Sunday, August 1, 2010

വിമോചനസമര രാഷ്‌ട്രീയം യുഡിഎഫിന്റെ മുഖമുദ്ര

ജാതിയും മതവും രാഷ്‌ട്രീയത്തില്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പ്രബുദ്ധകേരളം കണ്ടറിഞ്ഞ, കുപ്രസിദ്ധ 'വിമോചനസമര'ത്തിന്റെ അമ്പത്തൊന്നാണ്ട് കടന്നുപോകുന്നു. അന്ന് 'ചുടലക്കള'ത്തില്‍ കാവലിരുന്നവരുടെ പ്രേതം ഇന്നും ഇവിടെ ചുറ്റിത്തിരിയുന്നു!

1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് അധികാരമേറ്റ പതിനൊന്നംഗ മന്ത്രിസഭയുടെ ആദ്യതീരുമാനമായി ആറാം നാളില്‍ (ഏപ്രില്‍ 11ന്) കുടിയൊഴിപ്പിക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചു. സമഗ്രമായ കാര്‍ഷികപരിഷ്‌ക്കരണം ലക്ഷ്യംവച്ച് പിന്നീട് പാസാക്കിയ ഭൂനയബില്‍ പാട്ടക്കാരും വാരക്കാരും കുടിയാന്മാരുമായ ലക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കി.

ദീര്‍ഘവീക്ഷണത്തോടെ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളിലൂടെ യുപിതലംവരെ (പതിനാലുവയസ്സുവരെ)യുള്ള വിദ്യാര്‍ഥികള്‍ക്കെങ്കിലും ആദ്യഘട്ടത്തില്‍ സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം ലഭ്യമാക്കി. എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നേരിട്ട് സര്‍ക്കാരില്‍നിന്ന് ശമ്പളം കിട്ടാന്‍ വ്യവസ്ഥയുണ്ടാക്കി.

ഭൂമിയിലും വിദ്യാഭ്യാസത്തിലും കൈവച്ചപ്പോള്‍ കേരളത്തിലെ പിന്തിരിപ്പന്‍ശക്തികള്‍ സടകുടഞ്ഞെഴുന്നേറ്റു. 'അരക്ഷിതാവസ്ഥ'യും 'ക്രമസമാധനത്തകര്‍ച്ച'യും ആരോപിച്ച് ഗവൺമെന്റിനെതിരെ പടനീക്കി. ജാതി-മതസംഘടനകളെ കോൺഗ്രസ് രംഗത്തിറക്കി. കോൺഗ്രസിന്റെ ഘടനയില്‍തന്നെ ജാതി-വര്‍ഗീയ ചേരിതിരിവ് ഏറെ ശക്തമായി കണ്ടകാലം. മധ്യതിരുവിതാംകൂറിലും പ്രത്യേകിച്ച് മലയോരങ്ങളിലും കോൺഗ്രസ് കമ്മിറ്റികളില്‍ പിടിമുറുക്കിയ ഭാരവാഹികളില്‍ പലരും 'അരമനരാഷ്‌ട്രീയ'ത്തിന്റെ 'കുഞ്ഞാടു'കളായിരുന്നു. ഇവര്‍ ബലിയാടാക്കാന്‍ ശ്രമിച്ചത്, ക്രൈസ്‌തവ സമൂഹത്തിലെ മഹാഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്.

രണ്ടു ഡസനിലേറെ വരുന്ന സഭാവിഭാഗങ്ങളില്‍ പ്രബലവിഭാഗം ലത്തീന്‍ കത്തോലിക്കരാണ്. തീരമേഖലയില്‍ താമസിക്കുന്ന ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളി, കയര്‍ തൊഴിലാളി കുടുംബങ്ങളില്‍ ഏറെയും കുടികിടപ്പുകാരായിരുന്നു. കാര്‍ഷിക പരിഷ്‌ക്കരണ നിയമംമൂലം ഭൂമിയും വിദ്യാഭ്യാസ നിയമത്തിലൂടെ സൌജന്യ വിദ്യാഭ്യാസവും ലഭിക്കാന്‍ അര്‍ഹരായ ഈ പാവങ്ങളില്‍ ഒരു വിഭാഗത്തെയും വിമോചനസമരത്തിന് കരുക്കളാക്കി! പള്ളികളില്‍ കൂട്ടമണി അടിച്ച് ആളെക്കൂട്ടി. മത്സ്യബന്ധനത്തിന് കടലില്‍പോകാതെയും കുട്ടികള്‍ സ്‌കൂളില്‍പോകാതെയും ഗ്രാമീണാന്തരീക്ഷം കലുഷമാക്കി.

1959 ജൂൺ 12ന് ഹര്‍ത്താലോടെ വിമോചനസമരത്തിന് തുടക്കമായി. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പിക്കറ്റിങ്; നാടാകെ റൌഡികളെ സംഘടിപ്പിച്ച അക്രമങ്ങള്‍. അക്രമരാഷ്‌ട്രീയം എന്തെന്ന് ജനങ്ങള്‍ ഏറെ തിരിച്ചറിഞ്ഞത് അന്നാണ്. വടിവാളും കഠാരയും കല്ലും കട്ടയും കുറുവടിയുമായി പ്രകടനം നടത്തിയവര്‍ പലയിടത്തും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാശനഷ്‌ടമുണ്ടാക്കി. തീവയ്‌പും കവര്‍ച്ചയും വ്യാപകമായി. അക്ഷരം പുരട്ടാനാവാത്ത വാക്കുകളില്‍ മുദ്രാവാക്യം തയ്യാറാക്കുന്നവര്‍ക്കും ഈണത്തില്‍ വിളിച്ചുകൊടുക്കുന്നവര്‍ക്കും പ്രത്യേക പ്രതിഫലം!

ഇ എം എസ് ഗവൺമെന്റിനെ അമര്‍ച്ചചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം സിഐഎ വഴി ഒഴുക്കിയ ഡോളര്‍ (കോൺഗ്രസ് നേതാക്കള്‍തന്നെ പരസ്യപ്രസ്‌താവനയിലൂടെ ഇക്കാര്യം സമ്മതിച്ചു) ഇവിടെ കോൺഗ്രസ് നേതാക്കളിലും ചില സമുദായ പ്രമാണിമാരിലും മറിയുമ്പോള്‍, സമരരംഗത്തേക്ക് ചാടിയ പാവങ്ങള്‍ക്ക് കിട്ടിയത് ഗോതമ്പും പാല്‍പ്പൊടിയും ദിവസക്കൂലിയായി രണ്ടര രൂപയും! (അക്കാലത്ത് അരി കിലോയ്‌ക്ക് വില: 30 പൈസ, ഊണ്: 30 പൈസ, ചായ: 06 പൈസ)

അക്രമത്തിലൂടെ കേരളത്തില്‍ സംഘര്‍ഷമുണ്ടാക്കി ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തി ഇടപെടലിന് ശ്രമിക്കുകയായിരുന്നു. ഇത്തരം സമരത്തെ തുടക്കത്തില്‍ അനുകൂലിക്കാതിരുന്ന പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു, പുത്രി ഇന്ദിരാഗാന്ധിയുടെ കേരളസന്ദര്‍ശനത്തിനുശേഷം ചുവടുമാറ്റി. 1959 ജൂലൈ 31 ന് ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ വിമോചനസമരത്തിന് അന്ത്യമായി.

1960ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കോൺഗ്രസ്, പിഎസ്‌പി, ലീഗ് എന്നീ കക്ഷികളടങ്ങിയ സഖ്യത്തിന് ഭൂരിപക്ഷം കിട്ടി. കോൺഗ്രസിന് 57ല്‍ കിട്ടിയ 43 സീറ്റില്‍നിന്ന് 20 സീറ്റ് കൂടി. എന്നാല്‍, 65ല്‍ നിന്ന് 29 സീറ്റായി കുറഞ്ഞ കമ്യൂണിസ്‌റ്റ് പാര്‍ടിക്ക് കോൺഗ്രസിനേക്കാള്‍ രണ്ടുലക്ഷത്തോളം വോട്ട് കൂടുതല്‍ ലഭിച്ചു. വിമോചനസമരംകൊണ്ട് കമ്യൂണിസ്‌റ്റ് പാര്‍ടിയുടെ ശക്തി ക്ഷയിച്ചില്ല. പാര്‍ടിയുടെ ജനകീയ അടിത്തറ 1957 നേക്കാള്‍ വളരുകയായിരുന്നു.

1967ല്‍ വീണ്ടും ഇ എം എസിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഭൂപരിഷ്‌ക്കരണ, വിദ്യാഭ്യാസ നിയമങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. 1957ലും 1967ലും അധികാരത്തില്‍വന്ന 48 മാസം മാത്രം ഭരണം നിര്‍വഹിക്കാനായ ഇടതുപക്ഷ ഗവൺമെന്റുകള്‍ സമഗ്രവികസനത്തിനും ജനക്ഷേമപരിപാടികള്‍ക്കും അടിത്തറയിട്ടു.

വയലാര്‍ രവിയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രാഷ്‌ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത് വിമോചനസമരത്തോടെയാണ്. വിമോചനസമര രാഷ്‌ട്രീയത്തിന്റെ വിപത്ത് തിരിച്ചറിഞ്ഞവരുടെ നിരയിലേക്ക് രവിയും ആന്റണിയും ഇറങ്ങിച്ചെന്ന ഘട്ടങ്ങളുണ്ടായപ്പോള്‍ പലതും ഏറ്റുപറഞ്ഞത് 1980കളില്‍ രാഷ്‌ട്രീയകേരളം കൌതുകത്തോടെ കണ്ടു. അപ്പോഴും തങ്ങളെ നേതൃനിരയിലെത്താന്‍ സഹായിച്ച വിമോചനസമരത്തെയും, അത് കൈയാളിയ ജാതിവര്‍ഗീയ രാഷ്‌ട്രീയത്തെയും തള്ളിപ്പറയാന്‍ അവര്‍ തയ്യാറല്ലായിരുന്നു; സ്വന്തം നിലനില്‍പ്പിന് വിഘാതം സൃഷ്‌ടിക്കുന്ന ഒന്നിനെയും. അരനൂറ്റാണ്ടുമുമ്പ് ഫണമുയര്‍ത്തിയ 'കാളസര്‍പ്പ'ത്തിന്റെ കൂടെ നില്‍ക്കാനും പാലൂട്ടാനും ഒത്തുചേര്‍ന്നവരുടെ കൂടാരത്തില്‍തന്നെയാണ് കോൺഗ്രസും സഖ്യകക്ഷികളും എന്ന് ഇപ്പോഴും തെളിയിക്കുന്നു!

*****

പി വി പങ്കജാക്ഷന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

31 ജൂലൈ, 2010

ജാതിയും മതവും രാഷ്‌ട്രീയത്തില്‍ ഇടപെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പ്രബുദ്ധകേരളം കണ്ടറിഞ്ഞ, കുപ്രസിദ്ധ 'വിമോചനസമര'ത്തിന്റെ അമ്പത്തൊന്നാണ്ട് പൂര്‍ത്തിയായി. അന്ന് 'ചുടലക്കള'ത്തില്‍ കാവലിരുന്നവരുടെ പ്രേതം ഇന്നും ഇവിടെ ചുറ്റിത്തിരിയുന്നു!