Tuesday, August 31, 2010

ഇത് തുറന്ന യുദ്ധം

അഭിമുഖം ജി സഞ്ജീവ റെഡ്ഡി (ഐഎന്‍ടിയുസി പ്രസിഡന്റ് )

? സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഐഎന്‍ടിയുസി ദേശീയ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ ഇതിനോട് യോജിച്ചു. എന്താണ് അതിനു കാരണം

നിങ്ങള്‍ ഇതിനെ ആഗോളവീക്ഷണത്തില്‍ കാണണം. ആഗോള സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. ലോകത്താകമാനം ട്രേഡ് യൂണിയനുകള്‍ പരസ്പരം അടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ ട്രേഡ് യൂണിയനുകള്‍. ക്ഷീണിതരായ സാഹചര്യത്തില്‍ അവര്‍ ഒന്നിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. തൊഴില്‍ദാതാക്കള്‍ കൂടുതല്‍ ബലവാന്മാരായി വരുന്നത് തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്. തൊഴിലാളികളുടെ വിഷമതകളും ആവശ്യങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദാതാക്കളോ മനസ്സുവയ്ക്കുന്നില്ല. ഈ ഘടകങ്ങളാണ് നമ്മളെയും ഒരുമിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

? പക്ഷേ ഈ തീരുമാനം താങ്കളുടെ യുപിഎ ഗവണ്മെന്റിന് എതിരാണല്ലോ? എന്തിനാണ് ഈ നിഴല്‍യുദ്ധം?

ഇത് ഗവണ്മെന്റിനെതിരെയുള്ള പ്രതിഷേധമോ സമരമോ അല്ല. ഇതില്‍ രാഷ്ട്രീയവുമില്ല. സാമ്പത്തിക അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സംഘടിതവും പ്രശ്നാധിഷ്ഠിതവുമായ സമരമാണിത്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോടും തൊഴിലാളികളുടെ ആവശ്യങ്ങളോടും സര്‍ക്കാരിനുള്ള നയങ്ങള്‍ക്കും മനോഭാവത്തിനും എതിരെയാണ് ഈ സമരം. തീര്‍ച്ചയായും ധാരാളം പ്രശ്നങ്ങളില്‍ നമ്മള്‍ ഗവണ്മെന്റിനോടൊപ്പമാണ്. എന്തെന്നാല്‍ നമ്മളും കോണ്‍ഗ്രസിന്റെ ഭാഗമാണ്. അടുത്തകാലത്ത് രണ്ടു തവണ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ആവശ്യങ്ങള്‍ ധരിപ്പിക്കുകയും ചര്‍ച്ച ചെയ്തിട്ടുമുണ്ട്.

എന്നാല്‍, സാമ്പത്തിക നയങ്ങളില്‍ ചില വൈരുധ്യങ്ങളുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തൊഴിലാളികളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ നമ്മള്‍ പരിമിതമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇതൊരു സാമ്പത്തിക പോരാട്ടമാണ് അല്ലാതെ രാഷ്ട്രീയ സമരമല്ല.

? പ്രധാന പ്രശ്നം വിലക്കയറ്റമാണ്. വില നിയന്ത്രിക്കുന്നതില്‍ താങ്കളുടെ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ

പാവപ്പെട്ടവന് ആശ്വാസം നല്‍കുന്ന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടില്ല. അവര്‍ പറയുന്നത് വിലക്കയറ്റം അന്താരാഷ്ട്ര പ്രതിഭാസമാണെന്നാണ്. ഇതൊരു അന്താരാഷ്ട്ര പ്രതിഭാസമായിരിക്കാം. എന്നാല്‍, ചില മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവസാനമായി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു;

"എന്താണ് പരിഹാരം?''

ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു, ഒരേയൊരു പരിഹാരം പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ന്യായവില കടകള്‍ സ്ഥാപിക്കുകയെന്നതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതുപോലുള്ള നടപടികള്‍ തൊഴിലാളികള്‍ക്കുവേണ്ടിയും എടുക്കണം. ചെറുകിട വ്യവസായ തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും (കുടില്‍ വ്യവസായം) ഭയാനകമായ സാഹചര്യം നേരിടുകയാണ്. ഒരു കിലോ അരി മുപ്പത് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു തൊഴിലാളിക്ക് എങ്ങനെ കുടുംബം പുലര്‍ത്താനാകും? വിലക്കയറ്റം പൂര്‍ണമായും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് കുറച്ച് ആശ്വാസമെങ്കിലും നല്‍കണം.

? സമരത്തിന് ട്രേഡ് യൂണിയനുകള്‍ മറ്റൊരു കാരണം പറയുന്നത് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ ഫണ്ട് വേണമെന്നുള്ളതാണ്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഒരു കോടി രൂപ ഇതിനായി നീക്കിവച്ചു. താങ്കള്‍ ഇതില്‍ തൃപ്തനാണോ ഇത് വളരെ കുറഞ്ഞ തുകയാണ്. ഈ തുകകൊണ്ട് ഒരു പ്രശ്നവും പരിഹരിക്കാനാവില്ല.

അസംഘടിത മേഖലയില്‍ ഏകദേശം മുന്നൂറ്റി അമ്പത് - നാനൂറ് ദശലക്ഷം തൊഴിലാളികളുണ്ട്. ഇവര്‍ക്കായി ഒരുകോടി രൂപ വീതിച്ചാല്‍ ഓരോരുത്തര്‍ക്കും എത്ര കിട്ടും? ഇതൊരു സാമൂഹ്യ സുരക്ഷാപദ്ധതിയല്ല. ഞങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഒരു നിര്‍ദേശം വച്ചിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളെ സഹായിക്കാനായി സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. വിലകൂടിയ മരുന്നുകള്‍ വാങ്ങാന്‍ അവര്‍ക്ക് സാധിക്കില്ല. കുഞ്ഞുങ്ങളെ സ്കൂളില്‍ അയക്കാന്‍ കഴിയില്ല. ജോലി നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരമോ പെന്‍ഷനോ കിട്ടുന്നില്ല. സ്വാതന്ത്യ്രം കിട്ടി അറുപത് വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ തൊഴിലാളികള്‍ക്ക് ആഹാരവും കുടിവെള്ളവും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പിന്നെയെന്താണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

എട്ട് ശതമാനവും ഒമ്പത് ശതമാനവും സാമ്പത്തിക വളര്‍ച്ച രാജ്യത്തിനുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. സാമ്പത്തിക വളര്‍ച്ച ഉണ്ടെങ്കില്‍ അതിന്റെ കുറച്ച് ഗുണമെങ്കിലും തൊഴിലാളികള്‍ക്കും കിട്ടണം. രാജ്യത്തിന്റെ വരുമാനം മുഴുവനും വ്യവസായികളുടെ പോക്കറ്റില്‍ ആയാല്‍ ഈ രാജ്യം എങ്ങനെ മുന്നോട്ടുപോകും?. ഇത് ആശയങ്ങളുടെ പോരാട്ടമാണ്. പാര്‍ടിക്കുള്ളില്‍പോലും ഇതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അധികാരത്തിലിരിക്കുന്നവര്‍ ഒരുവിധത്തില്‍ ചിന്തിക്കുന്നു; നമ്മളെപ്പോലുള്ളവര്‍ മറ്റൊരുതരത്തില്‍ ചിന്തിക്കുന്നു. ഇപ്പോള്‍ ഇതൊരു തുറന്ന യുദ്ധമാണ്. ഇത് നിലനില്‍പ്പിനും ദേശീയ സമ്പത്തിന്റെ ശരിയായ വിതരണത്തിനും വേണ്ടിയുള്ള പോരാട്ടമാണ്.

? യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നിട്ടുണ്ട്. വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമാണോ ഈ നിയമം. ഇത് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുമോ

ഈ ബില്‍ പരിഗണനയിലാണ്. സര്‍ക്കാരിലെ ചില അധികാരകേന്ദ്രങ്ങള്‍ സാമ്പത്തിക കമ്മിയുണ്ടെന്നും നികുതിപിരിവ് കുറവാണെന്നും മുറവിളി കൂട്ടുന്നുണ്ട്. ബില്‍ പാസാക്കി പ്രാബല്യത്തില്‍ വരുമ്പോള്‍ കാണാം അതിന്റെ ഗുണങ്ങളും ദോഷങ്ങളും.

? ജൂലൈ 5ന് ബിജെപിയുമായി കൈകോര്‍ത്ത് ഇടതുപാര്‍ടികള്‍ ദേശീയ പണിമുടക്ക് നടത്തി. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗീകാര ട്രേഡ് യൂണിയന്‍ ഇടതുമായി കൈകോര്‍ത്ത് മറ്റൊരു പണിമുടക്കിന് ഒരുങ്ങുന്നു. ഇത് പാര്‍ടിയെ ലജ്ജിപ്പിക്കുന്നില്ലേ

ഒരിക്കലുമില്ല. 2004-08ല്‍ മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും നേതൃത്വം കൊടുത്ത ഒന്നാം യുപിഎ സര്‍ക്കാര്‍ ഇടതു പാര്‍ടികളുടെ സഹായം തേടിയപ്പോള്‍ ലജ്ജ തോന്നിയില്ലല്ലോ. സാമ്പത്തിക സാഹചര്യങ്ങളാണ് ഇടതുപാര്‍ടികളുമായി കൈകോര്‍ത്ത് രാജ്യത്തെ പാവപ്പെട്ട തൊഴിലാളികള്‍ക്കുവേണ്ടി പോരാടാന്‍ നമ്മളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനും അതേ ധര്‍മം തന്നെയാണ് ഉള്ളത് - പാവപ്പെട്ടവന് ആശ്വാസം. കോണ്‍ഗ്രസിന്റെ ഭാഗമെന്ന നിലയില്‍ ധര്‍മം അനുഷ്ഠിക്കുക മാത്രം ചെയ്യുന്നു. അതിനാല്‍ ലജ്ജ തോന്നേണ്ട കാര്യമില്ല.

*
തയ്യാറാക്കിയത് സുഭദ്രാ ചാറ്റര്‍ജി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

? സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ഐഎന്‍ടിയുസി ദേശീയ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. താങ്കള്‍ ഇതിനോട് യോജിച്ചു. എന്താണ് അതിനു കാരണം

നിങ്ങള്‍ ഇതിനെ ആഗോളവീക്ഷണത്തില്‍ കാണണം. ആഗോള സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. ലോകത്താകമാനം ട്രേഡ് യൂണിയനുകള്‍ പരസ്പരം അടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ ട്രേഡ് യൂണിയനുകള്‍. ക്ഷീണിതരായ സാഹചര്യത്തില്‍ അവര്‍ ഒന്നിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. തൊഴില്‍ദാതാക്കള്‍ കൂടുതല്‍ ബലവാന്മാരായി വരുന്നത് തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ്. തൊഴിലാളികളുടെ വിഷമതകളും ആവശ്യങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദാതാക്കളോ മനസ്സുവയ്ക്കുന്നില്ല. ഈ ഘടകങ്ങളാണ് നമ്മളെയും ഒരുമിച്ചു നില്‍ക്കാന്‍ നിര്‍ബന്ധിതരാക്കിയത്.