളില്‍ യൂറോപ്പിലാകെ തൊഴിലില്ലായ്മ വര്‍ധിച്ചതും ശ്രദ്ധേയമാണ്. യൂറോപ്പിലാകെ എന്ന് പറയുന്നത്‌ തെറ്റ്‌ യൂഗോസ്ളാവിയയിലും പോളണ്ടിലും മാത്രം

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ പ്രവീണ്‍,

കമന്റിനു നന്ദി...

ഇന്ന് ഒക്ടോബര്‍ വിപ്ലവത്തിന്റെ തൊണ്ണൂറാം വാര്‍ഷിക ദിനമാണ്. ഒക്ടോബര്‍ വിപ്ലവത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന പ്രകാശ് കാരാട്ടിന്റെ ലേഖനം തികച്ചും പ്രസക്തമായതും അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും ചര്‍ച്ച ആവശ്യമുണ്ട് എന്ന് തോന്നിയതു കൊണ്ടും പോസ്റ്റ് ചെയ്തതാണ്. എങ്കിലും പ്രവീണിന്റെ ചോദ്യങ്ങള്‍ക്ക് ചില വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്നു തോന്നുന്നു.

1. പരിസ്ഥിതിയെയും ഭൂമിയിലെ ജീവനെത്തന്നെയും ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയുംചെയ്യുന്ന മുതലാളിത്ത സംവിധാനത്തിന് ബദലാകാന്‍ സോഷ്യലിസത്തിനുമാത്രമേ കഴിയുകയുള്ളൂ എന്ന പ്രകാശ് കാരാട്ടിന്റെ വരികള്‍ രണ്ടു വ്യവസ്ഥിതികളെ താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു. ലാഭം എന്നത് അടിസ്ഥാനമായ വ്യവസ്ഥിതിയായിരിക്കും പാരിസ്ഥിതികപ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അതാവും കാരാട്ട് ഉദ്ദേശിച്ചിട്ടുള്ളത്. പ്രവീണ്‍ ഉദ്ദേശിച്ചത് കാര്‍ബണ്‍ ഡയോക്സൈഡ് പുറം തള്ളുന്നതിന്റെ കാര്യമാണോ? ഒന്നും വ്യക്തമല്ലല്ലോ? മറ്റു പല രീതിയിലുള്ള വാതകങ്ങളും പരിസ്ഥിതിയെ ബാധിക്കുന്നവയുണ്ട്. മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ട്. ഇനി താങ്കള്‍ പറഞ്ഞ പോലെ ലോകത്തില്‍ കൂടുതല്‍ പരിസ്ഥിതിമലീനികരണം നടത്തുന്നത് ചൈനയാണെങ്കില്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടണം.
തിരുത്തപ്പെടുകയും വേണം.

2. സാമ്രാജ്യത്വ ആധിപത്യം വീണ്ടും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തൊണ്ണൂറുകളിലെ ഗള്‍ഫ് യുദ്ധം, യൂഗോസ്ലാവിയ, അഫ്‌ഗാനിസ്ഥാന്‍, 2003ലെ ഇറാഖ് പിടിച്ചടക്കല്‍ യുദ്ധം തുടങ്ങിയ ആക്രമണ പരമ്പരകള്‍. സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാഷ്ട്രങ്ങള്‍, അത് ക്യൂബയാകട്ടെ, വെനിസ്വേല, ഉത്തരകൊറിയ, ഇറാന്‍, സിറിയ എന്നീ രാഷ്ട്രങ്ങളാകട്ടെ, അമേരിക്കയുടെ തുടര്‍ച്ചയായി ഭീഷണിയെ നേരിടുകയാണ്. നൂറു ശതമാനം ശരിയാണ് എന്നു തന്നെ കരുതുന്നു. ചൈന തായ്‌വാനെതിരെ ഭീഷണിപ്പെടുത്തുന്നത് ചൈന സാമ്രാജ്യ ശക്തിയായത്‌ കൊണ്ടാണോ എന്ന ചോദ്യത്തിന് , തായ്‌വാനുമായുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രമേയം പറയുന്നത് ഇതാണ് , “ With a firm grasp of the theme of peaceful development of relations across the Taiwan Straits, we will sincerely work for the well-being of our compatriots on both sides of the Straits and for peace in the Taiwan Straits region, vigorously advance the great cause of peaceful national reunification, resolutely oppose secessionist activities aimed at "Taiwan independence," and safeguard China's sovereignty and territorial integrity and the fundamental interests of the Chinese nation.

ഹിന്ദുവില്‍ ഈ പ്രമേയം മുഴുവന്‍ കാണാന്‍ കഴിയും.

3. താങ്കളുടെ പോസ്റ്റ് വായിച്ചു. പ്രത്യേകിച്ച് ലിങ്കുകളോ തെളിവുകളോ അവിടെ കൊടുത്തിട്ടില്ലാത്ത സ്ഥിതിക്ക് എന്ത് പറയാനാണ്? കാരാട്ട് എന്ന ഒറ്റ വ്യക്തിയാണ് എല്ലാം എന്ന മട്ടിലേക്ക് ചുരുക്കുന്നത് ശരിയല്ല എന്നു പറയട്ടെ. അദ്ദേഹം ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും മറ്റും ചെയ്യുന്നു. തീരുമാനങ്ങളെടുക്കുന്നത് പാര്‍ട്ടി തന്നെയായിരിക്കില്ലേ?

4. തൊണ്ണൂറുകളില്‍ യൂറോപ്പിലാകെ തൊഴിലില്ലായ്മ വര്‍ധിച്ചതും ശ്രദ്ധേയമാണ് എന്ന വാചകത്തെ പരാമര്‍ശിച്ച് യൂറോപ്പിലാകെ എന്ന് പറയുന്നത്‌ തെറ്റ്‌ യൂഗോസ്ലാവിയയിലും പോളണ്ടിലും മാത്രം എന്നു താങ്കള്‍ പറയുന്നു.
ലിങ്ക് ഇങ്ങനെ പറയുന്നു.
Unemployment trends over the past 40 years clearly show divergent paths taken by the United States and Europe. From 1960 to 2000, the United States moved from the position of being a country with relatively high unemployment to a nation that attained the lowest jobless rate among the G7 major industrial countries (the United States, Canada, Japan, France, Germany, Italy, and the United Kingdom). (2) By contrast, European unemployment rates moved in the opposite direction, from low to high, with the crossover occurring in the mid-1980s.

Anonymous said...

ഇപ്പോഴും ഒക്ടോബര്‍ വിപ്ലവ മാഹാത്മവ്യും പാടി പണി ചെയ്യാതെയും ചെയ്യിപ്പിക്കാതെയും (ഹര്‍ത്താല്‍) ഇരിക്കാന്‍ ആളുള്ളതാണ് കേരളത്തിന്റെ ശാപം.