Tuesday, August 31, 2010

ഉല്‍പ്പാദകര്‍ക്ക് സമൃദ്ധി; തൊഴിലാളികള്‍ക്ക് പരാധീനത

വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ദേശീയ ഉല്‍പ്പാദനയം സംബന്ധിച്ച് ചര്‍ച്ചയ്‌ക്കായി തയ്യാറാക്കിയ പ്രബന്ധം ഇന്ത്യയില്‍ ആസകലം അഞ്ഞൂറിലധികം പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്‌ടിച്ചതിനുശേഷം പുതുതായി നിര്‍മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട് നിയമരാഹിത്യത്തിന്റേതായ ഒരു നൂതന ദ്വീപ് സൃഷ്‌ടിക്കുന്നതിനുള്ള നിര്‍ദ്ദേശം മാത്രമാണ്. 2022 ഓടുകൂടി നിര്‍മ്മാണ മേഖലയുടെ വിഹിതം ജിഡിപിയുടെ ഇപ്പോഴുള്ള 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രഖ്യാപിതലക്ഷ്യമെങ്കിലും ഈ പുതിയ സംരംഭം ഉല്‍പ്പാദന മേഖലയ്‌ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.
നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യവും ബിസിനസ് സൌഹൃദപരവുമായ സംവിധാനം എന്നപേരില്‍, മുനിസിപ്പല്‍ പ്രാദേശിക നികുതികള്‍ക്ക് 10 വര്‍ഷത്തെ മൊറട്ടോറിയം, നാല് ശതമാനം പലിശ ഇളവ് എന്നിവയ്‌ക്കൊപ്പം ആദായനികുതിയില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം വാഗ്ദാനം നല്‍കുന്നതാണ് ഈ നിര്‍ദ്ദേശം. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഉദാരമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ ഉൽ‌പാദനപരമായ വ്യവസായം (Manufacturing Industry) സമ്പദ്ഘടനയിലെ ചോദന (demand) ത്തെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും സമ്പദ്ഘടനയില്‍ ചോദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ഈ പ്രബന്ധം നിര്‍ദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തില്‍, യൂണിറ്റുകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപരി ഈ ഉല്‍പാദന യൂണിറ്റുകളും ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വാദ്ഗാനം ചെയ്യുന്ന ആനുകൂല്യങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണുള്ളത്.

രൂപീകരിക്കപ്പെടുന്ന ഈ പ്രത്യേക സംവിധാനത്തിന്റെ സിഇഒയ്‌ക്ക് അംഗീകാരം നല്‍കാനുള്ള വിപുലമായ അധികാരം ഉണ്ടായിരിക്കും; ഈ അധികാരം ഏകപക്ഷീയമായി ഉപയോഗിക്കാനും ലൈസന്‍സ് രാജ് എന്ന് വിളിക്കപ്പെടുന്ന കാലത്തെപ്പോലെതന്നെ അഴിമതിയുടെ ഉറവിടമായിരിക്കാനും അവസരം നല്‍കുന്നു. അന്താരാഷ്‌ട്ര പാറ്റന്റ് ഫയൽ ചെയ്യുന്നതിനുള്ള ചെലവിന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കുമെന്ന നിര്‍ദ്ദേശം യാതൊരു ന്യായീകരണവുമില്ലാത്ത തികച്ചും അനര്‍ഹമായ ആനുകൂല്യമാണ്; കാരണം പാറ്റന്റിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നത് പാറ്റന്റ് ഉടമസ്ഥര്‍ക്കായിരിക്കും, എന്നാല്‍ അതിന് അപേക്ഷ നല്‍കാനുള്ള ചെലവിന്റെ വിവരം സര്‍ക്കാര്‍ വഹിക്കുകയും വേണം. പാറ്റന്റിന് അപേക്ഷ നല്‍കാന്‍ കഴിവുള്ളവര്‍, ആ അപേക്ഷ നല്‍കാന്‍ കഴിവുള്ളവര്‍, ആ അപേക്ഷ നല്‍കുന്നതിനുള്ള ചെലവ് സ്വന്തമായി വഹിക്കാന്‍ കഴിയാത്തത്ര ദരിദ്രരൊന്നുമല്ലല്ലോ! തങ്ങളുടെ ഉന്നമനത്തിനായി പാറ്റന്റുകളെ ഉപയോഗിക്കുന്ന സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പണം വാരിക്കൂട്ടുകയാണ്. എന്നിട്ടും, അവര്‍ക്ക് പാറ്റന്റിനായി അപേക്ഷ നല്‍കുന്നതിനുപോലും സബ്‌സിഡി അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ കാര്യത്തില്‍ ഉത്തേജനം നല്‍കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ സങ്കല്പനം കുറെ കടന്നതായിപ്പോയി.

പ്രത്യേക സാമ്പത്തിക മേഖലകള്‍ പ്രധാനമായും കയറ്റുമതി അധിഷ്‌ഠിത വ്യവസായങ്ങള്‍ക്കായി നീക്കിവെച്ചവയാണ്. എന്നാല്‍ ഇപ്പോഴത്തെ നിര്‍ദ്ദിഷ്‌ട പദ്ധതി തദ്ദേശീയ വിപണിയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ബാധകമാണ്. നാഷണല്‍ മാനുഫാക്‌ചറിങ് ഇന്‍ഡസ്‌ട്രീസ് സോണിനുള്ളില്‍ പ്രവര്‍ത്തിക്കാത്ത വ്യവസായങ്ങള്‍ക്കെതിരെ വിവേചനവുമുണ്ടാകും. ഉല്‍പാദന മേഖലയെ ആകെ പരിപോഷിപ്പിക്കുന്നതിനു പകരം പ്രത്യേക അവകാശങ്ങളും അനിയന്ത്രിത സ്വാതന്ത്ര്യവുമുള്ള ഉൽ‌പാദകരെ സൃഷ്‌ടിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യാഗവണ്‍മെന്റ് വാഗ്ദാനം നല്‍കുന്ന ആനുകൂല്യങ്ങളുടെ അനര്‍ഹമായ നേട്ടം അനുഭവിക്കുകയാണവര്‍.

ഇനി തൊഴിലാളിവര്‍ഗത്തിന്റെ സ്ഥിതി എന്താണെന്ന് നോക്കാം. "തൊഴില്‍ നിയമങ്ങളില്‍ ഇളവ്'' നല്‍കുന്നത് യാഥാര്‍ത്ഥ്യമാക്കണമെന്നാണ് നിര്‍ദ്ദേശം വ്യക്തമാക്കുന്നത്. ഇപ്പോള്‍ തന്നെ ഈ രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ ശരിയായവിധം നടപ്പിലാക്കപ്പെടുന്നില്ല; തങ്ങളുടെ ദേശവ്യാപകപ്രചരണ പരിപാടിയില്‍ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഈ കാര്യം പ്രധാനമായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ നിയമങ്ങളില്‍ ഇനിയും അയവ് വരുത്തുന്നതിനര്‍ത്ഥം തൊഴില്‍ നിയമങ്ങളൊന്നും നടപ്പാക്കേണ്ടതില്ല എന്നാണ്. തൊഴില്‍ അവസരങ്ങളുടെ കരാര്‍വല്‍ക്കരണവും താല്‍ക്കാലികവല്‍ക്കരണവും അസംഖ്യം സ്ഥിരം തൊഴില്‍ അവസരങ്ങളെ അനൌപചാരിക പദവിയിലേക്ക് മാറ്റിയിരിക്കുകയാണ്. കരാര്‍ തൊഴില്‍ (നിയന്ത്രിക്കലും നിഷേധിക്കലും) നിയമം പരസ്യമായി ലംഘിക്കപ്പെടുകയാണ് ; കേന്ദ്രസര്‍ക്കാര്‍ ഒരു നിശ്ശബ്ദ നിരീക്ഷകനെപ്പോലെയാണ് പെരുമാറുന്നത്. ഇപ്പോള്‍ ചര്‍ച്ചയ്‌ക്കായി അവതരിപ്പിച്ചിരിക്കുന്ന പ്രബന്ധത്തിലെ സങ്കല്‍പ്പനം പ്രയോഗത്തില്‍ വരുത്തുകയാണെങ്കില്‍, തൊഴിലാളിവര്‍ഗത്തിനുമേല്‍ പുതിയ തരത്തില്‍പ്പെട്ട ഒരു അടിമത്തം അടിച്ചേല്‍പ്പിക്കപ്പെടുകയാവും ഉണ്ടാവുക. സ്വാതന്ത്ര്യാനന്തരം ട്രേഡ് യൂണിയനുകള്‍ കൈവരിച്ച നേട്ടങ്ങളാകെ തുടച്ചുനീക്കപ്പെടും.

"പുരോഗമനപരമായ ഒരു നിഷ്‌ക്രമണ നയ''ത്തെ (Exit Policy) ക്കുറിച്ചാണ് നിര്‍ദ്ദിഷ്‌ട നയരേഖയിലെ ചര്‍ച്ചകള്‍. നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പതിനായിരക്കണക്കിന് വ്യവസായ യൂണിറ്റുകളാണ് അടച്ചിടപ്പെടുന്നത്. എന്നാല്‍ ഇത്തരം നിയമപരമായ അടച്ചുപൂട്ടലുകള്‍ക്കെതിരെ ഇന്ത്യാഗവണ്‍മെന്റ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അടുത്തകാലത്ത് സാമ്പത്തിക പ്രതിസന്ധി ഈ രാജ്യത്തെയും ബാധിച്ചതിനെ തുടര്‍ന്ന് ഈ പ്രതിഭാസം സാര്‍വത്രികമായി. ഇപ്പോള്‍ "പുരോഗമനപരമായ'' നിഷ്‌ക്രമണ നയത്തിന്റെ പേരില്‍ തൊഴിലാളികളെ സംരക്ഷിക്കുന്ന കാര്യം പാടെ ഉപേക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ അടച്ചുപൂട്ടലുകള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ്. കമ്പനികള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ കമ്പനിയുടെ ആസ്‌തികള്‍ അപ്പാടെ മാറ്റുന്നതിനു മുന്‍പ് തൊഴിലാളികള്‍ക്ക നല്‍കാനുള്ള കുടിശ്ശിക പൂര്‍ണമായി നല്‍കണമെന്നാണ് നിലവിലുള്ള നിയമം അനുശാസിക്കുന്നത്. അടച്ചുപൂട്ടുന്ന സ്ഥാപനത്തിന്റെ ആസ്‌തികള്‍ മാറ്റുന്നതിനു മുന്‍പ് തൊഴിലാളികള്‍ക്ക് നല്‍കേണ്ട തുക പൂര്‍ണമായും കൊടുത്തുതീര്‍ക്കാന്‍ കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് ഇപ്പോള്‍ നിര്‍ദ്ദിഷ്‌ട നയം വ്യക്തമാക്കുന്നത്. ഇത് തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെട്ട ശേഷം അവര്‍ക്ക് ന്യായമായും നല്‍കേണ്ട കുടിശ്ശികകള്‍ നല്‍കാതിരിക്കും. വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് നിരവധിലക്ഷം തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട കുടിശ്ശികകള്‍ അനുവദിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.

ആഴചയിലെ തൊഴില്‍ സമയം 48 മണിക്കൂറില്‍ നിന്ന് 60 മണിക്കൂറായി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ പറഞ്ഞിരുന്നത്. ഇതിനര്‍ത്ഥം പ്രത്യേകമായി അധികകൂലി നല്‍കാതെ പ്രതിദിനം തൊഴിലാളികള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യണമെന്നാണ്. ഇതിന്റെ ഫലമായി തൊഴിലാളികളുടെ അവസ്ഥ കൂടുതല്‍ വഷളാകും; ഇന്ത്യ ഒരു ക്ഷേമ രാഷ്‌ട്രം ആണെന്ന സങ്കല്‍പ്പനത്തോടുതന്നെ അത് വിടപറയും. ആയതിനാല്‍, ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം നയപരമായ നിര്‍ദ്ദിഷ്‌ട മാറ്റങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതാണ്. തങ്ങളുടെ നയം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിയുകയാണെങ്കില്‍, അതിന്റെ ഫലമായി വ്യവസായ ബന്ധങ്ങളിൽ പരിപൂര്‍ണ്ണ തകര്‍ച്ചയ്‌ക്ക് അത് ഇടയാക്കും. രാജ്യത്തിന്റെ ജിഡിപിയില്‍ ഉല്‍പ്പാദന മേഖലയുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ നീക്കം ഫലത്തിൽ പ്രതികൂല പ്രത്യാഘാതമായിരിക്കും ഉളവാക്കുന്നത്.

*****

എം.കെ. പൻ‌ഥെ, കടപ്പാട് :സി ഐ ടി യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഇന്‍ഡസ്‌ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ദേശീയ ഉല്‍പ്പാദനയം സംബന്ധിച്ച് ചര്‍ച്ചയ്‌ക്കായി തയ്യാറാക്കിയ പ്രബന്ധം ഇന്ത്യയില്‍ ആസകലം അഞ്ഞൂറിലധികം പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്‌ടിച്ചതിനുശേഷം പുതുതായി നിര്‍മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിക്കൊണ്ട് നിയമരാഹിത്യത്തിന്റേതായ ഒരു നൂതന ദ്വീപ് സൃഷ്‌ടിക്കുന്നതിനുള്ള നിര്‍ദ്ദേശം മാത്രമാണ്. 2022 ഓടുകൂടി നിര്‍മ്മാണ മേഖലയുടെ വിഹിതം ജിഡിപിയുടെ ഇപ്പോഴുള്ള 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രഖ്യാപിതലക്ഷ്യമെങ്കിലും ഈ പുതിയ സംരംഭം ഉല്‍പ്പാദന മേഖലയ്‌ക്ക് അനര്‍ഹമായ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.
നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യവും ബിസിനസ് സൌഹൃദപരവുമായ സംവിധാനം എന്നപേരില്‍, മുനിസിപ്പല്‍ പ്രാദേശിക നികുതികള്‍ക്ക് 10 വര്‍ഷത്തെ മൊറട്ടോറിയം, നാല് ശതമാനം പലിശ ഇളവ് എന്നിവയ്‌ക്കൊപ്പം ആദായനികുതിയില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം വാഗ്ദാനം നല്‍കുന്നതാണ് ഈ നിര്‍ദ്ദേശം. പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ഉദാരമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. എന്നാല്‍ ഉല്‍‌പാദനപരമായ വ്യവസായം (Manufacturing Industry) സമ്പദ്ഘടനയിലെ ചോദന (demand) ത്തെ ആശ്രയിച്ചാണിരിക്കുന്നതെങ്കിലും സമ്പദ്ഘടനയില്‍ ചോദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ഈ പ്രബന്ധം നിര്‍ദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തില്‍, യൂണിറ്റുകളിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപരി ഈ ഉല്‍പാദന യൂണിറ്റുകളും ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വാദ്ഗാനം ചെയ്യുന്ന ആനുകൂല്യങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയാണുള്ളത്.