Saturday, August 7, 2010

ജീവിതവായനയുടെ സര്‍ഗതാളം

വായനയിലേക്കു പ്രവേശിക്കുകയെന്നത് നിരവധി ആഗ്രഹങ്ങള്‍ മാറ്റിവച്ചും വായിക്കപ്പെടുന്ന വിഷയത്തെക്കുറിച്ചുള്ള താല്‍പ്പര്യം മുന്‍നിര്‍ത്തിയുമാണ്. നോവല്‍ വായിക്കണമോ, കഥയിലൂടെ പോകണമോ, കവിതയിലൂടെ സഞ്ചരിക്കണമോ, ഫലിതങ്ങളുടെ രസച്ചരടിലൂടെ എല്ലാംമറന്ന് നടന്നുനീങ്ങണമോ എന്നെല്ലാം ഉള്ളില്‍ തികട്ടിവരുന്ന ചില മാനസികപ്രശ്‌നങ്ങള്‍ തന്നെ. എന്തുതന്നെയായാലും വായന മനുഷ്യജീവിതത്തിന് മുതല്‍ക്കൂട്ടാവണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം ചില ചിന്തകള്‍ക്കിടയിലാണ് റസൂല്‍ പൂക്കുട്ടിയുടെ ആത്മകഥ 'ശബ്‌ദതാരാപഥം' തെരഞ്ഞെടുത്തത്. അതിനുപിന്നിലെ ചാലകശക്തി: കുഗ്രാമപരിസരത്തു ജീവിച്ച് സഹനത്തിന്റെ മഹാനഗരം പിന്നിട്ട് പ്രശസ്‌തിയുടെ ശിഖരത്തിലെത്തിയ ഈ നാല്‍പ്പതുകാരനെപ്പോലെ മറ്റൊരു പ്രതിഭയെ കേരളം കണ്ടിട്ടില്ല. ശബ്‌ദമിശ്രണത്തിന് ഓസ്‌കാര്‍ ലഭിച്ച റസൂലിനെ ഓസ്‌കാര്‍ നിര്‍ണയസമിതിയിലേക്കു തെരഞ്ഞെടുത്ത് അക്കാദമി മറ്റൊരു അംഗീകാരംകൂടി നല്‍കിയത് ഈ പ്രതിഭയുടെ തിളക്കം വര്‍ധിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ ജീവിതം വായിക്കുമ്പോള്‍ ഏതൊരാള്‍ക്കും ആത്മവിശ്വാസം വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനുദാഹരണമാണ് ഈ അനുഭവസാക്ഷ്യങ്ങള്‍. "ഞാന്‍ ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ട് പക്ഷേ, വളരെ വളരെ സന്തോഷവാനായി ജീവിക്കുന്ന കാലഘട്ടമാണിത്. ഈ കഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കുമത് സന്തോഷമുണ്ടാക്കുമെങ്കില്‍, എനിക്ക് അതൊരു വലിയ അംഗീകാരവും തൃപ്‌തിയുമാണ് '' എന്ന് നമ്മോടു തുറന്നു സമ്മതിക്കുന്നു. പ്രപഞ്ചത്തിന്റെ അനുകരണമായ കഥാലോകത്ത് എഴുത്തുകാരന്‍കൊണ്ടുവരുന്ന ജീവിതവും കഥാപാത്രങ്ങളും കഥാപരിസരവും സാങ്കല്‍പ്പികമായിരിക്കുമ്പോള്‍ സമയഗണന- കാലഗണന സാങ്കല്‍പ്പികമായിത്തന്നെ നിലകൊള്ളുന്നു. ഉമ്മയില്‍നിന്ന് മകനിലേക്കുള്ള ദൂരവും മകനില്‍നിന്ന് പുഴയിലേക്കും കടലിലേക്കും സ്‌കൂളിലേക്കും നഗരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള ദൂരവും അളന്നുമുറിക്കാന്‍ കഴിയാത്ത ഒരവസ്ഥ എല്ലാ എഴുത്തിലുമുണ്ട്.

ആത്മകഥയില്‍ അത്തരം കഥാപാത്രപരമായോ കഥാപരിസരപരമായോ ജീവിതവുമായോ ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയില്ല. എല്ലാ കഥയും നടക്കുന്നത് യഥാര്‍ഥ ചുറ്റുപാടിലാണ്. നമ്മള്‍ വായിച്ചുനീങ്ങുന്നത് യാഥാര്‍ഥ്യത്തിന്റെ ഭൂമികയിലാണ് എന്ന് പറയാം. ആത്മകഥ ആത്മപരിസരവുമായി കൃത്യത പാലിക്കുന്നു. എങ്കിലും എഴുത്തിന്റെ സാങ്കേതികതയില്‍ കുടുങ്ങി ആത്മകഥയ്‌ക്ക് പരിമിതികളുണ്ടെങ്കിലും ബൃഹത്തായ കാലത്തിലൂടെ, വിപുലമായ ഭൂമിശാസ്‌ത്രത്തിലൂടെ റസൂല്‍ പറയുന്ന അനുഭവകഥകള്‍ അതിമനോഹരങ്ങളാണ്. അത് വായനക്കാരനെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും കരളലയിപ്പിക്കുകയും പ്രചോദിപ്പിക്കുകയുംചെയ്യുന്നു. കേരളത്തിന്റെ മുഖഛായയുംലോകസമ്പത്തിന്റെ ഗതിവിഗതികളും മാറിയ നാല്‍പ്പതു കൊല്ലക്കാലത്തിനിടയിലാണ് അദ്ദേഹം ജീവിച്ചുവരുന്നത് എന്നുള്ളതുകൊണ്ടുതന്നെ രാഷ്‌ട്രീയ-സാമ്പത്തിക-വൈജ്ഞാനിക മാറ്റത്തിന്റെ അനുരണനങ്ങള്‍ വ്യക്തിയില്‍ സൃഷ്‌ടിച്ച സംഘര്‍ഷത്തിന്റെ കഥകൂടി പങ്കുവയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. "ബാപ്പ മരിക്കുന്നതായിട്ട് പലതവണ ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. പലതവണ ഫോണ്‍ബെല്‍ കേട്ട് അത് ബാപ്പയുടെ മരണവാര്‍ത്തയാണെന്നു ശഠിച്ച് രാത്രി ഞെട്ടിയുണര്‍ന്നിട്ടുണ്ട്. ഒരര്‍ഥത്തില്‍ ബാപ്പയിപ്പം മരിക്കും മരിക്കുമെന്നു തോന്നീട്ടുണ്ട്. ആ മരണം എന്റെ അള്‍ട്ടീരിയര്‍ വിഷായിട്ടു മാറിയിട്ടുണ്ടായിരുന്നു. അപ്പോഴാണ് ഒരിടിപോലെ എന്റെ ഉമ്മ മരിക്കുന്നത്. ഉമ്മ പറയുമായിരുന്നു ഉമ്മ 63-ാമത്തെ വയസ്സില്‍ മരിക്കുമെന്ന്. 'ഓ പിന്നേ എല്ലാം എഴുതിവെച്ചിരിക്കുവല്ലെ! അള്ളാവിന്റെ ഏറ്റവും അടുത്ത ആളാ ഉമ്മ!' എന്ന് ഞങ്ങള്‍ ഉമ്മയെ അപ്പോഴൊക്കെ കളിയാക്കുമായിരുന്നു. ഉമ്മ മരിച്ചതിനുശേഷമാണ് ഉമ്മ ഭയങ്കര ദിവ്യത്വമുള്ള ഒരു സ്‌ത്രീയായിരുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങിയത്. ഉമ്മ പലപ്പോഴും പറയുന്ന കാര്യങ്ങള്‍ അച്ചട്ടായിട്ടു സംഭവിച്ചിട്ടുണ്ട് ''.

ഓരോ പേജും അടുത്തതിലേക്ക് നീളുന്നതറിയാതെ വായന എത്ര സമയത്തേക്കും കൊണ്ടുപോകാവുന്ന തുടര്‍ച്ചയുടെ മാന്ത്രികത ഈ എഴുത്തിലുണ്ട്. ജനനം, കുട്ടിക്കാലം, സ്‌കൂള്‍, കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, സിനിമ തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യം ഈ ആത്മകഥയില്‍ കാണാം. ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാതെ തുറന്നമനസ്സില്‍നിന്നൊഴുകുന്ന എഴുത്തായി ഇത് പരിണമിക്കുമ്പോള്‍ റസൂലെന്ന വ്യക്തിയോടുള്ള ആദരം മറ്റൊരു തലത്തിലെത്തുകയാണ്.

സത്യത്തില്‍ എനിക്ക് പിടിയില്ലാത്ത ഒരുകാര്യം എന്റെ ജന്മദിനമാണ്. എന്റെ ഹാപ്പി ബര്‍ത്ത്ഡേ ഞാന്‍ ആഘോഷിക്കാറില്ല. കാര്യം ഉമ്മയോടു ചോദിച്ചപ്പോള്‍ ഏതോ ഒരു മഴയ്‌ക്കു പിമ്പോ അതോ മുമ്പോ ആണെന്നുള്ളത് ഉറപ്പാണെന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു "അല്ല അന്ത്രാം കൊച്ചാപ്പ മരിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പാ''ണെന്ന്. ആകെയുള്ള ചരിത്രരേഖ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റാണ്. ചേരാന്‍ സൌകര്യത്തിന് വയസ്സുതികച്ച് ഹെഡ്‌മാസ്റ്റര്‍ കൃഷ്ണന്‍നായര്‍സാര്‍ എനിക്കൊരു ജനനത്തീയതി ഇട്ടു. 30-5-1970. അതനുസരിച്ചുള്ള നാളും രാശിയും കണ്ടുപിടിച്ച് ബിഹേവ്ചെയ്‌തു പോരുകയാണ് ഞാന്‍.

അനുഭവങ്ങളുടെ പുസ്‌തകപൂര്‍ണതയ്‌ക്ക് ബൈജു നടരാജ് ഒരു ക്യാമറമാന്റെ മികവോടെ എല്ലാം ഒപ്പിയെടുത്തു എന്നുള്ളത് അഭിനന്ദനാര്‍ഹമാണ്. ഈ അവസരത്തില്‍ ആത്മകഥ വായിക്കുമ്പോള്‍, ക്ഷമിക്കണം. വായിക്കണമെന്നു തോന്നുമ്പോള്‍ റസൂല്‍ പൂക്കുട്ടിയുടെ ബഷീറിയന്‍ടച്ചുള്ള രചന തെരഞ്ഞെടുക്കണമെന്നേ പറയാന്‍ കഴിയൂ. കാരണം അത്ര അസൂയാവഹമാണ് ആ ജീവിതം.

ഓസ്‌ക്കാറൊക്കെ കഴിഞ്ഞ് ഒരുദിവസം ഗള്‍ഫില്‍നിന്ന് ഒരു ഫോണ്‍ വന്നു. സ്‌ത്രീ ശബ്‌ദം. "ങാ! റസൂലാണോ? ഞാന്‍ ഇന്നയാളാണ് '' ങ! ഞാമ്പറഞ്ഞു! എന്റെ പ്രേമം അല്ലിയോ- പത്താംക്ളാസിലെ വിളിക്കുന്നേ! അദ്ദേഹം ഞെട്ടിത്തരിച്ചിരിക്കയാണ്'' നിനക്കെന്നെ ഇപ്പഴും ഓര്‍മയുണ്ടോ''ന്ന് ?

ഞാമ്പറഞ്ഞു. നിന്നെ മറക്കാൻ പറ്റുമോ നമ്മക്ക്. നിന്റെ കണ്ണുംനോക്കി എത്രനാള്‍ പാട്ടുംപാടി നടന്നതാണ് !

പത്താംക്ളാസിലെ പ്രേമം എന്ന അധ്യായം വായിക്കാന്‍ രസമുള്ള മധുരനൊമ്പരമാണ്. ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഈ പുസ്‌തകത്തിന്റെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ട്; അതിനുമപ്പുറം അനുഭവത്തിന്റെ മൂശയില്‍ പകര്‍ന്നുവച്ച നിരവധി സന്ദര്‍ഭങ്ങള്‍ ജ്വലിച്ചുനില്‍ക്കുകയാണ് ഓരോ വളവിലും ചരിവിലും....

ചലിക്കുന്ന പ്രപഞ്ചത്തിന്റെ പൊതുസ്വത്താണ് ശബ്‌ദം. ആ തിരിച്ചറിവും അനുകരണവും വളരെ വ്യാപ്‌തിയുള്ളതും അഗാധവുമാണ്. അതിനെ ഒപ്പിയെടുക്കുക, വിവേചിച്ചറിയുക, സന്ദര്‍ഭത്തിനും കഥാപാത്രത്തിനും ചേരുന്ന രീതിയില്‍ സിനിമയില്‍ കൂട്ടിച്ചേര്‍ക്കുക എന്നത് മഹത്തായ കലയാണ്. അതിലെ ആത്മാര്‍ഥതയാണ് റസൂലിന്റെ ശബ്‌ദജീവിതം. പാരിസ്ഥിതികശബ്‌ദങ്ങളും പെരുമാറ്റജന്യശബ്‌ദങ്ങളും അനുകരണ (കൃത്രിമ) ശബ്‌ദങ്ങളും നേര്‍രേഖയിലേക്ക് സന്നിവേശിപ്പിച്ച് ശബ്‌ദഗരിമ ഉണ്ടാക്കുമ്പോള്‍ ചരിത്രമായിത്തീരുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് നാം നടന്നുപോയത്. "ഏതെങ്കിലും ചെറിയ കാര്യത്തില്‍ നിരന്തരമായി ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമെങ്കില്‍ അസാധ്യമാണെന്നു കരുതുന്ന ഏതു കാര്യവും സാധ്യമായിത്തീരു'മെന്ന പൂക്കുട്ടിയുടെ ഉപദേശം എല്ലാ ചെറുപ്പക്കാര്‍ക്കും ഹൃദയത്തില്‍ നിക്ഷേപിക്കാനുള്ളതാണ്. അതുകൊണ്ടുതന്നെയാണ് പ്രശസ്‌തമായ ബാഫ്‌റ്റ അവാര്‍ഡും സിഎഎസ് അവാര്‍ഡും പിന്നെ ഓസ്‌കാര്‍ അവാര്‍ഡും ജൂറികമ്മിറ്റിയിലേക്കുള്ള നാമനിര്‍ദേശവും കടന്ന് റസൂല്‍ പൂക്കുട്ടി നമ്മെ അതിശയിപ്പിക്കുന്നത്. നിശ്ശബ്‌ദതയിലും ശബ്‌ദമുണ്ടെന്നു തിരിച്ചറിഞ്ഞ് അവയെ പകര്‍ത്തിവയ്‌ക്കുന്ന ഈ ശബ്‌ദാന്വേഷിക്ക് നമ്മുടെ മണ്ണില്‍ പിന്മുറക്കാരുണ്ടാകട്ടെ. അതിനുള്ള പ്രചോദനമാണ് 'ശബ്‌ദതാരാപഥം'.

*****

എസ് എസ് ചന്ദ്രബോസ്, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: