Thursday, August 26, 2010

ഖൊമേനിമാര്‍ തട്ടിയെടുത്ത ഇറാന്‍ വിപ്ളവം

ചിന്തകളിലും സ്വപ്‌നങ്ങളിലും വിപ്ളവം കത്തിപ്പടര്‍ന്ന ഇരുപതാം നൂറ്റാണ്ട് പുതിയ ലോകത്തെക്കുറിച്ചുള്ള മോഹങ്ങളുടേയും പ്രതീക്ഷകളുടേയും ശവപ്പറമ്പ് കൂടിയായിരുന്നുവല്ലോ. ഏകാധിപത്യവും മതമേധാവിത്വവും ജനജീവിതം ദുസ്സഹമാക്കിയ നാടുകളിലെല്ലാം ചെറുപ്പക്കാര്‍ വിപ്ളവദാഹവുമായി തെരുവിലിറങ്ങി. മാർക്‌സിസം - ലെനിസത്തിന്റെ കൊടിക്കൂറക്കു കീഴില്‍ പുര്‍വ യൂറോപ്പ് ചുവന്നതും മാവോചിന്തകള്‍ ചൈനക്കുമേല്‍ ചുവപ്പുതാരം തീര്‍ത്തതും ചെഗുവേരയും കാസ്‌ട്രോയും ക്യൂബയിലും ലാറ്റിനമേരിക്കയിലും ജയഭേരിയുണര്‍ത്തിയതും ഹോചിമിനും കിം ഇല്‍ സുങ്ങും ഏഷ്യയില്‍ വന്‍ശക്തികളെ കിടിലം കൊള്ളിച്ചതും ലോകത്തെങ്ങുമുള്ള പാവങ്ങളുടേയും ഇടത്തരക്കാരുടേയും സിരയില്‍ ആവേശം ജ്വലിപ്പിച്ചു. ഇരുപതാം നൂറ്റാണ്ട് മനുഷ്യനന്മയുടെ വിളനിലമാകുമെന്നും അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന കാലം പടിവാതില്‍ കടന്നെത്തിയെന്നും കരുതിയുറപ്പിച്ചു ജനകോടികള്‍. വിജയിച്ച വിപ്ളവങ്ങള്‍ പിന്നീട് പരാജയപ്പെട്ടതിന്റെ മാത്രമല്ല ജനകീയ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്ന് കിരാതശക്തികള്‍ വിപ്ളവത്തെ റാഞ്ചിക്കൊണ്ടു പോയതിന്റെ കൂടി വേദനിപ്പിക്കുന്ന കഥകള്‍ പോയ നൂറ്റാണ്ടിനു പറയാനുണ്ട്. ലോകമെങ്ങുമുള്ള പോരാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇറാനിയന്‍ വിപ്ളവം മതമൌലികവാദികള്‍ റാഞ്ചിക്കൊണ്ടുപോയ കഥയാണ് 'പറയാതിരുന്ന കാര്യങ്ങള്‍'ലൂടെ (Things I’ve Been Silent About) ഇറാനി എഴുത്തുകാരി അസര്‍ നഫീസി പറയുന്നത്. ഓര്‍മക്കുറിപ്പുകളിലൂടെ തന്റെ മധ്യവര്‍ഗ കുടുംബത്തിന്റെ ചരിത്രവും നിയോഗവും എടുത്തുകാട്ടുന്നതോടൊപ്പം, സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യമുള്ള ഒരു നാടിന്റെ ദുര്യോഗങ്ങളിലേക്ക് അസര്‍ വെളിച്ചം വീശുന്നു. ഒരേസമയം മികച്ച സാഹിത്യവും ചരിത്രവുമാണ് 'പറയാതിരുന്ന കാര്യങ്ങള്‍'

രാഷ്‌ട്രീയ അസ്വസ്ഥതകള്‍ രൂക്ഷമായിക്കൊണ്ടിരുന്ന കാലത്ത് ഉന്നത രാഷ്‌ട്രീയ അവബോധവും സാംസ്‌ക്കാരിക പശ്ചാത്തലവുമുള്ള കുടുംബത്തിലെ സ്വാതന്ത്ര്യബോധവും വ്യക്തിത്വമുള്ള ഒരു പെണ്‍കുട്ടി. അവളുടെ വളര്‍ച്ച, രാജ്യത്തും വിദേശത്തുമായി നേടിയ വിദ്യാഭ്യാസം, സാഹിത്യാഭിരുചി, സൌഹൃദങ്ങള്‍, വിപ്ളവാഭിമുഖ്യം, ജനകീയ പ്രവര്‍ത്തനങ്ങള്‍, മതമൌലികവാദികളുടെ കടന്നുകയറ്റം, വിപ്ളവാനന്തര പീഡനങ്ങള്‍, പ്രവാസം, സര്‍ഗജീവിതം എന്നിവയൊക്കെയാണ് 'പറയാതിരുന്ന കാര്യങ്ങളി'ലെ പ്രതിപാദ്യം. മാതാപിതാക്കള്‍ തമ്മിലുള്ള ശിഥിലബന്ധം, അവരുടെ വിവാഹമോചനം തുടങ്ങിയ കുടുംബ വിശേഷങ്ങളില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ സൂക്ഷിച്ച കാര്യങ്ങള്‍ മാത്രമല്ല, രാജ്യം കടന്നുപോയ രണ്ടു വിപ്ളവങ്ങള്‍ക്കിടയിലെ അധികമാരും പറയാത്ത കാര്യങ്ങള്‍ കൂടി പറയുന്നുണ്ട്, 'ടെഹ്റാനില്‍ ലോലിത വായിക്കുമ്പോള്‍' എന്ന വിവാദകൃതിയുടെ രചയിതാവ് കൂടിയായ അസര്‍. വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തു പറയാതിരിക്കുന്നത് പേര്‍ഷ്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്ന് അസര്‍ നഫീസി ആമുഖത്തില്‍ പറയുന്നുണ്ട്. വ്യക്തിജീവിതങ്ങള്‍ക്ക് ആ സമൂഹം വലിയ വില കല്പിച്ചിട്ടുമില്ല. പക്ഷേ ചെറുപ്പത്തിലേ 'റിബല്‍' ആയിരുന്ന അസര്‍ ആ ധാരണയും തകര്‍ക്കുകയാണ്.

അസർ നഫീസയുടെ അമ്മ നിസാതിന് ഏറെ സ്വഭാവ വൈചിത്ര്യങ്ങളുണ്ടായിരുന്നു. ഭൂപ്രഭുക്കളുടെ കുടുംബം. മകളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരിക്കുന്ന നിസാതിന് ചിലപ്പോഴെങ്കിലും നമ്മുടെ ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയുടെ (ന്റെപ്പുപ്പക്കൊരാനേണ്ടാര്‍ന്നു) ഭാവം ലഭിക്കുന്നുണ്ട്. മകളുടെ രീതികളും സംസാരവുമൊന്നും പിടിക്കാത്ത നിസാതിന് പക്ഷേ മകന്‍ മുഹമ്മദിനെ ഇഷ്‌ടമാണ്. മുഹമ്മദ് അസറിന്റെ ഇളയവന്‍. കുട്ടികളുടെ അച്‌ഛൻ അഹമ്മദ് നഫീസി അവരുടെ രണ്ടാം ഭര്‍ത്താവാണ്. ആദ്യ ഭര്‍ത്താവ് രോഗിയായ സെയ്‌ഫി രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ മരിച്ചപ്പോഴാണ്, ഉന്നത കുലജാതനും വിദ്യാസമ്പന്നനും സഹൃദയനും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ അഹമദ് അവരുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ഉന്നത കുടുംബങ്ങളുമായി വിരുന്നില്‍ പങ്കെടുക്കുക, സൂര്യനു കീഴെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുക, ആദ്യഭര്‍ത്താവിനെ പുകഴ്ത്തുകയും, പുതിയ ഭര്‍ത്താവിനെ ഇകഴ്ത്തുകയും ചെയ്യുക, കാപ്പിയും ചോക്ളേറ്റും ഒരുക്കി സഖികളെ വിളിച്ചു വരുത്തി അലസവര്‍ത്തമാനം പറയുക എന്നിവയൊക്കെയാണ് ഹോബി. പേര്‍ഷ്യന്‍ സാഹിത്യത്തിലും ചരിത്രത്തിലും അവഗാഹമുണ്ടായിരുന്ന അച്‌ഛന്‍, സാഹിത്യവും ചിന്തയും ചെറുപ്പത്തിലേ പിടികൂടിയ മകളുടെ ചങ്ങാതിയായത് സ്വാഭാവികം. അമ്മയുടെ അവഗണനയില്‍ ദുഃഖിക്കുന്ന അച്‌ഛനും അവള്‍ അത്താണിയായി. 'ബുദ്ധിപരമായ 'ആശയവിനിമയത്തിന്' അച്‌ഛന്‍ വനിതാ സുഹൃത്തുക്കളെ തേടിയപ്പോള്‍ മകള്‍ അനുഗമിച്ചു. ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങള്‍ക്ക് മകള്‍ കൂട്ടാണെന്ന്, അപ്പോള്‍ അമ്മ ആരോപിച്ചു. അതിനിടയില്‍ അമ്മ പാര്‍ലമെന്റ് അംഗമായി. അച്‌ഛന്‍ ടെഹ്റാന്‍ മേയറായി. ഷായുമായി ഇടഞ്ഞ് അച്‌ഛന്‍ ജയിലിലായി. മകള്‍ അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസം നേടി. വിവാഹം, വിവാഹമോചനം, പുതിയബന്ധം, അതിന്റെ ദുഃഖകരമായ പര്യവസാനം. വിപ്ളവാഭിമുഖ്യം, ഖൊമേനിയുടെ വരവ്. വിപ്ളവകാരി കൂട്ടക്കൊല, പലായനം, അച്‌ഛന്റെ പുനര്‍വിവാഹം. സഹോദരന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം. തന്റെ പുനര്‍വിവാഹം. രാജ്യത്തെ അഭ്യന്തര പ്രശ്‌നങ്ങള്‍. മാതാപിതാക്കളുടെ വിവാഹമോചനം, അവരുടെ മരണം. കുടുംബജീവിതം, സര്‍ഗാത്മക സംഭാവനകള്‍ എന്നിവയൊക്കെ തുറന്നു പറയുന്നുണ്ട് ഇവിടെ.

അമ്മയുടെ സ്നേഹം മനസ്സിലാക്കാന്‍ വൈകിയ മകളുടെ ദുഃഖവും ഒരു പരിധിവരെയുള്ള പരിഹാരശ്രമങ്ങളും മനസ്സില്‍ തട്ടുംപടി അസര്‍ വിവരിക്കുന്നു. കാപ്പി സല്‍ക്കാരത്തിനിടയില്‍ അമ്മയും സഖിമാരും നടത്തുന്ന സംഭാഷണങ്ങളിലൂടെയും അച്‌ഛന്റെ വിവരണങ്ങളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും ഒക്കെയാണ് ബാലികയും വിദ്യാര്‍ഥിനിയുമായ അസറിന് ഇറാന്റെ ചരിത്രവും രാഷ്‌ട്രീയ സാമൂഹ്യ ഗതിവിഗതികളും പിടി കിട്ടുന്നത്. ഷിയ ചിന്തകളിലൂടെ രൂഢമായ ഇസ്ളാമിക മൌലികധാരയും അറബികളുടെ ആക്രമണവും പിന്നിട്ട് ഖജര്‍ രാജവശം 131 വര്‍ഷം പേര്‍ഷ്യ എന്ന ഇറാന്‍ ഭരിച്ചു. 160 ഭാര്യമാരും അസംഖ്യം വെപ്പാട്ടിമാരും ഉണ്ടായിരുന്ന രാജാക്കന്മാര്‍. 1925 മുതല്‍ പഹ്‌ലവി രാജവംശത്തിന്റേതായി ഭരണം. അതുവരെ കര്‍ശന മതനിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതമായിരുന്നു ഇറാനില്‍. സ്‌ത്രീകള്‍ സ്വാതന്ത്ര്യമെന്തെന്ന് അനുഭവിച്ചിട്ടില്ല. ബാല്യവിവാഹം സര്‍വസാധാരണം, സ്‌ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല. ആസകലം മറയ്‌ക്കുന്ന വേഷം. വിദ്യാഭ്യാസം സ്‌ത്രീകള്‍ക്ക് നിഷിദ്ധം. മധ്യപൌരസ്‌ത്യ ദേശത്ത് ആദ്യത്തെ ഭരണഘടനാ വിപ്ളവത്തിന് 1905-11 ല്‍ വേദിയായതിനു ശേഷമാണ് ഇറാനില്‍ നവോത്ഥാന ചിന്തകള്‍ തളിരിട്ടത്. സ്‌ത്രീകളും ഇടത്തരക്കാരും ഉള്‍പ്പെട്ട ജനങ്ങള്‍ അടിസ്ഥാനാവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലിറങ്ങി. കമ്യൂണിസം ഉള്‍പ്പെടെയുള്ള പുരോഗമനാശയങ്ങള്‍ ജനങ്ങളില്‍ ബോധവും കര്‍മധീരതയും വളര്‍ത്തി. സ്‌ത്രീകളായിരുന്നു എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടേയും മുന്നില്‍. എന്നാല്‍ റിസാഷാ പഹ്‌ലവിയുടെ പാശ്ചാത്യഭ്രമം അമര്‍ന്നുകിടന്നിരുന്ന മൌലികവാദമെന്ന അഗ്നി ആളിക്കത്തിച്ചു. നവോത്ഥാന ചിന്തകളുടെ ഫലമായി സ്‌ത്രീകള്‍ സര്‍വാത്മനാ പര്‍ദ വലിച്ചെറിയാനും വിദ്യാഭ്യാസം നേടാനും തുടങ്ങിയ കാലത്ത്, 1936 ല്‍ രാജാവ് പര്‍ദ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. മൌലികവാദികളുടെ രോഷത്തിനും പ്രതിഷേധത്തിനും മുന്നില്‍ രാജാവിന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നു. തികഞ്ഞ അമേരിക്കന്‍ പക്ഷപാതിയായ ഷാക്കെതിരെ, അതിനിടെ ജനകീയ മുന്നേറ്റം ശക്തമായിക്കഴിഞ്ഞിരുന്നു. ചോരയില്‍ മുക്കി വിപ്ളവകാരികളെ നിര്‍വീര്യമാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം പരാജയപ്പെട്ടു. കമ്യൂണിസ്‌റ്റ് പാര്‍ടിയായ ടൂഡെ നയിച്ച വിപ്ളവം പൊടുന്നനെ ഖൊമേനിയുടെ മുല്ലമാര്‍ റാഞ്ചുന്ന രംഗങ്ങളാണ് അടുത്തത്. പിന്നെ നടന്നതെല്ലാം സമീപകാല ചരിത്രം.

കഴിഞ്ഞ ശതകത്തിന്റെ രണ്ടാം പകുതിയുടെ ആദ്യ ദശകങ്ങളില്‍ അമേരിക്കയിലെ ക്യാംപസുകളും വിപ്ളവത്തിന്റെ ദാര്‍ശനികവും ലാവണ്യപരവുമായ സംവാദങ്ങളാല്‍ സജീവമായിരുന്നുവെന്ന് ഒക്ളഹോമയില്‍ പഠനത്തിനു പോയ കാലം ഓര്‍ക്കവെ അസര്‍ പറയുന്നുണ്ട്. വിപ്ളവവും സാഹിത്യവും സിനിമയും ചിത്രകലയും പ്രണയവും പുതിയ രീതി ശാസ്‌ത്രം ചികഞ്ഞ ദിനരാത്രങ്ങളായിരുന്നു അത്. വിയറ്റ്നാം യുദ്ധത്തിനെതിരെ ക്യാംപസുകളില്‍ പ്രതിഷേധമിരമ്പി. സാര്‍ത്രെയും ബെക്കറ്റും റസ്സലും നബാക്കോവും ബെര്‍ഗ്മാനും ഫെല്ലിനിയും സര്‍വോപരി ചെയും യുവതയുടെ ചിന്തകളില്‍ തീ കോരിയിട്ടു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2500-ാം വാര്‍ഷികവേള കൂടിയായിരുന്നു അത്. കമ്യൂണിസ്‌റ്റുകാരും, മതമൌലിക വാദികളും നടത്തിക്കൊണ്ടിരുന്ന പ്രക്ഷോഭം ഇറാനിലെ കലാലയങ്ങളെയും, തെരുവുകളെയും രക്തരൂക്ഷിതമാക്കിയിരുന്നു. സ്‌ത്രീകളുള്‍പ്പെട്ട വിദ്യാര്‍ഥികളുടേയും യുവാക്കളുടേയും ഗറില്ലാഗ്രൂപ്പായ ഫിദായിന്‍ ഖല്‍ഖുകാരെ ഷായുടെ പട്ടാളം വെടിവെച്ചു കൊന്നു. 1951-53 കാലത്ത് ഷായെ മാറ്റിനിര്‍ത്തി ഭരണത്തിലേറിയ പ്രധാനമന്ത്രി മുഹമ്മദ് മൊസാദി നടത്തിയ ഭൂപരിഷ്‌ക്കരണം, സ്‌ത്രീവിദ്യാഭ്യാസം, തൊഴിലാളി ക്ഷേമ നടപടികള്‍ എന്നിവയെ ('ഹരിതവിപ്ളവം') എതിര്‍ത്ത് ഷായോടു കൂറുപ്രകടിപ്പിച്ച ഖൊമേനിയും മൊല്ലമാരും, ഷായുടെ അതീവ പാശ്ചാത്യാനുകരണത്തില്‍ പ്രതിഷേധിച്ച് കലാപത്തിനിറങ്ങി. എണ്ണ വിലയിലുണ്ടായ വന്‍വര്‍ധന അമേരിക്കക്ക് ഇറാനിലുള്ള താല്‍പര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി. പക്വതയില്ലാത്ത ഉപദേശകരുടെ താളത്തിനു തുള്ളി സാമൂഹ്യാന്തരീക്ഷം സംഘര്‍ഷഭരിതമാക്കിയ ഷാക്ക് പിടിച്ചു നില്‍ക്കാനാവാത്ത സ്ഥിതിയായി. ഇറാഖിലും, പിന്നീട് ഫ്രാന്‍സിലും നിര്‍ബന്ധ പ്രവാസം നയിച്ച ഖൊമേനിയുടെ തിരിച്ചു വരവ് മൌലികവാദികള്‍ക്ക് ആവേശം പകര്‍ന്നു. (ഇസ്ളാമിനു മുമ്പുള്ള ചരിത്രത്തില്‍ ഷാ ഊറ്റം കൊണ്ടപ്പോള്‍ ഇസ്ളാമിക പ്രവേശനത്തിനു ശേഷമാണ് ചരിത്രം തുടങ്ങുന്നതെന്ന് ഖൊമേനി പക്ഷം അവകാശപ്പെട്ടിരുന്നു.)

അമേരിക്കയിലും യൂറോപ്പിലുമുള്ള ഇറാനി വിദ്യാര്‍ഥികള്‍ സംഘടന രൂപീകരിച്ച് ജന്മനാട്ടില്‍ വിപ്ളവത്തിന് ഊര്‍ജം പകര്‍ന്നു. എങ്ങും ചര്‍ച്ചകളും സംവാദങ്ങളും. ഏംഗല്‍സിന്റെ 'കുടുംബത്തിന്റെ ഉത്ഭവം, സ്വകാര്യ സ്വത്തും ഭരണകൂടവും, മാർക്‌സിന്റെ 'എയ്റ്റീന്‍ത്ത് ബ്രുമെയര്‍', ലെനിന്റെ ഭരണകൂടവും വിപ്ളവവും തുടങ്ങിയ ഗ്രന്ഥങ്ങളെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍. സംഘടനയില്‍ ഏകാധിപത്യ വിരുദ്ധരായ വ്യത്യസ്‌ത ചിന്താഗതിക്കാരുണ്ടായിരുന്നുവെങ്കിലും ഇടതുപക്ഷ - തീവ്ര ഇടതുപക്ഷ ആശയക്കാര്‍ മേല്‍കോയ്‌മ നേടി. ലോകത്തെ രക്ഷിച്ചെടുക്കാമെന്നും ചൂഷണരഹിത വ്യവസ്ഥ സാധ്യമാണെന്നും അസര്‍ നഫീസിയും സഖാക്കളും ഉറച്ചു വിശ്വസിച്ചു. ഏകാധിപത്യത്തിനും സാമ്രാജ്യത്വത്തിനുമെതിരെ മൂന്നാം ലോകം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന സന്ദര്‍ഭം വിപ്ളവത്തിന്റെ കാല്പനിക സ്വപ്‌നങ്ങളില്‍ ക്യാംപസുകള്‍ ഇളകിമറിഞ്ഞു. കാല്പനികത പിന്നെ അടിസ്ഥാന വാദങ്ങള്‍ക്കും വഴിമാറി. വിപ്ളവത്തിനു വേണ്ടിയുള്ള ഒരുക്കത്തില്‍ കുടുംബ ബന്ധത്തിനും സ്‌ത്രീ - പുരുഷ സൌഹൃദത്തിനും അനുരാഗത്തിനുമൊന്നും സ്ഥാനമില്ലെന്ന് ചില സഖാക്കള്‍ വാദിച്ചു. ഫെമിനിസ്‌റ്റ് പ്രസ്ഥാനത്തെ ബൂര്‍ഷ്വാ പ്രവണതയായി മുദ്രകുത്തി. ആണും പെണ്ണും എല്ലാം സഖാക്കള്‍, വിപ്ളവകാരികള്‍. പക്ഷേ മനുഷ്യന്‍ പ്രത്യയശാസ്‌ത്രം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത്. അസറിന് ചില ബന്ധങ്ങളും സൌഹൃദങ്ങളുമൊക്കെ ഉണ്ടായി. രഹസ്യമായി സൂക്ഷിച്ചു. കാലിഫോര്‍ണിയയില്‍ വിദ്യാര്‍ഥി നേതാവായിരുന്ന ബിജാന്‍ നദേരിയുമായുള്ള ബന്ധം വിവാഹത്തില്‍ കലാശിച്ചു. കലാകാരന്മാരും ബുദ്ധിജീവികളും ജനമുന്നേറ്റത്തില്‍ കണ്ണികളായി. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധമിരമ്പി. ഷായുടെ സാവക് രഹസ്യപോലീസ് രാജ്യത്തിനകത്തും പുറത്തും 'ശത്രുക്കളെ' തിരഞ്ഞുപിടിച്ച് വകവരുത്തി. മതേതര - പുരോഗമന ശക്തികള്‍ തിരികൊളുത്തിയ വിപ്ളവം ഖൊമേനിയും സംഘവും തട്ടിയെടുത്തു കഴിഞ്ഞിരുന്നു. ഖൊമേനി ഷായേക്കാള്‍ വലിയ അപകടമാണെന്ന് മതേതര - പുരോഗമന ശക്തികള്‍ മനസ്സിലാക്കിയില്ല. ഖൊമേനിയുടെ നേരത്തേയുള്ള അഭിപ്രായങ്ങളും, ആശയങ്ങളും, സാമ്രാജ്യത്വ തരംഗത്തില്‍ വിപ്ളവകാരികള്‍ ശ്രദ്ധിച്ചില്ലെന്നതാണ് വസ്‌തുത. ദൈവത്തിന്റെ പ്രതിപുരുഷന്‍ ഭരിക്കുന്ന മതരാഷ്‌ട്രമാണ് ലക്ഷ്യമെന്ന് ഖൊമേനി പണ്ടേ പറഞ്ഞതാണ്. സ്‌ത്രീകളുടെ എല്ലാ അവകാശങ്ങളുടേയും സ്വാതന്ത്ര്യത്തിന്റേയും അന്തകനാണ് ആയത്തൊള്ളയെന്ന് ഹരിത വിപ്ളവകാലത്ത് തെളിയിച്ചതുമാണ്. ബഹായികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വെച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ സാമ്രാജ്യത്വത്തിനെതിരെ ഖൊമേനി മുഴക്കിയ മുദ്രാവാക്യങ്ങളില്‍ യഥാര്‍ഥ വിപ്ളവകാരികള്‍ ആകൃഷ്‌ടരായി. മുല്ലാഭരണമെന്ന യഥാര്‍ഥ അജന്‍ഡ ഖൊമേനി കൌശലപൂര്‍വം രഹസ്യമാക്കി വെക്കുകയും ചെയ്‌തു. കലാപം കത്തിപ്പടര്‍ന്നപ്പോള്‍ ജനകീയ വിപ്ളവം മുന്നേറുകയാണെന്ന് മതേതര - പുരോഗമന വിഭാഗക്കാര്‍ തെറ്റിദ്ധരിച്ചു. അസറിനും സഖാക്കള്‍ക്കുമൊപ്പം അക്കാലത്തൊരു ദിവസം വാഷിങ്ടണില്‍ സന്ധിച്ച വിഖ്യാത മാർക്‌സിറ്റ് ചിന്തകരായ പോള്‍ സ്വീസിയും ഹാരി മഗ്‌ഡോഫും 'ലോകത്തെ ആദ്യത്തെ യഥാര്‍ഥ തൊഴിലാളി വിപ്ളവം' എന്നാണ് ഈ അവസ്ഥയെ പ്രകീര്‍ത്തിച്ചത്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുമായി രഹസ്യ സംഭാഷണത്തിന് അമേരിക്കയിലെത്തിയ ഷാക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം പാശ്ചാത്യലോകത്തെ നടുക്കി. ഇറാനിലെ ഒരു പ്രമുഖ സിനിമാതിയേറ്റര്‍ അഗ്നിക്കിരയാക്കിയത് ഷാ ഭരണകൂടമാണെന്ന് വിപ്ളവകാരികള്‍ ആരോപിച്ചെങ്കിലും വിശുദ്ധ റംസാന്‍ മാസത്തില്‍ 400-ല്‍ അധികം പേര്‍ വെന്തുമരിച്ച ദാരുണ സംഭവത്തിനു പിന്നില്‍ മുസ്ളിം മൌലികവാദികളായിരുന്നുവെന്ന് അറിഞ്ഞത് പിന്നീടാണെന്ന് അസര്‍ എഴുതുന്നു. ഷാക്കെതിരെ ജനവികാരം ആളിക്കത്തിക്കുകയായിരുന്നു ഖൊമേനി. 'കറുപ്പും ചുവപ്പും സാമ്രാജ്യത്വം' ഇറാനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാ നിരന്തരം ആരോപിച്ചിരുന്നു. രോഗവും ജനരോഷവും അക്രമവും കൊണ്ട് വലഞ്ഞ ഷാ 1979 ജനുവരി 16-ന് മിതവാദിയും ദേശീയവാദിയുമായ ഷാപൂര്‍ ബക്ത്യാറെ പ്രധാനമന്ത്രിയാക്കി രാജ്യം വിട്ടു. ബക്ത്യാറെ പിണക്കണമോ ഷാക്കെതിരായ വിപ്ളവം തുടരണമോ എന്ന ആശയക്കുഴപ്പം ഇടതുപക്ഷത്തെ അലട്ടിയിരുന്നുവെന്ന് അസര്‍ വെളിപ്പെടുത്തുന്നുണ്ട്. കലാപം തുടരണമെന്ന പക്ഷത്തായിരുന്നു അസര്‍. ബക്ത്യാറുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതാണ് ബുദ്ധിയെന്ന് ഭര്‍ത്താവ് ബിജാന്‍ വാദിച്ചു. രണ്ടുപേരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വിവാഹമോചനത്തിലേക്കു നീങ്ങിയെങ്കിലും അതുണ്ടായില്ല.

അതുവരെ ഇറാഖിലും തുടര്‍ന്ന് പാരിസിലുമിരുന്ന അണികള്‍ക്ക് നേതൃത്വം നല്‍കിയ ഖൊമേനി ജേതാവിനെപ്പോലെ ടെഹറാനിലെത്തിയതോടെ വിപ്ളവം പൂര്‍ണമായും യാഥാസ്ഥിതിക പിന്തിരിപ്പന്‍ ശക്തികളുടെ നിയന്ത്രണത്തിലായി. പലരും ചന്ദ്രനില്‍ ഖോമേനിയുടെ മുഖം കണ്ടുവത്രേ! വിപ്ളവ സ്വപ്‌നങ്ങള്‍ പൊലിയുകയായിരുന്നു. കവിത ഉപേക്ഷിച്ച് വിപ്ളവത്തെ പുണര്‍ന്നവര്‍, സാമ്പ്രദായിക വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്‌തവര്‍, പുതിയ പുലരി സ്വപ്‌നംകണ്ടവര്‍ - എല്ലാവര്‍ക്കും വഴിയറിയാതെയായി.

കവിതയില്‍ ജീവിതം സമര്‍പ്പിച്ച മജീദ് എന്ന ബന്ധുവിനെക്കുറിച്ച് പറയുന്നുണ്ട് അസര്‍. വിപ്ളവം ലഹരിയായപ്പോള്‍ അയാള്‍ പ്രതിജ്ഞയെടുത്തു. വിപ്ളവം യാഥാര്‍ഥ്യമാകുന്നതുവരെ ഒരു വരി എഴുതില്ല. മാർക്‌സിസ്‌റ്റ് തീവ്രവാദി ഗ്രൂപ്പംഗമായിരുന്നു മജീദ്. "വിപ്ളവത്തിനുവേണ്ടി നിങ്ങള്‍ എന്തു ചെയ്‌തു?'' അയാള്‍ എല്ലാവരോടും ചോദിക്കും. പഠനവും സാഹിത്യവും ബൂര്‍ഷ്വാ വിനോദങ്ങളാണെന്ന് മജീദ് പറയും. ഷര്‍ട്ട് ഇസ്‌തിരിയിടുന്നതും. മജീദിനെപ്പോലെ ഊണിലും ഉറക്കത്തിലും വിപ്ളവത്തെക്കുറിച്ച് ചിന്തിച്ചവര്‍ നിരവധി. ഭ്രാന്തെന്നോ, അപക്വതയെന്നോ പറയാം. പക്ഷേ അവരുടെ അന്തഃസത്തയെ ചോദ്യം ചെയ്യാനാവില്ല.

ടെഹറാനില്‍ തിരിച്ചെത്തിയ മജീദ്, വിപ്ളവ സംഘാടനത്തിനിടയില്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. പേര് ഇസ്സത്ത്. അയാളുടെ സഹോദരി നൌഷിന്‍ ഭര്‍ത്താവ് ഹുസൈനെ കണ്ടെത്തിയതും ഇതേ വഴിയില്‍. മജീദും ഇസ്സത്തും നൌഷിനും ഹുസൈനും ഉള്‍പ്പെട്ട പോരാളികള്‍ ജെയിലുകളും സൈനിക കേന്ദ്രങ്ങളും കയ്യേറി. "പുതിയ പ്രഭാതം ചുവന്ന പ്രഭാതം'' അവര്‍ക്ക് സന്തോഷം അടക്കാനായില്ല. ഫാക്‌ടറികള്‍ ഏറ്റെടുത്ത് തൊഴിലാളികളെ ഏല്പിച്ചു. വിപ്ളവം മുന്നേറുകയാണ്! മജീദ് എഴുതി: "പ്രണയവും വിപ്ളവവും. കൂടുതല്‍ കാല്പനികമായി മറ്റെന്തുണ്ട്? "അധികാരം നീണ്ട താടിയും തലപ്പാവുമണിഞ്ഞ് മനുഷ്യമുഖം മറയ്‌ക്കുന്നത് അവര്‍ അറിഞ്ഞില്ല. പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ക്വം പട്ടണത്തില്‍ പ്രാര്‍ഥനയും മതപ്രസംഗവുമായി കഴിയുമെന്ന് മുമ്പ് പ്രഖ്യാപിച്ച ഖൊമേനി പുതിയ അവതാരമെടുത്തു. വിപ്ളവം പൂര്‍ത്തിയായതായി ജനങ്ങളെ അറിയിച്ച ഖൊമേനി 1979 ഫെബ്രുവരി എട്ടിന് മെഹ്ദി ബസര്‍ഗാനെ താല്‍ക്കാലിക സര്‍ക്കാരിന്റെ അധിപനായി വാഴിച്ചു. ബക്ത്യാറെ വിട്ട് കുറേപേര്‍ ഖൊമേനിപക്ഷം ചേര്‍ന്നു. തീര്‍ത്തും വഞ്ചിക്കപ്പെട്ടെന്ന് മതേതര - പുരോഗമന ചേരിക്ക് ബോധ്യപ്പെട്ടത് അപ്പോഴാണ്. പ്രവാചകനില്‍ നിന്ന് തിട്ടൂരം ലഭിച്ചയാളാണ് താനെന്നും താന്‍ വാഴിച്ച ഭരണകൂടം ദൈവത്തിന്റെ സര്‍ക്കാരാണെന്നും അനുസരിക്കാതിരിക്കുന്നത് മതനിന്ദയാണെന്നും ആധ്യാത്മികനേതാവ് ഫത്വയിറക്കി. അധികാരമുറപ്പിക്കുന്നതിന് മുല്ലാഭരണം സ്വന്തം പട്ടാളവും പോലീസും ഉണ്ടാക്കി. മുല്ലമാരുടെ സായുധ സംഘങ്ങള്‍ തെരുവിലിറങ്ങി. മതേതര - പുരോഗമന ചിന്താഗതിക്കാരെ തിരഞ്ഞുപിടിച്ചും ജയിലിലടച്ചു, മര്‍ദിച്ചു. കൂട്ടക്കൊലകള്‍ നിത്യവും അരങ്ങേറി. ബുദ്ധിജീവികളെയും എഴുത്തുകാരെയും വകവരുത്തി. സംഗീതവും സാഹിത്യവും നിരോധിച്ചു. സ്‌ത്രീകളെ പര്‍ദകള്‍ക്കുള്ളില്‍ തളച്ചു. വിവാഹപ്രായം പതിനൊന്നില്‍ നിന്ന് ഒമ്പതാക്കി കുറച്ചു. ബഹുഭാര്യത്വത്തിനും താല്‍ക്കാലിക വിവാഹത്തിനും നിയമപരിരക്ഷ നല്‍കി. അവിഹിതവേഴ്‌ചക്ക് ശിക്ഷ കല്ലെറിഞ്ഞു കൊല്ലല്‍. ഉന്നതപദവികളിലിരുന്ന സ്‌ത്രീകളെ പിരിച്ചുവിട്ടു.

അസറിന്റെ മാതാപിതാക്കളെ പോലീസ് നിരന്തരം ചോദ്യം ചെയ്‌തു. അവര്‍ താമസം മറ്റൊരിടത്തേക്കു മാറ്റി. കണ്ണടച്ചു തുറക്കും മുമ്പേ എല്ലാം മാറി. തെരുവുകള്‍ക്ക് പുതിയ പേര്. രാജ്യത്തിനും പുതിയ പേര്. ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍. ഭാഷ തന്നെ മാറിയതു പോലെ. രണ്ടു വിഭാഗം ജനങ്ങള്‍ മാത്രം. ദൈവജനവും സാത്താന്‍ ജനവും. പുറത്തിറങ്ങുന്ന സ്‌ത്രീകളെയൊക്കെ വേശ്യകള്‍ എന്നു വിളിച്ചു. തലമുറകള്‍ കൈമാറി വന്ന മതത്തിന്റെ ആര്‍ദ്രമുഖം പെടുന്നനെ ഭീകരമായി. സംസ്‌ക്കാരത്തെ രൂപപ്പെടുത്തുകയും സംസ്‌ക്കാര രൂപീകരണത്തിന് നിമിത്തമാവുകയും ചെയ്‌ത മതം വിസ്‌മൃതിയിലേക്കു മാഞ്ഞു. ഇറാനല്ല, ഇസ്ളാമാണ് പ്രധാനമെന്ന് ഖൊമേനി അനുയായികളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. കലാലയങ്ങളില്‍ ഖൊമേനി വിരുദ്ധരെ ഉന്മൂലനം ചെയ്‌തു തുടങ്ങി. പോക്ക് ശരിയല്ലെന്നു മനസ്സിലാക്കുകയും മതത്തെയും രാജ്യത്തെയും രണ്ടായി കാണുന്നതാണ് യഥാര്‍ഥ ഇസ്ളാമെന്ന് സമര്‍ഥിക്കുകയും ചെയ്‌ത ആയത്തുള്ള ഷരിയത് മദരി ഉള്‍പ്പെടെയുള്ള ആരാധ്യരായ ഷിയാ പണ്ഡിതന്മാരെ പോലും തടങ്കലിട്ട് പീഡിപ്പിച്ചു. പര്‍ദ ധരിക്കാത്ത അസറിനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കി. രാഷ്‌ട്രീയ തടവുകാരെ പാര്‍പ്പിച്ച എവിന്‍ ജയിലിലെ രഹസ്യങ്ങള്‍ പുറംലോകം അറിഞ്ഞില്ല.

ജീവിതം വിപ്ളവ സ്വപ്‌നങ്ങളുടെ ശവപ്പറമ്പായപ്പോള്‍ മജീദ് ടെഹ്റാനിലെ തെരുവുകളിലൂടെ ഭ്രാന്തനെ പ്പോലെ അലഞ്ഞു. പിന്നെ അയാളെ കാണാതായി. അയാളുടെ ഭാര്യയെയും സഹോദരിയെയും ഭര്‍ത്താവിനെയും അറസ്‌റ്റ് ചെയ്‌തു. സഹോദരീ ഭര്‍ത്താവിനെ വധിച്ചു. ഗര്‍ഭിണിയായിരുന്നതിനാല്‍ സഹോദരിയുടെ വധശിക്ഷ നീട്ടിവെച്ചു. പിന്നീട് എന്തുകൊണ്ടോ അവരെ പുറത്തുവിട്ടു. ഇസ്സത്തിനേയും വധിച്ചു. അവര്‍ക്ക് 26 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കൊന്നശേഷം തെമ്മാടിക്കുഴിയില്‍ തള്ളി. അടയാളം പോലുമില്ല. മജീദ് പിന്നീട് അവിടെയെത്തി. ഭാര്യയെ കുഴിച്ചിട്ട സ്ഥലം തനിക്കറിയാമെന്ന് അയാള്‍ പറഞ്ഞു. മരണം ഉറപ്പായപ്പോള്‍ ഇസ്സത്ത് എഴുതിയ കത്തുകള്‍ അസര്‍ കുറേക്കാലം സൂക്ഷിച്ചിരുന്നു. പിന്നെ അത് കാണാതായി. എങ്ങനെയോ മജീദ് അത് കണ്ടെത്തി സൂക്ഷിച്ചിരുന്നു.

മൂന്നു കത്തുകള്‍.

ആദ്യത്തേത് ജീവിതത്തോട് പൊതുവായി :

'ജീവിതം സുന്ദരവും മോഹിപ്പിക്കുന്നതുമാണ്. മറ്റുള്ളവരെ പോലെ ഞാനും ജീവിതത്തെ സ്‌നേഹിച്ചു. പക്ഷേ വിടപറയാന്‍ സമയമായി. ഞാന്‍ അത് സ്വീകരിക്കുന്നു. പ്രത്യേക ആഗ്രഹങ്ങളൊന്നുമില്ല. ജീവിത്തിലെ സൌന്ദര്യങ്ങള്‍ മറക്കാനാവാത്തവ. ജീവിച്ചിരിക്കുന്നവര്‍ അവ പരമാവധി പ്രയോജനപ്പെടുത്തണം.'

പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് :

'എന്നെ വളര്‍ത്തി വലുതാക്കാന്‍ നിങ്ങള്‍ ഏറെ കഷ്‌ടപ്പെട്ടു. ബാപ്പയുടെ തഴമ്പിച്ച കൈകളും ഉമ്മയുടെ ക്ഷീണിച്ച മുഖവും അവസാന നിമിഷം വരെ ഞാന്‍ മറക്കില്ല. വിടപറയാന്‍ സമയമായി. ഇതനിവാര്യമാണ്. ഞാന്‍ നിങ്ങളെ എത്രയോ ഇഷ്‌ടപ്പെടുന്നു. കാണാനാവാത്ത ഒരു സ്ഥലത്തിരുന്ന് ഞാന്‍ നിങ്ങളെ ചുംബിക്കുന്നു. എന്റെ സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും എന്റെ ഊഷ്‌മള ആശംസയും ചുംബനവും. വിഷമിക്കരുത്. ജീവിതം പതിവുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുക. എന്നെ അന്വേഷിക്കുന്നവരോടെല്ലാം ആശംസ അറിയിക്കുക.'

പ്രിയപ്പെട്ട മജീദിന്,

'എന്റേത് ഒരു ചെറിയ ജീവിതമായിരുന്നു. നമ്മുടെ ഒരുമിച്ചുള്ള ജീവിതം അതിലും ചെറുതും. ഒന്നിച്ച് കുറേക്കാലം ജീവിക്കണമെന്ന് മോഹമുണ്ടായിരുന്നു. സാധ്യമല്ലല്ലോ. പിരിയാം. സ്‌നേഹിച്ചവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍. വിട.'

മജീദ് പിന്നെ അവിടെ നിന്നില്ല. അയാള്‍ ലോസ് ഏഞ്ചല്‍സിലേക്കു പോയി. കവിതയുടെ ലോകം തിരിച്ചു പിടിച്ചു. 'നിന്റെ മരണത്തോട് എനിക്ക് പ്രതികാരം ചെയ്യണം' അയാള്‍ എഴുതി. സ്വപ്‌നങ്ങള്‍ വീണുടഞ്ഞ ഭൂമിയില്‍ ജീവിതം പിന്നെയും നാമ്പിട്ടു. എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാന്‍ - ഇറാഖ് യുദ്ധം. അസറിന്റെ മാതാപിതാക്കള്‍ മരിച്ചു. പുരോഗമന ചിന്തകള്‍ അവിടവിടെ കിളിര്‍ക്കുന്നുണ്ടായിരുന്നു. മതത്തിനകത്തും നവീകരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. സിനിമയിലും സാഹിത്യത്തിലും വീണ്ടും ജീവിതം തുടിച്ചു തുടങ്ങി. അതെ - ജീവിതവും പോരാട്ടവും അവസാനിക്കുന്നില്ല.

വിപ്ളവം പോലെ, പ്രണയം പോലെ അസറിന്റെ മറ്റൊരു 'കാല്പനിക ദൌര്‍ബല്യം' സാഹിത്യമാണ്. ഷാനാമയുടെ (ഫിര്‍ദൌസി) നാട്ടുകാരിക്ക് സാഹിത്യാഭിരുചി സ്വാഭാവികം. അസൂയാവഹമായ സര്‍ഗ പാരമ്പര്യമാണ് പേര്‍ഷ്യയുടേത്. ആ നാടിന്റെ ബൌദ്ധികവികാസം സാധ്യമാക്കിയതില്‍ ഇതിഹാസ ഗ്രന്ഥങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. അസറിന്റെ പിതാവും ആ പൈതൃകത്തില്‍ അഭിമാനിച്ചു. എഴുതുകയും പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഫിര്‍ദൌസിക്കു പുറമേ പ്രസിദ്ധ പേര്‍ഷ്യന്‍ കവികളായ സിമിന്‍ ബെഹ്ബഹാനി, ഫറൂഖ്‌സാദ്, ഗൊര്‍ഗാനി, ഹഫീസ്, റൂമി, മജീദ് നഫീസി, സാദി, സൊറാബ് സെപേരി, അഹ്‌മദ് ഷംലു, കഥാകൃത്തുക്കളും നോവലിസ്‌റ്റുകളുമായ സിമിന്‍ ദനേശ്വര്‍, ഹിദായത്ത്, ഗോല്‍ഷിരി, പാര്‍സിപൂര്‍, ഇറാജ് പെസഷ്‌സാദ്, ഉബൈദ്, സക്കാനി, ഗോലി തരാഗി തുടങ്ങിയവരെ അസര്‍ നഫീസി 'പറയാതിരുന്ന കാര്യങ്ങളി'ല്‍ ഉദ്ധരിക്കുന്നു.

1994 ല്‍ ഓക്‌സ്‌ഫര്‍ഡ് സര്‍വകലാശാലയില്‍ ഫെലോഷിപ്പ് നേടി ഇറാനോടു വിടപറഞ്ഞ അസര്‍ നഫീസി ഇപ്പോള്‍ ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാല, ഫോറിന്‍ പോളിസി ഇന്‍സ്റിറ്റ്യൂട്ടിന്റെ ഡയലോഗ് പ്രൊജക്‌ട് ഡയറക്‌ടറാണ്. ഭര്‍ത്താവ് എന്‍ജിനീയറും ഇടതുപക്ഷ സാസ്‌ക്കാരിക പ്രവര്‍ത്തകനുമായ ബിജാന്‍ നടേരി. രണ്ടു മക്കള്‍. ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിംഗ്‌‌ടണ്‍ പോസ്‌റ്റ്, ദി വാള്‍സ്‌ട്രീറ്റ് ജര്‍ണല്‍, ദി ന്യൂ റിപ്പബ്ളിക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതുന്നു. 'റീഡിങ് ലോലിത ഇന്‍ ടെഹ്റാന്‍', 'ആന്റി ടെറർ: എ ക്രിറ്റിക്കല്‍ സ്റഡി ഓഫ് വ്ളാഡ്‌മിര്‍ നബാക്കോവ്സ് നോവല്‍സ്', 'ബീബി ആന്‍ഡ് ദ ഗ്രീന്‍ വോയ്‌സ് എന്നിവയാണ് ഇതര കൃതികള്‍.

*****

വി കെ ഷറഫുദ്ദീന്‍, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ചിന്തകളിലും സ്വപ്‌നങ്ങളിലും വിപ്ളവം കത്തിപ്പടര്‍ന്ന ഇരുപതാം നൂറ്റാണ്ട് പുതിയ ലോകത്തെക്കുറിച്ചുള്ള മോഹങ്ങളുടേയും പ്രതീക്ഷകളുടേയും ശവപ്പറമ്പ് കൂടിയായിരുന്നുവല്ലോ. ഏകാധിപത്യവും മതമേധാവിത്വവും ജനജീവിതം ദുസ്സഹമാക്കിയ നാടുകളിലെല്ലാം ചെറുപ്പക്കാര്‍ വിപ്ളവദാഹവുമായി തെരുവിലിറങ്ങി. മാര്‍ക്‌സിസം - ലെനിസത്തിന്റെ കൊടിക്കൂറക്കു കീഴില്‍ പുര്‍വ യൂറോപ്പ് ചുവന്നതും മാവോചിന്തകള്‍ ചൈനക്കുമേല്‍ ചുവപ്പുതാരം തീര്‍ത്തതും ചെഗുവേരയും കാസ്‌ട്രോയും ക്യൂബയിലും ലാറ്റിനമേരിക്കയിലും ജയഭേരിയുണര്‍ത്തിയതും ഹോചിമിനും കിം ഇല്‍ സുങ്ങും ഏഷ്യയില്‍ വന്‍ശക്തികളെ കിടിലം കൊള്ളിച്ചതും ലോകത്തെങ്ങുമുള്ള പാവങ്ങളുടേയും ഇടത്തരക്കാരുടേയും സിരയില്‍ ആവേശം ജ്വലിപ്പിച്ചു. ഇരുപതാം നൂറ്റാണ്ട് മനുഷ്യനന്മയുടെ വിളനിലമാകുമെന്നും അന്യന്റെ സ്വരം സംഗീതം പോലെ ശ്രവിക്കുന്ന കാലം പടിവാതില്‍ കടന്നെത്തിയെന്നും കരുതിയുറപ്പിച്ചു ജനകോടികള്‍. വിജയിച്ച വിപ്ളവങ്ങള്‍ പിന്നീട് പരാജയപ്പെട്ടതിന്റെ മാത്രമല്ല ജനകീയ പ്രക്ഷോഭത്തില്‍ അണി ചേര്‍ന്ന് കിരാതശക്തികള്‍ വിപ്ളവത്തെ റാഞ്ചിക്കൊണ്ടു പോയതിന്റെ കൂടി വേദനിപ്പിക്കുന്ന കഥകള്‍ പോയ നൂറ്റാണ്ടിനു പറയാനുണ്ട്. ലോകമെങ്ങുമുള്ള പോരാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഇറാനിയന്‍ വിപ്ളവം മതമൌലികവാദികള്‍ റാഞ്ചിക്കൊണ്ടുപോയ കഥയാണ് 'പറയാതിരുന്ന കാര്യങ്ങള്‍'ലൂടെ (Things I’ve Been Silent About) ഇറാനി എഴുത്തുകാരി അസര്‍ നഫീസി പറയുന്നത്. ഓര്‍മക്കുറിപ്പുകളിലൂടെ തന്റെ മധ്യവര്‍ഗ കുടുംബത്തിന്റെ ചരിത്രവും നിയോഗവും എടുത്തുകാട്ടുന്നതോടൊപ്പം, സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യമുള്ള ഒരു നാടിന്റെ ദുര്യോഗങ്ങളിലേക്ക് അസര്‍ വെളിച്ചം വീശുന്നു. ഒരേസമയം മികച്ച സാഹിത്യവും ചരിത്രവുമാണ് 'പറയാതിരുന്ന കാര്യങ്ങള്‍'

മലമൂട്ടില്‍ മത്തായി said...

So comrades, this is what happens if you let the religious right take control. Hope you folks will remember this same lesson while falling at the feet of any fundamentalist.

BTW the people of North Korea will have a different opinion regarding their leader and his one party, one family rule, if they are allowed to speak. So much for revolution :-)