Saturday, April 18, 2009

തൊഴില്‍നഷ്‌ടം കൂടുതല്‍ പരമ്പരാഗത മേഖലയില്‍

വ്യാവസായിക - സേവനമേഖലകളില്‍ രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണ്. ആഗോള ധന-സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം വിവിധ മേഖലകളില്‍ തൊഴില്‍ നഷ്‌ടപ്പെടുന്നതിലൂടെയാണ് വെളിപ്പെടുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിതിവിവരകണക്ക് സംവിധാനത്തില്‍നിന്ന് തൊഴിലില്ലായ്‌മയിലെ വര്‍ധനയുടെ വ്യാപ്‌തിയെക്കുറിച്ച് മൊത്തത്തില്‍ മനസ്സിലാക്കാന്‍ പറ്റിയ വിവരമൊന്നും ലഭ്യമല്ല.

തൊഴിലില്ലായ്‌മ വര്‍ധിച്ചുവരികയാണെന്ന് അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍, ഈ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം തൊഴില്‍സാധ്യതയെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ ഒരു പരിശ്രമം നടത്തി. സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം തൊഴില്‍നഷ്‌ടത്തെ സംബന്ധിച്ച് ഒരു നിഗമനത്തിലെത്താന്‍ ലേബര്‍ ബ്യൂറോ എട്ട് മേഖല കേന്ദ്രീകരിച്ച് (മൈനിങ്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, ലോഹങ്ങളും ലോഹോല്‍പ്പന്നങ്ങളും, ഓട്ടോമൊബൈല്‍, വൈരക്കല്ലും സ്വര്‍ണാഭരണങ്ങളും, കെട്ടിട നിര്‍മാണം, ഗതാഗതം, ഐടി/ബിപിഒ വ്യവസായം) ഒരു സാമ്പിള്‍ സര്‍വെ നടത്തി. 11 സംസ്ഥാനത്തുനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി 20 പ്രദേശത്തുനിന്നുള്ള പത്തോ അധികമോ തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടത്തിയത്. പഠനം നടത്തിയ ഓരോ മാസവും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു കൊണ്ടിരുന്നതായാണ് സര്‍വെ തെളിയിക്കുന്നത്.

2008 സെപ്തംബറിനുശേഷം എല്ലാ വ്യവസായങ്ങളിലെയും തൊഴില്‍ അവസരങ്ങളില്‍ പ്രതിമാസം ശരാശരി 1.01ശതമാനം നിരക്കില്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കയറ്റുമതി പ്രധാനവും കയറ്റുമതി ഇതരവുമായ സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള ഒരു താരതമ്യപഠനം സൂചിപ്പിക്കുന്നത് കയറ്റുമതി പ്രധാനമായ സ്ഥാപനങ്ങളില്‍ ശരാശരി 1.13ശതമാനം പ്രതിമാസ നിരക്കില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാകുന്നെന്നും കയറ്റുമതി ഇതര സ്ഥാപനങ്ങളില്‍ ഇത് 0.81ശതമാനം ആണെന്നുമാണ്. ആഗോളമാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

മൊത്തം ഡാറ്റ പരിമിതമായതുകൊണ്ട്, തൊഴിലില്ലായ്‌മ വര്‍ധിച്ചുവരുന്നത് സംബന്ധിച്ച വിലയിരുത്തലിനും അതിനെ സംബന്ധിച്ച പ്രതികരണങ്ങള്‍ക്കും മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന തൊഴില്‍നഷ്‌ടത്തെക്കുറിച്ചുള്ള സാന്ദര്‍ഭിക വിവരങ്ങളെ ആധാരമാക്കുക മാത്രമേ നിര്‍വാഹമുള്ളൂ. എന്നാല്‍, ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധിയുടെ സ്വഭാവവും സമീപകാലത്തുണ്ടായ വളര്‍ച്ചയുടെ മാതൃകയും അറിയാമെന്നിരിക്കെ, വൈറ്റ് കോളര്‍ തൊഴിലുകള്‍ നഷ്‌ടപ്പെടുന്നതാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നത് എന്ന് വ്യക്തമാകുന്നു. എണ്ണവില വര്‍ധിക്കുകയും മത്സരം കൂടുകയും ചോദനം കുറയുകയും ചെയ്‌തതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് ആയിരത്തോളം ജീവനക്കാരെ ലേ ഓഫ് ചെയ്തപ്പോള്‍ ഇത് വ്യക്തമായതാണ്.

ഇന്ത്യയിലേക്ക് ഈ പ്രതിസന്ധി കടന്നുവന്നതിന് വേറെയും വഴികളുണ്ടായിരുന്നു. ഉദാഹരണത്തിന്, ടെൿസ്‌റ്റൈല്‍സും വസ്‌ത്രനിര്‍മാണവും, വൈരക്കല്ലുകളും സ്വര്‍ണാഭരണങ്ങളും, തുകലും കാര്‍പ്പെറ്റുകളും തുടങ്ങിയ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങളെ ബാധിച്ച ആഗോളവ്യാപാര മാന്ദ്യത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം. ഐഎംഎഫിന്റെ അഭിപ്രായത്തില്‍, വികസ്വര സമ്പദ്ഘടനകളില്‍നിന്നും വളര്‍ന്നുവരുന്ന സമ്പദ്ഘടനകളില്‍നിന്നുമുള്ള കയറ്റുമതിയിലെ വളര്‍ച്ച 2007ല്‍ 9.6ശതമാനവും 2008ല്‍ 5.6 ശതമാനവും ആയിരുന്നത് 2009ല്‍ - 0.8 ശതമാനമായി കുറയും. 2010ല്‍ വളര്‍ച്ചനിരക്ക് കുത്തനെ കുതിച്ചുകയറിയാലും ഇത് ചെറിയ തോതില്‍ മാത്രമേ നികത്തപ്പെടുകയുള്ളൂ.

2010ലെ വളര്‍ച്ചയെ സംബന്ധിച്ച ഇത്തരം പ്രവചനങ്ങള്‍ക്കുതന്നെ വിശ്വാസ്യതയില്ല. കാരണം, ഇങ്ങനെ ശുഭപ്രതീക്ഷ പുലര്‍ത്തുന്ന പ്രവചനങ്ങള്‍ നടത്തുകയും പിന്നീട് അത് താഴ്ത്തിക്കൊണ്ടുവരികയും ചെയ്യുന്നത് ഐഎംഎഫിന്റെ പതിവുരീതിയായിരിക്കുകയാണ്. വാസ്തവത്തില്‍, 2009ലെ തകര്‍ച്ചതന്നെ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നതിനേക്കാള്‍ രൂക്ഷമാകാന്‍ പോകുകയാണ്. ഇന്ത്യയിലെ നിര്‍മിതവസ്‌തുക്കളുടെ കയറ്റുമതിയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് പരമ്പരാഗത കയറ്റുമതികളായിരിക്കെ, ഈ വ്യവസായങ്ങളെയായിരിക്കും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്.

സൂറത്തിലെ വൈരക്കല്ല് വ്യവസായത്തെ സംബന്ധിച്ച് ഇത് തികച്ചും സത്യമായിരിക്കുകയാണ്. ലോകവിപണിയിലെ ചെലവേറിയ ആഡംബരവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നത് ഇവിടത്തെ അല്‍പ്പശമ്പളക്കാരായ തൊഴിലാളികളാണല്ലോ. ഇതോടൊപ്പം, ആഭ്യന്തര വിപണിക്കാവശ്യമായത് എത്തിച്ചുകൊടുക്കുന്ന നിരവധി മാനുഫാൿചറിങ് വ്യവസായങ്ങളിലെ ചോദനത്തെയും അവയുടെ ശേഷി വിനിയോഗിക്കുന്നതിനെയും തൊഴില്‍സാധ്യതകളെയും സാമ്പത്തികമാന്ദ്യം പ്രതികൂലമായി ബാധിക്കും.

സര്‍വോപരി, ഭവനനിര്‍മാണമേഖല, ഓട്ടോമൊബൈല്‍സ്, ഉപഭോക്തൃ സാധനങ്ങള്‍ എന്നിങ്ങനെ നിരവധി രംഗങ്ങളിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തിയിരുന്നത് കുറഞ്ഞ പലിശനിരക്കും അനായാസമായ പണലഭ്യതയും നിമിത്തം ഇവയ്ക്കെല്ലാം വേണ്ട പണം വായ്‌പയായി ലഭിച്ചിരുന്നതുകൊണ്ടാണ്. അപകടത്തില്‍ അകപ്പെട്ട ധനമേഖല വായ്‌പാ സംവിധാനങ്ങള്‍ വെട്ടിക്കുറച്ചതോടെ ചോദനം വീണ്ടും കുറയുകയും ചരക്കുകള്‍ കെട്ടിക്കിടക്കുന്നത് വര്‍ധിക്കുകയും വായ്‌പയെ ആധാരമാക്കിയ ഉപഭോഗത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായങ്ങളില്‍ തൊഴില്‍ നഷ്‌ടപ്പെടാന്‍ ഇടവരികയും ചെയ്യും. ഈ പ്രവണതകളുടെ സ്വാധീനത്തെ തുടര്‍ന്നും മറിച്ചു വില്‍പ്പനയുടെ ഫലമായും മറ്റു മാനുഫാൿചറിങ് മേഖലകളിലെയും ചോദനം ചുരുങ്ങുന്നു. ഇങ്ങനെ ഈ പ്രതിസന്ധി നിരവധി വ്യവസായങ്ങളിലെയും മേഖലകളിലെയും തൊഴില്‍വിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

ഈ സംഭവവികാസങ്ങളുടെയെല്ലാം ഫലമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ചോദനവും കാര്‍ഷികവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ലാഭസാധ്യതയും വലിയ തോതില്‍ കുറഞ്ഞുവരികയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിലൂടെ അധികതൊഴില്‍ ഉല്‍പ്പാദിപ്പിക്കാമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ ഗ്രാമീണമേഖലയില്‍ കാര്‍ഷികവും കാര്‍ഷികേതരവുമായ തൊഴില്‍ അവസരങ്ങളില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്ന പ്രത്യാഘാതത്തെ ലാഘവത്തോടെ കാണാം. 2008-09ല്‍ 138.8 ലക്ഷം വ്യക്തിദിനങ്ങളുടെ (man day) അധിക തൊഴിലവസരം എന്‍ആര്‍ഇജിയിലൂടെ ഉണ്ടാക്കാമെന്നാണ് ബജറ്റ് കണക്കാക്കിയിരിക്കുന്നത്. നിശ്ചയമായും പൊതുമരാമത്തിലെ ഈ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും വിപുലപ്പെടുത്തപ്പെടേണ്ടതുമാണെങ്കിലും അത് ഗ്രാമീണ ഇന്ത്യയിലെ പതിവ് തൊഴില്‍ അവസരങ്ങളില്‍ ഉണ്ടാകുന്ന നഷ്‌ടത്തെ പൂര്‍ണമായോ ഗണ്യമായ നിലയിലോ നികത്തുന്നില്ല. ഈ തൊഴിലുകളാകട്ടെ, തികച്ചും പരിമിതവും അല്‍പ്പവേതനംമാത്രം ലഭിക്കുന്നവയുമാണ്. എന്‍ആര്‍ഇജി പദ്ധതി ചോദനത്തെ പ്രചോദിപ്പിക്കുന്നതാണ്. ഈ പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ കുത്തനെ വര്‍ധിക്കുന്നത് നേരത്തെ തൊഴിലില്ലാതിരുന്നവര്‍ ഈ തൊഴിലില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായതുകൊണ്ടു മാത്രമല്ല ഇപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെടുന്നവരും നിലനില്‍പ്പിനായി ഇതിലേക്ക് തിരിയുകയാണ്. അങ്ങനെയെങ്കില്‍, ഇതിനുവേണ്ടി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തേണ്ടത് അത്യാവശ്യവുമാണ്.

വര്‍ധിച്ചുവരുന്ന പ്രതിസന്ധിയാണ് രാജ്യത്തിലങ്ങോളമിങ്ങോളം ഗണ്യമായ തോതില്‍ ഉണ്ടാകുന്ന തൊഴില്‍നഷ്‌ടങ്ങള്‍ക്ക് ഇടവരുത്തുന്നത്. എന്നാല്‍, ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍പ്പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവ മനോഭാവം ഏറെ അത്ഭുതപ്പെടുത്തുന്നു. വാസ്‌തവത്തില്‍, സബ്പ്രൈം ഭൂപണയ വായ്‌പാ പ്രതിസന്ധിക്കും അതുമായി ബന്ധപ്പെട്ട കുഴപ്പത്തിലകപ്പെട്ട ആസ്‌തികള്‍ക്കും ഇന്ത്യന്‍ ധനമേഖല അധികമൊന്നും വിധേയമായിട്ടില്ലാത്തതിനാല്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട്, നിശ്ചയമായും ഇന്ത്യയെയും ഈ പ്രതിസന്ധി പിടികൂടും എന്ന് അംഗീകരിക്കപ്പെട്ട ശേഷമാകട്ടെ ഓഹരിവിപണിയില്‍നിന്നുള്ള വിദേശമൂലധനത്തിന്റെ കൂട്ടപ്പലായനത്തിന്റെ ഫലമായുണ്ടായ പണച്ചുരുക്കവും വായ്‌പക്കമ്മിയും നിമിത്തമാണ് പ്രധാനമായും ഈ പ്രത്യാഘാതമെന്ന ധാരണയില്‍ എത്തുകയാണുണ്ടായത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രതികരണം പലിശനിരക്ക് കുറയ്ക്കുന്നതിലും പണലഭ്യത വര്‍ധിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. പ്രത്യക്ഷ നടപടികള്‍ ആവശ്യമാകത്തക്കവിധം ചോദനത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നതായി സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യസൂചന കാണുന്നത് 2008 ഡിസംബറില്‍ മാത്രമാണ്. ദൌര്‍ഭാഗ്യവശാല്‍, തുടര്‍ന്നുണ്ടായ പ്രതികരണവും പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ സമ്പദ്ഘടനയും തൊഴിലവസരങ്ങളും ഇപ്പോഴും അപകടാവസ്ഥയില്‍ തുടരുകയാണ്.

*

സി പി ചന്ദ്രശേഖര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ധിച്ചുവരുന്ന പ്രതിസന്ധിയാണ് രാജ്യത്തിലങ്ങോളമിങ്ങോളം ഗണ്യമായ തോതില്‍ ഉണ്ടാകുന്ന തൊഴില്‍നഷ്‌ടങ്ങള്‍ക്ക് ഇടവരുത്തുന്നത്. എന്നാല്‍, ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍പ്പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അലംഭാവ മനോഭാവം ഏറെ അത്ഭുതപ്പെടുത്തുന്നു. വാസ്‌തവത്തില്‍, സബ്പ്രൈം ഭൂപണയ വായ്‌പാ പ്രതിസന്ധിക്കും അതുമായി ബന്ധപ്പെട്ട കുഴപ്പത്തിലകപ്പെട്ട ആസ്‌തികള്‍ക്കും ഇന്ത്യന്‍ ധനമേഖല അധികമൊന്നും വിധേയമായിട്ടില്ലാത്തതിനാല്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നായിരുന്നു ആദ്യത്തെ പ്രതികരണം. പിന്നീട്, നിശ്ചയമായും ഇന്ത്യയെയും ഈ പ്രതിസന്ധി പിടികൂടും എന്ന് അംഗീകരിക്കപ്പെട്ട ശേഷമാകട്ടെ ഓഹരിവിപണിയില്‍നിന്നുള്ള വിദേശമൂലധനത്തിന്റെ കൂട്ടപ്പലായനത്തിന്റെ ഫലമായുണ്ടായ പണച്ചുരുക്കവും വായ്‌പക്കമ്മിയും നിമിത്തമാണ് പ്രധാനമായും ഈ പ്രത്യാഘാതമെന്ന ധാരണയില്‍ എത്തുകയാണുണ്ടായത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രതികരണം പലിശനിരക്ക് കുറയ്ക്കുന്നതിലും പണലഭ്യത വര്‍ധിപ്പിക്കുന്നതിലും ഒതുങ്ങിനിന്നു. പ്രത്യക്ഷ നടപടികള്‍ ആവശ്യമാകത്തക്കവിധം ചോദനത്തില്‍ തകര്‍ച്ച ഉണ്ടായിരിക്കുന്നതായി സര്‍ക്കാര്‍ അംഗീകരിക്കുന്നതിന്റെ ആദ്യസൂചന കാണുന്നത് 2008 ഡിസംബറില്‍ മാത്രമാണ്. ദൌര്‍ഭാഗ്യവശാല്‍, തുടര്‍ന്നുണ്ടായ പ്രതികരണവും പരിമിതമായിരുന്നു. അതുകൊണ്ടുതന്നെ സമ്പദ്ഘടനയും തൊഴിലവസരങ്ങളും ഇപ്പോഴും അപകടാവസ്ഥയില്‍ തുടരുകയാണ്.