Wednesday, November 21, 2007

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വമെന്നാല്‍ ആവേശത്തിന്റെയും ചോരത്തുടിപ്പിന്റെയും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും കാലമെന്നാണല്ലോ നാത്തൂനേ വിവരമുള്ളവര്‍ പറയുന്നത്. നല്ല ചിന്തകള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലം. തിന്മയ്ക്കെതിരെ മുഷ്ടിചുരുട്ടുന്ന കാലം. സഹജീവികളുടെ കഷ്ടതകള്‍ക്കുമേല്‍ ഒരിറ്റുകണ്ണീര്‍ വീഴ്ത്തുന്ന കാലം. നന്മയുടെയും സ്നേഹത്തിന്റെയും കണ്ണീര്‍.

എന്നാല്‍ നാത്തൂന്‍ ടീവി ശ്രദ്ധിക്കാറുണ്ടോ? അവിടെയും ചില കരച്ചിലും നിരാശയും രോഷവുമൊക്കെയുണ്ട്. അല്ല സീരിയലിലെ കരച്ചിലല്ല. സത്യം പറഞ്ഞാല്‍ മറ്റു പല കരച്ചിലുമായി തട്ടിച്ചുനോക്കിയാല്‍ സീരിയല്‍ കരച്ചില്‍ എത്രയോ ഭേദമെന്നു തോന്നും. ചില പരസ്യങ്ങളിലെ, ചില ഷോകളിലെ കണ്ണീരിനെയും ചിരിയെയുംകുറിച്ചാണ് നാത്തൂനേ പറയുന്നത്. അവിടെ കാണുന്നതരത്തിലാണെങ്കില്‍ കരയുകയും ചിരിക്കുകയും ചെയ്യാനുള്ള കാരണങ്ങള്‍.


വായ്‌നാറ്റം

ഈയിടെ ഹാസ്യസാഹിത്യകാരനായ സുകുമാര്‍ എഴുതിയിരുന്നു നാത്തൂനേ. ആധുനിക തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായ്‌നാറ്റമാണെന്നു തോന്നുമത്രെ ടിവി പരസ്യം കണ്ടാല്‍. കോളേജ് കാമ്പസ്. സുന്ദരനായ രമേശ് നടന്നുവരുന്നു. എതിരേ അതാ ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് അവള്‍. അവനെ കാണുന്ന അവള്‍ സന്തോഷത്തോടെ അടുത്തേക്ക്. 'ഹായ് ടീനു' അവന്‍ വിളിക്കുന്നു. ഒരു നിമിഷം അയ്യോ! അവളുടെ മുഖത്ത് അതാ വെറുപ്പു നിറയുന്നു. അവള്‍ കൈകൊണ്ട് തനിക്ക് മുന്നിലെ വായുവിനെ തട്ടിമാറ്റുന്നു. വെറുപ്പോടെ നടക്കുന്നു. സുന്ദരനും കാശുകാരനും ചുറുചുറുക്കുള്ളവനുമായ രമേശ് അതാ തോരാനിരാശയുടെ കയത്തില്‍. ജീവിതത്തിന്റെ മീനിങ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്താടാ നിനക്കൊരു പ്രയാസമെന്ന് കൂട്ടുകാര്‍. രമേശ് കാര്യം പറയുന്നു. ഉടന്‍ ഒരു കൂട്ടുകാരന്‍ സ്റ്റഡീക്ളാസെടുക്കുന്നു.

"പല്ലിനിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് പല്ലില്‍ കീടാണുക്കളെ ക്ഷണിച്ചുവരുത്തും. അത് പല്ലിനിടയില്‍ മുട്ടയിടും. ആ മുട്ടവിരിഞ്ഞ് വീണ്ടും അണുക്കള്‍ പുറത്തുവരും. അവ വായ്നാറ്റം ക്ഷണിച്ചുവരുത്തും. വായ്‌നാറ്റം കാരണമാണ് അവള്‍ കൈവീശി നടന്നുപോയത്. ഞങ്ങള്‍ കൈവീശാത്തത്, അതുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണ്."

"എന്താണ് ഇതിനുള്ള പരിഹാരം''

"പറ്റിയ്ക്കല്‍ പേസ്റ്റ് പല്ലില്‍ പറ്റിച്ചുപിടിപ്പിക്കുക - തേയ്ക്കുക."

അടുത്തരംഗത്തില്‍ അതാ രമേശ്‌കുമാരന്‍ ടവ്വലുമെടുത്തു കുളിമുറിയിലെ കണ്ണാടിയില്‍ നോക്കി പല്ലുതേക്കുന്നു. തേയ്ച്ചുകഴിഞ്ഞ് തന്റെ കൈ വായ്ക്കുമുന്നില്‍വച്ച് ശ്വാസം കയ്യില്‍ തട്ടിച്ച് പ്രാകൃതമായ രീതിയില്‍ പൊല്യൂഷന്‍ ടെസ്റ്റ് നടത്തുന്നു.

"ഫൌണ്ട് കറക്ട് ആന്റ് സാറ്റിസ്ഫൈഡ്.''

അടുത്തരംഗം കോളേജില്‍.

അതാ ഒരുപാട് അവളുമാരുടെ നടുവില്‍ രാജ കുമാരനായി രമേശ്. പൊട്ടിച്ചിരിക്കുന്നു. ആത്മവിശ്വാസത്തോടെ ഉറക്കെ സംസാരിക്കുന്നു. വായ് തുറന്നു ചിരിക്കുന്നു. തലേന്ന് വായുവില്‍ കൈവീശി വെറുപ്പുപ്രകടിപ്പിച്ചവള്‍ നടന്നുവരികയും രമേശന്‍ അവളെ മൈന്‍ഡുചെയ്യാതിരിക്കുകയും അവള്‍ ദുഃഖത്തില്‍ വീഴുകയും ചെയ്യുന്നു. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നതാണ് നാത്തുനേ ഇതിലെ ഗുണപാഠം.

കൊച്ചിലേ പല്ലുനന്നായി തേയ്ക്കടാ എന്ന് അച്ഛനുമമ്മയുമൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കാത്തവരെയും ഒരു പെണ്ണിന്റെ കൈവീശല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

മുഖക്കുരു

യുവത്വം പൊട്ടിക്കരയുന്ന മറ്റൊരു പ്രതിഭാസമാണ് മുഖക്കുരു. പശ്ചാത്തലം കാമ്പസുതന്നെ. ടീനേജ് കുമാരിയായ റിമി കൂട്ടുകാരികളോട് പറയുന്നു.

"ഇന്ന് മഹേഷിന്റെ ബര്‍ത്ഡേ പാര്‍ടിയാ - എനിക്ക് സ്പെഷ്യല്‍ ഇന്‍വിറ്റേഷനുണ്ട്' കൂട്ടുകാരികള്‍ കോറസ്സായി ചിരിക്കുന്നു. “ഈ മുഖക്കുരുവും വച്ചുകൊണ്ടാണോ പാര്‍ടിക്കു പോകുന്നത്'?"

റിമിയുടെ കൈ കവിളിലേക്ക്. മുഖക്കുരുവിലൂടെ വിരല്‍ ഓടുന്നു. പിന്നെ റിമി ഓടുന്നു.

വീട്ടില്‍ ബെഡ്ഡില്‍ വീണുപൊട്ടിക്കരയുന്ന റിമി. എന്തുപറ്റി മോളേ എന്ന് വിലപിച്ച് അടുത്തിരിക്കുന്ന അമ്മ.

"വേണ്ട, എനിക്കിനി ജീവിക്കണ്ട, ക്ളാസില്‍ കൂട്ടുകാരികള്‍ എന്നെ കളിയാക്കുന്നു. ഇല്ല. ഈ മുഖക്കുരു പോവില്ല. എന്റെ ജീവിതം നശിച്ചു. ഈ മുഖക്കുരു മാറില്ല."

പെട്ടെന്ന് അതാ ശബ്ദം.

"അല്ല മോളേ മാറും''

റിമിയുടെ മുത്തശ്ശിയും പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും കട്ടിലൊഴിയാത്തതിനെക്കുറിച്ച് ബന്ധുമിത്രാദികള്‍ ആകുലപ്പെട്ടിരിക്കുന്നവരുമായ സ്ത്രീരത്നം വരുന്നു.

"എന്താ അമ്മേ പറയുന്നത് ഈ മുഖക്കുരു മാറുമെന്നോ? ഒരുപാട് ക്രീമുകള്‍ പരീക്ഷിച്ചു നോക്കിയതല്ലേ അമ്മേ"

റിമിയുടെ അമ്മ ചോദിക്കുന്നു.

"മോളേ, പ്രകൃതി ഒരമൂല്യഖനിയാണ് മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ളത്. മുഖക്കുരുവിനുവേണ്ടി പ്രത്യേകിച്ചും. നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍, അവരുടെ തപോശക്തികൊണ്ട് മുഖക്കുരുവിനെതിരെ ഒരുപാട് മൂലികകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് എമ്പത്തിനാല് മൂലികകള്‍ ചേര്‍ന്ന (എണ്‍പത്തിഅഞ്ച് എന്നുപറഞ്ഞാല്‍ റൌണ്ട് ഫിഗറാകും. റൌണ്ട് ഫിഗറിന് വിശ്വസനീയത കിട്ടില്ല) കുരുക്കുഴമ്പ്. അത് നാലാഴ്ച മുഖക്കുരുവില്‍ തേച്ചുപിടിപ്പിച്ചാല്‍ മുഖകാന്തി കൂടും. മുഖം വെളുക്കും. (അഥവാ മുഖം വെളുത്തില്ലെങ്കിലും റിമിയുടെ പപ്പയുടെ പഴ്സ് വെളുക്കും. ഒരു ബോട്ടിലിന് നൂറ്റിച്ചില്ല്വാനം രൂപയാണ് നാത്തൂനേ വില) എന്റെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് മുഖക്കുരു ഉണ്ടായപ്പോള്‍ ആ മുത്തശ്ശിയുടെ മുത്തശ്ശിയും ഈ മരുന്നാ ഉപദേശിച്ചത്."

ഇത്രയും പറഞ്ഞ് മുത്തശ്ശി തന്റെ ജീവിതലക്ഷ്യവും അവതാരോദ്ദേശ്യവും സഫലമായതിന്റെ തൃപ്തിയോടെ കയ്യില്‍ കുരുക്കുഴമ്പിന്റെ കുപ്പിയും പിടിച്ചു നില്‍ക്കുന്നു.

അടുത്തരംഗം സ്ഥിരം രംഗം തന്നെ. കുരുവില്ലാത്ത മുഖവുമായി കോളേജില്‍ റിമി. കളിയാക്കിയ കൂട്ടുകാരികള്‍ റിമിയെ വളയുന്നു. അവര്‍ക്കുംവേണം മരുന്ന്.

റിയാലിറ്റി കരച്ചില്‍

മുമ്പൊരിക്കല്‍ ഞാന്‍ നാത്തൂനോട് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പാട്ടും ഡാന്‍സുമൊക്കെ നടത്തി, ഔട്ടാകുന്ന യുവത്വത്തിന്റെ കരച്ചില്‍. ഈയിടെ ഞാന്‍ അടുക്കളയില്‍നിന്നപ്പോള്‍ മരണവീട്ടിലെന്നപോലെ ഒരു കരച്ചില്‍ കേട്ടു നാത്തൂനേ. തുടര്‍ന്ന് ആരുടെയോ ആശ്വാസവചനങ്ങളും.

"കരയാതെ മോള, പോട്ടെ, എല്ലാം വിധിയെന്നു കരുതൂ കുട്ടി, സഹിക്കൂ മോളേ."

ഞാന്‍ പുറത്തേയ്ക്കോടി. അപ്പോഴാണ് കാണുന്നത് ടിവിയിലെ റിയാലിറ്റിഷോയില്‍ ഔട്ടായ മല്‍സരാര്‍ഥിയെ അവതാരക ആശ്വസിപ്പിക്കുന്ന ആശ്വാസവചനങ്ങളാണ്. കൂട്ടക്കരച്ചിലിന്റെ നിമിഷങ്ങളാണ് ഔട്ടാകല്‍ മുഹൂര്‍ത്തങ്ങള്‍.

ജഡ്ജിമാര്‍ കര്‍ച്ചീഫെടുക്കുന്നു. രക്ഷകര്‍ത്താക്കള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. അവതാരക വിതുമ്പുന്നു...

സ്വന്തം അപ്പനോ അമ്മയോ പരലോകപ്രാപ്തരായപ്പോള്‍പോലും ഒരുതുള്ളി കണ്ണീര്‍ പൊടിയാത്തവരും തങ്ങളുടെ മക്കള്‍ ഔട്ടാകുന്നതുകണ്ട് ഏങ്ങലടിച്ചുകരയും. പ്രേക്ഷകരും കരയും. അവതാരക ഒരു ആത്മീയാചാര്യയുടെ തലത്തിലേക്ക് ഉയരും. ജീവിതത്തിന്റെ വ്യര്‍ത്ഥതകള്‍, ഒന്നും നാമല്ലല്ലോ തീരുമാനിക്കുന്നത്, എസ്എംഎസിന്റെ മുമ്പില്‍ നാമെല്ലാം വെറും പാവകള്‍, മല്‍സരാര്‍ഥി കൊതിക്കുന്നു, എസ്എംഎസ് വിധിക്കുന്നു, തുടങ്ങിയ ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളോടെ കുരുക്ഷേത്രഭൂമിയില്‍ പതറിനില്‍ക്കുന്ന പാര്‍ത്ഥനെ പാര്‍ത്ഥസാരഥിയെന്നപോലെ, റിയാലിറ്റിഗീതയിലൂടെ മല്‍സരാര്‍ഥിക്ക് അവതാരകസാരഥി ഉത്തേജിതയാക്കാന്‍ നോക്കും.

ഭഗവത്ഗീത കേട്ട് അര്‍ജ്ജുനന് ആത്മവീര്യമാണ് കിട്ടിയതെങ്കില്‍ റിയാലിറ്റിഗീത കൂടുതല്‍ കരച്ചിലിലേക്കാണ് ശ്രോതാക്കളെയും പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് ഔട്ടാകുന്ന റിയാലിറ്റി കണ്ടസ്റ്റന്റിനെ വീട്ടില്‍ പറഞ്ഞയക്കുന്ന ഹൃദയഭേദകമായ ചടങ്ങും നടക്കും. കൂട്ടക്കരച്ചില്‍ പാരമ്യത്തിലെത്തുന്ന മുഹൂര്‍ത്തങ്ങളാണത്. സര്‍ക്കാര്‍ ഓഫീസില്‍ സെന്റോഫ് കൊടുത്തുവിടുന്ന ചടങ്ങിനെയാണ് അത് അനുസ്മരിപ്പിക്കുന്നത്. സഹപാട്ടുകാരും ഡാന്‍സുകാരും കൂട്ടത്തോടെ വേദിയിലേക്ക് ഇരച്ചുകയറും. പിന്നെ കൂട്ടനിലവിളി.

അപ്പോള്‍ നാത്തൂനേ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

യുവത്വത്തിന്റെ കണ്ണീര്‍ വന്നുവീഴുന്നത് തെറ്റായ നിലങ്ങളിലാണ് അല്ലേ. അതോ അങ്ങനെ വീഴ്ത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണോ? അന്യന്റെ ദുഃഖം കഴുകുന്നതായിരിക്കണം നമ്മുടെ കണ്ണീര്‍ അല്ലേ നാത്തൂനേ. കണ്ണീരില്‍ അഴുക്കുപാടില്ല അല്ലേ.

(രചന; ശ്രീ. കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)

4 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വന്തം അപ്പനോ അമ്മയോ പരലോകപ്രാപ്തരായപ്പോള്‍പോലും ഒരുതുള്ളി കണ്ണീര്‍ പൊടിയാത്തവരും തങ്ങളുടെ മക്കള്‍ ഔട്ടാകുന്നതുകണ്ട് ഏങ്ങലടിച്ചുകരയും. പ്രേക്ഷകരും കരയും. അവതാരക ഒരു ആത്മീയാചാര്യയുടെ തലത്തിലേക്ക് ഉയരും. ജീവിതത്തിന്റെ വ്യര്‍ത്ഥതകള്‍, ഒന്നും നാമല്ലല്ലോ തീരുമാനിക്കുന്നത്, എസ്എംഎസിന്റെ മുമ്പില്‍ നാമെല്ലാം വെറും പാവകള്‍, മല്‍സരാര്‍ഥി കൊതിക്കുന്നു, എസ്എംഎസ് വിധിക്കുന്നു, തുടങ്ങിയ ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളോടെ കുരുക്ഷേത്രഭൂമിയില്‍ പതറിനില്‍ക്കുന്ന പാര്‍ത്ഥനെ പാര്‍ത്ഥസാരഥിയെന്നപോലെ, റിയാലിറ്റിഗീതയിലൂടെ മല്‍സരാര്‍ഥിക്ക് അവതാരകസാരഥി ഉത്തേജിതയാക്കാന്‍ നോക്കും......

ശ്രീ.കൃഷ്ണ പൂജപ്പുര എഴുതിയ നര്‍മ്മ ലേഖനം.

ഏ.ആര്‍. നജീം said...

ഹഹാ,
എത്ര സരസമായി എഴുതയിരിക്കുന്നു. എഴുതിയ ശ്രീയ്ക്കും ഇവിടെ കാണിച്ചുതന്ന വര്‍ക്കേഴ്‌സ് ഫോറത്തിനും അഭിനങ്ങള്‍..

Rajeeve Chelanat said...

നന്നായിരിക്കുന്നു.

Unknown said...

നന്നായിട്ടുണ്ട് ..