Sunday, August 15, 2010

'കള്ളനെ കണ്ടുവോക്കുന്നലനാടിനെ കൊള്ളയടിച്ചൊരാ സംഘ നേതാവിനെ'

മലയാളികളുടെ മഹോത്സവമാണ് ഓണം. ഓണാഘോഷങ്ങള്‍ ഒഴിവാക്കി കേരളപ്പിറവി ദിവസമായ നവംബര്‍ ഒന്ന് മലയാള മഹോത്സവദിനമാക്കി ആഘോഷിക്കാന്‍ പാകത്തില്‍ മലയാളി വളര്‍ന്നിട്ടില്ല. ഓണം ഹിന്ദുക്കളുടെ മാത്രം ആചാരമാക്കി അവര്‍ക്കു ചാര്‍ത്തിക്കൊടുക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം മലയാളിയും അതിനു ചെവി കൊടുത്തിട്ടില്ല. ഓണം അഡ്വാന്‍സും ബോണസുമൊക്കെ ജാതിമതഭേദം കൂടാതെ എല്ലാ മലയാളികളും സ്വീകരിക്കാറുണ്ട്. ക്രിസ്‌തുമസ്, റംസാന്‍ ഓഫറുകളും ഇതുപോലെ തന്നെ.

കേരളത്തിലെ ഏറ്റവും പുരാതനമായ ആഘോഷമായതിനാല്‍ എഴുതപ്പെടാത്ത പാട്ടുകള്‍ ഓണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അശകൊശലേ പെണ്ണുണ്ടോ എന്ന പാട്ടും ആക്കയ്യിലിക്കയ്യിലോ മാണിക്യ ചെമ്പഴുക്ക എന്ന പാട്ടും ഒന്നുപെറ്റ-നാത്തൂനാരേ മീന്‍കളികാണാന്‍ പോകാമെന്ന പാട്ടും ഓണക്കാലം മലയാളത്തിനു നല്‍കിയതാണ്. ഇവയൊക്കെ ചന്തമുള്ള ചിന്തുകളാണെങ്കിലും ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത് ഒരുങ്ങാതിരുന്നപ്പോള്‍ ഓണം വന്നതിനെക്കുറിച്ചുള്ള പാട്ടാണ്.

മുറ്റമടിച്ചില്ല, ചെത്തിപ്പറിച്ചില്ല
എന്തെന്റെ മാവേലീ ഓണം വന്നു

എന്ന ചോദ്യവുമായി ആരംഭിക്കുന്ന പാട്ട് ചന്തയില്‍ പോകാനും മലക്കറി വാങ്ങാനും കഴിയാത്തതിനെക്കുറിച്ച് പാടി വളരുന്നു.

നെല്ലു പുഴുങ്ങീല തെല്ലു മുണങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നു

എന്നു ചോദിച്ച് പിന്നെയും വികസിച്ച്

നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നില്ല
എന്തെന്റെ മാവേലീ ഓണം വന്നൂ

എന്നു പറഞ്ഞാണവസാനിക്കുന്നത്. വൈക്കത്തു നിന്നും പുറത്തിറങ്ങിയ ഒരു നാടന്‍പാട്ടു ശബ്‌ദകത്തില്‍ ശോകത്താല്‍ ഇമ്പമാര്‍ന്ന വായ്ത്താരിയുടെ അകമ്പടിയോടെ ഈ പാട്ട് ചേര്‍ത്തു കേട്ടിട്ടുണ്ട്.

ഓണത്തിന്, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മീന്‍കറി കൂട്ടുന്നതിനെക്കുറിച്ചും നാട്ടുകവിതയുണ്ട്. ഹിന്ദുമതക്കാരുടെ വിശേഷ ദിവസങ്ങളിലെ സദ്യകളില്‍ സാധാരണ, മത്സ്യം ഒരു വിഭവമാകാറില്ല. ബ്രാഹ്മണ്യത്തിന്റെ കണ്ണുരുട്ടല്‍ കൊണ്ടാകാമിതു സംഭവിച്ചത്. കുഞ്ഞാഞ്ഞയെ അഭിസംബോധന ചെയ്യുന്ന ഈ പാട്ടില്‍ കൊടകരയാറ്റില്‍ കൂരിമീന്‍ സമൃദ്ധമായി ഉണ്ടായതിനെക്കുറിച്ചു പറയുകയും കൂരിക്കറി കൂരിക്കറി തിരിയോണത്തിനു കൂരിക്കറിയെന്നു കൊട്ടിപ്പാടുകയും ചെയ്യുന്നുണ്ട്. ദലിതര്‍ പാടുന്ന പാട്ടാകയാല്‍ തിരുവോണത്തിനു തിരിയോണമെന്ന നാട്ടുമൊഴിയാണുപയോഗിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രിയപ്പെട്ട നാടന്‍പാട്ടുകാരനായ സി ജെ കുട്ടപ്പന്‍ ഈ പാട്ട് അതീവ ഹൃദ്യമായി അവതരിപ്പിക്കാറുണ്ട്.

സൗന്ദര്യത്തില്‍ അധിഷ്‌ഠിതമായ ഭൗതിക ബോധത്തോടെ ഓണത്തെ സമീപിച്ചത് മഹാകവി വൈലോപ്പിള്ളിയാണ്. അരവയര്‍ പട്ടിണിപെട്ടവരും കീറിപ്പഴകിയ കൂറ പുതച്ചവരുമായ ദരിദ്രജനതയോടൊപ്പം നിന്നാണ് മഹാകവി ഓണമെന്ന സുന്ദര സങ്കല്‍പത്തെ സമീപിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, ഗംഗാസമതലത്തിലും ഈജിപ്‌തിലും ഗ്രീസിലും ചൈനയിലും റഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും ഓണത്തിന്റെ വിവിധ സാന്നിധ്യം അദ്ദേഹം കണ്ടെത്തുന്നുണ്ട്.

പുരാതന കാലത്തുണ്ടായിരുന്ന ഒരു സുന്ദര സാമ്രാജ്യം. അവിടെ ഒത്തു പുലരുന്ന മനുഷ്യര്‍. വീരന്മാരാണെങ്കിലും വിനയവും കരുണയുമുള്ള പുരുഷന്മാര്‍. പവിത്ര ചരിത്രകളായ സ്‌ത്രീകള്‍. കുടിലത ഇല്ലാത്ത ധിഷണകള്‍. ദേവന്മാരെന്ന മേലാളന്മാര്‍ക്കു അജ്ഞാതമായിരുന്ന ഒരു വന്‍കരയിലെ പൂര്‍ണതയുള്ള മനുഷ്യര്‍. ഈ സാമ്രാജ്യത്തെ ഒരു ഐതിഹ്യത്തിലവസാനിപ്പിക്കാന്‍ മഹാകവി തയ്യാറായില്ല. കരയെ വിഴുങ്ങിയ ഒരു വന്‍കടല്‍ ക്ഷോഭത്തിലാണ് അതിന്റെ തിരോധാനം. വാമനകഥയും മറ്റുചിലര്‍ പറയുന്നുണ്ട്. എന്തായാലും അതിനുശേഷം ഭൂമിയുടെ ശിരസ്സില്‍ നരപോലെ ദേവപുരോഹിത ദുഷ്പ്രഭു വര്‍ഗത്തെ കാണുന്നുണ്ട്. ഇത്തിരിവട്ടം കാണുന്നവരാലും ഇത്തിരി വട്ടം ചിന്തിക്കുന്നവരാലും ലോകം നിറഞ്ഞു. യാഥാര്‍ഥ്യത്തെ സങ്കല്‍പവുമായും പ്രതീക്ഷയുമായും സമന്വയിപ്പിച്ച് സൗന്ദര്യത്തിന്റെ ഉന്നത തലത്തില്‍ നിന്നുകൊണ്ട് ഓണത്തെ എതിരേല്‍ക്കുകയാണ് മഹാകവി. അപ്പോള്‍ കാണുന്ന നിലാവിനെ ദേവന്മാരുടെ പരിഹാസമായി മഹാകവി രേഖപ്പെടുത്തിയിട്ടുമുണ്ട്.

മഹാബലിയെ മുന്‍നിര്‍ത്തി ഹിന്ദുമിഥോളജിയെ ചോദ്യം ചെയ്തത് വയലാര്‍ രാമവര്‍മ്മയാണ്. മഹാബലിയും പരശുരാമനും തമ്മില്‍ ഒരു യുദ്ധമെന്ന കവിതയിലാണ് അവതാരകഥകളിലെ അനൗചിത്യം വയലാര്‍ ചൂണ്ടിക്കാട്ടുന്നത്. മഹാവിഷ്ണു എന്ന ഹിന്ദു ദൈവം മീനായും ആമയായും പന്നിയായും മനുഷ്യ സിംഹമായും അവതരിച്ചതിനുശേഷം വാമനന്റെ വേഷമെടുക്കുന്നു. അതിനു ശേഷമാണ് പരശുരാമാവതാരം. വാമനന്‍ അവതരിക്കുന്നത് കേരളം ഭരിച്ചിരുന്ന മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനുവേണ്ടിയാണല്ലൊ. എന്നാല്‍ കേരളോല്‍പത്തിക്കഥയില്‍ പറയുന്നത് പരശുരാമന്‍ മഴുവെറിഞ്ഞു കേരളം സൃഷ്‌ടിച്ചു എന്നാണ്. ഈ വൈരുദ്ധ്യമാണ് വലയാര്‍ പ്രമേയമാക്കിയത്.

അരൂരിനടുത്തുള്ള കായലോരത്ത് ആവണിവെട്ടം വീണപ്പോള്‍ അക്കരയ്‌ക്കു പോകാനായി ചങ്ങാടം കാത്തുനില്‍ക്കുന്ന മഹാബലി, സൃഷ്‌ടിക്കഥയുരുവിട്ട് നടക്കുന്ന പരശുരാമനെ ആകസ്‌മികമായി കാണുകയും ആ വൃദ്ധന്റെ സത്യനിഷേധങ്ങളെ നിരാകരിച്ചു കൊണ്ട് താനാരാണെന്നറിയാന്‍ നിനക്കുമുമ്പുണ്ടായ വാമനനോട് ചോദിക്കാന്‍ പറയുകയും ചെയ്യുന്നു. ദേവനോ ബ്രാഹ്മണനോ മഹര്‍ഷിയോ അല്ലെന്നും ഈ മണ്ണുപെറ്റ മനുഷ്യനാണ് താനെന്നും മഹാബലി വ്യക്തമാക്കുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തെ സ്പഷ്‌ടമാക്കുന്ന ഈ കവിതയില്‍, പരശുരാമനും മഹാബലിയും തമ്മില്‍ യുദ്ധം ചെയ്യുകയും പരശുരാമന്‍ തോല്‍ക്കുകയും ചെയ്യുന്നു. അതുവഴി വന്ന ചരിത്ര വിദ്യാര്‍ഥികള്‍ പരശുരാമനെ ചൂണ്ടി കള്ളനെ കണ്ടുവോ ക്കുന്നലനാടിനെ കൊള്ളയടിച്ച സംഘനേതാവിനെ എന്നും ഒന്നാമതായി പരദേശിവര്‍ഗത്തെ ഇന്നാട്ടിലെത്തിച്ച ഭാര്‍ഗവരാമനെ എന്നും പറയുന്നുണ്ട്. കാടായ കാടൊക്കെ വെട്ടിത്തെളിച്ചിട്ട കോടാലിയിന്നും കളഞ്ഞില്ല മൂപ്പില എന്നു പരിഹസിക്കുന്നുമുണ്ട്.

ഓണത്തെ വാമന ജയന്തിയാക്കി ചുരുക്കാന്‍ ഉള്ള ശ്രമം പോലും നടക്കുന്ന കേരളത്തില്‍ വൈലോപ്പിള്ളിയുടെയും വയലാറിന്റെയും കവിതകള്‍ ചെറുത്തു നില്‍പിന്റെ ശോഭ നല്‍കുന്നതാണ്.

*****

കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഓണത്തെ വാമന ജയന്തിയാക്കി ചുരുക്കാന്‍ ഉള്ള ശ്രമം പോലും നടക്കുന്ന കേരളത്തില്‍ വൈലോപ്പിള്ളിയുടെയും വയലാറിന്റെയും കവിതകള്‍ ചെറുത്തു നില്‍പിന്റെ ശോഭ നല്‍കുന്നതാണ്.