Monday, April 13, 2009

അവസാനത്തെ അത്താഴം

കള്ളന്റെ ഫോണടിച്ചു. ചാനല്‍സുന്ദരിയാണ്.

"കാണണം. കണ്ടിട്ടൊരുപാട് നാളായി.''

കള്ളന്‍ പറഞ്ഞു.

"നീ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ലെ. അതിനുശേഷം കാണുന്നതല്ലെ ഉചിതം.''

"സാധ്യമല്ല. കാണാതിരിക്കാന്‍ വയ്യ. കാഴ്‌ച ഭൌതികമല്ല, ബുദ്ധിപരംകൂടിയാണ്. നിനക്കും ബുദ്ധിയുണ്ടെന്ന് എന്നെ തെറ്റിദ്ധരിപ്പിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ ക്ഷണം. സമുദ്രതീരത്തെ റെസ്റ്ററന്റില്‍ വൈകിട്ട് ആറ് മണിക്കെത്തണം. വരാതിരുന്നാല്‍ ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കും. നടപടിയെടുക്കും. നാണംകെടുത്തും''

"വരും, വരാതിരിക്കില്ല.''

സമയം വൈകിട്ട് ആറ്. എന്നത്തേയും പോലെ അന്നും സന്ധ്യ തന്നെ. സന്ധ്യ പതിവുപോലെ അന്നും ചുറ്റിയത് പട്ടു സാരി. ഇതുവരെ അത് മാറിയിട്ടില്ല. എങ്കിലും ഒട്ടും മുഷിഞ്ഞിട്ടില്ല. എന്നും കടല്‍ ഡ്രൈവാഷ് ചെയ്യുന്നുണ്ട്.

ആറെന്നടിച്ചപ്പോള്‍ കള്ളന്‍ റെസ്റ്ററന്റില്‍. ചാനലിന് സമയത്തിന് വിട്ടുവീഴ്ചയില്ല. കള്ളനെ കാത്ത് ചാനല്‍സുന്ദരി അക്ഷമയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്നു. കള്ളനെ കണ്ടതോടെ ആഹ്ളാദച്ചിറകുകള്‍ വെച്ച് അവള്‍ പറന്നെത്തി. കള്ളി, ഒരു കണിശക്കാരി.

കണ്ടപാടെ അവള്‍ കള്ളന്റെ തോളില്‍ കൈയിട്ട് ഔദ്യോഗിക ആലിംഗനത്തിന് മുതിര്‍ന്നു. രാഷ്‌ട്രത്തലവന്മാരെപ്പോലെ ആശ്ളേഷിച്ചു. ഉടന്‍തന്നെ വിശ്ളേഷിച്ചു.

വേഷവിധാനത്തില്‍ അവള്‍ വരുത്തിയ മാറ്റം കള്ളനെ ഒറ്റനോട്ടത്തില്‍ അമ്പരപ്പിച്ചു. ചാനല്‍സുന്ദരി സാരിധാരിണിയായി കുണുങ്ങിനില്‍ക്കുന്നു.

സാരിയോടുള്ള അവളുടെ പ്രത്യയശാസ്‌ത്ര വിയോജിപ്പുകള്‍ക്ക് എന്ത് സംഭവിച്ചു? മാറ്റത്തിന്റെ ആശയപരിസരത്ത് നിന്ന് ഇവള്‍ ചേലചുറ്റിയത് എന്ത്കൊണ്ട്? നാരി തോറ്റോ? സാരി ജയിച്ചോ?

അത്ഭുതം ചോദ്യരൂപത്തിലാക്കുന്നതിനു മുമ്പെ അവള്‍ക്ക് കാര്യം പിടികിട്ടി.

"നീ എന്തതിശയമേ എന്ന് ചിന്തിക്കുന്നത് എനിക്ക് മനസ്സിലാവുന്നു.''

"പറയൂ. ഇല്ലെങ്കില്‍ ആകാംക്ഷബാധിച്ച് ഞാന്‍ ദിവംഗതനാവും''

"ധൃതി വേണ്ട. എല്ലാം പറയാം. പയ്യെ പ്പറഞ്ഞാല്‍ പനയില്‍ കയറാമെന്നല്ലെ പ്രമാണം''

അവര്‍ റെസ്റ്ററന്റിലേക്ക് പ്രവേശിച്ചു.

കടല്‍കാറ്റ് വീശുന്ന ബാല്‍ക്കണിയില്‍ മേശക്കിരുവശവുമായി അവര്‍ ഇരുന്നു, കണ്ണില്‍കണ്ണില്‍ നോക്കി. അനുരാഗത്തിന്റെ ട്രെയിനിങ് പിരീഡിലെ ഈ സിലബസ് അധികം നീട്ടിക്കൊണ്ട് പോയില്ല. അമേച്വറുകള്‍ പെട്ടെന്ന് പ്രൊഫഷണലായി അവര്‍ നോട്ടം പരസ്പരം പിന്‍വലിച്ചു.

ബെയ്റര്‍ വന്ന് മെനുവിന്റെ അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്തു. പുസ്‌തകം തന്നിട്ടും ബെയ്റര്‍ പോയില്ല. ധീരനായ എഴുത്തുകാരനെപ്പോലെ ഒരവസരം കാത്ത് പരുങ്ങിനിന്നു. ഭക്ഷണക്കാര്യത്തില്‍ യുക്തിപൂര്‍വം തീരുമാനമെടുക്കാന്‍ അനുവദിക്കാതെ കുന്തക്കാരനായി നില്‍ക്കുന്ന ബെയ്ററോട് കള്ളനും ചാനല്‍സുന്ദരിക്കും അനല്‍പ്പമായ ദേഷ്യം തോന്നി.

ഇങ്ങനെ ശല്യക്കാരനാവുന്നത് എന്തിനെന്ന് ചോദിക്കുകയും ചെയ്തു.

"സര്‍, ക്ഷമിക്കണം. മെനു വായിച്ചശേഷം തിരിച്ച് തരണം.''

"തിരിച്ച് തരാതെ ഞങ്ങള്‍ ഇത് കടിച്ച് തിന്ന്വോടോ''-കള്ളന്‍ കുപിതനായി.

"അങ്ങനെയായിരുന്നെങ്കില്‍ കൊഴപ്പമില്ലായിരുന്നു സര്‍. അതിനേക്കാള്‍ ഖേദകരമായതാണ് സംഭവിച്ചത്.''

ആകാംക്ഷാഭരിതമായ നാല് ചെവികള്‍ കൂര്‍ത്ത് വന്നപ്പോള്‍ ബെയ്റര്‍ പറഞ്ഞു.

"ഇതുപോലെ ഒരാള്‍ ഇവിടെ വന്ന് മെനു വാങ്ങി. പിന്നീട് അത് മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാവുകയായിരുന്നു.''

"മനസ്സിലായില്ല.''

"അയാള്‍ അത് സ്വന്തം കവിതയാക്കി പ്രസിദ്ധീകരിച്ചു''"എന്തായിരുന്നു ആ സൃഷ്‌ടിയുടെ പേര്?''

"എന്റെ വൃത്തഭംഗത്തിന്റെ ശിഥിലചേരുവകള്‍''

ചാനല്‍സുന്ദരി ആദരപൂര്‍വം എഴുന്നേറ്റ് നിന്നു.

"ആ കവിതയുടെ ഉറവിടം ഇവിടെയായിരുന്നോ! കള്ളന്‍, നീ ആ കവിത വായിച്ചിട്ടുണ്ടോ? ഗംഭീരം. പഴകിത്തേഞ്ഞ മലയാള കാവ്യകല്‍പ്പനകളിലേക്ക് പാഞ്ഞു വന്ന തുലാവര്‍ഷപ്പെയ്ത്തായിരുന്നു അത്. ഉടഞ്ഞ വാള്‍കൊണ്ട് യുദ്ധം വെട്ടരുതെന്ന് ആ കവിത നമ്മെ ഓര്‍മിപ്പിക്കുന്നു. അതില്‍ "കരിമീന്‍ പൊള്ളിച്ചത്'' എന്ന കവിതയുണ്ടായിരുന്നു. റിയലി ടെയ്‌സ്‌റ്റി. കവിത ഒരനുഭവമാണെന്ന് ആ കവിത നമ്മെ പഠിപ്പിക്കുന്നു. കള്ളന്‍ നീ അത് വായിച്ചില്ലേ?''

"ഇല്ല..''

"എന്തുകൊണ്ട്..?''

"ഒരു കവി മറ്റൊരു കവിയുടെ പുസ്‌തകം വായിക്കാറില്ല.''

"കാവ്യചര്‍ച്ചക്കിടയില്‍ നീ ഫലിതം പറയരുത്..എന്നിട്ട് ബെയ്റര്‍ എന്ത് സംഭവിച്ചു ?''

"രണ്ടുപേര്‍ നിരൂപണമെഴുതി.''

"ഞണ്ട് സൂപ്പ്- ചിന്തയുടെ അഭിഷേകം, വറുത്ത ചെമ്മീന്‍ അവബോധത്തില്‍ നിറയുമ്പോള്‍, എന്നിവയല്ലെ അവ. ഞാന്‍ വായിച്ചു. കള്ളന്‍, നീ അത് കണ്ടോ..?''

"ഇല്ല. ഞാന്‍ വെജിറ്റേറിയനാണ്.''

ബെയ്റര്‍ ചോദിച്ചു.

"മാഡം..മേല്‍പ്പറഞ്ഞ കവിയെ അറിയുമോ...? എങ്കില്‍ ഒരുപകാരം ചെയ്യണം. എനിക്കൊരു 100 രൂപ വാങ്ങിത്തരണം.''

'കവിയില്‍ നിന്ന് കടം വാങ്ങുകയോ!.കാവ്യദേവത അറിഞ്ഞാല്‍ എന്ത് തോന്നും..!'

"കാവ്യദേവത പ്രശ്‌നം ഒന്നും ഉണ്ടാക്കില്ല മാഡം. മെനു പോയതിന് ഇവിടത്തെ മാനേജര്‍ എന്റെ കൈയില്‍ നിന്ന് 100 രൂപ പിടിച്ചു. എന്റെ കുഞ്ഞുമക്കള്‍ തിന്നണ്ട കാശല്ലെ മാഡം കാവ്യദേവത തിന്ന് പോയത്.''

കള്ളന്‍ ആശ്വസിപ്പിച്ചു.

"ഇങ്ങനെ ഒരുപാട് പരീക്ഷണങ്ങള്‍ കവിത നേരിടുന്നുണ്ട്. ആസ്വാദകര്‍ക്ക് വേണ്ടി സഹിക്കൂ ബെയ്റര്‍.''

മെനുവില്‍ കണ്ണോടിച്ച് ചാനല്‍സുന്ദരി ചോദിച്ചു.

"നിനക്ക് ആര്‍ത്തിയുള്ളത് പറയ്''.

"നമുക്കിടയില്‍ വേര്‍തിരിവുകളില്ല. നീ തിന്നുന്നതെന്തും എന്റെ വയറിനും പാകമാകും. ഇരുമെയ്യാണെങ്കിലും നമ്മൊളൊറ്റ വയറല്ലെ, നീയെന്റ ചിക്കണല്ലെ..''

കവിയരങ്ങില്‍ അവള്‍ തൃപ്‌തയായി. ആമുഖം, അവതാരിക, വിഷയവിവരം എന്നീക്രമത്തില്‍ അവള്‍ വിഭവങ്ങള്‍ അവതരിപ്പിച്ചു. എല്ലാം ഹൃദിസ്ഥമാക്കി ബെയ്റര്‍ തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞു.

കള്ളന്‍ പറഞ്ഞു.

"നമുക്ക് വിഷയത്തിലേക്ക് വരാം''

ചാനല്‍സുന്ദരി പറഞ്ഞു.

"തുടക്കത്തില്‍ ഉന്നയിച്ച ചോദ്യമല്ലെ നീ ഉദ്ദേശിക്കുന്നത് '' "വര്‍ത്തമാനം പറയുമ്പോഴും നീ വാര്‍ത്ത വായിക്കുകയാണോ?''

"പന്തീരാണ്ടുകൊല്ലം, കുഴല്‍, നായ, വാല്‍ എന്നിവകൊണ്ട് ഒരു വാക്യത്തില്‍ പ്രയോഗമല്ലെ നീ ശരിക്കും ഉദ്ദേശിച്ചത്. ഞാന്‍ അത് അവഗണിച്ചു. ഞാന്‍ സാരി ധരിച്ചത് എന്തിനെന്നാണല്ലൊ നീ ഉദ്ദേശിച്ചത്..?''

"തീര്‍ച്ചയായും''

"ഉത്തരത്തിലേക്ക് വരുന്നതിന് മുമ്പ് ചില ചോദ്യങ്ങള്‍ അനിവാര്യമാണ്. നീയെന്റെ പ്രോഗ്രാമുകള്‍ കാണുന്നില്ലേ..?''

"കാണുന്നു. പ്രതികരിക്കാന്‍ വരുന്നവര്‍ നിന്റെ കൂരമ്പേറ്റ് മരിച്ച് വിലാപയാത്രയായി മിനിസ്‌ക്രീനില്‍ നിന്ന് ഇറങ്ങിപ്പോവുന്നതും, പിറ്റേന്ന് അവര്‍ വര്‍ധിതവീര്യരായി തിരിച്ചുവരുന്നതും കാണുന്നുണ്ട്.''

"നിനക്കെന്ത് തോന്നി?''

"മരണവും പുനര്‍ജന്മവും ഉണ്ടെന്ന് ''

"നീ ഒരു മാധ്യമധര്‍മത്തെയാണ് ചോദ്യം ചെയ്യുന്നത്. പ്രേക്ഷകന്റെ അറിയാനുള്ള അവകാശത്തെയാണ് നീ അവഹേളിക്കുന്നത്.''

"ധാര്‍മികരോഷം അസ്സലായി. വൈകിട്ട് ആറുമുതല്‍ പൌഡറും പൂശി നിന്നെക്കാത്തിരിക്കുന്നവരുടെ ധാര്‍മികരോഷം ഇതിലും അസ്സലാണ്.''

"നിന്റെ പരുക്കന്‍ വാക്കുകള്‍ ഈ വൈകുന്നേരത്തിന്റെ ഭംഗി നശിപ്പിക്കുന്നു.''

"സന്ധ്യ തുടുക്കുന്നത് സ്വപ്‌നം കൊണ്ട് മാത്രമല്ല, രോഷം കൊണ്ട് കൂടിയാണ് എന്ന് പറഞ്ഞുകൊണ്ട് പ്രിയേ എന്റെ വാക്കുകള്‍ ഉപസംഹരിക്കട്ടെ''

"ഞങ്ങള്‍ പുതിയ പ്രോഗ്രാമിനെക്കുറിച്ച് ആലോചിക്കുന്നു. അതിനാണ് ഈ വേഷവിധാനം.''

"ഇരുന്നും, നടന്നും, യാത്രചെയ്‌തുമുള്ള നിന്റെ അഭിമുഖങ്ങള്‍ അവസാനിച്ചോ..?''

"നിനക്ക് എന്ത് തോന്നി?''

"മുത്തഛന്‍ പേരക്കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോവുകയാണെന്ന് തോന്നി''

"വിഷ്വല്‍ ഇഫക്റ്റല്ല ചോദിച്ചത്. എന്റെ ചോദ്യങ്ങളുടെ ഉള്ളടക്കം..?''

"നിന്റെ ചിരിയില്‍ മയങ്ങിപ്പോയ പ്രേക്ഷകര്‍ക്ക് മറ്റൊരുവിധം ചിന്തിക്കാന്‍ കഴിഞ്ഞില്ലത്രെ. നടക്കുന്ന അഭിമുഖങ്ങളാണ് നല്ലതെന്ന ഒരഭിപ്രായം കൂടിയുണ്ട്''

"കാരണം..?''

"വാര്‍ത്തയുടെ കൊളസ്‌ട്രോള്‍ കുറയൂം''

"നീ കാളവണ്ടിയുഗത്തിലാണ്''

"വണ്ടിക്കാളകള്‍ ഏത് യുഗത്തിലുമുണ്ട്.''

"പരീക്ഷണങ്ങളെന്നും വെല്ലുവിളികളെ നേരിടും''

"പ്രിയേ, ഭയങ്കരീ, ഇവിടെ വെല്ലുവിളി മുന്നിലും പരീക്ഷണം പിന്നിലുമാണ്.''

"ഞങ്ങളുടെ ജോലിക്ക് സാഹസീകതയുണ്ട്.''

"കണ്ടു, ബോധ്യപ്പെട്ടു.''

"മനസ്സിലായില്ല.''

"കൂടെ സഞ്ചരിച്ച അഭിമുഖത്തില്‍ അയാള്‍ കൈകെട്ടി ഇരിക്കുന്നത് കണ്ടപ്പോള്‍ മനസ്സിലായി, നിന്റെ സാഹസീകത.''

"അങ്ങനെ ചെയ്യണം എന്നത് ഒരു കരാറായിരുന്നു.'

'കാരണം?''

"അയാളുടെ കൈകള്‍ക്ക് സഞ്ചാരപ്രിയം കൂടുതലാണ് '

'ഇരുന്ന്, നടന്ന്, സഞ്ചരിച്ച്....ഇനി എന്താണാവോ അടുത്തത്..?''

"നിനക്ക് കൊതിവരും''

"കള്ളന് നാണം വന്നു.''

"നീ നാണിക്കേണ്ട. കൂടെ തിന്നുകൊണ്ട്- അതാണ് അടുത്ത പരിപാടി.ഡിന്നര്‍ ടോക്''.

"വിവരിക്കൂ, പ്രബുദ്ധകേരളം ലജ്ജിക്കട്ടെ.''

"നേതാവിനൊപ്പം ഭക്ഷണം കഴിക്കുന്നു. അതിനിടയില്‍ എല്ലാം ചോദിക്കാം. മാങ്ങ മുതല്‍ ഒബാമ വരെ. എല്ലാം മിൿസ് ചെയ്‌ത് ചോദിക്കുമ്പോള്‍ സംഗതി ലൈവാകും. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാകും അത്.''

"അതിനാണോ സാരി..?''

"കോസ്റ്റ്യൂം ഡിസൈനര്‍ ഇതാണ് സിലൿറ്റ് ചെയ്‌തത്. സാരിയാകുമ്പോള്‍ ഒരു ഫാമിലി അറ്റ്മോസ്‌ഫിയര്‍ കിട്ടുമത്രെ!''

"എങ്കില്‍ ആ പരിപാടിക്ക് ഞാന്‍ പേര് നിര്‍ദേശിക്കാം.'' "പറയൂ''

"അവസാനത്തെ അത്താഴം.''


***

എം എം പൌലോസ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബെയ്റര്‍ വന്ന് മെനുവിന്റെ അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്തു. പുസ്‌തകം തന്നിട്ടും ബെയ്റര്‍ പോയില്ല. ധീരനായ എഴുത്തുകാരനെപ്പോലെ ഒരവസരം കാത്ത് പരുങ്ങിനിന്നു. ഭക്ഷണക്കാര്യത്തില്‍ യുക്തിപൂര്‍വം തീരുമാനമെടുക്കാന്‍ അനുവദിക്കാതെ കുന്തക്കാരനായി നില്‍ക്കുന്ന ബെയ്ററോട് കള്ളനും ചാനല്‍സുന്ദരിക്കും അനല്‍പ്പമായ ദേഷ്യം തോന്നി.

ഇങ്ങനെ ശല്യക്കാരനാവുന്നത് എന്തിനെന്ന് ചോദിക്കുകയും ചെയ്തു.

"സര്‍, ക്ഷമിക്കണം. മെനു വായിച്ചശേഷം തിരിച്ച് തരണം.''

"തിരിച്ച് തരാതെ ഞങ്ങള്‍ ഇത് കടിച്ച് തിന്ന്വോടോ''-കള്ളന്‍ കുപിതനായി.

"അങ്ങനെയായിരുന്നെങ്കില്‍ കൊഴപ്പമില്ലായിരുന്നു സര്‍. അതിനേക്കാള്‍ ഖേദകരമായതാണ് സംഭവിച്ചത്.''

ആകാംക്ഷാഭരിതമായ നാല് ചെവികള്‍ കൂര്‍ത്ത് വന്നപ്പോള്‍ ബെയ്റര്‍ പറഞ്ഞു.

"ഇതുപോലെ ഒരാള്‍ ഇവിടെ വന്ന് മെനു വാങ്ങി. പിന്നീട് അത് മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാവുകയായിരുന്നു.''

"മനസ്സിലായില്ല.''

"അയാള്‍ അത് സ്വന്തം കവിതയാക്കി പ്രസിദ്ധീകരിച്ചു''"എന്തായിരുന്നു ആ സൃഷ്‌ടിയുടെ പേര്?''

"എന്റെ വൃത്തഭംഗത്തിന്റെ ശിഥിലചേരുവകള്‍''

ചാനല്‍സുന്ദരി ആദരപൂര്‍വം എഴുന്നേറ്റ് നിന്നു.

എം എം പൌലോസിന്റെ നർമ്മഭാവന

Mr. K# said...

അതാരപ്പാ മെനു അടിച്ചു മാറ്റി 'കരിമീന്‍ പൊള്ളിച്ചത്'എന്ന കവിതയെഴുതിയത്? ഏതെങ്കിലും ബ്ലോഗ് കവിയാണോ? ;-)

ഡിന്നര്‍‌‌ ടോക്കില്‍‌‌ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിച്ചാല്‍ അണിക‌‌ള്‍‌‌ എടുത്തിട്ടലക്കുമോ എന്തോ‌, അങ്ങനെയാണ് തല്ക്കാലം പ്രബുദ്ധകേരളത്തില്‍‌‌ നടപ്പ് :-‌‌)

Anonymous said...

Please see TK Hamza and Riyas elections notice? Are they living in Palestine or Iraque. Very Bad, nothing about development or Indian issues. No Vote for CPIM