Tuesday, August 24, 2010

എം പിമാരുടെ ശമ്പള വര്‍ധനയ്‌ക്ക് നീതീകരണമില്ല

എം പിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും സംബന്ധിച്ചുണ്ടായ ബഹളം കഴിഞ്ഞയാഴ്‌ച ലോക്‌സഭാ നടപടികള്‍ തുടര്‍ച്ചയായി സ്‌തംഭിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ശബ്‌ദായമാനമായ ഒരു ചര്‍ച്ച രാജ്യമാകെ നടന്നു. എം പിമാര്‍ക്ക് 500 ശതമാനം ശമ്പളവര്‍ദ്ധനവും ഡെയിലി അലവന്‍സിലും, മണ്ഡല അലവന്‍സിലും, സ്‌റ്റാഫ് അലവന്‍സിലും 100 ശതമാനം വീതം വര്‍ദ്ധനവും പിന്നെ യാത്രാ ബത്ത വിമാനടിക്കറ്റുകള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ആനുകൂല്യവും നല്‍കുന്ന ശുപാര്‍ശകളായിരുന്നു ഇക്കാര്യം സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ നടത്തിയ പാര്‍ലമെന്ററി കമ്മിറ്റി മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശങ്ങൾ. ഇവ ഏറ്റവും വേഗം പാസാക്കി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ലാലുവിന്റെ നേതൃത്വത്തില്‍ കലാപമാരംഭിച്ചത്. മുലായം സിംഗ്‌യാദവും ശരത് യാദവും കൂടി ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവരോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും അകാലിദളും ബഹുജന്‍സമാജ്‌പാര്‍ട്ടിയും ഉള്‍പ്പെടെ നിരവധി ചെറിയ പാര്‍ട്ടികളും അണിനിരന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ഈ ബഹളത്തെ നിസ്സംഗമായി നോക്കിനിന്നു. ഈ വമ്പിച്ച ആനുകൂല്യ വര്‍ദ്ധനവിനെ പരസ്യമായി എതിര്‍ത്ത് സഭയ്‌ക്കത്തും പുറത്തും വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചത് ഇടതുപക്ഷ പാര്‍ട്ടികളാണ്. ശക്തമായ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങി. ശമ്പള-ആനുകൂല്യ വര്‍ദ്ധന ഉടന്‍ നടപ്പാക്കാമെന്ന് സഭയില്‍ വാഗ്‌ദാനം ചെയ്‌തു.

ഇതേ തുടര്‍ന്ന് സഭയ്‌ക്ക് പുറത്ത് ജനങ്ങളും മാധ്യമങ്ങളും ഈ ചര്‍ച്ചയില്‍ ശക്തിയായി ഇടപ്പെട്ടു. നിരവധി കോണുകളിലൂടെ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യവും ജനങ്ങളും നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുടെ നടക്കുവച്ച് ഈ വര്‍ദ്ധനവുകള്‍ സംബന്ധിച്ച തീരുമാനം അനുചിതവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളോടും സഭയോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാത്തവരാണ് ഭൂരിപക്ഷം അംഗങ്ങളും എന്നതുകൊണ്ടാണ് സഭാ നടപടികള്‍ ടെലിവിഷനിലൂടെ കാണുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ശൂന്യമായ ചേമ്പറും, ശൂന്യമായ ബഞ്ചുകളും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ വന്‍ വര്‍ദ്ധനവിന് എന്തര്‍ഹതയാണ് ഈ എംപിമാര്‍ക്കുള്ളത് എന്ന് പലരും ചോദിച്ചു. നടുക്കളത്തിലിറങ്ങി സഭാ നടപടികള്‍ അലങ്കോലപ്പെടുത്തി പൊതു ധനം ഒട്ടേറെ നഷ്‌ടപ്പെടുത്തുന്നവരാണ് എംപിമാര്‍ എന്ന ആക്ഷേപമുയര്‍ന്നു. പ്രധാന സന്ദര്‍ഭങ്ങളില്‍ സഭയില്‍ ക്വോറം ഇല്ലാതെ വരുന്നതും, ചര്‍ച്ചകളുടെ നിലവാര തകര്‍ച്ചയും ഒക്കെ ചൂണ്ടിക്കാണിക്കപ്പെട്ട വിഷയങ്ങളാണ്.

ഇത്രയുമായപ്പോള്‍ സര്‍ക്കാര്‍ ഒരു പുനരാലോചനയ്‌ക്ക് തയ്യാറായി. 500 ശതമാനം ശമ്പള വര്‍ദ്ധന ശുപാര്‍ശ ചെയ്യപ്പെട്ടത് 300 ശതമാനമാക്കി കുറയ്‌ക്കും എന്ന് അവര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ പാര്‍ലമെന്റിനെ അപമാനിച്ചുവെന്ന് പറഞ്ഞ് ലാലുവും കൂട്ടരും പ്രതിഷേധത്തിന്റെ ശക്തിക്കൂട്ടി. സഭാ നടപടികള്‍ വീണ്ടും സ്‌തംഭിപ്പിക്കപ്പെട്ടു. അത് തുടരുമെന്നും കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

വീണ്ടും ചര്‍ച്ചകൾ‍. ഞായറാഴ്‌ച പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇതാണ്: എല്ലാം സന്തോഷകരമായി അവസാനിപ്പിച്ചിരിക്കുന്നുവെന്ന് ശരത്‌യാദവ് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്നലെ പ്രണബ് മുഖര്‍ജിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനമായി, അല്‍പ്പസ്വല്പം വ്യത്യാസത്തോടെ എംപിമാരുടെ അലവന്‍സും മറ്റാനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പായി.

ഈ പശ്ചാത്തലത്തില്‍ ഈ പ്രശ്‌നം സംബന്ധിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

എംപിമാരുടെ അലവന്‍സ്, ആനുകൂല്യങ്ങൾ‍, പെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ചര്‍ച്ച ചെയ്‌ത് കാലാകാലങ്ങളില്‍ ശുപാര്‍ശ സഭയ്‌ക്ക് സമര്‍പ്പിക്കുന്നത്, അക്കാര്യത്തിന് നിയുക്തമാകുന്ന എം പിമാരുടെ ഒരു കമ്മിറ്റിയാണ്. ഈ ശുപാര്‍ശകള്‍ക്കനുസരിച്ച് ആവശ്യമായ നിയമഭേദഗതികള്‍ പാസാക്കേണ്ടതും പാര്‍ലമെന്റ് തന്നെ. ഇതിലുള്ള പന്തിയില്ലായ്‌മ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ദശാബ്‌ദങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ദ്രജിത്ത് ഗുപ്‌ത ഈ പ്രശ്‌നം സംബന്ധിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചത് ഇന്നും പ്രസക്തമാണ്. എംപിമാരുടെ ശമ്പളവും ആനുകൂല്യവും സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് എംപിമാരല്ലാത്ത ഉന്നതര്‍ ഉള്‍പ്പെടുന്ന ഒരു സംവിധാനം സൃഷ്‌ടിക്കപ്പെടണമെന്നും, അതിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റ് തീരുമാനം കൈക്കൊള്ളണമെന്നുമായിരുന്നു ആ നിര്‍ദ്ദേശം.

ആ നിര്‍ദ്ദേശം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും അത്തരം ഒരു തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഇന്നും ആ തീരുമാനം നടപ്പാക്കപ്പെടാതെ കിടക്കുന്നു.

ഇത്തവണ വമ്പിച്ച അലവന്‍സ് വര്‍ദ്ധനവ് ശുപാര്‍ശ ചെയ്‌ത കമ്മിറ്റി പറഞ്ഞത്, എംപിമാരുടെ അലവന്‍സ് ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് വേണ്ടി ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്‌ത ശമ്പളത്തേക്കാള്‍ ഒരു രൂപ കൂടുതലായിരിക്കണമെന്നതാണ്. ബ്യുറോക്രസിക്ക് മേലെ എംപിമാരുടെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു ഈ കമ്മിറ്റി, അലവന്‍സ് വര്‍ദ്ധനയിലൂടെ ഉദ്ദേശിച്ചത്.

ഈ സമീപനം തെറ്റാണ്. എംപിമാര്‍ ഉദ്യോഗസ്ഥരല്ല; അവര്‍ ജനപ്രതിനിധികളാണ്. ജനസേവനം അവര്‍ നടത്തുന്നതിന്റെ അംഗീകാരം മൂലമാണ്, അവരെ ജനപ്രതിനിധിയായി ജനം തിരഞ്ഞെടുക്കുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഭരണഘടന മാറ്റി മറിക്കുവാനുള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണാവകാശങ്ങളുണ്ട്. അവര്‍ സര്‍ക്കാരിനെ സൃഷ്‌ടിക്കുന്നു. അവര്‍ രാഷ്‌ട്രത്തിന്റെ നയരൂപീകരണം നിര്‍വ്വഹിക്കുന്നു. അവര്‍ക്ക് പാര്‍ലമെന്റിന്റെ പ്രത്യേക പ്രിവിലേജുകളുണ്ട്. അതിന്റെ സംരക്ഷണമുണ്ട്. മറ്റാര്‍ക്കുമില്ലാത്തതാണവ. അവര്‍ പ്രെട്ടോക്കോള്‍ നിരയില്‍ സര്‍ക്കാര്‍ സെക്രട്ടറിമാരേക്കാള്‍ എത്രയോ ഉന്നതമായ സ്ഥാനമാണ് അലങ്കരിക്കുന്നത്.

ഈ പ്രത്യേക പദവി എംപിമാര്‍ക്ക് ലഭിച്ചത്, പാര്‍ലമെന്റ് തന്നെ സൃഷ്‌ടിക്കപ്പെട്ടത്, ഇന്ത്യ സ്വതന്ത്ര്യ ജനാധിപത്യ രാഷ്‌ട്രമായി എന്നതുകൊണ്ടാണ്; ഇന്ത്യ സ്വതന്ത്ര്യമായതു കൊണ്ടും ഇന്ത്യയ്‌ക്ക് ഒരു പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം ഉണ്ടായതുകൊണ്ടുമാണ്. ഈ മൗലികവസ്‌തുത വിസ്‌മരിച്ചുകൊണ്ടാണ് സെക്രട്ടറിമാരുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ കൂടി ശമ്പളം കൂട്ടി നല്‍കി, തങ്ങളുടെ പ്രാധാന്യം ഉറപ്പിക്കണമെന്ന വാദം. മിതമായി പറഞ്ഞാല്‍ ഈ വാദം അന്തസ്സാര ശൂന്യമാണ്.

എംപിമാര്‍ക്ക് മാന്യമായി ജീവിക്കുവാനും പ്രവൃത്തിക്കുവാനുമുള്ള ശമ്പളവും ആനുകൂല്യങ്ങളും ഇന്ന് പാര്‍ലമെന്റ് നല്‍കുന്നുണ്ട്. അതില്‍ അല്‍പ്പസ്വല്പം വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ അതു ചെയ്യുന്നതിനെയും ആരും എതിര്‍ക്കുമെന്നും തോന്നുന്നില്ല. എന്നാല്‍ ഇന്ന് പാര്‍ലമെന്റിന്റെ മുന്നില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നതല്ല.

എംപിമാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സെക്രട്ടറിമാരും റിസര്‍ച്ച് അസിസ്റ്റുമാരും ആവശ്യമായതുകൊണ്ട് ഈ കിട്ടുന്നതൊന്നും പോര എന്നു പറയുന്നത് വസ്‌തുതകള്‍ മറച്ചുവച്ചു കൊണ്ടാണ്. പാര്‍ലമെന്റ് ലൈബ്രറിക്ക് അതിവിപുലമായ, കഴിവുള്ള ഒരു റിസര്‍ച്ച് വിങ്ങുണ്ട്. നൂറ് കണക്കിന് വിദഗ്ധര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ഒരു മെമ്പറിന് ഏതു വിഷയത്തെക്കുറിച്ചും അവരെ സമീപിച്ചാൽ‍, ആവശ്യമായ വിവരം മണിക്കൂറുകള്‍ക്കകം അവര്‍ നല്‍കും. അതിലും കൂടുതല്‍ വിവരം വേണമെങ്കിൽ‍, അവ എന്തൊക്കെ എന്നു ചൂണ്ടിക്കാണിച്ചാല്‍ അവയും ലഭ്യമാകും. ആഴത്തില്‍ പഠിക്കാനാണ് താല്പര്യമെങ്കില്‍ റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഏതൊക്കെ എന്ന ലിസ്‌റ്റും അവര്‍ നല്‍കും. ഈ ഗ്രന്ഥങ്ങളൊക്കെ പാര്‍ലമെന്ററി ലൈബ്രറിയില്‍ ലഭ്യവുമാണ്.

ഈ സൗകര്യങ്ങള്‍ എത്രയോകുറച്ച് എംപിമാര്‍ മാത്രമാണുപയോഗിക്കുന്നത്. ലോകപ്രശസ്‌തരായ, വിവിധ മേഖലകളിലെ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ നിരന്തരം സംഘടിപ്പിക്കുന്നുണ്ട്. ബ്യൂറോ ഓഫ് പാര്‍ലമെന്ററി സ്‌റ്റഡീസ് രാവിലെയും വൈകുന്നേരങ്ങളിലും സംഘടിപ്പിക്കുന്ന ഈ പരിപാടികളില്‍ പങ്കെടുക്കുന്ന എംപിമാര്‍ക്ക് ചായ സല്‍ക്കാരവും ലഭിക്കും. ഇതിനും പുറമെ പാര്‍ലമെന്റില്‍ നന്നായി പ്രവൃത്തിക്കുവാന്‍ ട്രെയിനിംഗും നല്‍കുന്നുണ്ട്. ഈ പരിപാടികളൊക്കെ പ്രയോജനപ്പെടുത്തി തങ്ങളുടെ അറിവും കഴിവും വര്‍ദ്ധിപ്പിക്കുന്നവര്‍ എത്ര വിരളം. ഒട്ടേറെ സന്ദര്‍ഭങ്ങളില്‍ ഈ പ്രഭാഷണങ്ങള്‍ അറ്റന്റു ചെയ്യുന്നവര്‍ ഏതാനും ഡസന്‍ എംപിമാര്‍ മാത്രം; പരിശീലന ക്ലാസുകള്‍ മിക്കവാറും പരാജയപ്പെടുന്നു.

തനിക്ക് ഒരു വിഷയം സ്‌പെഷ്യലൈസ് ചെയ്യുന്നതിന് സൗകര്യപ്പെടുത്തണമെന്ന് ഒരു എംപി ആവശ്യപ്പെട്ടാല്‍ പാര്‍ലമെന്റ് ലൈബ്രററിയില്‍ ബന്ധപ്പെട്ട എല്ലാ റഫറന്‍സ് ഗ്രന്ഥങ്ങളും ഒരു ക്യൂബിക്കിളില്‍ സജ്ജമാക്കി എംപിക്ക് ഒരു പ്രവര്‍ത്തനം നടത്താന്‍ പാര്‍ലമെന്റ് ലൈബ്രററി സൗകര്യപ്പെടുത്തും. റിസര്‍ച്ച് വിംഗ് സഹായം ചെയ്യും. തന്റെ റിസര്‍ച്ച് അസിസ്റ്റന്റുണ്ടെങ്കില്‍ അയാള്‍ക്കും അവിടെ ഇരുന്നു വര്‍ക്കു ചെയ്യാം. ഈ സൗകര്യങ്ങളൊക്കെ വിരളമായേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്നതാണ് വസ്‌തുത.

ഒരു സ്വകാര്യ ബില്ല് തയ്യാറാക്കണമെന്ന് ഒരു എംപിക്ക് ആഗ്രഹമുണ്ട്, എന്നാല്‍ സങ്കീര്‍ണ്ണമായ നിയമഭാഷ വശമില്ല എന്നുണ്ടെങ്കില്‍ ഏത് വിഷയത്തിലാണ് താന്‍ ബില്ലുണ്ടാക്കാൻ ആഗ്രഹിക്കുന്നത് എന്നു പറഞ്ഞാല്‍ ഒരു മെമ്പര്‍ക്ക് ബില്ല് തയ്യാറാക്കിക്കൊടുക്കാന്‍ പാര്‍ലമെന്റിന് സംവിധാനമുണ്ട്. ഏതു വിഷയത്തിൽ‍, ഏതുദ്ദേശത്തോടെ നിയമം തയ്യാറാക്കണം എന്നു പറഞ്ഞുകൊടുത്താല്‍ മതി. ഈ സൗകര്യങ്ങളും ഒരു പാട് മെമ്പര്‍മാര്‍ അവഗണിക്കുകയാണ് ചെയ്യുന്നത്.

ഈ സൗകര്യങ്ങളൊക്കെ സ്വന്തമായുണ്ടാക്കുവാന്‍ എന്നു പറഞ്ഞ് കൂടുതല്‍ അലവന്‍സിനു വേണ്ടി വാദിക്കുന്നതില്‍ നീതികരണമില്ല. അത് പണത്തിനു വേണ്ടിയുള്ള ഒരത്യാര്‍ത്തിയാണ്.

ഇവിടെ ചില പ്രശ്‌നങ്ങള്‍ പ്രസക്തമാണ്. നമ്മുടെ ഇലക്ഷന്‍ സമ്പ്രദായം പരിഷ്‌കരിച്ചാല്‍ മാത്രമേ ഇന്നത്തെ പാര്‍ലമെന്റിന്റെ ദുഃസ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയൂ. മെമ്പര്‍മാരില്‍ ജനങ്ങളോടുളള അക്കൗണ്ടബിലിറ്റി സൃഷ്‌ടിക്കാന്‍ കഴിയൂ.

ഒരിക്കല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ ജനത്തിനോട് ഒരുത്തവാദിത്വവും കാണിക്കാതെ, തോന്നുന്നതൊക്കെ ചെയ്യുന്നവരെ നിലക്കുനിര്‍ത്തണമെങ്കില്‍ ജനങ്ങളോട് മെമ്പര്‍മാര്‍ക്ക് ഇന്നത്തേതിലും കൂടുതല്‍ ബാദ്ധ്യതയുണ്ടാവണം. അതുണ്ടാവണമെങ്കില്‍ മെമ്പറെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കണം. സഭയില്‍ മെമ്പര്‍മാര്‍ ഹാജരാകുന്നതിനും, തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനുമൊക്കെ ഈ സാഹചര്യം മെമ്പര്‍മാരെ നിര്‍ബന്ധിക്കും. അവര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാകും, പാര്‍ലമെന്റിനോടും സമൂഹത്തോടും.

പണാധിപത്യവും, ക്രിമിനലുകളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യവും നമ്മുടെ പാര്‍ലമെന്റിനെ വിവരണാതീതമാംവിധം അധഃപ്പതിപ്പിക്കുന്നുണ്ട്. ഇന്നത്തെ പാര്‍ലമെന്റില്‍ (ലോക്‌സഭ) 543 എംപിമാരാണുള്ളത്. അവരില്‍ 315 പേരും കോടീശ്വരൻമാർ‍, 200ലധികം ക്രിമിനലുകൾ‍, പ്രതിദിനം ശരാശരി 20 രൂപ പോലും വരുമാനമില്ലാത്ത 80 ശതമാനം ഇന്ത്യക്കാരെ ഇവരാണ് പ്രതിനിധീകരിക്കുന്നത്. ഒരു വോട്ടിന് തമിഴ്‌നാട്ടില്‍ മാര്‍ക്കറ്റ് വില 1000 രൂപയായിരുന്നു. ബല്ലാരിയിലെ റെഡ്‌ഡി സഹോദരന്‍മാര്‍ 4000 കോടി രൂപ മുടക്കി പിടിച്ചെടുത്ത കര്‍ണ്ണാടക അസംബ്ലി അവര്‍ വരക്കുന്നവരയില്‍ മുഖ്യമന്ത്രിയെ തള്ളച്ചിടുന്നു. പൊലീസും ഉദ്യോഗസ്ഥരും അവരുടെ ചൊല്‍പ്പടിയിൽ. ഈ സ്ഥിതിയില്‍ നിന്നും പാര്‍ലമെന്റിനെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും രക്ഷിക്കുക വഴിയല്ലാതെ, പാര്‍ലമെന്റ് ഉത്തരവാദിത്വത്തോടെ ജനഹിതം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ.

വോട്ടര്‍മാരില്‍ വോട്ടു ചെയ്യുന്നവരുടെ ശതമാനം ക്രമേണ കുറയുന്നു. വോട്ട് ജനാധിപത്യത്തില്‍ തന്റെ മൂര്‍ച്ചയേറിയ ആയുധമാണെന്ന് തിരിച്ചറിവ് ജനങ്ങളില്‍ ഇനിയും സൃഷ്‌ടിക്കപ്പെടേണ്ടതായിരിക്കുന്നു. എങ്കിലെ ജനാധിപത്യവും ജനാധിപത്യസ്ഥാപനങ്ങളും രക്ഷപ്പെടുകയുള്ളൂ.

അതുപോലെ തന്നെ പ്രധാനമാണ് ആനുപാതിക പ്രാതിനിധ്യവും. ഈ വഴിയിലൂടെ മാറ്റങ്ങള്‍ സൃഷ്‌ടിച്ചാലേ നമ്മുടെ ജനാധിപത്യവും അതിന്റെ പ്രതിരൂപമായ പാര്‍ലമെന്റും രക്ഷപ്പെടുകയുള്ളൂ. പണത്തോടുള്ള അടങ്ങാത്ത അത്യാര്‍ത്തിമൂത്തവർ‍, പല മേല്‍വിലാസങ്ങളിലും, പല പ്രേരണകളും, പ്രലോഭനങ്ങളും ചെലുത്തി, ജനങ്ങളുടെ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത് ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ്, പാര്‍ലമെന്റിലെത്തി പണത്തോടുള്ള അത്യാര്‍ത്തി പ്രകടനങ്ങള്‍ നടത്തുന്നതിന്റെ ഒരു ചിത്രമാണ് നമ്മള്‍ കഴിഞ്ഞയാഴ്‌ച പാര്‍ലമെന്റില്‍ കണ്ടത്. ഇതിന്റെ കൂടപ്പിറപ്പായി അഴിമതിയും, ജനവിരുദ്ധ നയങ്ങളും കൈക്കോര്‍ത്ത് പിടിക്കും. ഇവയ്‌ക്കെതിരെയുള്ള പ്രയാസകരമായ ഒരു പോരാട്ടത്തിലൂടെ മാത്രമേ ജനാധിപത്യത്തെയും ജനാധിപത്യസ്ഥാപനങ്ങളെയും രക്ഷിക്കാന്‍ കഴിയൂ.

*****

സി കെ ചന്ദ്രപ്പന്‍, കടപ്പാട് : ജനയുഗം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരിക്കല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ ജനത്തിനോട് ഒരുത്തവാദിത്വവും കാണിക്കാതെ, തോന്നുന്നതൊക്കെ ചെയ്യുന്നവരെ നിലക്കുനിര്‍ത്തണമെങ്കില്‍ ജനങ്ങളോട് മെമ്പര്‍മാര്‍ക്ക് ഇന്നത്തേതിലും കൂടുതല്‍ ബാദ്ധ്യതയുണ്ടാവണം. അതുണ്ടാവണമെങ്കില്‍ മെമ്പറെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നല്‍കണം. സഭയില്‍ മെമ്പര്‍മാര്‍ ഹാജരാകുന്നതിനും, തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിനുമൊക്കെ ഈ സാഹചര്യം മെമ്പര്‍മാരെ നിര്‍ബന്ധിക്കും. അവര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാകും, പാര്‍ലമെന്റിനോടും സമൂഹത്തോടും.

പണാധിപത്യവും, ക്രിമിനലുകളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യവും നമ്മുടെ പാര്‍ലമെന്റിനെ വിവരണാതീതമാംവിധം അധഃപ്പതിപ്പിക്കുന്നുണ്ട്. ഇന്നത്തെ പാര്‍ലമെന്റില്‍ (ലോക്‌സഭ) 543 എംപിമാരാണുള്ളത്. അവരില്‍ 315 പേരും കോടീശ്വരൻമാർ‍, 200ലധികം ക്രിമിനലുകൾ‍, പ്രതിദിനം ശരാശരി 20 രൂപ പോലും വരുമാനമില്ലാത്ത 80 ശതമാനം ഇന്ത്യക്കാരെ ഇവരാണ് പ്രതിനിധീകരിക്കുന്നത്. ഒരു വോട്ടിന് തമിഴ്‌നാട്ടില്‍ മാര്‍ക്കറ്റ് വില 1000 രൂപയായിരുന്നു. ബല്ലാരിയിലെ റെഡ്‌ഡി സഹോദരന്‍മാര്‍ 4000 കോടി രൂപ മുടക്കി പിടിച്ചെടുത്ത കര്‍ണ്ണാടക അസംബ്ലി അവര്‍ വരക്കുന്നവരയില്‍ മുഖ്യമന്ത്രിയെ തള്ളച്ചിടുന്നു. പൊലീസും ഉദ്യോഗസ്ഥരും അവരുടെ ചൊല്‍പ്പടിയിൽ. ഈ സ്ഥിതിയില്‍ നിന്നും പാര്‍ലമെന്റിനെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും രക്ഷിക്കുക വഴിയല്ലാതെ, പാര്‍ലമെന്റ് ഉത്തരവാദിത്വത്തോടെ ജനഹിതം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചുകൂടാ.

നൗഷാദ് അകമ്പാടം said...

വളരെ നല്ല ലേഖനം...!

മലമൂട്ടില്‍ മത്തായി said...

So have the CPM MPs decided not to take home the hiked salary? Or have they as a block decided to donate the excess salary to the exchequer? Please do not have it both ways - hunting with the dogs as well as running with the foxes.

Fact is that the functioning of the parliament is being blocked for significant amounts of time due to the antics of all parties involved. Instead of crying after the hiked salary, do something about the blocking of proceedings of the Parliament.

Delivering service to the public is the only duty for the MPs. Let them be paid well. So long as they do their duty well, nothing is amiss. Remember what Lee Quan You of Singapore said - "If you pay peanuts, you get monkeys".

Anonymous said...

Please check the TA amount in crores taken by communist MPs , most of them have taken 1 crore and above last year, in fact CPM is greatly benefited by the hike as 80% of salry is taken by party and MPs may get only the TA that may be one reason that everyone taken so much TA, where as plane fare is beared by govt

MPs may get more than 1 lakh brbibe for even asking a parliamnet question, India has become economically strong, pays are very much for high adn affluent, even a mason now get 450/- before 5 years ot was 150 ie within 5 years his salary increased to 3 times, central givt empolyees salary also got hiked steep, so it aay be natural for such salary.

If communist MPs are generous they can contribute their salary to poor people who come to them for Prime Minister relief fund etc . Is anybody doing that?