Friday, August 20, 2010

മന്‍മോഹന്‍സിങ് അറിയാന്‍ ഏവരും ചിന്തിക്കാന്‍

ഇപ്പോഴത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് വ്യക്തി എന്ന നിലയ്ക്ക് നല്ല മനുഷ്യനാണ്. കാപട്യവും അഴിമതിയും മറ്റും ഇല്ലെന്നുതന്നെ പറയാം; ഉണ്ടെങ്കില്‍തന്നെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഏറ്റവും കുറവ് അദ്ദേഹത്തിനാണെന്ന് സമ്മതിക്കാതിരിക്കാന്‍ പറ്റില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ ആരാധ്യത നേടിയെടുക്കാന്‍ ഈ വ്യക്തി തീരെ പോരാ. അത്തരം എത്രയോ പേര്‍ ഓരോ പ്രദേശത്തും കാണും. പക്ഷേ, പ്രധാനമന്ത്രിപദവിയുടെ യോഗ്യത അതിനപ്പുറത്ത് രാഷ്‌ട്രീയമായ ആദര്‍ശസംഹിതയിലുള്ള വിശ്വാസദാര്‍ഢ്യം, ജനസേവനത്തിന്റെ പാരമ്പര്യം, പെരുമാറ്റത്തില്‍ ഉള്ള വശീകരണശക്തി, പ്രഭാഷണത്തിന്റെ ആകര്‍ഷകത്വം, ഇന്ത്യയില്‍ എല്ലാ ദേശമതവര്‍ഗങ്ങളിലും പെട്ടവര്‍ക്ക് പ്രിയങ്കരന്‍-ഇപ്രകാരം പലതുണ്ട് പ്രധാനമന്ത്രിയുടെ വ്യക്തിവൈഭവങ്ങളില്‍ ഉള്‍പ്പെടുന്നതായിട്ട്. ഇവയിലൊക്കെ വളരെ പുറകിലാണ് ഈ സിങ്ജി.

ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥനായി വൈദേശികരില്‍നിന്ന് ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും ഇക്കാലത്ത് പ്രധാനമന്ത്രിയായി അവരോധിക്കില്ല. ഏതെങ്കിലും രാജ്യത്ത് തനി ബ്യൂറോക്രാറ്റായ ഒരാള്‍ പ്രധാനമന്ത്രിയായിട്ട് ഇന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് ഒരിക്കലും ജനകീയമായ സ്വീകാര്യതയുള്ള സ്ഥിതിയല്ല. വിശേഷിച്ച് ഇന്ത്യയില്‍ അത് മധുരിക്കില്ല.

ജനാധിപത്യബോധം പെട്ടെന്ന് ഒരാളില്‍ ഉദയം ചെയ്യുകയില്ല. അതുകൊണ്ടാണ് നീണ്ട ജനസേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യമുള്ള ജീവിതം വേണമെന്ന നിര്‍ബന്ധം വരുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്തുചെയ്‌തു എന്ന ചോദ്യം കേരളത്തിലെ ഒരു സൂപ്പര്‍താരം നേരിട്ടത്, അമ്പരപ്പിക്കുന്ന ഒരുത്തരം തട്ടിവിട്ടിട്ടാണ്-അദ്ദേഹം വല്ലപ്പോഴും സംഭാവനകള്‍ നല്‍കിയിട്ടുണ്ടത്രേ. മന്‍മോഹന്‍സിങ് ആ ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സമാധാനിക്കാം.
ബ്യൂറോക്രാറ്റിന് രാഷ്‌ട്രീയനേതാവിനെപ്പോലെ ചിന്തിക്കാനോ വികാരം കൊള്ളാനോ സാധ്യമല്ല. അവര്‍ക്ക് അങ്ങേയറ്റം ആകാവുന്ന പദവി അംബാസഡറുടേതാണ്. സര്‍ദാര്‍ പണിക്കര്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചു; മറ്റൊന്നും പറയാനില്ല. ജവാഹര്‍ലാല്‍ നെഹ്റു കേംബ്രിഡ്‌ജില്‍ പഠിച്ചു. പക്ഷേ എത്രയോവര്‍ഷം ഗ്രാമീണജനതയുടെ ഇടയിലും മറ്റും പ്രവര്‍ത്തിച്ചു; രാജകീയ ജീവിതം വെടിഞ്ഞു.

ഒരു ബ്യൂറോക്രാറ്റിനു മാത്രമേ ഓക്‌സ്‌ഫോര്‍ഡില്‍ ചെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സദ്ഫലങ്ങളെപ്പറ്റി വാചാലമായി ഘോഷിക്കാന്‍ സാധിക്കൂ. മനോമോഹനനെപ്പോലെ. ബ്രിട്ടീഷ് ഭരണകാലത്ത് ഞങ്ങള്‍ മലയാള പാഠപുസ്‌തകങ്ങളില്‍ അത്തരം ലേഖനങ്ങള്‍ പഠിച്ചിരുന്നു. ഗാന്ധിജിയും നെഹ്റുവും അങ്ങനെ സ്വപ്‌നത്തില്‍പ്പോലും പറയുമോ?

ഇന്ത്യയില്‍ രാഷ്‌ട്രീയനയങ്ങള്‍ ഓരോ സംസ്ഥാനത്തിലും മന്ത്രിസഭകള്‍ ആവിഷ്‌ക്കരിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുന്നു. പക്ഷേ, ഭരണം ഒരിടത്തും മന്ത്രിസഭ ഇച്‌ഛിച്ചതിന്റെ പകുതി ഗുണംപോലും ചെയ്‌തുകാണുന്നില്ലല്ലോ? ഒരു പ്രധാനകാരണം, ഇവ നടപ്പില്‍വരുത്തേണ്ടത് ഉദ്യോഗസ്ഥവൃന്ദമാണെന്നതുതന്നെ. ജനങ്ങള്‍ക്ക് ഗുണംവരുത്തുന്നതിനുവേണ്ട കണ്ണും കരളും അവര്‍ക്കില്ല. എന്തെങ്കിലും ന്യൂനതയുണ്ടെങ്കില്‍ അത് പെരുപ്പിച്ച് എഴുതി, പുതിയ നയത്തിന്റെ ആനുകൂല്യം പാവങ്ങളില്‍നിന്ന് തടഞ്ഞുവയ്‌ക്കുവാന്‍ ഇക്കൂട്ടര്‍ അതിവിരുതന്മാരാണ്. വേണമെന്ന് വിചാരിച്ചാല്‍, ഗുണം വരുന്ന രീതിയില്‍ വ്യവസ്ഥകള്‍ വ്യാഖ്യാനിച്ചെഴുതാന്‍ ഇവര്‍ക്ക് കഴിയും. പക്ഷേ ചെയ്യില്ല. കഴുകന്‍ ശവങ്ങളില്‍ നോട്ടം അര്‍പ്പിക്കുന്നു. ഇവര്‍ ഒബ്‌ജക്ഷനുകളില്‍ ശ്രദ്ധ ചെലുത്തുന്നു. എല്ലാ എതിര്‍പ്പിനെയും തൃണവല്‍ഗണിച്ചുകൊണ്ട് പൂര്‍ണബലത്തോടെ ഈ വര്‍ഗം സംസ്ഥാന ഭരണങ്ങളില്‍ മന്ത്രിസഭയുടെ മനസ്സറിഞ്ഞ് പെരുമാറിയിരുന്നെങ്കില്‍ ഇന്ത്യ സ്വര്‍ഗത്തിന്റെ അയല്‍പക്കത്തെങ്കിലും ഇതിനകം എത്തിയേനേ!

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ബാങ്കുകള്‍ കടം കൊടുക്കുന്നു. നല്ല ഉത്തരവുകള്‍ അനുസരിച്ച് എത്രപേര്‍ക്ക് അത് ലഭിക്കുന്നുണ്ട് ? സഹായധനം എത്രപേര്‍ക്ക് തുച്‌ഛകാരണം പറഞ്ഞ് നിഷേധിക്കപ്പെടുന്നില്ല! രാജ്യത്തിന് ദ്രോഹകാരികളായ ഇവരുടെ ഇടയിലുള്ള ഒരു വമ്പന്‍ പ്രധാനമന്ത്രിയായാല്‍ എന്തായിരിക്കും സ്ഥിതി? ആ സ്ഥിതി നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സാധനവിലക്കയറ്റം സൃഷ്ടിക്കുമെന്നുറപ്പായിട്ടും കൂടെക്കൂടെ പെട്രോള്‍വില കൂട്ടുന്ന അസാധാരണമായ ദ്രോഹപരിപാടി കേന്ദ്രം അംഗീകരിക്കുന്നത് ഹൃദയം ഭരണക്കസേരയിലിരുന്ന് മുരടിച്ചുപോയ ആള്‍ തലപ്പത്ത് വിലസുന്നതുകൊണ്ടാണ്.

ഈ വിമര്‍ശത്തെ ഞാന്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും സമരകാലഘട്ടത്തിന്റെ ശൈലിയില്‍ മാറ്റിപ്പറയാം. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാലത്താണെങ്കില്‍ അവരുടെ ഹൃദയത്തിന്റെ പൂജാമുറിയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് ദോഷമോ ദ്രോഹമോ ചെയ്യുന്ന ഒരു നയവും ഇന്നത്തെപ്പോലെ അനായാസമായി പാസാവുകയില്ല. ഇത്തരം ഭരണംകൊണ്ട് സോഷ്യലിസം എന്ന വാക്കുതന്നെ ഈ നാട്ടില്‍ അനൌദ്യോഗികമായി നിരോധിക്കപ്പെട്ടില്ലേ? ഇന്ത്യയുടെ മനോമോഹനസ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു അത്. അത് മനോമോഹനനായ ഈ സിങ്ങിന് അറിഞ്ഞുകൂടാ.

ഭരണഘടനയുടെ ആധാരസ്‌തംഭങ്ങളില്‍ ഒന്നാണ് സോഷ്യലിസം. ആധാരസ്‌തംഭങ്ങളുടെ അടിത്തറയിലെ ശിലകളെ കരണ്ട് നശിപ്പിക്കുന്ന മൂഷികന്മാര്‍ക്ക് എന്ത് സോഷ്യലിസം?, എന്ത് ഗാന്ധിസം?, എന്ത് ഭരണഘടന? ഇത് കോണ്‍ഗ്രസിന്റെ ചരിത്രത്തെ അവഹേളിക്കലാണെന്ന് ഉറക്കെപ്പറയാന്‍ ധൈര്യമോ ചരിത്രനിയോഗമോ ഉള്ള ഒരു കോഗ്രസുകാരനുണ്ടോ ഇന്ന് ? ഉണ്ടെങ്കില്‍ ആ നഷ്‌ടപ്പെട്ട വാക്കുകളുടെ പേരില്‍ ഒരാള്‍ക്കും ഒന്ന് വിലപിക്കാന്‍പോലും തോന്നിയില്ലല്ലോ?

കേന്ദ്ര ഗവണ്‍മെന്റ് അണുബാധ പിടിപ്പെട്ട് വലഞ്ഞിരിക്കയാണ്. ആണവകരാര്‍ എന്നും ആണവശക്തി നിര്‍മാണം എന്നൊക്കെ പറഞ്ഞ് ധനം മുഴുവന്‍ പാഴാക്കാനും ദുരന്തങ്ങളെ മുഴുവനും മാടിവിളിച്ച് ആപത്ത് വരുത്താനും എത്രകാലമായി നാം സമയവും ചൈതന്യവും ചെലവഴിക്കുന്നു. എന്ത് നേടാന്‍, ദുരിതവികസനമല്ലാതെ. ഈ മനോമോഹനപ്രചോദനത്തിന്റെ വിനാശകരമായ അപകടങ്ങളെ മുന്‍കൂട്ടി കണ്ട് തടയാന്‍ കോണ്‍ഗ്രസില്‍ ആരുമില്ല. സോണിയ ഗാന്ധിയില്‍നിന്ന് ഒരു തിരുത്തല്‍ ആരും പ്രതീക്ഷിക്കില്ല. അതിന് കഴിവുള്ള കോണ്‍ഗ്രസുകാര്‍ ഒരാളുപോലുമില്ലേ? വിശ്വസിക്കാനാകാത്തതുകൊണ്ട്, കണ്ണീരിനിടയിലൂടെ ചോദിക്കുകയാണ്. ഉണ്ടെങ്കില്‍ അയാള്‍ പ്രധാനമന്ത്രിയാകുമോ? ഇല്ലെന്ന് ഉറപ്പ്. കോണ്‍ഗ്രസ് ഏതൊക്കെ ആദര്‍ശങ്ങളെയാണോ ഉയര്‍ത്തിക്കാട്ടിയത്, അവ ഓരോന്നായി താഴ്ത്തിക്കെട്ടാന്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി വിശ്രമമില്ലാതെ പരിശ്രമിക്കയാണ്. കോണ്‍ഗ്രസുകാര്‍ 'അരുത്' എന്ന് തടഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഈ കര്‍മം തുടരുകയില്ല. അദ്ദേഹം ഇതൊക്കെ ചെയ്യുന്നത് കോണ്‍ഗ്രസ് രക്തത്തില്‍ ഒഴുകാത്തതുകൊണ്ടാണ്. (രക്തത്തില്‍നിന്ന് ആദര്‍ശം കണ്ടുപിടിക്കാമോ എന്ന് ഒരു പത്രത്തില്‍ എഴുതിയിട്ടുണ്ടത്രേ. 'സ്നേഹത്തിന്റെ മുലപ്പാല്‍' എന്ന് പറഞ്ഞാല്‍ 'ഏത് സ്‌ത്രീ' എന്ന് ചോദിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും ഫലമില്ല).

ആദര്‍ശം ഒഴുകുന്ന രക്തസിരകള്‍ ഏത് മനുഷ്യനിലുമുണ്ട്. പ്രധാനമന്ത്രിയില്‍ ബ്യൂറോക്രാറ്റിന്റെ രക്തമാണ് പ്രവഹിക്കുന്നത്. സമ്പൂര്‍ണമായ 'ഡയാലിസിസ്' കൊണ്ടേ അത് മാറ്റി നല്ല കോണ്‍ഗ്രസ് രക്തം പ്രവഹിപ്പിക്കാനാവുകയുള്ളൂ. കോണ്‍ഗ്രസുകാരുടെ ആദര്‍ശസ്‌ഫുരിതമായ വാക്കുകള്‍കൊണ്ടാണ് ഈ 'ഡയാലിസിസ്' നടത്തേണ്ടത്. അത് നടക്കുന്നില്ല. ആദര്‍ശം മറന്നവരാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ഈ കക്ഷിയില്‍.

മന്‍മോഹന്‍ജിയുടെ വഴിതെറ്റിയ പോക്കിന് കടുത്ത ഒരുദാഹരണം ചൂണ്ടിക്കാട്ടാം. ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യസഭാംഗമായി തുടരുന്നു. ഇത് ജനാധിപത്യരീതിയല്ല. നെഹ്റുവിന്റെ കാലത്ത് ഒരു രാജ്യസഭാംഗത്തെ മന്ത്രിയായതിന് ലോക്‌സഭ അദ്ദേഹത്തെ നല്ലപോലെ വിമര്‍ശിക്കുകയുണ്ടായി (ഒന്നാം തെരഞ്ഞെടുപ്പ് നടന്നതിനുശേഷമാണെന്ന് ഒരു പഴയ പത്രപ്രവര്‍ത്തകന്‍ ഉറപ്പുതന്നതുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്. അന്ന് തൃശൂര്‍ എക്സ്പ്രസില്‍ പിടിഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌ത പത്രപ്രവര്‍ത്തകനാണ് ഈ വിവരം എനിക്ക് തന്നത്). അത് ഒഴിവാക്കാനാകാതെ സംഭവിച്ചുപോയതാണെന്നും ഒരിക്കലും രാജ്യസഭാംഗത്തെ പ്രധാനമന്ത്രിയാക്കില്ലെന്നും നെഹ്റു സഭയില്‍ ഉറപ്പ് കൊടുത്തിരുന്നു. തങ്ങളുടെ ഏറ്റവും മഹാനായ ഒന്നാംപ്രധാനമന്ത്രിയുടെ ഈ വാഗ്ദാനം പാലിക്കേണ്ട കടമ ആരുടേതാണ്? എന്താണ് ആ കടമയുള്ള കോണ്‍ഗ്രസുകാര്‍ മിണ്ടാത്തത്? അവര്‍ക്കും ഓര്‍മയില്ല. രക്തത്തില്‍ 'കോണ്‍ഗ്രസ്' ഉണ്ടെങ്കില്‍ ഇത് സംഭവിക്കുമോ!

ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രാജ്യസഭ വഴിയല്ല പ്രധാനമന്ത്രിയായത്. നരസിംഹറാവുവും രാജ്യസഭയെ ആശ്രയിച്ചില്ല. ഇവിടെ ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി എത്രയെത്ര ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞിട്ടും അവയിലൊന്നും മത്സരത്തിനിറങ്ങാതെ സസുഖം, വിഷ്‌ണു അനന്തശയനത്തിലെന്നപോലെ, രാജ്യസഭയുടെ ഫണത്തിന്മേല്‍ കിടന്ന് നാടുവാഴുന്നു. ആരെങ്കിലും പ്രതിഷേധിച്ചോ? കോണ്‍ഗ്രസുകാരും പ്രതിഷേധിച്ചില്ല, പത്രങ്ങളും പ്രതിഷേധിച്ചില്ല. അദ്ദേഹമെന്തിന് അവിടം ഒഴിഞ്ഞ് ലോക്‌സഭാ സീറ്റ് തേടിപ്പോകണം. ലോക്‌സഭ വിട്ട് രാജ്യസഭയിലൂടെ അകത്ത് കടക്കുകയാണ് എളുപ്പമെന്ന് എല്ലാ ജനപ്രിയരായ കോണ്‍ഗ്രസുകാരും കരുതുന്നുണ്ടാവണം.

മന്‍മോഹന്‍സിങ് എത്ര സമ്മേളനങ്ങള്‍ ഒഴിവാക്കി എന്ന് പത്രക്കാര്‍ കണക്കെടുത്തിട്ടുണ്ടോ? ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയുടെ പത്രസമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പരിപാടിയാണ്. പണ്ട് മൊറാര്‍ജി ദേശായി എങ്ങനെയോ ഒരു പത്രസമ്മേളനം ഒഴിവാക്കിയപ്പോള്‍ പത്രക്കാര്‍ ഉണ്ടാക്കിയ പുക്കാര്‍ എത്ര ഘോരമായിരുന്നു! ഇന്ന് മിണ്ടാട്ടമില്ല. അവര്‍ക്കും മടുത്തിരിക്കാം! ഞാന്‍ എഴുതിയ ഈ ലേഖനം എത്ര കോണ്‍ഗ്രസുകാര്‍ കാണുമെന്ന് നിശ്ചയമില്ല. കുറച്ചുപേരെങ്കിലും കാണാതിരിക്കില്ല. അവര്‍ ഇത് ഗൌരവമായ ചിന്താവിഷയമായെടുക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. എന്റെ വാദഗതികള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് കേള്‍ക്കാനും ഞാന്‍ ഒരുക്കമാണ്. എങ്കിലും പലതും പാര്‍ടിയുടെ ഉന്നതനേതാക്കളുടെ നാക്കുപോലും സ്‌തംഭിപ്പിക്കാവുന്നവയാണ്. ഇങ്ങനെപോയാല്‍ കോണ്‍ഗ്രസില്‍ എത്ര ശതമാനം ശുദ്ധരക്തം അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്കും അവശേഷിക്കും?

*****

സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതകാലം മുഴുവന്‍ ഉദ്യോഗസ്ഥനായി വൈദേശികരില്‍നിന്ന് ശമ്പളം പറ്റിയ ഒരാളെ ഒരു രാജ്യവും ഇക്കാലത്ത് പ്രധാനമന്ത്രിയായി അവരോധിക്കില്ല. ഏതെങ്കിലും രാജ്യത്ത് തനി ബ്യൂറോക്രാറ്റായ ഒരാള്‍ പ്രധാനമന്ത്രിയായിട്ട് ഇന്നുണ്ടോ എന്ന് ഞാന്‍ പരിശോധിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് ഒരിക്കലും ജനകീയമായ സ്വീകാര്യതയുള്ള സ്ഥിതിയല്ല. വിശേഷിച്ച് ഇന്ത്യയില്‍ അത് മധുരിക്കില്ല.

ജനാധിപത്യബോധം പെട്ടെന്ന് ഒരാളില്‍ ഉദയം ചെയ്യുകയില്ല. അതുകൊണ്ടാണ് നീണ്ട ജനസേവനത്തിന്റെയും ത്യാഗത്തിന്റെയും പാരമ്പര്യമുള്ള ജീവിതം വേണമെന്ന നിര്‍ബന്ധം വരുന്നത്. ജനങ്ങള്‍ക്കുവേണ്ടി എന്തുചെയ്‌തു എന്ന ചോദ്യം കേരളത്തിലെ ഒരു സൂപ്പര്‍താരം നേരിട്ടത്, അമ്പരപ്പിക്കുന്ന ഒരുത്തരം തട്ടിവിട്ടിട്ടാണ്-അദ്ദേഹം വല്ലപ്പോഴും സംഭാവനകള്‍ നല്‍കിയിട്ടുണ്ടത്രേ. മന്‍മോഹന്‍സിങ് ആ ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ലെന്ന് സമാധാനിക്കാം.
ബ്യൂറോക്രാറ്റിന് രാഷ്‌ട്രീയനേതാവിനെപ്പോലെ ചിന്തിക്കാനോ വികാരം കൊള്ളാനോ സാധ്യമല്ല. അവര്‍ക്ക് അങ്ങേയറ്റം ആകാവുന്ന പദവി അംബാസഡറുടേതാണ്. സര്‍ദാര്‍ പണിക്കര്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ചു; മറ്റൊന്നും പറയാനില്ല. ജവാഹര്‍ലാല്‍ നെഹ്റു കേംബ്രിഡ്‌ജില്‍ പഠിച്ചു. പക്ഷേ എത്രയോവര്‍ഷം ഗ്രാമീണജനതയുടെ ഇടയിലും മറ്റും പ്രവര്‍ത്തിച്ചു; രാജകീയ ജീവിതം വെടിഞ്ഞു.

Anonymous said...

തിലകനെയും മോഹന്‍ലാലിനെയും ഒരു വഴിക്കാക്കി ഇനി മാന്‍ മോഹനോടാണു പോരു, ഉറവ വറ്റി എങ്കില്‍ നാമം ജപിച്ചു വീട്ടിലിരിക്കണം, മാന്‍ മോഹന്‍ സിംഗ്‌ ഒരു വിധം ഇന്ത്യ ഭരിക്കുന്നുണ്ട്‌, വേരെ ആരാണാവോ ഭവാന്‍ ആ പോസ്റ്റിനു യോഗ്യനായി കണ്ടിരിക്കുന്നത്‌ ?

മന്‍ മോഹനു ലോക്‌ സഭ വഴിയും ജയിക്കാന്‍ ഇപ്പോള്‍ പറ്റും എന്താണു അദ്ദേഹം ശ്രമിക്കാത്തതെന്നറിയില്ല എന്തെങ്കിലും കാരണ വശാല്‍ തോറ്റാല്‍ വെറെ ഭമി കാമുകന്‍മാര്‍ ഏറെ ഉണ്ടാകുമെന്നും അവരില്‍ സോണിയക്കു വിശ്വാസം ഇല്ലയെന്നതുമാകാം കാരണം

ഇത്യ ഭരിക്കുന്നത്‌ സിവില്‍ സറ്‍വീസ്‌ എന്ന ഇരുമ്പ്‌ ചട്ടാക്കൂടാണു അതിനെ ത്രിക്കാന്‍ പ്റാഗത്ഭ്യം വേണം നര സിംഹ റവു കഴിഞ്ഞാന്‍ മാന്‍ മോഹനെ അതിനു കഴിഞ്ഞിട്ടുള്ളു

മൊറാറ്‍ജി, ചരണ്‍ സിംഹ്‌, ദേവ ഗൌഡ , ചന്ദ്രശേഖറ്‍ ഒക്കെ ജന നേതാക്കളും യുവ തുറ്‍ക്കികളും ആയിരുന്നു പക്ഷെ ഭരണം എങ്ങിനെ ഉണ്ടായിരുന്നു?

Unknown said...

What about the ruling of Jawahar lal shari, Indira ?

Read this too..to know Manmohan comedy..

http://www.madhyamam.com/story/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87%E0%B4%B1%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82