Tuesday, August 24, 2010

ആര്‍ക്കും വേണ്ടാത്ത കര്‍ഷകന്‍

കര്‍ഷകദിനം ചിങ്ങം ഒന്നിന് കൊണ്ടാടി. ആണ്ടൊരിയ്‌ക്കലെ കൊണ്ടാട്ടം കഴിഞ്ഞാൽ‍, ബാക്കി കാലം കര്‍ഷകന്റെ ദുരിതവും ദീനവും കാണാന്‍ ആരുമില്ല. കൃഷിചെയ്യുന്നവന് മണ്ണില്ല. ഉല്‍പാദിപ്പിച്ചത് ന്യായമായി വില്‍ക്കാനോ, വില്‍ക്കാത്തത് സംഭരിച്ചുവെച്ച് പിന്നെ വില്‍ക്കാനോ സംവിധാനമില്ല. കഷ്‌ടപ്പെട്ട് ഉല്‍പാദിപ്പിച്ച ധാന്യം സംഭരിച്ച് സര്‍ക്കാര്‍ വെച്ചത് ചീഞ്ഞളിഞ്ഞുപോവുന്നു. കര്‍ഷകനും ഉപഭോക്താവിനും ഗുണമില്ല. എഫ് സി ഐ ഗോഡൗണില്‍ ലക്ഷക്കണക്കിനുടണ്‍ ധാന്യങ്ങള്‍ എലിതിന്നും ചീഞ്ഞളിഞ്ഞും പോകുന്നു എന്ന വാര്‍ത്ത വന്നിട്ട് ദിവസങ്ങളായെങ്കിലും കാര്യമായ ഒരു തുടര്‍പ്രതികരണവും ഇതുവരെ കണ്ടില്ല. അതുല്‍പാദിപ്പിച്ചവനല്ലേ അതിന്റെ സങ്കടമറിയൂ. പിന്നെ, വിശക്കുന്നവനും. ഇതുരണ്ടുമറിയാത്ത മേലാളന്‍മാര്‍ക്ക് ഇതെന്ത് വാര്‍ത്ത?

കര്‍ഷകനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത അവര്‍ ഉല്‍പാദിപ്പിച്ച ധാന്യം മനുഷ്യന് അന്നമാവാനനുവദിക്കാതെ ചീഞ്ഞളിയാന്‍ വിടുന്നതാണ്. അത്തരം വാര്‍ത്തകളാണ് ഈയിടെവന്നത്. എഫ് സി ഐ ഗോഡൗണുകളില്‍ കഴിഞ്ഞ വര്‍ഷം അയ്യായിരം കോടി രൂപയുടെ ധാന്യം എലിതിന്നും ചീഞ്ഞും നശിച്ചുവത്രെ. മറ്റൊരു ഘട്ടത്തില്‍ ചീഞ്ഞ ധാന്യം കടലില്‍ നിക്ഷേപിക്കാന്‍ കോടികള്‍ ചെലവാക്കിയത്രേ. ചില ഗോഡൗണുകളില്‍ എട്ടും പത്തും വര്‍ഷം പഴക്കമുള്ള ധാന്യശേഖരം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കാണിതിന്റെ ഉത്തരവാദിത്വം? ഈ നഷ്‌ടം ആരില്‍ നിന്നെങ്കിലും ഈടാക്കാന്‍ ഒരു വ്യവസ്ഥയുമില്ലേ?

ശേഖരിച്ചുവെച്ചത് നശിക്കുന്നതിനു മുമ്പ് ഒന്നുകില്‍ പൊതുവിതരണ സമ്പ്രദായത്തിലേയ്‌ക്കു സംഭാവന ചെയ്യുക. അതല്ലെങ്കില്‍ വെറുതെയെങ്കിലും വിതരണം ചെയ്‌തുകൂടേ? ജനത്തിന് ഭക്ഷണം നല്‍കാന്‍ സര്‍ക്കാരിനാവില്ലെങ്കിൽ‍, കൃഷിക്കാരന്‍ ഉല്‍പാദിപ്പിച്ച ധാന്യം, അവന് തിരിച്ചുനല്‍കാം. നിര്‍ബന്ധമായി, നിശ്ചിത വിലയ്‌ക്ക് കര്‍ഷകന്റെ അധ്വാനഫലം സര്‍ക്കാര്‍ ഏറ്റെടുത്തതാണിത്. അത് സംഭരിച്ച് സംരക്ഷിച്ച് വിതരണം ചെയ്യാന്‍പോലും കൊള്ളരുതാത്തവരാണ് കേന്ദ്രത്തില്‍ കൃഷിവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. ഈ ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് ഈയിടെ സുപ്രിംകോടതി വിധിയുണ്ടായിരുന്നു.

അഞ്ഞൂറ് കോടി രൂപയുടെ ഗോതമ്പും പയറും രാജസ്ഥാനിലെ റാണാപ്രതാപ് റയില്‍വേ സ്‌റ്റേഷനില്‍ കെട്ടിക്കിടന്നു നശിച്ചു. സംഭരിച്ച ധാന്യത്തിന്റെ പകുതിപോലും സംഭരിക്കാന്‍ കൊള്ളാവുന്ന ഗോഡൗണ്‍ എഫ് സി ഐയ്‌ക്ക് ഇല്ലത്രേ! എന്നിട്ട് പറയുകയാണ് എല്ലാവര്‍ക്കും നല്‍കാനുള്ള ധാന്യശേഖരം ഇല്ല എന്ന്. സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ആവശ്യമായ ഗോഡൗണുകള്‍ ഉണ്ടാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞത് ശ്രദ്ധേയമാണ്. ലെവിയായി കര്‍ഷകനില്‍ നിന്നെടുത്ത ഈ അമൂല്യധാന്യം അവന്റെ വിയര്‍പ്പാണ്. ആരുടെയൊക്കെയോ വിശപ്പിനുള്ള ഉത്തരമാണ്. പോഷകാഹാരമില്ലാതെ ദിനംപ്രതി മരിക്കുന്ന എത്രയോ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്. നല്ല ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ഗര്‍ഭിണികള്‍ക്കും കൈക്കുഞ്ഞുങ്ങളുള്ള മാതാക്കള്‍ക്കും നല്‍കേണ്ട അന്നമാണ്. ഈ സമ്പത്താണ്, പുറം പ്രദേശങ്ങളില്‍ കൂമ്പാരംകൂട്ടി നശിപ്പിക്കുന്നത്.

കര്‍ഷകനോട് ഇതിലധികം എന്തു ക്രൂരതയാണ് ചെയ്യാനുള്ളത് ? ഓരോ ധാന്യച്ചെടിയെയും ഓമനിച്ച് വളര്‍ത്തി, കതിരണിയിക്കുന്നവനാണ് കര്‍ഷകൻ. എന്നിട്ടും ന്യായമായ വിലകിട്ടുന്നില്ല. അവിചാരിത കാരണങ്ങളാല്‍ വിള നഷ്‌ടമുണ്ടാവും. നാട്ടുകാരെ മുഴുവന്‍ തീറ്റിപ്പോറ്റുന്ന അവന്റെ നഷ്‌ട-ദുരിതങ്ങള്‍ ആര്‍ക്കും നല്ലൊരു വാര്‍ത്തപോലുമാവുന്നില്ല. വിളനഷ്‌ടവും ധാന്യ കമ്മിയുമുണ്ടാകുമ്പോള്‍ കൂടിയവിലയ്‌ക്ക് ധാന്യം ഇറക്കുമതി ചെയ്‌ത് ലാഭമടിക്കും, ഉദ്യോഗസ്ഥരും ഇറക്കുമതി ഏജന്‍സികളും. അവരുടെ പരിഗണനകളില്‍ എല്ലാം സഹിച്ച് കൃഷിചെയ്യുന്ന ഈ പാവപ്പെട്ടവര്‍ വരുന്നതേയില്ല.

ഏതാണ്ട് 8.3 കോടി ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്‌ക്കു വിതരണാര്‍ഥം വേണ്ടത് 35 ലക്ഷം ടണ്‍ ധാന്യമാണ്. എന്നാല്‍ എഫ് സി ഐക്ക് 17 ദശലക്ഷം ടണ്‍ ധാന്യം സൂക്ഷിക്കാനുള്ള ഗോഡൗണുകളേ ഉള്ളൂ. ബാക്കി നശിക്കും. നശിക്കാന്‍ തുടങ്ങുന്നവയെ ആരും കാണാതെ കത്തിക്കും, കുഴിച്ചുമൂടും. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കുറേ ദശലക്ഷം ടണ്‍ ധാന്യം കടലില്‍ തള്ളിയത്രേ. എന്നാലും വിശക്കുന്നവനു കൊടുക്കില്ല. വിശക്കുന്നവനെയും വിശപ്പിനെതിരെ വയലുകളില്‍ വിയര്‍പ്പൊഴുക്കുന്നവനെയും ആര്‍ക്കും വേണ്ട. ഇങ്ങനെയാണ് നാം കര്‍ഷകനെ സ്‌നേഹിക്കുന്നത് ! സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കിയാല്‍ അവര്‍ അത് ഏറ്റെടുത്ത് ജനങ്ങള്‍ക്കെത്തിക്കും. അതും ചെയ്യില്ല. എന്നിട്ട് ബാക്കി ധാന്യം നശിപ്പിക്കാന്‍വിടും. പൊതുവിതരണ നാളികളെ തകര്‍ക്കാന്‍ സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും ഒന്നിക്കുന്നു. ന്യായവില ഷാപ്പുകളിലെത്താതെ വിപണിയിലേക്കു തിരിച്ചുവിടുകയാണ് ധാന്യം.

ധാന്യം നശിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത് കര്‍ഷകനാണ്. അവന്റെ വിയര്‍പ്പാണ് നമ്മുടെ അന്നം. അതാണ് ചീഞ്ഞളിഞ്ഞ് പോവുന്നത്. കൃഷി നശിക്കുമ്പോള്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും കര്‍ഷകന് ആത്മഹത്യ ചെയ്യേണ്ടിവരുന്ന അവസ്ഥയാണിന്ന്. ഭൂമി ഉടമസ്ഥതപോലും അവന് സുരക്ഷ നല്‍കിയില്ല. ഉല്‍പന്ന വില, വിപണി സൗകര്യം, വരള്‍ച്ച-വെള്ളപ്പൊക്ക ദുരിത നിവാരണം, വളം, വിത്ത് തുടങ്ങിയ ഒരുപാടു കാര്യങ്ങളില്‍ വേണ്ട സംവിധാനമുണ്ടായാലേ കര്‍ഷകന്‍ രക്ഷപ്പെടൂ.

ആഗോളീകരണം കര്‍ഷകന്റെ നട്ടെല്ല് തകര്‍ത്തു. കൃഷി സ്വതന്ത്ര വ്യാപാരത്തിന്റെ ഭാഗമായതോടെ, വികസ്വര രാജ്യങ്ങളിലെ കര്‍ഷകന്റെ വഴിമുട്ടി. നിയന്ത്രണമില്ലാത്ത ഇറക്കുമതി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ത്തു. കര്‍ഷകന്‍ നിത്യദുരിതത്തിലായത് പുതിയ നയത്തിന്റെ കടന്നുകയറ്റത്തോടെയാണ്. കൃഷി ലാഭകരമല്ലെന്ന് വന്‍പ്രചാരണവുമുണ്ടായി. അതോടെ കൃഷി കൈവിടാനായി കര്‍ഷകന്റെ ശ്രദ്ധ. കര്‍ഷകന്‍ കൈവിട്ട വന്‍ഭൂയിടങ്ങളിലേയ്‌ക്ക് അഗ്രി കോര്‍പ്പറേറ്റുകള്‍ വന്നെത്തി. പിന്നെ കൃഷിയുടെ വ്യാകരണം മറ്റൊന്നായി. അതില്‍ കൃഷിക്കാരനില്ലായിരുന്നു. ക്രമേണ അത് യാഥാര്‍ഥ്യമാവും. സുനിശ്ചിത വരുമാനമുള്ള സേവന മേഖലകളിലേക്ക് എല്ലാവരും ചേക്കേറും.

അങ്ങനെ പുഞ്ചപ്പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ക്കു പകരം ഫ്‌ളാറ്റുകള്‍ വരും, പിന്നെ ഭൂമി ഫ്‌ളാറ്റാവും.

*****

പി എ വാസുദേവന്‍ , കടപ്പാട് : ജനയുഗം

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കര്‍ഷകനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത അവര്‍ ഉല്‍പാദിപ്പിച്ച ധാന്യം മനുഷ്യന് അന്നമാവാനനുവദിക്കാതെ ചീഞ്ഞളിയാന്‍ വിടുന്നതാണ്. അത്തരം വാര്‍ത്തകളാണ് ഈയിടെവന്നത്. എഫ് സി ഐ ഗോഡൗണുകളില്‍ കഴിഞ്ഞ വര്‍ഷം അയ്യായിരം കോടി രൂപയുടെ ധാന്യം എലിതിന്നും ചീഞ്ഞും നശിച്ചുവത്രെ. മറ്റൊരു ഘട്ടത്തില്‍ ചീഞ്ഞ ധാന്യം കടലില്‍ നിക്ഷേപിക്കാന്‍ കോടികള്‍ ചെലവാക്കിയത്രേ. ചില ഗോഡൗണുകളില്‍ എട്ടും പത്തും വര്‍ഷം പഴക്കമുള്ള ധാന്യശേഖരം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആര്‍ക്കാണിതിന്റെ ഉത്തരവാദിത്വം? ഈ നഷ്‌ടം ആരില്‍ നിന്നെങ്കിലും ഈടാക്കാന്‍ ഒരു വ്യവസ്ഥയുമില്ലേ?

തെക്കടവന്‍ said...

ആഗോളീകരണം കര്‍ഷകന്റെ നട്ടെല്ല് തകര്‍ത്തു. കൃഷി സ്വതന്ത്ര വ്യാപാരത്തിന്റെ ഭാഗമായതോടെ, വികസ്വര രാജ്യങ്ങളിലെ കര്‍ഷകന്റെ വഴിമുട്ടി. നിയന്ത്രണമില്ലാത്ത ഇറക്കുമതി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തകര്‍ത്തു. കര്‍ഷകന്‍ നിത്യദുരിതത്തിലായത് പുതിയ നയത്തിന്റെ കടന്നുകയറ്റത്തോടെയാണ്. കൃഷി ലാഭകരമല്ലെന്ന് വന്‍പ്രചാരണവുമുണ്ടായി. അതോടെ കൃഷി കൈവിടാനായി കര്‍ഷകന്റെ ശ്രദ്ധ. കര്‍ഷകന്‍ കൈവിട്ട വന്‍ഭൂയിടങ്ങളിലേയ്‌ക്ക് അഗ്രി കോര്‍പ്പറേറ്റുകള്‍ വന്നെത്തി. പിന്നെ കൃഷിയുടെ വ്യാകരണം മറ്റൊന്നായി. അതില്‍ കൃഷിക്കാരനില്ലായിരുന്നു. ക്രമേണ അത് യാഥാര്‍ഥ്യമാവും. സുനിശ്ചിത വരുമാനമുള്ള സേവന മേഖലകളിലേക്ക് എല്ലാവരും ചേക്കേറും.
അങ്ങനെ പുഞ്ചപ്പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ക്കു പകരം ഫ്‌ളാറ്റുകള്‍ വരും, പിന്നെ ഭൂമി ഫ്‌ളാറ്റാവും.""""""

ഇടതുപക്ഷ ശക്തികളുടെ ശക്തമായ ബോധാവല്‍ക്കരനതിലുടെയും ഇടപെടളിലുടെയും മാത്രെമേ മേല്‍പ്പറഞ്ഞ അവസ്ഥക്ക് മാറ്റം വരുത്താന്‍ കഴിയൂ ..ഒരു രണ്ടാം സ്വാതന്ത്രിയ സമരത്തിനും കര്‍ഷക പോരാട്ടത്തിനും നേതൃത്വം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...

മലമൂട്ടില്‍ മത്തായി said...

The fact is that India cannot afford to have 65% of its population depend on agriculture. The average farm size in the country is very small. Which brings down the efficiency of production.

Then there is the lack of infrastructure. Good roads are essential to bring the produce to market. Cold storages with round the clock energy supply is also needed. If the Government cannot invest here, let private capital do that job.

So then what should the Government do - mostly four things. Have a good Police force, give good education to the population, ensure the health of its people and also give a social security net.

മുക്കുവന്‍ said...

കേരളത്തില്‍ നെല്ലുല്പാദനമുണ്ടോ? ചീഞ്ഞളിഞ്ഞത് വെറുതെ കൊടുത്താല്‍.. പിന്നെ ആരും ഒന്നും വാങ്ങണ്ടാലോ? ചീഞ്ഞളിയുന്നതിന് മുന്‍പ് എന്തായാലും സര്‍ക്കാരു വെറുതെ തരും! കര്‍ഷകന്റെ വേദന നേരിട്ടറിഞിട്ടുള്ള മുക്കവന്റെ ഒരു ബ്ലോഗ് ദാ ഇവിടെ...http://mukkuvan.blogspot.com/2007/07/blog-post.html