Saturday, August 28, 2010

ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം

അന്ധമായ സ്‌തുതിയോ നിന്ദയോ കൊണ്ടുമാത്രം മലയാളവിമര്‍ശനം കൈകാര്യംചെയ്‌ത ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ പ്രത്യയശാസ്‌ത്രമെന്തെന്ന് ഗൌരവപൂര്‍ണമായ സമീപനം മലയാളത്തിലെ ഭൌതികവാദവിമര്‍ശനം മാത്രമാണ് കൈക്കൊണ്ടത്. ജീവിതത്തെ നേരിടാനായി ഒരാള്‍ കൈവശംവയ്‌ക്കുന്ന ആത്മനിഷ്‌ഠധാരണകളാണ് പ്രത്യശാസ്‌ത്രം. പൂര്‍ണമായും ശരിയെന്നു കരുതിയാണ് അയാള്‍ അതിനെ ആധാരമാക്കി ജീവിതം കരുപ്പിടിപ്പിക്കുക. എന്നാല്‍ പലപ്പോഴുള്ളത് ഒരു കപടവിശ്വാസവ്യവസ്ഥയായിരിക്കാം. യാഥാര്‍ഥ്യങ്ങളുടെമേലുള്ള മനോഹരമായൊരു മായാതിരസ്‌ക്കരിണിയായേക്കാമത്. ഈ വീക്ഷണത്തോടെ കേസരി ബാലകൃഷ്‌ണപിള്ള മുതല്‍
ബി. രാജീവന്‍ വരെയുള്ളവര്‍ ചങ്ങമ്പുഴക്കവിതയെ സമീപിച്ചിട്ടുണ്ട്. ചങ്ങമ്പുഴയെ ഒരു മഹാനായ കവിയാക്കിമാറ്റിയത് എന്താണ് എന്നന്വേഷിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രത്തിന്റെ പരിമിതിയെന്തെന്ന് അവിടെ അന്വേഷിക്കപ്പെടുന്നു.

"സമൂഹത്തിന്റെ ഇരുളടഞ്ഞ അടിത്തട്ടുകളിലേക്ക് ആധുനിക ജനാധിപത്യമൂല്യങ്ങള്‍ ശക്തമായി കടന്നുചെന്നതോടെ ഉപരിതലത്തില്‍ പരിലാളിക്കപ്പെട്ടുപോന്ന പുത്തന്‍ ജീവിതമൂല്യങ്ങള്‍ക്കുതന്നെ അര്‍ഥപരിവര്‍ത്തനം വന്നു. ഓരോ ജാതിയിലെയും ഉന്നതന്മാര്‍ അവര്‍ക്കിടയിലെ പൌരസമത്വത്തിനുവേണ്ടി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ദരിദ്രരുമായുള്ള സമത്വത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ ഏത് അസമത്വത്തെയും മറച്ചുവയ്‌ക്കാന്‍ പോന്ന ശാശ്വതകേവലമൂല്യങ്ങളായി തരംമാറി. ദേശീയ നവോത്ഥാനകാലത്തു രൂപപ്പെട്ട പുതിയ ജീവിത - സൌന്ദര്യമൂല്യങ്ങള്‍ക്കെല്ലാം സംഭവിച്ച ഈ വൈപരീത്യം സ്വാതന്ത്ര്യലബ്‌ധിക്കുശേഷമാണ് ഏറ്റവും രൂക്ഷമായിത്തീര്‍ന്നത്. എന്നാല്‍ ആധുനിക ജനാധിപത്യജീവിതമൂല്യങ്ങള്‍ കേരളീയ സമൂഹത്തിന്റെ തട്ടുകളിലേക്കു വ്യാപിക്കാന്‍ തുടങ്ങിയ സ്വാതന്ത്ര്യപൂര്‍വകാലത്തുതന്നെ ഈ വൈപരീത്യം മലയാളകവിതയില്‍ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ തുടങ്ങിയിരുന്നു. ചങ്ങമ്പുഴക്കവിതയിലൂടെയാണ് മലയാളികള്‍ ഈ മാറ്റം അനുഭവിച്ചറിഞ്ഞത്. നവോത്ഥാനകവിതയില്‍ പൊരുതുന്ന ശക്തികളായി ഉയര്‍ന്നുവന്ന ജീവിതസൌന്ദര്യമൂല്യങ്ങളെല്ലാം പിന്നീട് കപടമൂല്യങ്ങളായി തലകീഴ്‌മറിഞ്ഞതിനെക്കുറിച്ചാണ് ചങ്ങമ്പുഴ പാടിയത്. പാടുന്ന ദൈവങ്ങള്‍ക്കെതിരെ പാടുന്ന പിശാചായി മാറി ചങ്ങമ്പുഴ. അതുകൊണ്ടുതന്നെ ആ പിശാചിനെ വളരെ വേഗം നമ്മള്‍ കൊന്നുകളയുകയും ചെയ്‌തു.''1 കടമ്മനിട്ടക്കവിതയെക്കുറിച്ച് ബി. രാജീവന്‍ നടത്തുന്ന ഗൌരവപൂര്‍ണമായ പഠനത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വഗാമിയായ വിപ്ളവകവിയായി ചങ്ങമ്പുഴയെ വിലയിരുത്തുന്ന ഭാഗമാണിത്. ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്ന ഈ സമീപനം യാദൃച്‌ഛികമല്ല. കേസരി ബാലകൃഷ്‌ണപിള്ളയുടെയും സി.ജെ. തോമസിന്റെയും വിമര്‍ശനസമീപനങ്ങളുടെ സമകാലിക വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുകയാണീ വരികള്‍.

ചങ്ങമ്പുഴയുടെ സമകാലികനായിരുന്ന കേസരി ചങ്ങമ്പുഴയുടെ വ്യക്തിത്വത്തിലെ തമഃപ്രകാശശബളശ്രീ കൃത്യമായി ശ്രദ്ധിച്ചിരുന്നു. സ്‌പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ മുഖവുര അദ്ദേഹം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. 'ശ്രീ ചങ്ങമ്പുഴ അനന്യസദൃശങ്ങളായ തന്റെ ഗാനങ്ങള്‍ മുഖേന കേരളീയരെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് നീണാള്‍ വാഴുമാറാകട്ടെ.' ഇത് കേവലമൊരാശംസയല്ല. ചങ്ങമ്പുഴയെക്കുറിച്ച് കേസരിക്കുണ്ടായിരുന്ന ആപല്‍ഭീതി ഈ വരികളില്‍ നിഴലിക്കുന്നുണ്ട്. സൂക്‌ഷ്‌മഗ്രഹണശക്തി അധികമുള്ളതുകൊണ്ട് കാലഘട്ടത്തിനും മുന്‍പേ ചിന്തിച്ച് സ്വന്തം ജീവിതം നരകതുല്യമാകുന്ന പ്രതിഭാശാലികളായ കലാകാരന്മാരെക്കുറിച്ച് റൊമെയ്ന്‍ റൊളാങിന്റെ വാക്കുകളുദ്ധരിച്ചുകൊണ്ട്, 'സൃഷ്‌ടിക്കുന്നതായാല്‍ മരണത്തെ ജയിക്കാം' എന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ഈ ആശംസ എന്നതു ശ്രദ്ധിക്കണം. എന്നാല്‍ അധികം വൈകാതെ ചങ്ങമ്പുഴ അന്തരിച്ചു.

കേസരിയുടെ മുഖവുരയോടുകൂടിയ 'സ്‌പന്ദിക്കുന്ന അസ്ഥിമാട'ത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 'യവനിക' എന്ന കാവ്യമാണ് ചങ്ങമ്പുഴ പൂര്‍ത്തിയാക്കിയത്. ഒരു മാറ്റൊലിക്കവിയുടെ പാണ്ഡിത്യഡംഭില്‍ മയങ്ങി ഒരു രാജാവ് വരകവിയായ ശേഖരനെ അദ്ദേഹം പരാജയപ്പെടുത്തിയതായി വിധിക്കുന്നതും ശേഖരന്‍ ആത്മഹത്യ ചെയ്യുന്നതും രാജപുത്രി പിതൃവിധി തെറ്റാണെന്നും ശേഖരനാണ് യഥാര്‍ഥകവിയെന്നും പ്രസ്‌താവിക്കുന്നതുമാണ് 'യവനിക'യിലെ കഥാതന്തു. അതിലെ ശേഖരന്റെ മരണമൊഴിയിലെ 'വൈകി' എന്ന ഒറ്റപ്പദത്തില്‍ തനിക്കുള്ള മറുപടിയാണെന്ന് കേസരി എഴുതുന്നു. "അഭ്യസ്‌തവിദ്യരായ സഹൃദയലോകത്തിന്റെ ഭൂരിഭാഗവും തന്റെ കാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുന്നതുകണ്ട് നൈരാശ്യപ്പെട്ട താന്‍ മരണത്തിലേക്കു നയിക്കുന്ന ഉഗ്രമായ ഒഴുക്കില്‍ മനഃപൂര്‍വം എടുത്തുചാടിക്കളഞ്ഞതു നിമിത്തം അഭ്യസ്‌തവിദ്യസഹൃദയലോകത്തിലെ അല്‍പപക്ഷത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ ചെയ്‌ത പ്രശംസയും അപേക്ഷയും വൈകിപ്പോയി എന്നാണ് ഇതിലെ ധ്വനി.''2 തുടര്‍ന്ന് ചങ്ങമ്പുഴയുടെ തത്വശാസ്‌ത്രമെന്തെ ന്ന അന്വേഷണത്തിലേക്കു കടക്കുകയാണ് കേസരി. തത്വശാസ്‌ത്രമെന്ന പദമാണുപയോഗിക്കുന്നതെങ്കിലും പ്രത്യശാസ്‌ത്രമെന്ന അര്‍ഥത്തിലാണദ്ദേഹം അതുപയോഗിച്ചിരിക്കുന്നതെന്ന് സൂക്‌ഷ്‌മവിശകലനത്തില്‍ വെളിവാകും.

ജീവിതാനുഭവങ്ങള്‍ നല്‍കുന്ന വിജ്ഞാനം (Knowledge) കലാകാരന്മാരിലുണ്ടാക്കുന്ന ജ്ഞാനം (Illumination) വൈരാഗ്യ (Self-renunciation)ത്തിലെത്തിച്ചേര്‍ന്നാല്‍ അത്തരം കവികള്‍ റൊമാന്റിക് ഹ്യൂമനിസ്റുകളോ പുരോഗമന സാഹിത്യകാരന്മാരോ ആയിത്തീരുമെന്നും അത് വൈരാഗ്യത്തിലെത്തിയില്ലെങ്കില്‍ പരാജയ (Realist) പ്രസ്ഥാനക്കാരാവുമെന്നും കേസരി പറയുന്നു. ചങ്ങമ്പുഴ ഏറിയപങ്കും റിയലിസ്‌റ്റും അപൂര്‍വമായി മാത്രം ആദ്യവിഭാഗത്തില്‍പ്പെടുന്നയാളുമായിരുന്നു എന്നാണ് കേസരിയുടെ കണ്ടെത്തല്‍, "ഓരോരുത്തനും അവന്റെ കഴിവനുസരിച്ച് വികസിക്കാന്‍ ഇന്നത്തെ സമുദായം അനുവദിക്കുന്നില്ല എന്നതാണ് ഈ തത്വശാസ്‌ത്രം. ഇതിനെപ്പറ്റിയുള്ള വിലാപങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ ഭൂരിഭാഗത്തിലും അടങ്ങിയിട്ടുള്ളത് ''3 എന്നാണ് ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ഇതു പരിഹാരിക്കാനുള്ള മാര്‍ഗമായി സാര്‍വത്രികമായ സ്‌നേഹത്തെയും സഹിഷ്‌ണുതയെയും അദ്ദേഹം കണ്ടു. സ്‌ത്രീയെ ഈ സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും പ്രതീകമാക്കി അദ്ദേഹമെഴുതിയ കവിതകള്‍ സിംബലിസ്‌റ്റ് സാങ്കേതികമാര്‍ഗത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ നിമിത്തം പച്ച ശൃംഗാരകവിതകളായി പരിഗണിച്ച് അദ്ദേഹത്തെ ആളുകള്‍ പഴിച്ചു എന്ന് കേസരി എഴുതുന്നു.

സ്‌ത്രീപുരുഷബന്ധത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങമ്പുഴ സ്വീകരിച്ചിരുന്ന നിലപാടിനെപ്പറ്റി സി.ജെ. തോമസും ബി. രാജീവനും എഴുതുന്നുണ്ട്. കേരളത്തിലെ യാന്ത്രികമായിത്തീര്‍ന്ന പുരോഗമനവിമര്‍ശനം എം.എസ്. ദേവദാസിലൂടെ പ്രണയചിത്രീകരണത്തിന്റെ പേരില്‍ ചങ്ങമ്പുഴയെ ചിത്രവധം ചെയ്‌ത പശ്ചാത്തലത്തിലാണ് സി.ജെ. തോമസ് 'എന്റെ ചങ്ങമ്പുഴ' എന്ന ലേഖനമെഴുതുന്നത്. തിര്യഗ്‌സാധാരണമായ ഒരു വികാരത്തെ വൃത്തത്തിലാക്കി വിതറി വിറ്റുപണമുണ്ടാക്കിയ ഒരാളായി ദേവദാസ് ചങ്ങമ്പുഴയെ ചിത്രീകരിച്ചിരുന്നു. പ്രേമം പുരോഗമനസാഹിത്യത്തിന് വിഷയമാകാമോ എന്ന അസംബന്ധപ്രശ്‌നത്തെ സി.ജെ. നേരിടുന്നത് പ്രേമം സമ്പത്തും ജാതിയും കൊണ്ട് വിലക്കപ്പെട്ട ഒരു സമൂഹത്തില്‍ പ്രേമത്തെക്കുറിച്ചെഴുതിയതുകൊണ്ട് മഹാനായിത്തീര്‍ന്ന ഒരു കവിയാണ് ചങ്ങമ്പുഴ എന്നു പറഞ്ഞുകൊണ്ടാണ്. ഇടതുപക്ഷത്താലും വലതുപക്ഷത്താലും ദ്രോഹിക്കപ്പെട്ട ആ മനുഷ്യനെഴുതിയ സമത്വവാദപരമായ കവിതകളില്‍ തന്നെപ്പോലൊരു സമത്വവാദിക്കു തോന്നുന്ന ആത്മൈക്യമല്ല തന്റെ ചങ്ങമ്പുഴപക്ഷപാതത്തിനടിസ്ഥാനമെന്ന് സി.ജെ.വ്യക്തമാക്കുന്നു. "ചങ്ങമ്പുഴയെ ഞാന്‍ സ്‌നേഹിക്കുന്നത് അദ്ദേഹം ഒരു പ്രേമഗായകനായതുകൊണ്ടാണ്. അതുമായി യോജിക്കാത്തതാണ് എന്റെ മാർക്‌സിസമെങ്കില്‍ ഞാന്‍ ആ മാർക്‌സിസം താഴത്തിറക്കിവയ്‌ക്കും.''4 എന്ന് സി.ജെ. പ്രഖ്യാപിക്കുന്നു.

സോവിയറ്റ് യൂണിയനിലെ ഇന്നത്തെ സാഹിത്യത്തിന്റെ ഗതിനോക്കി വ്യത്യസ്‌ത ചരിത്ര - ദേശീയസാഹചര്യമുള്ള കേരളത്തില്‍ പുരോഗമനസാഹിത്യമുണ്ടാക്കാന്‍ നടത്തുന്ന യത്നത്തിന്റെ അപാകത സി.ജെ. എടുത്തു പറയുന്നു. കേസരിയുടെ വീക്ഷണത്തെ പിന്തുടര്‍ന്നുകൊണ്ടാണിതെന്നു വ്യക്തം. "ഒരു കാര്യം മനസ്സിലാക്കാനുള്ളത് റിയലിസവും സോഷ്യലിസ്‌റ്റ് റിയലിസവും രണ്ടാണെന്നതാണ്. റിയലിസം പരാജയപ്രസ്ഥാനമാണ്, വിപ്ളവത്തിനുമുന്‍പ് സമുദായത്തിന്റെ അധഃപതിച്ച അവസ്ഥയെയാണത് ചിത്രീകരിക്കുന്നത്. അവിടെ മര്‍ദനം കാണും, നിരാശകാണും, ആത്മഹത്യയും.''5 കൃതഘ്നതയുടെ അങ്ങേത്തലയോളമെത്തിക്കൊണ്ട് സഞ്ജയന്റെ ജനകീയത എന്തുകൊണ്ട് ചങ്ങമ്പുഴയ്‌ക്ക് മനസ്സിലാകുന്നില്ല എന്ന് ഏതോ പുരോഗമനസാഹിത്യകാരന്‍ ചോദ്യമുയര്‍ത്തിയത്രേ. കേരളത്തിലെ പുരോഗമനസാഹിത്യസംഘടനയെയും സ്‌ത്രീവാദസമീപനങ്ങളെയും തുറന്നെതിര്‍ത്തിരുന്ന, ആ സമീപനത്തിന് സമ്മതിനേടാനായി ഫലിതസാഹിത്യത്തെ ഉപയോഗിച്ചിരുന്ന സഞ്ജയന്റെ പ്രത്യയശാസ്‌ത്രധര്‍മം വ്യക്തമായറിയുന്ന സി.ജെ. വികാരഭരിതനായി എഴുതുന്നതിങ്ങനെയാണ്. "മാന്യരെ, പുരോഗതിക്കുവേണ്ടി രക്തംചൊരിഞ്ഞ സാധാരണജനങ്ങളെയോര്‍ത്ത് ദയവായി നിങ്ങളുടെ മുഷിഞ്ഞ വസ്‌ത്രങ്ങള്‍ മാർക്‌സിസത്തിന്റെ കൊമ്പില്‍ തൂക്കിയിടാതിരിക്കുക.''6

ചങ്ങമ്പുഴക്കവിതയിലെ സ്‌ത്രീപുരുഷബന്ധത്തെക്കുറിച്ച് ബി. രാജീവന്‍ നടത്തുന്ന ഗൌരവപൂര്‍ണമായ പഠനത്തില്‍ കേസരിയുടെയും സി.ജെ.യുടെയും ഭൌതികവാദപരവും പ്രത്യയശാസ്‌ത്രാധിഷ്‌ഠിതവുമായ വിമര്‍ശനരീതിയുടെ വികാസം കാണാം. "സ്‌ത്രീപുരുഷബന്ധം ചങ്ങമ്പുഴക്കവിതയില്‍ ഒരു രോഗപ്രകൃതമായി നാം കാണുന്നു. അതിനാല്‍ ഇത് കവി തന്റെ ചരിത്രഘട്ടത്തോടു പുലര്‍ത്തിയിരുന്ന രോഗബാധിതമായ പ്രതികരണത്തിന്റെ ഏറ്റവും ആത്മാര്‍ഥമായ പ്രതിഫലനമാണ്. സാഫല്യത്തെ വെറുക്കുന്ന പ്രേമത്തിനുവേണ്ടിയുള്ള പ്രേമം, ജീവിതത്തിന്റെ ലക്ഷ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളെ വെറുക്കുന്ന, പ്രവര്‍ത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന അരാജകമനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ ചങ്ങമ്പുഴയുടെ കാവ്യലോകത്തെ നിര്‍ണയിച്ചിരിക്കുന്ന അടിസ്ഥാനശക്തി അരാജകബോധമാണെന്നു തെളിയുന്നു. ചങ്ങമ്പുഴയുടെ ആത്മനിഷേധവും മനുഷ്യനിഷേധവും വിപ്ളവാവേശവുമെല്ലാം ഈ അരാജകബോധത്തിന്റെ പ്രകാശനമാണ്.''7

അരാജകവിപ്ളവത്തിന്റെ പ്രതീകമായ ചങ്ങമ്പുഴ മഹാനായ കവിയാകുന്നത് തന്റെ കവിതയിലൂടെ കാലഘട്ടത്തിന്റെ വൈരുധ്യത്തെ അദ്ദേഹം ഉള്‍ക്കൊണ്ടു എന്നതിനാലാണെന്ന് തുടര്‍ന്ന് ബി. രാജീവന്‍ എഴുതുന്നുണ്ട്. ചങ്ങമ്പുഴ ജീവിച്ച കാലഘട്ടത്തിലെ ഭൌതികജീവിതയാഥാര്‍ഥ്യത്തിന്റെ തലത്തില്‍ നിലനിന്ന അരാജകത്വമാണ് ആ കവിതയില്‍ ആത്മനിഷ്‌ഠാനുഭൂതികളായി രൂപംപ്രാപിച്ചിരിക്കുന്നത്. യാഥാര്‍ഥ്യം അതിന്റെ എല്ലാ വൈരുധ്യങ്ങളോടും കൂടി അനുഭൂതിയായി ചങ്ങമ്പുഴക്കവിതയില്‍ ഗുണപരിണാമം നേടിയിരിക്കുന്നതാണ് ചങ്ങമ്പുഴക്കവിതയുടെ മഹത്വമെന്നും അങ്ങനെയാണ് കവിതയെന്ന കലാരൂപം ചങ്ങമ്പുഴയിലൂടെ ജനകീയമായിത്തീര്‍ന്നതെന്നും അദ്ദേഹം എഴുതുന്നു.

ഓരോരുത്തനും സ്വന്തം കഴിവനുസരിച്ച് വികസിക്കാന്‍ സമൂഹം അനുവദിക്കുന്നില്ല എന്ന പ്രത്യയശാസ്‌ത്രവീക്ഷണവും അതിനനുബന്ധമായി പരാജയ - അരാജകവീക്ഷണഗതികളും സ്വീകരിച്ച ചങ്ങമ്പുഴയ്‌ക്ക് സാമ്പത്തികവും മാനസികവുമായ തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നു എന്ന് കേസരി എഴുതുന്നുണ്ട്. അഭ്യസ്‌തവിദ്യരല്ലാത്ത ജനസാമാന്യം അദ്ദേഹത്തിന്റെ അനന്യസദൃശമായ പ്രതിഭ ജന്മവാസനകൊണ്ടറിഞ്ഞ് അദ്ദേഹത്തെ സഹായിച്ചതു നിമിത്തം സാമ്പത്തിക തടസ്സങ്ങള്‍ ഏറെക്കുറെ അകന്നുപോയെന്നും എന്നാലും ഇടതും വലതും പക്ഷക്കാരുള്‍പ്പെട്ട അഭ്യസ്‌തവിദ്യരുടെ അഭിനന്ദനവൈമുഖ്യമായിരുന്നു അദ്ദേഹം നേരിട്ട മാനസികതടസ്സമെന്നും കേസരി പറയുന്നു. സാഹിത്യശാസ്‌ത്രപരമായ വിസ്‌തൃത വിജ്ഞാനത്തിന്റെ കുറവായിരുന്നു ഇതിനുകാരണം. എന്നാല്‍ ചങ്ങമ്പുഴയുടെ ധാരണ തന്നോടുള്ള വ്യക്തിപരമായ വൈരമാണെന്നായിരുന്നു. അതു ശരിയല്ലെന്ന് കേസരി പ്രസ്‌താവിക്കുന്നു. സംഗീതത്തിനു പ്രാധാന്യം കൊടുത്ത് ദൈനംദിന ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്ന 'ഇശൈ' പ്രസ്ഥാനം തമിഴില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നതൊന്നും നമ്മുടെ അഭ്യസ്‌തവിദ്യര്‍ അറിഞ്ഞിട്ടില്ല എന്ന് കേസരി പറയുന്നു. മാത്രമല്ല, മതത്തിലോ രാഷ്‌ട്രീയവിപ്ളവത്തിലോ ചെന്നവസാനിക്കുന്ന വൈരാഗ്യപന്ഥാവില്‍ ചങ്ങമ്പുഴ ഉറച്ചുനില്‍ക്കാത്തതും നമ്മുടെ അഭ്യസ്‌തവിദ്യര്‍ക്ക് രുചിച്ചില്ല. ചങ്ങമ്പുഴ ഉള്‍പ്പെടുന്ന സ്‌ത്രീചിത്തരായ കവികള്‍ക്ക് അഭിനന്ദനമായിരുന്നു ആവശ്യം. അതു ലഭിക്കാത്തതിനാലാണ് അദ്ദേഹം സ്വയം അകാലമരണം വരിച്ചത്. ഇത്തരത്തില്‍ ഇഞ്ചിഞ്ചായി മരിക്കാനുള്ള നിശ്ചയം ഒരു ധീരനു മാത്രമേ ഉണ്ടാകൂ എന്നു കേസരി പറയുന്നു. തന്നെപ്പോലുള്ള പ്രതിഭാശാലികളും ധീരരുമായ ആളുകളുടെ ആത്മഹത്യകൊണ്ടു മാത്രമേ സമൂഹത്തിന്റെ അസഹിഷ്‌ണുത മാറുകയുള്ളൂ എന്ന് ചങ്ങമ്പുഴ വിശ്വസിച്ചു.

സമൂഹത്തിന് പ്രതിഭാശാലികളെ നശിപ്പിക്കാനാകുമെങ്കിലും അതിന് പ്രതിഭയെ നശിപ്പിക്കാന്‍ സാധ്യമല്ലെന്ന് കേസരി എഴുതുന്നു. മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കാവുന്ന രണ്ടേ രണ്ടു കവികളേ നമുക്കുള്ളു എന്നു കേസരി അഭിപ്രായപ്പെടുന്നു. കുഞ്ചന്‍ നമ്പ്യാരും ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുമാണ് അവര്‍. മലയാളിയുടെ മനോഭാവത്തില്‍ അഞ്ച് അടിസ്ഥാനഘടകങ്ങളുണ്ടെന്ന് കേസരി പറയുന്നു. നടനനൃത്തഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം, നേരിയ വിഷാദാത്മകത്വം, ക്ഷണികമായ വികാരപാരമ്യം എന്നിവയാണവ. ഇതില്‍ ഭൂരിപക്ഷത്തിനെയും തൃപ്തിപ്പെടുത്തുന്നവരാണ് മലയാളികളുടെ മഹാകവികളായി മാറുക. കുഞ്ചന്‍നമ്പ്യാര്‍ നടനനൃത്തഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം എന്നിവയെ തൃപ്തിപ്പെടുത്തി, ചങ്ങമ്പുഴയാകട്ടെ സംഗീതഭ്രമം, നേരിയ വിഷാദാത്മകത്വം, ക്ഷണികമായ വികാരപാരമ്യം എന്നിവയെയും.

ഒരു നരവംശവിഭാഗമെന്ന നിലയില്‍ മലയാളികളുടെ അടിസ്ഥാനമനോഭാവങ്ങള്‍ വ്യക്തമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചങ്ങമ്പുഴക്കവിതയുടെ അനശ്വരത സ്ഥാപിക്കുകയും ചെയ്യുന്നു കേസരിയുടെ നിലപാട്. പുതിയ വായനാസമൂഹം ചങ്ങമ്പുഴയെ എങ്ങനെ സ്വീകരിക്കുമെന്ന് പ്രവചിക്കാനാവുകയില്ല. എന്നാല്‍ ഒരു കാലഘട്ടത്തില്‍ ചങ്ങമ്പുഴ എന്തു ചെയ്‌തുവെന്നത് വളരെ വ്യക്തമാണ്. ആലങ്കാരിക ഭാഷയുടെ അകമ്പടിയോടെയാണെങ്കിലും എം.എന്‍. വിജയന്‍ എഴുതുന്നു. "ചങ്ങമ്പുഴയ്‌ക്ക് വളരെക്കുറച്ചു മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അദ്ദേഹം മലയാളത്തിനു നേടിക്കൊടുത്ത മാര്‍ക്ക് കണക്കാക്കാന്‍ ഒരു മലയാള അധ്യാപകനും കഴിയില്ല. മാര്‍ക്കിടാന്‍ കഴിയുന്നതില്‍ കൂടുതല്‍ മാര്‍ക്ക്, കൂടുതല്‍ നേട്ടം ഒരൊറ്റ മനുഷ്യന്‍ നാട്ടിനുണ്ടാക്കിക്കൊടുത്തു. അദ്ദേഹം കാലഘട്ടം സൃഷ്‌ടിക്കുകയും, എല്ലാവരെയും പാടാന്‍ പ്രേരിപ്പിക്കുകയും പാട്ടുകേള്‍ക്കാന്‍ പ്രേരിപ്പിക്കുകയും കവിത എന്നൊന്നുണ്ടെന്ന് ആസാമിലെയും കാശ്‌മീരിലെയും ബാരക്കുകളിലെ പട്ടാളക്കാരനെക്കൂടി അറിയിക്കുകയും ചെയ്‌തു.''8

ഒരു കാലഘട്ടത്തെ അദ്ദേഹം എങ്ങനെ സൃഷ്‌ടിച്ചുവെന്ന് കൃത്യമായി ബി. രാജീവന്‍ രേഖപ്പെടുത്തുന്നു. "1930കളിലെയും നാല്‍പതുകളിലെയും മലയാളി ജീവിതത്തിലാണ് ചങ്ങമ്പുഴക്കവിത പ്രവര്‍ത്തിച്ചത്. ഇരുപതുകളുടെ അന്ത്യത്തിലെ ലോകസാമ്പത്തികത്തകര്‍ച്ചയും അതിനുശേഷം വന്ന ലോകയുദ്ധവും കൊളോണിയല്‍ വിരുദ്ധസമരങ്ങളുമെല്ലാം ചേര്‍ന്ന് മുതലാളിത്തത്തെ അതിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും മറ്റും മുഖംമൂടികള്‍ മാറ്റി തനിരൂപത്തില്‍ പുറത്തുവരാന്‍ നിര്‍ബന്ധിക്കുന്ന കാലമായിരുന്നു അത്. തന്റെ ആത്മാവിനും ആത്മാര്‍ഥതയ്‌ക്കും ഇടംകണ്ടെത്താനാവാത്ത കപടലോകത്തെ ശപിക്കുകയും ഇനിയും നിലവില്‍വന്നിട്ടില്ലാത്ത ഇടത്തിനായി ദാഹിക്കുകയും ചെയ്യുന്ന ചങ്ങമ്പുഴയുടെ കവിത ആഢ്യഭാവുകത്വത്തിന്റെ ആധികാരികതയ്‌ക്കെതിരായ കലാപത്തിലൂടെയാണ് മലയാളിയുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെയാണ് ചങ്ങമ്പുഴക്കവിത സമൂഹത്തിലെ ഏറ്റവും താഴ്ന്നതട്ടുകളിലേക്കിറങ്ങിച്ചെന്ന് പുതിയൊരു ജീവിതഭാവനയ്‌ക്ക് ഭാഷകൊണ്ട് ഇടം നിര്‍മിക്കാന്‍ ശ്രമിച്ചത്.''

അടിക്കുറിപ്പുകള്‍

1. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 99-100
2. എ. ബാലകൃഷ്‌ണപിള്ള, കേസരിയുടെ സാഹിത്യവിമര്‍ശനങ്ങള്‍, പുറം 244-245
3. അവിടെത്തന്നെ പുറം 245
4. സി.ജെ. തോമസ്, ഇവന്‍ എന്റെ പ്രിയപുത്രന്‍, പുറം 111
5. അവിടെത്തന്നെ പുറം 114
6. അവിടെത്തന്നെ പുറം 117
7. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 534
8. എം.എന്‍. വിജയന്‍, സമ്പൂര്‍ണകൃതികള്‍, വാല്യം ആറ്, പുറം 443
9. ബി. രാജീവന്‍, വാക്കുകളും വസ്‌തുക്കളും, പുറം 409-410


*****

ഡോ. എസ്.എസ്. ശ്രീകുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം : മെയ് 2010


അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചങ്ങമ്പുഴ ഒരു കാലഘട്ടത്തെ എങ്ങനെ സൃഷ്‌ടിച്ചുവെന്ന് കൃത്യമായി ബി. രാജീവന്‍ രേഖപ്പെടുത്തുന്നു. "1930കളിലെയും നാല്‍പതുകളിലെയും മലയാളി ജീവിതത്തിലാണ് ചങ്ങമ്പുഴക്കവിത പ്രവര്‍ത്തിച്ചത്. ഇരുപതുകളുടെ അന്ത്യത്തിലെ ലോകസാമ്പത്തികത്തകര്‍ച്ചയും അതിനുശേഷം വന്ന ലോകയുദ്ധവും കൊളോണിയല്‍ വിരുദ്ധസമരങ്ങളുമെല്ലാം ചേര്‍ന്ന് മുതലാളിത്തത്തെ അതിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും മറ്റും മുഖംമൂടികള്‍ മാറ്റി തനിരൂപത്തില്‍ പുറത്തുവരാന്‍ നിര്‍ബന്ധിക്കുന്ന കാലമായിരുന്നു അത്. തന്റെ ആത്മാവിനും ആത്മാര്‍ഥതയ്‌ക്കും ഇടംകണ്ടെത്താനാവാത്ത കപടലോകത്തെ ശപിക്കുകയും ഇനിയും നിലവില്‍വന്നിട്ടില്ലാത്ത ഇടത്തിനായി ദാഹിക്കുകയും ചെയ്യുന്ന ചങ്ങമ്പുഴയുടെ കവിത ആഢ്യഭാവുകത്വത്തിന്റെ ആധികാരികതയ്‌ക്കെതിരായ കലാപത്തിലൂടെയാണ് മലയാളിയുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചത്. അങ്ങനെയാണ് ചങ്ങമ്പുഴക്കവിത സമൂഹത്തിലെ ഏറ്റവും താഴ്ന്നതട്ടുകളിലേക്കിറങ്ങിച്ചെന്ന് പുതിയൊരു ജീവിതഭാവനയ്‌ക്ക് ഭാഷകൊണ്ട് ഇടം നിര്‍മിക്കാന്‍ ശ്രമിച്ചത്.''