Thursday, April 23, 2009

കേരളത്തിലെ വിദ്യാഭ്യാസ മേഖല: ഉള്‍ക്കൊള്ളലില്‍ നിന്നും ഒഴിവാക്കലിലേക്ക്

എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പല വിഭാഗങ്ങളും ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നു പഠനം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തന്നെ പിന്നോട്ടടിക്കും വിധത്തിലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറും ചെയര്‍മാന്‍ പ്രൊഫ. കെ.കെ ജോര്‍ജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ അപകട സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസ രംഗത്ത് UN സഹസ്രാബ്‌ധലക്ഷ്യങ്ങള്‍ (Millennium Goals) നേരത്തേ കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത, ഏറെക്കുറെ മുഴുവന്‍ പേരും സ്‌കൂളിലെത്തുന്ന സ്ഥിതി, വിദ്യാര്‍ത്ഥി കൊഴിഞ്ഞുപോക്കിലെ കുറവ് തുടങ്ങി നേട്ടങ്ങളൂടെ പട്ടിക ഏറെയാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് വിദ്യാഭ്യാസം വികസിച്ചുവന്നതെന്ന പ്രത്യേകതയുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. ലിംഗസമത്വത്തിലും കേരളം മുന്നിലെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസംഖ്യയിലെ സാക്ഷരതയും മികച്ചതാണ്. അവരുടെ സ്‌കൂള്‍ പ്രവേശനവും ഉന്നതവിദ്യാഭ്യാസ രംഗത്തെ സാന്നിധ്യവും ജനസംഖ്യയിലെ അവരുടെ അനുപാതവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ മൊത്ത കണക്കുകളില്‍ കാണുന്നത്ര ആശാവഹമല്ല കാര്യങ്ങളെന്ന് പല സൂക്ഷ്‌മ തല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊത്തം നേട്ടങ്ങളുടെ ഈ ചിത്രത്തില്‍ വിവിധ സാമൂഹ്യ സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്‌ത അവസ്ഥ മറയ്‌ക്കപ്പെടുന്നു. കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥ തൊണ്ണൂറുകള്‍ മുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് പഠനം പറയുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കേണ്ടി വരുന്ന ചെലവിലെ വര്‍ധനവ്, വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വര്‍ധനവ്, കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുന്ന സാമ്പത്തികേതര കാരണങ്ങള്‍, ദുര്‍ബല വിഭാഗങ്ങളോട് വേണ്ടത്ര പരിഗണനയില്ലായ്‌മ തുടങ്ങിയവ ഇതിനു കാരണമാകുന്നുണ്ട്.

വ്യക്തിഗത വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വര്‍ധനവ് പലപഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫീസ് കുറവാണെങ്കിലും വിദ്യാര്‍ത്ഥിയുടെ മൊത്തം പഠനച്ചെലവ് കേരളത്തില്‍ കൂടുതലാണ്. ഗ്രാമീണ കുടുംബങ്ങളുടെ പ്രതിശീര്‍ഷവിദ്യാഭ്യാസ ച്ചെലവ് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും ഗവണ്‍മെന്റ് /എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ് കുറവാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കുന്ന ചെലവിന്റെ മൂന്ന് ശതമാനം മാത്രമാണ് ട്യൂഷന്‍ ഫീസ്. എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലൊക്കെ ഇതാണു സ്ഥിതി. പക്ഷെ, സര്‍ക്കാറിന്റെ സബ്‌സിഡി വിദ്യാര്‍ത്ഥിയുടെ വ്യക്തിഗതചെലവിന്റെ ചെറിയൊരു ഭാഗം മാത്രമെ ആകുന്നുള്ളു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനു ചെലവാകുന്ന ഫീസേതര വിദ്യാഭ്യാസ ചെലവുകള്‍ കൂടി കണക്കിലെടുത്തുള്ള ഒരു സ്‌കോളര്‍ഷിപ്പ് നയം സര്‍ക്കാരിനില്ല. ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധിയും തീരെ കുറവാണ്.

സ്വാശ്രയ കോഴ്‌സുകളുടെ വര്‍ധനവാണ് വിദ്യാഭ്യാസരംഗത്ത് പലവിഭാഗത്തില്‍പ്പെട്ടവരെയും അകറ്റിനിര്‍ത്താന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന ഘടകം. എന്‍ജിനിയറിംഗ്, നഴ്‌സിങ്ങ്, ഫാര്‍മസി കോഴ്‌സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയ മേഖലയിലാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്ന് സ്ഥാപനങ്ങളും സ്വാശ്രയമാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും ഇന്ന് സ്വാശ്രയ മേഖലയിലാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്‌ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്‌സുകളായോ ആണ് തുടങ്ങുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ നാലിലൊന്ന് അണ്‍ എയ്‌ഡഡ് ആണ്.

സാമ്പത്തികേതരമായ തടസ്സ ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രവേശന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കടന്നുകൂടാനാകാതെ വരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം ഇന്നുകുറവാണ്. നഗരഗ്രാമീണ മേഖലകളില്‍ ഇത് ഒരു പോലെ നിലനില്‍ക്കുന്നു. SSLC പരീക്ഷയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനവും മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുറവാണ്.

വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയും പ്രശ്നമാണ്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ആവശ്യാനുസൃതമായി സീറ്റുകള്‍ കൂട്ടാത്തതും പലവിഭാഗങ്ങള്‍ക്കും കടന്നുവരാന്‍ തടസ്സമാകുന്നു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച സാവധാനമായിരുന്ന കാലത്തുപോലും കേരളം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയിരുന്നതായി കാണാം. പക്ഷേ സമ്പദ് വ്യവസ്ഥ വളര്‍ന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം കുറഞ്ഞു തുടങ്ങി. ഇത് വിദ്യാഭ്യാസരംഗത്ത് സൌകര്യങ്ങളുടെ അപര്യാപ്‌തത സൃഷ്ടിച്ചു. ഈ വിടവിലേക്ക് ആണ് ഇന്ന് സ്വാശ്രയ സ്ഥാപനങ്ങള്‍ കടന്നുവരുന്നത്. സര്‍ക്കാര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗതചെലവില്‍ വന്‍വര്‍ധനവുണ്ടാക്കുന്നു.

സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന ഒരു മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യവും അണ്‍ എയ്‌ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗ്ഗം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഈ വിഭാഗത്തിന്റെ രാഷ്‌ട്രീയ സ്വാധീനം സര്‍ക്കാര്‍ നയങ്ങളെയും സ്വാധീനിക്കുന്നു. മധ്യവര്‍ഗ്ഗത്തിനുവേണ്ടാതായ സാമൂഹ്യസേവനങ്ങളില്‍ പണം മുടക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇത്തരത്തിലൊരു വിഷമവൃത്തം രൂപപ്പെടുന്നു. രാഷ്‌ട്രീയസ്വാധീനമുള്ള മതമാനേജുമെന്റുകളുടെ ഇടപെടലുകളും വിദ്യാഭ്യാസരംഗത്ത്åദോഷകരമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നിയമന രീതി ദരിദ്ര പശ്ചാത്തലത്തിലുള്ളവര്‍ക്ക് അദ്ധ്യാപകരായി കടന്നുവരാന്‍ തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ടുകുതിക്കാനുള്ള അവസരം വിവിധ ജനവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ മുന്‍പ് ലഭിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലയിലും പിടിമുറുക്കിയ വാണിജ്യവത്കരണം ഇത് ഏറെക്കുറെ അസാധ്യമാക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലില്ലായ്‌മയ്‌ക്കുള്ള പാസ്‌പോര്‍ട്ട് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ തൊഴിലിനുള്ള പാസ്‌പോര്‍ട്ട് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ക്കായി പരിമിതപ്പെടുന്നു. ഈ അസമമായ വളര്‍ച്ചാ പ്രവണത കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യസ്ഥിരതയേയും സൌഹാര്‍ദ്ദത്തേയും തന്നെ വലിയൊരളവുവരെ ബാധിച്ചേക്കുമെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു.

സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക അസമത്വ പ്രശ്‌നങ്ങളാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലും കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലുമായി 2008 -ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ആകെ വിജയശതമാനം 67.3 ആയിരുന്നു. ഇതേ സമയം കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ ‍/സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്വാശ്രയ കോളേജുകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ്.

സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്‌ത കഴിവും അഭിരുചിയും സര്‍ഗാത്മകതയുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തം. മാനവശേഷിയില്‍ അധിഷ്‌ഠിതമായ ഒരു ലോക സമ്പദ് വ്യവസ്ഥയില്‍ ഇവരുടെ മത്സരക്ഷമത കുറയും. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല.

സ്‌കൂള്‍ തലത്തിലെ പുതിയ പ്രവണതകളും ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടുതരം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വളര്‍ന്നുവരികയും അവര്‍ തമ്മില്‍ യാതൊരു ഇടപെടലും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഏറെയും മധ്യവര്‍ഗ്ഗത്തില്‍ നിന്നു വരുന്ന പുതിയ വിഭാഗം സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരിക്കലും നിലകൊള്ളുമെന്ന് കരുതാനാകില്ല. സാമൂഹ്യ ചലനങ്ങളൊന്നും ഇക്കൂട്ടര്‍ ഉണ്ടാക്കുന്നില്ല. ഈ പ്രവണതകള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കാനിടയുള്ള ദീര്‍ഘകാല സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ അത് വിഷയമാകുന്നുമില്ല- പഠനറിപ്പോര്‍ട്ട് പറയുന്നു

10 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക അസമത്വ പ്രശ്‌നങ്ങളാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലും കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലുമായി 2008 -ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ആകെ വിജയശതമാനം 67.3 ആയിരുന്നു. ഇതേ സമയം കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ ‍/സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്വാശ്രയ കോളേജുകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ്.

സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്‌ത കഴിവും അഭിരുചിയും സര്‍ഗാത്മകതയുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തം. മാനവശേഷിയില്‍ അധിഷ്‌ഠിതമായ ഒരു ലോക സമ്പദ് വ്യവസ്ഥയില്‍ ഇവരുടെ മത്സരക്ഷമത കുറയും. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറും ചെയര്‍മാന്‍ പ്രൊഫ. കെ.കെ ജോര്‍ജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ അപകട സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.

പാവപ്പെട്ടവൻ said...

സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്.
ഇതൊരു തെറ്റായ കണക്കാണ് കുറഞ്ഞത് മുപ്പതു ശതമാനമെങ്കിലും വരും

Anonymous said...

സ്വാശ്രയ കോളേജ് എന്ന ആശയം തന്നെ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന ഒന്നാണ്. അതില്‍ സാമൂഹ്യനീതിയുടെ ഒരു അംശം കൊണ്ടു വരാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമം ആ കേടുപാട് അല്പമെങ്കിലും പരിഹരിക്കാനുള്ള ശ്രമമാണ്. സ്വാശ്രയ കോളേജ് വന്നില്ലെങ്കില്‍ കുട്ടികള്‍ അന്യസംസ്ഥാനങ്ങലിലേക്ക് പോകും, വന്നാല്‍ അത് ഉള്‍ക്കൊള്ളലില്‍ നിന്നും ഒഴിവാക്കലിലേക്ക് എത്തും. അച്ഛന്‍ അമ്മയെ തല്ലിക്കൊല്ലും അല്ലെങ്കില്‍ പട്ടി ഇറച്ചി തിന്നും എന്ന അവസ്ഥ. കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തിനുവേണ്ടി കൂടുതല്‍ തുക വകയിരുത്തുകയും, സാമൂഹ്യരംഗത്ത് നിന്ന് നിന്ന് പിന്മാറാത്ത ഒരു നയം സ്വീകരിക്കുകയും ചെയ്താലേ രക്ഷയുള്ളൂ. അത്തരമൊരു സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരട്ടെ.

Aarushi said...

സ്വാശ്രയ കോളേജുകാരണ്റ്റെ തോളേല്‍ കേറാന്‍ വരട്ടെ ഇന്നു എണ്റ്റ്രന്‍സ്‌ എഴുതിയ എല്ലാവര്‍ ക്കും എവിടെ എങ്കിലും കേരളത്തില്‍ എന്‍ ജിനീയറിംഗ്‌ പഠിക്കാം , (സ്വാശ്രയക്കാരന്‍ രക്ഷെ പെടണ്ട എന്നുള്ള മനോഭാവം കാരണം ഈ രഹസ്യം എന്‍ ട്രന്‍സ്‌ ഡയറക്ടറേറ്റില്‍ പൂഴ്ത്തി വച്ചിരിക്കുകയാണു)

സ്വാശ്റയ കോളേജില്‍ പാസാകുന്ന കുടികളുടെ എണ്ണം കുറവാണെങ്കില്‍ കാരണം അവിടത്തെ പഠിപ്പിക്കലോ ലാബില്ലയമയോ ഒന്നുമല്ല വിദ്യാഭ്യാസനിലവാരം ഡീ പീ ഈ പീ മുതല്‍ എന്തു വായില്‍ തോന്നിയതെഴുതിയാലും ജയിക്കാം എന്ന പരിപാടി കൊണ്ടു വന്നതിണ്റ്റെ ബീഭത്സമായ പരിണാമം ആണു

സീ ബീ എസ്‌ സിയും കേരള സിലബസും സയന്‍സ്‌ വിഷയങ്ങളില്‍ അജ ഗജാന്തര വ്യത്യാസം ഉണ്ട്‌ കേരള സിലബസ്‌ വെള്ളം ചേറ്‍ത്തു പോട്ടെ സഹിക്കാം എന്തെഴുതി വച്ചാലും മാറ്‍ക്കിട്ടു എല്ലാവരെയും എസ്‌ എസ്‌ എല്‍ സി ജയിപ്പിക്കുക, സ്കൂളില്‍ ഒന്നും പഠിപ്പിക്കേണ്ട പ്റോജക്ട്‌ സെമിനാറ്‍ എന്ന ഓമനപ്പേരില്‍ മാറ്‍ ക്കു വാരി കൊടുക്കുന്നു

കുട്ടികളോ ആലപ്പുഴ കടപ്പുറത്തു പോയി ബ്ളൂ ഫിലിം കണ്ടും മൊബൈലില്‍ രതി ലീലകള്‍ പകറ്‍ത്തിയും അധ്യാപകരോ കുട്ടികളുടെ മൊബൈല്‍ പിടിച്ചു വാങ്ങി അവ കണ്ടു രസിക്കുകയും ആരും ഒന്നും പഠിപ്പിക്കണ്ട പത്തിനും ഇരുപതിനും ഇടക്കു ആയിരം ശമ്പളം കിട്ടും അധ്യാപകണ്റ്റെ എക്സ്ക്യൂസ്‌ പഠിപ്പിച്ചിട്ടൊന്നും കര്യമില്ല അതൊന്നും ചോദിക്കില്ല എന്തോ എഴുതിയാലും ജയിക്കുകയും ചെയ്യും പിന്നെന്തിനു പഠിക്കണം പഠിപ്പിക്കണം നമ്മടെ ബേബി മന്ത്റിയും പരിഷത്തു കാരന്‍മാരും നടത്തിയ 'വിത്യാപ്യാസ' പരിഷ്ക്കാരം

പ്ളസ്‌ ടു പഠിക്കാന്‍ വരുന്നവനില്‍ ഭീകരമായ നിലവാര തകറ്‍ച്ച,

Aarushi said...

ആള്‍ജിബ്ര അറിയാത്തവനും സീ ബീ എസ്‌ എസി പഠിച്ച കുട്ടിയും ഒരേ ക്ളാസില്‍ വരുന്നു എണ്റ്റെ മകന്‍ പ്ളസ്‌ ടു പഠിക്കുന്നു സിലബസ്‌ ഏതാണ്ടു സീ ബീ എസ്‌ സി വരും കണക്ക്‌ ഏതാണ്ട്‌ ഒപ്പം ഫിസിക്സും കെമിസ്റ്റ്രിയും വളരെ പിറകില്‍ ടെസ്ക്റ്റ്‌ സെയിം

പക്ഷെ പുതിയ വിദ്യാഭ്യാസ പരീക്ഷണം കാരണം കുട്ടിക്കു ഡയറക്ട്‌ ക്വസ്റ്റ്യന്‍ ഒന്നും ഇല്ല എല്ലാം ഗവേഷകര്‍ കണ്ടു പിടിച്ചതാണു ഉത്തരം ലേബര്‍ ഇന്ത്യയിലുമില്ല സ്കൂള്‍മാസ്റ്ററിലുമില്ല പുസ്തകം നല്ല ഒന്നാം തരം ഇംഗ്ളീഷാണൂ അതു വായിച്ചാരും പോര്‍ഷന്‍ തന്നെ കണ്ടു പിടിക്കാന്‍ പറ്റില്ല പിന്നെ കുട്ടി എന്തുത്തരം എഴുതും ,
വളിപ്പെഴുതും, മതി!

അതാണു വേണ്ടത്‌ കേരളത്തിലെ കുട്ടികള്‍ക്കു നിലവാരം പാടില്ല അതിനാണീ വിത്യാപ്യാസ പരിഷ്കരണം സ്കൂളില്‍ സെമിനാറും അസൈന്‍മെണ്റ്റും അല്ലാതെ ഒന്നും നടക്കുന്നില്ല കാല്‍ ക്കുലസ്‌ തെര്‍മോ ഡൈനാമിക്സ്‌ എന്നീ പ്രധാന സബ്ജക്ട്‌ എണ്റ്റെ കുട്ടി പഠിപ്പിക്കുന്ന സ്കൂളില്‍ അധ്യാപകര്‍ പഠിപ്പിച്ചിട്ടില്ല അതു കുട്ടികള്‍ സെമിനാര്‍ നടത്തി പഠിപ്പിക്കുകയാണു പോലും , ഞാന്‍ ഞെട്ടിപ്പോയി


പക്ഷെ എല്ലാ സ്കൂളിലും ഇതൊക്കെതന്നെ കാരണം അഡ്മിഷന്‍ ആഭാസം പലവുരു നടത്തി കുട്ടികള്‍ പല പല സ്കൂളുകളില്‍ പല പല വിഷയങ്ങള്‍ പഠിച്ചു പല പല ഫീസുകള്‍ നല്‍കി സ്റ്റെഡി ആയപ്പോള്‍ നവം ബാറ്‍ ആയി പിന്നെ എത്രമാസം പഠിക്കാന്‍ അല്ലെങ്കില്‍ പഠിപ്പിക്കാന്‍ അതില്‍ എത്ര ദിവസം അധ്യയനം നടന്നു എവിടെ എന്തു നടക്കും

അതിണ്റ്റെ കൂടെ ഇരിക്കട്ടെ പ്ളസ്‌ വണ്ണിനു പൊതു പരീക്ഷയും പോരെ പൂരം എന്തേലും എഴുതി വെക്കെഡേ മാറ്‍ ക്കു ഞങ്ങള്‍ ഇട്ടോളാം ഇതാണു പുതിയ പരിപാടി ഇവനൊന്നും എണ്ട്റാന്‍സിണ്റ്റെ ഒരു ക്വസ്റ്റ്യന്‍ പോലും എഴുതാന്‍ കഴിയില്ല കാരണം അവനു ബേസ്‌ ഒന്നും തന്നെ ഇല്ല വളിപ്പെഴുത്തി വളിപ്പനായി തീറ്‍ന്നിരിക്കുകയാണു അവന്‍ , എണ്റ്റ്റാന്‍സു ഇല്ലാതാക്കുകയാണു ഒരേ ഒരു പോംവഴി അതായിരിക്കും എം ഇ ബേബിയുടെ മനസ്സില്‍

Aarushi said...

ഇനി എന്‍ ജിനീയറിംഗ്‌ കേരള എഞ്ഞി നീയറിംഗ്‌ സിലബസ്‌ ജാംബവാന്‍ എഴുതിയതാണു ആദ്യ വറ്‍ഷം എല്ലാവരും ഒരേ പോറ്‍ഷന്‍ ഒരു കാര്യവുമില്ലാത്ത എന്‍ ജിനീയറിംഗ്‌ അല്ലാത്ത കുറെ വിഷയങ്ങള്‍ ടോട്ടലി യൂസ്‌ ലെസ്‌ , ബീ എസ്‌ സി സിലബസ്‌ ഇതിനെക്കാള്‍ എത്റ ഭേദം കാരണം അഡമിഷന്‍ താമസിക്കും സ്വാശ്റയമാരെ ഒതുക്കാന്‍ മജി സ്ത്റേട്ട്‌ കോടതി മുതല്‍ സുപ്റീം കോടതി വരെ കേസു നടത്തലാണു മന്ത്റി. ഒരു കേസും ഇന്നുവരെ ജയിച്ചിട്ടുമില്ല പിന്നെയും കേസാണു പണ്ടത്തെ നായന്‍മാരെപോലെ അവര്‍ സ്വന്തം പുരയിടം വിറ്റു കേസു നടത്തി തുലഞ്ഞു ഇവിടെ സറ്‍ക്കാറ്‍ പണം വെറുതെ സുപ്രീം കോടതിയില്‍ കൊണ്ടു കളയുന്നു വല്ല പ്റയോജനമുണ്ടോ അതുമില്ല ഒന്നുണ്ട്‌ പണം ഉള്ളവന്‍ കറ്‍ണ്ണാടാകയിലോ തമിഴ്‌ നാടിലോ പോയി പഠിക്കും ,അവനു ഒന്നുമില്ലേലും കുറച്ചു ഇംഗ്ളീഷ്‌ സംസാരിക്കാന്‍ എങ്കിലും കഴിയും ഇവിടെ മലയാളത്തില്‍ ആണു പഠിപ്പിക്കല്‍ കാരണം കുട്ടിക്കും അധ്യാപകനും നമ്മടെ എം പീ മാരെ പോലെ ഇംഗ്ളീഷും അറിയില്ല ഹിന്ദിയും അറിയില്ല ഹ ഹഹ്‌ വിവരം അല്‍പ്പം എങ്കിലും അവശേഷിക്കുന്നവറ്‍ കേരള സിലബസ്‌ വിട്ടു സീ ബീ എസ്‌ സിക്കു പുറകെ പോയി, അവരോ പകല്‍ കൊള്ളക്കാറ്‍ അധ്യാപികമാരോ മൂവായിരം രൂപക്ക്‌ പണി എടുക്കുന്ന കൂലികള്‍ ബാക്കി എല്ലാം ബില്‍ഡീങ്ങ്‌ ഫണ്ട്‌ എ സീ ബസ്‌, സ്വിമ്മിംഗ്‌ പൂള്‍ ഇതു തടയാന്‍ സഖാവിനു പറ്റുമോ എവിടെ സഖാവിണ്റ്റെ മക്കളെല്ലാം അവിടെ അല്ലേ പഠിക്കുന്നത്‌ , പുറകേ നടക്കുന്ന തൊയിലാളിയുടെ മക്കള്‍ ഡീ പീ ഈ പീ വായില്‍ തോന്നിയതു കോതക്കു പാട്ടു മോഡല്‍ , മലയാള ഭാഷയെന്നാല്‍ രണ്ടിടങ്ങഴി കോരനും ചിരുതയും പറയുന്ന ഭാഷ എന്തിനു പറയുന്നു ഈ അഞ്ചു വറ്‍ഷം കൊണ്ടു കേരളം നശിപ്പിച്ചു വെണ്ണീറാക്കും ഇതുപോളെൊരു നാറിയ ഭരണം കേരള മക്കള്‍ കണ്ടിട്ടില്ല

N.J Joju said...

വിദ്യാഭ്യാസച്ചിലവൂ താങ്ങാനാവാത്തവിധം വരുമാനം കുറഞ്ഞ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കാണ്‌(മാത്രമാണ്‌) സ്കോളര്‍ഷിപ്പു നല്കേണ്ടത്. വരുമാന പരിധി ഉയര്‍ത്തുന്നത് ആശാവഹമല്ല. വരുമാനപരിധി എത്രയാണ്‌ എന്നറിഞ്ഞുകൊണ്ടല്ല ഇതെഴുതുന്നത്. ഇടത്തട്ടുകാരന്‍ ലോണെടുത്തുപഠിയ്ക്കാമല്ലോ?.

സ്വാശ്രയ കോഴ്‌സുകളുടെ വര്‍ധനവ് ആരെയാണ്‌ അകറ്റി നിര്‍ത്തുന്നത്? സ്വാശ്രയകോളേജുകള്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ എന്തുചെയ്യുമായിരുന്നു?

"എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു." ഇവിടെക്കൊടുത്തിരിയ്ക്കുന്ന സ്റ്ററ്റിസ്റ്റിക്സും മേലെ കൊടുത്ത വാചകവും തമ്മില്‍ പൊരുത്തക്കേടുണ്ട്. സര്‍ക്കാരിന്റെയും യൂണിവേര്‍സിറ്റിയുടെയും നിബന്ധനകള്‍ക്കു വിധേയമായാണ്‌ അധ്യാപക നിയമനങ്ങള്‍ നടക്കുന്നത്. പരീക്ഷനടത്തുന്നത് യൂണിവേര്‍സിറ്റിയും. വിജയശതമാനത്തിലെ വ്യത്യാസം വിദ്യാര്‍ത്ഥികളുടെ നിലവാരവുമായി ബന്ധപ്പെട്ടതാണ്‌. സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജയ രാജഗിരി, ആദിശങ്കര ഇവയുടെ റിസള്‍ട്ടുകള്‍ പരിഗണിയ്ക്കുക.

ഫലം ആദ്യമേതന്നെ കുറിച്ചിട്ടിട്ട് അതിലേയ്ക്ക് കണ്ടെത്തലുകളെ എത്തിയ്ക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുന്നുള്ളൂ. ശരിയായ കാരണങ്ങളോ മതിയായ ഉത്തരങ്ങളോ ലേഖനം മുന്‍പോട്ടു വയ്ക്കുന്നുമില്ല.

വര്‍ക്കേഴ്സ് ഫോറം said...

പാവപ്പെട്ടവൻ
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് കിട്ടിയ മറുപടി താഴെ കൊടുക്കുന്നു.

“The finding that the self financing courses could attract talents from only about 5-10% of the households in Kerala is based on our earlier study titled "Entry Barriers to Professional education in Kerala (http://www.csesindia.org/admin/modules/cms/docs/res/11.pdf. It only means large majority of the students belong to the this small group of families. The point, we were driving to make, is that these institutions fail to attract the talents from vast majority of the households in Kerala. There could be differences between courses but the point reamins.”

ജോജു

താങ്കൾ പറയുന്ന പോലെ ഫലം ആദ്യമേതന്നെ കുറിച്ചിട്ടിട്ട് അതിലേയ്ക്ക് കണ്ടെത്തലുകളെ എത്തിയ്ക്കാനുള്ള ശ്രമമല്ല. കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ ‍/സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നു എന്നത് ആധികാരികമായ കണക്കാണ്. താങ്കൾ പറയുന്ന രാജഗിരിയും ആദിശങ്കരയുമൊക്കെ മെച്ചപ്പെട്ട റിസൽട്ട് ആണ്. അംഗീകരിക്കുന്നു.

അങ്ങനെയിരിക്കെ സ്വാശ്രയ കോളേജുകളിലാകെ ശരാശരി വിജയ ശതമാനം 35.6 ആകുക എന്നതിനർത്ഥം ചില സ്വാശ്രയ കോളേജുകളില്‍ എങ്കിലും ഇത് 10 മുതല്‍ 15 ശതമാനം വരെ ആണെന്നല്ലേ?

എല്ലാവർക്കും നന്ദി
വായനയ്ക്കും അഭിപ്രായങ്ങൾക്കും

Rajeeve Chelanat said...

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒരു ചര്‍ച്ചക്കുപോലുമുള്ള ഇടം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഈ ഒഴിവാക്കലുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കാം എന്നു മാത്രം.

അഭിവാദ്യങ്ങളോടെ

ജനശക്തി said...

സ്വാശ്രയകോളേജുകളിലെ നിലവാരത്തകര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയമെന്റല്‍ സ്റ്റഡീസ് നടത്തിയ പഠനം പുറത്തുകൊണ്ടുവന്നത്. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് വളരെ പുറകിലാണ് ഈ സ്ഥാപനങ്ങളിലെ നിലവാരമെന്നാണ് പരീക്ഷാഫലം അവലോകനംചെയ്ത് പഠനം എത്തിച്ചേരുന്ന നിഗമനം. സര്‍ക്കാര്‍ എയഡ്ഡ് എന്‍ജിനിയറിങ് കോളേജുകളില്‍ 67.3 ശതമാനം വിദ്യാര്‍ഥികളും വിജയിക്കുമ്പോള്‍ സ്വാശ്രയകോളേജുകളിലെ ശരാശരി വിജയശതമാനം കേവലം 35.6 ശതമാനം മാത്രമാണ്. ചില കോളേജുകളില്‍ അത് പത്തുശതമാനത്തില്‍ താഴെ മാത്രമാണ്. കേരള സര്‍വകലാശാല അതിര്‍ത്തിയിലെ കോളേജുകളെയാണ് പഠനത്തിന് വിധേയമാക്കിയതെങ്കിലും മറ്റു സര്‍വകലാശാലകളിലെ സ്ഥിതിയും വ്യത്യസ്തമാകാന്‍ ഇടയില്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പുതുപ്രവണതകള്‍ സൃഷ്ടിച്ച അപകടകരമായ അവസ്ഥയാണ് ഈ പഠനം പുറത്തുകൊണ്ടുവന്നത്. പല സ്വാശ്രയകോളേജുകളും വഴിവിട്ട മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികളെ പരീക്ഷയെന്ന കടമ്പ കടത്താന്‍ നോക്കുന്നുണ്ട്. എംജി സര്‍വകലാശാലയില്‍ ഇത് കൈയോടെ പിടികൂടുകയുംചെയ്തു. പണം മാത്രം അടിസ്ഥാനയോഗ്യതയായി കാണുന്നവയാണ് മിക്കവാറുംസ്വാശ്രയകോളേജുകള്‍. അപൂര്‍വം ചില കോളേജുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെന്നതു കാണാതിരുന്നുകൂടാ. എന്നാല്‍, അത് വിരലില്‍ എണ്ണാവുന്നവ മാത്രമാണ്. ഇന്ന് പ്രൊഫഷണല്‍ കോഴ്സുകള്‍ അധികവുംസ്വാശ്രയ മേഖലയിലാണ്. ഇവയുടെ നിലവാരത്തകര്‍ച്ച സംസ്ഥാനത്തിന്റെ വികസനത്തിന്റെ വിവിധ തലങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നുണ്ട്. പൊതുമേഖലയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല വളര്‍ന്നത്. എന്നാല്‍, ഇന്ന് ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആധിപത്യമുള്ളത് സ്വകാര്യമാനേജ്മെന്റുകള്‍ക്കാണ്. സാമൂഹ്യനിയന്ത്രണം ഉറപ്പാക്കിക്കൊണ്ടുമാത്രമേ പ്രൊഫഷണല്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ആര്‍ക്കും വേണ്ടാത്ത കുറെയാളുകളെ പുറംതള്ളുന്ന സ്ഥാപനങ്ങളായി ഇവ അധഃപതിക്കും. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള അവസരം ലഭിച്ചതിനെക്കുറിച്ച് അഭിമാനത്തോടെ വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് പഠനം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇതു ഗൌരവമായി അക്കാദമികസമൂഹവും പൊതുമണ്ഡലവും ചര്‍ച്ചചെയ്യണം. സ്വാശ്രയകോളേജുകള്‍ ഇന്ന് ഒരു യാഥാര്‍ഥ്യമാണെന്ന് ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ ഈ കണ്ടെത്തലുകളെ സമീപിക്കാനും തിരുത്തല്‍പ്രക്രിയക്ക് തുടക്കംകുറിക്കാനും കഴിയണം.

ദേശാഭിമാനി മുഖപ്രസംഗം 300409