Tuesday, August 31, 2010

അയിത്തത്തിന്റെ കന്നഡക്കാഴ്ചകള്‍

കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വിട്ട് ബസ് മുന്നോട്ടു നീങ്ങിയപ്പോള്‍തന്നെ ജനങ്ങളുടെ അകല്‍ച്ച പതിയെ പ്രകടമായിത്തുടങ്ങി. തൊലിനിറം അല്‍പ്പം മങ്ങിയതാണെങ്കില്‍ അടുത്തിരിക്കാന്‍ പലര്‍ക്കും മടി. കര്‍ണാടകത്തിന്റെ ഗ്രാമാന്തരങ്ങള്‍ താണ്ടുമ്പോള്‍ ഈ അകല്‍ച്ച വല്ലാതെ അനുഭവപ്പെടും. സംസ്കാരത്തിന്റെ അകല്‍ച്ചയല്ല, മറിച്ച് മുഖം നോക്കി, നിറം നോക്കി, സംസാരശൈലി നോക്കിയാണ് പെരുമാറ്റം. ഈ അസ്വാഭാവികതയില്‍ അത്ഭുതം കൂറി യാത്ര ചെയ്യവെ ബസിന്റെ പിന്‍സീറ്റിലേക്ക് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരുപറ്റം യാത്രക്കാര്‍ പിന്‍സീറ്റിന് തൊട്ടുമുന്നിലെ നിലത്തിരുന്ന് യാത്ര ചെയ്യുന്നു!!! കാരണം അന്വേഷിച്ചപ്പോഴറിഞ്ഞു: അവര്‍ ദളിതരാണ്.

ഒന്നരവര്‍ഷം മുമ്പ് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ കല്‍ക്കുണിയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം. ആഘോഷകമ്മിറ്റിയിലും അന്നദാനത്തിനായുള്ള ഉല്‍പ്പന്നപ്പിരിവിന് വേണ്ടിയുള്ള കമ്മിറ്റിയിലും ദളിതര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടകസമിതി. പാവപ്പെട്ട ദളിതര്‍ തങ്ങളാലാകുംവിധം അരിയും പച്ചക്കറിയും പഴങ്ങളും ഉത്സവകമ്മിറ്റിക്ക് പിരിച്ചുനല്‍കി. എന്നാല്‍, ഉത്സവനാളില്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇവര്‍ അറിയുന്നത് ദളിതര്‍ പിരിച്ചെടുത്ത അരിയും മറ്റും അവര്‍ക്ക് തന്നെ പ്രസാദമായി വിതരണം ചെയ്യാനായിരുന്നുവെന്ന്. ക്ഷേത്രോത്സവം പൊടിപൊടിക്കുമ്പോള്‍ മൂവായിരത്തോളം വരുന്ന ദളിതര്‍ മൂന്നര മീറ്റര്‍ അകലെ പാടവരമ്പത്ത്നിന്ന് ദൈവത്തെ കണ്ട് വണങ്ങി.

ഹൈന്ദവരുടെ കൂട്ടായ്മക്കായി നാവിട്ടടിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ ദളിതരുടെ സ്ഥിതി മേല്‍വിവരിച്ച രണ്ട് ഉദാഹരണങ്ങളില്‍നിന്ന് വ്യക്തം.. ബംഗളൂരുവിനെയും മറ്റും നിക്ഷേപകരുടെ സ്വര്‍ഗമെന്ന് ബിജെപി സര്‍ക്കാര്‍ വാഴ്ത്തുമ്പോഴും കര്‍ണാടകത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അയിത്തവും ജാതീയതയും കൊടികുത്തിവാഴുകയാണ്. അധികൃതരുടെയും സവര്‍ണരുടെയും കടുത്ത വിവേചനത്തിനിരയാകുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങളുടെ ആവലാതികള്‍ ഇവിടെ വനരോദനമാകുന്നു.

ഈ വര്‍ഷം റിപ്പബ്ളിക്ദിനത്തില്‍ ചിത്രദുര്‍ഗ ജില്ലയിലെ ലക്ഷ്മിസാഗര ഗ്രാമത്തില്‍ നടന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിന് കാമുകിയുമായി രക്ഷപ്പെടാന്‍ സൌകര്യം ഒരുക്കിയെന്ന് ആരോപിച്ച് ദളിത് യുവതിയെ ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചശേഷം നഗ്നയാക്കി പഞ്ചായത്ത് റോഡിലൂടെ നടത്തിച്ചു. മാനം കാക്കാന്‍ ഇരുകൈകളും കൊണ്ട് തന്റെ നഗ്നത മറയ്ക്കാന്‍ ശ്രമിച്ച ഈ യുവതിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. സംഭവം വിവാദമായപ്പോള്‍ പൊലീസ് കേസെടുത്തു. ഒടുവില്‍ ഈ സ്ത്രീയുടെ മാനത്തിന് ഇരുപത്തയ്യായിരം രൂപ വിലയിട്ടശേഷം കേസ് പിന്‍വലിക്കാന്‍ ഭീഷണി മുഴക്കുകയാണ് സവര്‍ണക്കോമരങ്ങള്‍ ചെയ്തത്. എന്നാല്‍, ഈ തുക സ്വീകരിക്കാതെ തന്റെ കുടുംബവുമായി മറ്റൊരു ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടു ഈ യുവതി.

കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 24 ശതമാനം ദളിത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്കെതിരെ വ്യാപക അതിക്രമമാണ് നടക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലടക്കം ഭൂരിഭാഗം മേഖലയിലും ദളിത് ജനവിഭാഗത്തെ ഉള്‍പ്പെടുത്തുന്നില്ല. അയിത്തത്തിനെതിരെ നിയമനടപടിയെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നു. ചിത്രദുര്‍ഗ, ബെല്ലാരി, റായ്ച്ചൂര്‍, കൊപ്പാള്‍, രാംനഗര, ഗുല്‍ബര്‍ഗ, ഹാസ്സന്‍, തുംകൂര്‍, ബാഗല്‍കോട്ട്, ബിജാപൂര്‍, കോലാര്‍, ചിക്മംഗളൂരു, ദക്ഷിണകാനറ ജില്ലകളിലാണ് പരിഷ്കൃത സമൂഹത്തിന് അപമാനകരമാംവിധം ജാതീയതയും അയിത്തവും കൊടികുത്തിവാഴുന്നത്. ചിത്രദുര്‍ഗ, ബെല്ലാരി, റായ്ച്ചൂര്‍, കൊപ്പാള്‍, രാംനഗര, ഗുല്‍ബര്‍ഗ, ഹാസ്സന്‍, തുംകൂര്‍, ബാഗല്‍കോട്ട്, ബിജാപൂര്‍, കോലാര്‍, ചിക്മംഗളൂരു എന്നീ ജില്ലകളില്‍ പലയിടങ്ങളിലും ഉയര്‍ന്ന ജാതിക്കാരുടെ കണ്‍മുന്നില്‍ നില്‍ക്കാന്‍പോലും താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ല. ദക്ഷിണകാനറയില്‍ സ്ഥിതി ഇതിലും മോശമാണ്. സവര്‍ണരുടെ യാത്രാമര്‍ഗത്തിലൂടെ നടന്നാല്‍ ചാട്ടയടിശിക്ഷയും നടപ്പാക്കുന്നു. ചിത്രദുര്‍ഗ, ബെല്ലാരി, റായ്ച്ചൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണകാനറയിലെയും ഉഡുപ്പിയിലെയും പ്രശസ്തമായ രണ്ടു ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് ദര്‍ശനത്തിന് പ്രത്യേക വഴിയാണ്. ഇവിടെ ബ്രാഹ്മണരടക്കമുള്ള സവര്‍ണര്‍ ഭക്ഷണം കഴിച്ചശേഷം അഞ്ചാമത്തെ പന്തിയിലാണ് ദളിതര്‍ക്ക് സ്ഥാനം. കീഴ്ജാതിക്കാര്‍ക്ക് ഭക്ഷണം കൊടുത്താല്‍ പരിസരം വൃത്തിയാക്കണമെന്നത് ഇവിടുത്തെ അലിഖിതനിയമം. സവര്‍ണര്‍ നടക്കുന്ന വഴിയിലൂടെ നടന്നാല്‍ ചാട്ടയടി പോലുള്ള പ്രാകൃത ശിക്ഷാരീതി, ദളിതര്‍ക്കായി പ്രത്യേകം കടകള്‍, അങ്ങാടി, പൈപ്പ് എന്നിവ ഇപ്പോഴും പലയിടങ്ങളിലുമുണ്ട്. ദക്ഷിണകാനറയിലെ ക്ഷേത്രങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക വഴിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പന്തിഭോജനം ഇവിടെയില്ല. സവര്‍ണ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന തടാകത്തില്‍നിന്ന് വെള്ളമെടുത്താല്‍ ജാതിപ്പഞ്ചായത്തിന്റെ ശിക്ഷയുണ്ട്. പരസ്യമായി 50 അടി.

അഞ്ചുവര്‍ഷം മുമ്പ് ചിക്ബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കില്‍ സവര്‍ണര്‍ക്കെതിരെ പ്രതികരിച്ചതിന് അഞ്ച് ദളിത് കുടുംബങ്ങളെയാണ് ജാതിപ്പിശാചുക്കള്‍ ചുട്ടെരിച്ചത്. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തെ തടഞ്ഞത് ചോദ്യം ചെയ്തതിന് രാത്രിയില്‍ സംഘടിച്ചെത്തിയ സവര്‍ണരും ജാതിപ്പഞ്ചായത്തും ചേര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു. ഒമ്പത് പേരാണ് അന്ന് വെന്തുമരിച്ചത്. റായ്ച്ചൂരിലും, ചിത്രദുര്‍ഗയിലും മൂന്നു വര്‍ഷത്തിനിടെ ദളിതരെ കായികമായി അക്രമിച്ച 68ലേറെ സംഭവങ്ങളുണ്ടായ സവര്‍ണ ജന്മി-നാടുവാഴികളുടെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍പോലും പൊലീസ് തയ്യാറായില്ല. മാത്രമല്ല പരാതി നല്‍കിയവരെ ഭീഷണിപ്പെടുത്തി കോളനികളില്‍ നിന്നുതന്നെ ഓടിക്കുകയുംചെയ്തു.

മദ്ദൂര്‍, റായ്ച്ചൂര്‍, കൊമ്പെഗുഡി, മാണ്ഡ്യ, ദാവണഗരെ, കല്‍ക്കുണി തുടങ്ങിയ പ്രദേശങ്ങളില്‍ ദളിത് കുടുംബങ്ങളെ പൂര്‍ണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. കടകളില്‍നിന്ന് സാധനങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. കുഴല്‍ക്കിണറുകളില്‍നിന്ന് വെള്ളമെടുക്കാനുള്ള അവകാശം ഇവര്‍ക്കില്ല. മാലുവട്ടി താലൂക്കില്‍ ദളിതര്‍ ക്ഷൌരം ചെയ്യണമെങ്കില്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് പോകണം. ഇവിടെ ഹോട്ടലുകളില്‍ സവര്‍ണര്‍ക്കും പിന്നോക്ക സമുദായക്കാര്‍ക്കുംദളിതര്‍ക്കും വെവ്വേറെ ഗ്ളാസുകള്‍. ദളിതര്‍ക്കുള്ളത് അലുമിനിയം ഗ്ളാസാണ്. ഈ ഗ്ളാസ് കടയുടെ പുറത്തെ വരാന്തയില്‍ നിരത്തിവെച്ചിരിക്കും. യാലദഹള്ളി, ശിവനമലഗരെ എന്നിവിടങ്ങളില്‍ ക്ഷേത്രപരിസരത്ത്നിന്ന് അഞ്ച് കിലോമീറ്റര്‍ മാറിവേണം ദളിതര്‍ നടക്കാന്‍.

നിന്ദ്യമായ ഇത്തരം സംഭവങ്ങളില്‍ പ്രാഥമികാന്വേഷണം പോലും നടന്നിട്ടില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പദ്ധതികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല 7300 കോടി രൂപ നീക്കിവയ്ക്കേണ്ട സ്ഥാനത്ത് അനുവദിച്ചത് 3500 കോടിയാണ്്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ളപല പദ്ധതികളും ലക്ഷ്യം കാണാറില്ല. വന്‍തുക ചെലവഴിച്ച് ക്ഷേമപദ്ധതികള്‍ നടപ്പാക്കിയെന്ന് പറയുമ്പോഴും പലയിടങ്ങളിലും അടിസ്ഥാന പ്രശ്നങ്ങള്‍പോലും പരിഹരിച്ചിട്ടില്ല.

ദേവദാസികളെ പുനരധിവസിപ്പിക്കാന്‍ നടപടി ഇതുവരെയായിട്ടില്ല. ഇവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യംപോലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഗ്രാന്റ്പോലും യഥാസമയം നല്‍കുന്നില്ല. ഏറെ ശോചനീയമായ അവസ്ഥയിലുള്ള ഹോസ്റ്റലുകളിലാണ് ഇവര്‍ കഴിയുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുപോലും ദളിത് ജനവിഭാഗങ്ങളെ അകറ്റിനിര്‍ത്തുന്ന മനോഭാവമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ദളിത് ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതും കൂടി ചേര്‍ത്തുവായിക്കുക:-

കര്‍ണാടകത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ കടുത്ത വിവേചനത്തിനിരയാകുന്നതായി പട്ടികജാതി ക്ഷേമ കമീഷന്‍ ദേശീയ ചെയര്‍മാന്‍ ബൂട്ടാസിങ്. മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് സംസ്ഥാനത്ത് സാമൂഹ്യനീതിയോ ആനുകൂല്യങ്ങളോ യഥാസമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുശാസിക്കുന്ന പല ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ബൂട്ടാസിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ അസന്തുഷ്ടി രേഖപ്പെടുത്തിയ അദ്ദേഹം സര്‍ക്കാര്‍ ഇവര്‍ക്കായി നീക്കിവെച്ച പല പദ്ധതികളും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന പട്ടികജാതി സമുദായത്തിന് 1.2 ശതമാനംപോലും ആനുകൂല്യം ലഭിക്കുന്നില്ല. പല കേന്ദ്രാവിഷ്കൃത പദ്ധതികളും ഇവരിലേക്കെത്തുന്നില്ല. സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്കായി അനവധി പദ്ധതികള്‍ കേന്ദ്രം അനുവദിച്ചുവെങ്കിലും ഇതില്‍ ഭൂരിഭാഗവും നടപ്പായില്ല.

പട്ടികജാതി വിഭാഗത്തിന്വേണ്ടി അനുവദിച്ച പദ്ധതികള്‍ സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് ബൂട്ടാസിങ് ആവശ്യപ്പെട്ടു.

*
പി വി മനോജ് കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരള-കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടി വിട്ട് ബസ് മുന്നോട്ടു നീങ്ങിയപ്പോള്‍തന്നെ ജനങ്ങളുടെ അകല്‍ച്ച പതിയെ പ്രകടമായിത്തുടങ്ങി. തൊലിനിറം അല്‍പ്പം മങ്ങിയതാണെങ്കില്‍ അടുത്തിരിക്കാന്‍ പലര്‍ക്കും മടി. കര്‍ണാടകത്തിന്റെ ഗ്രാമാന്തരങ്ങള്‍ താണ്ടുമ്പോള്‍ ഈ അകല്‍ച്ച വല്ലാതെ അനുഭവപ്പെടും. സംസ്കാരത്തിന്റെ അകല്‍ച്ചയല്ല, മറിച്ച് മുഖം നോക്കി, നിറം നോക്കി, സംസാരശൈലി നോക്കിയാണ് പെരുമാറ്റം. ഈ അസ്വാഭാവികതയില്‍ അത്ഭുതം കൂറി യാത്ര ചെയ്യവെ ബസിന്റെ പിന്‍സീറ്റിലേക്ക് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടി. സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരുപറ്റം യാത്രക്കാര്‍ പിന്‍സീറ്റിന് തൊട്ടുമുന്നിലെ നിലത്തിരുന്ന് യാത്ര ചെയ്യുന്നു!!! കാരണം അന്വേഷിച്ചപ്പോഴറിഞ്ഞു: അവര്‍ ദളിതരാണ്.

അങ്കിള്‍ said...

ഇത്ര മാത്രം ഉച്ച നീചത്വം കോടി കുത്തി വാഴുന്ന കര്‍ണാടകയില്‍ എന്ത് കൊണ്ട് കമ്മ്യൂണിസം പച്ച പിടിക്കുന്നില്ല? കേരള ചരിത്രത്തെക്കാള്‍ മോശമാന്നെന്നല്ലേ കാണുന്നത്. അതോ കേരളം ഇതിനേക്കാള്‍ മോശമായിരുന്നോ? അങ്ങനെയെങ്ങ്കില്‍ കേരളത്തോളം മോശമായ സ്ഥിതി വന്നെത്തുന്നത് വരെ കാത്തിരിക്കാന്‍ ആയിരിക്കും അവരുടെ വിധി.